ദാമ്പത്യം: ഭാഗം 13

ദാമ്പത്യം: ഭാഗം 13

എഴുത്തുകാരി: തുഷാര ലക്ഷ്മി

രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു നിമിഷം എവിടെയാണെന്നോ എന്താണെന്നോ മനസ്സിലായില്ല… പിന്നെയാണ് കണ്ടത് തന്നെ നോക്കി കിടക്കുന്ന തിളക്കമുള്ള ആ കണ്ണുകൾ…. ചിരിയോടെ കിടക്കുകയാണ്…. ആ കണ്ണുകൾ കൂടി ചിരിക്കുന്നുണ്ടെന്നു തോന്നി… “” ഗുഡ് മോർണിംഗ് വൈഫി… “” “” ഗുഡ് മോർണിംഗ്…. “” പറഞ്ഞിട്ട് പതിയെ എഴുന്നേറ്റു…ഉടനെ കയ്യിൽ പിടിച്ചുവലിച്ചു വീണ്ടും കിടത്തി.. “” കിടക്കെഡോ….അഞ്ച് മണിയാകുന്നേയുള്ളു…ഇന്നിനി തിരക്ക് പിടിച്ച ദിവസമായിരിക്കും…കുറച്ചു കഴിയുമ്പോഴേക്കും ബന്ധുക്കളൊക്കെ വന്നു തുടങ്ങും…ഇപ്പോഴേ നിന്നോട് സ്വസ്ഥമായി മിണ്ടാൻ കഴിയൂ…. “”

“” രാവിലെ അമ്പലത്തിൽ പോകണമെന്ന് അമ്മ ഇന്നലയേ പറഞ്ഞിരുന്നു …ഞാൻ പോയി കുളിക്കട്ടെ ഏട്ടാ… “” ആള് പിന്നെ ഒന്നും പറഞ്ഞില്ല..ഇടാനുള്ള ഡ്രസ്സുമെടുത്ത് കുളിക്കാൻ കയറി….കുളിച്ചിറങ്ങുമ്പോൾ അഭിയേട്ടനെ റൂമിൽ കണ്ടില്ല…താഴേയ്ക്ക് പോയി കാണും… മുടി ഒന്നുകൂടി തുവർത്തി നെറ്റിയിൽ സിന്ദൂരം തൊട്ട് താഴേക്ക് ചെന്നു… അമ്മ അടുക്കളയിലായിരുന്നു…ജാനുവമ്മയുമുണ്ട്… അമ്മയുടെ അകന്ന ബന്ധുവാണ് ജാനകിയമ്മ … ആരും ഇല്ലാത്തതുകൊണ്ട് അമ്മയുടെ കൂടെ കൂടി… താനീ വീട്ടിൽ വരുമ്പോൾ ജാനുവമ്മ ഇവിടെയുണ്ട്… ഓരോന്നോർത്ത് അവരെ നോക്കി നിന്നു പോയി.. അമ്മയുടെ ശബ്ദമാണ് ഓർമകളിൽ നിന്നു തിരികെയെത്തിച്ചത്… ”

” വാ മോളേ..എത്ര നാളായി നിന്നെയിങ്ങനെ കണ്ടിട്ട്… “” ചേർത്ത് നിർത്തി ഒരുമ്മകൂടി തന്നു കവിളിൽ… സന്തോഷം കൊണ്ടാകും കണ്ണുനിറഞ്ഞിട്ടുണ്ടായിരുന്നു… സത്യത്തിൽ സ്വന്തം അമ്മ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാകില്ല….. കണ്ട നാൾ മുതൽ അമ്മ ഇങ്ങനെതന്നെയാണ്…നിറഞ്ഞ സ്നേഹം മുഖത്തും മനസ്സിലും… ഈ സ്വഭാവമാണ് അഭിയേട്ടനും…. ചിരി വന്നു പോയി….. ഭ്രാന്തൻ….. അഭിയേട്ടനെ പറ്റി ഓർക്കുമ്പോൾ എന്തിനാണ് താനിങ്ങനെ നാണിക്കുന്നത്…ചിരിക്കരുതെന്ന് വിചാരിച്ചാൽപോലും ഒരു ചെറുചിരിയെങ്കിലും മുഖത്തു വന്നുപോകുന്നു… പൂർണമായി ആര്യശ്രീ അഭിമന്യുവിലേക്ക് മാറാൻ തുടങ്ങിയിരിക്കുന്നു മനസ്സ്… “” എന്താ മോളെ ചിരിക്കുന്നത്…?? “”

ഒന്നുമില്ലായെന്ന് ഉത്തരം കൊടുക്കുമ്പോഴേക്കും ചായ കൈയിൽ തന്നിരുന്നു…. അമ്മയുടെ ഏലയ്ക്ക ചായയുടെ രുചി നാവിൽ അറിഞ്ഞു…. ഒരു ഉണർവ് വന്നപോലെ… നഷ്ടപ്പെട്ടു പോയ പലതും തിരിച്ചു കിട്ടിന്നുണ്ടെന്ന സന്തോഷത്തോടെ ആ ചായകുടിച്ചു… ചായകുടിച്ച് കഴിഞ്ഞതും ഒരു ട്രേയിൽ മൂന്ന് ചായക്കപ്പ് എടുത്തുവെച്ച് ചായ ഒഴിച്ച് അതുമായി അമ്മ പുറത്തേക്ക് നടന്നു…. വിളിച്ചതുകൊണ്ട് കൂടെ പോവുകയേ നിവൃത്തിയുള്ളൂ… അയാളുമുണ്ടാകും അവിടെ…ഇതാണ് ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം… അയാളെ കാണേണ്ടി വരുന്നത്… ‘ എന്റെ ആര്യശ്രീ….. അഭിയേട്ടൻ പറഞ്ഞത് ഓർമയില്ലേ നിനക്ക്….. ഇനിയും അയാളെ കാണേണ്ടി വരും… ഇപ്പോൾ അയാൾ നിന്റെ ഭർത്താവിന്റെ ചേട്ടനാണ്…

അങ്ങനെ മാത്രം അയാളെ കാണു…… ധൈര്യമായി അവരുടെ മുന്നിൽ ചെന്ന് നിൽക്കൂ നീ… എന്തിനീ പേടി…?? നീ തെറ്റുകാരിയല്ലാത്ത കാലത്തോളം തലയുയർത്തി നിൽക്കൂ.. എന്തുണ്ടായാലും കൂടെ നിൽക്കാൻ, നിന്നെ സംരക്ഷിക്കാൻ നിനക്കിപ്പോൾ അഭിയേട്ടനുണ്ട്…. ശാന്തയായി അരവിന്ദിനെ നേരിടൂ….. ‘ ചിന്തകൾ കാടു കയറാൻ തുടങ്ങിയപ്പോൾ ഓരോന്ന് പറഞ്ഞു കൊടുത്തവൾ മനസ്സിനെ സമാധാനിപ്പിച്ചു….. പുറത്തെ സിറ്റൗട്ടിൽ മൂന്ന് പേരുമുണ്ടായിരുന്നു… അച്ഛനും അഭിയേട്ടനും റിസപ്ഷന്റെ കാര്യമെന്തോ സംസാരിക്കുന്നു…. അരവിന്ദ് ഇതൊന്നും ശ്രദ്ധിക്കാതെ പത്രവുമായിരിക്കുന്നു…

തന്നെ അമ്മയുടെ കൂടെ കണ്ടതും മുഖമിരുണ്ടു.. ഉടനെ തന്നെ അമ്മയുടെ കയ്യിൽ നിന്ന് ചായയുമെടുത്ത് അകത്തേക്ക് പോയി… അഭിയേട്ടനെ നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് കണ്ണുചിമ്മി കാണിച്ചു… തിരിച്ചുമൊരു ചെറു ചിരി സമ്മാനിച്ചു റൂമിലേക്ക് പോയി…. ഒരു ചുരിദാറെടുത്തിട്ടു… സാരിയൊന്നുമുടുക്കാൻ വയ്യ… ഒരുങ്ങി കൊണ്ടിരുന്നപ്പോൾ കതകിൽ മുട്ടു കേട്ടു.. തുറന്ന് കൊടുത്തതും അഭിയേട്ടൻ അകത്തേയ്ക്കു വന്നു….. “” താഴെവെച്ച് ചേട്ടൻ ചായയുമെടുത്തു പോകുന്ന കണ്ടതും എന്താ മുഖം മാറിയത്…. ബി ബോൾഡ്…. മുന്നിലുള്ള എല്ലാ കാഴ്ചകളും നമ്മുടെ കണ്ണുകൾ നമുക്ക് കാണിച്ചു തരും…. പക്ഷേ അതിൽ ഏതൊക്കെ മനസ്സിൽ പതിച്ചിടണമെന്നു തീരുമാനിക്കുന്നത് തലച്ചോറാണ്…

അതുകൊണ്ട് മനസിനും, ഹൃദയത്തിനും ഇമ്പമുള്ള, നിറമുള്ള കാഴ്ചകൾ മാത്രം അകത്തേക്ക് കയറ്റിവിടാൻ നിന്റെ തലച്ചോറിനോട് പറയ്…. കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളാനും നമുക്ക് കഴിയണം…മനസിലായല്ലോ…. “” അന്തം വിട്ട് നോക്കുന്ന കണ്ടിട്ടുണ്ടാകും തലയ്ക്കൊരു കൊട്ട് തന്നു…. “” എന്താടി ഇങ്ങനെ മിഴിച്ചു നില്ക്കുന്നത്….?? ഞാനൊന്നു സാഹിത്യവൽക്കരിച്ച് പറഞ്ഞതല്ലേ… അതിനിങ്ങനെ നോക്കി പേടിപ്പിക്കേണ്ട… “” ഒന്നു കൂർപ്പിച്ചു നോക്കി കൈയിലൊരു നുള്ളു കൊടുത്തു… “” ആഹ്….എന്തോന്നാടി ഇത്..?? ഇമ്മാതിരി വേലത്തരങ്ങളൊക്കെ കയ്യിലുണ്ടല്ലേ..?? നുള്ളിയെടുത്തു എന്റെ കൈ…. “” കയ്യിൽ തടവിക്കൊണ്ട് പരിഭവം പറഞ്ഞുകേട്ടപ്പോൾ ചിരിച്ചു പോയി… “”

ചിരിക്കണ്ട നീ…. ഞാൻ പറഞ്ഞതൊക്കെ മനസ്സിലായോ നിനക്ക്….”” “” ആയി സാറേ…ഞാൻ ഓക്കേ ആണ്….ഇനി അഭിയേട്ടനല്ലാതെ മറ്റാർക്കുമെന്നെ വേദനിപ്പിക്കാൻ കഴിയില്ല….. ബാക്കിയെല്ലാം ധൈര്യത്തോടെ ഞാൻ നേരിടും….. “” “” അതാണെന്റെ മുത്തുമണി…….എന്നാലിനി ഞാൻ റെഡിയാകട്ടെ …”” കവിളിലൊന്ന് തട്ടിയിട്ട് തിരിഞ്ഞു നടന്ന ആള് എന്തോ ഓർത്തപോലെ വീണ്ടും തിരിഞ്ഞു അരികെയെത്തി ചേർത്ത് പിടിച്ചു ആ കവിളിൽ തന്നെ ഒന്നു മുത്തി…മുഖത്ത് നോക്കാതെ വേഗംതന്നെ കട്ടിലിൽ തേച്ചു വെച്ചിരിക്കുന്ന മുണ്ടും ഷർട്ടുമെടുത്ത് മാറാൻ തുടങ്ങി….ഒരുക്കം മതിയാക്കി താനും താഴേക്കു പോയി…. നിമിഷ കുഞ്ഞുമായി സെറ്റിയിലിരിക്കുന്നുണ്ടായിരുന്നു…

കണ്ടതും പുച്ഛത്തോടെ മുഖം തിരിച്ചു…….കൂടുതലും ഡൈനിങ് ഹാളിൽ വെച്ചാണ് തമ്മിൽ കാണുന്നത്….. കാണുമ്പോഴത്രയും നിമിഷയുടെ ഭാവം പുച്ഛം തന്നെയാണ്….. അഭിയേട്ടനും കൂടി വന്നതും അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു കാറിൽ കയറി… ചില സമയങ്ങളിൽ മൗനം പോലും പ്രണയമാണ്… ഗ്ലാസോന്ന് താഴ്ത്തി വെച്ചു….പുറകോട്ടു പായുന്ന കാഴ്ചകളിൽ കണ്ണുനട്ട് മുഖത്തേക്കടിക്കുന്ന തണുത്ത കാറ്റേറ്റ് പാട്ടും കേട്ടിരുന്നു യാത്ര ചെയ്യുന്നതെന്ത് സുഖമാണ്… അഭിയുമവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….. ഇടക്കിടയ്ക്ക് ഒളികണ്ണെറിയുന്നവളെ ഒരു ചെറു ചിരിയോടെ നോക്കികൊണ്ടവൻ വണ്ടി ഓടിച്ചു…. തുടക്കം മൗനമായിരുന്നെങ്കിലും പതിയെ രണ്ടാളും സംസാരിച്ചുതുടങ്ങി….

കല്യാണാലോചന വന്നതുമുതൽ എന്തിനെന്നറിയാത്തൊരകൽച്ച അഭിയേട്ടനോടുണ്ടായിരുന്നു….. ഈ യാത്രയോടെ പതിയെ അത് മാറി…. പഴയ ആ സൗഹൃദം വീണ്ടും വിരുന്നെത്തി… അന്നില്ലാത്ത പല ശീലങ്ങളും കൂടെ കൂടിയത് തെല്ലൊരതിശയത്തോടെയറിഞ്ഞു…… ഇപ്പോൾ സംസാരത്തിൽ നാണം ഒരു ചേരുവയായി…. … ആ സ്വരത്തിനു കാതോർത്തു നല്ലൊരു കേൾവിക്കാരിയാവുന്നതിന്റെ ഇഷ്ടമറിഞ്ഞു…. പിന്നെ സ്വന്തം കണ്ണുകൾ കൂടെനിന്ന് ചതിക്കുന്നതെങ്ങനെയെന്നറിഞ്ഞു…. ഒളി കണ്ണെറിയുന്നതിന് ഇത്ര ചന്തമുണ്ടായിരുന്നോ…?? ഇതൊക്കെ അരവിന്ദിനോടന്യമായിരുന്നില്ലേ…. അയാളോട് പേടി കലർന്നൊരു ബഹുമാനമായിരുന്നു….

വേണ്ട….. ഒരിക്കലും അയാളുമായി തമ്മിലൊത്തു നോക്കാൻ പറ്റുന്ന വ്യക്തിത്വമല്ല അഭിയേട്ടന്റേത്….. ഒരാൾ ചതിയും സ്വാർത്ഥതയുമായി വലിച്ചെറിഞ്ഞപ്പോൾ മറ്റേയാൾ സ്നേഹവും കരുണയും കൊണ്ട് പൊതിഞ്ഞെടുത്തു അടക്കിപിടിച്ചു… ഒരേ ചോര, പക്ഷേ ഭൂമിയും ആകാശവും തമ്മിലുള്ള അന്തരമുണ്ട്… അരുത്…ചെയ്യരുത്…. അവരെ തമ്മിൽ താരതമ്യം ചെയ്യില്ലയെന്ന് മുൻപേ മനസ്സിൽ തീരുമാനിച്ചതോർത്ത് അതിന് വെമ്പിയ മനസ്സിനെ അടക്കി നിർത്തി… 💙🎼🎼

മഹാദേവന്റെ മുൻപിൽ നിറകണ്ണോടെ അഭിയേട്ടന്റെ കൂടെ തൊഴുതു നിൽക്കുമ്പോൾ ഒന്നേ പ്രാർത്ഥിക്കാനുണ്ടായിരുന്നുള്ളൂ….പൂർണ്ണമനസ്സോടെ അഭിയേട്ടനെ സ്നേഹിക്കാൻ കഴിയണേയെന്ന്… ഒരു നന്ദി പറച്ചിലിന്റെ അവശ്യം കൂടിയുണ്ടായിരുന്നു ,,, ഒരിക്കൽ ഒരുപാടു സങ്കടപ്പെടുത്തിയെങ്കിലും പകരമൊരു നിധി സമ്മാനമായി തന്നനുഗ്രഹിച്ചതിന്… പൂജാരി തന്ന ചന്ദനം കയ്യിൽ വാങ്ങിയതും അഭിയേട്ടൻ കുറച്ചെടുത്ത് നെറ്റിയിൽ തൊട്ടു തന്നു സ്വന്തം നെറ്റിയിലും തൊട്ടു… പരിചയക്കാരാരെയോ കണ്ട് അഭിയേട്ടൻ മുൻപോട്ടു നടന്നതും കുറച്ചു ചന്ദനമെടുത്ത് കഴുത്തിലെ താലിയിൽ തൊട്ടു….. എന്നും ഈ താലി കഴുത്തിലണിയാനുള്ള ഭാഗ്യം ഉണ്ടാകണേയെന്നു ഒരിക്കൽ കൂടി ശ്രീകോവിലിലേക്ക് നോക്കി പ്രാർത്ഥിച്ചു…..

തിരിച്ചുള്ള യാത്രയിൽ മനസ്സ് ശാന്തമായിരുന്നു… എല്ലാ സങ്കടങ്ങളും ആ നടയിൽ ഇറക്കി വച്ചിരുന്നു മനസ്സ്…. ശ്രദ്ധയോടെ വണ്ടി ഓടിക്കുമ്പോഴും തന്നോട് ചിരിയോടെ കാര്യം പറയുന്ന ആളിലേക്ക് മിഴികൾ നട്ടിരുന്നു…. സംസാരപ്രിയനാണ്…. എല്ലാവരോടും സ്നേഹവും കരുണയുമുള്ളവൻ… തന്റെ സങ്കടങ്ങൾ മാറ്റാനുള്ള മരുന്ന് ഈ മനുഷ്യന്റെ കയ്യിലെ ഉള്ളൂ… ഒരുപാട് സംശയത്തോടെയും, വേദനയോടെയുമെടുത്ത തീരുമാനം ഇന്നിപ്പോൾ ജീവിതത്തിലെടുത്തവയിൽ ഏറ്റവും നല്ലതായിരുന്നുവെന്നറിയുന്നു… വീടെത്തി തന്നെ ഇറക്കി അഭിയേട്ടൻ വണ്ടിയെടുത്തു റിസപ്ഷൻ നടക്കുന്ന ഹാളിലേക്ക് പോയി… അകത്തേയ്ക്ക് ചെന്നപ്പോൾ അമ്മയുടെ അനിയത്തിമാരും കുടുംബവുമെത്തിയിരുന്നു…. അഭിയേട്ടനെ പിന്നെ കണ്ടില്ല…

കൂട്ടുകാരെ കൂട്ടാനോ, റിസപ്ഷൻ നടക്കുന്ന ഹാളിലൊ ഒക്കെയായി ആൾ തിരക്കിലായി… ഒറ്റയ്ക്ക് എല്ലാം ഓടിനടന്ന് ചെയ്യുന്നു. അരവിന്ദ് പതിവുപോലെ ഓഫീസിലേക്ക് പോയി… ഇതൊന്നും അയാളെ ബാധിക്കുന്ന വിഷയങ്ങളേയല്ല… ചേട്ടാനുജന്മാർ തമ്മിൽ തെറ്റിയതിനു താനാണോ കാരണമെന്ന് ഒരു നിമിഷം ചിന്തിച്ചെങ്കിലും തന്നെ ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തപ്പോഴേ ആ ബന്ധത്തിൽ ആഴത്തിൽ വിള്ളലുകൾ വീണു തുടങ്ങിയിരുന്നു…. നിമിഷയും അതുപോലെതന്നെ ഒന്നിലും ചേരാതെ കുഞ്ഞുമായി റൂമിൽ തന്നെയാണ്…. കുഞ്ഞിനെ അച്ഛനുമമ്മയും അഭിയേട്ടനുമൊക്കെ സ്നേഹിക്കുന്നതിനുപോലും നിയന്ത്രണങ്ങളുണ്ട്….കുഞ്ഞ് അവരോടൊന്നും അധികമടുക്കാൻ നിമിഷ സമ്മതിക്കാറില്ലന്ന് അമ്മ പറഞ്ഞിരുന്നു…. 💙🎼🎼

ഉച്ചയോടെ തിരക്കായി തുടങ്ങി… റിസപ്ഷനൊരുക്കിയത് ചെറിയമ്മയുടെ മകൾ പ്രീതിചേച്ചിയും മരുമകൾ ആരതിചേച്ചിയുമാണ്… കടും നീല നിറത്തിൽ വെള്ളകല്ലുകൾ പിടിപ്പിച്ച ഗൗൺ…. എല്ലാ ഒരുക്കങ്ങലും കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ മനസ്സുനിറഞ്ഞു…ഒരുങ്ങി നടക്കാനിഷ്ട്ടപ്പെട്ടിരുന്ന ഒരു കിലുക്കാംപെട്ടിയെയാണ് ഓർമ്മ വന്നത്… താഴെ വന്നതും നിറഞ്ഞ കണ്ണുകളോടെ നോക്കുന്ന അമ്മയെ കണ്ടതും മനസിലായി ആ മനസ്സിലെ സന്തോഷം…പാവം എന്റെ അമ്മ…ഒരു മകൻ ചെയ്ത തെറ്റ് മറ്റൊരു മകൻ തിരുത്തുന്നതിൽ സന്തോഷിക്കുന്നുണ്ടാകും…ഇത്ര ഒക്കെ ഇവരെന്തിനാണ് തന്നെ സ്നേഹിക്കുന്നതെന്നറിയില്ല…

അതിന് മാത്രം ഒന്നുമവർക്കു കൊടുത്തിട്ടില്ല…ശരിക്കും അഭിയേട്ടനെ പോലെ തന്നെ പുണ്യമാണ് ഇവിടുത്തെ അച്ഛനുമമ്മയും… അപ്പോഴേക്കും അഭിയേട്ടനും ഇറങ്ങി വന്നിരുന്നു…വെള്ള ഷർട്ടും, ജീൻസും, നീല ബ്ലെയ്സറും …എന്തൊരു ഭംഗിയാണ് ഈ മനുഷ്യന്….വായിനോക്കി നിൽക്കുന്ന കണ്ടിട്ടാകും പ്രീതിചേച്ചിയും, ആരതിച്ചേച്ചിയുമൊക്കെ കളിയാക്കുന്നുണ്ടായിരുന്നു…. അഭിയും നോക്കി കാണുകയായിരുന്നു ആര്യയെ…സുന്ദരിയായിട്ടുണ്ട്… സന്തോഷവതിയാണവൾ…തനിക്കതുമതി…..ആ സന്തോഷമാണ് താനുമാഗ്രഹിച്ചത്…. അഭി ഒരു കുസൃതി ചിരിയുമായി അവളുടെ അടുത്ത് വന്നു നിന്നു…. “” നന്നായിട്ടുണ്ട്…… “” രഹസ്യം പറയുംപോലെ തല താഴ്ത്തി ചെവിക്കരികിലേയ്ക്ക് വന്നു പറഞ്ഞു…. 💙🎼🎼

എല്ലാം കണ്ടു കലിപിടിച്ചിരിക്കുകയാണ് നിമിഷ….. എല്ലാവരും എന്തിനാണവളെയിങ്ങനെ സ്നേഹിക്കുന്നത്..? വീട്ടിലുള്ളവർക്കും വരുന്നവർക്കുമൊക്കെ അവളെ മതി….തന്നെ ഇതുപോലെ ഇവിടെ ആരും ചേർത്തുനിർത്തിയിട്ടില്ല…അമ്മയുടേയോ അച്ഛന്റെയോ ബന്ധുക്കൾ വന്നാലും തന്നോട് മാത്രം മിണ്ടാറില്ല…. രണ്ടാം കെട്ടുകാരി അഭിയെ വലവീശി പിടിച്ചു എന്നുപറഞ്ഞ് എല്ലാവരും അവളെ വെറുക്കുമെന്നാണ് കരുതിയത്…. പക്ഷെ അങ്ങനെ ഒരു ദേഷ്യം ആർക്കും അവളോടില്ല…. കൈവെള്ളയിൽ വെച്ചാണ് ആര്യയെ എല്ലാവരും കൊണ്ട് നടക്കുന്നത്…. വീടിനു പുറകിലെ കുളത്തിൽ തള്ളിയിട്ട് ആര്യയെ കൊന്നാലോ എന്നുവരെ നിമിഷ ചിന്തിച്ചു…. നിമിഷയ്ക്ക് മനസ്സിൽ അസൂയ നിറഞ്ഞു പകയാളിക്കത്തി… 💙🎼🎼

റിസപ്ഷൻ ഹാളിലേക്ക് അഭിയുടെ കൈ പിടിച്ചു നടക്കുമ്പോൾ ആര്യയ്ക്ക് ഉള്ളിൽ ചെറിയ ഭയം ഉടലെടുത്തിരുന്നു… അവൾ വെപ്രാളത്തോടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു… പക്ഷേ അഭി അവളെ അവനോടു ചേർത്തുനിർത്തി… ഭാര്യയെ അഭിമാനത്തോടെയവൻ എല്ലാവർക്കും പരിചയപ്പെടുത്തി…. അഭിയുടെ കൂടെ പഠിച്ചവരും പഠിപ്പിച്ചവരും കൂടെ ജോലി ചെയ്യുന്നവരുമൊക്കെയായി ഒരുപാട് പേർ അതിഥികളായിയുണ്ടായിരുന്നു…. ഇതിനിടയിൽ ദേവനും മേനകയും ഐശ്വര്യയും സന്ദീപും കുഞ്ഞുങ്ങളുമായി അവർക്കടുത്തേയ്ക്കു വന്നു…ആര്യയുടെ മുഖത്തെ സന്തോഷം അവരുടെ മനസ്‌ നിറച്ചിരുന്നു…ആര്യ അച്ഛനേയുമമ്മയേയും കെട്ടിപിടിച്ചു നിന്നു കുറച്ചു നേരം….

അവരോടൊപ്പം സന്തോഷത്തോടെ ഫോട്ടോ എടുത്തു…തങ്ങളുടെ പഴയ ആര്യയിലേക്കവൾ മടങ്ങിതുടങ്ങിയിരിക്കുന്നു എന്നവർ സന്തോഷത്തോടെ മനസിലാക്കി… അഭി ചെന്ന് ദേവനെ കെട്ടിപിടിച്ചു….. “” ഞാൻ വാക്ക് പറഞ്ഞതല്ലേ അച്ഛാ….അവൾ മാറുമെന്ന്…പഴയ പോലെയാകുമവൾ….സന്തോഷമായിട്ടിരിക്കച്ഛാ….അവളെയോർത്തിനി നിങ്ങൾക്കു വിഷമിക്കേണ്ടിവരില്ല…. “” അഭി അയ്യാളുടെ കണ്ണുനീര് തുടച്ചുകൊടുത്തുകൊണ്ടു പറഞ്ഞു….. സന്തോഷപൂർവം എല്ലാവരും കൂടിയാ രാത്രി മനോഹരമാക്കി… 💙🎼🎼

അരവിന്ദ് എന്നത്തേതിലും വൈകിയാണ് വീട്ടിലെത്തിയത്….നിമിഷ ഹാളിൽ കുഞ്ഞുമായിട്ടിരുന്നു ടിവി കാണുകയായിരുന്നു….അവനെ കണ്ടതും ഉള്ളിലെ ദേഷ്യം മുഴുവനുമവൾ അവന്റെ നേർക്കു ചൊരിഞ്ഞു…. “” എന്തേ ഇങ്ങു പോന്നത്..?? എല്ലാവരുംകൂടി അവളെ കെട്ടിയൊരുക്കി കൊണ്ടു പോയിട്ടുണ്ട്…നിങ്ങൾ ഒരാളുടെ കുറവ് മാത്രമേ അവിടെ ഉണ്ടാകൂ… പോയി അനുഗ്രഹിക്കാതെന്താ ആദ്യ ഭാര്യയെ… “” ദേഷ്യം കൊണ്ടു ആളിക്കത്തുകയായിരുന്നവൾ… “” നീയെന്താ നിമിഷ ഇങ്ങനെ..?? അവരെന്തോ കാണിക്കട്ടെ… പണ്ടേ അച്ഛനുമമ്മയുമവളെ തലയിൽ വെച്ചുകൊണ്ടാ നടന്നത്….അതുകൊണ്ടു ഇനിയുമവളെക്കൊണ്ട് പല കോലവും കെട്ടിക്കും…..

നീയതൊന്നും ശ്രദ്ധിക്കണ്ട… “” തറയിലിരുന്ന് കളിക്കുന്ന കുഞ്ഞിന്റെയടുത്തിരുന്നുകൊണ്ട് അവൻ പറഞ്ഞു… “” ഇല്ല…അവളെ ഞാനെങ്ങനെ വെറുതെ വിടാനൊന്നും പോകുന്നില്ല….ഏട്ടൻ കണ്ടോ…. “” “” നീ എന്താന്ന് വെച്ചാൽ ചെയ്യ്.. ഇപ്പോൾ എന്റെ മോള് പോയി ഏട്ടനൊരു ചായയെടുക്ക് …. നല്ല ക്ഷീണം ഞാനൊന്നു കുളിക്കട്ടെ….”” നിമിഷയെ ചേർത്ത് പിടിച്ചൊന്നു മുത്തിയിട്ടവൻ പടികൾ കയറി…. “” ഓഹ്…..ഇനിയാ അടുക്കളയിൽ കയറണം… ആ ജാനകി തള്ളക്ക് കൂടി പോകേണ്ട കാര്യമെന്തായിരുന്നു….?? “” നിമിഷ ജാനുവമ്മ പ്രാകികൊണ്ട് ചാടിത്തുള്ളി അടുക്കളയിലേക്ക് പോയി….. 💙🎼🎼

രാത്രി പതിനൊന്നു മണി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ…. നല്ല ക്ഷീണം തോന്നിയതുകൊണ്ട് വേഗം തന്നെ റൂമിൽ പോയി ഗൗണും, ആഭരണങ്ങളുമൊക്കെ ഊരിമാറ്റി കൊണ്ടവൾ കുളിക്കാൻ കയറി… തലയിൽ കൂടി തണുത്തവെള്ളം വീണപ്പോഴേ ഒരു സുഖം തോന്നി….കുളിച്ചിറങ്ങിയപ്പോഴേക്കും അഭിയേട്ടൻ മുറിയിലുണ്ടായിരുന്നു….കയ്യിൽ ഫോണുമുണ്ട്…. ഒരു കാവിലുങ്കിയും നീല ടീഷർട്ടുമാണ് വേഷം….. കുളിച്ചിട്ടുണ്ട്….മുടി നനഞ്ഞിരിക്കുന്നു… “” ഇവിടെ താൻ കുളിക്കുകയല്ലായിരുന്നോ…അതുകൊണ്ടു ഞാൻ താഴെ അമ്മയുടെ റൂമിൽ പോയി കുളിച്ചു….”” സംശയത്തോടെ നോക്കുന്നത് കണ്ടിട്ടാവും അഭിയേട്ടൻ പറഞ്ഞു… “” നല്ല ക്ഷീണം തോന്നുന്നില്ലേ നിനക്ക്….

നമുക്ക് കിടക്കാം…. “” ഫോൺ മേശപ്പുറത്തേയ്‌ക്ക്‌ വെച്ച് കൊണ്ടവൻ പറഞ്ഞു… ക്ഷീണം തോന്നിയതുകൊണ്ട് പെട്ടെന്ന് തന്നെ കയറി കിടന്നു…. കതകടച്ച് ലൈറ്റ് ഓഫ് ചെയ്തു അഭിയേട്ടനും വന്നു കിടന്നു…. ബാൽക്കണിയിലെ ലൈറ്റ് ഇട്ടിരുന്നത് കാരണം മുറിയിലാകെ ഒരരണ്ട വെളിച്ചമുണ്ടായിരുന്നു…. മുകളിലേക്ക് നോക്കി കിടക്കുമ്പോഴും അറിയുന്നുണ്ടായിരുന്നു ചരിഞ്ഞു കിടന്ന് തന്നിൽ തന്നെ തറഞ്ഞിരിക്കുന്ന ആ നക്ഷത്ര കണ്ണുകളെ…. ഉറക്കമൊക്കെ പടിയിറങ്ങി പോയോ..? കുറച്ചുകഴിഞ്ഞതുമറിഞ്ഞു അടുത്തേക്ക് നീങ്ങി വയറിൽ കൂടി ചുറ്റിമുറുക്കുന്ന കൈകളെ….ശ്വാസമടക്കി അങ്ങനെ തന്നെ കിടന്നു…. “” ശ്രീ……” “” മമ്……” “” നിന്റെ മണം….പറ്റുന്നില്ലെടി….

ഉറക്കം പോലും വരുന്നില്ല….ഞാൻ… ഞാൻ നിന്നെയൊന്നു ഉമ്മ വെച്ചോട്ടേ…..”” ഭർത്താവാണ്….തന്നിൽ എല്ലാ അധികാരങ്ങളുമുള്ളവൻ….ഈ ചോദ്യത്തിന്റെ തന്നെ ആവശ്യമില്ല…എന്നിട്ടും തനിക്ക് വേണ്ടി പല കാര്യങ്ങളും മാറ്റിവെയ്ക്കുകയാണ്… ഇനിയും കാണാതിരിക്കാനാവില്ല അതൊന്നും….. തള്ളിമാറ്റാനുമാകില്ല…. അവൾ മുഖം ചരിച്ച് അവനെ ഒന്നു നോക്കി ചിരിച്ചു, അനുവാദം കൊടുക്കുന്ന പോലെ… സന്തോഷം കൊണ്ട് അഭിയവളെ ഒന്നുകൂടി മുറുകെ കെട്ടിപിടിച്ചു… പതിയെ ഉയർന്ന് ആ നെറ്റിയിൽ ചുംബിച്ചു… ആര്യ കണ്ണുകൾ അടച്ചു പിടിച്ചു.. ഒരുതവണകൂടി അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലമർന്നു…. മതിയെന്ന് മനസ്സ് പറഞ്ഞെങ്കിലും ശരീരം അതിനനുവദിക്കാത്ത പോലെ…

അവൻ ഒന്നുയർന്നു അവളുടെ മുകളിലേയ്ക്കു കയറി കിടന്നു… അതവൾ പ്രതീക്ഷിച്ചില്ലായിരുന്നു… പെട്ടെന്ന് കണ്ണുകൾ വലിച്ചു തുറന്നവൾ അവനെ പകച്ചു നോക്കി…. തീവ്രമായ ആഗ്രഹം കൊണ്ട് തിളങ്ങുന്ന ആ കണ്ണുകൾ അവളോട് എന്തൊക്കെയൊ കെഞ്ചുന്നതുപോലെയവൾക്ക് തോന്നി… സമ്മതമറിയിച്ച പോലെ വീണ്ടുമവൾ മിഴികളടച്ചു…. അഭി ഒരിക്കൽകൂടി തന്റെ ചുണ്ടുകൾ ആ നെറ്റിതടത്തിലർപ്പിച്ചു….പിന്നെ അടഞ്ഞ മിഴികളിൽ, രണ്ട് കവിളിണകളിൽ, മൂക്കിൻ തുമ്പിൽ, പിന്നെ താടി തുമ്പിലൊന്ന് കടിച്ചു അവിടെ ചെറുതായി മുത്തി…. ഇനിയുമാ ചെഞ്ചുണ്ടുകൾ വിട്ടുപോരാൻ തനിക്കാകില്ലെന്നവന് മനസ്സിലായി… ” ശ്രീ….ഐ നീഡ് യുവർ ലിപ്സ്….

സോറി ” അടുത്ത നിമിഷം അഭിയുടെ ചുണ്ടുകളവളുടെ ചുണ്ടിലമർന്നു… ആര്യ പെട്ടെന്ന് കണ്ണുതുറന്നവനെ നോക്കി… ഒന്നു കുതറിമാറാൻ നോക്കിയെങ്കിലും അഭിയതിനു സമ്മതിക്കാതെ ഒന്നുകൂടി അവളിലേക്കമർന്നു…. അവനവളുടെ മേൽചുണ്ടും കീഴ്ചുണ്ടും മാറി മാറി നുണഞ്ഞു….പതിയെ ആര്യയുമതിൽ ലയിച്ചുചേർന്നു…അവന്റെ കൈകൾക്കിടയിൽ കൂടി കൈകൾ ചേർത്ത് അവളവനെ കൂടുതൽ തന്നിലേക്ക് അടക്കി പിടിച്ചു…അതവന് കൂടുതൽ ആവേശം നൽകി…അവന്റെ കൈകൾ അവളുടെ മേനിയിൽ വിശ്രമമില്ലാതലഞ്ഞു….. അഭിയവന്റെ ആദ്യചുംബനത്തിന്റെ ലഹരിയിലായിരുന്നു….. പരസ്പരം ഇറുകെ പുണർന്നവർ ചുംബിച്ചുകൊണ്ടിരുന്നു…..

ഇടയ്ക്കവനവൾക്ക് ശ്വാസമെടുക്കാനുള്ള സമയം നൽകി വീണ്ടുമാ തേൻ നുകർന്നു….ഒടുവിലവന്റെ ചുണ്ടുകൾ താഴെ കഴുത്തിലേക്കരിച്ചിറങ്ങിയപ്പോൾ എന്തോ ബോധ്യം വന്നപോലെ ആര്യയവനെ തള്ളി മാറ്റി…. കിതച്ചു കൊണ്ടു രണ്ടു പേരും കുറച്ചുനേരം കിടന്നു…അഭി അവൾക്കു നേരെ തിരിഞ്ഞു അവളെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി…. ആര്യ അവനെ നോക്കാനാകാതെ നെഞ്ചിൽ മുഖമൊളിപ്പിച്ചു കിടന്നു…അവൾക്കു വല്ലാത്ത ജാള്യത തോന്നുന്നുണ്ടായിരുന്നു… അഭി പക്ഷേ ഇപ്പോഴുമാ ചുംബനത്തിന്റെ അനുഭൂതിയിലായിരുന്നു… “” ലവ് യൂ ഡീ…എനിക്കീ തേൻ കുടിച്ചു മതിയായില്ല…

എന്നാലും സാരമില്ല…ഇനിത്രേം മതി…എന്റെ കൊച്ച് ക്ഷീണിച്ചു കിടന്നതല്ലേ…ഉറങ്ങിക്കൊ….”” അവൻ അവളുടെ മുടിയിൽ തലോടി… “” പിന്നെ ഇനി ഞാൻ നിന്നോട് സോറി ഒന്നും പറയില്ല കേട്ടോ….. “” സ്വകാര്യം പോലെ കാതിൽ പറഞ്ഞു…. അവൾ മറുപടിയൊന്നും പറയാതെ അവനോട് ചേർന്ന് കിടന്നു…പക്ഷേ ആ ഇരുട്ടിലും രണ്ടുപേരുടെ ചുണ്ടിലും ഒരു ചെറുചിരിയുണ്ടായിരുന്നു…എപ്പോഴോ അവന്റെ നെഞ്ചിലെ താരാട്ടിലവൾ സുഖമായി ഉറങ്ങി…അവളെ ചേർത്ത് പിടിച്ചവനും………തുടരും….

ദാമ്പത്യം: ഭാഗം 12

Share this story