ജനനി: ഭാഗം 6

ജനനി: ഭാഗം 6

എഴുത്തുകാരി: അനില സനൽ അനുരാധ

അഞ്ജലി കാളിംഗ് ബെൽ അടിച്ച് ഒരു നിമിഷം കഴിഞ്ഞതും വാതിൽ തുറന്നു… മുണ്ടിന്റെ തലപ്പു വലതു കയ്യിൽ പിടിച്ച് മുറ്റത്തേക്ക് ഇറങ്ങി വരുന്ന ആളെ കണ്ടതും ജനനിയും അഞ്ജലിയും മുഖാമുഖം നോക്കി… “ഇതേതാടീ ഈ ചുള്ളൻ?” അഞ്ജലി പതിയെ ജനനിയോടു തിരക്കി… “എനിക്ക് എങ്ങനെ അറിയാനാ.. ” “ഹ്മ്മ്… ആരേലും ആവട്ടെ… ” അയാൾ അടുത്തേക്ക് എത്താറായപ്പോൾ ഇരുവരും നിശബ്ദരായി… ഉമ്മറത്തേക്ക് നോക്കിയപ്പോൾ സുമിത കൈ ഉയർത്തി കാണിക്കുന്നുണ്ടായിരുന്നു… അയാൾ ഗേറ്റ് തുറന്ന ശേഷം പുഞ്ചിരിച്ചു… ജനനിയും അഞ്ജലിയും തിരിച്ചും പുഞ്ചിരി സമ്മാനിച്ചു… “എന്താ ഈ സമയത്ത്… ”

“സാറിനെ ഒന്നു കാണണമായിരുന്നു… ” അഞ്ജലി പറഞ്ഞു… “രണ്ടാളും അവിടെ തന്നെ നിൽക്കാതെ വരൂ… ” അയാൾ ക്ഷണിച്ചു… “ചേട്ടൻ ഏതാ.. മുൻപ് കണ്ടിട്ടില്ലല്ലോ… ” നടക്കുന്നതിനിടയിൽ അഞ്ജലി തിരക്കിയതും ജനനി അവളുടെ കയ്യിൽ നുള്ളി… ജനനി നുള്ളിയത് അയാൾ കാണുകയും ചെയ്തു… “ഞാൻ ഇവിടെയൊക്കെ തന്നെയുള്ളതാ.. പേര് വിനോദ്… ” അയാൾ ചിരിയോടെ പറഞ്ഞു… നുള്ളു കിട്ടിയിടത്ത് ഉഴിഞ്ഞു കൊണ്ട് അഞ്ജലി തലയാട്ടി… പിന്നെ ജനനിയെ കണ്ണുകൾ കൂർപ്പിച്ചു നോക്കിയ ശേഷം മുന്നോട്ട് നടന്നു… കൂടെ ജനനിയും… അപ്പോഴേക്കും സുമിത മുറ്റത്തേക്ക് ഇറങ്ങി അവരുടെ അടുത്തേക്ക് എത്തിയിരുന്നു… വിനോദ് അകത്തേക്ക് കയറിപ്പോയി…

“എന്താ മക്കളെ ഈ നേരത്ത്? ” “സാറിനെ ഒന്നു കാണാൻ ആയിരുന്നു ചേച്ചി.. എനിക്ക് രണ്ടു ദിവസം ലീവ് വേണമായിരുന്നു… ” “അകത്തേക്ക് വാ… ഞാൻ മോഹനേട്ടനെ വിളിക്കാം… ” വീടിന്റെ പടികൾ കയറി കൊണ്ട് സുമിത പറഞ്ഞു… “ഞങ്ങൾ ഇവിടെ നില്ക്കാം ചേച്ചി… ” ജനനി പറഞ്ഞു… “ആദ്യമായിട്ട് വീട്ടിൽ വന്നിട്ട് ഇവിടെ ഇങ്ങനെ നിർത്താനോ… ഇനി അത്താഴം കഴിച്ചിട്ട് പോയാൽ മതി രണ്ടും… അകത്തേക്ക് വാ… ” “അയ്യോ ! വേണ്ട ചേച്ചി… ” “അതൊന്നും പറഞ്ഞാൽ പറ്റില്ല. അകത്തേക്ക് കയറിപ്പോര്…” “കയറിക്കോ ജനനി…. അല്ലാതെ ചേച്ചി വിടില്ല.. ” അഞ്ജലി പറഞ്ഞു … സുമിതയുടെ പുറകിലായി അഞ്ജലി അകത്തേക്ക് കടന്നു… ജനനി അകത്തേക്ക് കടക്കാനായി വലതുകാൽ എടുത്തു വെച്ചതും നേരെ നോക്കിയത് കോണിപ്പടികൾ ഇറങ്ങി വരുന്ന നീരവിനെ ആയിരുന്നു…

അവളെ കണ്ടപ്പോൾ ചമ്മലും വെപ്രാളവും എല്ലാം കൂടെ അവനിൽ നിറഞ്ഞു… ജനനി അവനിൽ നിന്നും നോട്ടം മാറ്റി അകത്തേക്ക് കടന്നു… വിനോദ് സോഫയിൽ ഇരുന്ന് ടീവി കാണുന്നുണ്ടായിരുന്നു… “മക്കൾ അവിടെ ഇരിക്ക്… ” എന്നു പറഞ്ഞു സുമിത മോഹനകൃഷ്ണനെ വിളിക്കാൻ മുറിയിലേക്ക് പോയപ്പോൾ വിനോദ് ഇരിക്കുന്നതിന്റെ എതിർവശത്തു കിടക്കുന്ന സോഫയിൽ ജനനിയും അഞ്ജലിയും ഇരുന്നു… നീരവ് വിനോദിന്റെ അരികിൽ വന്നിരുന്നതും ജനനിയും അഞ്ജലിയും എഴുന്നേറ്റു നിന്നു… “നല്ല ബഹുമാനമുള്ള കുട്ടികൾ ആണല്ലോ കുഞ്ഞാ…” വിനോദ് അഞ്ജലിയെയും ജനനിയേയും നോക്കി നീരവിനോട്‌ പറഞ്ഞു…

പേടിയോടെയാണ് എഴുന്നേറ്റു നിന്നതെങ്കിലും വിനോദിന്റെ കുഞ്ഞാ എന്ന വിളി കേട്ടപ്പോൾ പൊട്ടി പുറപ്പെട്ടു വന്ന ചിരി കടിച്ചമർത്തി കൊണ്ട് അഞ്ജലി നിന്നു… കുഞ്ഞാ എന്ന വിളി കേട്ടതും നീരവ് വിനോദിനെ കനപ്പിച്ചൊന്നു നോക്കി… “നിങ്ങൾ അവിടെ ഇരുന്നോ… ” വിനോദ് പറഞ്ഞപ്പോൾ രണ്ടു പേരും ഇരുന്നു… അപ്പോഴാണ് മോഹനകൃഷ്ണനും സുമിതയും കൂടി വന്നത്.. രണ്ടാളും വീണ്ടും എഴുന്നേറ്റു നിന്നു… “രണ്ടാളും ഇരിക്കൂ… ജനനിയ്ക്കാവും അല്ലേ ലീവ്? ” ജനനി തലയാട്ടി… “രണ്ടാൾക്കും ഇരിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? ” “ഏയ്‌… ഇല്ല സർ… ” “എന്നാൽ ആദ്യം ഇരിക്കൂ… ” ഇരുവരും ഇരുന്നു… “എത്ര ദിവസത്തേക്ക് ലീവ് വേണം…” “ഏട്ടനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതു വരെ…

ചിലപ്പോൾ രണ്ടു മൂന്നു ദിവസം ആകും… ” “ജനനി ഇല്ലെങ്കിൽ കഷ്ടാണ്… പക്ഷേ ഹോസ്പിറ്റൽ കാര്യമൊക്കെ ആകുമ്പോൾ അഡ്ജസ്റ്റ് ചെയ്യണമല്ലോ… പണത്തിനു എന്തെങ്കിലും ആവശ്യം വന്നാൽ ചോദിക്കാൻ മടിക്കരുത്.. ” ജനനി നന്ദി പൂർവ്വം തലയാട്ടി… അതിനു ശേഷം നീരവിനെ നോക്കി… അവൻ ടീവിയിലേക്ക് നോക്കി ഇരിപ്പാണ്… എന്നാലും തങ്ങളുടെ സംസാരം അവൻ ശ്രദ്ധിച്ചിട്ടുണ്ടാകും എന്നവൾക്ക് തോന്നി… അഞ്ജലി ജനനിയെ തോണ്ടി… “സർ…” ജനനി വിളിച്ചു… മോഹനകൃഷ്ണൻ ജനനിയെ നോക്കി… പക്ഷേ അവളുടെ മിഴികൾ നീരവിനു നേർക്ക് ആയിരുന്നു… “കുഞ്ഞാ… നിന്നെയാ വിളിക്കുന്നത്… കേൾക്കുന്നില്ലേ?” മോഹനകൃഷ്ണൻ തിരക്കി… നീരവ് മുഖം വീർപ്പിച്ച് അച്ഛനെ നോക്കി…

“അപ്പോൾ നിങ്ങൾ സംസാരിച്ചരിക്ക്… ഞാൻ ഇപ്പോൾ വരാം… ഒരു കാൾ ചെയ്യാനുണ്ട്…” എന്നു പറഞ്ഞ് അദ്ദേഹം മുറിയിലേക്ക് നടന്നു… നീരവ് ജനനിയെ നോക്കി… “സർ എനിക്ക് ലീവ് വേണമായിരുന്നു… ” ജനനി പറഞ്ഞു… “ആഹ് ! ഇതെന്താണ് … ഒരു ലീവ് എടുക്കാൻ അച്ഛനോടും മകനോടും പ്രത്യേകം പ്രത്യേകം അനുവാദം വാങ്ങണമെന്നോ…” വിനോദ് തിരക്കി… “അവൾ കമ്പ്യൂട്ടർ സെന്ററിലും നമസ്സിലും വർക്ക്‌ ചെയ്യുന്നുണ്ട് വിനൂ… ” സുമിത പറഞ്ഞു… “അതെങ്ങനെ അപ്പച്ചി? ” “കമ്പ്യൂട്ടർ സെന്ററിലെ ഫസ്റ്റ് ബാച്ചിനു ക്ലാസ്സ്‌ എടുത്തു കഴിഞ്ഞാൽ ടാക്സ് ഓഫീസിൽ പോകും… പിന്നെ അവിടെ നിന്നും വന്ന ശേഷം ഈവെനിംഗ് ബാച്ച്…” “എന്തിനാടോ ഇങ്ങനെ ജോലി ചെയ്യുന്നത്?” വിനോദ് തിരക്കി…

“ഗോവിന്ദ് സർ ലീവായ കാരണം… സർ പറഞ്ഞപ്പോൾ ജോയിൻ ചെയ്തതാണ്…” ജനനി പറഞ്ഞു… “എത്ര ദിവസം ലീവ് വേണം? ” ജനനിയുടെ മുഖത്തേക്ക് നോക്കാതെ നീരവ് തിരക്കി… “ഏട്ടൻ ഹോസ്പിറ്റലിലാണ്… ഡിസ്ചാർജ് ആകുന്നതു വരെ… ചിലപ്പോൾ മൂന്നു ദിവസമാകും…” “ഓക്കേ… അതിൽ കൂടുതൽ ആയാൽ എനിക്ക് വേറെ സ്റ്റാഫിനെ നോക്കേണ്ടി വരും… ” “നീ എന്താ കുഞ്ഞാ ഇങ്ങനെ പറയുന്നത്… അനാവശ്യ കാര്യത്തിനൊന്നും അല്ലല്ലോ… ആ കുട്ടിയുടെ എട്ടന് വയ്യാത്തോണ്ടല്ലേ?” സുമിത തിരക്കി… “എനിക്ക് എന്റെ ഓഫീസ് കാര്യങ്ങളാണ് വലുത്…” വിനോദ് ജനനിയെ നോക്കി… നീരവ് പറയുന്നത് കേട്ടു നിൽക്കുമ്പോഴും അവൾക്ക് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഇല്ലായിരുന്നു …

“എന്നാൽ ഞങ്ങൾ പൊയ്ക്കോട്ടെ?” ജനനി തിരക്കി… “അങ്ങനെ പോകാനോ… ആദ്യമായി വീട്ടിൽ വന്നിട്ട് … ” സുമിത പറഞ്ഞു… “ഓഫീസ് കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞല്ലോ ചേച്ചി.. ഞങ്ങൾ ഇറങ്ങട്ടെ… സാറിനോട് പറഞ്ഞാൽ മതി…” ജനനി പറഞ്ഞു.. “ഓഫീസ് കാര്യങ്ങൾ കഴിഞ്ഞു… എത്ര നാളായി നിങ്ങളെ ഇങ്ങോട്ട് ക്ഷണിക്കുന്നു… അത്താഴം കഴിഞ്ഞു പോയാൽ മതി… ” സുമിത പറഞ്ഞു… “ഇവിടെ എന്താ ചേച്ചി കഴിക്കാനുള്ളത്? ” അഞ്ജലി തിരക്കി… “ചോറും മീൻകറിയും ഉപ്പേരിയും ഉണ്ട്… പിന്നെ കുഞ്ഞന് രാത്രി ചപ്പാത്തി നിർബന്ധമാണ്… ഇനി ചപ്പാത്തി മതിയെങ്കിൽ അതും ഉണ്ട്…” “ചപ്പാത്തിയ്ക്ക് എന്താ ചേച്ചി കറി?” അഞ്ജലി ചോദിക്കുന്നത് കേട്ടപ്പോൾ ജനനി അവളുടെ കയ്യിൽ നുള്ളി…

വിനോദ് ചിരിയോടെ രണ്ടു പേരെയും നോക്കി… “വെജിറ്റബിൾ കുറുമയുണ്ട്… അല്ലെങ്കിൽ ഫ്രിഡ്ജിൽ ചിക്കൻ കറി ഇരിപ്പുണ്ട്… അതു ചൂടാക്കാം…” “എനിക്ക് ചോറും ചിക്കൻ കറിയും മതി… ചേച്ചി വാ നമുക്ക് കിച്ചണിൽ പോയി ചിക്കൻ കറി ചൂടാക്കാം…” കയ്യിൽ തടവി കൊണ്ട് അഞ്ജലി പറഞ്ഞു… ജനനിയെ നോക്കി ചുണ്ട് കോട്ടി കാണിച്ചു കൊണ്ട് അഞ്ജലി സുമിതയുടെ കയ്യും പിടിച്ച് എഴുന്നേറ്റു പോയി… “തന്റെ കൂട്ടുകാരി ആള് കൊള്ളാമല്ലോ… ” വിനോദ് അവർ പോയ വഴിയേ നോക്കി ജനനിയോട് പറഞ്ഞു… ജനനി പുഞ്ചിരിയോടെ എഴുന്നേറ്റു… “പോവല്ലേ… അവിടെ ഇരിക്ക്…” ജനനി മടിയോടെ ആണെങ്കിലും വീണ്ടും ഇരുന്നു… “ആ കുട്ടിയുടെ പേരെന്താണ്?” “അഞ്ജലി…”

“ഹ്മ്മ്… അവൾക്ക് മാര്യേജ് നോക്കുന്നുണ്ടോ? ” ജനനി തലയാട്ടി… “എന്നാൽ ആ കുട്ടിയുടെ അഡ്രസ്സ് ഒന്നു പറഞ്ഞേ.. എന്റെ അറിവിൽ നല്ലൊരു പാർട്ടിയുണ്ട്… ” “അവളുടെ മാര്യേജ് ഏകദേശം ശരിയായ പോലെയാണ്…” “ചിക്കന്റെ മണം നല്ലോണം വരുന്നുണ്ട് അല്ലേ വിനൂ…” നീരവ് തിരക്കിയതും വിനോദ് അവന്റെ കാലിൽ ഒരു ചവിട്ട് വെച്ചു കൊടുത്തു… ജനനി അറിയാതെ പുഞ്ചിരിച്ചു… “എന്നാൽ തന്റെ അഡ്രസ്സ് താ… നല്ല പയ്യനാടോ…” “അയ്യോ ! വേണ്ട..” “അപ്പോൾ എന്തോ ഉണ്ട്… എൻഗേജ്ഡ് ആണല്ലേ?” “ഏയ്‌… അല്ല… ” ജനനി പറഞ്ഞതും നീരവ് അവളെ നോക്കി… “തന്റെ എട്ടന് എന്താ അസുഖം?” വിനോദ് തിരക്കി… “എട്ടന് മുൻപ് ഒരു ആക്‌സിഡന്റ് പറ്റിയിരുന്നു… വലതു കാൽ പാദം നഷ്ടപ്പെട്ടു.. ഇപ്പോൾ പഴുപ്പ് കേറി പിന്നെയും…”

“ഹോസ്പിറ്റലിൽ ആരാ ഇപ്പോൾ?” “അമ്മയുണ്ട്… ” “അച്ഛൻ? ” “ഇപ്പോൾ ഇല്ല… ആത്മഹത്യയായിരുന്നു… ” പിന്നെ വിനോദിനു ഒന്നും തിരക്കാൻ തോന്നിയില്ല… അവൻ എഴുന്നേറ്റു… “ഏട്ടനെ ഡിസ്ചാർജ് ചെയ്യാൻ വൈകിയാലും ലീവിന്റെ കാര്യം ഓർത്ത് വിഷമിക്കണ്ട… വേറെ ജോലി ഞാൻ ശരിയാക്കി തരും…” എന്നു പറഞ്ഞ് വിനോദ് പോയതും ജനനി എഴുന്നേറ്റു… നീരവ് റിമോട്ട് എടുത്ത് ചാനൽ മാറ്റാൻ തുടങ്ങി… “വാ ജനനി ഭക്ഷണം കഴിക്കാം… കുഞ്ഞാ വിനുവിനെ വിളിച്ചിട്ട് വാ…എല്ലാവർക്കും ഒരുമിച്ച് ഇരിക്കാം… ” “ഞങ്ങൾ പിന്നെ കഴിച്ചോളാം.. ” “കളിക്കാൻ നിൽക്കാതെ വാ ചെറുക്കാ…” എന്നും പറഞ്ഞ് സുമിത ടീവി ഓഫ്‌ ചെയ്തു.. ഭക്ഷണം വിളമ്പാൻ സുമിതയോടൊപ്പം അഞ്ജലിയും ജനനിയും കൂടി…

“ഇവൻ ഓഫീസിൽ എങ്ങനെയാ? ” കഴിക്കുന്നതിനിടയിൽ വിനോദ് തിരക്കി… “ഇന്നു കൂടി വയറു നിറച്ചു കിട്ടിയതേയുള്ളൂ…” ചിക്കൻ പീസ് കടിച്ചു വലിക്കുന്നതിനിടയിൽ അഞ്ജലി അറിയാതെ പറഞ്ഞു പോയി… “വയറു നിറയെ എന്തു കിട്ടിയെന്ന്? ” “അതു പിന്നെ… വർക്കിൽ നിന്നും ഞങ്ങളുടെ ശ്രദ്ധ മാറി എന്നു തോന്നുമ്പോൾ ഒന്നു മോട്ടിവേറ്റ് ചെയ്യാനായിട്ട്… അല്ലേ ജനനി…” ജനനി പുഞ്ചിരിച്ചു… “ജനനി ഹോസ്പിറ്റലിൽ പോയാൽ അഞ്ജലി അവിടെ തനിച്ചു നിൽക്കുമോ? ” സുമിത തിരക്കി… “ഇല്ല ചേച്ചി.. ഞാൻ വീട്ടിൽ പോകും… ഇവളെ പോലെ തനിച്ചു നിൽക്കാൻ എനിക്ക് ധൈര്യം ഇല്ല…” “എന്നാൽ ഇങ്ങോട്ട് പോരെ… അല്ലേ മോഹനേട്ടാ.. ” “അയ്യോ ! വേണ്ട…” അഞ്ജലി പെട്ടെന്ന് പറഞ്ഞു…

“എന്നെ പേടിച്ചിട്ടാണെങ്കിൽ അതിന്റെ ആവശ്യം ഇല്ലെന്ന് പറഞ്ഞേക്ക് അമ്മേ… ” എന്നു പറഞ്ഞ് നീരവ് എഴുന്നേറ്റു പോയപ്പോൾ അഞ്ജലിയുടെ കണ്ണു തള്ളി പുറത്തേക്കു വന്നു… ഇറങ്ങാൻ നേരം ഗേറ്റ് വരെ സുമിതയും വിനോദും ചെന്നു… ** ജനനി രാവിലെ ഹോസ്പിറ്റലിൽ എത്തുമ്പോൾ വിഷ്ണു കിടക്കുന്ന റൂമിനു പുറത്തായി ജയേഷ് നിൽക്കുന്നുണ്ടായിരുന്നു… ഏട്ടനെ കണ്ടു അടുത്തേക്ക് ചെന്നെങ്കിലും അവൻ മുഖം തിരിക്കുകയാണ് ചെയ്തത്… “ഏട്ടൻ വന്നിട്ട് കുറേ നേരമായോ? ” “ആഹ് ! നിനക്ക് കുറച്ചു നേരത്തെ വന്നു കൂടായിരുന്നോ… എനിക്ക് ഓഫീസിൽ പോകണം… ” ജയേഷ് ദേഷ്യത്തിൽ പറഞ്ഞതും അവൾ ഡോർ തുറന്ന് മുറിയിലേക്ക് കയറി… അമ്മ പോകാൻ തയ്യാറായി ഡ്രസ്സ്‌ മാറി നിൽക്കുന്നുണ്ടായിരുന്നു… “ഞാൻ ഇറങ്ങട്ടെ മോളെ…”

ജനനി തലയാട്ടി… അമ്മ വിഷ്ണുവിന്റെ അരികിലേക്ക് നടന്നു… തോളിൽ തൊട്ടതും അവൻ കണ്ണുകൾ തുറന്നു… “അവൾക്ക് റസ്റ്റ്‌ പറഞ്ഞ കാരണമാണ്.. അല്ലെങ്കിൽ… ” “എനിക്ക് മനസ്സിലാകും അമ്മേ… ” വിഷ്ണു പറഞ്ഞു… “ഡിസ്ചാർജ് ആകുമ്പോൾ അറിയിക്കണേ മോളെ… ” ജനനി തലയാട്ടി… അമ്മ വാതിൽ തുറന്നു പുറത്തേക്കു പോയപ്പോൾ ജനനി ബൈസ്റ്റാന്റർക്കായുള്ള ബെഡിൽ വന്നിരുന്നു… “ചായ കുടിച്ചോ ജാനി? ” വിഷ്ണു പതിയെ തിരക്കി … “ഹ്മ്മ്… ഏട്ടനോ? ” “കുടിച്ചു…” “ഡോക്ടർ വന്നോ.. ” “കുറച്ചു നേരത്തെ വന്നു പോയെയുള്ളൂ.. കുഴപ്പമൊന്നും ഇല്ലെങ്കിൽ മറ്റന്നാൾ ഡിസ്ചാർജ് ആകും… മറ്റന്നാൾ അമ്മ വീട്ടിലേക്ക് വരുമോ? ” “ഡോക്ടർ പറയുന്നത് അമ്മ കേട്ടില്ലേ? ” “ഹ്മ്മ്… ” ജനനി വേദനയോടെ പുഞ്ചിരിച്ചു…

വിഷ്ണു മിഴികൾ പൂട്ടി കിടന്നു… കുറേ നേരം ഇരുന്നപ്പോൾ ജനനി കുറച്ചു നേരം മുറിയിൽ നടന്നു… പിന്നെ വന്നു കിടന്നു… കാതിൽ അടക്കിപ്പിടിച്ചുള്ള കരച്ചിൽ വന്നു പതിഞ്ഞപ്പോൾ ജനനി പിടഞ്ഞെഴുന്നേറ്റു… വേദനയുടെ ആധിക്യത്തിൽ അവന്റെ മുഖം ചുളിഞ്ഞു പോയിരുന്നു… ജനനി ഓടി വന്ന് അവന്റെ ഇരു കവിളിലുമായി കൈകൾ ചേർത്തു വെച്ചു… കണ്ണുനീർ ഒളിച്ചിറങ്ങുന്ന അവന്റെ മിഴികൾ കാൺകെ അവളുടെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടി… “ഏട്ടാ… ” നെഞ്ചും പൊട്ടും പോലെ കണ്ണു നീരിന്റെ നനവുള്ള വിളി അവന്റെ കാതുകളിൽ പോയി ഒളിച്ചു…. വിഷ്ണു കണ്ണുകൾ തുറന്ന് അവളെ നോക്കി … അവൾ കരയുന്നു … ഈ എട്ടന് വേണ്ടി അവൾ ആദ്യമായി കരയുന്നു….

“എന്താ ഏട്ടാ… ഞാൻ പോയി ഡോക്ടറെ വിളിക്കട്ടെ? ” അവൻ അവളുടെ ഇരു കൈകളിലുമായി കൈകൾ ചേർത്തു വെച്ചു … പിന്നെ വേണ്ടെന്നു തലയാട്ടി… അവളുടെ കണ്ണുനീർ അവന്റെ മുഖത്തേക്ക് ഇറ്റി വീണപ്പോൾ അവൻ പുഞ്ചിരിച്ചു… അവളെ ആദ്യമായി കണ്ട ദിവസം അവന്റെ മനസ്സിൽ തെളിഞ്ഞു… കസവു സാരിയുടുത്ത് ചുരുൾ മുടിയിൽ മുല്ലപ്പൂവും ചൂടി പുഞ്ചിരി തൂകി നിൽക്കുന്ന ജനനി .. അവളുടെ കാതിൽ എന്തോ പറഞ്ഞു പുഞ്ചിരിക്കുന്ന യുവാവ്… കുറച്ചു നിമിഷങ്ങൾക്കു ശേഷം അയാൾ അവളുടെ വിരലിൽ അണിയിച്ച മോതിരം ഊരിയെടുത്തു… അച്ഛനും അമ്മയും ചെയ്ത തെറ്റിന്റെ ആഘാതം അവളെ അത്രത്തോളം മുറിവേൽപ്പിച്ചിരിക്കണം…

വാക്ക് തർക്കങ്ങൾക്കു ശേഷം അയാളും കുടുംബവും ഇറങ്ങി പോയിട്ടും അച്ഛൻ ആത്മഹത്യ ചെയ്തിട്ടും അച്ഛന്റെ ചിത കത്തി തീരും മുൻപേ ഏട്ടൻ ഭാര്യയേയും കൂട്ടി ഇറങ്ങി പോയിട്ടും അനിയത്തിയിൽ നിന്നും അവഗണന മാത്രം നേരിടേണ്ടി വന്നിട്ടും കരയാതെ പിടിച്ചു നിന്നവൾ… ഇന്നിതാ തനിക്ക് വേണ്ടി കരയുന്നു … ഈ ഏട്ടനെ അവൾ അത്രത്തോളം സ്നേഹിച്ചിരുന്നെന്നോ… അവളുടെ വലതു കരം ചുണ്ടോടു ചേർക്കുമ്പോൾ അവൻ ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്തു……. തുടരും..

ജനനി: ഭാഗം 5

Share this story