ദാമ്പത്യം: ഭാഗം 9

ദാമ്പത്യം: ഭാഗം 9

എഴുത്തുകാരി: തുഷാര ലക്ഷ്മി

രണ്ടുദിവസം ചിന്തിച്ചും, ബുദ്ധിയോടും ഹൃദയത്തോടും തർക്കിച്ചും ഒടുവിലവളുടെ മനസ്സോരു തീരുമാനത്തിലെത്തി…. ഫോണെടുത്ത് അഭിയേട്ടൻ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് വിളിക്കുമ്പോൾ കൈ ചെറുതായി വിറക്കുന്നുണ്ടായിരുന്നു…. ” എന്തായി ശ്രീ..??തീരുമാനിച്ചോ നീ എന്നെ ഉപേക്ഷിക്കണമോ അതോ സഹിക്കണോയെന്ന്.. ?? ” വാക്കുകൾ ചെറുതായി വേദനിപ്പിച്ചു എങ്കിലും മറുപടി കൊടുത്തില്ല..പകരം ” അഭിയേട്ടാ… നാളെ വൈകിട്ട് ഹോസ്റ്റലിൽ വരുമോ എന്നെ കൂട്ടാൻ.. ഒരു നാലു മണിയാവുമ്പോൾ ഞാൻ റെഡിയായി നിൽക്കാം…ബാക്കി അപ്പോൾ സംസാരിക്കാം….” – അവളോട് സമ്മതമറിയിച്ചവൻ ഫോൺ കട്ടാക്കിയെങ്കിലും ഇരു മനസ്സിലും ആശങ്കയുടെ ഇരുൾ പരന്നിരുന്നു…. എങ്കിലും പുതു പ്രതീക്ഷകളുമായി ഇരുവരും അടുത്ത സായന്തനത്തിനായി കാത്തിരുന്നു… 💖💖💚

നിങ്ങളെക്കൊണ്ടെന്തിനു കൊള്ളാം അരവിന്ദേട്ടാ….അവളെ പറഞ്ഞ് സമ്മതിപ്പിക്കണമെന്ന് പറഞ്ഞല്ലേ ഞാൻ നിങ്ങളെ അവളുടെ അടുത്തേക്ക് വിട്ടത്…എന്നിട്ടൊരു തീരുമാനമുണ്ടാക്കാതെ വന്നിരിക്കുന്നു… എന്നെ തോൽപ്പിക്കാൻ ആയി നിങ്ങളുടെ അമ്മ കണ്ടുപിടിച്ച മാർഗ്ഗമാകും പഴയ മരുമകളെ പൊക്കിപ്പിടിച്ചുകൊണ്ട് വരുന്നത്… ” – ആര്യ ഒരു തീരുമാനം പറഞ്ഞില്ലെന്നറിഞ്ഞ് തന്റെ ദേഷ്യം അരവിന്ദിനോട് തീർക്കുകയാണ് നിമിഷ…. “” നീയൊന്നടങ്ങു നിമിഷ…..എന്നെ ഭ്രാന്ത് പഠിപ്പിക്കാതെ… എന്തെങ്കിലും വഴി കണ്ടുപിടിക്കാം.. “” “” എന്തു വഴി…??? എല്ലാവരും ഒറ്റക്കെട്ടാണ്….നിങ്ങൾക്ക് ഇവിടെ ഒരു വിലയുമില്ല… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… അവളീ വീട്ടിൽ കാലുകുത്തിയാൽ ഞാനെന്റെ മോളെയും കൊണ്ടീ വീടിന്റെ പടിയിറങ്ങും… “” – നിമിഷ ചാടിത്തുള്ളി പോകുന്നത് നോക്കി അരവിന്ദ് തലയ്ക്ക് കയ്യും കൊടുത്തിരുന്നു…… 💘💛💘💘

നാലുമണിയോടെ ഹോസ്റ്റലിലെത്തിയ അഭി ആര്യയെ വിളിച്ചു താഴേക്ക് വരാൻ പറഞ്ഞു….. ഗൗരവത്തോടെ വരുന്ന ആര്യയെ അഭി പ്രണയപൂർവ്വം നോക്കിയിരുന്നു… എഫ് എമ്മിൽ നിന്നുള്ള പാട്ടല്ലാതെ കാറിൽ ഇരുവരും നിശബ്ദരായിരുന്നു…. എന്തൊക്കെയോ തമ്മിൽ സംസാരിക്കണമെന്നുണ്ടെങ്കിലും മൗനം തീർത്ത വേലിക്കെട്ടിനപ്പുറം കടക്കാൻ ഇരുവർക്കും കഴിഞ്ഞില്ല…..പക്ഷേ ഇത്തവണ സ്വന്തം കണ്ണുകൾ ആര്യയെ ചതിച്ചുകൊണ്ടിരുന്നു…. അഭിയെ നോക്കാതിരിക്കാൻ അവൾക്കായില്ല….. ഇതുവരെ കാണാത്ത തനിക്ക് തോന്നാത്ത എന്തൊക്കെയോ പ്രത്യേകതകൾ അഭിയിലവൾ കണ്ടെത്തി…. ആ സമയം അവൻ തിരിഞ്ഞ് അവളെ നോക്കി ഒന്ന് ചിരിച്ചു….

അത് പ്രതീക്ഷിക്കാത്തതായതിനാൽ ഒരു ചമ്മലോടെ അവൾ പുറത്തേക്ക് നോക്കിയിരുന്നു … ഫോർട്ട് കൊച്ചിയിലെ ഒരു ബീച്ചിലേക്കാണ് അഭി ആര്യയെ കൊണ്ടുപോയത്…തിരക്കായി വരുന്നതേയുള്ളു…. കുറച്ചുനേരം രണ്ടുപേരും കടലിന്റെ നീലിമയിലേക്ക് നോക്കി നിന്നു…. അവളുടെ തീരുമാനമറിയാതെയുള്ള ആശങ്കയായിരുന്നു അവന്റെ മനസ്സിലെങ്കിൽ, അരവിന്ദുമായിള്ള കൂടിക്കാഴ്ചയായിരുന്നു ആര്യയുടെ മനസ്സിൽ… ആർത്തലച്ചു വരുന്ന തിരമാലകളെ നോക്കി അവളതൊന്നുകൂടി ഓർത്തെടുത്തു…. 💫💫💫

ഇനിയൊരിക്കൽ കൂടി അയാളുടെ മുന്നിൽ തോൽക്കില്ല എന്നുറപ്പിച്ചാണ് ആര്യ അരവിന്ദിനടുത്തേക്ക് ചെന്നത്… അരവിന്ദ് ആര്യയെ തന്നെ നോക്കി നിൽക്കുകയായിരുന്നു…തന്റെ മുൻപിൽ പേടിച്ചു, അനുസരിച്ച് തലതാഴ്ത്തി നിന്ന പഴയ ആര്യയല്ലയിതെന്നു തോന്നിയവന് … ” എന്താണ് നിങ്ങൾക്കു പറയാനുള്ളത് ..??” “” എന്താ നിന്റെ ഉദ്ദേശം..?? എന്റെ അനിയനെ വശീകരിച്ച് വീണ്ടും നന്ദനത്തേയ്ക്ക് കയറാമെന്ന് കരുതിയോ..?? അവന്റെ കൂടെ കൂടി എന്നോട് പ്രതികാരം ചെയ്യാനാണോ നിന്റെ ഉദ്ദേശം…. ഐഡിയ ഒക്കെ കൊള്ളാം.. പക്ഷേ അതെന്നോട് വേണ്ട…നിന്റെ ഉദ്ദേശമൊന്നും നടക്കാൻ പോകുന്നില്ല… ഈ വിവാഹത്തിൽനിന്ന് നീ പിന്മാറിയേ പറ്റൂ…

നിമിഷയുടെ കൂടെ ആ വീട്ടിൽ ജീവിക്കാമെന്ന നിന്റെ ഉദ്ദേശമൊന്നും നടക്കാൻ പോകുന്നില്ല… അവളെ വേദനിപ്പിക്കാൻ നിന്നെയെന്നല്ല ആരെയും ഞാൻ സമ്മതിക്കില്ല….. “” ഒരു തെറ്റും ചെയ്യാതിരുന്നിട്ടും പിന്നെയും പിന്നെയും വാക്കുകൾ കൊണ്ട് കൊല്ലുകയാണ്… ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു കൊടുത്തിട്ടും തീരാത്ത പക… എന്തിനാണെന്ന് മാത്രം ഇന്നുമറിയില്ല…പക്ഷേ തന്നിലെ പെണ്ണിനെ കൊല്ലാതെ കൊല്ലുന്ന ഈ വാക്കുകൾക്ക് മറുപടി പറഞ്ഞേ പറ്റൂ…ആത്മാഭിമാനം മറ്റെന്തിനെക്കാളും വലുതാണ്…. “” നിർത്ത്….. താനെന്താ എന്നെക്കുറിച്ച് വിചാരിച്ചിരിക്കുന്നത്…. തന്നോട് പ്രതികാരം ചെയ്യാൻ തന്റെ അനിയനെ കല്യാണം കഴിക്കാൻ മാത്രം അധപ്പതിച്ചിട്ടില്ല ഞാൻ….

ഞാൻ ആരുടെയും പുറകെ നടന്ന് എന്നെ കല്യാണം കഴിക്കാൻ പറഞ്ഞിട്ടില്ല… ആരെയും വശീകരിക്കാൻ ശ്രമിച്ചിട്ടുമില്ല…നിങ്ങളുടെ അനിയന് എന്നെ ഇഷ്ട്ടമായിട്ട് നിങ്ങളുടെ വീട്ടുകാർ മുന്നോട്ടുവച്ച ആലോചനയാണിത്…..എന്തെങ്കിലും പറയണമെങ്കിൽ അവിടെ, സ്വന്തം വീട്ടിൽ പോയി ചോദിക്ക് അല്ലാതെ എന്നോടല്ല… പിന്നെ പണ്ടത്തെപ്പോലെ എന്നെ എന്തും പറയാം എന്നു വിചാരിക്കരുത്… പണ്ടത്തെപ്പോലെ എല്ലാം ഞാൻ കേട്ട് നിൽക്കില്ല… നിങ്ങളെനിക്കിപ്പോൾ ആരുമല്ല… അതുകൊണ്ട് തന്നെ ഒരു വാക്കായിട്ടുപോലും നിങ്ങളെ സഹിക്കേണ്ട കാര്യമെനിക്കില്ല… അതോർത്ത് വേണം ഇനി എന്നോട് സംസാരിക്കാൻ…. “” ആര്യയുടെ വാക്കുകളിൽ അരവിന്ദ് ശരിക്കും പതറി പോയിരുന്നു…

പഴയതുപോലെ അവളെ പേടിപ്പിച്ചു നിർത്താൻ തനിക്കു സാധിക്കില്ല എന്നവന് മനസ്സിലായി..പക്ഷേ ഇവിടെ തോറ്റു കൊടുക്കാൻ പറ്റില്ല.. ഈ വിവാഹം മുടങ്ങാതെ തനിക്ക് സ്വസ്ഥത കിട്ടില്ല. നിമിഷ തന്നെ തന്റെ സമാധാനം കളയും…. അതോർത്തപ്പോൾ അരവിന്ദ് പഴയ ഫോമിലായി… “” എന്റെ വീട്ടുകാരെ ഒക്കെ നീ മുൻപേ മയക്കി വെച്ചിരിക്കുവല്ലേ…. ആദ്യം അച്ഛനുമമ്മയും ഇപ്പോൾ അഭി…അവനെ നീ മുൻപേ വശത്താക്കിയായിരുന്നോ..?? എന്റെ കൂടെ ജീവിക്കുന്ന സമയത്തും എന്റെ അനിയനേയും സ്നേഹിച്ചിരുന്നോ നീ..?? അല്ല ഞാൻ പല ദിവസങ്ങളിലും വീട്ടിൽ വന്നിട്ടില്ലായിരുന്നു… അന്നൊക്കെ അഭിയുടെ കൂടെയായിരുന്നോ നീ..?? അല്ലെങ്കിൽ പിന്നെങ്ങനെയാടി അവനിങ്ങനെ നിന്നെ വിടാതെ പുറകെ വരുന്നത്…??

എനിക്കില്ലാത്ത എന്ത് ബന്ധമായിരുന്നു അവന് നിന്നോട്…?? ഡിവോഴ്സ് കഴിഞ്ഞിട്ടും അവനുണ്ടായിരുന്നു നിന്റെ കൂടെ എപ്പോഴും… രണ്ടുംകൂടി എന്നെ ചതിക്കുകയായിരുന്നോ..?? “” -നിമിഷ കുത്തിനിറച്ച വിഷം അരവിന്ദൻ ആര്യയ്ക്ക് നേരെ ചീറ്റി… “” നിർത്തെടൊ….. താനെന്തൊക്കെയാണ് എന്നെ പറഞ്ഞത്..?? അതിനെന്ത് യോഗ്യതയുണ്ട് തനിക്ക് എന്നെ അനാവശ്യം പറയാൻ…?? ആര് ആരെയാടോ ചതിച്ചത്..?? ആര് ആരെയാ മയക്കിയെടുത്തത്..?? പല ദിവസങ്ങളിലും വീട്ടിൽ വന്നിട്ടില്ലത്രേ.. എവിടെയായിരുന്നു താൻ ആ ദിവസങ്ങളിലൊക്കെ…?? കാമുകിയുടെ ഫ്ലാറ്റിൽ അവൾക്ക് കൂട്ട് കിടക്കാൻ പോയ താൻ പരിശുദ്ധനല്ലേ..??

സ്വന്തം അനിയനെ പോലും വിശ്വാസമില്ല തനിക്ക്..?? പിന്നെ അഭിയേട്ടൻ എന്തിനാ എന്റെ കൂടെ നിന്നത് എന്ന ചോദ്യത്തിന് ഉത്തരം തരാം… ഒരേ വയറ്റിൽ ജനിച്ചിട്ടും തനിക്കില്ലാത്ത ചിലത് ആ മനുഷ്യനുണ്ട്… അന്തസ്സ്,ദയ, സ്നേഹം എന്നൊക്കെ പറയുമതിനെ… നിമിഷയുടെ പാവാട ചരടിൽ തൂങ്ങിയാടുന്ന തനിക്ക് ഈ പറഞ്ഞ ഗുണങ്ങളെപ്പറ്റി അറിയണമെന്നില്ല… “” “” ടീ… *$&$#%മോളേ … നീ ഇനി എത്ര ശ്രമിച്ചാലും അഭിയുമായി ഒരു ജീവിതം നീ സ്വപ്നം കാണണ്ട…. ഞാൻ ജീവനോടെയുണ്ടെങ്കിൽ നിന്നെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലേടി…. “” “” ഇപ്പോൾ ഈ വിളിച്ച ഭാഷയ്ക്ക് കൂടി ചേർത്ത് തന്നെ പിടിച്ചു പോലീസിൽ ഏൽപ്പിക്കേണ്ട ഒരുപാട് തെറ്റുകൾ താനെന്നോട് ചെയ്തിട്ടുണ്ട് …. നന്ദനത്തെ അച്ഛനെയുമമ്മയെയും ഓർത്താണ്‌ ഓരോ തവണയും ഞാനത് വേണ്ടെയെന്ന് വയ്ക്കുന്നത്…. “”

“” നിനക്ക് പറ്റുന്നതൊക്കെ നീ ചെയ്യ്…. ഞാനൊന്ന് കാണട്ടെ… നാണമില്ലാത്തവൾ… അടിച്ചിറക്കിവിട്ടിട്ടും പിന്നെയും എന്റെ വീട്ടിൽ കയറി വരാൻ തക്കം പാർത്ത് നടക്കുന്നു…. നിന്റെ ഒരുദ്ദേശവും നടക്കാൻ പോകുന്നില്ലെടി… “” “” ഇത്രനാളും താനീ പറഞ്ഞ ഉദ്ദേശമൊന്നും എനിക്കില്ലായിരുന്നു… പക്ഷേ ഇപ്പോൾ ഈ നിമിഷം വിവാഹകാര്യത്തിൽ ഞാൻ തീരുമാനമെടുത്തു.. പിന്നെ ഇനി നിങ്ങൾ ഇവിടെ നിന്ന് കൂടുതൽ സംസാരിക്കേണ്ട… വിവാഹകാര്യത്തിലുള്ള നിങ്ങളുടെ എതിർപ്പ് നിങ്ങൾ വീട്ടിൽ പോയി സംസാരിച്ചു തീർക്കുക …മേലിൽ ഈ കാര്യം പറഞ്ഞു കണ്ടുപോകരുത് തന്നെ…. “” തിരിഞ്ഞു നടക്കുമ്പോൾ തന്റെ വിഷമങ്ങളെ അതിജീവിക്കാൻ പഠിച്ചിരിക്കുന്നു എന്ന സന്തോഷം കൂടിയുണ്ടായിരുന്നു മനസ്സിൽ…. 💫💫💫

“” അഭിയേട്ടനെന്നോടു സഹതാപം കൊണ്ടുള്ള ഇഷ്ടമാണോ..?? “”- കടലിലേക്ക് തന്നെ കണ്ണുനട്ട് ചോദിക്കുമ്പോൾ ആള് പെട്ടെന്ന് മുഖം തന്റെ നേർക്ക് തിരിച്ചു…… “” ഇതിനുള്ള മറുപടി ഒരിക്കൽ ഞാൻ തന്നതല്ലേ ശ്രീ… എനിക്കെന്തായാലും നിന്നോട് സ്നേഹമേയുള്ളൂ സഹതാപമല്ല….. ഇനിയും നിനക്കത് മനസ്സിലായില്ലേ…?? ഇന്നലെ ചേട്ടൻ വന്നത് നിന്നെ ഹരാസ് ചെയ്തിട്ടാണെങ്കിലും വിവാഹം മുടക്കാനായിട്ടാണെന്നെനിക്കറിയാം… ചേട്ടൻ പറഞ്ഞതുകേട്ട് വിവാഹം എന്നെന്നേക്കുമായി വേണ്ടായെന്നുവെച്ചോ നീ…?? നിന്റെ മുൻപിൽ കാണിക്കുന്നില്ലെങ്കിലും നെഞ്ചിടിപ്പോടെയാണ് ഞാൻ നിൽക്കുന്നത് ശ്രീ…. പക്ഷേ ഇനി ഒന്നിനും നിന്നെ ഞാൻ ഫോഴ്സ് ചെയ്യില്ല….ആരെയും അതിനനുവദിക്കുകയുമില്ല…. ”

” അതിന്റെ ഒന്നും ആവശ്യമില്ല, താനൊരു തീരുമാനത്തിലെത്തിക്കഴിഞ്ഞു എന്നറിയിച്ചപ്പോൾ ഒരു ചെറിയ പേടിയോടെ തന്നെ നോക്കുന്ന അഭിയേട്ടനെ നോക്കി ചിരിച്ചുകൊണ്ട് തന്നെ തുടർന്നു .. ” എന്റെ കുറവുകളെ ഉൾക്കൊണ്ട്, കൂടെ കൂട്ടി ഇടയ്ക്കുവെച്ച് സ്വാർത്ഥമായ താൽപര്യങ്ങൾക്കുവേണ്ടി ഒഴിവാക്കാതെ, സുഖത്തിലും ദുഃഖത്തിലും കൈവിടാതെ ചേർത്തുനിർത്താൻ അഭിയേട്ടൻ കഴിയുമെങ്കിൽ എനിക്ക് സമ്മതമാണ്….” ഞെട്ടി നിൽക്കുന്ന ആളോട് പറയാൻ ഒരു കാര്യം കൂടിയുണ്ടായിരുന്നു തനിക്ക്.. ” ഏട്ടാ… ഒരു കാര്യം കൂടി എനിക്കുറപ്പു തരണം..എന്നെ വേണ്ടായെന്നു എപ്പോൾ തോന്നുന്നുവോ അതാദ്യം എന്നോട് തന്നെ പറയണം…”

” ശ്രീ… കല്യാണം കഴിഞ്ഞ് ചേട്ടന്റെ കൂടെ എന്റെ വീട്ടിലേക്ക് വന്നു നീ… പേടിയുണ്ടെങ്കിലും എല്ലാവരെയും നോക്കി ചിരിക്കുന്നുണ്ടായിരുന്നു നീ… കുഞ്ഞുങ്ങളുടെതുപോലെ നിഷ്കളങ്കമായ ചിരി…. പിന്നെ ഞങ്ങളോടൊക്കെ അടുത്ത് കഴിഞ്ഞിട്ടും ആ ചിരിയിലെ നിഷ്കളങ്കത കൂടിയത് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്… പല ചോദ്യങ്ങൾക്കും ചിരിയായിരുന്നു നിന്റെ ഉത്തരം… പിന്നെ പിന്നെ നിന്റെ ആ ചിരി മാഞ്ഞു തുടങ്ങി… പതിയെ അത് പൂർണമായി നിന്നു….. എന്റെ ചേട്ടനാണതിനു കാരണമെന്നുള്ളത് എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു ശ്രീ… ഇന്നും നിന്റെ മുഖത്താ പഴയ ചിരി കാണാൻ കഴിഞ്ഞിട്ടില്ല… ആ നിഷ്കളങ്കമായ ചിരി വീണ്ടും നിന്റെ മുഖത്ത് കാണാൻ എനിക്ക് എന്താഗ്രഹമാണെന്നോ….

എന്തോ എനിക്ക് മാത്രമേ അതിന് സാധിക്കു എന്നൊരു തോന്നൽ… നിന്നെ കൂടെ കൂട്ടാനുള്ള തീരുമാനത്തിനു പിന്നിലുള്ള കാരണങ്ങളിലൊന്നതാണ് ശ്രീ… നഷ്ടപ്പെട്ടുപോയ നിന്റെ എല്ലാ സന്തോഷങ്ങളും എനിക്ക് നിനക്ക് തിരിച്ചു തരണം…. എനിക്ക് അത്ര മാത്രം പ്രിയപ്പെട്ടവളാണ് നീ… അതുകൊണ്ട് മനസ്സിലുള്ള എല്ലാ കോംപ്ലക്സ് മാറ്റി വെച്ചോളൂ….” കേട്ട വാക്കുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു മനസ്സ്…. ആശങ്കകളൊഴിഞ്ഞു….. ആരെയും വിശ്വസിക്കാൻ പറ്റാത്ത വണ്ണം മുറിവേറ്റിരുന്നു മനസ്സ്…. പക്ഷേ അഭിയേട്ടൻ ആ മുറിവിന് മരുന്നായി… ഇനിയാ സ്നേഹം കൊണ്ടാ മുറിവുണങ്ങി കരിഞ്ഞ് പാട് പോലും അവശേഷിക്കാതാകട്ടെ…

അതു മനസ്സിലായതുകൊണ്ടല്ലേ ഇനിയൊരു വിവാഹത്തിന് പോലും താൽപര്യമില്ലാതിരുന്ന താൻ ഈ വിവാഹത്തിനു സമ്മതിച്ചത്… അരവിന്ദ് അതിനൊരു നിമിത്തമായിയെന്നു മാത്രം…. നിന്നിലേക്കുള്ളതായിരുന്നു എനിക്ക് തെറ്റിയ വഴികളെല്ലാം…… തന്റെ പുരുഷൻ……ആര്യ അഭിയെ നോക്കിനിന്നു…. അഭി രണ്ടു വീട്ടിലും വിളിച്ച് ആര്യയുടെ സമ്മതമറിയിക്കുന്ന തിരക്കിലായിരുന്നു…അവളും സംസാരിച്ചു നേരിട്ട് തന്റെ സമ്മതമറിയിച്ചു ….പ്രഭാമ്മയ്ക്കായിരുന്നു ഏറ്റവുമധികം സന്തോഷം…

ശാരിയെയും വിളിച്ചു അറിയിച്ചു..അവളുടെ അടുത്ത് നിന്നാണ് വന്നതെങ്കിലും ഒന്നും പറഞ്ഞിരുന്നില്ല ..ആദ്യം അറിയേണ്ടത് അഭിയേട്ടനാണെന്നു തോന്നി… കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ചു അസ്തമയവും കണ്ടു തിരികെ കാറിൽ കയറുമ്പോൾ ഒരുപാട് നാളുകൾക്കുശേഷം സന്തോഷം നിറഞ്ഞ ഒരു സന്ധ്യയിൽ അഭിയും ആര്യയും തങ്ങളുടെ ജീവിതത്തിലെ ഒരു പുതിയ യാത്ര ആരംഭിച്ചു… 💘💘💘💘

ആര്യ വിവാഹത്തിനു സമ്മതിച്ചു എന്നറിഞ്ഞ അരവിന്ദിന് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായി… നിമിഷ സ്വൈര്യം കൊടുക്കാതെയവന്റെ പുറകെ നടന്നു….ആര്യയെ ഭീഷണിപ്പെടുത്തിയെങ്കിലും വിവാഹം മുടക്കുന്നത് അത്ര എളുപ്പമല്ലയെന്നവനറിയാമായിരുന്നു… അവളെ പോയി കാണേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി…. വെറുതെ പോയി കണ്ടു ഭീഷണിപ്പെടുത്തി അവളെ വാശി കയറ്റി രണ്ടുമനസ്സിൽനിന്ന ആര്യയെ വിവാഹത്തിൽ സമ്മതിപ്പിച്ച പ്രവർത്തിയായി പോയി തന്റേത് എന്നോർത്തവൻ നിരാശപ്പെട്ടു… നാട്ടുകാരുടെ മുന്നിൽ ഇനിയും അപഹാസ്യനായി നിൽക്കേണ്ടിവരും… ആര്യയെ ഉപേക്ഷിച്ച് നിമിഷയെ സ്വീകരിച്ചത് തന്നെ അറിയുന്ന ആരും സപ്പോർട്ട് ചെയ്തിരുന്നില്ല…

സുഹൃത്തുക്കളിൽ ചിലരത് തുറന്നു പറഞ്ഞതുമാണ് …ചിലർ സൗഹൃദം ഉപേക്ഷിക്കാൻപോലും തയ്യാറായി.. ഓഫീസിൽ പലരും തന്നെപ്പറ്റി അടക്കം പറയുന്നത് കേട്ടിട്ടുണ്ട്… സ്വന്തം വീട്ടിൽ പോലും തന്റെ വില നഷ്ടപ്പെട്ടു…തന്റെ കയ്യിൽ തൂങ്ങി നടന്ന് വളർന്ന അഭി, എന്ത് കാര്യത്തിനും തന്റെ അഭിപ്രായം ചോദിച്ചിരുന്നവൻ ഇന്നവന്റെ ജീവിതത്തിലെ പ്രധാന കാര്യം തന്നോടൊന്നു സൂചിപ്പിച്ചതുപോലുമില്ല…. അച്ഛനുമമ്മയും അതുപോലെതന്നെ… എല്ലാം നിമിഷയ്ക്കു വേണ്ടിയാണ്…

അതോർത്താണ് താൻ സമാധാനിക്കുന്നത്… ആരൊക്കെ തള്ളിപ്പറഞ്ഞാലും അവളുണ്ടാകും തനിക്ക്, തന്റെ മോളും… അവർ മതി തനിക്ക്… പക്ഷേ ആര്യയി വീട്ടിൽ വന്ന് കയറാൻ പോകുന്നത് നിമിഷയ്ക്കു സഹിക്കാൻ പറ്റില്ല.. ഈ കാരണം കൊണ്ട് നിമിഷയുടെ സ്നേഹം തനിക്ക് നഷ്ടപ്പെടുമോ എന്നവൻ ഭയന്നു തുടങ്ങി… അപ്പോഴും എങ്ങനെ വിവാഹം മുടക്കാം എന്നന്വേഷിക്കുകയായിരുന്നു അരവിന്ദിന്റെ മനസ്സ്… 💝💝💖

വിവാഹ കാര്യങ്ങൾ രണ്ടു വീട്ടുകാരും തമ്മിൽ സംസാരിച്ച് ധാരണയായി… ആര്യയുടെ കുടുംബ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം… വീട്ടുകാർ മാത്രം മതി വിവാഹത്തിനെന്നു മുൻപേ തീരുമാനിച്ചിരുന്നു.. വിവാഹം കഴിഞ്ഞ് മറ്റൊരു ദിവസം റിസപ്ഷൻ ഗ്രാൻഡായി നടത്താനും തീരുമാനമായി… അരവിന്ദും നിമിഷയും എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിന്നു.. ലാസ്റ്റ് സെമസ്റ്റർ പ്രോജക്ട് സബ്മിഷന്റെ ഡേറ്റാകാറായത് കൊണ്ട് ആര്യ വിവാഹത്തിന് രണ്ടു ദിവസം മുന്നേ എത്തുകയുള്ളൂ…. ഇതിനിടയിൽ അഭിയ്ക്ക് എറണാകുളത്തൊരു ഹോസ്പിറ്റലിൽ ജോലി ശരിയായി…. താമസിക്കാനൊരു ഫ്ളാറ്റും അഭി എടുത്തിരുന്നു… അരവിന്ദിന്റെ കൂടെ വീണ്ടും ഒരു വീട്ടിൽ നിൽക്കാനുള്ള ആര്യയുടെ ബുദ്ധിമുട്ട് അതോടെ ഒഴിവായി… ☘☘☘

ആര്യയുടെ ചേച്ചി ഐശ്വര്യയും ഭർത്താവ് സന്ദീപും മക്കളും വിവാഹം പ്രമാണിച്ചു ബാംഗ്ലൂരിൽ നിന്നെത്തിയിരുന്നു… അവരും ആര്യയുടെ കാര്യത്തിൽ ഏറെ സന്തോഷത്തിലാണ്… വിവാഹത്തിനു രണ്ടു ദിവസം മുൻപേ അഭി എറണാകുളത്ത് പോയി ആര്യയെ വിളിച്ചു കൊണ്ടുവന്നു… വിവാഹത്തിന് രണ്ടുപേർക്കുമുള്ള വസ്ത്രങ്ങളൊക്കെ രണ്ടമ്മമാരും കൂടി വാങ്ങിയിരുന്നുവെങ്കിലും താലി അഭി ആര്യയെ കൂട്ടിക്കൊണ്ടുപോയി വാങ്ങി… ❤❤❤❤❤❤

ചിലപ്പോഴെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു… അരവിന്ദുമായുള്ള കൂടിക്കാഴ്ചയുടെ ഫലമായിട്ടാണോ താനീ വിവാഹത്തിന് സമ്മതമാണെന്ന തീരുമാനത്തിലെത്തിയത്…. വെറുമൊരു വാശി പുറത്തുള്ള തീരുമാനമായിരുന്നോ അത്…. ഒരിക്കലുമല്ല… ഒരു തീരുമാനത്തിലെത്താൻ ആ കൂടിക്കാഴ്ച ഒരു കാരണമായിട്ടുണ്ടെന്നത് ശരിയാണ്… പക്ഷെ എല്ലാത്തിനേക്കാളുമുപരി അഭിയേട്ടന്റെ നിസ്വാർത്ഥമായ സ്നേഹം മോഹിച്ചല്ലേ തന്റെ തീരുമാനം… ഇനിയുമാമനസ്സ് കാണാതിരിക്കാൻ തനിക്കാകില്ല….അതു മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ… വിവാഹത്തിനു സമ്മതിച്ചെങ്കിലും തന്റെ മനസ്സിലെ പേടിയും ഉത്കണ്ഠയുമൊക്കെയായായിരുന്നു…

പക്ഷേ അതൊക്കെ അഭിയേട്ടന്റെയൊരു ഫോൺകോളിൽ തീരുന്നത് ആര്യ അത്ഭുതത്തോടെ ഓർത്തു…കുറവുകളെ ഓർത്തു മനസ്സിൽ നിറഞ്ഞിരുന്ന അപകർഷതാ ഇന്നില്ല…ഒരു വെള്ള പേപ്പർ പോലെയായി മാറിയിരുന്നു മനസ്സ്…. അതിൽ മുഴുവൻ അഭിമന്യു എന്ന പേര് മാത്രം എഴുതി ചേർത്ത അഭി ഒരു മജീഷ്യനാണെന്ന് തോന്നിയവൾക്കു…അഭിയെ ഓർക്കുമ്പോൾ നാണം കൊണ്ട് നിറയുന്ന മനസ്സ് അത്ഭുതമായിരുന്നു…. ഒരിക്കൽ കൂടി മഞ്ഞചരടിൽ കോർത്ത ആലിലതാലിയും സീമന്തരേഖയിലെ സിന്ദൂരവും സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു… നാളെ അഭിമന്യുവിന് സ്വന്തമാകുമെന്ന സന്തോഷത്തിൽ ആര്യ നിദ്രയെ പുൽകി…….തുടരും….

ദാമ്പത്യം: ഭാഗം 8

Share this story