പുതിയൊരു തുടക്കം: ഭാഗം 7

പുതിയൊരു തുടക്കം: ഭാഗം 7

എഴുത്തുകാരി: അനില സനൽ അനുരാധ

മാളൂട്ടിയേയും എടുത്ത് പറമ്പിലൂടെ നടക്കുകയായിരുന്നു ആദി… അവളുടെ കുസൃതികൾ ആദി ആസ്വദിച്ചു തുടങ്ങിയിരുന്നു… മാളൂട്ടിയ്ക്കും ആദിയെ ഇപ്പോൾ ഒരുപാട് ഇഷ്ടമാണ്… അഭിയേട്ടനും അച്ഛനും കൂടി എയർപോർട്ടിലേക്ക് പോയിരിക്കുകയാണ്. വീട്ടിൽ കയറി അമ്മയെയും കൂട്ടി ജയേട്ടൻ ഇങ്ങോട്ടു വരും… ദുർഗ ജയൻ വരുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു… ദുർഗ്ഗ വന്നു മാളൂട്ടിയെ എടുത്തു കൊണ്ടു പോയപ്പോൾ ആദി പറങ്കിമാവിന്റെ താഴ്ന്നു നിൽക്കുന്ന ഒരു ചില്ലയിൽ ഇരുന്നു… മുത്തശ്ശിയുടെ പിണക്കം ഇപ്പോഴും മാറിയിട്ടില്ല… എല്ലാവരെയും കാണണം എന്ന് തോന്നിയിരുന്നെങ്കിലും ചെന്നൈയിലെ ഹോസ്പിറ്റൽ ജീവിതവുമായി പൊരുത്തപ്പെട്ടു വരികയായിരുന്നു.

അച്ഛനു ഇഷ്ടം ഇല്ലാതിരുന്നിട്ടും വാശി പിടിച്ചു നഴ്സിങ്ങിന് ചേർന്നതു മാത്രമാണ് ജീവിതത്തിൽ എടുത്ത നല്ല ഒരു തീരുമാനം… ബാക്കി എല്ലാ കാര്യത്തിലും താനൊരു പരാജയമായിരുന്നു എന്ന് അവൾ വിശ്വസിച്ചു. ഇവിടെ വന്നിട്ട് ഇത്ര ദിവസമായിട്ടും ഹിമ തന്നെ കാണാൻ കൂടി വന്നില്ലല്ലോ എന്നവൾ വീണ്ടും ഓർത്തു… എല്ലാം വിട്ടു കൊടുത്തിട്ട് എന്തു നേടി… ഒന്നും നേടിയില്ല… ഉണ്ടായിരുന്ന ബന്ധങ്ങളിൽ വീണ്ടും വിള്ളലുകൾ തീർക്കാൻ മാത്രമേ കഴിഞ്ഞുള്ളു. അവൾ ഇല്ലായിരുന്നെങ്കിൽ തന്റെ ജീവിതം ഇങ്ങനെ ആകുമായിരുന്നോ… ഓരോന്നു ഓർത്ത് ഇരുന്ന് പോയി… ആരെയും ശപിക്കാൻ തോന്നിയില്ല… ജീവേട്ടനെ പോലും… താൻ എഴുതി വെച്ച കത്ത് എല്ലാവരും വായിച്ചു കാണുമോ? സംഗീത വന്നപ്പോൾ ജീവേട്ടന് നഷ്ടപ്പെട്ട ജീവിതം കിട്ടി കാണുമോ?

എല്ലാവരും ആ ബന്ധം അംഗീകരിച്ചു കൊടുത്തിട്ടുണ്ടാകുമോ തുടങ്ങിയ ഒരുപാട് ചിന്തകൾ ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും ആരോടും ഒന്നും ചോദിക്കാൻ തോന്നിയില്ല… “ആദി…. ” എന്ന വിളി കേട്ടതും അവൾ വേഗം ചിന്തകളിൽ നിന്നും ഉണർന്നു… ജയേട്ടൻ നിൽക്കുന്നു. കൂടെ ദുർഗ്ഗയുമുണ്ട്. അവൾ വേഗം എഴുന്നേറ്റു നിന്നു. പുഞ്ചിരിക്കാൻ ശ്രമിച്ചു. “എന്താ ആദി വിശേഷങ്ങൾ? ” “സുഖം… ” “അവിടെ ജോലിയൊക്കെ എങ്ങനെയുണ്ടായിരുന്നു. … ” ” കുഴപ്പം ഇല്ലായിരുന്നു… ജയേട്ടന് സുഖമല്ലേ? ” “സുഖം… പിന്നെ ഒരു സന്തോഷ വാർത്ത കൂടിയുണ്ട്. ഇനി ഞാൻ തിരിച്ചു പോകുമ്പോൾ തനിച്ച് ആവില്ല… കൂടെ ദുർഗ്ഗയും മോളും ഉണ്ടാകും… ഫാമിലി വിസ കിട്ടി… ” ആദി സന്തോഷത്തോടെ പുഞ്ചിരിച്ചു… “അമ്മ വന്നിട്ടുണ്ട് ചേച്ചി…” ദുർഗ്ഗ പറഞ്ഞു… എല്ലാവരും കൂടി അകത്തേക്ക് ചെന്നു. ആദിയെ കണ്ടതും മായ വേഗം അവളുടെ അടുത്തേക്ക് വന്നു… അവളുടെ കയ്യിൽ പിടിച്ചു…

“എന്റെ മോൾക്ക് അമ്മയോട് പിണക്കം ആണല്ലേ? ” “അങ്ങനെയൊന്നും പറയല്ലേ അമ്മേ… എനിക്ക് ഒരു പിണക്കവും ഇല്ല… ” “എന്നിട്ട് വീട്ടിൽ പോലും കയറാതെ മോള്… ” “എല്ലാവർക്കും എന്നോട് ദേഷ്യമാകും എന്ന് കരുതി അമ്മേ… ആരോടും പറയാതെ അല്ലേ ഞാൻ പോയത് … അല്ലാതെ അമ്മയോട് ഒരു പിണക്കവും ഇല്ല…” രാത്രി മായ ആദിയുടെ കൂടെയാണ് കിടന്നത്… “അമ്മ ഇനി കല്യാണം കഴിഞ്ഞിട്ടല്ലേ പോകൂ? ” ആദി തിരക്കി… “ഞാൻ നാളെ പോകും. പിന്നെ കല്യാണത്തലേന്ന് വരും.” “അമ്മ അവിടെ തനിച്ച്…” “അതൊന്നും പേടിക്കാൻ ഇല്ല…” ജീവേട്ടനും സംഗീതയും ഇപ്പോൾ എവിടെ ആകും എന്ന് അറിയാൻ അവളുടെ ഉള്ളം വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു… ചോദിക്കണോ വേണ്ടയോ എന്ന ആലോചനയോടെ അവൾ കിടന്നു… “മോൾ എന്താ ആലോചിക്കുന്നത്? ”

“ഒന്നുമില്ല അമ്മേ… ” പിന്നെ രണ്ടാളും ഒന്നും സംസാരിച്ചില്ല … പിറ്റേന്ന് ജയേട്ടനും അമ്മയും കൂടി വീട്ടിലേക്ക് പോയി. ജയൻ രാത്രി ഇങ്ങോട്ട് തന്നെ വരും എന്ന് പറഞ്ഞ കാരണം ദുർഗ്ഗയും മോളും അവരുടെ കൂടെ പോയി… മാളൂട്ടി കൂടി പോയപ്പോൾ ഒരു സുഖവും തോന്നാത്ത കാരണം ആദി മുറിയിൽ പോയി കിടന്നു… അഭിയേട്ടൻ തിരക്കുന്നുണ്ടെന്ന് പറഞ്ഞ് അച്ഛൻ വന്നു വിളിച്ചു. “അഭിയേട്ടൻ എവിടെയാ? ” “ഉമ്മറത്തുണ്ട്… ” അവൾ ഉമ്മറത്തേക്ക് നടന്നു . അവിടെ അഭിയേട്ടന്റെ കൂടെ പ്രവിയേട്ടനും കിച്ചേട്ടനും ഉണ്ടായിരുന്നു. “അഭിയേട്ടാ…. എന്നെ വിളിച്ചോ…. അച്ഛൻ പറഞ്ഞു… ” “പ്രവി പറഞ്ഞതാ നിന്നെ വിളിക്കാൻ… ” ആദി പ്രവിയുടെ മുഖത്തേക്ക് നോക്കി. പ്രവി അവളെ നോക്കി പുഞ്ചിരിച്ചു… “നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ ആദി? ” പ്രവി തിരക്കി… അവൾ പുഞ്ചിരിച്ചു… “ആദി നല്ല ആളാണുട്ടോ. എന്റെ കല്യാണം അറിയിച്ചിട്ടു നീ വന്നില്ലല്ലോ… ”

“അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. വരാൻ പറ്റിയില്ല. ” “നീ എന്തിനാ ആദി ഇങ്ങനെ അകലെ പോയി ജോലി ചെയ്യുന്നത്. ഇവിടെയും നല്ല ഹോസ്പിറ്റൽ ഇല്ലേ? ” തന്റെ ജീവിതം തന്നെ മാറ്റി മറിക്കാൻ കാരണക്കാർ ആയവരിൽ ഒരാളാണ് തന്നെ ചോദ്യം ചെയ്യുന്നത്… ആദിയ്ക്ക് മറുപടി ഒന്നും പറയാൻ തോന്നിയില്ല. “ഇവിടുത്തെ പോലെ അല്ലല്ലോ അവിടെ. ആരെയും പേടിക്കണ്ട. ഇഷ്ടത്തിന് തോന്നും പോലെ ജീവിക്കാം.. ” കിച്ചു പറഞ്ഞു. ആദി കിച്ചുവിന്റെ മുഖത്തേക്ക് നോക്കി. തന്നെ നോവിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കില്ല… “അളിയൻ അങ്ങനെ പറയരുത്. നമ്മുടെ ആദിയല്ലേ. നമ്മുടെ പെങ്ങൾ അല്ലേ. എവിടെ പോയാലും എവിടെ ജീവിച്ചാലും അവൾ ഒരു തെറ്റും ചെയ്യില്ല. എനിക്ക് ഉറപ്പുണ്ട്. ” പ്രവി പറഞ്ഞു “ഞാൻ അകത്തേക്ക് ചെല്ലട്ടെ? “കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ ആദി പ്രവിയോട് തിരക്കി. “ഉം… ജീവൻ വരില്ലേ കല്യാണത്തിന്?

” അഭിയേട്ടന്റെ മുഖത്തേക്ക് ഒന്നു നോക്കിയ ശേഷം അവൾ വേഗം അകത്തേക്ക് നടന്നു. *** കല്യാണത്തിന്റെ തലേന്ന് ഹിമയേയും മോനെയും കൂട്ടി കിച്ചു വന്നു. ജയൻ അമ്മയെ കൂട്ടി കൊണ്ടു വന്നിരുന്നു. വീട്ടിലേക്ക് വരുന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും ആദി ഇത്രനാൾ എവിടെ ആയിരുന്നു… അവളും ഭർത്താവും തമ്മിൽ പിരിഞ്ഞോ അവൾ അവനെ ഉപേക്ഷിച്ചു പോയതാണോ എന്ന് അറിയാൻ വലിയ ജിജ്ഞാസയായിരുന്നു. അവൾ ഒരു ജോലി കിട്ടിയപ്പോൾ പോയതാ ഏട്ടന്റെ കല്യാണമായപ്പോൾ വന്നതാ അത്രയേയുള്ളു. ഓരോരുത്തരുടെയും ചോദ്യത്തിന് അനുസരിച്ച് പല ഭാവത്തിലും ഈ മറുപടി അച്ഛനും അമ്മയും പറയുന്നുണ്ടായിരുന്നു.

അകത്തു നിൽക്കുമ്പോൾ ആദിയ്ക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി… അവൾ വീടിന്റെ പുറകു വശത്തേക്ക് ഇറങ്ങി. “എന്താ മോളെ ഇവിടെ വന്നു നിന്നത്? ” അവൾ ചാമ്പ മരത്തിന്റെ അരികിൽ വന്നു നിൽക്കുന്നതു കണ്ട് മായ തിരക്കി. “വെറുതെ വന്നു നിന്നതാ അമ്മേ… ” “മോൾക്ക് ഇപ്പോഴും ദേഷ്യം മാറിയിട്ടില്ലല്ലേ. അതാണോ അമ്മയെ കാണുമ്പോൾ ഒഴിഞ്ഞു മാറി നടക്കുന്നത്? ” “അങ്ങനെ ഒന്നും പറയല്ലേ അമ്മേ. എല്ലാവർക്കും എന്നോട് അല്ലേ അകൽച്ച… അതു കൊണ്ടു ഒന്നു മാറി നടക്കുന്നേയുള്ളു.” “ആർക്കും മോളോട് ഒരു അകൽച്ചയും ഇല്ല. മോൾ രമേശേട്ടനെ വിളിക്കുന്ന കാര്യം ഞങ്ങൾക്ക് അറിയാമായിരുന്നു. അവിടെ മോൾക്ക് സുഖമാണെന്ന് അറിഞ്ഞപ്പോഴാ എല്ലാവർക്കും സമാധാനം ആയത്. ദുർഗ്ഗയാ ആദ്യം പറഞ്ഞത് ആദി കല്യാണത്തിനു വരും എന്ന്…

ഒരു തരത്തിൽ പറഞ്ഞാൽ ഞാനും ഉത്തരവാദിയാണ് നിങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെ ആകാൻ… എന്റെ നിർബന്ധം കാരണമായിരുന്നു ഞാൻ അന്ന് ഹോസ്പിറ്റലിൽ കിടന്ന സമയത്ത് ജീവൻ വിവാഹത്തിനു സമ്മതം മൂളിയത്… അതിങ്ങനെയൊക്കെ ആയി തീരുമെന്ന് സ്വപനത്തിൽ പോലും വിചാരിച്ചതല്ല.” ജീവേട്ടന് സുഖമാണോ എന്ന് അറിയാൻ മനസ്സ് വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു . പക്ഷേ ചോദിക്കാൻ തോന്നിയില്ല. “ഇവിടെ തനിച്ച് നിൽക്കണ്ട. അകത്തേക്ക് വാ… ” അവൾ അമ്മയുടെ കൂടെ അകത്തേക്ക് ചെന്നു . വൈകുന്നേരം പുടവ കൊടുക്കാൻ പോകുന്ന ചടങ്ങിന് ദുർഗ്ഗയും ജയേട്ടനും കിച്ചേട്ടനും ഹിമയും എല്ലാം പോകുന്നുണ്ടായിരുന്നു. ആദിയോടും പോകാൻ പറഞ്ഞെങ്കിലും അവൾ ഒഴിഞ്ഞു മാറി. ഇതുവരെയുള്ള ചടങ്ങുകൾക്കൊന്നും പങ്കെടുകാത്ത കാരണം തന്നെ അവിടെ വെച്ചു കണ്ടാൽ നയനയുടെ ബന്ധുക്കൾ വിശേഷങ്ങൾ തിരക്കും… ഭർത്താവിനെ പറ്റി തിരക്കും… മറുപടി പറയേണ്ടി വരും.

കൂടുതൽ ഓർത്തപ്പോൾ പോകാതെ ഇരിക്കുന്നതാണ് ഉചിതം എന്ന് ഉറപ്പിച്ചു. പുടവ കൊടുക്കൽ ചടങ്ങു കഴിഞ്ഞ് വന്നതിനു ശേഷം എല്ലാവരും മണ്ഡപത്തിലേക്ക് പോകാൻ തയ്യാറായി. അതിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് അറിയാവുന്നതിനാൽ ആദിയും പോകാൻ ഒരുങ്ങി. ജയേട്ടനുള്ള കാരണം ദുർഗ്ഗ കൂടുതൽ ജയേട്ടന്റെ കൂടെ ആയിരുന്നു. അമ്മയും അച്ഛനും അഭിയേട്ടനും എല്ലാം മണ്ഡപത്തിലേക്ക് വരുന്നവരെ സ്വീകരിക്കുകയും വിശേഷങ്ങൾ പറയുകയും ചെയ്യുന്നതിന്റെ തിരക്കിൽ ആയിരുന്നു. അപ്പച്ചിയും ഹിമയും വെല്ല്യമ്മയും ഇരിക്കുന്നത് ആദി കണ്ടിരുന്നു. തന്നെ കാണുമ്പോൾ ഹിമയുടെ മുഖത്തെ തെളിച്ചം മങ്ങുന്നതു പോലെ… അതു കൊണ്ട് തന്നെ അവൾ അവരുടെ അടുത്തേക്ക് പോയില്ല. അവൾ അങ്ങനെ നിൽക്കുമ്പോഴാണ് ജീവന്റെ അമ്മ അവളുടെ അടുത്തേക്ക് വന്നത്. അവൾ അമ്മയുടെ കൂടെ മണ്ഡപത്തിന്റെ ഒരു ഒഴിഞ്ഞ മൂലയിൽ ഇരുന്നു.

“മോൾ ഇങ്ങനെ ആരുടെ മുമ്പിൽ നിന്നും മാറി നിൽക്കേണ്ട കാര്യമൊന്നും ഇല്ല.” “ഉം… ” “നീ എന്താ മോളെ ഇങ്ങനെ. ദുർഗ്ഗയെ കാണുന്നില്ലേ. അവളെ പോലെ ആകണം. അല്ലാതെ ആരോടും ഒന്നും പറയാതെ മനസ്സിൽ എല്ലാം അടക്കിപ്പിടിച്ചു നടക്കേണ്ട കാര്യമൊന്നും ഇല്ല.” അവൾ പുഞ്ചിരിച്ചു. “നിനക്ക് ജീവനെ വിവാഹം കഴിക്കാൻ സമ്മതമായിരുന്നില്ലേ മോളെ? ” “ഇനി എന്തിനാ അമ്മേ അതിനെ കുറിച്ചൊക്കെ ഓർക്കുന്നത്. അതൊക്കെ കഴിഞ്ഞു പോയില്ലേ. ” “എന്നാലും മോള് ആരോടും പറയാതെ പോയല്ലോ… ” “പറഞ്ഞാൽ വീട്ടിലാരും സമ്മതിക്കില്ല. കൂടെ പഠിച്ചിരുന്ന ഒരു ദയ ഉണ്ടായിരുന്നു. അവളുടെ അഡ്രസ്സും അറിയാമായിരുന്നു. ആ ഒരു ധൈര്യത്തിലാ ചെന്നൈയിലേക്ക് പോയത്. ഒരു മാസം അവളുടെ കൂടെ തന്നെയായിരുന്നു. പിന്നെ ജോലി കിട്ടിയതിനു ശേഷമാണ് ഹോസ്റ്റലിലേക്ക് മാറിയത്. ” “എല്ലാവരും ഒരുപാട് വിഷമിച്ചു. എല്ലാം ഒന്നു കലങ്ങി തെളിയാൻ കുറച്ചു സമയം എടുത്തു. ” “എല്ലാം കഴിഞ്ഞില്ലേ… ഇനി അതൊന്നും ഓർക്കേണ്ട…”

“അതൊന്നും മറക്കാൻ പറ്റില്ല മോളെ… ” “ജീവേട്ടനും സംഗീതയ്ക്കും സുഖമാണോ? ” കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ തിരക്കി. അതു ചോദിക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു. “അവനു സുഖമാണ് മോളെ… ” ജയനും ദുർഗ്ഗയും അവരുടെ അടുത്തേക്ക് വന്നു. “മാളൂട്ടി എവിടെ മോനെ? ” “അമ്മയുടെ അടുത്തുണ്ട്… ” “ചേച്ചിയും അമ്മയും എന്താ ഇവിടെ വന്നത്. ചേച്ചിയെ എല്ലാവരും തിരക്കുന്നുണ്ട്. മുത്തശ്ശിയും വെല്ല്യമ്മയും അപ്പച്ചിയും ഒക്കെ ചോദിച്ചു.” “മുത്തശ്ശി എന്നെ ചോദിച്ചോ? ” “ചോദിച്ചു.. ചേച്ചി… അമ്മേ വാ… ” “നിങ്ങൾ രണ്ടാളും ചെല്ല്. ഞാൻ അമ്മയുടെ കൂടെ കുറച്ചു നേരം സ്വസ്ഥമായി ഇരിക്കട്ടെ… ” ജയൻ പറഞ്ഞു. ആദിയേയും കൂട്ടി ദുർഗ്ഗ നടന്നു. “നീ ഇത് എവിടെ ആയിരുന്നു ആദി?” അപ്പച്ചി തിരക്കി. അപ്പച്ചിയുടെ മടിയിൽ ഇരിക്കുന്ന കിച്ചേട്ടന്റെ മോനെ നോക്കി ഒരു നിമിഷം അവൾ നിന്നു. “ചേച്ചി അമ്മയുടെ കൂടെ ഉണ്ടായിരുന്നു. ” ദുർഗ്ഗ പറഞ്ഞു.

“മോൾ ഇവിടെ ഇരിക്ക്…” ചെറിയമ്മ ആദിയെ പിടിച്ച് അവരുടെ അടുത്ത് കിടന്നിരുന്ന കസേരയിൽ പിടിച്ച് ഇരുത്തി. ദുർഗ്ഗയും അവളുടെ അടുത്തായി ഇരുന്നു. “മോൾ ഇനി തിരിച്ചു പോകുമോ?” ചെറിയമ്മ ആദിയോട് തിരക്കി. “പോകും… ” “ഇവിടെ അടുത്തേതെങ്കിലും ഹോസ്പിറ്റൽ നോക്കാമായിരുന്നില്ലേ? ” “അവിടെ ജോലി ചെയ്യുന്നതിനെന്താ കുഴപ്പം. മറ്റുള്ളവരുടെ വാക്ക് കേട്ട് ജീവിതം കളഞ്ഞതാ എന്റെ ചേച്ചി ചെയ്ത തെറ്റ്. ഇനി ഓരോന്നു പറഞ്ഞ് ഈ ജോലി കൂടി കളയിക്കരുത്. ” ദുർഗ്ഗ പറഞ്ഞു. “അതെന്താ ദുർഗ്ഗമോൾ അങ്ങനെ പറയുന്നത്. അവളെ ഇടയ്ക്ക് എങ്കിലും ഒന്നു കാണാനുള്ള കൊതി കൊണ്ടാകില്ലേ ചെറിയമ്മ ചോദിച്ചത്… ” അപ്പച്ചി തിരക്കി. “അത് അപ്പച്ചി… ചിലര് കാര്യം കാണാൻ ഓരോന്നു പറയും. വേണേൽ കരയും… അങ്ങനെ ഒരുത്തിയുടെ വാക്ക് കേട്ടതാ എന്റെ ചേച്ചിയുടെ ജീവിതത്തിലെ ആദ്യത്തെ തെറ്റ്. ഇനി ആ ജോലി കളയിക്കാൻ വേണ്ടി ആരും ഒന്നും പറയണ്ട. എന്റെ ചേച്ചി ചെറിയ കുട്ടിയൊന്നും അല്ല.

കാര്യങ്ങൾ തീരുമാനിക്കാനുള്ള ബുദ്ധിയൊക്കെ ഇപ്പോൾ ഉണ്ട്… ” ഹിമയെ ഒന്നു നോക്കിയ ശേഷം അവൾ പറഞ്ഞു നിർത്തി. ഹിമയുടെ മുഖം വിളറി വെളുക്കുന്നത് ദുർഗ്ഗ വ്യക്തമായി കണ്ടു. ആദി ദുർഗ്ഗയുടെ കയ്യിൽ മെല്ലെ പിടിച്ചു. “നീ എന്തൊക്കെയാ മോളെ പറയുന്നത്? ” അവൾ ശബ്ദം താഴ്ത്തി തിരക്കി. “അച്ഛൻ എല്ലാം പറഞ്ഞു… ” പിന്നെ ഹിമയുടെ നേർക്ക് തിരിഞ്ഞു… “എന്താ ഹിമചേച്ചി ഒന്നും മിണ്ടാതെ ഇരിക്കുന്നത്… കൂട്ടുകാരിയെ മറന്നോ? ” ഹിമ ഒന്നും പറയാൻ കഴിയാതെ ആകെ വിയർത്തു. ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ജയനും ദുർഗ്ഗയും ആദിയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. അവർ ഇരിക്കുന്നതിന്റെ എതിർ വശത്തായിരുന്നു കിച്ചുവും കൂട്ടുകാരും ഇരുന്നിരുന്നത്. “കെട്ടിയോനെ ഉപേക്ഷിച്ചു പോകാൻ മാത്രം ഇവൾക്ക് ധൈര്യം ഉണ്ടായിരുന്നോ? ” ആദിയെ മൊത്തത്തിൽ ഒന്നു നോക്കിയ ശേഷം ഒരുത്തൻ കിച്ചുവിനോട് തിരക്കി…

ആ ചോദ്യം കേട്ടതും ആദി മുഖം ഉയർത്തി കിച്ചുവിനെ നോക്കി. “ഉണ്ടായിരിക്കും… ” കിച്ചു അലസമായി മറുപടി പറഞ്ഞു. “അവൾക്ക് വേറെ കെട്ടിയോനും മക്കളും ഒക്കെ ആയി കാണുമോ? ” “എനിക്ക് അറിയില്ല. ” “നിന്റെ അമ്മാവന്റെ മോൾ അല്ലേ. മുറപ്പെണ്ണാണെന്നും പറഞ്ഞു നീ നടന്നിരുന്നതല്ലേ. ഒരു കണക്കിന് നീ രക്ഷപെട്ടതാ മോനെ… ” “അതു ശരിയാ… ” എന്നു പറഞ്ഞ് കിച്ചു കുറച്ച് ഉറക്കെ ചിരിച്ചതും ആദി ഭക്ഷണം മതിയാക്കി എഴുന്നേറ്റു പോയി. ജയൻ എഴുന്നേറ്റു അവരുടെ അടുത്തേക്ക് ചെന്നു. “അളിയന്റെ കല്യാണമായി പോയി. അല്ലെങ്കിൽ നിന്നോടൊക്കെ എങ്ങനെ സംസാരിക്കണം എന്ന് എനിക്ക് അറിയാം… കേട്ടോടാ… ” ജയൻ കിച്ചുവിനോടും കൂട്ടുകാരോടും പറഞ്ഞു. “അളിയൻ വെറുതെ കാര്യം അറിയാതെ സംസാരിക്കരുത്… “കിച്ചു പറഞ്ഞു…

“എന്നാൽ വന്നിട്ട് കാര്യം അറിയിച്ചു താ… അല്ലാതെ നാവിനു എല്ലില്ലെന്നു കരുതി അനാവശ്യം പറയാൻ നിന്നാൽ ഉണ്ടല്ലോ.. ” ജയൻ താക്കീതോടെ പറഞ്ഞു. “ജയേട്ടൻ വന്നേ… ” ദുർഗ്ഗ വന്നു വിളിച്ചു. കിച്ചുവിനെ ഒന്നു തുറിച്ചു നോക്കിയ ശേഷം അവൾ ജയന്റെ കൂടെ പോയി. *** രാവിലെ വയ്ലറ്റ് നിറത്തിലുള്ള പട്ടുസാരി ഉടുത്തതിന് ശേഷം ആദി കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു. കുറേ നാളുകൾക്കു ശേഷം ആദി ഇന്നാണ് ഒരുങ്ങുന്നത്. അവളുടെ ആഭരണങ്ങൾ ദുർഗ്ഗ കൊണ്ട് വന്നിരുന്നു. ആദിയുടെ കഴുത്തിൽ ഒരു ചെറിയ മാല കിടന്നിരുന്നു. അതിനോടൊപ്പം ഒരു പാലയ്ക്കാ മാലയിട്ടു. പിന്നെ കയ്യിൽ രണ്ടു വളയിട്ടു. ബാക്കി എല്ലാം അവളെ ഏൽപ്പിച്ചു. “ഒന്നു രണ്ടു വള കൂടി ഇടാമായിരുന്നു… ” ദുർഗ്ഗ പറഞ്ഞു. “ഇതു മതി. ” “എന്നാൽ ആ ചെറിയ മാല ഊരി ഈ മാല ഇതിട്ടോളൂ.” അതു വിവാഹത്തിനു ജീവൻ കെട്ടി കൊടുത്ത മാലയായിരുന്നു. “ഇപ്പോൾ ഇട്ടിട്ടുള്ള മാല മതി. ഇനി ഒന്നും വേണ്ട. ”

“അതു പറഞ്ഞാൽ പറ്റില്ല.” എന്നു പറഞ്ഞ് ദുർഗ്ഗ ആദിയുടെ കഴുത്തിലെ മാല ഊരാൻ നോക്കി. “ഞാൻ മാറ്റിയിട്ടോളാം. നീ പൊയ്ക്കോ. ” “അതു വേണ്ട. എനിക്കറിയാവുന്നതല്ലേ. ചേച്ചി മാറ്റില്ല. ” എന്ന് പറഞ്ഞ് അവൾ സാരിയുടെ ഉള്ളിൽ ആയി കിടന്നിരുന്ന മാല പുറത്തേക്കു എടുത്തു. അതിൽ കിടന്നിരുന്ന താലി കണ്ടതും ദുർഗ്ഗ അതിലേക്ക് സൂക്ഷിച്ചു നോക്കി… ജീവൻ കെട്ടിയ താലി… ആദിയുടെ മുഖം വല്ലാതെയായി. “ജീവനുമായുള്ള എല്ലാ ബന്ധവും ഒഴിവാക്കി പോയ ചേച്ചിയ്ക്ക് എന്തിനാ ഈ താലി? ” “അതെങ്കിലും എനിക്ക് വേണം മോളെ… എല്ലാം നഷ്ടപ്പെടുത്തിയ പോലെ ഇതു ഊരി കളയാൻ പറ്റില്ല… ” “അപ്പോൾ ചേച്ചിയ്ക്ക് ജീവനോട് വെറുപ്പ് ഇല്ലേ? ” “പരസ്പരം സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റിയിട്ടില്ല. പിന്നെ എന്തിനാ വെറുപ്പ്… ആ പേര് ഓർക്കുമ്പോൾ ഇപ്പോഴും ഒരു വിറയലാണ് മോളെ… ” “എനിക്ക് ചേച്ചിയെ മനസിലാക്കാൻ പറ്റുന്നില്ല…

ഈ താലി അഴിച്ചു മാറ്റിയിട്ടില്ലല്ലോ. അപ്പോൾ സിന്ദൂരം ഇട്ടു കൂടെ? ” “ഇപ്പോൾ എനിക്ക് അതിനുള്ള അർഹത ഇല്ലല്ലോ… ” ദുർഗ്ഗ പിന്നീട് ഒന്നും തിരക്കിയില്ല. അമ്പലത്തിൽ വെച്ചായിരുന്നു താലികെട്ട്. അഭി ആദിയെ നയനയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു. കിച്ചേട്ടനെ കണ്ടപ്പോൾ ഇന്നലത്തെ രാത്രിയിലെ സംസാരം ഓർമ വന്നു. പിന്നെ അങ്ങോട്ട് നോക്കാൻ പോയില്ല. താലി കെട്ടുന്ന സമയത്തും മോതിര മാറ്റം നടക്കുമ്പോഴും ദുർഗ്ഗ അഭിയുടെയും നയനയുടെയും കൂടെ തന്നെ നിന്നു. ആദി മാളൂട്ടിയെ എടുത്ത് കുറച്ചു മാറി നിന്നു. അമ്പലത്തിൽ നിന്നും മണ്ഡപത്തിലേക്ക് പോകുമ്പോൾ അഭി നിർബന്ധിച്ച് ആദിയെ അവരു പോകുന്ന കാറിൽ കയറ്റി. ജയനാണ് ഡ്രൈവ് ചെയ്തത്. അവന്റെ അടുത്ത് ദുർഗ്ഗ ഇരുന്നു. ആദി നയനയുടെ അരികിൽ ഇരുന്നു…

നയന ആദിയോട് വിശേഷങ്ങൾ ഒക്കെ തിരക്കി. ഒരുപാട് കാലത്തെ പരിചയമുള്ള ഒരാളോട് സംസാരിക്കുന്നത് പോലെയാണ് ആദിയ്ക്ക് തോന്നിയത്. മണ്ഡപത്തിൽ എത്തിയപ്പോൾ വീണ്ടും തിരക്ക് ആയി. ഓരോരുത്തരും ഫോട്ടോ എടുക്കാൻ കയറുന്നത് നോക്കി ആദി കസേരയിൽ ഇരുന്നു . “ചേച്ചി വാ. അഭിയേട്ടൻ ഫോട്ടോ എടുക്കാൻ വിളിക്കുന്നു… ” ദുർഗ്ഗ വന്നു വിളിച്ചു. “നമുക്ക് റിസപ്ഷന് എടുക്കാം മോളെ.” “ചേച്ചി വന്നില്ലേൽ അഭിയേട്ടൻ ഇറങ്ങി വരും. ” അവൾ സ്റ്റേജിലേക്ക് നോക്കി. അഭിയേട്ടൻ കൈ വീശി കാണിക്കുന്നുണ്ട്. അവൾ എഴുന്നേറ്റു ദുർഗ്ഗയോടൊപ്പം ചെന്നു. ആദി കയറുമ്പോഴേക്കും അപ്പച്ചിയും കിച്ചുവും ഹിമയും മോനും കൂടെ കയറി. “ചേച്ചിയും കയറിക്കോളൂ… ” ഫോട്ടോഗ്രാഫർ ആദിയോട് പറഞ്ഞു. “വേണ്ട. ഞങ്ങൾ വേറെ ഫാമിലിയാണ്.” അതു കേട്ടതും കിച്ചു പറഞ്ഞു. “അതെയോ. മറ്റേ ചേച്ചി നേരത്തെ ഫോട്ടോ എടുത്തതാ. അതു കൊണ്ട് പറഞ്ഞതാ. ”

“ഇതു ഞങ്ങളുടെ ഏട്ടന്റെ കല്യാണമാ. വല്ലവരുടെയും കൂടെ ഞങ്ങൾക്കും ഫോട്ടോ എടുക്കേണ്ട ആവശ്യമില്ല. ” ദുർഗ്ഗ കിച്ചുവിനെ നോക്കി പറഞ്ഞു. ഇത്രയും ആളുകളുടെ മുൻപിൽ വെച്ച് കിച്ചേട്ടൻ മനസ്സിലെ വെറുപ്പ് പ്രകടിപ്പിക്കുന്നത് ആദിയ്ക്ക് സഹിക്കുന്നുണ്ടായിരുന്നില്ല. ഹിമയുടെ പെരുമാറ്റവും നൊമ്പരപ്പെടുത്തി. കിച്ചുവിന്റെ സംസാരം അഭിയ്ക്കും തീരെ ഇഷ്ടപ്പെടുന്നില്ലായിരുന്നു. എന്നാലും ഫോട്ടോ എടുക്കുമ്പോൾ അവൻ ചിരിക്കാൻ ശ്രമിച്ചു. ദുർഗ്ഗയുടെ അടുത്തേക്ക് മോളെയും എടുത്ത് ജയൻ വന്നു. “എന്താ പ്രശ്നം? ” “ഒന്നുമില്ല… ” ആ സമയത്ത് നയനയുടെ അച്ഛൻ അവരുടെ അടുത്തേക്ക് വന്നു. “അഭിയുടെ അനിയത്തി ആണല്ലേ. അമ്പലത്തിൽ വെച്ചു സംസാരിക്കാൻ കഴിഞ്ഞില്ല. ”

ആദി അച്ഛനെ നോക്കി പുഞ്ചിരിച്ചു. “ഇനിയും സംസാരിക്കാമല്ലോ അല്ലേ… അതാ ആ തിരക്കിൽ വരാഞ്ഞത്. ” കിച്ചു സ്റ്റേജിൽ നിന്നും ഇറങ്ങി വരുന്നുണ്ടായിരുന്നു. “എന്നാൽ കാണാട്ടോ… ” എന്നു പറഞ്ഞ് അച്ഛൻ വേറെ ആരുടെയോ അടുത്തേക്ക് നടന്നു . “ഞാൻ ഇപ്പോൾ വരാം… ” എന്ന് പറഞ്ഞ് ആദി വേഗം തിരിഞ്ഞു നടന്നു. കുറച്ചു നടന്നപ്പോഴാണ് ആരോ ബലമായി കയ്യിൽ പിടിച്ചത്. തിരിഞ്ഞു നോക്കിയതും അവൾ ആകെ തരിച്ചു നിന്നു പോയി……. .തുടരും

പുതിയൊരു തുടക്കം: ഭാഗം 6

Share this story