ദാമ്പത്യം: ഭാഗം 10

ദാമ്പത്യം: ഭാഗം 10

എഴുത്തുകാരി: തുഷാര ലക്ഷ്മി

എന്തോ സ്വപ്നം കണ്ടാണ് രാവിലെ എഴുന്നേറ്റത്…. എത്ര ആലോചിച്ചിട്ടും അഭിയേട്ടന്റെ അവ്യക്തമായൊരു രൂപമല്ലാതെ ഒന്നും ഓർമ്മ വരുന്നില്ല… സമയം നോക്കിയപ്പോൾ മൂന്നര കഴിഞ്ഞു…അടുത്ത് കിടക്കുന്ന ചേച്ചിയുടെ മക്കൾ അവന്തികയും ആയാനും നല്ല ഉറക്കമാണ്….അവരെ ഒന്നുകൂടി പുതപ്പിച്ചെഴുന്നേറ്റു ജന്നൽ തുറന്നിട്ടു……ജനലഴികളിൽ പിടിച്ചു പുറത്തെ ഇരുട്ടിലേക്ക് നോക്കി നിന്നു… മുൻപ് ഇതുപോലൊരു വിവാഹദിവസം തന്റെ ജീവിതത്തിലുണ്ടായതാണ്….അന്നൊരുപാട് പ്രതീക്ഷകളായിരുന്നു മനസ്സിൽ….പക്ഷേ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ജീവിതം കയ്യിൽ നിന്നൂർന്നു പോയി… ഇന്നു വീണ്ടുമതുപോലെ ഒരു വിവാഹനാൾ.. പുതിയ തുടക്കം…

പുതു പ്രതീക്ഷകൾ….പക്ഷേ അന്നത്തെ പോലെ അല്ല തീരെ പ്രതീക്ഷിക്കാത്തോരാൾ ഇന്നു തന്റെ അവകാശിയായുകയാണ്….സ്വയം ചോദിച്ചുനോക്കി തെറ്റിപോയിട്ടില്ലല്ലോയെന്ന്….ഇല്ലെന്ന് തന്നെയാണ് വിശ്വാസം… സ്വയമെടുത്ത തീരുമാനങ്ങളിൽ ഏറ്റവും ശരിയായിട്ടുള്ളത് ഇതു തന്നെയാണ്…. അഭിയേട്ടൻ…ആ ഓർമ്മകൾ പോലും പുറത്തെ തണുപ്പിനേക്കാൾ കുളിരണിയിക്കുന്നു…. കുറച്ചുനേരം ആ നിൽപ്പ് നിന്നിട്ടവൾ കുളിക്കാൻ കയറി… തണുത്ത വെള്ളം തലയിൽ കൂടി വീഴുമ്പോഴും മനസ്സ് എന്തൊക്കെയോ ചിന്തകളാൽ നിറഞ്ഞിരുന്നു….

കുളിച്ചിറങ്ങുമ്പോഴേക്കും അമ്മയും ചേച്ചിയും എത്തിയിരുന്നു…രണ്ടുപേരും ചേർന്ന് ഒരുക്കിതന്നു…ചുവന്ന കരയുള്ള കസവുസാരിയും, ചേരുന്ന ചുവന്ന ബ്ലൗസുമായിരുന്നു… ആഭരണങ്ങളോന്നും വേണ്ടായെന്നു പറഞ്ഞിരുന്നെങ്കിലും ഒരു പാലയ്ക്ക മാലയും, കാശുമാലയും ചേച്ചിയുടെ ഗിഫ്റ്റ് ആയി ഒരു നെക്‌ളേസും ചേച്ചി ഇട്ടു തന്നു…രണ്ടു കൈകളിലുമായി ആറു വളകൾ…പിന്നെ താലി വാങ്ങാൻ പോയപ്പോ അഭിയേട്ടൻ വാങ്ങി തന്ന കരിമണി ബ്രേസ്‌ലെറ്റും…. ഒരുങ്ങിക്കഴിഞ്ഞതും തിരിച്ചു നിർത്തി അമ്മ നെറ്റിയിൽ ചുണ്ട് ചേർത്തിരുന്നു… “”

സുന്ദരിയായിട്ടുണ്ട്…ഇനി നല്ലതേ വരൂ എന്റെ മോൾക്ക്..”” അമ്മയുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്ത് കെട്ടിപിടിച്ചതും പഴയപോലെ ചേച്ചിയും വന്നിരുന്നു ഞങ്ങൾക്കിടയിലേക്ക്… കൊണ്ടുവന്ന പ്ലേറ്റിൽ നിന്നു അമ്മതന്നെയാണ് ദോശ വായിൽവെച്ച് തന്നത്….ആ സമയമത്രയും നിറഞ്ഞു നിന്നിരുന്ന അമ്മയുടെ കണ്ണുകൾ ഒരിക്കൽ തകർന്നു പോയ തന്റെ മകളുടെ ഭാവിയെപ്പറ്റി ചിന്തിച്ചുള്ളതാണെന്നറിയാമായിരുന്നു… അപ്പോഴേക്കും ശാരിയും അച്ഛനും വന്നിരുന്നു…കണ്ടപ്പോഴേ അച്ഛനെ വിട്ട് ഓടിവന്നു കെട്ടിപിടിച്ചു….. “” സന്തോഷമായെടാ…. വിഷമകളൊക്കെ മാറി അഭിയേട്ടന്റെ കൂടെ സന്തോഷത്തോടെ ജീവിക്കണം.. “”

കെട്ടിപിടിച്ചത് പറയുമ്പോൾ അവൾക്കായിരുന്നു ഏറ്റവും സന്തോഷമെന്ന് തോന്നി… കാരണം രണ്ടു വർഷമായി കൂടെയുണ്ടായിരുന്ന കൂട്ടുകാരിയാണ് അല്ല കൂടപ്പിറപ്പ് തന്നെയാണ്… എത്രയോ രാത്രികളിൽ അവളുടെ തോൾ തന്റെ കണ്ണുനീരിൽ കുതിർന്നിരിക്കുന്നു… എത്രയോ രാത്രികളിൽ തന്റെ സങ്കടത്തിന് ഉറങ്ങാതെയവൾ കാവലിരുന്നിരിക്കുന്നു … അവളോട് സംസാരിച്ചിരിക്കുമ്പോൾ അഭിയാണ് എന്ന് പറഞ്ഞു ചേച്ചി നീട്ടിയ ഫോൺ വാങ്ങുമ്പോൾ ചേച്ചിയും ശാരിയും കളിയാക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു … “” ശ്രീ…. “”-നേർത്തൊരു ശബ്‌ദം കാതിനരികിൽ കെട്ടു… “” മ്…..””” ഒന്നു മൂളാൻ മാത്രമേ കഴിഞ്ഞുള്ളു…. “” എന്തായി…??

ഒരുങ്ങിയോ…?? ഒരു ഫോട്ടോ അയച്ചു താടോ…. “” തെല്ലൊമ്പരന്നുപോയിരുന്നു….. മറുപുറത്തു നിന്ന് അടക്കിപ്പിടിച്ച ചിരി കേട്ടതും അമ്മ വിളിക്കുന്നു എന്ന് പറഞ്ഞ് പരിഭവത്തോടെ ഫോൺ കട്ട് ചെയ്തു… പക്ഷേ മറുപുറത്തു നിന്ന് കേട്ട ചിരിയുടെ ബാക്കി തന്റെ ചുണ്ടിലേക്കും പകർന്നിരുന്നു ആ നേരം… ദക്ഷിണ കൊടുക്കാൻ സമയമായി എന്ന് പറഞ്ഞ് അപ്പോഴേക്കും ചേച്ചി തന്നെ കയ്യിൽ പിടിച്ചു നടന്നു കഴിഞ്ഞിരുന്നു… വീട്ടുകാരല്ലാതെ അമ്മയുടെ ഭാഗത്തുനിന്ന് അമ്മമ്മയും, അമ്മയുടെ സഹോദരനും ഭാര്യയും പിന്നെ അച്ഛന്റെ ഭാഗത്തുനിന്ന് അച്ഛമ്മയും, അച്ഛന്റെ ചേട്ടനും ഭാര്യയും അച്ഛന്റെ ചേച്ചിയുമാണുണ്ടായിരുന്നത്…. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കു മാത്രമേ ക്ഷണം ഉണ്ടായിരുന്നുള്ളൂ…

എല്ലാവർക്കും ദക്ഷിണ കൊടുത്ത് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു… ക്ഷേത്രത്തിനടുത്ത് വണ്ടി നിർത്തുമ്പോൾ പരിഭ്രമം കൊണ്ട് നെഞ്ചിടിച്ചു തുടങ്ങിയിരുന്നു… ചെക്കനും കൂട്ടരും എത്തിയിട്ടില്ലായിരുന്നു… ക്ഷേത്രത്തിനുള്ളിലേക്ക് കയറി തൊഴുതു നിൽക്കുമ്പോൾ എന്താണ് പ്രാർത്ഥിക്കേണ്ടത് എന്ന് കുറച്ചു കഴിഞ്ഞാണ് ബോധം വന്നത്… ഒരിക്കൽ മരുമകളായി പടി കയറിയ വീട്ടിൽ വീണ്ടും അതേ വേഷത്തിൽ ചെന്നു കയറാൻ നിൽക്കുകയാണ്… അന്നുണ്ടായ കയ്‌പ്പനുഭവങ്ങൾ ഇനിയുമുണ്ടാകാതെ അഭിയേട്ടന് നല്ലൊരു ഭാര്യയാകാൻ അനുഗ്രഹിക്കണേ എന്ന് മാത്രമേ പ്രാർത്ഥിക്കാനുണ്ടായിരുന്നുള്ളൂ….. “”

സുന്ദരിയായിട്ടുണ്ട്… “”- കണ്ണുതുറന്നു നോക്കുമ്പോഴേക്കും കണ്ണടച്ച് തൊഴുതു നിൽപ്പുണ്ട് ആള്… കസവുകരയുള്ള മുണ്ടും ഒരു മേൽമുണ്ടുമാണ് വേഷം.. പതിവില്ലാതെ കയ്യിൽ ഒരു സ്വർണ്ണ ചെയ്യൻ ഉണ്ട്.. കഴുത്തിൽ ഒരു ചെറിയ സ്വർണമാല… മുടി കോതി പുറകിലേക്ക് ഒതുക്കി വെച്ചിട്ടുണ്ട്… എല്ലാം മറന്ന് ഒന്ന് നോക്കി നിന്നു പോയി… തന്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ കടന്നു വന്ന ഗന്ധർവൻ… കലർപ്പില്ലാതെ, ആത്മാർത്ഥമായി ഈ മനുഷ്യനെ സ്നേഹിക്കാൻ കഴിയണെ എന്ന് ശ്രീകോവിലിന് നേർക്ക് നോക്കി പ്രാർത്ഥിക്കുമ്പോഴേക്കും ചെറിയ മണിയടി ശബ്ദത്തോടെ നട തുറന്നിരുന്നു…

പൊൻപ്രഭയുടെ അഴകോടെയുള്ള ദേവി ചൈതന്യത്തിലേക്ക് നോക്കി ഒരു നിമിഷം കണ്ണടച്ചു നിന്നു… കർപ്പൂരത്തിന്റെയും ചന്ദനത്തിന്റേയും എണ്ണയുടെയും ഗന്ധം നിറഞ്ഞ അന്തരീക്ഷം… ജനിച്ചതേ ഈ നിമിഷത്തിനു വേണ്ടിയാണെന്ന് തോന്നിപ്പോയി… പ്രഭാമ്മ നിറഞ്ഞ ചിരിയോടെ അടുത്തുവന്നു ചേർത്തുനിർത്തി… “” ഒരു പെൺകുട്ടി ഇല്ലായെന്നുള്ള വിഷമം മാറിയത് എന്റെ മോൾ വീട്ടിലേക്ക് വന്നപ്പോഴായിരുന്നു… സ്വന്തം മോളായിട്ട് തന്നെയാണ് നിന്നെ ഞങ്ങൾ കണ്ടത്… നീ എന്റെ വീട്ടിൽ നിന്ന് താലി ഉപേക്ഷിച്ചു കണ്ണീരോടെ ഇറങ്ങി പോകുന്ന കാഴ്ച അമ്മയെ തളർത്തിയിരുന്നു മോളെ…

നിന്നെ വിവാഹം കഴിക്കാൻ ഇഷ്ടമാണെന്ന് അഭിക്കുട്ടൻ പറഞ്ഞപ്പോഴാ മോളെ ആ തീ ഒന്നണഞ്ഞത്…. നീ കൂടി സമ്മതിച്ചപ്പോൾ അമ്മയ്ക്ക് സമാധാനമായി… ഇന്ന് നിന്നെ വീണ്ടും ഈ വേഷത്തിൽ കണ്ടപ്പോൾ അമ്മയ്ക്ക് എത്ര സന്തോഷമായിയെന്നോ… പരസ്പരം ചതിക്കാതെ സ്നേഹിച്ച് ജീവിക്കണം നിങ്ങൾ… എന്റെ മക്കൾക്ക് എന്നും നല്ലതേ വരൂ… “” നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തതും നെറ്റിയിൽ ഒന്നു മുത്തിയിരുന്നു അമ്മ.. എല്ലാം കണ്ടു ചിരിയോടെ അഭിയേട്ടൻ കൂടെയുണ്ടായിരുന്നു… മുഹൂർത്തത്തിന് കുറച്ചു സമയം കൂടി ബാക്കിയുണ്ടായിരുന്നു….

പ്രഭാമ്മയുടെ കൂടെ ഒരു വശത്തേക്ക് ഒതുങ്ങിനിന്നു… പ്രഭാമ്മയുടെ അമ്മയും, അച്ഛനും, സഹോദരിമാരും അവരുടെ ഭർത്താക്കന്മാരും, ശേഖരനച്ഛന്റെ അനിയനുമായിരുന്നു അവരുടെ ഭാഗത്തു നിന്നുള്ള ബന്ധുക്കൾ.. പിന്നെ അഭിയേട്ടന്റെ കുറച്ചു സുഹൃത്തുക്കളും… അരവിന്ദും നിമിഷയും പങ്കെടുക്കില്ലെന്ന് ഇന്നലെ വിളിച്ചപ്പോഴേ അഭിയേട്ടൻ പറഞ്ഞിരുന്നു.. ആദ്യഭാര്യയുടെ വിവാഹത്തിന് സദ്യ വിളമ്പാൻ താൽപര്യമില്ലെന്ന് പറഞ്ഞു പരിഹസിച്ചത്രേ രണ്ടുപേരും…അഭിയേട്ടന്റെ സുഹൃത്തുക്കളിലൊരാൾ ക്യാമറാമാൻ ആയിരുന്നു… രണ്ടുപേരേയും ചേർത്തുനിർത്തി കുറച്ച് ഫോട്ടോകളവർ എടുക്കുന്നതും നോക്കി ഞങ്ങളുടെ പ്രിയപ്പെട്ടവർ കണ്ണ് തുടക്കുന്നുണ്ടായിരുന്നു……

മുഹൂർത്തമായ് എന്നറിയിച്ചതും നെഞ്ചിലൊരു മിന്നൽ കടന്നു പോയ പോലെ തോന്നി…. വെപ്രാളത്തോടെ ചുറ്റും നോക്കിയപ്പോൾ അഭിയേട്ടൻ കുസൃതിച്ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു…. കയ്യിൽ പിടിച്ചുകൊണ്ട് അച്ഛൻ ശ്രീകോവില് മുന്നിലേക്ക് നടക്കുമ്പോഴും തല താഴ്ത്തി പിടിച്ചിരുന്നു ഉള്ളിലെ പരിഭ്രമം ആരുമറിയാതിരിക്കാനെന്നപോലെ…. തിരുമേനി തന്ന ചന്ദനം നെറ്റിയിൽ തൊടുമ്പോഴും അഭിയേട്ടനെ തല ഉയർത്തി നോക്കിയില്ല… വീണ്ടും സുന്ദരമായ കുറച്ചു നിമിഷങ്ങൾ…. ഒടുവിൽ മഞ്ഞ ചരടിൽ കോർത്ത ആലിലതാലി തിരുമേനിയുടെ കയ്യിൽ നിന്നും വാങ്ങി അഭിയേട്ടൻ കഴുത്തിലേക്ക് ചേർത്ത് മൂന്നു കെട്ട് മുറുക്കി കെട്ടി…

വീണ്ടും സുമംഗലിയായിരിക്കുന്നു… ഒരു നുള്ളു കുങ്കുമം എടുത്ത് അഭിയേട്ടൻ ഒരിക്കൽ ഒഴിഞ്ഞ സീമന്തരേഖ വീണ്ടും ചുവപ്പിച്ചു… ദീർഘസുമംഗലി ആയിരിക്കാൻ അനുഗ്രഹിക്കണെ എന്ന പ്രാർത്ഥനയോടെ ആ താലിയും സിന്ദൂരവും പൂർണമനസ്സോടെ സ്വീകരിച്ചു… “” മസിലുപിടിച്ചു നിൽക്കാതെ ഇനിയെങ്കിലും ഒന്നു ചിരിക്കടോ…. “” അഭിയേട്ടന്റെ കളിയാക്കൽ ആസ്വദിച്ച് ചേർത്തു നിർത്തിയ ആ ദേഹത്തേക്ക് ചാഞ്ഞു ഫോട്ടോയ്ക്ക് പോസ് ചെയ്തു… ഊട്ടുപുരയിൽ ചെറിയൊരു സദ്യ ഒരുക്കിയിരുന്നു… അപ്പോഴും കൂട്ടുകാരുടെ കളിയാക്കൽ ആസ്വദിച്ച് അഭിയേട്ടൻ മാറാതെ കൂടെത്തന്നെ നിന്നിരുന്നു…

പോകാൻ ഇറങ്ങിയതും ഇത്തവണ കരച്ചിലോന്നും വന്നില്ല എന്നത് അതിശയിപ്പിച്ചില്ല…. ആരും അപരിചിതരല്ലല്ലോ എന്ന സന്തോഷമാകും..അച്ഛൻ ചേർത്ത് നിർത്തി കുറച്ചധികം നേരം….. “” മോൾക്കച്ഛനോടു വിരോധമൊന്നും തോന്നരുത്.. നിന്റെ ആദ്യ വിവാഹം അച്ഛന്റെ നിർബന്ധമായിരുന്നു… രണ്ടാമത്തേതിനും അച്ഛൻ കുറച്ച് ധൃതി കാണിച്ചു… പക്ഷേ അത് അഭി ആയതുകൊണ്ടാണ്.. അരവിന്ദ് അല്ല അഭി …അവന്റെ കൂടെ എന്റെ മോള് എന്നും സന്തോഷവധിയായിരിക്കും..അച്ഛനുറപ്പുണ്ട്…അച്ഛനെ വെറുക്കരുത് എന്റെ മോള്…ഈ വിവാഹം ശരിയായിരുന്നുവെന്ന് ഇന്നല്ലെങ്കിൽ നാളെ നിനക്ക് ബോധ്യമാകും..

സന്തോഷത്തോടെ പോയിവാ…എല്ലാ അനുഗ്രഹങ്ങളുമുണ്ടാകും എന്റെ മോൾക്ക്‌…” കണ്ണ് നിറഞ്ഞു അത് പറഞ്ഞതും അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞിരുന്നു….അമ്മയും ചേച്ചിയും കൂടി വന്നു ഞങ്ങൾക്ക് കൂട്ടായി…ഒടുവിൽ അച്ഛൻ തന്നെ പിടിച്ചു മാറ്റി…. എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി..കാറിൽ അഭിയേട്ടന്റെ കൂടെ ഒറ്റയ്ക്കായിരുന്നു… “” കൊച്ചേ….അങ്ങനെ അതങ്ങു കഴിഞ്ഞല്ലേടീ…….”” മടിയിലിരുന്ന തന്റെ കൈയെടുത്ത് ഗിയറിലേക്ക് വെച്ച് അതിന്റെ മേലെ സ്വന്തം കൈവെച്ചു കൊണ്ട് അഭിയേട്ടൻ പറഞ്ഞു….മറുപടി കൊടുക്കാതെ എഫ് എമ്മിൽ നിന്നൊഴുകിയെത്തിയ പാട്ടിൽ ശ്രദ്ധിച്ചിരുന്നുവെങ്കിലും ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞിരുന്നു…

പ്രണയത്തിന്റെ പുതുസുഗന്ധവും പേറി അവിടെ ഞങ്ങൾ ഞങ്ങളുടെ ജീവിതയാത്ര തുടങ്ങിവെച്ചു… നന്ദനത്തെ മുറ്റത്ത് വണ്ടി നിർത്തിയതും മനസ്സിൽ എന്തോ അസ്വസ്ഥത നിറയുന്നത് അറിയുന്നുണ്ടായിരുന്നു…ആവർത്തങ്ങൾ….. അസ്വസ്ഥതപെടുന്നത് കണ്ടിട്ടാകണം അഭിയേട്ടൻ കയ്യിൽ മുറുകെ പിടിച്ചു… “” എന്തിന് ഈ പരിഭ്രമം..?? നിനക്ക് അറിയാവുന്ന വീട്, നിനക്ക് അറിയാവുന്ന വീട്ടുകാർ… ഈ നിമിഷം മുതലങ്ങോട്ട് ചിലതൊക്കെ നിന്റെ ജീവിതത്തിൽ സംഭവിച്ചതിന്റെ ആവർത്തനങ്ങൾ ആയിരിക്കും…. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ മറക്കേണ്ടത് മറക്കുക തന്നെ വേണമെന്ന്…

പതറാതെ മുന്നോട്ട് പോകണം..കുറ്റം പറയാനും, നാണം കെടുത്തി തളർത്താനുമൊക്കെ ആളുകളുണ്ടാകും ഇവിടെ…അപ്പോ തളർന്നു പോകാതെ സ്ട്രോങ്ങ്‌ ആയി നിൽക്കണം..എന്തിനും ഞാനുണ്ടാകും നിന്റെ കൂടെ…പിന്നെ നിനക്ക് നന്നായി പണി തന്ന രണ്ടു പേർ… അവർക്കുള്ള മറുപണിയുടെ തുടക്കമാണ് ഇന്ന് നീ ഈ വീട്ടിൽ വലതുകാൽവെച്ച് കയറുന്നു എന്നുള്ളത്…. അപ്പോ അടിപൊളിയായി തലയുയർത്തിപ്പിടിച്ച് പാട്ടുപാടി ഡപ്പാംകൂത്ത് കളിച്ചല്ലെ നീ കയറി ചെല്ലേണ്ടത്…

അപ്പോഴാ ഒരുത്തിയിവിടെ ഡാർക്ക്‌ സീനുമായിട്ടിരിക്കുന്നത്…ഇറങ്ങി വാടി പൊണ്ടാട്ടി… “” ചളി ആണെങ്കിലും അറിയാതെ ചിരിച്ചുപോയി… എന്തായാലും ഓർമ്മകളാൾ പിടഞ്ഞ മനസ്സ് കാർമേഘം മാറി തെളിഞ്ഞ മാനം പോലെയായി… സന്തോഷത്തോടെ അഭിയേട്ടന്റെ കൈ പിടിച്ചു കാറിൽ നിന്നിറങ്ങി… ഉള്ളിൽ ചെറിയ വിഷമം ഉണ്ടായിരുന്നെങ്കിലും നിറഞ്ഞ മനസ്സോടെ പ്രഭാമ്മയുടെ കയ്യിൽ നിന്നു ഒരിക്കൽ കൂടി നിലവിളക്കു വാങ്ങി വലതുകാൽ വെച്ചു ആ വീടിന്റെ പടി വീണ്ടുമൊരിക്കൽ കൂടി കയറി……..തുടരും….

ദാമ്പത്യം: ഭാഗം 9

Share this story