മാംഗല്യം തന്തുനാനേനാ : ഭാഗം 3

മാംഗല്യം തന്തുനാനേനാ : ഭാഗം 3

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“സ്റ്റുഡിയോ എന്ന പേരും വയ്ച്ചു ഇതിനുള്ളിൽ ഫോട്ടോയെടുപ്പ് തന്നാണോ നടക്കുന്നത് പെണ്ണേ?” കൂട്ടത്തിൽ ഒരുവൻ മുണ്ടും മടക്കിക്കുത്തി മുന്നോട്ട് കയറി നിന്ന് ചോദിച്ചപ്പോൾ ബാക്കിയുള്ള രണ്ട് പേര് ചോദ്യം ഇഷ്ടമായെന്നപോലെ കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു… അയാൾ മുന്നോട്ടടുക്കും തോറും പെണ്ണ് ക്യാമറയും നെഞ്ചോട്ടുടുക്കിപ്പിടിച്ചു എന്റെയടുത്തേക്ക് ഇത്തിരി നീങ്ങി നിന്നു… “നമ്മൾ തമ്മിലുള്ളൊരു കണക്ക് ഇന്ന് തീർക്കാമെന്നായിരുന്നു ധാരണ… നിനക്ക് ഓർമ്മയുണ്ടോ…?” അവൾക്ക് നേരെ തല താഴ്ത്തിപിടിച്ചയാൾ ചോദിച്ചു… ഓർമയുണ്ടെന്ന പോലെ അവൾ തലയനക്കി…

“എന്നിട്ട് അതിന് വല്ല നീക്കുപോക്കുമായോ?” അവിടെയിവിടെയായി വെളുത്തു തുടങ്ങിയ താടിയിൽ അമർത്തി ചൊറിഞ്ഞു കൊണ്ട് അയാൾ ചോദിച്ചപ്പോൾ അവൾക്ക് പെട്ടെന്നൊരു ഉത്തരമുണ്ടായിരുന്നില്ല… “ആഹാ… ഇതാണോ നീ എന്റെ കാശ് കൊണ്ട് മേടിച്ച പുതിയ ക്യാമറ… കൊള്ളാം…” കൈ നീട്ടി അതിൽ തൊടാൻ നോക്കിയപ്പോഴേക്കും അവളാ കൈ അരിശത്തോടെ തട്ടി മാറ്റി…അയാളുടെ പെരുമാറ്റത്തിൽ എനിക്കും വല്ലാത്ത അസ്വസ്ഥത തോന്നി.. “നിങ്ങളെന്താ ഈ കാണിക്കുന്നത്…?” ഇത്തിരി ദേഷ്യത്തോടെ തന്നെ ചോദിച്ചു… പെട്ടെന്ന് അയാൾ എനിക്ക് നേരെ തിരിഞ്ഞു… “എടാ കൊച്ചനെ…

ഫോട്ടോയെടുക്കാനാണ് വന്നതെങ്കിൽ അതെടുത്തിട്ട് പോണം അല്ലാതെ ഇല്ലാ കാര്യത്തിലും തലയിടാൻ നിൽക്കണ്ട…ഞാനും ഇവളും തമ്മിലുള്ള കണക്ക് ഞങ്ങൾ തന്നെ തീർത്തോളാം…” എന്റെ തോളിൽ തട്ടി അയാൾ പറഞ്ഞതും ഞാൻ ആ കൈ ഇത്തിരി ബലം പ്രയോഗിച്ചു തന്നെ എടുത്തു മാറ്റി… പോര് കോഴികളെപ്പോലെ ഞങ്ങൾ ഒരെ സമയം കണ്ണിൽ കണ്ണിൽ നോക്കി നിന്നു…കൂടുതൽ പ്രശ്നം ഉണ്ടാവുമെന്ന് ഭയന്നാണെന്ന് തോന്നുന്നു പെട്ടെന്ന് അവളുടെ ശബ്ദം ഉയർന്നു… “ചേട്ടന്റെ കാശ് വൈകുന്നേരത്തിനുള്ളിൽ തരാമെന്ന് ഇന്നലെ ഞാൻ പറഞ്ഞതല്ലേ…ഇനിയും സമയമുണ്ടല്ലോ… ഉറപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ എങ്ങനെയെങ്കിലും ഞാൻ അത് തന്നിരിക്കും…”

“അയ്യോ മോളേ… അത് മതി…. ചേട്ടനും പിള്ളേരും വെറുതെ ഈ വഴി പോയപ്പോൾ വെറുതെ ഒന്നിവിടെ കയറി വെറുതെ ഒന്നോർമിപ്പിചെന്നേ ഉളളൂ…ല്ലെടാ മക്കളെ…” പുറകിൽ ചുവരും ചാരി നിൽക്കുന്നവന്മാരോടായി അയാൾ വിളിച്ചു ചോദിച്ചപ്പോൾ ശെരിയാണെന്ന അർഥത്തിൽ അവരും തലയാട്ടി… “ദദാണ്…പിന്നേ നിന്റെ വാക്ക് പറച്ചിലിൽ ഇത്തിരി വിശ്വാസകുറവുണ്ടെന്ന് കൂട്ടിക്കോ… രൂപാ മേടിച്ചിട്ട് ഇപ്പോൾ മാസം ഒന്നായി… ആ അത് പോട്ടെ… ഇനിയിപ്പോ തന്നില്ലേലും പ്രശ്നമില്ലെന്നേ… പകരം മോള് എനിക്കൊരു ചെറിയ ഉപകാരം ചെയ്‌താൽ മതി… ഇന്നലെ പറഞ്ഞില്ലായിരുന്നോ ഒരു ജോലീടെ കാര്യം… അത് നല്ല വെടിപ്പായി ചെയ്ത് തന്നാൽ മതിയെന്നെ… കടവും കാശും ഓക്കെ നമുക്കങ്ങു മറക്കാം…

കാശ് ഇന്ന് വരും നാളെ പോകും ഈ സുകേശനും അത്രയേ കരുതിയിട്ടുള്ളൂ… എന്ന് കരുതി അത് കയ്യിലുള്ള സമയത്ത് അതിന്റെ അന്തസ്സിൽ തന്നെ ജീവിക്കണ്ടേ…?” അവളോടടുത്ത് നിന്നയാൾ സംസാരിച്ചപ്പോൾ ദേഷ്യത്തോടെ അവൾ മുഖം തിരിച്ചു…ഒരു നിമിഷം അയാളുടെ നിശ്വാസ വായുവിൽ കലർന്ന സിഗരെറ്റിന്റെ മണം അവിടമാകെ പരന്നു… “എന്നാൽ ശെരി… ഞാൻ പോയേച്ചും വരാം… ഇനിയും കാണേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു” കറപിടിച്ച പല്ലുകൾ പുറത്തു കാട്ടിയയാൾ വെളുക്കനേ ചിരിച്ചു… “പോട്ടെടാ കൊച്ചനെ…?” എന്റെയടുത്ത് വന്നു നിന്ന് യാത്ര ചോദിക്കുമ്പോൾ അയാളുടെ കണ്ണുകൾ എന്റെ അറ്റുപോയ കയ്യിൽ മാത്രമായി തറഞ്ഞു നിന്നു..വാതിൽക്കലോളം ചെന്ന് തിരിഞ്ഞു നിന്നൊന്നമർത്തി മൂളി…

പിന്നേ വാതിൽ വലിച്ചടച്ചു…. മൂവരും പുറത്ത് പോയപ്പോൾ ആശ്വാസത്തോടെയുടെ അവളുടെ ദീർഘനിശ്വാസം ഞാൻ വ്യക്തമായി കേട്ടിരുന്നു…അടുത്തുള്ള കസേരയിലായി എന്നോട് ഇരിക്കാൻ പറഞ്ഞവൾ കമ്പ്യൂട്ടറിന് മുൻപിലേക്കിരുന്നു… ഇടയ്ക്ക് ഒന്ന് രണ്ട് തവണ ഫോണെടുത്ത് ആരെയോ വിളിക്കുകയും കിട്ടാതെ വന്നപ്പോൾ നിരാശയോടെ ജോലി തുടരുകയും ചെയ്യുന്നുണ്ട്…കഴിഞ്ഞ സംഭവങ്ങളെക്കുറിച്ചും മനസ്സിലുള്ള ചില സംശയങ്ങളെക്കുറിച്ചും അവളോട് ചോദിക്കണമെന്നെനിക്ക് തോന്നി… പക്ഷേ അതേ സമയം പെട്ടെന്ന് ചോദിക്കാൻ മടിയും തോന്നി…

“എത്ര കോപ്പി വേണം….?” കമ്പ്യൂട്ടർ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ തന്നെ അവളുടെ ചോദ്യമെത്തി… “പത്ത്….” “എന്താവശ്യത്തിനാ….?” വീണ്ടും അവളുടെ ചോദ്യം വന്നപ്പോൾ അതൊക്കെ അറിയുന്നതെന്തിനാ എന്ന മട്ടിൽ ഞാനൊന്ന് തറപ്പിച്ചു നോക്കി…ഉത്തരം കിട്ടാത്തതുകൊണ്ടാണെന്ന് തോന്നുന്നു അവളും തല ചെരിച്ചു നോക്കി… “വേറൊന്നിനും അല്ല… പ്രത്ത്യേഗിച് എന്തെകിലും കണ്ടിഷൻ ഉണ്ടോ എന്നറിയാനാ…ഈ ബാക്ക്ഗ്രൗണ്ട് കളർ, ഫോട്ടോയുടെ സൈസ് അങ്ങനെ…” എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായെന്ന പോലെ അവൾ വിശദീകരിച്ചു… വീണ്ടും ജോലി തുടർന്നു… “ഒരു വിസയുടെ ആവശ്യത്തിനാ…” ഇപ്പോൾ അവൾ ശെരിക്കും ഞെട്ടി…

ചെയ്തുകൊണ്ടിരുന്ന ജോലി നിർത്തി ഒന്ന് കൂടി എന്നെ നോക്കി… “ആഹാ ഒളിച്ചോട്ടമാണോ?…. എന്റെ ശല്യം കൊണ്ടാണോ മാഷേ?…” ചോദിക്കുമ്പോൾ തെളിച്ചമില്ലെങ്കിലും നേർത്തൊരു പുഞ്ചിരി അവളുടെ ചൊടികളിൽ സ്ഥാനം പിടിച്ചു…എന്തുകൊണ്ടോ അവളുടെ ചോദ്യം വീണ്ടുമെന്നെ അസ്വസ്ഥനാക്കി. “നിന്നെ പേടിച്ചു ഒളിച്ചോടാൻ മാത്രം എന്ത് ബന്ധമാ നമ്മൾ തമ്മിൽ…?” ഒട്ടും പതറാതെ അവളുടെ മുഖത്ത് നോക്കി തന്നെ ചോദിച്ചു…ആ കണ്ണുകളിൽ ചെറിയ തോതിൽ നനവൂറിയിരുന്നുവോ?…മുഖത്തെ പതർച്ച മറയ്ക്കാനെന്നോണം അവൾ വീണ്ടും ജോലിയിൽ മുഴുകി…ശ്വാസനിശ്വാസങ്ങൾക്കപ്പുറം ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി… “പെട്ടെന്ന് തന്നെ അവൾ ജോലി തീർത്തു…

ഫോട്ടോ കോപ്പി എടുത്ത് കത്രിക ഉപയോഗിച്ചു ചതുരത്തിൽ സസൂക്ഷ്മം വെട്ടി വൃത്തിയാക്കി… ദേവി സ്റ്റുഡിയോ എന്നെഴുതിയ കുഞ്ഞ് കവറിൽ എല്ലാം അടുക്കി വയ്ച്ചു… കൂടെ അവരുടെ തന്നെ വിസിറ്റിംഗ് കാർഡിന്റെ പുറത്ത് ഒരു നാലക്ക നമ്പർ എഴുതി അത് കൂടി കവറിൽ ഭദ്രമായി വയ്ച്ചു എനിക്ക് നേരെ നീട്ടി… “മാഷിന്റെ ഫോട്ടോ സിസ്റ്റത്തിൽ സേവ് ചെയ്തിട്ടുണ്ട്…വിസിറ്റിംഗ് കാർഡിന്റെ പുറത്ത് ഒരു നമ്പർ എഴുതിയിട്ടുണ്ട്… അടുത്ത തവണ വരുമ്പോൾ ആ നമ്പർ പറഞ്ഞു തന്നാൽ മതി കോപ്പി എടുക്കാൻ…” ഞാൻ ശെരിയെന്നപോലെ തലയാട്ടി…പണമെത്രയായെന്ന് ചോദിക്കുന്നതിനു മുൻപേ അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…

അടുത്ത നിമിഷം വെപ്രാളത്തോടെ അവൾ ഫോണെടുത്തു… “എടാ കിച്ചു കിട്ടിയോടാ?…എത്ര നേരമായി ഞാൻ വിളിക്കുന്നെന്ന് അറിയാവോ?” ഒറ്റശ്വാസത്തിൽ ചോദിച്ചവൾ മറുപടിക്കായി കാത്തു നിന്നു… ഈ കിച്ചു എന്ന പേര് മുൻപ് ബീച്ചിൽ നിന്നുള്ള ഫോട്ടോ ഷൂട്ടിനിടെ രണ്ടു പയ്യന്മാരിൽ ഒരുവനെ വിളിക്കുന്നത്‌ കേട്ടിട്ടുണ്ട്…എന്തായാലും മറുപുറത്ത് നിന്നുള്ള വാർത്ത അത്ര ശുഭകരമല്ലെന്ന് തോന്നി..അവളുടെ മുഖത്തെ തെളിച്ചം മങ്ങുന്നത് ഞാൻ ശ്രദ്ദിച്ചിരുന്നു… “സാരല്ല…നിങ്ങൾ കോളേജിലേക്ക് വിട്ടോ… വെറുതെ നടക്കാത്ത കാര്യത്തിന്റെ പുറകെ ചെന്ന് ക്ലാസ്സ്‌ കളയണ്ട..അച്ചുനോടും പറഞ്ഞേക്ക്….വൈകുന്നേരം വരെ സമയമുണ്ടല്ലോ…ഞാൻ മറ്റെന്തെങ്കിലും വഴി നോക്കാം…”

പറഞ്ഞു കഴിഞ്ഞാണ് ഞാൻ അവരുടെ സംഭാഷണം ശ്രദ്ദിക്കുന്നുണ്ടെന്ന് അവൾക്ക് മനസിലായത്… ആ കണ്ണുകളിലെ പിടപ്പ് ഞാൻ ശ്രദ്ധിച്ചിരുന്നു…വെപ്രാളത്തോടെ പിന്നേ വിളിക്കാമെന്ന് പറഞ്ഞ് അവൾ ഫോൺ വയ്ച്ചു… “എത്രയായി?” “ഇരുന്നൂറ്റി അൻപത്…” പണം കൊടുത്ത് തിരിഞ്ഞപ്പോഴാണ് ഓപ്പോസിറ്റ് ചുവരിൽ മാധവേട്ടന്റെ ഫ്രെയിം ചെയ്ത വലിയ ഫോട്ടോ മാലയിട്ട് തൂക്കിയിരിക്കുന്നത് കണ്ടത്… പെട്ടെന്നൊരു ഉൾപ്രേരണയിൽ മനസ്സിൽ കടിഞ്ഞാണിട്ട ചോദ്യങ്ങളുടെ കെട്ടഴിച്ചു… “ഇയാള് മാധവേട്ടന്റെ?” “മകളാണ്…” അത്ഭുതത്തോടെ ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി… “അപ്പോൾ മുൻപിൽ കാണുന്ന മാധവേട്ടൻ വരച്ച ഫോട്ടോയിലുള്ളത്?”

“ഞങ്ങൾ തന്നെയാ… ഞങ്ങൾ എന്ന് പറയുമ്പോൾ ഞാനും അനിയത്തീം… അനിയനും…” അവൾ പറയുമ്പോൾ അവളുടെ കുട്ടിക്കാലത്തെ രൂപവും ഇപ്പോഴത്തെ രൂപവും തമ്മിൽ മനസ്സിൽ താരതമ്യം ചെയ്യുകയായിരുന്നു ഞാൻ…ഒത്തിരി ആലോചിച്ചപ്പോൾ ചേറുതെങ്കിലും ഒരു സാമ്യം ഓർത്തെടുത്തു… ആ കണ്ണുകൾ… “ഇയാള് പഠിക്കാനൊന്നും പോണില്ലേ..?” പെട്ടെന്നുള്ള എന്റെ ചോദ്യം അവളെ വിഷമിപ്പിച്ചെന്നു തോന്നി…മങ്ങിയ മുഖം ഒന്നു കൂടി മങ്ങി…ഇല്ലെന്ന് തലയാട്ടി… “അപ്പോൾ ഇയാളുടെ സഹോദരങ്ങളോ?” “അവര് പഠിക്കുന്നുണ്ട്…അനിയത്തി പ്ലസ് ടു… അനിയൻ എട്ടാം ക്ലാസ്സ്‌…ഞാൻ ഡിസ്റ്റൻഡ് ആയിട്ട് പഠിക്കണം എന്ന് കരുതിയതാ…

പക്ഷേ സാധിച്ചില്ല…ബിസി ലൈഫ് അല്ലേ മാഷേ…” കണ്ണിറുക്കി കാണിച്ചവൾ പതിയെ പുഞ്ചിരിച്ചു… “ഈ സ്റ്റുഡിയോ ഇയാളുടെ ബന്ധുക്കൾ ഏറ്റെടുത്തതല്ലേ… അങ്ങനെയാണല്ലോ കേട്ടത്…?” സംശയം തീരാതെ ഞാൻ വീണ്ടും ചോദിച്ചു… “കേട്ടത് ശെരിയാ…. ഏറ്റെടുത്തിരുന്നു… അതിന് ശേഷമാണ് ഞങ്ങളുടെ ബാധ്യതകളെക്കുറിച്ച് അവർക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടായത്…അതോടെ നൈസ് ആയിട്ട് ഞങ്ങളെയങ്ങ് ഒഴിവാക്കി…” വിഷമമുള്ള കാര്യവും പുഞ്ചിരിയോടെ പറയുന്നവളെ ഞാൻ അത്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു…എന്നിട്ടും സംശയം തീരാതെ ഞാൻ മുഖം ചുളിച്ചു…

“സത്യവാ മാഷേ… ഇപ്പോൾ വഴി തെറ്റി പോലും ബന്ധുക്കളാരും ഞങ്ങളുടെ വീടിന്റെ പരിസരത്തു പോലും വരാറില്ല… ആ പിന്നേ ഒരാളുണ്ട് കേട്ടോ നേരത്തെ ഇവിടുന്ന് പോയില്ലേ സുകേശൻ…പറഞ്ഞു വരുമ്പോൾ ഞങ്ങളുടെ ബന്ധുവാ…അവരെ പോലുള്ളവരും നല്ലവരായ നാട്ടുകാരും ഇടയ്ക്ക് സഹായ വാഗ്ദാനങ്ങളുമായി ഇറങ്ങും…ഈ പറഞ്ഞ സുകേശൻ അച്ഛന്റെ നല്ലൊരു സുഹൃത്തായിരുന്നു… അതുകൊണ്ടാ ഒരത്യാവശ്യം വന്നപ്പോൾ കൈ നീട്ടിയത്… പക്ഷേ….” പറഞ്ഞു മുഴുമിപ്പിക്കാതെ അവൾ പാതിയിൽ നിർത്തി… ഞാനും അപ്പോൾ അയാൾ പറഞ്ഞതൊക്കെയും ഒന്നുകൂടി ഓർത്തു നോക്കുകയായിരുന്നു… “അയാൾ തനിക്കെന്തോ ജോലി തരാമെന്ന് പറഞ്ഞില്ലേ..? എങ്കിൽ പിന്നേ അത് നോക്കിക്കൂടെ…

ഈ ഫോട്ടോഗ്രാഫർ എന്നൊക്കെ പറയുമ്പോൾ… താനൊരു പെൺകുട്ടിയല്ലേ…?” എന്റെ ചോദ്യം അക്ഷരാർത്ഥത്തിൽ അവളെ ഞെട്ടിച്ചെന്നു തോന്നി…ആ കണ്ണുകളിൽ പടർന്നു വരുന്ന ചുവപ്പ് രാശിയിൽ എന്റെ മിഴികളിടഞ്ഞു… “ആഹ്…മാഷ് പറഞ്ഞത് ശെരിയാ… അയാളെനിക്ക് വയ്ച്ചു നീട്ടിയത് പെൺകുട്ടികൾക്ക് മാത്രമുള്ള പണിയാ… അയാൾക്ക് മറ്റന്നാൾ ഒരു യാത്രയുണ്ടത്രേ…ഊട്ടിക്കോ മറ്റോ… സുഹൃത്തുക്കളോടൊപ്പം അഞ്ചു ദിവസത്തെ ഉല്ലാസ യാത്ര… കൂടെ ചെല്ലുമോ എന്ന് ചോദിച്ചു…എന്തിനാണെന്ന് ഞാൻ കൂടുതൽ പറയണ്ടല്ലോ… ചോദിക്കുന്ന കാശ് തരും… വേണമെങ്കിൽ എന്റെ ബാധ്യതകളോടൊപ്പം എന്റെ കുടുംബം കൂടി ഏറ്റെടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്…”

പറഞ്ഞു കഴിഞ്ഞ് പെണ്ണിന്റെ ശബ്ദമിടറി…എന്നിട്ടും കരയില്ലെന്ന് വാശിയുള്ള പോലെ സങ്കടത്തിനിടയിലും അവൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു…എന്റെ ഉള്ളം കാലിൽ നിന്നൊരു തരിപ്പ് മുകളിലേക്ക് പടർന്നു കയറി… വല്ലാത്ത ആത്മനിന്ദ തോന്നി…അവളോടങ്ങനെ പറഞ്ഞുപോയതോർത്ത് വല്ലാതെ കുറ്റബോധം തോന്നി… ക്ഷമ ചോദിക്കണമെന്ന് തോന്നി… “മാഷ് പൊയ്ക്കോ… എനിക്ക് ഇത്തിരി ജോലിയുണ്ട്…” “അല്ല ഞാൻ…” “സാരല്ല്യ മാഷേ… ഫോട്ടോഗ്രഫി പെൺകുട്ടികൾക്ക് ചേർന്നതല്ലെന്ന് ആദ്യം എന്നോട് പറഞ്ഞത് തന്നെ എന്റെ അമ്മയാ…

എപ്പോഴാണെന്ന് അറിയുമോ? കുട്ടിക്കാലത്ത് അച്ഛനിതിന്റെ ആദ്യപാഠങ്ങൾ പറഞ്ഞു തരുമ്പോൾ…അന്ന് എനിക്ക് സപ്പോർട്ട് അച്ഛനായിരുന്നു…പിന്നേ അച്ഛന്റെ കാലശേഷം പട്ടിണിയുടെ ഭീകരത അറിഞ്ഞപ്പോൾ അമ്മ എന്നെ എതിർത്തില്ലെന്നേ ഉളളൂ… പെൺകുട്ടികൾക്ക് പണ്ടുമുതലേ സമൂഹത്തിൽ പറഞ്ഞു വയ്ച്ചിട്ടുള്ള ചില ജോലികളുണ്ട്… ഇടയ്ക്കതിൽ നിന്ന് ആരെങ്കിലും തെന്നി മാറിപ്പോകുമ്പോൾ നാട്ടുകാരിൽ പലർക്കും ഭയങ്കര അസ്വസ്ഥതയാ…ഇപ്പോൾ തന്നെ എനിക്ക് ഇവിടെയൊക്കെ നല്ല പേരാ… ചിലപ്പോൾ മാഷും കെട്ട് കാണും… അതിന്റെ ബാക്കിയായിട്ടാ ഇത്തരം മോഹന വാഗ്ദാനങ്ങളുമായി പലരും വരുന്നത്… ഒരു പെണ്ണിന്റെ നിസ്സാഹഹായതയെ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നത്…അവർക്കൊക്കെ ഞാൻ വെറുമൊരു പെണ്ണാ…

വെറുമോരു മാംസപിണ്ഡം…” പറയുമ്പോൾ അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു… അവളെ ചവിട്ടിയരയ്ക്കാൻ ശ്രമിക്കുന്ന സമൂഹത്തിനോടു മൊത്തമുള്ള ദേഷ്യം ആ വാക്കുകളിൽ പ്രതിഫലിച്ചു…ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കാതെ മനസിലുള്ള സങ്കടവും അമർഷവും പറഞ്ഞു തീർക്കുന്നവളെ ഞാൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു…ഇന്നലെകളിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഇന്നിന്റെ പെണ്ണിനെ… “എടൊ… ഐ ആം സോറി….” “സാരല്ല്യ…. എനിക്കെല്ലാം കേട്ട് ശീലവാ… നാള് കുറെയായില്ലേ…സ്ഥിരമായി കേൾക്കുന്ന പഴികൾക്ക് കാലക്രമേണ മൂർച്ച കുറഞ്ഞു പോകും മാഷേ…” പറഞ്ഞു കഴിഞ്ഞവൾ മറ്റൊന്നിനും കാതോർക്കാതെ ക്യാമറയുമെടുത്ത് അടുത്ത മുറിയിലേക്ക് കയറി…

ഒരു നിമിഷം സ്തബ്ദനായി ഞാൻ അവിടെ തന്നെ നിന്നു…പതിയെ തിരിഞ്ഞു നടക്കുമ്പോൾ വല്ലാത്ത വീർപ്പുമുട്ടലുണ്ടായിരുന്നു ഉള്ളിൽ…വാതിൽ ചാരി പുറത്തിറങ്ങി ചെരുപ്പ് ധരിക്കുമ്പോൾ കണ്ടു തിരികെ വന്ന് അസ്വസ്ഥതയോടെ നെറ്റിയിൽ കയ്യൂന്നിയിരിക്കുന്ന പെണ്ണിനെ… ചോദിച്ചതും പറഞ്ഞതും ധരിച്ചുവയ്ച്ചതുമെല്ലാം തെറ്റായിരുന്നുവെന്ന് തിരിച്ചറിഞ്ഞു… ഒരു പെണ്ണിന്റെ നിസ്സഹായതയെ ചോദ്യം ചെയ്യുന്ന സമൂഹത്തേക്കുറിചോർത്തപ്പോൾ അറപ്പ് തോന്നി…ഒപ്പം ബഹുമാനവും….അവളോട്…. എല്ലാ പ്രതിസന്ധികളെയും മനക്കരുത്തു കൊണ്ട് തോൽപ്പിച്ചു പടവെട്ടുന്ന ഒരുവളോട്… ആ അന്നപൂർണേശ്വരിയോട്…… തുടരും..

മാംഗല്യം തന്തുനാനേനാ : ഭാഗം 2

Share this story