ദാമ്പത്യം: ഭാഗം 14

ദാമ്പത്യം: ഭാഗം 14

എഴുത്തുകാരി: തുഷാര ലക്ഷ്മി

രാവിലെ എഴുന്നേറ്റതുമുതൽ ഒരു ഒളിച്ചു കളിയായിരുന്നു…. ഉറങ്ങി കിടക്കുന്ന അഭിയേട്ടനെ നോക്കാൻ പോലും കഴിയുന്നില്ല…നാണമാണോ….അതോ വിഷമമാണോ………പൂർണ്ണമായി അഭിയേട്ടന്റെ ഭാര്യയാകാൻ മനസ്സാൽ തയ്യാറിക്കഴിഞ്ഞു…പക്ഷേ….മറ്റൊരു മുറിയിൽ അയാളുണ്ടെന്ന ചിന്ത പോലും അഭിയേട്ടനുമായി ഒരു ജീവിതം തുടങ്ങാൻ തടസ്സമായി നിൽക്കുന്നു…സ്വന്തം മനസ്സിനോട് പോലും വെറുപ്പ് തോന്നുന്നു…പക്ഷേ ഇതൊക്കെ എങ്ങനെ അഭിയേട്ടനോട് പറയും… പറഞ്ഞാൽതന്നെ ഉൾക്കൊള്ളാനാകുമോ… അഭിയേട്ടൻ സമ്മതിച്ചതാണ് കാത്തിരിക്കുന്ന കാര്യം…. എന്നാലും പല ചിന്തകളാൽ ഉഴറുന്ന മനസ്സവളെ വലച്ചുകൊണ്ടിരുന്നു…. തെറ്റ് ചെയ്യുന്ന കുട്ടിയുടെ മനസ്സോടെ അഭിയുടെ മുന്നിൽ മിന്നോടിയൊളിക്കാൻ അവളാഗ്രഹിച്ചു…

ഇന്നാണ് വീട്ടിലേയ്ക്കു പോകുന്നത്….. കൊണ്ടുപോകാനുള്ളതൊക്കെ ഒരു ബാഗിലാക്കി വെച്ചു…പെട്ടെന്ന് തന്നെ കുളിച്ചു…. താഴേക്ക് പോയത് മുതൽ അഭിയേട്ടനെ കാണാതെ ഒളിച്ചു നടക്കുകയായിരുന്നു…. ചായ കൊടുക്കുമ്പോഴും, കഴിക്കാനിരിക്കുമ്പോഴും, അഭിയേട്ടന്റെ മുഖത്തു നോക്കാതെ കണ്ണുകൾ താഴേക്കു പതിപ്പിച്ചിരുന്നു…. അഭിയും ശ്രദ്ധിക്കുന്നുണ്ടായോരുന്നു അവളുടെ ഈ കാട്ടിക്കൂട്ടലുകൾ…അവളനുഭവിക്കുന്ന മാനസിക സംഘർഷം അവന് മനസിലായി.. നിർബന്ധിച്ച് കൂടെ കൂട്ടിയതാണ്…അവളുടേത് പോലൊരു അവസ്ഥയിൽ നിൽക്കുന്ന ഒരു പെൺകുട്ടിക്ക് ഒരിക്കലും ഈ വീട്ടിൽ വച്ച് ഒരു ജീവിതം തുടങ്ങാൻ സാധ്യമല്ല എന്ന് മനസ്സിലാക്കേണ്ടത് താനാണ്…അവൾക്കു സമയം ആവശ്യമാണ്….. ഇന്നലത്തെ പോലെ ഒരു അവസ്ഥ വരാതെ താൻ നിയന്ത്രിക്കേണ്ടതായിരുന്നു…. മനസ്സാൽ തന്റെ ശ്രീയോട് ക്ഷമ പറഞ്ഞവൻ… 💙🎼💙💙

വീട്ടിൽനിന്നിറങ്ങി കഴിഞ്ഞ് പരസ്പരം സംസാരിച്ച് പ്രശ്നങ്ങൾ പറഞ്ഞു തീർക്കണമെന്നവൻ ഉറപ്പിച്ചിരുന്നു….കാറിലവൾ നിശബ്ദതയായിരുന്നു… തന്നിലേക്കെത്തുന്ന അവന്റെ നോട്ടങ്ങളെ അവഗണിച്ച് പുറത്തെ കാഴ്ചകളിലേക്കവൾ കണ്ണുകൾ പായിച്ചു….. “” എന്റെ ശ്രീ..?? എന്തിനാ ഈ ഒളിച്ചുകളി നമ്മൾ തമ്മിൽ….?? “” മറുപടി തരാതെ മടിയിൽ കിടന്ന ഷാളിന്റെ തുമ്പ് പിടിച്ച് വിരലിൽ മുറുകി കൊണ്ടിരിക്കുന്ന അവളെ കണ്ടപ്പോൾ താനാണ് അവളുടെ ഈ വേദനയ്ക്ക് കാരണമെന്നോർത്ത് അവന് കുറ്റബോധം തോന്നി…. “” ക്ഷമിക്കെടീ….. എനിക്ക് മനസ്സിലാകുന്നുണ്ട് നീയനുഭവിക്കുന്ന ടെൻഷൻ… ഇന്നലെയെന്റെ പിടിവിട്ടു പോയി…. നിന്നോടല്ലെടി എനിക്കിങ്ങനെയൊക്കെ പെരുമാറാൻ പറ്റൂ…. നിനക്ക് തന്ന വാക്ക് ഞാൻ തെറ്റിക്കില്ല ശ്രീ… പിന്നെ ഇന്നലത്തെ പോലെ കൺട്രോൾ പോയാൽ നല്ലൊരുമ്മയൊക്കെ പ്രതീക്ഷിച്ചോ നീ.. പക്ഷേ പറഞ്ഞ വാക്ക് തെറ്റിക്കില്ല ഇനി…

നിന്റെ സമ്മതമില്ലാതെ ഒന്നിനുമില്ല ഇനി ഞാൻ… അതുകൊണ്ട് ഈ ഒളിച്ചു കളി നിർത്തി എന്നെയൊന്ന് നോക്കുകയെങ്കിലും ചെയ്യൂ നീ… “” പുറത്തുനിന്ന് തലോടിയെത്തുന്ന പോലെ ആശ്വാസത്തിന്റെ ഒരിളം തെന്നൽ തന്റെ മനസ്സിനകത്തും പതിയെ വീശി പുകഞ്ഞുനിന്നിടങ്ങളൊക്കെ കുളിർ പരത്തുന്നതറിഞ്ഞു… “” അതു…പിന്നെ….അതു….മാത്രമല്ല….എനിക്ക് അഭിയേട്ടനെ നോക്കുമ്പോൾ എന്തോ പോലെയായിരുന്നു… ഇമേജ്… പോയ….പോലെ….അതാ…ഞാൻ…മിണ്ടാതിരുന്നത്… “” ചെറിയ ചമ്മലോടെ വിക്കിവിക്കി പറയുമ്പോഴേക്കും ആള് പൊട്ടി ചിരിച്ചിരുന്നു… “” എന്റെ ശ്രീ….. നീ എന്റെ ഭാര്യയാണ്, അല്ലാതെ അയൽവീട്ടിലെ കാണാരൻ ചേട്ടന്റെ ഭാര്യയല്ല…. നിനക്ക് എന്നോട് എങ്ങനെ വേണമെങ്കിലും പെരുമാറികൂടെ…

നീ പറയും പോലെയാണെങ്കിൽ എന്റെ ഇമേജ് മുഴുവൻ പോയി ഞാൻ ഫീൽഡ്ഔട്ട്‌ ആകുമല്ലോ…അമ്മാതിരി കാര്യമല്ലേ ഞാൻ ചെയ്തത്…. എന്നിട്ടും ഞാനിങ്ങനെ പാറ പോലെയിരിക്കുന്നില്ലേ…. അവളുടെ ഒരു ഇമേജ് “” ഒരു കളിയാക്കലോടെ പറയുന്ന അഭിയേട്ടനെ നോക്കി മുഖം വീർപ്പിച്ചിരുന്നുവെങ്കിലും വല്ലാത്തൊരു സന്തോഷം ഉള്ളിൽ നിറയുന്നുണ്ടായിരുന്നു…. കാറും കോളുമൊഴിഞ്ഞു മനസ്‌ ശാന്തമായിരിക്കുന്നു… വിഷമങ്ങൾ പറയാതെ പോലും മനസിലാക്കുന്ന ഈ മനുഷ്യൻ തന്റെ ഭാഗ്യമാണെന്ന് ആ നിമിഷം ഒരിക്കൽ കൂടി മനസിലാക്കുകയായിരുന്നു…സന്തോഷത്തോടെ തന്നെ ബാക്കി യാത്ര തുടർന്നു…. 💙🎼💙💙🎼🎼💙

ആര്യയുടെ വീട്ടിലെല്ലാവരുമവരെ കാത്തിരിക്കുകയായിരുന്നു….വസ്ത്രങ്ങളും, മധുരപലഹാരങ്ങളുമൊക്കെയായി വന്ന അവരെ വീട്ടിലുള്ളവരും നല്ല പോലെ സൽക്കരിച്ചു… അഭിയും അവരിലൊരാളായി മാറി… മുൻപേ തമ്മിൽ പരിചയക്കാരായിരുന്നുവെങ്കിലും അഭിയും സന്ദീപും തമ്മിൽ അന്നില്ലാത്ത അത്ര ദൃഢമായൊരു ബന്ധം ഈ കുറഞ്ഞ സമയം കൊണ്ടുണ്ടായിരുന്നു… സന്ദീപ് അഭിയേ ശ്രദ്ധിക്കുകയായിരുന്നു.. അരവിന്ദ് ഒരിക്കലും ഇതുപോലെ ആയിരുന്നില്ല…. കുറച്ച് ഒതുങ്ങിയ പ്രകൃതക്കാരനാണ്.. അധികം മിണ്ടാത്ത, അധികം സഹകരിക്കാത്ത ഒരു വ്യക്തി… പക്ഷേ അഭി നേരെ തിരിച്ചാണ്…എപ്പോഴും ചിരിച്ചു കൊണ്ട് മാത്രമാണ് അവനെ കാണാൻ സാധിക്കു…

പുറമേയുള്ള ചിരി മനസ്സിൽ നന്മയായി സൂക്ഷിക്കുന്നവൻ…. ഇവന്റെ കൂടെ ആര്യയെന്നും സുരക്ഷിതയായിരിക്കും…സന്ദീപ് സന്തോഷത്തോടെ അഭിയെ നോക്കി.. സന്ദീപും ഐശ്വര്യയും നാളെ തിരിച്ചു ബാംഗ്ലൂരിലേയ്ക്ക് പോവുകയാണ്…. അതുകൊണ്ട് അവർ ഉച്ചയോടെ ഭക്ഷണമൊക്കെ കഴിഞ്ഞ് സന്ദീപിന്റെ വീട്ടിലേക്ക് പോയി…. അഭിയേയും ആര്യയേയും ബാംഗ്ലൂരിലേക്ക് ക്ഷണിച്ചിട്ടാണവർ യാത്രയായത്….. 💙🎼💙 വെയിലൊന്നാറിയതും അഭിയേട്ടനുമായി ആശ്രയദീപത്തിലേക്ക് പോയി… മുൻപ് മിക്കദിവസങ്ങളിലും ഇവിടെ വരുമായിരുന്നു…. നാട്ടുകാരുടെ കരുണയിൽ പ്രവർത്തിക്കുന്ന ഒരു അഗതിമന്ദിരമാണ് ആശ്രയദീപം… കുറച്ച് കന്യാസ്ത്രീകൾ ആണ് ഇതിന്റെ നടത്തിപ്പുകാർ… ചെറുപ്പക്കാരും പ്രായമായവരുമായി നൂറ്റിയിരുപതോളം സ്ത്രീകൾ…

അതിൽ മൂന്ന് കുട്ടികളും.. ഇവരാണിവിടുത്തെ അന്തേവാസികൾ…. അഭിയേട്ടനെകൂട്ടി ഇവിടെ വരണമെന്ന് ആഗ്രഹിച്ചിരുന്നു…. കുറച്ച് ആഹാരസാധനങ്ങളും കുഞ്ഞുങ്ങൾക്ക് ഉടുപ്പുകളും വാങ്ങിയിരുന്നു….. അവരോടൊപ്പമിരുന്നു ചായ കുടിച്ചു… അഭിയേട്ടൻ ശരിക്കും ഞെട്ടിച്ചു… എല്ലാവരെയും പരിചയപ്പെട്ടും, കിട്ടിയ സമയം കൊണ്ട് കുറച്ചുപേരെ പരിശോധിച്ചും അഭിയേട്ടൻ ഓടിനടന്നു…പോകാൻ നേരം കുറച്ചൊരു വലിയ തുകയുടെ ചെക്ക് സിസ്റ്റർ അമ്മയുടെ കയ്യിൽ കൊടുത്തിരുന്നു… ആ കാഴ്ച മനസ്സ് നിറച്ചു… നമ്മുടെ മനസ്സറിഞ്ഞ് പെരുമാറുന്ന പങ്കാളി ഒരു ഭാഗ്യം തന്നെയാണ്… പക്ഷേ തിരിച്ച് തനിക്കതിന് പറ്റുന്നുണ്ടോ… ‘ ക്ഷമിക്കു ഏട്ടാ.. ഇപ്പോൾ ഞാൻ വേദനിപ്പിക്കുന്നുണ്ടെറിയാം… പക്ഷെ അതിന്റെ കൂടെ ഞാനും വേദനിക്കുന്നുണ്ട്…കുറച്ചു സമയം കൂടി എനിക്ക് വേണം…. അതുകഴിഞ്ഞ് ഈ വേദനിപ്പിക്കുന്നതിനും കൂടി ചേർത്ത് ഞാൻ സ്നേഹിച്ചു കൊള്ളാം..’ സന്തോഷത്തോടെ വർത്തമാനം പറഞ്ഞ് വണ്ടി ഓടിക്കുന്ന അഭിയേട്ടനെ നോക്കി മനസ്സിൽ പറഞ്ഞു….. 💙🎼💙

ഞങ്ങലെ നോക്കി അച്ഛനുമമ്മയും കാത്തിരിക്കുന്നുണ്ടായിരുന്നു…. ഒരുപാട് നാളുകൾക്കു ശേഷം സന്തോഷത്തോടെ ആർക്കൊപ്പമിരുന്നാഹാരം കഴിച്ചു… ഇടയ്ക്കിടയ്ക്ക് അവർ കാണാതെ കണ്ണുകൾ തമ്മിൽ കിന്നാരം പറയുന്നുണ്ടായിരുന്നു… അപ്പോഴൊക്കെ മുഖത്തെ നാണം അച്ഛനുമമ്മയും കാണാതെയിരിക്കാൻ പെടാപ്പാട് പെടുകയായിരുന്നു… പക്ഷേ കിടക്കാനായി റൂമിലേക്ക് പോകുമ്പോൾ ഹൃദയം ഉച്ചത്തിൽ മിടിച്ച് പ്രതിഷേധമറിയിച്ചിരുന്നു….അതിന്റെ തളർച്ച ബാധിച്ച പോലെ കാലുകൾ ഇടറുന്നുണ്ടായിരുന്നു…മുറിയിലേക്കു ചെന്നപ്പോൾ അഭിയേട്ടനില്ലായിരുന്നു… ബാത്റൂമിനകത്ത് വെള്ളം വീഴുന്ന ഒച്ച കേട്ടു…ആള് ഇറങ്ങുന്നതിനു മുൻപേ തന്നെ മൂടി പുതച്ച് കിടന്നു…..

സ്വന്തം റൂമിൽ, സ്വന്തം കട്ടിലിൽ, സ്വന്തം ബെഡിൽ കിടക്കുന്ന സുഖം ലോകത്ത് വേറെ എവിടെയും കിട്ടില്ലെന്ന്‌ തോന്നി…പക്ഷേ അത് ആസ്വദിക്കാൻ പറ്റിയ അവസ്ഥയിലല്ല… അപ്പോഴേക്കും ആള് ഇറങ്ങി വന്നിരുന്നു…കണ്ണടച്ചു തന്നെ കിടന്നു…ലൈറ്റ് ഓഫ് ചെയ്ത് അടുത്ത് വന്നു കിടക്കുന്നത് അറിയുന്നുണ്ടായിരുന്നു…. പെട്ടെന്ന് വലിച്ചടുപ്പിച്ച് നെറ്റിയിൽ ഉമ്മ വെച്ചു….. മിണ്ടാതെ അങ്ങനെ തന്നെ കിടന്നു… “” ശ്വാസം വിട്ടേ നീ…. ഇന്ന് ഇത്രയേ ഉള്ളൂ… എനിക്ക് നല്ല കണ്ട്രോളാടി….അല്ല ഇനി നീ എന്തേലും പ്രതീക്ഷിച്ചായിരുന്നോ..??? “” കുറുമ്പോടെ പറയുന്ന കേട്ടപ്പോൾ കയ്യിലൊരു നുള്ളു കൊടുത്തു.. “” നീ നുള്ളി കൊല്ലുമൊ എന്നെ??? മിണ്ടാതെ കിടന്നുറങ്ങിക്കോ…. അതോ ഞാൻ ഇന്നലത്തെ മരുന്ന് എടുക്കണോ ഉറങ്ങാൻ….?? “” “” ഞാൻ ഉറങ്ങി….. “” അടുത്ത് ചെറിയ ചിരി കേട്ടു.. ഉറക്കം കണ്ണിൽ മൂടുന്നത് വരെ അറിയുന്നുണ്ടായിരുന്നു മുടിയിൽ ആ കൈകളുടെ തലോടൽ… സമാധാനത്തോടെ ആ നെഞ്ചിൽ ചേർന്നുറങ്ങി… 💙🎼💙

പിറ്റേന്ന് രാവിലെ തന്നെ അഭിയേട്ടന് ഹോസ്പിറ്റലിൽ പോകണമായിരുന്നു. റിസൈൻ ചെയ്തെങ്കിലും അഭിയേട്ടന്റെ ഒന്ന് രണ്ട് സ്ഥിരം പേഷ്യൻസിനു എറണാകുളത്ത് പോവുന്നവരെ കൺസൾട്ട് ചെയ്യാമെന്നേറ്റിരുന്നു… ആള് പേരെടുത്ത് വരുന്ന ഒരു കുട്ടി ന്യൂറോസർജൻ ആണ്… തനിക്കു വേണ്ടിയാണ് ഇപ്പോൾ ഈ നാട് വിട്ടു പോകാൻ പോലും തയ്യാറാകുന്നത്… തന്നെ വീട്ടിൽ ഇറക്കി ആള് നേരെ ഹോസ്പിറ്റലിലേക്ക് പോയിരുന്നു…. വണ്ടിയുടെ ശബ്‌ദം കേട്ടിട്ടാകും അമ്മ ഇറങ്ങി വന്നിരുന്നു…അകത്തേയ്ക്കു കയറി അമ്മയുടെ റൂമിലെത്തി വേഷം മാറി നേരെ അടുക്കളയിലേക്കു വിട്ടു…. പിന്നെ പോയ വിശേഷങ്ങളൊക്കെ അമ്മയോടും ജനുവമ്മയോടും പറയുന്ന തിരക്കിലായിരുന്നു…. ഇതിനിടയിൽ പച്ചക്കറി അരിയാനുള്ളതെടുത്തു… പത്ത് മണി കഴിഞ്ഞപ്പോൾ മീൻകാരന്റെ വണ്ടിയുടെ ഹോൺ കേട്ടു…

അമ്മയും ജനുവമ്മയും ഉടനെ പുറത്തേയ്ക്കു പോയി…. ഇത് ഇവിടുത്തെ പതിവ് പത്തുമണി കാഴ്ചയാണ്.. ഇനി കുറച്ച് സമയം കഴിഞ്ഞു നോക്കിയാൽ മതി രണ്ടാളെയും… മീൻ വണ്ടിക്ക് ചുറ്റും കൂടുന്ന ചേച്ചിമാരോടും അമ്മമാരോടും വർത്തമാനം പറഞ്ഞു തിരികെ എത്തുമ്പോൾ ഒരു നേരമാകും.. ആ നേരമാണ് പതിവില്ലാത്തത്തൊരു കാഴ്ച സമ്മാനിച്ച് നിമിഷ കുഞ്ഞിനേയും കൊണ്ട് അടുക്കളയിലേക്ക് വന്നത്…. കുഞ്ഞു ചെറുതായി കരയുന്നുണ്ട്….. ഒരു പാത്രത്തിൽ വെള്ളമെടുത്ത് തിളപ്പിക്കാൻ വച്ചു… ഫീഡിങ് ബോട്ടിലെടുത്ത് തുറക്കാൻ ശ്രമിക്കുന്നുണ്ട്…അത് കഴുകാനാകും വെള്ളം… എന്തെങ്കിലുമാകട്ടെ സഹായിക്കാൻ ചെന്നാൽ അടുത്ത വഴക്കിനു തിരി കൊളുത്തുന്ന പോലെയാകും….പച്ചക്കറി അരിയുന്നതിലേയ്ക്ക് ശ്രദ്ധിച്ചു… “” ആര്യ…. “”” നിമിഷയാണ്… സൗമ്യമായി പേര് വിളിക്കുന്ന കേട്ട് കുറച്ചൊന്നു ഞെട്ടി ആ മുഖത്തേയ്ക്കു നോക്കി…. “”

അത്…..തുറക്കാൻ ശ്രമിച്ചപ്പോൾ ബോട്ടിൽ ഇതിന്റെ ഇടയിലേക്ക് വീണു പോയി.. അതൊന്നെടുത്ത് തരുമോ….?? “” നിമിഷ ചൂണ്ടിയയിടത്തേയ്ക്കു നോട്ടമെത്തുമ്പോൾ കണ്ടു…. സിങ്കിനടുത്തായി പഴയ വിറകടുപ്പിന്റെ അടിയിൽ വിറക് അടുക്കി വെക്കാനുള്ള ഭാഗത്തു വീണു കിടക്കുന്ന ഫീഡിങ് ബോട്ടിൽ… എഴുന്നേറ്റു ചെന്ന് അതിനടുത്തായി ഇരുന്നു..കുറച്ചുള്ളിലേയ്ക്കാണ് വീണു കിടക്കുന്നത്…ഇടതു കൈ കിച്ചൺ ടോപ്പിൽ പിടിച്ചു വലതു കൈ ഉള്ളിലേക്കിട്ടു…ബോട്ടിൽ കയ്യിൽ തടഞ്ഞപ്പോഴേക്കും ഇടതു കൈക്കു മുകളിൽ തിളച്ച വെള്ളം വീണിരുന്നു… കൈ വേഗം പിൻവലിച്ചു…ഒരു നിലവിളിയോടെ ചാടി എഴുന്നേറ്റു…കൈ നീറി പുകയുന്നുണ്ടായിരുന്നു…കൈപ്പത്തിയുടെ പുറം മുഴുവൻ ചുവന്നുകിടക്കുന്നു…

എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു…പെട്ടെന്ന് തന്നെ കൈ കഴുകി..ചെറുതായി തുടച്ചു കുറച്ച് ടൂത്ത്പേസ്റ്റ് എടുത്ത് പുരട്ടി…എന്നിട്ടും നല്ല നീറ്റൽ… വേഗം തന്നെ ഫ്രിഡ്ജിന്റെ മുകളിൽ വെച്ചിരുന്ന ഫസ്റ്റ്എയ്ഡ് ബോക്സിൽ നിന്ന് പൊള്ളലിനുള്ള മരുന്ന് എടുത്ത് പുരട്ടി… അപ്പോഴാണ് നിമിഷയെ അവിടെ കണ്ടില്ലലോ എന്നോർത്തത്… അപ്പോഴവൾ മനപ്പൂർവ്വം ചെയ്തതാണോ..??? അത്ഭുതം തോന്നി അവൾ ചെയ്ത പ്രവർത്തി ഓർക്കുമ്പോൾ… വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നത് പോരാഞ്ഞിട്ടാണോ ഇപ്പോൾ ഇതും…. ഓർക്കുമ്പോൾ മനസ്സും ശരീരവും ഒരുപോലെ നീറുന്നു… എന്ത് തെറ്റാണവരോട് ചെയ്തത്..?? ഒഴിഞ്ഞുമാറി കൊടുത്തിട്ടേയുള്ളു….വിട്ടുകൊടുത്തിട്ടേയുള്ളു… എന്നിട്ടും തീരാത്ത പകയുമായി നടക്കുകയാണ്…

അപ്പോഴാണ് അമ്മയുടെയും ജനുവമ്മയുടെയും ശബ്ദം കേൾക്കുന്നത്….അവരോടു പറയാൻ പറ്റില്ല….അമ്മ അഭിയേട്ടനോട് പറയും….. പോകുന്നതുവരെ തന്റെ പേരിലൊരു വഴക്ക് വേണ്ട…. മുഖമൊന്നു അമർത്തി തുടച്ച് അവൾ അമ്മയ്ക്കരികിലേയ്ക്ക് ചെന്നു….. അവരുടെ കൂടെ നിന്ന് ബാക്കി ജോലികളിൽ സഹായിച്ചു നിൽക്കുമ്പോഴും… പൊള്ളിയ ഭാഗം നീറി പുകയുമ്പോഴും… അത് രണ്ടാളും കാണാതെ മറച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നവൾ… “” എന്താ മോളേ നിനക്ക് വയ്യേ..??മുഖമൊക്കെ വല്ലാതിരിക്കുന്നു “” ജനുവമ്മ ഉത്കണ്ഠയോടെ ചോദിക്കുകയാണ്…. “” ഒന്നുമില്ല ജാനൂമ്മാ…ഒരു ചെറിയ തലവേദന…. “” “” എന്നാൽ മോള് ചെന്ന് കിടന്നോ..ഇവിടെയിനി ഞങ്ങൾക്ക് ചെയ്യാനുള്ള ജോലിയെ ഉള്ളു… “” അതൊരുവിധത്തിൽ ആശ്വാസമായി…ഇടതു കൈയിലാണ് പൊള്ളലേറ്റത്…

ആ കൈപ്പത്തി നല്ല പോലെ ചുവന്നിട്ടുണ്ട്….വിരലുകളിൽ ചില സ്ഥലത്ത് പൊള്ളി ചെറുതായി പൊങ്ങി നിൽക്കുന്നു….തിരികെ റൂമിലേയ്ക്ക് വന്നു..ഇതൊക്കെ ചെയ്ത് വെച്ച ആള് കതകടച്ചിരിപ്പാണ്…. പതിവില്ലാതെയവൾ അടുക്കളയിലേക്ക് വന്നപ്പോഴേ ശ്രദ്ധിക്കണമായിരുന്നു… നിമിഷയുടെ പ്രവർത്തി ഓർക്കും തോറും മനസ്സിൽ അസ്വസ്ഥത നിറയുന്നതറിഞ്ഞു… അറിയാതെ കണ്ണുനിറഞ്ഞു…. കതകിൽ തട്ട് കേട്ടാണ് കണ്ണ് തുറന്നത്… എപ്പോഴാണ് ഉറങ്ങിപ്പോയത്… സമയം നോക്കിയപ്പോൾ ഉച്ചയായിരിക്കുന്നു… പെട്ടെന്ന് എഴുന്നേറ്റു ചെന്ന് കതക് തുറന്നു…അഭിയേട്ടനാണ്… “” അമ്മ പറഞ്ഞു നിനക്ക് തലവേദനയാണെന്ന്…എങ്ങനെ.. കുറവുണ്ടോയിപ്പോൾ..??””

“” ഒന്നുറങ്ങിയപ്പോഴേക്കും കുറഞ്ഞു…. “” മുഖത്ത് നോക്കാതെ മറുപടി കൊടുത്തു… “” മ്… അമ്മ കഴിക്കാനെടുത്തു… ഞാൻ ഈ ഡ്രസ്സ് ഒന്ന് മാറട്ടെ… നമുക്കൊരുമിച്ച് താഴേക്ക് പോകാം…”” കൈ അഭിയേട്ടൻ കാണാതെ ഷാൾ കൊണ്ടു ഒരുവിധം മറച്ചുപിടിച്ചു…വേഷം മാറുന്നവരെ കട്ടിലിലിരുന്നു… വിശപ്പ് തോന്നുന്നില്ല… പക്ഷേ എന്തെങ്കിലും കഴിക്കാതെ അഭിയേട്ടൻ സമ്മതിക്കില്ല…”” “” എന്തുപറ്റി..???എന്താ നീ ഈ ആലോചിച്ചു കൂട്ടുന്നത്…?? “” ചുമൽ കൂച്ചി ഒന്നുമില്ലയെന്ന് കാണിച്ച് വാതിലിനടുത്തേയ്ക്കു നടന്നു… “”ആർ യൂ ഒക്കെ?? “” പെട്ടെന്ന് അഭിയേട്ടൻ കൈ പിടിച്ചു തിരിച്ചു നിർത്തി… ഭാഗ്യത്തിന് വലതു കൈയിൽ ആണ് പിടിച്ചത്…ഒന്നു ഞെട്ടി ആ മുഖത്തേയ്ക്കു നോക്കുമ്പോൾ സംശയത്തോടെ നോക്കി നിൽക്കുകയാണു ആള്… “” എനിക്കൊരു കുഴപ്പവുമില്ല…ഏട്ടൻ വന്നേ… അമ്മ നോക്കിയിരിക്കുകയാവും…

നമുക്ക് പോയി എന്തെങ്കിലും കഴിക്കാം… “” വീണ്ടും കൈ പിടിച്ചു നിർത്തി അഭിയേട്ടൻ… പക്ഷേ ഇത്തവണ കൃത്യമായി ഇടതുകൈയിൽ തന്നെ പിടിച്ചു… പൊള്ളിയ ഭാഗത്താ കൈകൾ അമർന്നപ്പോൾ നിലവിളിയോടെ കൈകൾ കുടഞ്ഞെറിഞ്ഞു… “” എന്താ..?? എന്തിനാ നീ നിലവിളിച്ചത്…?? “” പെട്ടെന്ന് ബോധം വന്നു…ഒന്നുമില്ലെന്ന് തലയാട്ടിയപ്പോഴേക്കും സംശയം തോന്നി ആള് കൈ പിടിച്ചു നോക്കിയിരുന്നു… “” ഇതെന്ത് പറ്റി..??? “” “” അതൊന്നുമില്ല…അടുക്കളയിൽ നിന്നപ്പോ ചായ പാത്രം മറിഞ്ഞു തിളച്ച വെള്ളം വീണതാ…. “” “” ആണോ…?? “” “” അതേ….”” “” ആണോ……?? ഉറപ്പാണോ….??”” “” മ്മ്…. ” ഇത്തവണ മൂളാനെ കഴിഞ്ഞുള്ളു… “” ശരി…അമ്മയും ജാനുവമ്മയും ഉണ്ടായിരുന്നല്ലോ കൂടെ….അല്ലേ..??? ഞാൻ അവരോടൊന്നു തിരക്കട്ടെ…. “”

“” ഇല്ല..അവർ പുറത്തായിരുന്നു…അപ്പോഴാ സംഭവം…അവർ പേടിക്കണ്ടെന്നു കരുതി ഞാൻ പറഞ്ഞില്ല…..അഭിയേട്ടൻ അവരോടൊന്നും ചോദിക്കണ്ട..”” “” ശ്രീ…. നീ പറഞ്ഞത് സത്യമല്ല..?? കള്ളം ചെയ്ത പോലൊരു ഭാവം ആണ് നിന്റെ മുഖത്തു…സത്യം പറഞ്ഞോ….നിന്റെ ഭാഗത്തെ ശ്രദ്ധ കുറവ് കൊണ്ടുള്ള പൊള്ളലാണെങ്കിൽ നീ എന്തിനാ എന്നോടിത് വന്നപ്പോഴേ പറയാതിരുന്നത്…എന്നെ ഒളിച്ചതെന്തിന്…”” “” അ..അത്…..അഭി…യേട്ടൻ വ….വഴക്കു പറ…..പറയുമെന്നു വിചാരിച്ചാണ് ഞാൻ….. പറ…പറയാതിരുന്നത്… “” വിക്കി വിക്കി പറയുമ്പോഴേക്കും അടുത്തേയ്ക്ക് വന്ന് താടി പിടിച്ചുയർത്തിയിരുന്നു.. “” ശ്രീ നിന്നോട് ഞാൻ മുമ്പേ പറഞ്ഞിട്ടുണ്ട് സത്യസന്ധതയോടെയാണ് ഞാനിതുവരെ ജീവിച്ചതെന്നു…കള്ളം പറയുന്നതും ചെയ്യുന്നതും എനിക്കിഷ്ടമല്ല… തെറ്റ് ചെയ്താലും അത് തുറന്നു പറയാനുള്ള ധൈര്യം കാണിക്കണം… എനിക്ക് മനസ്സിലായി നീ പറഞ്ഞത് കള്ളമാണെന്ന്….

നിനക്ക് കള്ളം പറയാനറിയില്ല ശ്രീ… അതുകൊണ്ട് നടന്നത് എന്താണെന്ന് വെച്ചാൽ പറഞ്ഞോ…. “” ഇനിയും ഒളിച്ചുവയ്ക്കാൻ കഴിയില്ലെന്ന് മനസ്സിലായി നടന്നതെല്ലാം അതുപോലെ അഭിയേട്ടനോട് പറഞ്ഞു….. കേൾക്കുന്തോറും ദേഷ്യം കൊണ്ട് ആ മുഖം വലിഞ്ഞു മുറുകി… ചാടി എഴുന്നേറ്റതും പെട്ടെന്ന് മുറകെ കെട്ടി പിടിച്ചു തടഞ്ഞു നിർത്തി… “” കുറച്ചുദിവസമല്ലേ നമ്മളിവിടെ കാണൂ….പ്ലീസ് അഭിയേട്ടാ അതുവരെ എനിക്ക് വേണ്ടിയൊരു വഴക്ക് വേണ്ട… “” “” മാറി നിൽക്കെടി…നീയിത് ആരെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്…?? “” ദേഷ്യം കൊണ്ടു തിളച്ചു നിൽക്കുന്ന ആളിന്റെ ആ ഭാവം ആദ്യം കാണുകയായിരുന്നു… “” ആരേയും രക്ഷിക്കാനല്ല…. പക്ഷേ നമ്മൾ പോകുന്നതുവരെ ഒരു വഴക്ക് വേണ്ട…. പ്ലീസ് അഭിയേട്ടാ….ഇത്തവണ വിട്ടേക്ക് ….എനിക്ക് വേണ്ടി… “” ആളൊന്നു സമാധാനപ്പെട്ട പോലെ തോന്നി… “” നീയിത് ആരെയാ ശ്രീ പേടിക്കുന്നത്…

.ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്ത അവർക്കു ശരിക്കുമൊരു ക്രിമിനൽ മൈൻഡ് ആണ്…അങ്ങനെയുള്ള ഒരുവളെയാണ് നീ രക്ഷിക്കാൻ ശ്രമിക്കുന്നത്…. ശത്രുവിനോട് ദയ കാട്ടരുത്… ദയയിൽ നിന്ന് കൂടുതൽ കരുത്ത് നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാകും… നീ കേട്ടിട്ടുണ്ടോ ഇത്… എം ടി സാറിന്റെ രണ്ടാമൂഴത്തിലെ വരികളാണിത്…. എനിക്ക് നിന്നോടും ഇതേ പറയാനുള്ളൂ… നീയിപ്പോൾ അവൾ ചെയ്ത തെറ്റ് ക്ഷമിച്ചു വീണ്ടും തെറ്റ് ചെയ്യാനുള്ള പ്രോത്സാഹനം കൊടുക്കുകയാണ്… നിന്നോടാണവൾക്കു കൂടുതൽ ശത്രുത…..അത് നീ മറക്കരുത്…. “” “” അഭിയേട്ടൻ പറയുന്നതൊക്കെ ശരിയാണ് ..പക്ഷേ വിട്ടേക് ..ഒരാഴ്ച ഇങ്ങനെ പോകട്ടെ…ഒന്നും ചോദിക്കണ്ട….എനിക്ക് വേണ്ടി…അല്ലെങ്കിൽ വന്ന് കേറിയില്ല അതിനുമുന്നേ ഭർത്താവിനെ വഴക്കിന് പറഞ്ഞുവിട്ടു എന്നൊരു ചീത്ത പേരുകൂടി എനിക്ക് കേൾക്കേണ്ടി വരും…. “” ശരി…നിന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ…

ഞാനൊന്നും ചോദിക്കാൻ പോകുന്നില്ല….വന്നേ താഴേയ്ക്ക് പോകാം…അമ്മ കാത്തിരുന്നു മടുത്തു കാണും… “” ആര്യ ആശ്വാസത്തോടെ അഭിയുടെ കൂടെ താഴേയ്ക്കു പോയി…. 💙🎼💙💙🎼🎼💙💙💙💙🎼🎼💙💙🎼💙 മുറിയിൽ പേടിയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് നിമിഷ… കരുതിക്കൂട്ടി തന്നെയാണ് അവളുടെ കൈയിൽ ചൂടുവെള്ളമൊഴിച്ചത്…. നല്ലപോലെ പൊള്ളി കാണും… ആ സന്തോഷമുണ്ട്… പക്ഷേ അഭിയറിഞ്ഞാൽ വെറുതെ ഇരിക്കില്ലെന്നുറപ്പാണ്…. ആ പേടി കൊണ്ടു ഇരുപ്പുറക്കാതെ നടക്കുകയാണ്…അഭി എത്തിയത് ബാൽക്കണിയിൽ നിന്നവൾ കണ്ടിരുന്നു….ഏത് നിമിഷവും അവന്റെ വരവ് പ്രതീക്ഷിച്ച് അവളിരുന്നു.. അതുകൊണ്ട് കഴിക്കാനും താഴേക്ക് പോയില്ല… പക്ഷേ പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല… ജാനുവമ്മ വന്നു കഴിക്കാൻ വിളിച്ചപ്പോഴാണ് പിന്നെ താഴേക്കിറങ്ങി ചെന്നത്… അഭിയും ആര്യയും അവിടെ ഇരിപ്പുണ്ടായിരുന്നു…

പക്ഷേ പ്രത്യേകിച്ച് ഭാവമാറ്റമൊന്നും കണ്ടില്ല..ഇനി അവൻ സംഭവമറിഞ്ഞില്ലേ എന്നുവരെ അവൾക്കു തോന്നി….ആര്യയുടെ കൈയിലേക്ക് നോക്കിയപ്പോൾ അത് ഷാൾ വെച്ച് മറച്ചു പിടിച്ചിരിക്കുകയാണ്….എന്തായാലും നന്നായി…. ആര്യയ്‌ക്കൊരു പണി കൊടുത്ത സന്തോഷത്തിൽ ഭക്ഷണം കഴിച്ച് അവളെ നോക്കി ഒന്നു പുച്ഛിച്ചിട്ട് നിമിഷ മുറിയിലേയ്ക്കു പോയി… മുറിയിലെത്തി ഉടനെ അരവിന്ദിന്റെ വിളിച്ചു… “” അരവിന്ദേട്ടാ…ഇന്നു നേരത്തെ വരുമോ..?? ഞങ്ങളെ പുറത്ത് കൊണ്ടുപോകുമോ ??? ഇന്നു നമുക്ക് പുറത്തുന്നു കഴിക്കാം..ഒരു സിനിമയും കാണാം… “” കൊഞ്ചി കൊണ്ടവൾ പറഞ്ഞു “” എന്ത് പറ്റി എന്റെ കൊച്ചിന്…ആകെ സന്തോഷമാണല്ലോ….എന്താടി കാര്യം??? “” “” ഒന്നുമില്ലാ ഏട്ടാ… ആകെ ഒരു സന്തോഷം… ഏട്ടൻ നേരത്തെ വരുമൊ??? “” “” മ്മ്… ശരി…

ഒരഞ്ച് മണിയാകുമ്പോൾ റെഡിയായി നിൽക്കു…അപ്പോഴേക്കും ഞാനെത്താം…. “”” “” താങ്ക്യൂ ഏട്ടാ …ലവ് യൂ… “” “” നിന്നു കൊഞ്ചാതെ പോടീ കള്ളി…എനിക്കിവിടെ ജോലിയുണ്ട്….. “” കാൾ കട്ടായതും നിമിഷ സന്തോഷം കൊണ്ടു തുള്ളിച്ചാടി…ചെറുതാണെങ്കിലും ആര്യയ്‌ക്കൊരു വേദന കൊടുക്കാൻ കഴിഞ്ഞല്ലോ..അതുമതി….നീ പോകുന്നതിനു മുൻപേ ഇനിയും നിനക്ക് ഞാൻ സമ്മാനങ്ങൾ തരാം…കാത്തിരിക്ക് നീ…അങ്ങനെ എല്ലാവരുടേം സ്നേഹം കിട്ടി നീ സന്തോഷിക്കേണ്ട… സമ്മതിക്കില്ല ഞാനതിന്… അവൾ പകയോടെ ചിരിച്ചു….. 💙🎼💙💙🎼🎼💙💙💙💙🎼🎼💙💙🎼💙 പിന്നെ വൈകിട്ട് ചായ കുടിക്കാൻ ചെല്ലുമ്പോഴാണ് നിമിഷ ആര്യയെ കാണുന്നത്…കൈ മറച്ചു പിടിച്ചു നടക്കുന്ന ആര്യയെ കണ്ടവൾക്കു സന്തോഷമായി..അവളാരോടുമൊന്നും പറഞ്ഞിട്ടില്ലെന്നവൾ കരുതി…വീണ്ടും ആര്യയെ നോക്കി പുച്ഛിച്ചു നിമിഷ അവൾക്കെതിർ വശം വന്നിരുന്നു…. കുഞ്ഞിനുള്ള പാലും നിമിഷയ്ക്കുള്ള ചായയും കൊണ്ടു ജനുവമ്മയെത്തി…

കുഞ്ഞിനെ മേശ പുറത്തേക്കിരുത്തി നിമിഷ ചായ കപ്പെടുത്തു കുടിച്ചു പിന്നെ പാൽ ഗ്ലാസ്‌ എടുത്തു മോളുടെ ചുണ്ടിൽ ചേർത്ത് അവളെ കുടിപ്പിക്കാൻ തുടങ്ങി…. അവൾ പാൽ കുടിച്ചു കഴിഞ്ഞതും നിമിഷ തന്റെ ചായക്കപ്പെടുത്തു…ഒരു കവിൾ ചായ വായിലേക്കെടുത്തതേ ഓർമ്മയുള്ളു.. തിളച്ച ചായ ചുണ്ടും നാവും പൊള്ളിച്ചു കുറച്ചു അണ്ണാക്കിലേക്കുമെത്തി…. ഒറ്റത്തുപ്പോടെ ചാടിയെഴുനേറ്റവൾ….പെട്ടെന്നായതിനാൽ മേശയുടെ കാലിൽ കാലിടിച്ച് നിലവിളിയോടെ അവിടെ തന്നെ ഇരുന്നു പോയവൾ…പിന്നെ ചാടി എഴുന്നേറ്റു കുഞ്ഞിനെ പോലും നോക്കാതെ വാഷ്ബേസിനരികിലേക്കോടി….ചുണ്ടും നാവും പൊള്ളിപ്പോയിരുന്നു…

വായിലേക്കവൾ വെള്ളം കോരി ഒഴിച്ച് കൊണ്ടിരുന്നു…. കാലിൽ കിട്ടിയ ഇടിയിൽ അവളുടെ വിരലിൽ നിന്നു ചോര വരുന്നുണ്ടായിരുന്നു….പൊള്ളലിന്റെ നീറ്റലും,കാലിലെ വേദനയും കൊണ്ടു ഭ്രാന്തിയെ പോലെ നിൽക്കുകയാണ് നിമിഷ….ഓരോ തവണ വായിലേക്കെടുത്ത വെള്ളം പുറത്തേക്ക് തുപ്പുമ്പോഴും അവൾ നിലവിളിക്കുന്നുണ്ടായിരുന്നു… അവളുടെ പ്രവർത്തി കണ്ടു പകച്ചിരിക്കുകയായിരുന്നു ആര്യയും ,അമ്മയും ,ജനുവമ്മയും…അഭി മാത്രം ഇതൊന്നും തന്നെ ബാധിക്കാത്ത പോലെ ഇരുന്നു ചായ ആസ്വദിച്ചു കുടിക്കുന്നുണ്ടായിരുന്നു… ആദ്യത്തെ പകപ്പ് വിട്ടതും പ്രഭ എഴുന്നേറ്റു കുഞ്ഞിനെ എടുത്തു… “” എന്ത് പറ്റി നിമിഷ… “” അവളുടെ അടുത്തേയ്ക്കു ചെന്നവർ ചോദിച്ചു … “” പൊ….പൊള്ളി….നാക്ക്….ചു..ചുണ്ട്….നീറുന്നു…കാ..ലും…വേദ….ന…..”” എങ്ങനെയോ അവൾ പറഞ്ഞൊപ്പിച്ചു…

ആര്യയ്ക്ക് ഏകദേശം കാര്യം മനസിലായി..അവൾ നോക്കിയപ്പോൾ അഭി കുനിഞ്ഞിരുന്നു ചായ കുടിക്കുകയാണ്…ഒരു ചെറിയ ചിരിയുണ്ടോ ചുണ്ടിൽ…നിമിഷ വന്നിരുന്നതും അഭി കപ്പുമായി അടുക്കളയിലേക്ക് പോകുന്നതും ,കുറച്ചു കഴിഞ്ഞു നിമിഷയുടെ അടുത്ത് വന്നു നിൽക്കുന്നതുമൊക്കെ അവൾ ഓർത്തെടുത്തു… തിളപ്പിച്ച ചായ കൊണ്ടു വന്ന കപ്പ്‌ നിമിഷ കുഞ്ഞിന് പാല് കൊടുക്കുന്ന സമയത്ത് അഭി മാറ്റിവെച്ചതാണെന്നവൾക്കു മനസിലായി…. ഒന്നവനെ കൂർപ്പിച്ച് നോക്കിയതും അവനവളെ നോക്കി ചുണ്ട് കൂട്ടി പിടിച്ചു ഉമ്മ എന്ന് കാണിച്ചു…..ചിരി വന്നെങ്കിലും അവളോന്നു കണ്ണുരുട്ടി പേടിപ്പിച്ചു… “” അഭി നീ വന്നോന്നു നോക്കിയേ…പൊള്ളലുണ്ട് ചുണ്ടിലും ,നാക്കിലും..പിന്നെ കാലിലും മുറിവുണ്ട്…വിരൽ ചെറുതായി ചതഞ്ഞു നഖം കുറച്ചു പൊട്ടിപോയിട്ടുണ്ട്…

രക്തം വരുന്നു..നീ മരുന്ന് വെച്ചു കൊടുക്ക്…ഇതെങ്ങനെ ഇവൾക്ക് മാത്രം ഇത്ര തിളച്ച ചായ കിട്ടി….ഞാനാണല്ലോ ഒഴിച്ച് വെച്ചത്…”” പ്രഭ നിമിഷയുടെ കാല് പിടിച്ച് നോക്കിക്കൊണ്ട് പറഞ്ഞു… “” അതമ്മേ ചേട്ടത്തിയ്ക്കു തീയും ,ചൂടുമൊക്കെ പേടിയാ…ചൂട് വെള്ളം പോലും കുടിക്കാറില്ല….അപ്പോഴല്ലേ ചൂട് ചായ…പാവം ഓർക്കാതെ എടുത്ത് കുടിച്ചതാകും….എന്തായാലും കഷ്ടമായി പോയി….അമ്മ മാറിക്കെ ഞാൻ നോക്കട്ടെ…. “” അഭി മെഡിസിൻ ബോക്സുമായി അവളുടെ അടുത്ത് വന്നിരുന്നു..അവന്റെ മുഖത്തെ ഭാവം അവളെ ഭയപ്പെടുത്തി…ഇതവന്റെ പണിയാണെന്നവൾക്കു മനസ്സിലായിരുന്നു….ഇനിയും അവൻ എന്തെങ്കിലും ചെയ്യുമോ എന്നവൾ ഭയപ്പെട്ടു…അവളുടെ പേടി കണ്ടു അവനൊന്നു ചിരിച്ചു…

“” ചേട്ടത്തി പേടിക്കണ്ട…..അത് കഴിഞ്ഞു…ഇപ്പോ ഞാനൊരു ഡോക്ടർ മാത്രമാണ്..നിങ്ങൾ എന്റെ മുന്നിൽ വന്ന പേഷ്യന്റും..അങ്ങനെയേ ഞാൻ കാണു….. “” അവൻ പതിയെ അവളോട്‌ പറഞ്ഞു… മുറിവ് വൃത്തിയാക്കി ഡ്രസ്സ്‌ ചെയ്തു അഭി തന്നെ അവളെ പതുക്കെ പിടിച്ചെഴുനേൽപ്പിച്ചു…ചുണ്ടിൽ പുരട്ടാനുള്ള ഓയിൽമെന്റ് അവളുടെ കയ്യിൽ കൊടുത്തു മെഡിസിൻ ബോക്സ്‌ ആര്യയെ ഏൽപ്പിച്ചു…. “” ഞാൻ ഏട്ടത്തിയെ റൂമിലാക്കാം…വാ ശ്രീ…വന്നു ചേട്ടത്തിയെ സഹായിക്ക്…”” പറഞ്ഞു കഴിഞ്ഞു അഭിയവളെ പതിയെ നടത്തിച്ചു പടികൾ കയറാൻ സഹായിച്ചു…ആര്യയും അവരുടെ കൂടെ നിന്നു….നിമിഷയെ മുറിയിലാക്കി കട്ടിലിലിരിക്കാൻ സഹായിച്ചു… പിന്നെ ആര്യയുടെ കൂടെ തിരിഞ്ഞു നടന്നു ..വാതിൽക്കലെത്തി ഒന്നു തിരിഞ്ഞു നിന്നു..ആര്യയുടെ കയ്യിൽ നിന്നു മെഡിസിൻ ബോക്സ്‌ കയ്യിൽ വാങ്ങി… “” നീ റൂമിലേയ്ക്ക് പൊയ്ക്കോ..

ഞാൻ ചേട്ടത്തിയ്ക്കു പെയിൻകില്ലർ കൊടുക്കട്ടെ…. “” സംശയിച്ചു നിൽക്കുന്ന ആര്യയോടു പോയ്ക്കോളാൻ കണ്ണ് കൊണ്ടു ആംഗ്യം കാണിച്ചു… അവൾ പോയതും തിരിച്ചു നിമിഷയുടെ അടുത്തേയ്ക്കു നടന്നു…..അവിടെ കിടന്ന കസേര നിമിഷയുടെ മുന്നിലേയ്ക്ക് നീക്കി അതിലിരുന്നു അവളെതന്നെ നോക്കിയിരുന്നു …അവന്റെ കണ്ണുകളിലെ ദേഷ്യം നിമിഷയ്ക്കു മനസിലാകുന്നുണ്ടായിരുന്നു..അത് നേരിടാനാകാതെ അവൾ മുഖം താഴ്ത്തിയിരുന്നു… “” ഒരിക്കൽ ഞാൻ നിങ്ങളോട് പറഞ്ഞതാണ് അവളെ വിട്ടേക്കാൻ…. നിങ്ങൾ കാരണം ജീവിതം നശിച്ചൊരു പെണ്ണാണ് ഇനിയുമവളെ ദ്രോഹിക്കരുതെന്ന്….നിങ്ങൾ കേട്ടില്ല… വാക്കുകൾകൊണ്ടവളെ കൊല്ലുന്നത് പോരാതെ ഇപ്പോൾ അവളെ ശാരീരികമായി വേദനിപ്പിക്കാനും തുടങ്ങി…

അത് ഞാൻ ക്ഷമിക്കില്ല…. ഇന്ന് നിങ്ങളവളോട് ചെയ്തതറിഞ്ഞപ്പോൾ അന്നു പറഞ്ഞ പോലെ തളർത്തി കിടത്തിയാലോ എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്…പിന്നെ തോന്നി ഓരോരുത്തർക്കും ഓരോ സ്റ്റാൻഡേർഡ് ഉണ്ട്… ലാലേട്ടൻ പറഞ്ഞ പോലെ ഓരോ ശത്രുവും അർഹിക്കുന്ന ഒരു യുദ്ധമുറ ഉണ്ട്…പേനിനെ കൊല്ലുന്നത് നഖമമർത്തിയാണ്..അല്ലാതെ ഇരുമ്പു കൂടത്തിനടിച്ചില്ല..അതുപോലെ എലിയ്ക്കു പാഷാണം….നിങ്ങൾക്കിത് മതി… എന്റെ ശ്രീയുടെ കൈ പൊള്ളിച്ചതിനു നിങ്ങളുടെ നാവും പൊള്ളണം,രണ്ടു ദിവസം ആഹാരം കഴിക്കാൻ വിഷമിക്കണം… അത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്..പക്ഷേ ദൈവം കുറച്ചു ബോണസ് കൂടി തന്നു കാലിൽ…കുറച്ചു ദിവസം കൊണ്ടു നടന്നു സുഖിക്കു കേട്ടോ.. “”

ചിരിയോടെ പറഞ്ഞു നിർത്തി മെഡിസിൻ ബോക്സ്‌ നിമിഷയുടെ കയ്യിൽ കൊടുത്തു കസേരയിൽ നിന്നെഴുന്നേറ്റു…. “”എന്തോ മറന്നല്ലോ…”” എന്തോ ഓർക്കുന്ന പോലെ നിന്നു കുറച്ചു നേരം….പിന്നെ പതിയെ കുനിഞ്ഞു നിമിഷയ്ക്കു നേരെ മുഖം താഴ്ത്തി… “” ഇനിയെന്റെ പെണ്ണിനെ വേദനിപ്പിക്കണമെന്നു തോന്നുമ്പോൾ അതിന് കരണക്കാരായവരെ ഇരട്ടിക്കിരട്ടിയായി വേദനിപ്പിക്കുന്ന ഒരു സൈക്കോയാണു അവളുടെ ഭർത്താവെന്നോർക്കണം..ഇന്നു ഞാൻ ചെയ്തത് നിങ്ങൾക്കൊരു ശിക്ഷയല്ല …ഇതൊരു മുന്നറിയിപ്പാണ്….

ഇനിയും നിർത്താൻ ഭാവമില്ലെങ്കിൽ ശിക്ഷ ഞാനങ്ങു കടുപ്പിക്കും…ചേട്ടനെയും ,മോളെയും ഓർക്കില്ല ഞാനപ്പോൾ….നിമിഷ മാഡം ഇതൊന്നു മനസ്സിൽ വെച്ചേക്ക് കേട്ടോ… അപ്പൊ എല്ലാം പറഞ്ഞ പോലെ..വേദന തോന്നുവാണെങ്കിൽ എന്നെയൊന്നു വിളിച്ചാ മതി..ഞാനോടി വന്നോളാം…ശരിയെന്നാൽ..ടേക്ക് കെയർ…”” ഇത്രയും പറഞ്ഞു നടന്നകലുന്ന അഭിയേ നോക്കിയിരുന്നു നിമിഷ…….തുടരും….

ദാമ്പത്യം: ഭാഗം 13

Share this story