നിനക്കായ് : ഭാഗം 76

നിനക്കായ് : ഭാഗം 76

എഴുത്തുകാരി: ഫാത്തിമ അലി

പിന്നീടെപ്പോഴോ ഉറക്കം അവളുടെ കണ്ണുകളെ മാടി വിളിച്ചപ്പോഴും ശ്രീയുടെ കൈ വിരലുകൾ ആ കുരിശ് രൂപത്തിൽ തെരുപ്പിടിച്ചിട്ടുണ്ടായിരുന്നു…. ****** രാത്രി ഉറക്കം വരാതെ ടെറസിൽ പുൽപായ വിരിച്ച് തെളിഞ്ഞ ആകാശത്തേക്ക് മിഴികൾ പായിച്ച് കൊണ്ട് കിടപ്പായിരുന്നു സാം… കൈകൾ രണ്ടും മടക്കി തലക്ക് കീഴിലായി വെച്ചിട്ടുണ്ട്…. കുറച്ച് നേരം കഴിയവേ നിലത്ത് വെച്ചിരിക്കുന്ന ഫോൺ റിങ് ചെയ്യുന്നത് അവൻ കേട്ടു…വർഗീസ് ആയിരുന്നു അത്…. “ഹലോ…മോനേ…” ഫോൺ എടുത്തതും മറുതലക്കൽ നിന്ന് വർഗീസിന്റെ ശബ്ദം കേട്ടു… “ഹലോ എളേപ്പാ….എന്നതാ ഈ നേരത്ത്….

അവിടെ ബുദ്ധിമുട്ട് എന്തെങ്കിലും…?” സാമിന്റെ സ്വരത്തിൽ ആശങ്കയുണ്ടായിരുന്നു…. “ഏയ് ഇവിടെ ഒരു ബുദ്ധിമുട്ടും ഇല്ല മോനേ…ഞാൻ കിടന്ന് ഉറക്കം വരാഞ്ഞിട്ട് വിളിച്ചതാണ്…നേരം വെളുത്താൽ പിന്നെ നിന്നെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കാൻ സമയം കിട്ടില്ലല്ലോ…” അയാൾ മറുപടി കൊടുത്തപ്പോഴാണ് സാമിന് സമാധാനം ആയത്… അവൻ നിലത്ത് നിന്ന് എഴുന്നേറ്റ് ടെറസിലൂടെ നടക്കാൻ തുടങ്ങി… വർഗീസിനോട് നാട്ടിലെ വിവരങ്ങൾ പറയുന്നതിനോടൊപ്പം അലന്റെ കാര്യം ചോദിക്കാൻ മറന്നില്ല… സംസാരിക്കുന്നതിന് ഇടയിൽ ഫോണിലേക്ക് വേറെ ഒരു കോൾ വരുന്നത് പോലെ തോന്നിയാണ് അവൻ ചെവിയിൽ നിന്നും എടുത്ത് നോക്കിയത്… ഡിസ്പ്ലേയിൽ തെളിയുന്ന ശ്രീയടെ പേര് കാണെ സാമിന്റെ കണ്ണുകൾ ആശ്ചര്യത്താൽ വിടർന്നു….

സാധാരണ അത് പതിവില്ലാത്തത് കൊണ്ട് സാം വർഗീസ് ചോദിക്കുന്നതിന് മറുപടി കൊടുക്കാതെ ഫോണിലേക്ക് തന്നെ നോക്കുകയായിരുന്നു… ശ്രീ എന്തിനായിരിക്കും വിളിക്കുന്നതെന്ന് അവൻ ചിന്തിക്കാതിരുന്നില്ല… അപ്പോഴാണ് ഇന്ന് അവളെ ശ്രദ്ധിക്കാതെ ഇരുന്നതും അതിൽ കുശുമ്പ് കയറി വീർത്ത മുഖവുമായി അവൾ നിന്നതും ഒക്കെ അവന് ഓർമയിൽ വന്നത്… കാര്യം മനസ്സിലായത് പോലെ സാം ഒരു കള്ളച്ചിരിയോടെ അവളുടെ കോൾ എടുക്കാതെ വീണ്ടും കാതിനരികിലേക്ക് തന്നെ വെച്ചു… ടെറസിന്റെ ഒരു സൈഡിൽ നിന്ന അവൻ താഴേക്ക് എത്തി നോക്കി… അവിടെ നിന്നാൽ ഷേർളിയുടെ വീടിന്റെ ബാൽക്കണി നന്നായിട്ട് കാണാമായിരുന്നു…

അവിടെ ഇട്ടിരിക്കുന്ന ലൈറ്റിന്റെ നേരിയ വെളിച്ചത്തിൽ ശ്രീ ബാൽക്കണിയിലെ സ്വിങ് ചെയറിൽ ഫോണും ചെവിയിൽ വെച്ച് ഇരിക്കുന്നത് അവൻ കണ്ടത്… ഇടക്ക് വെച്ച് അവളുടെ കണ്ണുകൾ ടെറസിലേക്ക് പോയതും അത് കണ്ടെന്നോണം സാം ഞൊടിയിടയിൽ പിന്നിലേക്ക് മാറി… പിന്നെ മെല്ലെ കഴുത്ത് മാത്രം ഉയർത്തി വെച്ച് കൊണ്ട് അവളെ നോക്കി…. അവൻ ഫോൺ എടുക്കുന്നില്ലെന്ന് അറിഞ്ഞ് ദേഷ്യത്തിൽ ചുണ്ടും ചുളിച്ച് കഴുത്തിലുള്ള എന്തിലോ പിടിച്ച് സംസാരിക്കുന്നത് സാം കാണുന്നുണ്ടായിരുന്നു… അത് എന്താവും എന്നറിയാനുള്ള ആകാംക്ഷ സാമിന് ഉണ്ടായി… വർഗീസ് ഫോൺ വെച്ചതു സാം ടെറസിൽ ശ്രീ കാണാത്ത രീതിയിൽ എന്നാൽ അവളെ നല്ലത് പോലെ കാണുന്ന വിധം ഇരുന്നു…

സ്വിങ് ചെയറിൽ ചുരുണ്ട് കൂടി ഇരുന്ന് ഉറങ്ങുന്ന അവളെ താടിക്കും കൈ കൊടുത്ത് കൊണ്ട് അവൻ നോക്കി നിന്നു… അവൾ നന്നായി ഉറക്കം പിടിച്ചെന്ന് തോന്നിയതും സാം എന്തോ മനസ്സിൽ തീരുമാനിച്ചത് പോലെ ടെറസിൽ നിന്നും താഴേക്ക് ഇറങ്ങി…. ഷേർളിയുടെ വീടിന് അടുത്തേക്ക് ചെന്ന് ബാൽക്കണിയിലേക്ക് ചാഞ്ഞുള്ള മരത്തിന് അരികിലെത്തി… “കർത്താവേ പോവുമ്പോ ഈ മരത്തിന് ഇത്ര ഹൈറ്റ് ഇല്ലായിരുന്നല്ലോ….” മുകളിലുള്ള കൊമ്പിൻമേൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതിന് ഇടക്കാണ് അവന്റെ സംശയം… കുറച്ച് നാൾ ഈ മതില് ചാട്ടം ഇല്ലാതിരുന്നത് കൊണ്ട് ഇത്തവണ കുറച്ച് കഷ്ടപ്പെട്ടു… എന്നാലും വിചാരിച്ച പോലെ മുകളിൽ എത്തി ബാൽക്കണിലെ റെയ്ലിങിൽ പിടിച്ച് ഉള്ളിലേക്ക് കയറി….

ബാൽക്കണിയിൽ എത്തിയതും സാം നേരെ ശ്രീയുടെ അടുത്തേക്ക് ചെന്ന് നിലത്ത് മുട്ട് കുത്തി ഇരുന്നു… ചുറ്റുമുള്ളതൊന്നും അറിയാതെ സുഖമായി ഉറങ്ങുകയായിരുന്നു അവൾ.. ഇടതാ കൈ മാറിൽ പിണച്ച് കെട്ടി വലത് കൈയാൽ കഴുത്തിലെ ചെയിനിൽ മുറുകെ പിടിച്ച് ചെയറിലേക്ക് ചാഞ്ഞ് തല വെച്ചാണ് ശ്രീയുടെ കിടപ്പ്…. കാലുകൾ രണ്ടും ചുരുക്കി ചെയറിലേക്ക് ചാരി വെച്ചിട്ടുണ്ട്… ചുണ്ട് കുറച്ച് പുറത്തേക്ക് തള്ളി വെച്ച് കൊണ്ടുള്ള അവളുടെ ഉറക്കം സാം മതിവരാത്ത പോലെ നോക്കി നിന്നു… പ്രണയത്തേക്കാൾ ഉപരിയായി വാത്സല്യമാണ് അവന് ശ്രീയോട് ആ സമയത്ത് തോന്നിയത്….

ഒരു ഇളം പുഞ്ചിരിയോടെ എഴുന്നേറ്റ് അവളുടെ കാലുകളെ നിലത്തേക്ക് താഴ്ത്തി വെച്ച് ചെയറിൽ നിന്നും കോരി എടുത്ത് കൊണ്ട് റൂമിലേക്ക് കയറി… നേരെ ബെഡിൽ കൊണ്ട് ചെന്ന് കിടത്തിയതും അവളൊന്ന് ഞെരങ്ങി ചെരിഞ്ഞ് കിടന്നു… ബെഡിലെ പുതപ്പെടത്ത് ഇടുപ്പ് വരെ പുതപ്പിച്ച് കൊടുത്ത് നിലത്ത് മുട്ട് കുത്തി അവളുടെ മുഖത്തിന് നേരെ ഇരുന്നു… നെറ്റിയിലേക്ക് വീണ മുടിയിഴകളെ വിരലുകളാൽ ഒതുക്കി വെക്കുന്നതിന് ഇടക്കാണ് സാമിന്റെ കണ്ണുകൾ ശ്രീയുടെ മാറിലേക്ക് വീണ് കിടക്കുന്ന ആ മാലയിലേക്ക് ഉടക്കി നിന്നത്… അവളുടെ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുന്നത് തന്റെ കൊന്തയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം സാമിന് ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു…

അവളും തന്നെ സ്നേഹിക്കുന്നുണ്ട് എന്ന തിരിച്ചറിവ് സാമിന്റെ മനസ്സിൽ കുളിര് വീഴ്ത്തി…. “അപ്പോ എന്റെ കൊച്ചിന്റെ മനസ്സിലും ഇച്ചായൻ ഉണ്ട് അല്ല്യോ….എന്നിട്ട് തുറന്ന് പറയാതെ കുശുമ്പും കാണിച്ച് നിൽക്കുവാ കള്ളി….വൈകാതെ കൊച്ച് തന്നെ ഇച്ചായനോട് ഇഷ്ടമാണെന്ന് വന്ന് പറയും….ഇല്ലെങ്കിലേ ഞാൻ പറയിപ്പിക്കും….” കുറുമ്പോടെ അവളുടെ മൂക്കിൻ തുമ്പിൽ ഉമ്മവെച്ച് കൊണ്ട് പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു…. കവിളിൽ പതിയെ മുഖം ഇട്ട് ഉരസിയതും താടി രോമങ്ങൾ കുത്തി അവളൊന്ന് ചിണുങ്ങിക്കൊണ്ട് മറുഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നു… മുടിയിൽ മൃദുവായി തലോടിക്കൊണ്ട് അവളുടെ അടുത്ത് നിന്ന് തിരിച്ച് ഇറങ്ങുമ്പോഴും അവന്റെ അധരങ്ങളിൽ പുഞ്ചിരി നിറഞ്ഞിരുന്നു…. *****

രാവിലെ തുറന്നിട്ട ജനാല വഴി അരിച്ചിറങ്ങുന്ന സൂര്യപ്രകാശം ആണ് ശ്രീയെ എഴുന്നേൽപ്പിച്ചത്… കണ്ണ് തുറക്കാതെ പകുതി മൂടിയിരുന്ന പുതപ്പെടുത്ത് മാറ്റി ബെഡിൽ എഴുന്നേറ്റ് ഇരുന്നു…. ഇരു കൈകളും വിരിച്ച് ഒന്ന് മൂരി നിവർന്നപ്പോഴാണ് താൻ ഇന്നലെ ബാൽക്കണിയിൽ ഇരുന്നാണ് ഉറങ്ങിയതെന്ന കാര്യം അവൾക്ക് ഓർമ വന്നത്… അവൾ ഞെട്ടി പിടഞ്ഞ് ബെഡിൽ നിന്ന് ഇറങ്ങി ഇടുപ്പിൽ കൈ കൊടുത്ത് എന്തോ ആലോചിച്ച് നിന്നു… “ഈശ്വരാ…ഞാനിന്നലെ ബാൽക്കണിയിൽ അല്ലായിരുന്നോ ഉറങ്ങിയേ…പിന്നെ എങ്ങനെ ഇവിടെ എത്തി…?” ചൂണ്ടുവിരൽ കടിച്ച് കൊണ്ട് ചിന്തിച്ച് നിൽക്കവേ ആണ് ഡോറിന് മുട്ടുന്ന സൗണ്ട് കേട്ടത്… “മോളേ…എഴുന്നേറ്റില്ലേ….സമയം വൈകിയല്ലോ..”

വാതിലിൽ മുട്ടുന്നതിനോടൊപ്പം ഷേർളിയുടെ ശബ്ദം കൂടെ കേട്ടപ്പോഴാണ് അവൾ സമയം നോക്കുന്നത്… “ദേ എഴുന്നേറ്റു അമ്മച്ചീ….” സമയം ഒരുപാട് വൈകി എന്ന് അറിഞ്ഞതും കബോർഡിൽ നിന്ന് കൈയിൽ കിട്ടയ ഒരു ഡ്രസും എടുത്ത് വാഷ് റൂമിലേക്ക് ഒരു ഓട്ടമായിരുന്നു… അന്ന കോളേജിലേക്ക് വരുന്നതിനെ പറ്റി ഒന്നും പറയാത്തത് കൊണ്ട് ഇന്നലത്തെ പോലെ ബസിൽ പോവാമെന്നാണ് അവൾ വിചാരിച്ചത്… സമയം വൈകിയത് കൊണ്ട് കുളിക്കാനൊന്നും നിൽക്കാതെ വേഗം ഡ്രസും ചെയിഞ്ച് ചെയ്ത് ബാഗുമെടുത്ത് താഴേക്ക് പോയി… “എന്തെങ്കിലും കഴിച്ചേച്ചും പോയ്ക്കോ മോളേ….” ഷേർളി ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെച്ച് പറഞ്ഞതും അവൾക്ക് നിരസിക്കാൻ തോന്നിയില്ല…

പ്ലേറ്റ് എടുത്ത് നിന്ന നിൽപ്പിൽ തന്നെ ഒരു ഇടിയപ്പവും കറീയും കഴിക്കാൻ തുടങ്ങി… ബാഗിൽ ഇരുന്ന ഫോൺ റിങ് ചെയ്തതും അവൾ ഒരു കൈ കൊണ്ട് സിപ് തുറന്ന് ഫോൺ എടുത്ത് നോക്കി… അന്നമ്മ ആയിരുന്നു വിളിക്കുന്നത്…. “ദച്ചൂ…നീ കോളേജിലേക്ക് പോയിട്ടില്ലല്ലോ…ഇന്ന് ഞാനും ഉണ്ടേ…” ഫോൺ എടുത്തതും അന്ന പറഞ്ഞത് കേട്ടപ്പോഴാണ് അവൾക്ക് സമാധാനം ആയത്… “ഇല്ലെടീ…ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാ…” ടേബിളിൽ ഇരുന്ന വെള്ളം എടുത്ത് കുടിച്ച് കൊണ്ട് ശ്രീ മറുപടി കൊടുത്തു… “ആ ഓക്കെ…” അന്ന ഫോൺ വെച്ചതും ശ്രീ സാവധാനത്തിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി…

കുറച്ച് സമയം കഴിഞ്ഞതും ഗേറ്റിന് മുന്നിൽ നിന്ന് ഹോണിന്റെ സൗണ്ട് കേട്ട് ശ്രീ വേഗം ബാഗും എടുത്ത് ഷേർളിയോട് യാത്രയും പറഞ്ഞ ഇറങ്ങി… അന്ന ബുള്ളറ്റലാവും എന്ന് കരുതിയാണ് ശ്രീ ഇറങ്ങിയതെങ്കിലും സാമിന്റെ കാർ കണ്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… ശ്രീ വേഗം തന്നെ കാറിന് അടുത്തേക്ക് ചെന്ന് ബാക്ക് സീറ്റിലേക്ക് കയറി… “ഹൗ…ഇന്ന് എന്താ ടീ പെർഫ്യൂമിന്റെ സ്മെൽ അധികം….നീ കുളിച്ചിട്ടില്ലേ…?” അന്ന ശ്രീയുടെ നേരെ തിരിഞ്ഞ് കൊണ്ട് കൂർപ്പിച്ച് നോക്കിയതും അവളൊന്ന് ഇളിച്ച് കാണിച്ചു… “എണീക്കാൻ ലേറ്റ് ആയി മോളേ….നീ കോളേജിലേക്ക് ഉണ്ന്ന് അറിയായിരുന്നേൽ ഞാൻ കുളിച്ചേനേ..” ശ്രീ അന്നയെ നോക്കി പതുക്കെ പറഞ്ഞു…

“ഉവ്വാ…നിനക്കൽപം നേരതാതെ എഴുന്നേറ്റാൽ എന്താ കുഴപ്പം.. .രാത്രി കക്കാനൊന്നും പോവാറില്ലല്ലോ…?” അന്ന കുറുമ്പോടെ ചോദിച്ചതും ശ്രീ മുഖം വീർപ്പിച്ച് തല ഒരു വശത്തേക്ക് വെട്ടിച്ചു… “ഈശോയേ….ഞാനിപ്പോ വരാമേ….എന്റെ ഫോൺ എടുത്തില്ല…” അന്ന ഹാളിൽ മറന്ന് വെച്ച ഫോണിന്റെ കാര്യം ഓർമ വന്നതും കാറിൽ നിന്ന് ഇറങ്ങി ഓടിയിരുന്നു… അവൾ പോയതും ശ്രീയുടെ നോട്ടം മുഴുവൻ അവളുടെ ഇച്ചായനിലേക്ക് മാത്രമായി ചുരുങ്ങി… കാറിൽ കയറി ഇരുന്നപ്പോൾ മുതൽ ഫോണിലേക്ക് തലയും കുനിച്ച് ഇരിക്കുകയായിരുന്ന സാമിനെ ശ്രീ നല്ലത് പോലെ ശ്രദ്ധിച്ചിരുന്നു… ഇതിനിടെ ഒരു തവണ പോലും അവൻ തന്നെ മുഖം ഉയർത്തി നോക്കിയില്ല എന്നത് അവളെ തെല്ലൊന്ന് വേദനിപ്പിച്ചു…

“ഇതിൽ കയറി ഇരുന്ന് ഇത്ര നേരമായിട്ടും ഒന്ന് നോക്കുക പോലും ചെയ്തില്ലല്ലോ….ദുഷ്ടൻ….എന്നെ തിരിഞ്ഞൊന്ന് നോക്കി എന്ന് വെച്ച് ഇങ്ങേരുടെ കണ്ണ് അടിച്ച് പോവുമോ…. കാലൻ…ഹും…” സാമിനെ നോക്കിക്കൊണ്ട് ശ്രീ ഓരോന്ന് പിറുപിറുത്ത് ചുണ്ട് കോട്ടി പുറത്തേക്ക് നോക്കി ഇരുന്നു… അവളുടെ പ്രവർത്തികളെല്ലാം അവൾ അറിയാതെ ഇടം കണ്ണിട്ട് ശ്രദ്ധിക്കുന്ന സാമിന്റെ ചുണ്ടിൽ കള്ളച്ചിരി വിരിഞ്ഞിരുന്നു…. “ദൈവമേ…ഇനി വല്ല പിടക്കോഴികൾക്കും തീറ്റ ഇട്ട് കൊടുക്കുന്നത് വല്ലതും ആകുമോ….അങ്ങനെ വല്ലതും ആണെങ്കിൽ നിങ്ങളുടെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും….നോക്കിക്കോ..”

സാമിന്റെ മുഖത്ത് വിരിഞ്ഞ ചിരി കാണെ ശ്രീ പല്ലിറുമ്മിക്കൊണ്ട് അവനെ നോക്കി.. “അതേ….” സാം മൈന്റ് ചെയ്യാത്തത് കണ്ട് സഹിക്കാൻ പറ്റാതെ ശ്രീ പതിയെ അവനെ വിളിച്ചു… അവനെ വിളിക്കുന്നത് കേട്ടെങ്കിലും മുഖം തിരിക്കാതെ മറുപടിയായി ഒന്ന മെല്ലെ മൂളി കൊടുത്തു… “അതേ….ഇച്ചായാ….” ശ്രീ സീറ്റിൽ നിന്നും കുറച്ച് കൂടി മുന്നോട്ട് ഇരുന്ന് അവന്റെ തോളിലേക്ക് കൈ വെക്കാൻ ഒരുങ്ങിയതും അന്ന വന്ന് ബാക്കിലേക്ക് കയറിയിരുന്നു… “നമുക്ക് പോവാം…” ബാഗ് സീറ്റിലേക്ക് വെച്ച് സൈഡിലെ മിററിലൂടെ സാമിനെ നോക്കി… “ഓഹ്…കുറച്ച് കഴിഞ്ഞിട്ട് വന്നാൽ പോരായിരുന്നോ കോപ്പേ നിനക്ക്….?”

സാം അന്നയെ നോക്കി പല്ലിറുമ്മി…. “എന്താ ഇച്ചേ..എന്തെങ്കിലും പറഞ്ഞോ…?” സാമിന്റെ മുറുമുറുക്കൽ കേട്ട് സംശയത്തോടെ അന്ന അവനെ നോക്കി…. “ഏയ്…നമുക്ക് പോവാമെന്ന് പറഞ്ഞതാണ്…” സാം പല്ല് കടിച്ച് പിടിച്ച് മുഖത്തൊരു ചിരി വരുത്തി അവളെ ഒന്ന് നോക്കി കാർ സ്റ്റാർട്ട് ചെയ്തു… ****** അവരെ കോളേജിൽ ഇറക്കി സാം നേരെ ഹോസ്പിറ്റലിലേക്കാണ് പോയത്… അവിടെ എത്തിയതും ക്യാബിനിലേക്ക് പോവുന്നതിന് മുൻപ് ആദ്യം അമ്മച്ചിയെ കാണാൻ വേണ്ടി റൂമിലേക്ക് ചെന്നു… ഡോർ തുറന്നതും ചുവരിലേക്ക് ചാരി ഇരിക്കുന്ന അമ്മച്ചിയുടെ അടുത്ത് ബെഡിലായി ഇരുന്ന് ഓറഞ്ച് തൊലി മാറ്റി ഓരോ അല്ലികളായി വായിലേക്കിടുന്ന അലക്സിനെ ആണ് കണ്ടത്…

ഇടക്ക് ഓരോന്ന് അമ്മച്ചിയുടെ വായിലേക്കും വെച്ച് കൊടുക്കുന്നുണ്ട്… “ആഹാ…നീ രാവിലെ തന്നെ എത്തിയോ…?” അലക്സിനെ നോക്കി ചിരിയോടെ അകത്തേക്ക് കയറിയാണ് അവന്റെ ചോദ്യം… “എന്താ ഞാൻ വന്നത് നിനക്ക് പിടിച്ചില്ലേ….പറയെടാ….?” അലക്സ് മുഖം കൂർപ്പിച്ച് വെച്ച് ചോദിച്ചതും സാം അവനെ നോക്കി കൈ കൂപ്പി… “നീ സ്ഥിരം ഇവിടെ തന്നെ നിന്നാലും എനിക്ക് പ്രശ്നം ഇല്ല മോനേ…ഏതായാലും ഇവിടെ സെക്യൂരിറ്റി ആയിട്ട് ഒരാളുടെ കുറവ് കൂടെ ഉണ്ട്..നമുക്ക ഒരു കൈ നോക്കിയാലോ….” സാം അലക്സിന്റെ തോളിലൂടെ കൈയിട്ട് ബെഡിൽ ഇരുന്നു… “പോടാ %!!+!*…” അമ്മച്ചി കേൾക്കാതെ ചെവിയിലേക്ക് മുഖം അടുപ്പിച്ച് വെച്ച് രണ്ട് തെറി പറഞ്ഞതും സാമിന് തൃപ്തിയായി… “അല്ല അമ്മച്ചീ….

എവിടെ അങ്കിളും ആന്റിയും….?” ചുറ്റിലും കണ്ണോടിച്ച് കൊണ്ടാണ് അവന്റെ ചോദ്യം… “അലക്സ് മോൻ വന്നപ്പോ അവൾക്ക് നടുവേദനക്ക് ഏതോ ഡോക്ടറെ കണ്ടേച്ച് വരാമെന്ന് പറഞ്ഞ് പോയതാണ്….” അമ്മച്ചി പറഞ്ഞ് തീർന്നതും ഡോർ തുറന്ന് മരിയയും ജോസും റൂമിലേക്ക് കയറിയിരുന്നു… “ആ സാമേ നീ വന്നോ….ഞങ്ങൾ ഒന്ന് ഡോക്ടറുടെ അടുത്ത് പോയതായിരുന്നു..എനിക്ക് ഇടക്കിടെ ഒരു നടുവേദന… കുറേ കാലമായി കൊണ്ട് നടക്കുന്നു..ഇന്ന് അതൊന്ന് കാണിച്ചു…” സാം രണ്ട് പേരെയും നോക്കി പുഞ്ചിരിയോടെ ബെഡിൽ നിന്ന് എഴുന്നേറ്റു… “ആരെയാ റാഫിയെ ആണോ കാണിച്ചത്…എന്ത് പറഞ്ഞു..?”

മരിയയുടെ കൈ പിടിച്ച് കൊണ്ട് വിവരം അന്വേഷിച്ചതും അവർ ഡോക്ടർ പറഞ്ഞ കാര്യങ്ങളെ കുറിച്ച് മുഴുവൻ അവനോട് പറഞ്ഞു… “അല്ല പിള്ളാരേ…രണ്ടാൾക്കും വയസ്സ് പത്തിരുപത്തെട്ട് ആയില്ലായോ…ഇനിയും ഇങ്ങനെ ഒറ്റത്തടിയായിട്ട് നടക്കാനാണോ തീരുമാനം…?” ഓരോന്ന് സംസാരിച്ചിരിക്കുന്ന സമയത്താണ് മരിയ സാമിനെയും അലക്സിനെയും നോക്കി ചോദിച്ചത്… “ഏയ്…ആ തീരുമാനം ഒക്കെ എന്നോ മാറി…ഇനി അതിന് പറ്റിയ സമയം കൂടെ ഒത്ത് വന്നാൽ മതി അല്ലേ അലക്സേ…?” സാം ഒരു കുസൃതി ചിരിയോടെ അലക്സിന്റെ തോളിൽ കൈയിട്ട് കൊണ്ട് പറഞ്ഞതും അവനും ഒന്ന് ചിരിച്ച് കൊടുത്തു… “നിങ്ങളുടെ സമയം ഒന്നും ഇനിയും ആയില്ലായോ….

ഇതിയാൻ നിങ്ങളെ പ്രായത്തിൽ ഒരു കൊച്ചിന്റെ അപ്പനാ….” മരിയ അടുത്ത് നിൽക്കുന്ന ജോസിന്റെ കൈയിലേക്ക് കോർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു… “അവര് കുറച്ച് കാലം കൂടെ സന്തോഷത്തോടെ ജീവിക്കട്ടേ എന്റെ മറിയാമ്മോ….കെട്ടി കഴിഞ്ഞാ പിന്നെ…” ജോസ് എന്തോ പറയാൻ വന്നതും മരിയ കണ്ണുരുട്ടിക്കൊണ്ട് അയാളെ നോക്കി നിൽക്കുന്നത് കണ്ട് പകുതിയും വിഴുങ്ങി… “അല്ല…കെട്ടി കഴിഞ്ഞാ പിന്നെ കെട്ട്യോളുടെ സന്തോഷം അല്ലേ നമുക്ക് വലുത്….അല്ലേ അമ്മച്ചീ….?” വിളറിയ മുഖത്തോടെ ജോസ് അമ്മച്ചിയെ നോക്കിയതും അവർ ചിരി കടിച്ച് പിടിച്ച് കൊണ്ട് തലയാട്ടി…. “എന്നാ പിന്നെ ഞങ്ങൾ ഇറങ്ങിയേക്കുവാ അമ്മച്ചീ….”

ജോസും മരിയയും യാത്ര പറഞ്ഞ് പോയതും സാം അമ്മച്ചിയുടെ തോളിലേക്ക് ചാരി ഇരുന്നു… “എന്നാ അമ്മച്ചീടെ മോനൊരു ചിന്ത…?” സാമിന്റെ തിങ്ങി നിറഞ്ഞ മുടിയിഴികൾക്കിടയിലൂടെ വിരലോടിച്ച് കൊണ്ട് അമ്മച്ചി അവനെ നോക്കി… “ഏയ്…ഞാൻ അങ്കിളിനെ പറ്റി ആലോചിച്ചതാ….പണ്ടൊക്കെ ദേഷ്യവും വാശിയും കൂടെപിറപ്പായിട്ട് കൊണ്ട് നടക്കുന്ന ആളായിരുന്നു അങ്കിൾ എന്ന് പപ്പ പറയുവായിരുന്നു… ആ അങ്കിളാണ് ഇതെന്ന് വിശ്വാസം വരുന്നില്ല…” സാം പറഞ്ഞത് കേട്ട് അമ്മച്ചി ചിരിച്ചു… “നിന്റെ വല്യപ്പച്ചനെ പോലെ ആയിരുന്നു പണ്ട് ജോസിന്റെ സ്വഭാവം….ദേഷ്യം വന്നാൽ പിന്നെ അവന്റെ അടുത്തൂടെ പോലും ആരും പോവാൻ പേടിക്കും…പക്ഷേ മരിയ വന്നതോടെ അതൊക്കെ മാറി…”

ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി ഒളിപ്പിച്ച് കൊണ്ട് അവർ പറഞ്ഞതും സാം അമ്മച്ചിയുടെ തോളിൽ നിന്ന് മുഖം ഉയർത്തി… “വല്യപ്പച്ചൻ എങ്ങനെ ആയിരുന്നു അമ്മച്ചീ…?” സാമിന്റെ സ്വരത്തിൽ ആകാംക്ഷ നിറഞ്ഞിരുന്നു… “പുലിക്കാട്ടിൽ തോമാച്ചൻ എന്ന എന്റെ അച്ചായന് ഒരു നല്ല മനുഷ്യനോ അപ്പനോ സഹോദരനോ മകനോ ഒന്നും ആവാൻ കഴിഞ്ഞിട്ടില്ല..പക്ഷേ അതിയാൻ എനിക്ക് ഒരു നല്ല ഭർത്താവ് ആയിരുന്നു….മരിക്കുന്നത് വരെ ഞാൻ കഴിഞ്ഞിട്ടേ അങ്ങേർക്ക് മറ്റെന്തും ഉണ്ടായിരുന്നുള്ളൂ…” അമ്മച്ചി ഒരു നെടുവീർപ്പോടെ പറഞ്ഞ് നിർത്തി….ഇനിയും ചോദിച്ചാൽ അമ്മച്ചിക്ക് വിഷമം ആയാലോ എന്ന് കരുതി അവൻ ഒന്നും മിണ്ടിയില്ല… “അതൊക്കെ പോട്ടേ….

എന്റെ മോന്റെ മനസ്സിലുള്ള പെണ്ണ് ഏതാ….അമ്മച്ചിയോട് പറയ്….” സാം കള്ളച്ചിരിയോടെ അവരെ നോക്കി ഇല്ലെന്ന് തല ചലിപ്പിച്ചു… “അയ്യടാ…അത് സർപ്രൈസ് ആണ്…” “ഒന്ന് പറയ് സാമേ….” അമ്മച്ചി മുഖം ചുളിച്ച് വെച്ച് അവനെ നോക്കി… “സമയം ആയിട്ടില്ല അമ്മച്ചിയേ….എന്നാണേലും വൈകാതെ ഞാനെന്റെ പെണ്ണിനെ അമ്മച്ചീടേ മുന്നിൽ നിർത്തിക്കും… പോരേ…പക്ഷേ അന്ന് ഞെട്ടരുത്….” പറയുന്നതിനിടയിൽ അവരുടെ താടിയിൽ പിടിച്ച് കൊഞ്ചിക്കാനും അവൻ മറന്നില്ല… “അതെന്നാ ടാ….കണ്ടാൽ ഞെട്ടാൻ മാത്രം….ആ കൊച്ചിന്റെ പേരെങ്കിലും ഒന്ന് പറയ്….

എനിക്കറിയാവുന്ന ആരെങ്കിലും ആണോ…?” അമ്മച്ചിയുടെ കൂർപ്പിച്ചുള്ള നോട്ടം കണ്ട് സാം കണ്ണുകൾ ഒന്ന് ചിമ്മി അടച്ച് കുസൃതി ചിരിയോടെ നിന്നു… “ചിരിക്കാതെ പറ ചെക്കാ…?” അവന്റെ ചിരി കണ്ട് അമ്മച്ചിക്ക് ദേഷ്യം വന്നിരുന്നു… “മ്മ്….അമ്മച്ചിക്ക് അറിയാവുന്ന ഒരു കൊച്ച് തന്നെയാ…തൽകാലം എന്റെ അമ്മച്ചി ഇപ്പോ അത് മാത്രം അറിഞ്ഞാ മതി….അല്ലേ ടാ അലക്സേ…?” സാം കള്ളച്ചിരിയോടെ അലക്സിനെ നോക്കി കണ്ണിറുക്കിയതും അവന്റെ ചുണ്ടുകളിലും ഒരു പുഞ്ചിരി വിരിഞ്ഞു… അധികം വൈകാതെ തന്നെ ആ ചിരി അമ്മച്ചിയുടെ ചുണ്ടുകളിലും സ്ഥാനം പിടിച്ചിരുന്നു… ***

രണ്ട് മൂന്ന് ദിവസത്തിന് ശേഷം അമ്മച്ചിയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് പുലിക്കാട്ടിലേക്ക് കൊണ്ട് വന്നു… ഈ ദിവസങ്ങളിൽ ഒന്നും സാം ശ്രീയെ കണ്ട ഭാവം നടിച്ചിരുന്നില്ല… അവളാണെങ്കിൽ സാമിനെ കണ്ട് ഒന്ന് സംസാരിച്ചാൽ മതി എന്ന അവസ്ഥയിലും… അമ്മച്ചിയെ ഡിസ്ചാർജ് ചെയ്തതും വീട്ടിലേക്ക് ഓരോരുത്തരായി അവരെ കാണാൻ വേണ്ടി വന്നു… അത് കൊണ്ട് തന്നെ ഇപ്പോൾ വല്ലപ്പോഴും മാത്രമേ ശ്രീ അങ്ങോട്ടേക്ക് പോവാറുണ്ടായിരുന്നുള്ളൂ… അന്നും പുലിക്കാട്ടിൽ മുഴുവൻ ത്രേസ്യാമ്മച്ചിയുടെ മക്കളും മരുമക്കളും പേരക്കുട്ടികളും വന്നിരുന്നു…

വീട് നിറച്ച് ആളുകൾ ആയത് കൊണ്ട് തന്നെ മുറ്റത്ത് വന്ന് നിർത്തിയ കാറിന്റെ ശബ്ദം അകത്തിരിക്കുന്നവർ ഒന്നും കേട്ടിരുന്നില്ല… പുരുഷ പ്രജകൾ എല്ലാവരും ടെറസിൽ ഒത്തുകൂടിയത് കൊണ്ട് ഉമ്മറത്തും ആരുമില്ലായിരുന്നു… കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് ഒരു പത്തൻപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളും കോ ഡ്രൈവർ സീറ്റിൽ നിന്ന് ഒരു മദ്ധ്യവയസ്കയായ സുന്ദരിയായ സ്ത്രീയും ഇറങ്ങി… ഉമ്മറത്ത് എത്തി കോളിങ് ബെൽ അടിച്ചതും റീന ആണ് വന്ന് നോക്കിയത്… “എന്നതാ റീനേ….മനസ്സിലായില്ലായോ…?” ആ സ്ത്രീ പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും ആളെ മനസ്സിലായത് പോലെ റീനയുടെ മുഖം വിടർന്നു…

“ഈശോയേ…ഇതാരൊക്കെയാ..ജെനി മോളുടെ പപ്പയും മമ്മയും അല്ലേ….വന്നാട്ടേ…” റീന അവരെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചതും രണ്ട് പേരും പരസ്പരം നോക്കി പുഞ്ചിരിച്ച് കൊണ്ട് അകത്തേക്ക് കയറി… ആദ്യം തന്നെ അമ്മച്ചിയുടെ അടുത്തേക്കാണ് അവര് പോയത്… “സാം ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുന്നതല്ലേ ഉണ്ടാവൂ…” അമ്മച്ചിയുടെ അടുത്ത് നിന്ന് സംസാരിക്കുന്നതിനിടയിലാണ് മാത്യൂവിന്റെ സഹോദരി ചോദിച്ചത്… “അതേ…അല്ല ചേച്ചീ ജെനി മോൾ എവിടെ….അവൾ പോന്നില്ലായോ…?” റീന സംശയത്തോടെ ജെനിയുടെ മമ്മ ആയ ജാനറ്റിനെ നോക്കി… “അവൾ സാമിന്റെ കൂടെ വരാമെന്ന് പറഞ്ഞതാണ്…എന്തോ ഷോപ്പിങ് ഉണ്ടെന്ന്…”

ജാനറ്റ് ഒരു ചിരിയോടെ അവർ എല്ലാവരോടുമായി പറഞ്ഞു…. ജെനിയെ പോലെ തന്നെ അവളുടെ പപ്പയേയും മമ്മയേയും അവിടെ ഉള്ള അധികം പേർക്കും പരിചിതമായിരുന്നു… വിരുന്നുകാർ വന്നത് അറിഞ്ഞതും ടെറസിൽ ഇരുന്ന് അടി തുടങ്ങാൻ നോക്കിയവർ താഴേക്ക് ചെന്നു… എല്ലാവരും ഹാളിൽ ഇരുന്ന് ഓരോരോ വിഷേശങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു… “എല്ലാവരും ഉള്ള സ്ഥിതിക്ക് ഞങ്ങളുടെ ഒരു ആഗ്രഹം നിങ്ങളോട് പറഞ്ഞോട്ടേ…” ജെനിയുടെ പപ്പ ഫിലിപ്പിന്റെതാണ് ചോദ്യം… “താനെന്തിനാ ഫിലിപ്പേ ഫോർമാലിറ്റി ഒക്കെ കാണിക്കുന്നത്…നീ ചോദിക്ക്…?”

മാത്യൂ ഫിലിപ്പിന് ധൈര്യം കൊടുത്തതും അയാൾ ചിരിച്ച് കൊണ്ട് എല്ലാവെരെയും ഒന്ന് കണ്ണോടിച്ച് നോക്കിക്കൊണ്ട് മാത്യൂവെന് നേരെ തിരിഞ്ഞു… “മാത്യൂ…ഞാനൊരു വിവാഹാലോചനയും ആയിട്ടാണ് വന്നത്… സാമിനും ജെനിക്കും…ഞങ്ങൾക്ക് ഒറ്റ മോളാണ് ജെനി എന്ന് അറിയാമല്ലോ….ഇത്രയും കാലം അവൾ ജോലി ജോലി എന്ന് പറഞ്ഞ് വിവാഹത്തിൽ നിന്നും ഒഴിഞ്ഞ് മാറി നടന്നു….ഇപ്പോ നല്ലൊരു ജോലി ആയി….ഇനി ഒരു വിവാഹമാണ് വേണ്ടത്… അത് പോലെ സാമിനും…ജെനി അവന്റെ ഒരു വയസിന് ഇളയതും അല്ലേ….ഞങ്ങളുടെ ചിന്തയിൽ മോൾക്ക് സാമിനെക്കാൾ നല്ലൊരു ചെറുക്കനെ വേറെ കിട്ടില്ല….

നിങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ നമുക്കീ പ്രൊപ്പോസൽ മുന്നോട്ട് കൊണ്ട് പൊയ്ക്കൂടേ….” ഫിലിപ്പ് പറഞ്ഞ് നിർത്തി എല്ലാവരുടെയും മുഖത്തിലൂടെ കണ്ണോടിച്ചു… അവിടെ നിൽക്കന്നതിൽ ഒരാളുടെ മുഖത്തും അനിഷ്ടം കാണുന്നില്ലായിരുന്നു… മറിച്ച് ഭൂരിഭാഗം പേരും ചിരിച്ച മുഖത്തോടെ ആണ് നിൽക്കുന്നത്… “ഇതിൽ താൽപര്യ കുറവ് എന്നൊന്ന് ഇല്ല ഫിലിപ്പേ…ഞങ്ങളും ഇതെന്നോ മനസ്സിൽ വിചാരിച്ച കാര്യമാണ്….ജെനി മോളെ ഇവിടുത്തെ മരുമൾ ആക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷം മാത്രമേ ഉള്ളൂ…” മാത്യൂ നിറഞ്ഞ പുഞ്ചിരിയോട് കൂടെ പറഞ്ഞതും ഫിലിപ്പിന്റയും ജാനറ്റിന്റയും മുഖത്തും അതേ പുഞ്ചിരി നിറഞ്ഞു… എന്നാൽ ഒരു വാതിലിനപ്പുറം അവരുടെ സന്തോഷമെല്ലാം നോക്കി കണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ നിൽക്കുന്ന ശ്രീയെ ആരും ശ്രദ്ധിച്ചിരുന്നില്ല……..തുടരും

നിനക്കായ് : ഭാഗം 75

Share this story