മാംഗല്യം തന്തുനാനേനാ : ഭാഗം 6

മാംഗല്യം തന്തുനാനേനാ : ഭാഗം 6

എഴുത്തുകാരി: ശ്രുതി കൃഷ്ണ

അമ്പല നടയിൽ പ്രാർത്ഥിച്ചു നിൽക്കുമ്പോഴും തിരികെ വീട്ടിലെത്തുന്ന വരെയും മനസ് ശൂന്യമായിരുന്നു…. എത്രയൊക്കെ കടിഞ്ഞാണിടാൻ ശ്രമിച്ചിട്ടും മനസ് അവളെക്കുറിച്ചുള്ള ചിന്തകളിലേക്ക് ഒതുങ്ങി പോകുന്നു… എനിക്ക് പിടി തരാതെ വഴുതിപ്പോകുന്നു…അവളെ ഞാൻ സ്നേഹിച്ചു പോകുമോ എന്ന ഭയം…പാടില്ല… അവൾക്ക് നല്ലൊരു ഭാവിയുണ്ട്…. അതെന്നെപ്പോലൊരാളുടെ കൂടെ കാലം കഴിച്ചു കൂട്ടാനുള്ളതല്ല…നില തെറ്റിയലയുന്ന മനസിനെ എന്റെ കുറവുകളെ നിരത്തിപ്പറഞ്ഞു കൊണ്ട് എന്നിലേക്ക്‌ തന്നെ ആവാഹിച്ചു… ചിന്താ ഭാരത്താൽ ഉറക്കവും വിശപ്പും ദാഹവുമെല്ലാം നഷ്ടപ്പെട്ട് രണ്ട് ദിനങ്ങൾ കൂടി കടന്നുപോയി…. ഒന്നിലും മനസുറയ്ക്കുന്നില്ല…

കൂട്ടുകാരെ കാണാതെ…പുറത്തേക്കിറങ്ങാൻ തോന്നാതെ…പുസ്‌തകങ്ങളോടും അക്ഷരങ്ങളോടും പോലും മനസ് വിമുഖത കാട്ടിതുടങ്ങി…എന്നെ എനിക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത പോലെ…എന്നെ നന്നായി അറിഞ്ഞോരാളെ മനസ് തേടുന്ന പോലെ… 🧡🧡🧡🧡🧡 എന്റെ പരുക്കൻ മുടിയിഴകളിലേറ്റ സ്നേഹവായ്പ്പോടെയുള്ള തലോടലിൽ ഞാൻ മതിമറന്നു കിടന്നു… പതിയെ തലയുയർത്തി ആ മടിയിലേക്ക് വയ്ച്ചു… വയറിലേക്ക് മുഖം പൂഴ്ത്തി ആ ഗന്ധം വേണ്ടുവോളം വലിച്ചെടുത്തു… “എന്റെ കണ്ണന്റെ മനസിലെന്തോ സങ്കടം കയറിക്കൂടിയിട്ടുണ്ടല്ലോ?” എന്റെ മനസ്സറിഞ്ഞപോലെ ഞാൻ പ്രതീക്ഷിച്ച ചോദ്യമെത്തി…

അല്ലെങ്കിലും മനസ് മടുത്തിരിക്കുന്ന നിമിഷങ്ങളിൽ മാത്രം ചോദിക്കാതെ കിട്ടുന്ന ഒന്നാണീ സ്നേഹച്ചുവയുള്ള കരലാളനകൾ… “അമ്മയോട് പറയാൻ പറ്റുന്നതാണെങ്കിൽ പറയാട്ടോ….പണിയൊക്കെ നേരത്തെയൊതുക്കി വന്നത് എന്റെ കണ്ണനെ കേൾക്കാനായിട്ടാണെ…” വാക്കുകൾ കൊണ്ട് ഒട്ടുമെന്നേ നിർബന്ധിക്കുന്നില്ലെങ്കിലും സ്നേഹം കൊണ്ടമ്മയെന്റെ മനസ്സറിയാൻ ശ്രമിച്ചു…പറയാതിരിക്കാൻ കഴിഞ്ഞില്ല… തുറന്നു പറഞ്ഞു എല്ലാം…എന്നത്തെയും പോലെ ഇന്നും അമ്മയെന്റെ നല്ലൊരു കേൾവിക്കാരിയായി…ഏറ്റവുമൊടുവിൽ മനസിൽ കണ്ടത് പോലെ ആ ചോദ്യവുമെത്തി… തിരിച്ചും അവളോട് ഇഷ്ടമുണ്ടോ എന്ന്…

അവളെ ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങളൊന്നും കിട്ടിയില്ല…. ആർക്കാണ് അങ്ങനൊരു പെണ്ണിനെ ഇഷ്ടപ്പെടാതിരിക്കുക… എനിക്കും ഇഷ്ടമാണ്…പക്ഷേ ആ ഇഷ്ടത്തിന്റെ നിറം മാത്രം വ്യക്തമല്ല…മനസാഗ്രഹിക്കുന്നൊരു നിറം നൽകാൻ ശ്രമിക്കുമ്പോഴും എന്റെ കുറവുകൾ അതിനെ നിഷ്പ്രയാസം മായ്ച്ചു കളയുന്നു… “എന്റെ കണ്ണന് ഇഷ്ടമാണെങ്കിൽ അത് തുറന്ന് പറയണം…” “വേണ്ടാ അമ്മേ…അവള് ചെറുപ്പമല്ലേ…എന്നെപ്പോലൊരാൾക്ക് അവളെപ്പോലൊരു പെണ്ണിനെ ആഗ്രഹിക്കാനുള്ള അർഹതയില്ല… ഈ ഒറ്റക്കയ്യന്റെ കൂടെ ജീവിച്ചു നരകിക്കാനുള്ളതല്ല അവളുടെ ജീവിതം….എന്നല്ലെങ്കിൽ നാളെ അവൾക്ക് മടുത്തെന്ന് വരാം… അപ്പൊഴെന്ത് ചെയ്യും…

ഇപ്പോഴനുഭവിക്കുന്നതിനേക്കാൾ വേദനയാവും അന്ന്…” എന്റെ മനസിലുള്ള ആശങ്കകൾ അമ്മയോട് തുറന്നു പറഞ്ഞു…. “കണ്ണാ…. ഒരിക്കൽ പിഴച്ചെന്ന് കരുതി എല്ലായ്പോഴും അങ്ങനെയാകുമെന്ന് ചിന്തിക്കരുത്… ഒരുവൾ ചതിച്ചെന്ന് കരുതി അതേ കണ്ണുകൊണ്ട് എല്ലാ പെൺകുട്ടികളെയും കാണരുത്…ഇത്രയൊക്കെ സംഭവിച്ചതിന് ശേഷവും അവൾക്ക് നിന്നോടുള്ള സ്നേഹത്തിൽ കുറവൊന്നും വന്നില്ലല്ലോ… നിന്റെ കുറവുകളെപ്പോലും അവഗണിച്ചു അവൾ സ്നേഹിക്കുന്നില്ലേ…അകറ്റാൻ ശ്രമിച്ചിട്ടും പിന്നെയും ഇഷ്ടം പറഞ്ഞു വരുന്നില്ലേ….” “പക്ഷേ അമ്മേ….” എന്നെ പറഞ്ഞു മുഴുമിപ്പിക്കാൻ വിടാതെ അമ്മ തടഞ്ഞു… എനിക്കും പ്രത്ത്യേകിച്ച് പറയാനൊമില്ലായിരുന്നു…

മുൻപ് പറഞ്ഞതൊക്കെ ഒന്നുകൂടി ഊന്നിപ്പറയണം… എന്റെ ചിന്തയാണ് ശെരിയെന്നു സമർത്ഥിക്കണം… അത്രമാത്രം… “കണ്ണാ…ഒന്നും നിന്റെ തെറ്റല്ലല്ലോ… അമ്മയ്ക്ക് മനസിലായി നിനക്കവളെ ഇഷ്ടക്കുറവൊന്നും ഇല്ലെന്ന്… പിന്നെയെന്തിനാ മുൻപോട്ടും പിന്പോട്ടും ഇങ്ങനെ കാട് കയറി ചിന്തിക്കുന്നത്… നീ എപ്പോഴെങ്കിലും ആ പെണ്ണിനെക്കുറിച്ച് ചിന്തിച്ചോ… അവളുടെ മനസ് കാണാൻ ശ്രമിച്ചോ… എന്റെ കണ്ണനെ സ്നേഹിച്ചുപോയതിന്റെ പേരിലാ ആ കുട്ടിയിപ്പോൾ വിഷമിക്കുന്നത്… സ്നേഹിക്കുന്ന ആളെ നഷ്ടപ്പെടുമ്പോഴുള്ള വേദന മറ്റാരേക്കാളും നിനക്കറിയില്ലേ?….

അമ്മ ഒന്നിനും നിർബന്ധിക്കുന്നില്ല…. ആലോചിക്ക്….നന്നായി ആലോചിക്ക്…നിനക്ക് സംഭവിച്ചതൊന്നും നിന്റെ തെറ്റായിരുന്നില്ല… അത് വിധിയായിരുന്നു മോനെ… എല്ലാത്തിനുമപ്പുറം എന്റെ കണ്ണൻ വലിയൊരു ശെരിയായിരുന്നു… ഈ അച്ഛന്റെയും അമ്മയുടെയും ഈ രാജ്യത്തിനെയും അഭിമാനമാണ്…” പറഞ്ഞു കഴിഞ്ഞ് അമ്മ കുനിഞ്ഞു വന്ന് നെറ്റിയിൽ മുത്തി…അമ്മ എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ കൊച്ചു കുട്ടിയെപ്പോലെ ഒന്നുകൂടെ വിടാതെ പറ്റിച്ചേർന്നു… അമ്മയുടെ ചുണ്ടിലെ പുഞ്ചിരി തലയുയർത്തി നോക്കാതെ തന്നെ ഞാനറിഞ്ഞു…. “നമ്മൾ ആഗ്രഹിക്കുന്നത് തന്നെ കിട്ടണമെന്ന് വാശിപിടിക്കുന്നത് വിഡ്ഢിത്താമാണ്…

നമ്മൾ സ്നേഹിക്കുന്നവർ തിരിച്ചു സ്നേഹിക്കണമെന്ന നിർബന്ധ ബുദ്ധിയുമരുത്…ഒന്നും ആർക്കും പിടിച്ചു വാങ്ങാൻ കഴിയില്ല…അതൊന്നും ശാശ്വതമല്ല… ഒട്ടും ആഗ്രഹിക്കാതെ പ്രതീക്ഷിക്കാതെ വിലപ്പെട്ടതൊന്ന് നമ്മളിലേക്ക് എത്തിച്ചേരുന്നുണ്ടെങ്കിൽ അതൊരു ഭാഗ്യമല്ലേ കണ്ണാ…ആ കുട്ടിയുടെ സ്നേഹവും അങ്ങനെയല്ലേ…എന്റെ കണ്ണന്റെ ഭാഗ്യമല്ലേ…” തലോടലുകൾക്കിടയിൽ അമ്മ കാര്യമായി ഓരോന്നും പറഞ്ഞു തന്നു…. എല്ലാം ശെരി തന്നെ…. എങ്കിലും…. എങ്കിലും എന്തോ ഒന്ന് എന്നെ പിൻപോട്ട് പിടിച്ചു വലിക്കുന്നു…പതിയെ അമ്മയുടെ ചൂടിൽ കണ്ണുകളടഞ്ഞു പോകുമ്പോഴും ഒരുവൾ മാഷേ എന്നും വിളിച്ചു പിന്നാലെ വന്നിരുന്നു… 🧡🧡🧡🧡🧡

രണ്ട് ദിവസത്തിനു ശേഷം അതിരാവിലെ ക്ഷേത്രത്തിൽ പോവാമെന്ന് പറഞ്ഞു അമ്മയും അച്ഛനും വിളിച്ചപ്പോൾ അതിശയമൊന്നും തോന്നിയില്ല… തലേന്ന് തന്നെ രണ്ടാളും കൂടെ ജോത്സ്യന്റെ അടുത്തേക്കെന്ന് പറഞ്ഞു പുറപ്പെട്ടപ്പോൾ തന്നെ ഇങ്ങനെയൊരു ക്ഷേത്രദർശനം ഞാൻ മുൻകൂട്ടി കണ്ടിരുന്നു… ബഹുഭൂരിപക്ഷത്തിനൊപ്പമെന്ന പോലെ എന്റെ അച്ഛനമ്മമാരും ഒരു രാശിപ്പലകയിലും അതിൽ ഉരുട്ടി ചേർത്തു വയ്ക്കുന്ന കരുക്കളിലും അതിയായി വിശ്വസിച്ചിരുന്നു… പണ്ട് പട്ടാളത്തിൽ ചേരാൻ നിന്നപ്പോഴേ കവടി നിരത്തി എന്നെ പറഞ്ഞയക്കരുതെന്ന് പറഞ്ഞപ്പോഴേ അയാളെ ഞാൻ നോട്ടമിട്ടതാണ്… പക്ഷേ എനിക്ക് സംഭവിച്ച അപകടം കൂടെ ചേർന്നപ്പോൾ അച്ഛനുമമ്മയ്ക്കും അയാളോടുള്ള വിശ്വാസം വർധിച്ചു…

എന്റെ വിധി സംഭവിക്കാനിരിക്കുന്ന അപകടങ്ങൾ മുൻകൂട്ടി പ്രവചിച്ച ജ്ഞാനി എന്ന പേര് അയാൾക്ക് നേടിക്കൊടുത്തു…അമ്പലത്തിലെ വഴിപാട് കൗണ്ടറിൽ നിന്ന് അമ്മ നേരത്തെ തിരിച്ചിറങ്ങിയപ്പോൾ അത്ഭുതം തോന്നി… ഇത്തവണ അയാൾ എണ്ണം കുറച്ചെന്ന് തോന്നുന്നു… അമ്പലത്തിൽ തൊഴുതിറങ്ങുമ്പോഴും പ്രദക്ഷിണം വയ്ക്കുമ്പോഴും ചുറ്റമ്പലത്തിലും ആൽത്തറയ്ക്കടുത്തുമുണ്ടായിരുന്ന പെൺകുട്ടികളിൽ വെറുതെ എന്റെ കണ്ണുകൾ തിരഞ്ഞു… ആർക്കോ വേണ്ടി… പതിവില്ലാതെ കാറ് വിളിച്ചു അമ്പലത്തിൽ പോകുന്നതെന്തിനെന്ന എന്റെ സംശയം തീർത്തത്പരിചയമില്ലാത്ത ഒരു വീടിന്റെ മുറ്റത്ത്‌ ആ യാത്ര അവസാനിച്ചപ്പോഴാണ്…

സംശയത്തോടെ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കുന്ന എന്നെ ചെറിയൊരു പുഞ്ചിരിയോടെ അവരും നോക്കി… “നോക്കണ്ട കണ്ണാ… ഇന്നേ ചെറിയൊരു പെണ്ണുകാണൽ ഉണ്ട് അമ്മയുടെ കണ്ണന് വേണ്ടി…എന്തായാലും നീ ഞങ്ങളെ ഒറ്റയ്ക്കാക്കി ദൂരേക്ക് പോവുകയല്ലേ…എങ്കിൽ പിന്നേ ഞങ്ങൾക്കൊരു കൂട്ട് തന്നിട്ട് പോയാൽ മതി…” ഉത്തരമെന്നോണം എന്റെ മുടിയിൽ തഴുകി അമ്മയത് പറഞ്ഞപ്പോഴേക്കും കോ ഡ്രൈവർ സീറ്റിൽ നിന്നിറങ്ങി അച്ഛൻ ഞങ്ങൾക്കിറങ്ങാനായി ഡോർ തുറന്നു തന്നു… “അമ്മേ…. ഞാൻ….” ഇറങ്ങാൻ മടിച്ചു ഞാൻ വണ്ടിയിൽ തന്നെയിരുന്നു… “വാ കണ്ണാ… ആ ബ്രോക്കർ സദാശിവൻ കൊണ്ട് വന്ന ആലോചനയാ…

എന്റെ കണ്ണന് എന്നതായാലും ഇഷ്ടമാകും….” എന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ അമ്മയിറങ്ങി നടന്നു… ഞാൻ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രവർത്തിയായിരുന്നു അത്… തിരിച്ചു പോയാലോ എന്ന് ചിന്തിച്ചെങ്കിലും ഇവിടെ വരെ വന്ന സ്ഥിതിക്ക് കാണാതെ പോയാൽ എല്ലാർക്കും അതൊരു കുറച്ചിലാകും… വണ്ടിയിൽ നിന്നിറങ്ങിയതും..അകത്തു നിന്ന് വന്നൊരു സ്ത്രീയുടെ ക്ഷണം സ്വീകരിച്ചു ഉള്ളിലേക്ക് കയറിയിരുന്നതുമെല്ലാം വളരെ യാന്ത്രികമായിട്ടായിരുന്നു… സംഭവിക്കാനിടയില്ലാത്ത ഒരു കാര്യത്തിലിടപെടേണ്ടെന്ന് കരുതി മുഖമുയർത്താതെ സംഭാഷണങ്ങളിലൊന്നും ഇടപെടാതെ തന്നെ ഞാൻ ഫോണിലേക്ക് മുഖം പൂഴ്ത്തി… അടുത്ത് ആരോ വന്നതും ചായ വയ്ച്ചു നീട്ടുന്നതും അറിയുന്നുണ്ടായിരുന്നു…

പെട്ടെന്നൊരു തോന്നലിൽ മുഖമുയർത്തി നോക്കിയ ഞാൻ മുൻപിൽ ചായ നീട്ടിപ്പിടിച്ചു നിൽക്കുന്ന അന്നമ്മയെ കണ്ട് ഞെട്ടി…കണ്ണുകൾ തമ്മിലിടഞ്ഞിട്ടും അവളുടെ മുഖത്ത് കാര്യമായ പതർച്ചയൊന്നും കണ്ടില്ല… ഒരുതരം നിർവികാരത… ഒരുപക്ഷെ എനിക്ക് മുൻപേ ഞെട്ടിയിരിക്കണം… ഞാൻ കപ്പ് മേടിച്ച ഉടനെ തിരിഞ്ഞു പോലും നോക്കാതെ അവൾ വീടിനകത്തേക്ക് ഉൾവലിഞ്ഞു… അപ്പോഴാണ് ഞാൻ അവിടമാകെ ശ്രദ്ധിക്കുന്നത്…. ഹാളിൽ ചുവരിൽ മാധവേട്ടന്റെ വലിയ ഫോട്ടോ തൂക്കിയിട്ടുണ്ട്… ഇത്തിരി മാറി ചുമര് ചാരി പുഞ്ചരിയോടെ നിൽക്കുന്ന സ്ത്രീയെ കണ്ട് ഞാനും ഒന്ന് ചിരിച്ചെന്ന് വരുത്തി… ഇടയ്ക്ക് അവരുടെ ശ്രദ്ധ എന്റെ കയ്യിലേക്ക് പാളി വീഴുന്നത് ഞാൻ കണ്ടിരുന്നു…

ഒന്നും മനസിലാവാതെ അമ്മയെയും അച്ഛനെയും നോക്കിയപ്പോൾ അവിടെയും പുഞ്ചിരി തന്നെ…മുതിർന്നവരുടെ സംസാരങ്ങൾക്കിടയിൽ ഞങ്ങൾക്ക് പരസ്പരം സംസാരിക്കാനുള്ള അവസരവും കിട്ടി… മടിച്ചു നിൽക്കുന്ന എന്റെ വലതുകയ്യിൽ അമ്മ കൈ ചേർത്തു… “ഇടയ്ക്ക് നമ്മളെ സ്നേഹിക്കുന്നവരെക്കൂടി കാണാനും മനസിലാക്കാനും ശ്രമിക്കുന്നത് നല്ലതാ കണ്ണാ…” എന്നോട് ചേർന്നു നിന്ന് പതിഞ്ഞ ശബ്ദത്തിൽ അമ്മ പറഞ്ഞു… ഞാൻ എഴുന്നേറ്റപ്പോൾ തന്നെ അവളുടെ അമ്മ അടുത്തുള്ള മുറിയിലേക്ക് കണ്ണ് കാണിച്ചു… പതിയെ അങ്ങോട്ട് നീങ്ങുമ്പോൾ എന്റെ ഹൃദയതാളവും വർധിച്ചു…

മുറിയിലേക്ക് കടന്ന് ചെല്ലുമ്പോൾ തന്നെ കണ്ടു ജനലഴികളിൽ പിടിച്ച് പുറത്തേക്ക് കണ്ണുനട്ടിരിക്കുന്നവളെ…അടുത്ത് ചെന്ന് നിൽക്കുന്നതിനൊപ്പം എന്റെ കണ്ണുകൾ മുറിയാകെ ഒഴുകി നടന്നു…വളരെ അടുക്കും ചിട്ടയുമുള്ള കുഞ്ഞു മുറി…ഇളംനീല നിറമുള്ള ചുവരുകൾ നിറയെ ഒരോ ചിത്രങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു… ഒരു കുഞ്ഞു ഷെൽഫിൽ പുസ്തകങ്ങൾ അട്ടിയായി വയ്ച്ചിരിക്കുന്നു… ഇടയ്ക്ക് ചുവരിൽ കണ്ട കുടുംബ ചിത്രത്തിൽ കണ്ണുടയ്ക്കി… അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം…മറ്റു രണ്ടു പേരെ കണ്ടില്ലല്ലോ എന്നോർത്തപ്പോഴാണ് ഇന്ന് പ്രവർത്തി ദിവസമാണല്ലോ എന്ന് കൂടി ഓർമ വന്നത്… “എന്താ മാഷേ തെറ്റുധരിച്ചു പോയതിലുള്ള കുറ്റബോധമാണോ?…

അതോ സഹതാപമോ…?” അവളുടെ ചോദ്യമാണ് ചിന്തകളിൽ നിന്നെന്നെ ഉണർത്തിയത്… ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ ഞാൻ വിയർത്തു…തിരിഞ്ഞു നിന്ന് അവളെന്നെ തന്നെ നോക്കി… “എനിക്ക്…. അറിയില്ലായിരുന്നു…. അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല….” തുറന്ന് പറയുമ്പോൾ എനിക്ക് ചമ്മലായിരുന്നു… പറയുന്നതവൾ വിശ്വസിക്കുമോ എന്ന തോന്നലായിരുന്നു… “ആഹാ… കൊള്ളാല്ലോ…. അപ്പോൾ അച്ഛന്റെയും അമ്മയുടെയും വക സർപ്രൈസ് ആണല്ലേ… എന്നിട്ട് എന്ത് തീരുമാനിച്ചു… ഈ സർപ്രൈസ് മാഷിന് ഇഷ്ടപ്പെട്ടോ?” മുഖത്ത് നോക്കി ഒരു ഭാവവ്യത്യാസവുമില്ലാതെ ചോദിക്കുന്ന പെണ്ണിനെ ഞാനും ഒരു നിമിഷം നോക്കി…

എന്തുപറയണമെന്നറിയാതെ… “എനിക്കറിയാം മാഷിന് അംഗീകരിക്കാൻ പറ്റില്ലെന്ന്…എന്നെ ഒരു സുഹൃത്തെന്നതിനപ്പുറം കാണാൻ കഴിയില്ലെന്ന്…ഇപ്പോൾ എനിക്കും അങ്ങനെയാ…മാഷെന്റെ നല്ലൊരു സുഹൃത്ത് തന്നെയാ…മാഷ് മുൻപ് പറഞ്ഞതൊക്കെ ഒന്നുകൂടി ഞാൻ വിശദമായി ആലോചിച്ചു…. മാഷ് തന്നെയാ ശെരി…ഇത്തിരി വൈകിയാലും എനിക്ക് ചിലപ്പോൾ ഇതിലും നല്ലൊരു ബന്ധം കിട്ടും…മാത്രവുമല്ല മാഷിന് ചിലപ്പോൾ പഴയ പ്രണയം മറക്കാൻ കഴിയണമെന്നും ഇല്ലല്ലോ… മാഷായിരിക്കുമെന്ന് എനിക്ക് ഒരു സൂചന പോലും കിട്ടിയില്ല… ആരോ വരുമെന്ന് പറഞ്ഞതല്ലാതെ…” എന്നെ മറുത്തൊന്നും പറയാൻ സമ്മതിക്കാതെ അവൾ തന്നെ എല്ലാം പറഞ്ഞു അവസാനിപ്പിച്ചു…

എല്ലാം പലപ്പോഴായി ഞാൻ അവളോട് പറഞ്ഞത് തന്നെയെങ്കിലും ഇപ്പോൾ അവൾ തന്നെയത് പറഞ്ഞു കേൾക്കുമ്പോൾ വല്ലാത്തൊരു വേദന തോന്നി… അങ്ങനെയൊന്നും വേണ്ടിയിരുന്നില്ലെന്ന് ഞാൻ ആഗ്രഹിക്കുന്ന പോലെ…. എന്നെ സ്നേഹിച്ച അവളുടെ മനസ് മനസിലാക്കുന്ന പോലെ… “എങ്കിൽ ശെരി മാഷേ… കൂടുതൽ സംസാരിച് നമ്മൾ സമയം കളയുന്നതെന്തിനാ… മാഷിന് തരാനുള്ള പണത്തിന്റെ കാര്യമൊക്കെ ഓർമയുണ്ട് കേട്ടോ… ഉറപ്പായും തന്നു തീർക്കും…” അത്രയും തീർത്തു പറഞ്ഞു അവൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയി… ഒന്നും പറയാൻ കഴിയാതെ ശിലപോലെ ഞാൻ അവിടെത്തന്നെ നിന്നു… തിരികെ ഹാളിലേക്ക് കടക്കുമ്പോൾ അവിടെ കല്യാണചർച്ചകൾ തകൃതിയായി നടക്കുന്നു…

പതിവുപോലെ ചെറുക്കനും പെണ്ണിനും ഇഷ്ടമായോ എന്നൊരു ചോദ്യം പോലും വന്നില്ല… ഇത്തിരി നേരം അവിടെയിരുന്നപ്പോൾ തന്നെ വല്ലാത്ത അസ്വസ്ഥത തോന്നി… കല്യാണകാര്യങ്ങൾ ചൂട് പിടിക്കുന്നതല്ലാതെ എനിക്ക് എന്തെങ്കിലും പറയാൻ അവസരം കിട്ടുന്നില്ല… എന്തോ പിന്നെയവിടെ ഇരിക്കാൻ മനസിന് മടുപ്പ് തോന്നി… പതിയെ എഴുന്നേറ്റു… “നീ എങ്ങോട്ടാ കണ്ണാ…ഒരുമിച്ച് പോകാം…?” “ഒരു കൂട്ടുകാരൻ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു… നിങ്ങൾ പതിയെ വന്നാൽ മതി…” വിശ്വാസമില്ലാത്തത് പോലെ അച്ഛനും അമ്മയും എന്നെ നോക്കി…. പറഞ്ഞതിലെ പിശക് ഞാനും മനസിലാക്കി… “അത്… മെസ്സേജ് അയച്ചതാണ് അമ്മേ… വിളിച്ചിട്ട് കിട്ടിയില്ലെന്ന്… ഞാൻ വേഗം വരാം…”

മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ ഇറങ്ങി നടന്നു… ഞങ്ങൾ വന്നിറങ്ങിയ കാറിലെ ഡ്രൈവർ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു…ഗേറ്റ് കടന്ന് വേഗത്തിൽ നടക്കുമ്പോൾ അവർ തിരികെയിറങ്ങുമ്പോൾ എന്നേകാണരുതെന്നെ ഉണ്ടായിരുന്നുള്ളൂ… റോഡ് കടന്ന് ഇടയ്ക്കുള്ള ഇടവഴിയിലേക്ക് കടന്നു… ഒന്ന് ശ്വാസം വലിച്ചു വിട്ട് കിതപ്പടക്കി… ഇത്തിരിയധികം നടക്കാനുണ്ടെങ്കിലും നാട്ടിലെ വായനശാലയുടെ അടുത്തെത്താനുള്ള കുറുക്ക് വഴിയായിരുന്നു അത്…നിറയെ പുല്ല് നിറഞ്ഞ് അധികമാരും ചെല്ലാത്ത ഊടുവഴിയിലൂടെ നടക്കുമ്പോൾ അവളുടെ വാക്കുകൾ വീണ്ടും മനസിലിട്ട് ചികയുകയായിരുന്നു ഞാൻ…

മുൻപുണ്ടാവാറുള്ള സ്നേഹമോ കരുതലോ ആ വാക്കുകളിൽ കണ്ടിരുന്നില്ലെന്നത് വേദനയുളവാക്കി… വിഡ്ഢിവേഷം കെട്ടാൻ വരേണ്ടിയിരുന്നില്ലെന്ന് തോന്നി… മുൻപൊരിക്കൽ അവളുടെ വീടിനടുത്തു വരെ വന്നിട്ടും രാത്രിയായതിനാൽ വഴി ശ്രദ്ധിക്കാനോ ഇന്നത് തിരിച്ചറിയാനോ കഴിഞ്ഞില്ലെന്ന് നിരാശയോടെ ഓർത്തു……. തുടരും..

മാംഗല്യം തന്തുനാനേനാ : ഭാഗം 5

Share this story