പുതിയൊരു തുടക്കം: ഭാഗം 6

പുതിയൊരു തുടക്കം: ഭാഗം 6

എഴുത്തുകാരി: അനില സനൽ അനുരാധ

രാത്രി ആദി മുറിയിലേക്ക് വരുമ്പോൾ ജീവൻ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. സംസാരം കാതിൽ പതിഞ്ഞതും അവൾ ചാരിയിട്ട വാതിലിനു അരികിൽ നിന്നു… “ഗീതു… ഒന്നും മനഃപൂർവം ആയിരുന്നില്ല… അന്ന് അങ്ങനെയൊക്കെ പറ്റി പോയി… ഞാൻ സംസാരിക്കാം… എനിക്ക് കുറച്ചു സമയം കൂടി തരണം… അവിവേകം ഒന്നും കാണിക്കരുത്…” ജീവന്റെ ആകുലത നിറഞ്ഞ ശബ്ദം ആദിയിൽ നിറഞ്ഞു… അവൾ ഇപ്പോഴും ജീവേട്ടനു വേണ്ടി കാത്തിരിക്കുന്നുണ്ടാകുമോ? ജീവൻ സംസാരം നിർത്തി കുറച്ചു കഴിഞ്ഞാണ് ആദി മുറിയിലേക്ക് കടന്നത്… മുഖം ഇരു കൈകളിലും വെച്ച് ബെഡിൽ ഇരിക്കുന്ന ജീവനെ കണ്ടപ്പോൾ ആദിയ്ക്ക് അവനോട് സഹതാപം തോന്നി…

അവൾ കിടന്ന് ഏറെ നേരം കഴിഞ്ഞാണ് അവൻ കിടന്നത്… ജീവൻ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് ആദി അറിയുന്നുണ്ടായിരുന്നു… അവൾക്കും അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല… പിന്നീടുള്ള ദിവസങ്ങളിലും അവനെ വളരെ അസ്വസ്ഥനായി കാണപ്പെട്ടു… ദേഷ്യപ്പെടുന്നതു പോലും ഇല്ലായിരുന്നു… എന്തോ കാര്യമായ പ്രശ്നമാണെന്ന് അവൾക്ക് തോന്നി… അവന്റെ മനസ്സിലെ ഭാരം എന്താണെന്ന് അറിയാൻ താല്പര്യം ഉണ്ടായിരുന്നെങ്കിലും ജീവന്റെ സ്വഭാവം വെച്ചു നോക്കുമ്പോൾ ഒന്നും തുറന്നു പറയില്ലെന്ന് അവൾക്ക് അറിയാമായിരുന്നു… അതു കൊണ്ട് അവൾ ഒന്നും തിരക്കിയില്ല… അവൻ പറഞ്ഞതും ഇല്ല. ഒരു ദിവസം ജീവൻ കുളിക്കാൻ കയറിയ സമയത്ത് അവന്റെ ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു.

ആദി ഫോൺ എടുത്തു നോക്കി… ഗീതു കാളിങ് എന്ന് കണ്ടപ്പോൾ ആദ്യം ഒന്നു സംശയിച്ചെങ്കിലും കാൾ എടുത്തു… “ജീവാ… നീ എന്റെ ജീവിതം വെച്ചു കളിക്കരുത്… ആകെ തളർന്നിരിക്കാണ് ഞാൻ… നീ ഇതിനൊരു പരിഹാരം എത്രയും വേഗം കണ്ടില്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല… ” ആദി ഒരു ഞെട്ടലോടെ സംഗീത പറയുന്നത് കേട്ടു. “ജീവാ…. നീ എന്താ ഒന്നും പറയാത്തത്… ജീവാ… ” ആദി വേഗം കാൾ കട്ട്‌ ചെയ്തു. അതിനു ശേഷം കാൾ ഡീറ്റൈൽസ് ഡിലീറ്റ് ചെയ്തു. ആ കുട്ടി കാത്തിരിക്കുന്നുണ്ടെങ്കിൽ എന്നെ എന്തിന് വിവാഹം കഴിച്ചു… ജീവനോട് ഇനിയും ഈ കാര്യത്തെ കുറിച്ച് ചോദിക്കാതിരുന്നാൽ ശരിയാകില്ലെന്ന് തോന്നി… ആദ്യം ഹിമ.. പിന്നെ കിച്ചേട്ടൻ…

ഇനി ആ കുട്ടിയും കൂടി താൻ കാരണം ആത്മഹത്യയ്ക്ക് മുതിരുമോ… ആദിയ്ക്ക് ആലോചിക്കും തോറും തളർച്ച തോന്നി… ജീവേട്ടനോടൊപ്പം നിൽക്കുന്ന അവളുടെ ചിത്രം മനസ്സിൽ തെളിഞ്ഞു… ആ കുട്ടി ഇനി വല്ല അവിവേകവും കാണിക്കുമോ… ജീവൻ കുളി കഴിഞ്ഞ് ഇറങ്ങുന്നതു വരെ അവൾ അവിടെ തന്നെ നിന്നു. അവൻ തല തുവർത്തി കൊണ്ട് ഇറങ്ങി വരുന്നുണ്ടായിരുന്നു… അവളെ കണ്ടപ്പോൾ അവൻ മുഖം തിരിച്ചു… കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു. “എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു… ” “കേൾക്കാൻ ഇപ്പോൾ സമയം ഇല്ല… പോയിട്ടു കുറച്ച് തിരക്കുണ്ട്… ” “എനിക്ക് സംസാരിക്കണം…” “പിന്നെ ആകാം… ” “പിന്നെ പറ്റില്ല ജീവേട്ടാ… ഇനിയും ഈ ടെൻഷൻ ഒന്നും താങ്ങാൻ എനിക്കു വയ്യ… എനിക്ക് സംസാരിക്കണം…

ജീവേട്ടന്റെ മനസ്സിൽ എന്താണെന്നു എനിക്ക് അറിയണം… അതു കേൾക്കാതെ എനിക്ക് പറ്റില്ല… അല്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും ചിലപ്പോൾ… ” “നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ? ” എന്നും ചോദിച്ച് രൂക്ഷമായി അവളെ നോക്കിയ ശേഷം അവൻ വേഗം ഡ്രസ്സ്‌ മാറി.. ബാഗും എടുത്ത് പുറത്തേക്കു നടന്നു. “ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നില്ലേ? ” അവൾ പുറകിൽ നിന്നും തിരക്കി. “വേണ്ട.. ” അവൻ വാതിൽക്കൽ എത്തിയതും തിരിച്ചു മുറിയിലേക്ക് തന്നെ വന്നു . ഷെൽഫ് തുറക്കാൻ നോക്കി. അതു ലോക്ക് ആയിരുന്നു. “ഇതിന്റെ കീ എവിടെ? ” അവൾ വേഗം മേശയുടെ വലിപ്പ് തുറന്നു നോക്കി. സാധാരണയായി അവിടെയാണ് വെക്കാറുള്ളത്. ഗോൾഡ് ഒക്കെ അതിൽ ഇരിക്കുന്ന കാരണം അമ്മയാണ് ലോക്ക് ചെയ്ത് വെക്കാൻ പറഞ്ഞത്… ഇതെവിടെ പോയി. അവൾ വീണ്ടും തിരഞ്ഞു.

“കിട്ടിയില്ലേ? ” “കാണാൻ ഇല്ല… ” ജീവന്റെ മുഖം മാറി… “നിന്നോട് ഇതാരാ പൂട്ടി വെക്കാൻ പറഞ്ഞത്? ” അവൻ ശബ്ദം ഉയർത്തി കൊണ്ട് തിരക്കി… പിന്നെയും ദേഷ്യത്തോടെ ഉറക്കെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അവൾ നിശബ്ദയായി അതെല്ലാം കേട്ടു നിന്നു… അവൾക്കു കരച്ചിൽ വരുന്നുണ്ടായിരുന്നു… അവൻ ഷെൽഫിൽ ആഞ്ഞു ചവിട്ടി… ആ ശബ്ദം കേട്ടതും പേടിയോടെ അവൾ അവനെ നോക്കി… അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു… ആദി ആകെ വിയർത്തു… മുഖത്തു നിന്നും പുറത്തേക്കു ഒരു ചൂട് പ്രവാഹിക്കുന്നതു പോലെ… “ശല്യം… ഇങ്ങനെ ഉപദ്രവിക്കാതെ ഒന്നു പോയി തന്നൂടെ… ” എന്നും പറഞ്ഞ് വാതിൽ വലിച്ചടച്ച് അവൻ പോയി…

വീട്ടിൽ എല്ലാവരും ഈ ബഹളം കേട്ടിട്ടുണ്ടാകും എന്ന് ആദിയ്ക്ക് തോന്നി… അതു കൊണ്ട് വാതിൽ തുറന്നു നോക്കിയില്ല… അകത്തേക്ക് പോകാനും ആരുടേയും മുഖത്തു നോക്കാനും മനസ്സ് ഒരുക്കമായിരുന്നില്ല… ചുവരിൽ ചാരി നിലത്തേക്ക് ഊർന്നിരുന്നു… കരയരുത് എന്ന് കരുതിയിട്ടും കരയാതിരിക്കാൻ കഴിഞ്ഞില്ല… ചങ്ക് പൊട്ടി പോകുന്നതു പോലെ തോന്നി… കാലിൽ മുഖം ചേർത്ത് വെച്ച് കരഞ്ഞു… വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടും വാതിൽക്കലേക്ക് നോക്കിയില്ല… ചുമലിൽ ഒരു കൈ പതിഞ്ഞപ്പോൾ അവൾ കാൽമുട്ടിൽ നിന്നും മുഖം ഉയർത്തി നോക്കി… നിറഞ്ഞ കണ്ണുകളാൽ നോക്കി നിൽക്കുന്ന ദുർഗ… ദുർഗ നിലത്ത് ഇരിക്കാൻ തുനിഞ്ഞതും ആദി അവളുടെ കാലിൽ കെട്ടിപിടിച്ച് ഇരുന്നു…

“ചേച്ചി…. ” ദുർഗ വേദനയോടെ വിളിച്ചു… ആദി മുഖം തുടച്ച് മുഖം ഉയർത്തി ദുർഗയെ നോക്കി… ദുർഗയുടെ കണ്ണുനീർ ആദിയുടെ കവിളിലേക്ക് ഇറ്റി വീണു… ആദി എഴുന്നേറ്റു നിന്നതും ദുർഗ ആദിയുടെ മുഖം കൈകുമ്പിളിൽ പിടിച്ചു… “എന്താ ചേച്ചി… എന്തിനാ ചേച്ചിയെ ഇങ്ങനെ വഴക്ക് പറഞ്ഞത്? ” അവൾ അലിവോടെ തിരക്കി… “ഒന്നും ഇല്ല… നീ അകത്തേക്ക് ചെല്ല്… ” “ഒന്നും ഇല്ലാതെയാണോ ചേച്ചിയെ ഇങ്ങനെ വഴക്കു പറഞ്ഞത്? ” “ഷെൽഫ് ലോക്ക് ചെയ്ത് കീ ഞാൻ മേശയുടെ വലിപ്പിൽ വെച്ചിരുന്നതാ… നോക്കിയപ്പോൾ കണ്ടില്ല… ” “അതിനാണോ ഇങ്ങനെ വഴക്ക് പറഞ്ഞത്… ” “ഉം… ജീവേട്ടനു അത്യാവശ്യമുള്ള എന്തോ അതിൽ ഉണ്ടായിരുന്നു…” “ചേച്ചി വാ ഭക്ഷണം കഴിക്കാം… ” “നീ ചെല്ല്…

ഞാൻ കുറച്ചു നേരം തനിച്ച് ഇരിക്കട്ടെ…” “ഞാൻ അച്ഛനോട് പറയട്ടെ ചേച്ചി… ഈ ബന്ധം വേണ്ടായിരുന്നു ചേച്ചി… എനിക്ക് ഇതൊന്നും സഹിക്കാൻ പറ്റുന്നില്ല… ” “നീ ഒന്നും ഓർത്ത് വിഷമിക്കണ്ട… മോളു പറഞ്ഞ പോലെ ചേച്ചി ചോദിച്ചു വാങ്ങിയ വിധിയല്ലേ… ഞാൻ അനുഭവിച്ചോളാം… ” “എന്റെ സങ്കടം കൊണ്ട് പറഞ്ഞു പോകുന്നതല്ലേ ചേച്ചി അങ്ങനെയൊക്കെ… ജീവന്റെ പെരുമാറ്റം കാണുമ്പോൾ തോന്നും കിച്ചേട്ടന്റെ കൂടെ ആയിരുന്നേൽ ചേച്ചി സന്തോഷത്തോടെ ജീവിച്ചേനെ എന്ന്… അപ്പോൾ അറിയാതെ ദേഷ്യം വരും… അപ്പോൾ ഓരോന്ന് പറഞ്ഞു പോകുന്നതാ… അല്ലാതെ ചേച്ചിയെ വേദനിപ്പിക്കണം എന്ന് കരുതി പറയുന്നതല്ല… ” “മോളു ചെല്ല്…

ഈ സമയത്ത് വെറുതെ ഒന്നും ഓർത്തു ടെൻഷൻ അടിക്കണ്ട… ചേച്ചി ഓക്കെ ആണ്… ” ആദി പുഞ്ചിരിയോടെ പറഞ്ഞു. ദുർഗ പോയതിനു ശേഷം അവൾ മേശയിലെ വലിപ്പിലെ സാധങ്ങൾ എല്ലാം പുറത്തേക്കു എടുത്തിട്ടു. അപ്പോഴാണ് മടക്കി വെച്ച ഒരു കടലാസിനു ഇടയിൽ താക്കോൽ ഇരിക്കുന്നതു കണ്ടത്. അവൾ കീ എടുത്ത് ഷെൽഫിന്റെ ലോക്ക് തുറന്നു. കീ ഷെൽഫിനു മുകളിൽ നിന്നും ഊരി എടുത്തില്ല… രാത്രി വൈകി വന്ന ജീവൻ മദ്യപിച്ചിട്ടുണ്ടായിരുന്നു. അവളോട് ഒന്നും പറയാതെ വന്നതും കിടന്നു. പിറ്റേന്ന് ജീവൻ ഓഫീസിൽ പോയതിനു ശേഷം അമ്മയുടെ അരികിൽ നിന്നും അനുവാദം വാങ്ങിയ ശേഷം ആദി തറവാട്ടിലേക്ക് പോയി. അവളെ തനിച്ചു കണ്ടപ്പോൾ മുത്തശ്ശിയുടെ മുഖം വാടി… “എന്താ മോളെ തനിയെ വന്നത്… ജീവൻ എവിടെ? ” “ഓഫീസിൽ പോയി മുത്തശ്ശി…

അല്ലെങ്കിൽ കൂടെ വന്നേനെ…” കുറച്ചു നേരം അവിടെ ഇരുന്ന് എല്ലാവരോടും സംസാരിച്ച് ഇരുന്നതിനു ശേഷമാണ് അവൾ അവിടെ നിന്നും ഇറങ്ങിയത്. തിരിച്ചു വീട്ടിൽ എത്തുമ്പോൾ ദുർഗ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു… “എവിടെ പോയതാ ചേച്ചി?” “ഞാൻ പറഞ്ഞില്ലേ മോളെ തറവാട്ടിലേക്കാണെന്ന്… ” “അവിടേക്ക് വിളിച്ചപ്പോൾ അവിടെ നിന്ന് പോന്നിട്ട് കുറേ സമയം ആയെന്ന് പറഞ്ഞല്ലോ. ” “തിരിച്ചു വരുന്ന വഴിക്ക് എന്റെ കൂടെ പഠിച്ചിരുന്ന ഒരു കൂട്ടുകാരിയെ കണ്ടു. കുറച്ചു നേരം അവളോട് സംസാരിച്ച് ഇരുന്നു. ” “എന്തേലും സങ്കടം ഉണ്ടോ ചേച്ചി. എന്നോട് പറയ്… ” “എനിക്ക് ഒരു സങ്കടവും ഇല്ല.. നീ വെറുതെ ഓരോന്നു ആലോചിക്കാതെ അകത്തേക്ക് വാ… ”

അന്നു രാത്രിയും ഏറെ നേരം വൈകിയാണ് ജീവൻ വന്നത്… രാവിലെ ജീവൻ എഴുന്നേൽക്കുമ്പോൾ ആദി മുറിയിൽ ഉണ്ടായിരുന്നില്ല. അകത്ത് ഉണ്ടാകും എന്ന് കരുതി അവൻ അവളെ തിരക്കിയതും ഇല്ല… രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ വന്നിരിക്കുമ്പോൾ ദുർഗയുടെ മിഴികൾ ചേച്ചിയെ തിരഞ്ഞു. “ആദി അവിടെ എന്തു ചെയ്യാ മോനെ? ” അമ്മ തിരക്കി… “എവിടെ എന്തു ചെയ്യാണെന്ന്? ” ജീവൻ തിരക്കി… “നിങ്ങളുടെ മുറിയിൽ… ” “അവൾ മുറിയിലൊന്നും ഇല്ല…” “ചേച്ചി മുറിയിൽ ഇല്ലേ? ” ദുർഗ ആന്തലോടെ തിരക്കി. “ഇല്ല… ” “രാവിലെ കാണാത്ത കാരണം ഞാൻ കരുതി എഴുന്നേൽക്കാൻ വൈകി കാണും എന്ന്…

ചേച്ചി എവിടെ പോയിട്ടുണ്ടാകും … ” ദുർഗ വെപ്രാളപ്പെട്ടു… “നീ ഇന്ന് അവളെ കണ്ടില്ലേ ജീവാ? ” ജയൻ തിരക്കി. “ഇല്ല. ഞാൻ എഴുന്നേൽക്കുമ്പോൾ അവൾ മുറിയിൽ ഉണ്ടായിരുന്നില്ല.” “ഈ കുട്ടി ഇതു എവിടെ പോയി… ” അമ്മ ആകുലപ്പെട്ടു. കാളിംഗ് ബെൽ അടിക്കുന്നത് കേട്ടതും ജയൻ വേഗം പോയി വാതിൽ തുറന്നു. മുൻപിൽ അപരിചിതയായ ഒരു യുവതി നിൽക്കുന്നു… സാരിയായിരുന്നു വേഷം.. നിറുകെയിൽ സിന്ദൂരമൊക്കെയുണ്ട്… ജയൻ മനസിലാകാത്ത പോലെ നോക്കി… “ജീവൻ ഇല്ലേ? ” അവൾ തിരക്കി…. “ഉണ്ട്… നിങ്ങൾ ആരാ? ” “ജീവന് എന്നെ അറിയാം… സംഗീത വന്നിട്ടുണ്ടെന്ന് പറഞ്ഞാൽ മതി…” “ജീവാ… ” ജയൻ ഉമ്മറത്തു നിന്ന് തന്നെ അകത്തേക്ക് നോക്കി വിളിച്ചു… ജീവൻ ഉമ്മറത്തേക്ക് വന്നു…

അവളെ അപ്രതീക്ഷിതമായി കണ്ടതും അവൻ ഞെട്ടലോടെ അവളെ നോക്കി. “ഗീതു നീ എന്താ ഇവിടെ? ” അവൻ ഇടർച്ചയോടെ തിരക്കി… അവൾ പാഞ്ഞു വന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു. “എന്റെ ജീവിതം നശിപ്പിക്കാൻ തന്നെയാണോ നീ? ” അവൾ ദേഷ്യത്തോടെ തിരക്കി… “ഇല്ലെടീ… ഞാൻ സന്ദീപിനെ കണ്ടിരുന്നു. അവൻ ദേഷ്യത്തിലാണ്. അവനെ എല്ലാം പറഞ്ഞു മനസിലാക്കാൻ എനിക്ക് കുറച്ചു സമയം കൂടി തരണം. ” അവളുടെ കൈ ഷർട്ടിൽ നിന്നും എടുത്തു മാറ്റി കൊണ്ട് അവൻ പറഞ്ഞു. “ഇതാരാ ജീവാ? “ജയൻ തിരക്കി… അകത്തു നിന്നും അമ്മയും ദുർഗ്ഗയും വന്നു… “മോനെ ജീവാ ഇതാരാ? ” അമ്മയും തിരക്കി. “എന്റെ… എന്റെ ഒരു ഫ്രണ്ട് ആണമ്മേ… ” “മോളു വാ.

അകത്ത് ഇരുന്നു സംസാരിക്കാം… ” അവൾ നിലത്ത് വെച്ചിരുന്ന ബാഗ് എടുത്ത് കയ്യിൽ പിടിച്ചു. “ഇതെന്താ നീ ബാഗുമൊക്കെ ആയിട്ട്? ” ജീവൻ തിരക്കി. “ഞാൻ ഇനി ഇവിടെയാ… നിന്റെ കൂടെ… ” “എന്റെ കൂടെയോ? ” “അല്ലാതെ… സന്ദീപേട്ടൻ എല്ലാം മനസിലാക്കി തിരിച്ചു വിളിക്കാൻ വരും എന്ന പ്രതീക്ഷയിലാണ് ഞാൻ വീട്ടിൽ നിന്നിരുന്നത്. നീയുമായി ഇനി ഒരു ബന്ധവും ഉണ്ടാകരുതെന്ന് താക്കീതും നൽകി വീട്ടുകാർ നിർബന്ധിച്ചു നടത്തിയ വിവാഹമായ കാരണം മുൻപത്തെ കാര്യങ്ങളെ കുറിച്ച് പറഞ്ഞ് എന്നെ കുറ്റപ്പെടുത്തുകയോ സങ്കടപ്പെടുത്തുകയോ ചെയ്തിരുന്നില്ല… എല്ലാം ശരിയാക്കാം എന്ന ശുഭ പ്രതീക്ഷയിൽ ആയിരുന്നു വീട്ടുകാർ… പണ്ടത്തെ സ്നേഹം എനിക്ക് ഇപ്പോൾ നിന്നോട് ഇല്ലെന്ന് അവർ മനസ്സു കൊണ്ടു അംഗീകരിച്ചിരുന്നു…

ഇപ്പോൾ എല്ലാം നീ ആയിട്ട് നശിപ്പിച്ചില്ലേ? ” “ഞാൻ സന്ദീപിനെ കണ്ടിരുന്നു… എത്ര തവണ ശ്രമിച്ചിട്ടാണെന്ന് അറിയുമോ നേരിൽ കാണാൻ അവനൊന്നു കൂട്ടാക്കിയത്… നിന്നോടുള്ള ദേഷ്യത്തിനു അങ്ങനെയൊക്കെ ചെയ്തു പോയി എന്നു ഞാൻ പറഞ്ഞിരുന്നു. അവൻ എന്നെ പൂർണ്ണമായും വിശ്വസിക്കാൻ തയ്യാറാകുന്നില്ല… നീ എനിക്ക് കുറച്ചു കൂടി സമയം തരണം… ” “എന്തൊക്കെയാ നിങ്ങൾ പറയുന്നത്? ” അവർ പറയുന്നത് മനസ്സിലാകാതെ അമ്മ തിരക്കി… ജീവൻ ഒന്നും പറയാതെ നിൽക്കുന്നതു കണ്ടപ്പോൾ സംഗീത പറഞ്ഞു തുടങ്ങി. “അമ്മേ… ഞാനും ജീവനും സ്നേഹത്തിൽ ആയിരുന്നു.

എന്റെ വീട്ടിൽ ഈ കാര്യം അറിഞ്ഞു ആകെ പ്രശ്നമായി. അതിന്റെ പ്രധാന കാരണം എന്റെ ഏട്ടനും ജീവനും തമ്മിൽ മുൻപരിചയമുണ്ട്… അവർ തമ്മിൽ കോളേജിൽ പഠിക്കുന്ന സമയത്ത് രാഷ്ട്രീയ പരമായി ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്… ജീവൻ കാരണം എട്ടന് ഒരിക്കൽ സസ്പെൻഷൻ കിട്ടിയിരുന്നു… അതിന്റെ പേരിൽ അടിയും നടന്നിട്ടുണ്ട്… ഏട്ടൻ ഒരിക്കലും ഈ ബന്ധം അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. പിന്നെ അച്ഛന്റെ സുഹൃത്തിന്റെ ബന്ധത്തിൽ നിന്നും സന്ദീപേട്ടന്റെ ആലോചന വന്നപ്പോൾ എനിക്ക് വിവാഹത്തിനു സമ്മതിക്കേണ്ടി വന്നു. എന്റെ ഫോൺ ഏട്ടന്റെ കയ്യിൽ ആയിരുന്നു.

അതു കൊണ്ട് ജീവനെ വിളിക്കാനും ഒന്നും പറയാനും പറ്റിയില്ല. പക്ഷേ വിവാഹക്കാര്യം എങ്ങനെയെങ്കിലും ജീവൻ അറിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. വിവാഹ ശേഷം ഞാനും സന്ദീപേട്ടനും അദ്ദേഹത്തിന്റെ പെങ്ങളുടെ അടുത്തേക്ക് പോയി. അവർ മലേഷ്യയിലാണ്. തിരിച്ച് എത്തിയപ്പോഴാണ് സന്ദീപേട്ടന്റെ അഡ്രസ്സിൽ ഞങ്ങൾക്ക് വന്ന ഒരു ഗിഫ്റ്റ് പാക്കറ്റ് അമ്മ ഞങ്ങളുടെ മുറിയിൽ വെച്ചിരിക്കുന്നതു കണ്ടത് … ഒരു പുഞ്ചിരിയോടെ അതു തുറന്നു നോക്കിയ സന്ദീപേട്ടന്റെ പുഞ്ചിരി മാഞ്ഞു. മുഖത്ത് ദേഷ്യം നിറഞ്ഞു… അതിൽ കുറേ ഫോട്ടോസ് ഉണ്ടായിരുന്നു… ഞങ്ങൾ ഒപ്പം എടുത്ത ഫോട്ടോസ് മാത്രമായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു… ഇത്…

കുറെ വൃത്തി കെട്ട ഫോട്ടോസ് കൂടി എഡിറ്റ്‌ ചെയ്തു അതിനോടൊപ്പം വെച്ചിരിക്കുന്നു… ചിലത് ഫേക്ക് ഫോട്ടോസ് ആണെന്ന് പറഞ്ഞിട്ട് സന്ദീപേട്ടൻ വിശ്വസിക്കുന്നില്ല. അതിന്റെ പേരിൽ പിന്നെ വഴക്ക് ആയി. ദിവസങ്ങൾ കടന്നു പോകും തോറും ഞങ്ങൾ അകന്നു … ഒരു ദിവസം എന്നെ തിരിച്ചു വീട്ടിൽ കൊണ്ടു വിട്ടിട്ട് പോയി… എനിക്ക് ഇനി മറ്റൊരാളുടെ ഭാര്യയായി ജീവിക്കാൻ പറ്റില്ല… സന്ദീപേട്ടൻ എന്നെ തിരിച്ചു വിളിക്കുന്നതു വരെ ഞാൻ ഇവിടെ താമസിക്കാൻ പോവാ… ഞാൻ ജീവനോടു തെറ്റ് ചെയ്ത് പോയി… പക്ഷേ അതിനു ഇങ്ങനെ ഒരു ശിക്ഷയാണോ തരിക…

ഇതിലും ഭേദം എന്നെ കൊല്ലുന്നതായിരുന്നു.” “ജീവാ… ആ ഫോട്ടോസ് അയച്ചതു നീയാണോ? ” എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ജയൻ തിരക്കി… ജീവൻ കുറ്റവാളിയെ പോലെ മുഖം കുനിച്ചു നിന്നു… “ജീവാ… നീ കേട്ടില്ലേ? ” “കേട്ടു… എന്റെ ഫ്രണ്ട് എഡിറ്റ്‌ ചെയ്ത ഫോട്ടോസും എന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോട്ടോസും കൂടി എന്റെ സമ്മതത്തോടെ എന്റെ ഒരു കൂട്ടുകാരനാണ് അയച്ചു കൊടുത്തത്… സന്ദീപിനെ ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം. അവൻ അവളെ സ്വീകരിക്കും എനിക്ക് ഉറപ്പുണ്ട്… നീ ഇവിടേക്ക് വരണ്ടായിരുന്നു ഗീതു… നീ എന്തിനാ ഇങ്ങോട്ട് വന്നത്? ” “എന്തിനാണ് വന്നതെന്നോ…

എന്റെ വീട്ടുകാർക്ക് എന്നോട് കുറച്ചു അലിവ് ഉണ്ടായിരുന്നു. എന്റെ ഇഷ്ടം ഞാൻ അവർക്ക് വേണ്ടിയാണല്ലോ വേണ്ടെന്നു വെച്ചത് എന്നോർത്ത്… എന്നാൽ അത് ഇപ്പോൾ ഇല്ല. ഇന്നലെ രാത്രി നീ എനിക്ക് അയച്ച മെസ്സേജ് എന്റെ ഏട്ടനാ കണ്ടത്… ” “ഞാൻ അയച്ചിട്ടില്ല… ” “പിന്നെ .. ഇതു നോക്ക്… ” അവൾ ഫോൺ അവന്റെ നേർക്ക് നീട്ടി. ഗീതു… നീ ഇവിടേക്ക് വരണം. തടസ്സങ്ങൾ എല്ലാം മാറി. ഇനി സന്തോഷത്തോടെ പുതിയൊരു ജീവിതം തുടങ്ങാം… ജീവൻ ആ മെസ്സേജ് വായിച്ചു… “ഇതു അയച്ചത് ഞാൻ അല്ല… ” “പിന്നെ ആര്? നീ തന്നെയാ എന്നോട് പക വീട്ടാൻ …” “ഇല്ല ഗീതു… എന്റെ വിവാഹം കഴിഞ്ഞു. ഞാൻ കാരണം നിങ്ങളുടെ ജീവിതം തകരുകയാണല്ലോ എന്നോർത്ത് എന്റെ സമാധാനം നഷ്ടപ്പെട്ടിട്ട് മാസങ്ങളായി.

ഞാൻ അല്ല ഇതു അയച്ചത്… ” പെട്ടെന്ന് അവൻ എന്തോ ഓർത്തതു പോലെ വേഗം മുറിയിലേക്ക് പോയി. തൊട്ടു പിന്നാലെ ജയനും ദുർഗയും… ജീവൻ മുറിയിൽ ആകെയൊന്ന് കണ്ണോടിച്ചു. അപ്പോഴാണ് മേശമേൽ മടക്കി വെച്ചിരിക്കുന്ന കടലാസ്സിൽ അവന്റെ മിഴികൾ തങ്ങി നിന്നത്… അവൻ വേഗം അതെടുത്തു. അതിലെ അക്ഷരങ്ങളിലൂടെ മിഴികൾ പാഞ്ഞു… “ജീവേട്ടാ… ആ മനസ്സിൽ സംഗീത മാത്രമേയുള്ളു എന്ന് അറിയാൻ വൈകി. ആ മനസ്സിൽ അവൾക്ക് മാത്രമേ സ്ഥാനമുണ്ടാകൂ എന്ന് അറിയാമായിരുന്നിട്ടും എന്നോടിങ്ങനെ ചെയ്യണ്ടായിരുന്നു ജീവേട്ടാ… ഇനിയും ഒരു വീട്ടിൽ ഒരു മുറിയിൽ അന്യരെ പോലെ കഴിയാൻ വയ്യ.

അഡ്വക്കേറ്റ് ജിയയുടെ കയ്യിൽ ഞാൻ ഡിവോഴ്സ് പേപ്പറിനുള്ള പേപ്പറിൽ സൈൻ ചെയ്തു കൊടുത്തിട്ടുണ്ട്. അവർക്ക് ജീവേട്ടന്റെ നമ്പറും കൊടുത്തിട്ടുണ്ട്. അതിന്റെ ഡോക്യുമെന്റ്സ് എല്ലാം ശരിയാകുമ്പോൾ അവരു കാണാൻ വരും. ആരോടും യാത്ര പറയാൻ നിൽക്കുന്നില്ല. എന്റെ ജീവിതം ഇങ്ങനെ ആയല്ലോ എന്നോർത്ത് സങ്കടപ്പെടുകയും വേണ്ട. ഞാൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ജീവേട്ടന് നല്ലൊരു ജീവിതമുണ്ടാകാൻ ഞാനും പ്രാർത്ഥിക്കും. ” അവന്റെ കയ്യിൽ ഇരുന്ന കടലാസ് നിലത്തേക്ക് വീണു…… .തുടരും

പുതിയൊരു തുടക്കം: ഭാഗം 5

Share this story