ദാമ്പത്യം: ഭാഗം 11

ദാമ്പത്യം: ഭാഗം 11

എഴുത്തുകാരി: തുഷാര ലക്ഷ്മി

ഉള്ളിൽ ചെറിയ വിഷമം ഉണ്ടായിരുന്നെങ്കിലും നിറഞ്ഞ മനസ്സോടെ പ്രഭാമ്മയുടെ കയ്യിൽ നിന്നു ഒരിക്കൽ കൂടി നിലവിളക്കു വാങ്ങി വലതുകാൽ വെച്ചു ആ വീടിന്റെ പടി വീണ്ടുമൊരിക്കൽ കൂടി കയറി… അകത്തേക്കു കയറി പൂജാമുറിയിൽ വിളക്ക് കൊണ്ടുവെച്ചു പ്രാർത്ഥിച്ചു…ആവർത്തനം….കൂടെ പ്രാർത്ഥിച്ചു നിൽക്കുന്ന ആള് മാത്രമേ മാറിയിട്ടുള്ളൂ… ബാക്കി എല്ലാം പഴയതുപോലെ തന്നെയാണ്…ഓർക്കുമ്പോൾ എന്തൊരു വിരോധാഭാസം… പ്രഭാമ്മ കൂടെ തന്നെ ഉണ്ടായിരുന്നു… അമ്മയുടെ അനിയത്തിമാരൊക്കെ അമ്മയെ പോലെ തന്നെ സ്നേഹമുള്ളവരാണ്…. ഇത്ര നേരമായിട്ടും അരവിന്ദിനേയും, നിമിഷയേയും കണ്ടിരുന്നില്ല….. കുഞ്ഞിന് രണ്ടര വയസ്സായെന്നറിയാം….ഇതുവരെ കണ്ടിട്ടില്ല…ഇനി കാണാമല്ലോ…ഭർത്താവായിരുന്നവന്റെ കുഞ്ഞിന്റെ ചെറിയമ്മയാണ് ഇനി മുതൽ… ഇത്തവണ ഓർക്കുമ്പോൾ ചിരി വരുന്നുണ്ട് എന്ന് തോന്നുന്നു….

പൂജാ മുറിയിൽ നിന്നിറങ്ങി ഹാളിൽ വന്നിരുന്നു കുറച്ചുനേരം അമ്മയോടും ചെറിയമാരോടും സംസാരിച്ചിരുന്നു…കുറച്ചു കഴിഞ്ഞു അഭിയേട്ടനും ഞങ്ങളുടെ കൂടെ വന്നിരുന്നു…. ഈ നേരമാണ് അരവിന്ദും നിമിഷയും കുഞ്ഞുമായി പുറത്തുനിന്ന് കയറിവന്നത്.. രണ്ടുപേരും ആരെയും ശ്രദ്ധിക്കാതെ മുകളിലേക്ക് നടന്നു…. രണ്ടു മുഖങ്ങളിലേക്കും ഒന്നു സൂക്ഷിച്ചു നോക്കി… ഒന്നിൽ ദേഷ്യമാണ് മറ്റേതിൽ പുച്ഛവും… ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നത് കൊണ്ട് ഒന്നും തോന്നിയില്ല… “” മോളെ…നിനക്ക് കുളിക്കണ്ടേ..??ആകെ മുഷിഞ്ഞിരിക്കുകയല്ലേ…അഭീ… മോളെയും വിളിച്ചു റൂമിൽ പൊയ്ക്കോ…. “” അഭിയേട്ടന്റെ കൂടെ മുകളിലേക്ക് കയറുമ്പോഴും അവസാനം കരഞ്ഞുകൊണ്ടാണ് ഈ പടിയിറങ്ങിയതെന്നോർത്തു… അന്നത്തെ നൊമ്പരത്തിന്റേയും അപമാനത്തിന്റെയും ബാക്കിയെന്നവണ്ണം ഒന്നാ പടിയിൽ നിന്നു…കണ്ണുകൾ നിറഞ്ഞു… അതറിഞ്ഞിട്ടോ അഭിയേട്ടൻ ഒന്ന് തിരിഞ്ഞു നോക്കി.. “” എന്താ ശ്രീ…??? കേറി വാ…. “” ഒന്ന് ചിരിച്ചു കൊണ്ട് ബാക്കി പടികൾ കയറി…

മുകളിൽ എത്തിയതും ആദ്യം നോട്ടം ചെന്നെത്തിയത് ഹാളിലെ വലതുവശത്തെ മുറിയിലേക്കായിരുന്നു… അതടഞ്ഞു കിടക്കുന്നു… ഒരിക്കൽ തന്റെ കൂടി മുറിയായിരുന്നു…തന്റെ പ്രണയം തൊട്ടറിഞ്ഞ ചുവരുകൾ…ഒടുവിൽ തന്റെ വിരഹവും,തേങ്ങലുകളും, കൂടി ഏറ്റുവാങ്ങിയ മുറി… കാര്യം മനസ്സിലായത് കൊണ്ടാവും അഭിയേട്ടൻ വന്നു കൈ പിടിച്ചു തന്നെ മുറിയിലേക്ക് കൊണ്ടുപോയി…പലതവണ കയറിയിറങ്ങിയിട്ടുള്ള മുറിയാണ്…വൃത്തിയാക്കാനും, ചായ കൊണ്ട് കൊടുക്കാനുമൊക്കെ വന്നിട്ടുണ്ട്….പക്ഷെ അതൊക്കെ ഭർത്താവിന്റെ അനിയന്റെ മുറിയിലേക്ക് ആയിരുന്നു… പക്ഷേ ഇപ്പോഴിത് തന്റെ ഭർത്താവിന്റെ,തന്റെ , തങ്ങളുടെ മുറിയാണ്… വിധി മനുഷ്യനെ കൊണ്ട് എന്തൊക്കെ വേഷങ്ങളാണ് കെട്ടിക്കുന്നത്… അത്ഭുതത്തോടെ ഓർത്തു…. “” ശ്രീ നിന്റെ മനസ്സ് എനിക്ക് മനസ്സിലാകും…

ഒരു പുതു പെണ്ണിനെ പോലെ ഈ വീട്ടിൽ നിനക്ക് എന്റെ കൂടെ ജീവിതം തുടങ്ങാൻ പറ്റില്ല എന്നെനിക്കറിയാം….പക്ഷേ അതൊക്കെ ഓർമ്മകളായി നീ മറക്കണം…കുറച്ചു ദിവസങ്ങൾക്കുള്ളിൽ നിനക്ക് അതിന് കഴിയും… ഇവിടെ ഇപ്പൊ നിന്നെ അസ്വസ്ഥപ്പെടുത്തുന്ന ആവർത്തനകാഴ്ചകൾ എല്ലാം മാറിക്കിട്ടും.. അപ്പോഴും ഇപ്പോൾ താഴെ കണ്ട പോലെ പല കാഴ്ചകളും നിനക്ക് ഇനിയും കാണേണ്ടിവരും… ഒരു കാര്യം മാത്രം ഓർക്കുക… നമ്മൾ ആർക്കെന്ത്‌ കൊടുത്താലും അവർക്കതിനു അർഹതയുണ്ടോ എന്ന് നോക്കി വേണം കൊടുക്കാൻ… ചില ആൾക്കാരോട് അവർ എങ്ങനെയാണോ നമ്മളോട് പെരുമാറുന്നത് അതുപോലെ അവരെയും തിരിച്ച് ട്രീറ്റ് ചെയ്യുക…. നീ ഇപ്പോൾ ആര്യശ്രീ അഭിമന്യു ആണ്… അഭിമന്യു ശേഖറിന്റെ ഭാര്യ….അരവിന്ദും നിമിഷയും നിന്റെ ഭർത്താവിന്റെ ചേട്ടനും ചേട്ടത്തിയമ്മയുമാണ്…ആ സ്ഥാനം മാത്രം നൽകുക…

വെറുതെ പോലും അവരെ ബഹുമാനിക്കണമെന്ന് ഞാൻ നിന്നോട് പറയില്ല… നിന്റെ ജീവിതം തകർത്തവരാണ്…ആ വേദന എത്രയെന്ന് ഞാനൂഹിക്കുന്നതിനും അപ്പുറമായിരിക്കുമെന്നെനിക്കറിയാം…. അതുകൊണ്ടുതന്നെ നീ അവരോട് ക്ഷമിക്കാനും പാടില്ല… പക്ഷേ അവരെ ശിക്ഷിക്കാൻ നമ്മളാളല്ല… അവരെ അവരുടെ വഴിക്ക് വിടുക എന്നുള്ളതേ നമുക്ക് ചെയ്യാൻ പറ്റു…. പക്ഷേ തിരിച്ച് അങ്ങനെ ആയിരിക്കണമെന്നില്ല… അവർക്ക് കിട്ടിയ വലിയ അടിയാണ് നീ എന്റെ ഭാര്യ ആയി എന്നത്…അതിനവർ പ്രതികരിക്കും.. പ്രത്യേകിച്ച് നിമിഷ…നിന്നെ വേദനിപ്പിക്കാൻ പല വഴിയും നോക്കും… പക്ഷേ തോറ്റു പോകരുത്…ബോൾഡായി നിൽക്കണം… നിന്റെ കൂടെ എന്തിനും അച്ഛനും അമ്മയും ഞാനുമുണ്ടാകും… ഒരാഴ്ച കഴിഞ്ഞു നമുക്ക് എറണാകുളത്തേക്കു പോകാം…അതുവരെ അവരേയും അവരുടെ സാന്നിധ്യവും അവഗണിക്കുക…. പിന്നെ നിനക്ക് ഓർക്കണമെങ്കിൽ എന്റെ ഭംഗിയുള്ള മുഖം ഓർത്തോളൂ…… “”

ഒരു കുസൃതിചിരിയോടെ അഭി പറഞ്ഞു നിർത്തി… പക്ഷേ ആരാധനയോടെ അവനെ നോക്കി നിൽക്കുകയായിരുന്നു ആര്യ, എന്നും തനിക്കു ധൈര്യം പകർന്നു കൂടെ നിൽക്കുന്ന തന്റെ പ്രിയപ്പെട്ടവനെ…ഈ മനുഷ്യൻ ഒരു നിധിയാണ്…തന്റെ സങ്കടങ്ങൾക്ക് പകരം ദൈവം തന്ന നിധി..ഇത് മാത്രം മതി ഇനി ജീവിതത്തിൽ, ചേർത്ത് പിടിക്കുന്ന ആണൊരുത്തൻ…. “” പോയി കുളിക്ക് ശ്രീ…ആലോചിച്ച് നിൽക്കാതെ…നിന്റെ ഡ്രെസ്സൊക്കെ വാർഡ്രോബിലുണ്ട്..അത് കഴിഞ്ഞു വേണം എനിക്കുമെന്നു ഫ്രഷാകാൻ…..ഒന്ന് രണ്ടു കാൾ ചെയ്യാനുണ്ട്….റിസപ്ഷൻ നാളെയല്ലേ.. എല്ലാം ഒന്ന് സെറ്റാക്കാനുണ്ട് … ഒരു ചുരിദാറുമെടുത്ത് അവൾ കുളിക്കാൻ കയറി… 💙💙💙💙

വെരുകിനെപ്പോലെ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു അരവിന്ദ്…. നിമിഷ മുഖം വീർപ്പിച്ചു കട്ടിലിൽ ഇരിക്കുന്നുണ്ട്… അഭിയുടെ കൂടെ കല്യാണ വേഷത്തിലിരിക്കുന്ന ആര്യയുടെ ചിത്രം ഓർക്കുന്തോറും അരവിന്ദിന്റെ മനസ്സിൽ ദേഷ്യം ആളി കത്തുകയായിരുന്നു….. എല്ലാവരുടെ മുന്നിലും താൻ തോറ്റിരിക്കുന്നു..അവൾ ആര്യശ്രീ തന്നെ തോൽപ്പിച്ചു…കൂടെ നിന്നത് തന്റെ കൂടെപ്പിറപ്പും….രണ്ടു പേരെയും കൊന്നു കളഞ്ഞാലോ എന്നുവരെ അവന് തോന്നി.. “” കണ്ടല്ലോ… അങ്ങനെ അവളീ വീട്ടിൽ മരുമകളായി വലതു കാൽ വെച്ച് കയറി.. നിങ്ങൾക്ക് പറ്റിയില്ലല്ലോ അത് തടയാൻ… ഭയങ്കര സ്നേഹമല്ലേ നിങ്ങൾക്ക് വീട്ടുകാരോട്….എന്നിട്ട് നിങ്ങളെ പറ്റി ഓർത്തോ അവർ.. നാട്ടിൽ വേറെ പെണ്ണില്ലഞ്ഞിട്ടാണോ നിങ്ങളുടെ പുന്നാരഅനിയൻ അവളെ തന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്…ഇതു നിങ്ങളെ തോൽപ്പിക്കാൻ വേണ്ടി ചെയ്തതാണ്…

നിങ്ങളവളെ ഉപേക്ഷിച്ചതിനുള്ള പ്രതികാരം…”” നിമിഷ അരവിന്ദിന്റെ മനസ്സിലെ എരിയുന്ന തീയിലേക്ക് തനിക്കാകുംവിധം എണ്ണ പകർന്നു കൊടുത്തു… “”” മതി നിമിഷ… നിർത്ത് നീ….നീ കൂടെ എന്റെ സമാധാനം കളയല്ലേ..സമനില തെറ്റി നിൽക്കുവാ ഞാൻ… ചിലപ്പോ നിലതെറ്റി വല്ലതും പറഞ്ഞു പോകും…..””” ഒരു നിമിഷം അവൾ നിശ്ശബയായി..പക്ഷേ ഒന്നും മിണ്ടാതെ ഇരുന്നാൽ ശരിയാവില്ല എന്നവൾക്കു തോന്നി…നിശ്ശബ്ദതയായിയിരുന്നാൽ നഷ്ട്ടം തനിക്ക് തന്നെ ആകും…ഇയാളെ നേരിടാനുള്ള ആയുധമൊക്കെ തന്റെ കൈയ്യിലുണ്ട്… “” ഇല്ല…. ഞാനൊന്നും പറയുന്നില്ല…. അല്ലെങ്കിലും നിങ്ങൾക്ക് എന്നോട് മാത്രം നല്ല ശൗര്യം ആണ്… വീട്ടുകാരുടെ മുന്നിൽ മാത്രം എലി….. അല്ലെങ്കിലും നിങ്ങൾക്കിപ്പോ എന്നെ വേണ്ടാതായി…. വീട്ടുകാരുടെ ഇഷ്ടം ഇല്ലാതെ കല്യാണം കഴിച്ചതല്ലേ…മടുത്തു കാണും…. ആരുമില്ലാത്തവളായി പോയില്ലേ ഞാൻ….എനിക്കും കുഞ്ഞിനും നിങ്ങളെയുള്ളു…

നിങ്ങൾ ഉപേക്ഷിച്ചാൽ എങ്ങോട്ടും പോകാനില്ല…ഞാനിവിടെ എങ്ങനെ എങ്കിലും കഴിഞ്ഞു കൊള്ളാം…എത്ര നാളായി ഞാൻ പറയുന്നു നിങ്ങളുടെ ഷെയർ വാങ്ങി നമുക്കീ നരകത്തീന്നു പോകാമെന്നു….അപ്പോൾ അച്ഛനെ പേടി….എന്നിട്ടോ അനുഭവിക്കുന്നത് ഞാനും…. അല്ലെങ്കിലേ എനിക്കിവിടെ ഒരു വിലയില്ല…. ഇനി അവൾ കൂടി വന്ന സ്ഥിതിക്ക് ഒരു അടുക്കളക്കാരിയുടെ വില പോലുമുണ്ടാകില്ല…അവളുടെ ജോലിക്കാരി ആകാനായിരിക്കും എന്റെ വിധി…ആകട്ടെ…എല്ലാം ഞാൻ അനുഭവിച്ചോളം…”” നിമിഷ കരച്ചിലോടെ ബെഡിൽ ചെന്ന് കിടന്നു… സ്വസ്ഥത നഷ്ടപ്പെട്ട പോലെ തോന്നി അരവിന്ദിന് …. നിമിഷയെ സമാധാനപ്പെടുത്താൻ പറ്റിയ ഒരു മാനസികാവസ്ഥയിലല്ല താനിപ്പോൾ… ഇവിടെ ഇരുന്നാൽ തലയ്ക്കു ഭ്രാന്ത് പിടിക്കും….. അവളെയുമവനെയും ഒരുമിച്ച് കാണാൻ വയ്യ…കാറിന്റെ കീയുമെടുത്ത് അയാൾ വേഗത്തിൽ മുറിവിട്ട് താഴേക്ക് പോയി….

കുറച്ചു കഴിഞ്ഞും അരവിന്ദിന്റെ അനക്കമൊന്നും ഇല്ലാത്തതുകൊണ്ട് നിമിഷ ഒന്നു തലതിരിച്ചു നോക്കി… അരവിന്ദിനെ റൂമിൽ കാണാതെ അവൾ തെല്ലൊന്നമ്പരന്നു… ‘ ഛെ…. ഇയാളിതെവിടെ പോയി…?? സാധാരണ തന്നെ വന്ന് ആശ്വസിപ്പിക്കാറാണല്ലോ പതിവ്…. സ്വസ്ഥത ഇല്ലാതെ ഓടിയതാകും… ഓടട്ടെ…ഓടി ഓടി ഇവിടെ നിന്ന് ഓടി രക്ഷപ്പെടണമെന്നു തോന്നണം..അപ്പോഴേ കിട്ടാനുള്ളതൊക്കെ വാങ്ങിച്ചെടുക്കാൻ ഉത്സാഹമുണ്ടാകു…അല്ലാതെ അവളുടെ കൂടെ ഈ വീട്ടിൽ കഴിയാൻ തനിക്ക് പറ്റില്ല…’ ആര്യയെ പറ്റി ഓർത്തപ്പോൾ തന്നെ നിമിഷയുടെ മനസ്സിൽ വെറുപ്പു നിറഞ്ഞു…. ‘ ഇല്ലെടീ… നിന്നെ സമാധാനത്തോടെ ഇവിടെ കഴിയാൻ ഈ നിമിഷ സമ്മതിക്കില്ല… നിന്റെ കഴുത്തിൽ കിടന്ന താലി വരെ സ്വന്തമാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ടെങ്കിൽ ഇനിയുമെനിക്ക് പലതും സാധിക്കും….’

നിമിഷയുടെ മനസ്സിൽ ആര്യയോടു അസൂയയും വെറുപ്പും നുരഞ്ഞുപൊന്തി….. ‘അരവിന്ദിനീ കാണുന്ന ദേഷ്യമേയുള്ളൂ…ആ മണ്ണുണ്ണിയെ കൊണ്ട് ഒന്നും സാധിക്കില്ല…താൻ കളത്തിലിറങ്ങിയേ മതിയാകു… ‘ അവൾ മനസ്സിൽ ചിലത് കണക്കുകൂട്ടി… എന്നിട്ട് കുടിലതയോടെ ചിരിച്ചു…. 💙💙💙💙💙💙💙🌸🌸🌸🌸💙💙💙💙💙💙💙 ആര്യ കുളിച്ചിറങ്ങുമ്പോൾ അഭി കട്ടിലിൽ കിടക്കുകയായിരുന്നു… അവൻ തല ഉയർത്തി നോക്കി..ഒരു ചുവന്ന കോട്ടൺ ചുരിദാർ ആണ് വേഷം… അതവളുടെ നിറത്തിന് എന്തു ചേർച്ചയാണ്…. ജലാംശം തങ്ങി നിൽക്കുന്ന മുടിയുഴകളും മുഖവും…. കഴുത്തിൽ താലി ചരട് മാത്രം…. പക്ഷേ എന്തൊരു അഴകാണ്… അഭി അവളെ നോക്കി ഒന്ന് ചിരിച്ചു… അവളും അവനൊരു ചിരി സമ്മാനിച്ച് കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് തല തുവർത്തി ചുറ്റി കെട്ടിവെച്ചു… അഭിയേട്ടൻ നോക്കി കിടക്കുന്നത് കാണുമ്പോൾ എന്തോ പോലെ..എന്താണ് സംഭവിക്കുന്നത്…മനസ്സിലെ നാണം വിറയിലായി ശരീരത്തിൽ നിറയുന്നു….

എന്നിട്ടും ബാഗിൽനിന്നു കണ്മഷിയും സിന്ദൂരവും ക്രീമും പുറത്തെടുത്തുവെച്ചു…. കുറെ നാളായി ഇതൊന്നും ഉപയോഗിക്കുന്നില്ലായിരുന്നു… ചേച്ചിയാണ് ഇതൊക്കെ എടുത്തു ബാഗിൽ വെച്ചത്…. കുറെ നാളുകൾക്കു ശേഷം ഇന്നെന്തോ ഒരുങ്ങാൻ തോന്നുന്നു… ആദ്യം കുറച്ചു ഫെയ്സ്ക്രീം കയ്യിലെടുത്ത് മുഖത്ത് പുരട്ടി… പിന്നെ കുട്ടികുറ പൗഡർ എടുത്ത് അതും മുഖത്ത് ചെറുതായി തേച്ചു… കണ്മഷി എടുത്ത് കണ്ണുകൾ നീട്ടിയെഴുതി…ഒരു കുഞ്ഞു പൊട്ടു വെച്ചു…സിന്ദൂരചെപ്പിൽ നിന്നു ഒരു നുള്ള് കൈയ്യിലെടുത്തു…അഭിയേട്ടനോട് പറയണോ തൊട്ടുതരാൻ…ഏയ്….വേണ്ട..സ്വന്തമായി തൊടുമ്പോഴും അറിയാമായിരുന്നു ആ കണ്ണുകൾ തന്നിലാകുമെന്നു…എന്നാലും തൊട്ടുതരാൻ പറയാൻ തോന്നിയില്ല… തനിക്ക് ചുറ്റും നിറയുന്ന സോപ്പിന്റെയും, ഫെയ്സ്ക്രീമിന്റെയും , പൗഡറിന്റെയുമൊക്കെ കൂടിക്കുഴഞ്ഞ മദിപ്പിക്കുന്ന ഗന്ധം അഭിയിൽ പുതുസുഗന്ധം വിരിയിച്ചു…

അതാസ്വദിച്ച് കിടന്നത് കൊണ്ടുതന്നെ ആര്യ സിന്ദൂരം എടുക്കുന്നതും തൊടുന്നതുമൊന്നും അഭി അറിഞ്ഞില്ല… തന്റെ രോമകൂപങ്ങളെ ഉണർത്താൻ ആ നറുമണത്തിനു കഴിയുന്നുണ്ടെന്ന് അഭിയറിഞ്ഞു…ഇതുവരെ അനുഭവവിച്ചിട്ടില്ലാത്ത എന്തൊക്കെയോ വികാരങ്ങൾ തന്നിൽ നിറയുന്ന പോലെ…. അഭിയ്ക്ക് അവളുടെ അടുത്തേയ്ക്ക് ചെല്ലാനും അവളെയൊന്നു വാരിപ്പുണരാനുമൊക്കെ മനം തുടിച്ചു… ‘ ശ്ശേ…എന്തൊക്കെയാണ് ചിന്തിക്കുന്നത്?? അവളറിഞ്ഞാൽ തന്നെപ്പറ്റി എന്താകും കരുതുക…വികാരങ്ങൾക്ക് അടിമപ്പെടാതെ അവളെപ്പറ്റി ചിന്തിക്കണം…..പോയി കുളിച്ചേക്കാം…ഇല്ലെങ്കിൽ ചിലപ്പോൾ ഇന്നുതന്നെ ഒരു ബാലൻ കെ നായരാകും ആയിപ്പോകും…. ‘ “” ഡോ…. താൻ കുറച്ചു വെയിറ്റ് ചെയ്യ് …ഞാൻ കൂടി കുളിച്ചു വന്നിട്ട് നമുക്കൊരുമിച്ച് താഴേക്ക് പോകാം… “” അവളോട് പറഞ്ഞു അവൻ കുളിക്കാൻ കയറി… പക്ഷേ ബാത്റൂമിനകത്തും ഒരു നറുമണം അവനെ പൊതിഞ്ഞു… അത് സോപ്പിന്റെ മാത്രമല്ല തന്റെ പെണ്ണിന്റെ ഗന്ധം കൂടി ചേർന്നതാണ്… അവൻ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു… ആ സുഗന്ധം തന്നിലാവാഹിക്കാനെന്നപോലെ… 💙💙💙💙💙

കുറച്ചുനേരം മുറിയിൽ ഇരുന്നിട്ട് ആര്യ മെല്ലെ പുറത്തേക്കിറങ്ങി ബാൽക്കണിയിലേക്ക് നടന്നു… മുൻപ് ചെറിയ ഒരു പൂന്തോട്ടം അവിടെ ഉണ്ടായിരുന്നു.. തന്റെ ആഗ്രഹമായിരുന്നു അത്… കുറേ ചട്ടികളിൽ പലനിറത്തിലുള്ള റോസാ ചെടികൾ… പിന്നെ ടെറസിലേക്ക് പടർത്തിയ പിച്ചിയും മുല്ലയും വള്ളികളും… രാവിലെയും വൈകുന്നേരവും വെള്ളമൊഴിച്ച് പരിപാലിച്ചിരുന്നു…. രാത്രി അവിടെ വന്നു നിന്ന് അതിന്റെ സുഗന്ധം ആസ്വദിക്കുന്നതൊരു പതിവായിരുന്നു…. ഇപ്പൊൾ പക്ഷെ റോസാച്ചെടികൾ ഒന്നുമില്ല… കുറച്ച് ചട്ടികൾ ഒരറ്റത്തായി അടുക്കി വെച്ചിട്ടുണ്ട്…. മുല്ലവള്ളിയും പിച്ചിവള്ളിയും വളർച്ച മുരടിച്ചു നിൽക്കുന്നു… തന്റെ ജീവിതം പോലെ പൂക്കാതെ, സുഗന്ധം പരത്താതെ,വളർച്ച മുരടിച്ചു നശിച്ചു പോയിരിക്കുന്നു…. തന്നെ പോലെ തന്നെ അവർക്കും ഒന്നിൽ നിന്നു തുടങ്ങാൻ പറ്റുമോ…

ഇനിയും പുതുനാമ്പുകൾ കിളിർക്കാനും ,പൂവിടാനും ,വളർന്നു പന്തലിക്കാനും, ചുറ്റും സുഗന്ധം പരത്താനുമൊക്കെ അവരെ പോലെ തനിക്കും സാധിക്കുമോ….ഓരോന്നാലോചിച്ച് നിന്നു… ആ സമയത്താണ് നിമിഷ മുറി തുറന്നിറങ്ങിയത്….ആര്യയെ കണ്ടു അവിടെ തന്നെ നിന്നു…നിമിഷ ആര്യയെ ശ്രദ്ധിക്കുകയായിരുന്നു…. നല്ല നിറമുണ്ട്.. ആവശ്യത്തിനു പൊക്കം, മെലിഞ്ഞ ശരീരം…. കുളികഴിഞ്ഞേയുള്ളൂ എന്നു തോന്നുന്നു മുടി അഴിച്ചിട്ടിരിക്കുകയാണ്… ആരും കൊതിക്കുന്ന കതിരു പോലെ ഒരു പെൺകുട്ടി…. അവളുടെ സൗന്ദര്യത്തിനു മുന്നിൽ താൻ ഒന്നുമല്ല എന്നവൾ അസൂയപ്പെട്ടു… പക്ഷെ ഇതുപോലെ ഒരു പെണ്ണിനെ വേണ്ടായെന്ന് വെച്ചാണ് അരവിന്ദ് തന്നെ വിവാഹം കഴിച്ചത്… അപ്പോൾ അവളേക്കാൾ നല്ലത് താൻ അല്ലേ.. ആ അഹങ്കാരത്തോടെ നിമിഷ ആര്യയുടെ അരികിലേക്ക് പാഞ്ഞുചെന്നു… “” ഡീ…. നിനക്ക് സന്തോഷമായല്ലോ അല്ലേ…? നീ വിചാരിച്ച പോലെ വീണ്ടും ഇവിടെ കയറിവരാൻ കഴിഞ്ഞല്ലോ…. “”

ആര്യ ഒരു നിമിഷം അവളെ നോക്കി നിന്നു…തന്റെ താലി പൊട്ടിച്ചെടുത്തവൾ… തന്നെ കണ്ണീർ കയത്തിലേക്ക് തള്ളിയിട്ടവരിൽ ഒരാൾ…എന്നിട്ടും തീരാപകയുമായി തന്നിൽ അഗ്നി വർഷിക്കാൻ തിടുക്കപ്പെട്ടു നിൽക്കുന്നു….അഭിയേട്ടൻ പറഞ്ഞപോലെ അർഹിക്കുന്നത് മാത്രമേ ഓരോരുത്തർക്കും നൽകാവൂ… ഇപ്പോൾ സ്ഥാനം കൊണ്ടു തന്റെ ചേട്ടത്തിയാണ്…അത് മാനിക്കണം… പക്ഷേ ഇവളത് അർഹിക്കുന്നുണ്ടോ..??? ഇല്ല ഇനിയും ഇവളുടെ മുന്നിൽ തോൽക്കാൻ പാടില്ല… “” ആയി…. സന്തോഷമായി… ഞാൻ വിചാരിച്ചത് പോലെ നടന്നു… ഇനിയും നടത്തും… അതിന് നിങ്ങൾക്കെന്താ…?? “” “” ഡീ….നിനക്കെന്ത് യോഗ്യതയുണ്ടെടി അഭിയുടെ ജീവിതത്തിൽ കെട്ടി കേറി വരാൻ…. ഒരു രണ്ടാം കെട്ടുകാരിക്ക് കിട്ടിയത് ആദ്യ വിവാഹക്കാരൻ അതും ഒരു ഡോക്ടർ…. എങ്ങനെ വലവീശി പിടിച്ചെടി നീ അവനെ..?? എന്ത് കൈവിഷമാണ് നീ അവന് കലക്കി കൊടുത്തത് അവനെ ഇതുപോലെ വശത്താക്കാൻ…?? വല്ലാത്ത സാമർത്ഥ്യം തന്നെ… “” നിമിഷ പുച്ഛത്തോടെ പറഞ്ഞു നിർത്തി… ”

” അതേ…. എനിക്കിത്തിരി സാമർത്ഥ്യം കൂടുതലാ… പക്ഷേ ഭാര്യയുടെ കൂടെ സന്തോഷത്തോടെ ജീവിച്ചു കൊണ്ടിരുന്ന ഒരുത്തനെ വലവീശി പിടിച്ചെടുത്ത നിങ്ങളുടെ അത്രയും സാമർത്ഥ്യം എനിക്കില്ല…… കാരണം ഞാൻ വലയുമായിട്ടിറങ്ങിയപ്പോൾ അഭിയേട്ടന് വേറെ ഭാര്യമാർ ഒന്നും ഇല്ലായിരുന്നു…. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ഭർത്താവിന് കലക്കി കൊടുത്ത കൈവിഷത്തിന്റെ പകുതിയെ എനിക്ക് വേണ്ടിവന്നുള്ളൂ… ഇപ്പോൾ ചേട്ടത്തിയുടെ സംശയം ഒക്കെ മാറിയില്ലേ എന്റെ യോഗ്യതയെക്കുറിച്ച്… “” “” ഡീ…. ഞാൻ നിന്നെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലെടീ….വേണ്ടിവന്നാൽ നിന്നെ കൊല്ലാൻ പോലും ഞാൻ മടിക്കില്ല……”” ആര്യയുടെ മറുപടിയിൽ ഒന്നമ്പരന്നെങ്കിലും നിമിഷ അവൾക്ക് നേരെ അലറി…. “” നിങ്ങൾക്ക് പറ്റുന്നതൊക്കെ പോയി ചെയ്യ്… ഈ സീരിയൽ അമ്മായി കളിച്ചു കഴിഞ്ഞെങ്കിൽ എനിക്കങ്ങോട്ട് പോകാമായിരുന്നു… ഒന്നു മാറ് പെണ്ണുമ്പിള്ളേ…. “”

പോകാനായി തിരിഞ്ഞപ്പോഴാണ് വാതിലിൽ ചാരി ചെറുചിരിയോടെ എല്ലാം കേട്ടു നിൽക്കുന്ന അഭിയെ രണ്ടുപേരും കണ്ടത്… ആര്യ അവന്റെയടുത്തേക്ക് നടന്നു… “” താൻ റൂമിൽ ചെന്ന് എന്റെ ഫോൺ ഒന്നേടുത്തു കൊണ്ടുവാ…ഞാൻ അപ്പോഴേക്കും ഏടത്തിയോടൊന്നു കുശലം ചോദിക്കട്ടെ.. “” സംശയത്തോടെ നോക്കുമ്പോൾ ആളൊന്ന് കണ്ണുചിമ്മി ചിരിച്ചു കാണിച്ചു… “” ചെല്ല്….”” ആര്യ പോകുന്നത് ഒരു നിമിഷം നോക്കി നിന്ന ശേഷം അഭി നിമിഷയ്ക്കരികിലേക്ക് ചെന്നു..നിമിഷയ്ക്കു ചെറിയ പേടി തോന്നി..ആവണി മോളേ എടുത്ത് കൊഞ്ചിക്കുമെങ്കിലും തന്നോട് ഇന്നുവരെ മിണ്ടിയിട്ടില്ല.. ദേഷ്യത്തോടെ മാത്രമേ നോക്കിയിട്ടുള്ളൂ… അവളൊന്നു പേടിച്ച് അഭിയെ നോക്കി…. ഒരു പുച്ഛച്ചിരി ഉണ്ടായിരുന്നു അവന്റെ മുഖത്ത്… “” ചേട്ടത്തി യോഗ്യതയുടെ കണക്കെടുക്കുന്നതൊക്കെ കൊള്ളാം.. പക്ഷേ അതിനുള്ള യോഗ്യത നമുക്കുണ്ടോ എന്നുകൂടി ഓർക്കണം…

പിന്നെ പണ്ട് നിങ്ങളുടെയും ചേട്ടന്റേയും മുന്നിൽ കരഞ്ഞു നിന്ന ആര്യയെ മാത്രമേ നിങ്ങൾക്ക് പരിചയം കാണൂ… ആ ഓർമയിൽ അവളെ വേദനിപ്പിക്കാനിറങ്ങുമ്പോൾ ഒരു കാര്യം നിങ്ങൾ ഓർമ്മയിൽ വെച്ചേക്കണം…. എല്ലാ ആണുങ്ങളും അരവിന്ദ് ശേഖർ അല്ലയെന്ന്…. ഇന്ന് ആര്യ എന്റെ ഭാര്യയാണ്…. ഈ അഭിമന്യു ശേഖറിന്റെ…. സ്വന്തം ഭാര്യയുടെ അഭിമാനം സംരക്ഷിക്കാൻ എന്തും ചെയ്യുന്ന, അവളെ വേദനിപ്പിക്കുന്നവരെ കൊല്ലാൻ പോലും മടിയില്ലാത്ത ഒരുത്തന്റെ ഭാര്യയാണിന്നവൾ … ഇന്നത്തെ ഈ ഷോയ്ക്കുള്ള മറുപടി അവള് തന്നെ തന്നതു കൊണ്ട് ഞാൻ ഇത്തവണ ക്ഷമിച്ചു…. പക്ഷേ ഇനി ഒരിക്കൽ കൂടി ഇതുപോലെ ഒന്നാവർത്തിച്ചാൽ ….”” അഭി ഒന്ന് ചിരിച്ചു എന്നിട്ട് നിമിഷയ്ക്ക് നേരെ മുഖം താഴ്ത്തി… “” ഞാൻ ഒരു ഡോക്ടറാണ്….ഒരു ഇഞ്ചക്ഷൻ മതിയെനിക്ക്… കിടത്തി കളയും ഞാൻ ഇനിയുള്ള കാലം കട്ടിലിൽ… അതുകൊണ്ട് ആര്യയെ വിട്ടേക്ക്…..

അപ്പോൾ ചേ………ട്ട………ത്തി ചെല്ല്…. “” കളിയാക്കിയാണ് അഭി പറഞ്ഞു നിർത്തിയതെങ്കിലും അവന്റെ വാക്കുകളിലെ ഭീഷണി നിമിഷയ്ക്കു കൃത്യമായി മനസിലായി…പേടിയോടെ അവനെ ഒന്ന് നോക്കിയിട്ട് അവൾ വാതിൽക്കൽ നിൽക്കുന്ന ആര്യയെ മറികടന്നു അകത്തേക്ക് പോയി… അവളെല്ലാം കേട്ടു എന്ന് അഭിയ്ക്കു മനസിലായി….. നിമിഷ പോയി കഴിഞ്ഞതും ആര്യ ഒരു തേങ്ങലോടെ വന്നവനെ ചുറ്റിപിടിച്ചു………തുടരും….

ദാമ്പത്യം: ഭാഗം 10

Share this story