നിനക്കായ് : ഭാഗം 69

നിനക്കായ് : ഭാഗം 69

എഴുത്തുകാരി: ഫാത്തിമ അലി

ശ്രീ രാത്രി ഉറക്കം വരാതെ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായുന്നു…. കണ്ണടച്ചാൽ സാം അവളെ പുണർന്നതും ചുംബിച്ചതും എല്ലാമാണ് തെളിഞ്ഞ് വരുന്നത്… അത് കാണുമ്പോൾ ഞെട്ടി ബെഡിൽ എഴുന്നേറ്റ് ഇരിക്കും…. എന്തോ ദാഹം പോലെ തോന്നിയ ശ്രീ ബെഡിൽ നിന്ന് ഇറങ്ങി ടേബിളിൽ വെച്ച ബോട്ടിലിന്റെ അടുത്തേക്ക് ചെന്നു… ഒരു കവിൾ ഇറക്കുന്നതിനിടക്കാണ് അവളുടെ മിഴികൾ തൊട്ട് മുന്നിലെ മിററിലേക്ക് പതിഞ്ഞത്… കവിളിലെ വിരൽപാടുകൾ ഒരുവിധം മാഞ്ഞ് തുടങ്ങിയിരുന്നു.. ഒന്ന് കൂടി അടുത്ത് നിന്ന് ശ്രദ്ധിച്ചാൽ ചെറിയ രീതിയിൽ പല്ലുകളുടെ അടയാളം കാണാമായിരുന്നു… സാമിന്റെതാണെന്ന് മനസ്സിലാക്കാൻ അവൾക്ക് അധിക സമയം വേണ്ടി വന്നില്ല….

കൈ വിരലുകൾ അവന്റെ അധരങ്ങൾ ഒഴുകി നടന്ന കവിളിലേക്ക് നീങ്ങി… അവന്റെ ഇളം ചുണ്ടുകളുടെ ചൂട് ഇപ്പോഴും അവിടെ തങ്ങി നിൽക്കുന്നത് പോലെ തോന്നിയ ശ്രീയുടെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി വിരിഞ്ഞു… പിന്നെ എന്തോ ഓർത്തെന്ന പോലെ തല നന്നായൊന്ന് കുടഞ്ഞ് കൈകൾ രണ്ടും ടേബിളിലേക്ക് താങ്ങ് കൊടുത്ത് കൊണ്ട് നിന്നു… “ഈശ്വരാ….എനിക്കിത് എന്താ പറ്റിയേ….” തന്നിൽ വരുന്ന മാറ്റങ്ങളുടെ അർത്ഥമെന്താണെന്ന് അറിയാതെ ശ്രീ ആശങ്കപ്പെട്ടു… സാമിൽ നിന്ന് അങ്ങനെ ഒരു പ്രവർത്തി നടന്നിട്ടും അവനെ എതിർക്കാൻ തയ്യാറാവാതെ നിന്നത് എന്തുകൊണ്ടാണെന്ന് അവൾ സ്വയം ചോദിച്ചു…. ഹരിയോട് പോലും കൈകൾ കോർത്ത് പിടിക്കുക എന്നല്ലാതെ പരിധിയിൽ കവിഞ്ഞൊരു അടുപ്പം അവൾ കാണിച്ചിരുന്നില്ല….

എന്നാൽ സാമിനെ ഇഷ്ടമല്ലെന്ന് ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും അവൻ പുണർന്നതും ചുംബിച്ചതും എന്ത് കൊണ്ട് തടഞ്ഞില്ല എന്നത് ചോദ്യചിഹ്നമായി അവശേഷിച്ചു… ശ്രീ മുഖം ഉയർത്തി കണ്ണാടിയിൽ തെളിയുന്ന തന്റെ പ്രതിബിംബത്തിലേക്ക് നോക്കി… “നീ അവനെ പ്രണയിക്കുന്നുണ്ടോ ശ്രീ….?” അത് തന്നോട് ചോദിക്കുന്നത് പോലെ തോന്നിയതും അവളിലൊരു ഞെട്ടൽ ഉണ്ടായി…. “ഇ..ഇല്ല…” ശ്രീ നിഷേധിക്കുന്നത് പോലെ തല ചലിപ്പിച്ചു… “പിന്നെ അവന്റെ സാന്നിധ്യത്തിൽ നീ അത്രയും സന്തോഷിക്കുന്നത് എന്ത് കൊണ്ടാണ്…നീ ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും അത് ചെവിക്കൊള്ളാതെ പിന്നാലെ തന്നെ വരുന്ന അവന്റെ ആ പ്രവർത്തികൾ ഒന്നും നിന്നെ അലോസരപ്പെടുത്താത് എന്ത് കൊണ്ടാണ്…”

തന്റെ ഉള്ളിലിരുന്ന് ആരോ ചോദിച്ചതും ശ്രീ അതിനുള്ള ഉത്തരം ലഭിക്കാതെ കുഴങ്ങി… “നീയും അവനെ ഇഷ്ടപ്പെടുന്നുണ്ട് ശ്രീ….അവനെ പ്രണയിക്കാൻ തുടങ്ങിയിട്ടുണ്ട്….” “ഇല്ല….അ…അങ്ങനെ…അങ്ങനെയല്ല…എനിക്ക് ഇച്ചായനെ ഇഷ്ടമാണ്….പക്ഷേ അത്….അതൊരിക്കലും പ്രണയം അല്ല….” തന്റെ മനസ്സ് പറയുന്നത് അംഗീകരിക്കാൻ ശ്രീ മടി കാണിച്ചു… കാട് കയറുന്ന ചിന്തകളെയെല്ലാം ഒഴിവാക്കി അവൾ വേഗം ചെന്ന് ബെഡിലേക്ക് വീണ് കണ്ണുകൾ ഇറുക്കെ അടച്ചു… സാമിനെ കുറിച്ച് ഓർക്കരുതെന്ന് കരുതി നിദ്രയേ പുൽകിയെങ്കിലും അവളുടെ സ്വപ്നങ്ങളിൽ പോലും അവന്റെ മുഖം മാത്രമായിരുന്നു നിറഞ്ഞ് നിന്നത്…. ****

രാത്രി വൈകി കിടന്നത് കൊണ്ട് എഴുന്നേൽക്കാനും വൈകിയിരുന്നു… ഷേർളി കതകിൽ തട്ടി വിളിച്ചപ്പോഴാണ് അവൾ കണ്ണ് തുറന്നത്… വേഗം ചെന്ന് ഡോർ തുറന്ന് കൊടുത്തതും സമയം വൈകിയതിന് അവളുടെ ചെവിയിൽ മെല്ലെ ഒന്ന് പിച്ചി ശകാരിച്ചു… ഷേർളിക്ക് ഒരു ഉമ്മയും കൊടുത്തു കൊണ്ട് ശ്രീ വേഗം ഫ്രഷ് ആവാൻ കയറി…. ഡ്രസ് ചെയിഞ്ച് ചെയ്ത് മുടി ചീകിക്കൊണ്ടിരിക്കുമ്പോൾ അവളുടെ കണ്ണുകൾ കവിളിലേക്കായി നീങ്ങി… അപ്പോഴേക്കും പാടുകൾ മുഴവനായും മായ്ഞ്ഞ് പോയിരുന്നു… ഷാൾ സൈഡിലായി പിൻ ചെയ്ത് വെച്ച് ബാഗും എടുത്ത് ശ്രീ താഴേക്ക് ചെന്നു… ബ്രേക്ക് ഫാസ്റ്റ് വേണ്ടെന്ന് പറഞ്ഞെങ്കിലും ഷേർളിയുടെ കണ്ണുരുട്ടലിൽ കുറച്ച് കഴിച്ച് എഴുന്നേറ്റ് അവൾ നേരെ പുലിക്കാട്ടിലേക്ക് നടന്നു… പോർച്ചിൽ സാമിന്റെ കാർ കിടക്കുന്നത് കണ്ടതും അവൻ പോയിട്ടില്ലെന്ന് ശ്രീക്ക് മനസ്സിലായി…

അത് വരെയില്ലാത്ത ഒരു ചമ്മലും പേടിയും ഒക്കെ തന്നെ വന്ന് മൂടുന്നത് അറിഞ്ഞ ശ്രീ വിറച്ചു… ഹൃദയം മിടിക്കുന്ന ശബ്ദം പുറത്തേക്ക് വരെ കേൾക്കാൻ പാകത്തിനായിരുന്നു… “ദച്ചുമോളെന്താ അവിടെ നിന്നത്…?” ഇനി അവിടെ നിന്നാൽ താഴെ വീണ് കിടക്കും എന്ന് തോന്നിയ ശ്രീ പതിയെ പിൻതിരിഞ്ഞതും പുറത്തേക്ക് ഇറങ്ങിയ മാത്യൂ അവളെ കണ്ടിരുന്നു… “ഒന്നുല്ല പപ്പേ…പപ്പ എങ്ങോട്ട് പോകുവാ…?” ശ്രീ കണ്ണുകൾ ഒന്ന് ഇറുകെ ചിമ്മി അടച്ച് തിരിഞ്ഞ് നിന്ന് അയാളെ നോക്കി ചിരിച്ചു.. “പപ്പ എസ്റ്റേറ്റിലേക്ക് പോവാൻ ഇറങ്ങിയതാ…മോള് അകത്തേക്ക് ചെല്ല്….അന്നമ്മ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതേ ഉള്ളൂ …” മാത്യൂ പറഞ്ഞത് കേട്ട് വേറെ വഴിയില്ലാതെ അയാളെ നോക്കി തലയാട്ടിക്കൊണ്ട് ഹാളിലേക്ക് കയറി…

ഡൈനിങ് ടേബിളിൽ എത്തിയതും അപ്പവും മുട്ടക്കറിയും കയറ്റുന്ന അന്നമ്മയെ കണ്ടു.. “മതി പെണ്ണേ….എന്തൊരു തീറ്റെയാ ഇത്….ഇങ്ങനെ പോയാൽ എന്റെ ഏട്ടായി നിനക്ക് ഫുഡ് വാങ്ങി തന്ന് കുത്ത് പാള എടുക്കുമല്ലോ …?” അന്നയുടെ മുന്നിൽ വന്ന് നിന്ന് കളിയോടെ അവൾ പറഞ്ഞതും അന്നമ്മ ശ്രീയെ കൂർപ്പിച്ച് ഒന്ന് നോക്കി കഴിപ്പ് തുടർന്നു… അന്നക്കുള്ള വെള്ളവുമായി വന്ന റീന ശ്രീയെ കഴിക്കാൻ നിർബന്ധിച്ചെങ്കിലും അവൾ വേണ്ടെന്ന് പറഞ്ഞു… ഹാളിൽ ഇരിക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുകൾ അവിടെ മുഴുവനായി പ്രതിക്ഷണം വെക്കുന്നുണ്ടായിരുന്നു… ഇത്ര സമയം ആയിട്ടും സാമിനെ പുറത്തേക്ക് കാണാഞ്ഞത് കൊണ്ട് അവൾ സമാധാനത്തിൽ ഇരുന്നു…

“ഇച്ച ഇത് വരെ എഴുന്നേറ്റില്ലേ മമ്മാ…?” കൈ കഴുകി വരുന്നതിനിടക്ക് അന്നമ്മ ചോദിച്ചതും റീനയുടെ മറുപടി എന്താണെന്ന് കേൾക്കാനായി ശ്രീ ചെവി കൂർപ്പിച്ചു.. “എഴുന്നേറ്റില്ലെന്ന് തോന്നുന്നു…അല്ലെങ്കിൽ ജോഗ്ഗിങ് കഴിഞ്ഞ് വരേണ്ടുന്ന സമയം ആയല്ലോ…” “അടിച്ച് പൂസായി കിടക്കുകാവും കള്ള കാലൻ…” റീന പറഞ്ഞത് കേട്ട് മുഖം താഴത്തി പിടിച്ച് കൊണ്ട് ശ്രീ പിറുപിറുത്തു… അപ്പോഴും അവളുടെ ചുണ്ടിലൊരു ചിരി അവശേഷിച്ചിരുന്നു… അന്നമ്മയുടെ ബുള്ളറ്റ് എന്തോ കംപ്ലൈന്റ് ആയത് കൊണ്ട് അവർ ബസ്സിൽ ആയിരുന്നു കോളേജിലേക്ക് പോയത്… “ടീ…ഇന്നലത്തെ കാര്യം ഓർത്തിട്ടാണോ നിനക്ക് ഒരു ഉഷാർ ഇല്ലാത്തത്….?” ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ അന്നയുടെ ചോഅയം കേട്ട് ശ്രീ ഞെട്ടി… “നി….നിനക്കെങ്ങനെ….”

ശ്രീയുടെ സ്വരത്തിൽ പതർച്ചയുണ്ടായിരുന്നു…. “നിന്റെ മുഖം കണ്ടിട്ട് അങ്ങനെ തോന്നി…നീ അത് മറന്നേക്ക് ദച്ചൂസേ….ഓരോന്ന് ആലോചിച്ച് വിഷമിക്കണ്ട… ആ അവൻമാർക്കിട്ട് ഇച്ചയും നിന്റെ ഏട്ടായിയും കണക്കിന് കൊടുത്തോളും…എനിക്ക് ഉറപ്പാണ്..” ശ്രീയുടെ കവിളിൽ തലോടിക്കൊണ്ട് അന്നമ്മ പറഞ്ഞപ്പോഴാണ് അവൾക്ക് ആശ്വാസമായത്… അവൾ അന്നയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് നടത്തം തുടർന്നു… ശ്രീക്ക് സാം വന്ന കാര്യം അവളോട് പറയണം എന്നുണ്ടായിരുന്നു.. എന്നാൽ എന്തോ ഒരു ചമ്മൽ കാരണം പറയാൻ മടിച്ചു… കോളേജ് ഗേറ്റിനടുത്ത് സ്വാതി അവരെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു…

എന്നാൽ സ്വാതി നിൽക്കുന്നത് ശ്രദ്ധിക്കാതെ എന്തോ ആലോചിച്ച് നടക്കുന്ന ശ്രീയെ കണ്ട് അന്നയും സ്വാതിയും മുഖത്തോട് മുഖം നോക്കി.. “ടീ….” രണ്ട് പേരും ഉച്ചത്തിൽ വിളിച്ചതും ശ്രീ ഞെട്ടിക്കൊണ്ട് അവരെ തിരിഞ്ഞ് നോക്കി…. ഇടുപ്പിൽ കൈ കുത്തി കൂർപ്പിച്ച് നോക്കുന്നത് കണ്ട് ശ്രീ അവരെ നോക്കി ഒന്ന് ഇളിച്ചു… “രാവിലെ മുതൽ ശ്രദ്ധിക്കുന്നു….എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ…മ്മ്…?” അന്നമ്മ അവളെ ഒന്ന് ഉഴിഞ്ഞ് നോക്കിക്കൊണ്ട് ചോദിച്ചതും ശ്രീ ഒന്ന് പരുങ്ങി… “ഏയ്…എന്ത്…നിനക്ക് ചുമ്മാ തോന്നുന്നതാണ്….” പതർച്ച മറച്ച് വെച്ച് കൊണ്ട് ശ്രീ അവളെ നോക്കി….അന്നമ്മ ഒന്ന് അമർത്തി മൂളിക്കൊണ്ട് സ്വാതിയോട് സംസാരിച്ച് ശ്രീയുടെ അടുത്തേക്ക് നടന്നു….

ക്ലാസിൽ ഇരിക്കുന്നതിനെടെ പല തവണ ശ്രീയുടെ ചിന്തകൾ സാമിനെ ചുറ്റി പറ്റി ആയിരുന്നു… ഒന്ന് രണ്ട് തവണ ടീച്ചേർസ് ശ്രീയ്ക്ക് വാണിങ് കൊടുത്തതും അവൾ തല വേദനക്കുന്നെന്ന് പറഞ്ഞ് ലൈബ്രറിയിൽ ചെന്ന് ഇരുന്നു… “ദച്ചൂന് ഇത് എന്ത് പറ്റിയതാ അന്നമ്മോ…?” സ്വാതി അന്നയെ തട്ടി വിളിച്ച് കൊണ്ട് പതിയെ ചോദിച്ചു… “ചിലപ്പോ ഇച്ചയോട് ഇന്നലെ ദേഷ്യപ്പെട്ടത് വിചാരിച്ചിട്ടാവും….” അന്നമ്മ എന്തോ വലുത് കണ്ടെത്തിയത് പോലെ സ്വാതിയെ നോക്കി പറഞ്ഞു.. എന്നാൽ ശരിക്കുള്ള കാരണം എന്താണെന്ന് ശ്രീക്ക് മാത്രമല്ലേ അറിയൂ…. ഈവനിങ് ക്ലാസ് കഴിഞ്ഞപ്പോഴാണ് അന്ന സാം അവരെ കാത്ത് നിൽക്കുന്നുണ്ടെന്ന കാര്യം പറഞ്ഞത്… അവനെ നേരിടുന്ന കാര്യം ഓർത്ത് ശ്രീയുടെ കൈയും കാലും വിറക്കാൻ തുടങ്ങി….

പാർക്കിങ് ഏരിയയിൽ അക്ഷമയോടെ നിൽക്കുന്ന സാമിന്റെ അരികിലേക്ക് അന്നമ്മയും ശ്രീയും സ്വാതിയും നടന്നടുത്തു… അന് എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും അവളുടെ ശ്രദ്ധ പാർക്കിങിൽ കാറിനോട് ചാരി നിന്ന് ഫോണിൽ കാര്യമായിട്ട് എന്തോ നോക്കുന്ന സാമിന് നേരെ ആയിരുന്നു… ഇടക്ക് അവൻ ഫോണിൽ നിന്നും തല ഉയർത്തി നോക്കുന്നത് കണ്ട് ശ്രീ പെട്ടെന്ന് തന്നെ മുഖം മാറ്റി.. **** ശ്രീ വരുന്നത് കാത്ത് നിൽക്കുന്നതിനിടയിലാണ് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് അവൻ അറിഞ്ഞത്… ഫോൺ എടുത്ത് നോക്കിയതും റാമിന്റെ മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ട് അത് എടുത്ത് നോക്കി…. അവന് തിരിച്ച് റിപ്ലേ അയച്ച് കഴിഞ്ഞ് അവര് വരുന്നുണ്ടോ എന്നറിയാൻ തല ഉയർത്തിയതും നേരെ ശ്രീയുടെ മുഖത്തേക്കാണ് അവന്റെ നോട്ടമെത്തിയത്….

“ഇച്ചേ….” അന്നമ്മ ഓടി ചെന്ന് അവന്റെ കൈയിലേക്ക് തൂങ്ങിയതും സാം ശ്രീയിലുള്ള നോട്ടം മാറ്റി.. സ്വാതിയോട് സംസാരിക്കുന്നതിനടക്കും ശ്രീയിലേക്ക് അവന്റെ കണ്ണുകൾ ഇടതടവില്ലാതെ പാഞ്ഞിരുന്നു… എന്നാൽ ഒരിക്കൽ പോലും അവളുടെ നോട്ടം തന്റെ നേരെ വീഴാത്തത് കണ്ട് അവന്റെ മുഖം മങ്ങി…. കുറച്ച് സമയം കഴിഞ്ഞതും അലക്സും അവരുടെ അടുത്തേക്ക് വന്നു… കുറച്ച് സമയം സംസാരിച്ച് സ്വാതി അവരോട് യാത്ര പറഞ്ഞ് പോയി… അലക്സും അവന്റെ ബുള്ളറ്റിന് അടുത്തേക്ക് നടന്നപ്പോഴാണ് അന്നക്ക് ഒരു ഐഡിയ തോന്നിയത്… “ഇച്ചേ…ഞാൻ ഇച്ചായന്റെ കൂടെയാണേ….എനിക്ക് ടൗണിൽ ഒന്ന് പോവാനുണ്ട്….ദച്ചൂന് തലവേദന ഉണ്ടെന്ന് പറഞ്ഞു….

ഇച്ച അവളെ ഡ്രോപ്പ് ചെയ്തേക്ക്….” സാമിനെ നോക്കി കണ്ണിറുക്കി കാണിച്ച് അന്നമ്മ അലക്സിന്റെ ബുള്ളറ്റിന് പിന്നിലായി കയറി ഇരുന്നു… സാമിനും ശ്രീക്കും സംസാരിക്കാൻ അവസരം ഉണ്ടാക്കിക്കൊടുത്തതിനോടൊപ്പം അലക്സിന്റെ കൂടെ ചുറ്റിക്കറങ്ങാനുള്ള ചാൻസും അന്നമ്മ മിസ്സാക്കിയില്ല…. “ഇച്ചായോ….പോവാം….” അവളെ തുറിച്ച് നോക്കുന്ന ശ്രീയ്ക്ക് നേരെ ഇളിച്ച് കൈ വീശി കാണിച്ച് അലക്സിനെ തട്ടിയതും അവൻ ഒന്ന് മൂളി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു… “വാ..കയറ്…” എന്ത് ചെയ്യണം എന്നറിയാതെ കൈ രണ്ടും കൂട്ടി തിരുമ്മി നിൽക്കുന്ന ശ്രീയെ കണ്ട് സാം കോ ഡ്രൈവർ സീറ്റിന്റ ഡോർ തുറന്ന് കൊടുത്തു…. “കയറ് ദുർഗാ…” ഇത്തവണ അവൾക്ക് അനുസരിക്കാതിരിക്കാൻ ആയില്ല…

ശ്രീ കാറിൽ കയറിയതും സാം ആശ്വാസത്തോടെ ഡോർ അടച്ച് ഡ്രൈവിങ് സീറ്റിൽ ഇരുന്നു… “ഇതെങ്ങോട്ടാ പോവുന്നേ….?” കോളേജിൽ നിന്നും വീട്ടിലേക്കുള്ള റൂട്ട് മാറി മറ്റേതോ റോഡിലൂടെ ഡ്രൈവ് ചെയ്യുന്ന സാമിനെ നോക്കി അവൾ മടിച്ച് മടിച്ച് ചോദിച്ചു… അവൻ അവളെ നോക്കി ഒന്ന് ചിരിച്ചതല്ലാതെ മറുപടി ഒന്നും കൊടുത്തില്ല… കുറച്ച് നേരത്തെ യാത്രക്കൊടുവിൽ ഒരു പാർക്ക് പോലെ തോന്നുന്ന ഒരിടത്ത് സാം കാർ നിർത്തി…. സീറ്റ് ബെൽട്ട് അഴിച്ച് പുറത്തേക്കിറങ്ങിയ അവൻ സംശയം നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കുന്ന ശ്രീയുടെ അടുത്തേക്ക് ചെന്ന് ഡോർ തുറന്ന് കൊടുത്തു… “വാ….ഇറങ്ങ്….” “എ…എന്തിനാ….ഇങ്ങോട്ട് വന്നേ….?” അവന്റെ നിൽപ്പും ഭാവവും ഒക്കെ കണ്ട് അവൾക്ക് വെപ്രാളം തോന്നി…. “പറയാം….നീ ആദ്യം ഇറങ്ങിക്കേ…”

സാം പറഞ്ഞത് കേട്ട് തല ഒന്ന് ചലിപ്പിച്ച്കൊണ്ട് അവൾ കാറിൽ നിന്ന് ഇറങ്ങി… “മ്മ്….?” കുറച്ച് നേരം കഴിഞ്ഞിട്ടും ഒന്നും മിണ്ടാതെ നിൽക്കുന്ന സാമിനെ കണ്ട് അവൾ സംശയത്തോടെ നോക്കി… “അതേ….ഇന്നലെ ഞാൻ….” പറയുനൂനത് പകുതിക്ക് വെച്ച് നിർത്തി അവൻ ശ്രീയെ നോക്കി…. “അല്ല….അത് പിന്നെ….നിന്നോട് എന്തെങ്കിലും മോശമായിട്ട് പെരുമായിരുന്നോ…?” സാമിന്റെ ആകാംക്ഷയും ടെൻഷനും നിറഞ്ഞ ചോദ്യം കേട്ട് അവളൊന്ന് സംശയത്തിൽ അവനെ നോക്കി… “അപ്പോ ഇച്ച്….അല്ല….ഇയാൾക്ക് ഒന്നും ഓർമയില്ലേ…?” ഇച്ചായൻ എന്ന് നാവിൽ വന്നെങ്കിലും പെട്ടെന്ന് അത് ചെയിഞ്ച് ചെയ്ത് ഒരു പുരികം ഉയർത്തി അവനെ നോക്കി…. “കുറച്ച്….

ബാൽക്കണി ചാടി നിന്നെ ഹഗ്ഗ് ചെയ്തത് ഓർമയുണ്ട്…” സാമിന്റെ നാവിൽ നിന്ന് കേട്ടതും അവൾക്ക് പകുതി ആശ്വാസം ആയി… “അപ്പോ അത് കഴിഞ്ഞ് നടന്നതൊന്നും ഓർമയില്ലേ….?” എന്നാലും അത് ഉറപ്പിക്കാനെന്നോണം ഒരു തവണ കൂടി ചോദിച്ചതും സാമിന്റെ നെഞ്ചിടിപ്പേറി… “ഇ…ഇല്ല….എന്താ….ദുർഗാ….?” അവൾക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് ഒരു പിടിത്തവും ഇല്ലായിരുന്നു… സാമിന് ഒന്നും ഓർമയില്ലെന്ന കാര്യം അറിഞ്ഞതും അവൾ പഴയ ഉത്സാഹം തിരിച്ച് വന്നു…. അവൾ ചിരിയോടെ കണ്ണുകൾ ഉയർത്തിയതും സാമിന്റെ മുഖത്ത് കാണുന്ന ടെൻഷൻ കണ്ട് അവനെ ഒന്ന് വട്ട് കളിപ്പിക്കാൻ തോന്നി…

“ഓരോന്ന് കാണിച്ച് കൂട്ടിയതും പോരാഞ്ഞിട്ട് എന്നോട് ചോദിക്കാൻ വരുന്നോ….?” പുറമേ ദേഷ്യം കാണിച്ച് കൊണ്ടാണ് ചോദ്യമെങ്കിലും അതിൽ മുഴുവൻ കുസൃതി ഒളിഞ്ഞ് കിടപ്പുണ്ടായിരുന്നു… “എടോ…ഞാൻ മനപ്പൂർവ്വം അല്ല….” സാമിനെ ഒന്നും പറയാൻ സമ്മതിക്കാതെ കൈ ഉയർത്തി തടഞ്ഞു… “കള്ള് കുടിച്ചാ അത് വയറ്റീ കിടക്കണം…അല്ലാതെ തൊട്ടടുത്ത വീട്ടിലെ ബാൽക്കണി ചാടിക്കടക്കുവല്ല വേണ്ടത്…. സത്യം പറ….തനിക്ക് ഇത് തന്നെയല്ലേ ടോ പണി….?” ഇടുപ്പിൽ കൈ കുത്തി അവന്റെ നെഞ്ചിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് അവളുടെ ചോദ്യം… “എ….എന്ത്….?” “ഇങ്ങനെ പെൺപിള്ളാര് താമസിക്കുന്ന വീട്ടിൽ മതില് ചാടൽ…” കുറുമ്പ് നിറഞ്ഞ മുഖത്തോടെയുള്ള അവളുടെ ചോദ്യം കേട്ട് സാം പകച്ച് പോയി…..

“അയ്യോ….നിന്നെ കാണാനല്ലാതെ ഞാൻ വേറെ ഒരു മതിലും ഇത് വരെ ചാടിയിട്ടില്ല….കർത്താവാണേൽ സത്യം…..” അവന്റെ നിൽപ്പും ഭാവവും കണ്ട് ശ്രീ പൊട്ടി വരുന്ന ചിരിയെ കടിച്ച് പിടിച്ചു… “ആ…ഇനി കർത്താവിനെ പിടിച്ച് സത്യം ഇട്ടോ…എനിക്ക് തന്നെ വിശ്വാസം പോര….മാറങ്ങോട്ട്….” സാമിന്റെ ദയനീയമായ നോട്ടം കണ്ടില്ലെന്ന് നടിച്ച് അവന്റെ നെഞ്ചിൽ തള്ളി മാറ്റി അവൾ കാറിലേക്ക് കയറി ഇരുന്നു… “ഈശോയേ….എല്ലാം കൈയീന്ന് പോയോ …?” നെഞ്ചിൽ കൈ വെച്ചുള്ള അവന്റെ നിൽപ്പ് കണ്ട് ശ്രീ ഊറി ചിരിച്ചു…. “ടോ….എനിക്ക് വീട്ടീ പോണം….ഇയാള് കാർ എടുക്കുന്നുണ്ടോ…?” ചുണ്ടിലെ ചിരി മറച്ച് വെച്ച് ഗൗരവത്തിൽ അവൾ പറഞ്ഞതും സാം സമയം കളയാതെ കാറിലേക്ക് കയറി….

പോവുന്ന വഴിക്ക് രണ്ട് പേരും പരസ്പരം ഒന്നും സംസാരിച്ചില്ല… സാം ഓർമയില്ലാതെ അവളോട് എന്തൊക്കെ ചെയ്തിട്ടുണ്ടാവും എന്ന ടെൻഷനിൽ ആണ്…. ശ്രീ അവന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങളെല്ലാം ഇടം കണ്ണിട്ട് നോക്കുന്നുണ്ട്…. നിശബ്ദത അസഹ്യമായതും ശ്രീ തന്നെയാണ് സ്റ്റീരിയോ ഓൺ ചെയ്തത്…. അതിൽ നിന്നും ഒഴുകുന്ന സംഗീതം ആസ്വദിച്ച് കൈ വിരലുകൾ താളമിടുന്ന ശ്രീയെ അവൻ ഇടക്കിടെ നോക്കിക്കൊണ്ടിരുന്നു… “ഇയാൾക്ക് നേരെ നോക്കി ഡ്രൈവ് ചെയ്തൂടെ…?” ഇടക്കിടെ ശ്രീയിലേക്ക് നീളുന്ന സാമിന്റെ കണ്ണുകളെ കണ്ടതും അത് ഇഷ്ടമാവാത്ത രീതിയിൽ അവന് നേരെ കണ്ണ് കൂർപ്പിച്ചു…

ഇനിയും നോക്കിയാൽ അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി സാം പിന്നെ ആ ഭാഗത്തേക്കേ നോക്കാൻ നിന്നില്ല… എന്നാൽ അവനറിയാതെ ശ്രീ സാമിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… ഡ്രൈവ് ചെയ്യുന്നതിനിടെ സാമിന്റെ മുഖം ചെറുതായി ചുളിയുന്നത് കണ്ട് ശ്രീ കുസൃതിയോടെ ചിരിച്ചു… നെറ്റിയിലേക്ക് വീണ് കിടക്കുന്ന മിടിയിഴകൾ ഇടക്കിടെ വിരലുകളാൽ പിന്നിലേക്ക് തട്ടി മാറ്റുന്നുണ്ടായിരുന്നു… നീട്ടി വളർത്തിയ മുടിയും താടിയും നീണ്ട മൂക്കും…. അവന്റെ ചുവന്ന മൃദുലമായ ചുണ്ടുകളിലേക്ക് നോട്ടമെത്തവേ ശ്രീയുടെ വിരലുകൾ അവളുടെ കവിളിലേക്ക് നീണ്ടു… ഗ്ലാസിൽ ചെറുതായി പതിക്കുന്ന മഴത്തുള്ളികൾ കാൺകെ ശ്രീയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…

അതേ പുഞ്ചിരിയോടെ സാമിലേക്ക് മിഴികൾ പായ്ച്ച അതേ ഞൊടിയിലാണ് അവനും അവളെ നോക്കിയത്… ഇരുവരുടെയും കണ്ണുകൾ ഇടയവേ ശ്രീക്ക് ഒരു കാളലുണ്ടായി… അവൾ പിടച്ചിലോടെ കണ്ണുകൾ അവനിൽ നിന്ന് പിൻവലിച്ച് സൈഡ് ഗ്ലാസിലൂടെ പതിക്കുന്ന മഴത്തുള്ളികളിലേക്ക് കണ്ണ് നട്ടിരുന്നു… ***** അന്നമ്മയെയും കൂട്ടി ടൗണിൽ പോയി വരുന്ന വഴിക്കാണ് മഴ പെയ്തത്…. “ഇച്ചായാ…നമുക്ക് മഴയത്ത് പോവാന്നേ…പ്ലീസ്….” ചെറുതായി ചാറ്റൽ മഴ ആയിരുന്നത് കൊണ്ട് അന്നമ്മ പറഞ്ഞത് കേട്ട് ബുള്ളറ്റ് എവിടെയും നിർത്തിയിരുന്നില്ല… ടൗൺ കഴിഞ്ഞ് കുറച്ച് ദൂരം ചെന്നതും മഴ ശക്തി ആർജിച്ചു… “ഇച്ചായാ….പ്ലീസ്….” ഇനിയും എവിടെയെങ്കിലും നിർത്തിയില്ലെങ്കിൽ രണ്ട് പേരും നനഞ്ഞ് കുളിക്കും എന്ന് തോന്നിയ അലക്സ് വഴിയരികിലെ ഒരു ചെറിയ കടയ്ക്ക് മുന്നിൽ നിർത്തി….

അത് ഇഷ്ടപ്പെടാഞ്ഞ അന്നമ്മ താഴെ ഇറങ്ങില്ലെന്ന് വാശിയിലായിരുന്നു… “മര്യാദക്ക് ഇറങ്ങിക്കോ…ഇല്ലേൽ അടിച്ച് നിന്റെ പല്ല് തെറുപ്പിക്കും….” അലക്സ് ദേഷ്യപ്പെട്ടതും അവനെ നോക്കി മുഖം വീർപ്പിച്ച് അന്ന ബുള്ളറ്റിൽ നിന്ന് ഇറങ്ങി… കടയിൽ വയസ്സായ ഒരു സ്ത്രീ ഒഴിച്ച് വേറെ ആരും ഇല്ലായിരുന്നു… അലക്സ് ഓടി വരാന്തയിലേക്ക് കയറി നിന്ന് മുടിയിലെ വെള്ളത്തുള്ളികളെ വിരലുകളാൽ കുടഞ്ഞെറിഞ്ഞു… “ഈ പെണ്ണ്….ഇങ്ങോട്ട് കയറി നിൽക്ക് അന്നാ….മഴ കൊണ്ട് ഓരോന്ന് വരുത്തി വെക്കാതെ..” കടത്തിണ്ണയിൽ ഇരുന്ന് മഴയിലേക്ക് കൈ നീട്ടി നിൽക്കുന്ന അന്നയെ പിടിച്ച് അവന്റ അടുത്തേക്ക് നിർത്തി ശകാരിച്ചതും അവൾ പിണങ്ങി മുഖം കോട്ടി…. അവളുടെ പിണക്കം ആസ്വദിച്ച് കൊണ്ട് അന്നയുടെ തോളിൽ പിടിച്ച് അവന്റെ തൊട്ട് മുന്നിലായി നിർത്തി അവളുടെ കണ്ണിലേക്ക് ഉറ്റ് നോക്കി നിന്നു……….തുടരും

നിനക്കായ് : ഭാഗം 68

Share this story