ദാമ്പത്യം: ഭാഗം 15

ദാമ്പത്യം: ഭാഗം 15

എഴുത്തുകാരി: തുഷാര ലക്ഷ്മി

തിരികെ മുറിയിലെത്തുമ്പോൾ ആളവിടെയില്ല…. അന്വേഷണം ചെന്നവസാനിച്ചത് ബാൽക്കണിയിലെ മുല്ലവള്ളിയുടെ അടുത്താണ്… താഴേക്ക് നോക്കി നിൽക്കുകയാണ്… അടുത്തുചെന്നു അവളെപ്പോലെ താഴെ കുളത്തിലേക്ക് കണ്ണുനട്ടു നിന്നു.. “” എന്തിനായിരുന്നു ഇത്..??? ഒരു സൂചന പോലും തന്നില്ലല്ലോ…. “” മൗനം ഭേദിച്ചു കൊണ്ട് ഒടുവിൽ അവൾ തന്നെ ചോദിച്ചു…. “” എന്തിന്….?? അറിഞ്ഞിരുന്നെങ്കിൽ നീ സമ്മതിക്കുമായിരുന്നോ…?? “” ———– “” എനിക്ക് ഉത്തരം വേണം ശ്രീ…. സമ്മതിക്കുമായിരുന്നോ നീ…..?? “” “” ഇല്ല… “” “” അതുകൊണ്ടാണ് പറയാത്തത്…. നീ പറഞ്ഞതുപോലെ ഞാൻ അനുസരിച്ചില്ലേ… ഞാൻ ഒന്നും ചോദിക്കാൻ പോയില്ലല്ലോ അവളോട്‌…

പക്ഷേ എന്റെ ഭാര്യയെ വേദനിപ്പിച്ചവളെ വെറുതെ വിടാൻ എനിക്ക് കഴിയില്ല… ചെറിയൊരു ശിക്ഷ കൊടുത്തു…. അവൾക്കത് മനസ്സിലായികുകയും ചെയ്തു… ഇനി നിന്നെ വേദനിപ്പിക്കാനിറങ്ങുമ്പോൾ അവളിതൊന്നോർക്കും ..എനിക്കും അത്രേ വേണ്ടിയിരുന്നുള്ളു..ഈ ശിക്ഷ എങ്കിലും ഞാനവൾക്കു കൊടുക്കണ്ടേ ശ്രീ …?? അതിന് നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്… എന്തിനാ നീ ഇത്ര ക്ഷമ കാണിക്കുന്നത് …?? അതും അവളോട്… “” എന്തോ മറുപടി പറയാൻ വന്ന അവളെ കൈയ്യുയർത്തി തടഞ്ഞു… “” ഈ കാര്യത്തിൽ നിന്റെ ന്യായങ്ങൾ എനിക്ക് കേൾക്കണ്ട…. ഞാൻ ചെയ്തതിൽ എനിക്കൊരു കുറ്റബോധവും ഇല്ല…..

ഏതൊരു ഭർത്താവും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ…… എന്തൊക്കെ കാരണങ്ങൾ നീ പറഞ്ഞാലും അവൾക്ക് ഇനിയും തെറ്റ് ചെയ്യാനുള്ള ധൈര്യം നീയായി പകർന്നു കൊടുക്കുന്ന പോലെയാണ് നിന്റെ പെരുമാറ്റം …”” “” എല്ലാം ശരിയാണ് ഏട്ടാ….പക്ഷേ ഇപ്പോൾ ഏട്ടൻ ചെയ്തതെന്താ… ഒരു പെണ്ണാണെന്ന് പോലും നോക്കാതെ… ” “” എന്തിന്….?? അവളോർത്തോ അവളൊരു പെണ്ണാണെന്നും മറ്റൊരു പെണ്ണിനെയാണ് ഉപദ്രവിക്കാൻ പോകുന്നതെന്നും… മതി ശ്രീ….കൂടുതൽ കേൾക്കണ്ട … എനിക്ക് മനസ്സിലാകാത്തത് നീയെന്തിനാണ് അവളോടിത്ര സഹതാപം കാണിക്കുന്നതെന്നാണ്… ഒരുമാതിരി കണ്ണീർ സീരിയലിലെ നായികയെപ്പോലെ “” അത് കേട്ടതും പെണ്ണിന്റെ മുഖം വീർത്തു…

കണ്ടതും ചിരി വന്നുപോയി….ഇങ്ങനെയൊരു പൊട്ടി… “” എനിക്കവളോട് ഒരു സഹതാപവുമില്ല..നമ്മൾ എന്തായാലും ഒരാഴ്ച കഴിയുമ്പോൾ എറണാകുളത്തേക്ക് മാറും..അതുവരെ ഒരു പ്രശ്നവും വേണ്ട എന്ന് കരുതിയാണ് …പിന്നെ ഏട്ടനറിയാല്ലോ നമ്മുടെ വിവാഹം, അധികമെവിടെയും നടക്കാത്ത ഒരു ബന്ധമാണ് നമ്മുടേത്….. ഞാൻ കാരണം നിങ്ങൾ അച്ഛനുമമ്മയ്ക്കും മക്കൾക്കുമിടയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്… ഇനിയുമത് രൂക്ഷമാകാൻ ഞാനാഗ്രഹിക്കുന്നില്ല ഏട്ടാ… നിമിഷയാണ് പ്രശ്നമുണ്ടാക്കുന്നതെങ്കിലും എന്നെയാകും എല്ലാവരും കുറ്റക്കാരിയായി കാണുക.. മുൻ ഭർത്താവിനോട് പകരംവീട്ടാൻ ഞാൻ അയാളുടെ അനിയനെ കരുവാക്കുകയാണെന്ന് പറയും..

അങ്ങനെ ഒന്നു കൂടി കേൾക്കാൻ ഇനി എന്റെ മനസ്സിന് ശക്തി ഇല്ലാ…. ഒരുപാടായി.. ഇനി എനിക്ക് വയ്യ…തെറ്റ് ചെയ്യാതെ….ഞാൻ….ഞാൻ … “” നെഞ്ചിൽ ചേർന്ന് ഏങ്ങലടിച്ചു കരയുന്നവളെ എന്ത് പറഞ്ഞു ആശ്വസിക്കുമെന്നറിയാതെ നിന്നുപോയി ആ നിമിഷം… എന്തൊക്കെയാണിവൾ ചിന്തിച്ചു വെച്ചിരിക്കുന്നത്…കുറ്റം പറയാൻ പറ്റില്ല… മുറിവേറ്റ മനസ്സാണ്… ഇപ്പോഴുമവൾ ഈ വീട്ടിൽ ഒരുപാട് വീർപ്പുമുട്ടുന്നുണ്ട്…അവൾ കാരണം താനും ചേട്ടനുമായി ഇനിയും പ്രശ്നങ്ങളുണ്ടാകും എന്ന ഭയമാണ്… ഇതൊക്കെയൊന്നു മാറ്റിയെടുക്കണം.. “” എടി പെണ്ണേ…നീ എങ്ങനെയാണ് കാരണക്കാരി ആകുന്നത്…?? ആര് നിന്നെ കുറ്റം പറയുമെന്നാണ്…?? നിന്നെ അറിയുന്ന, നമ്മളെ അറിയുന്ന, സത്യമറിയുന്ന ആരും ഒന്നും പറയില്ല… ഒക്കെ നിന്റെ തെറ്റിദ്ധാരണയാണ്..

പിന്നെ അങ്ങനെ പറയുന്നവരുണ്ടെങ്കിൽ പറയട്ടെ… അമ്മയെ തല്ലിയാലും അതിൽ രണ്ടഭിപ്രായമുള്ള ആൾക്കാരുള്ള നാടാണിത്…. എല്ലാവരിൽനിന്നും ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങി നമുക്ക് ജീവിക്കാനാകില്ല… നിന്നെ നിനക്കും, എനിക്കും നിന്നെ സ്നേഹിക്കുന്നവർക്കുമറിയാമെങ്കിൽ പിന്നെ നീ ആരെയാണ് പേടിക്കുന്നത്…. “” കരച്ചിലൊന്നടക്കി തോളിൽ കിടന്ന ഷ്വാളിൽ കണ്ണീര് തുടച്ചു തന്നെ തന്നെ നോക്കുകയാണ്..പറയുന്നതൊക്കെ ശ്രദ്ധിച്ചു കേൾക്കുന്നുണ്ട്…. കണ്ടപ്പോൾ വാത്സല്യമാണ് തോന്നിയത്… പൊള്ളിയ കയ്യെടുത്ത് പതിയെ തലോടി… ചുവന്നു പൊള്ളി കിടക്കുന്ന കണ്ടപ്പോൾ വീണ്ടും നിമിഷയോട് മനസ്സിൽ ദേഷ്യം നിറഞ്ഞു… അവൾക്ക് കൊടുത്തത് കുറഞ്ഞു പോയോ…. “” നിന്റെ ആറ്റിറ്റ്യൂഡ് മാറണം ശ്രീ….

കുറച്ചുകൂടി ധൈര്യം കാണിക്കണം… അന്ന് ചേട്ടൻ നിന്നെ ഹോസ്റ്റലിൽ കാണാൻ വന്നപ്പോഴുള്ള നിന്റെ സ്റ്റാൻഡില്ലേ അതുപോലെ ധൈര്യത്തോടെ നിൽക്കണം… ഈ വീട്ടിലൊരു പ്രശ്നം വേണ്ട എന്നുള്ള ചിന്ത മാറ്റിവയ്ക്കുക…. നിനക്കൊന്നു കിട്ടുമ്പോൾ തിരിച്ചു രണ്ടു നീയും കൊടുക്കുക…. ഇന്നത്തെ പ്രശ്നത്തിൽ തന്നെ നിമിഷ നിന്റെ കയ്യിൽ ചൂടുവെള്ളം ഒഴിച്ചെങ്കിൽ നീ അവളുടെ തലയിൽ കൂടി ഒഴിക്കണമായിരുന്നു… എന്തിനും ഞാനുണ്ട് നിന്റെ കൂടെ… അല്ലെങ്കിൽ നിന്റെ ഈ അയ്യോ പാവം സ്വഭാവം മുതലെടുത്ത് നിമിഷ ഇനിയും ഓരോ പണിയുമായി വരും… നീ അഭിമന്യുവിന്റെ ഭാര്യ അല്ലേ…..കരഞ്ഞു നിലവിളിച്ചു നീ എന്റെ പേര് ചീത്ത ആക്കല്ലേടി.?? “” നെഞ്ചിൽ നുള്ളിയാണ് അതിനു മറുപടി തന്നത്…

ഇവൾക്ക് നുള്ളിന്റെ അസുഖമുണ്ടോ ദൈവമേ…എത്രയെണ്ണം കിട്ടി എനിക്ക്… “” മിണ്ടാതിരിക്കെടി… ഈ അവസ്ഥയായതുകൊണ്ട് മാത്രം ഞാൻ ക്ഷമിച്ചു…. “” മിണ്ടാതെ കുറച്ചുകൂടി ചേർന്നു നിന്നു… എന്നിട്ട് തോളിൽ ഒറ്റ കടി.. “” എന്തിനാടി നീ എന്നെ കടിക്കുന്നത്…? “” “” എനിക്കറിയില്ല ഏട്ടാ… സോറി… നോവുന്നുണ്ടോ..??സോറി… സോറി… “” കടി കൊണ്ട ഭാഗത്തു തടവി കൊണ്ടാണ് ഈ പറച്ചിൽ…. ചിലപ്പോ അവളുടെ മനസ്സിലെ വിഷമവും വേദനയുമൊക്കെ പ്രകടിപ്പിക്കുന്നതാകും… പാവം.. വല്ലാത്ത പെണ്ണ് തന്നെ… “” അവളിനി വല്ല അടവുമായി വന്നാൽ ഞാൻ വെറുതെ ഇരിക്കില്ല..അക്കാര്യത്തിൽ നോ കോംപ്രമൈസ്….പിന്നെ എറണാകുളത്തു പോകുന്ന വരെ ഞാനിനി ഒന്നിനും പോകില്ല….ഉറപ്പ്….

ഇനിയെങ്കിലും ഒന്ന് ചിരിക്കെന്റെ കാന്ത… “” “” കാന്തയോ….??അതാരാ..?? “” “” നീ തന്നെ..കാന്ത എന്ന് പറഞ്ഞാൽ ഭാര്യ..മനസ്സിലായോ എന്റെ കാന്തമ്മയ്ക്ക്…. “” ആ പേര് ഇഷ്ടപ്പെട്ടുവെന്ന് തോന്നുന്നു…. വിഷമമൊക്കെ മാറി ചിരിക്കുന്നുണ്ടായിരുന്നു… അവളുടെ ആ ചിരി കണ്ടു അവൻ സന്തോഷത്തോടെ അവളെ ചേർത്ത് പിടിച്ചു… 💙🎼🎼💙💙🎼🎼💙💙💙🎼🎼💙💙🎼💙 ഓഫീസിൽ നിന്നു നേരത്തെയെത്തി മുറിയിലെത്തിയ അരവിന്ദ് കാണുന്നത് കാലിൽ വെച്ചുകെട്ടുമായി കിടക്കുന്ന നിമിഷയെയാണ്…. അവനോടി അവൾക്കരികിലെത്തി.. “” എന്താടാ…?? എന്താ പറ്റിയത്..?? “” നിമിഷ ഒരു നിമിഷം അവനെ നോക്കിയിരുന്നു… സത്യം പറയണോ.? വേണ്ട…. ഇതൊരവസരമാണ്.. അവൻ എനിക്ക് തന്ന വേദനയ്ക്കും അപമാനത്തിനും അവന്റെ ചേട്ടനെ കൊണ്ട് തന്നെ പകരം ചോദിപ്പിക്കണം….

സഹിക്കാനാവുന്നില്ല വേദന…. ചുണ്ടും നാവുമൊക്കെ ഇപ്പോഴും നീറ്റലാണ്…സംസാരിക്കുമ്പോൾ നാക്കു വായിൽ പലഭാഗത്തും തട്ടി എന്ത് വേദനയാണ്.. എരിവുള്ളത് ഒന്നും രണ്ട് ദിവസത്തേക്ക് തൊടാൻ പറ്റുമെന്ന് തോന്നുന്നില്ല.. കാലിനോ.. എല്ല് പൊട്ടി പോയി എന്നാ ആദ്യം വിചാരിച്ചത്.. ഇത്രയും വേദനിപ്പിച്ചിട്ടും അവസാനമവൻ പറഞ്ഞത് എനിക്ക് സ്റ്റാൻഡേർഡ് ഇല്ല,അവന്റെ പെണ്ണിനെ വേദനിപ്പിക്കുന്നവരെ അവനും വേദനിപ്പിക്കുമെന്ന്….. എന്തൊക്കെ പറഞ്ഞവൻ…. എല്ലാത്തിനും കൂടി ചേർത്ത് അവന്റെ ചേട്ടൻ മറുപടി പറയട്ടെ… മനസ്സിൽ അനിയനോട് ദേഷ്യവുമായി നടക്കുന്ന ചേട്ടനാണ്… ആ എരിയുന്ന തീയിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്തേക്കാം.. ആളിക്കത്തട്ടെ…. തമ്മിൽ തല്ലട്ടെ…. നിമിഷ പെട്ടെന്ന് അരവിന്ദിനെ ചുറ്റിപ്പിടിച്ച് ഒറ്റ കരച്ചിൽ.

അരവിന്ദ് ഒരു നിമിഷം പേടിച്ചുപോയി.. “” നിങ്ങളുടെ അനിയൻ, ചെയ്യാത്ത തെറ്റിന് എനിക്ക് തന്ന ശിക്ഷയാണിത്…കണ്ടോ എനിക്ക് നേരെ ഒന്ന് സംസാരിക്കാൻ പോലും പറ്റുന്നില്ല…നാക്കും ചുണ്ടുമൊക്കെ പൊള്ളി.. കാലിനും പരിക്ക് പറ്റി….. “” “” എന്തിനാ അവനിത് ചെയ്തത്….??എന്താണിവിടെ സംഭവിച്ചത്..??? “” ദേഷ്യം കൊണ്ട് ചുവന്ന അരവിന്ദിന്റെ മുഖം കണ്ടപ്പോൾ നിമിഷയ്ക്കു സന്തോഷം തോന്നി….. “” അവന്റെ ഭാര്യയുടെ കയ്യിൽ അടുക്കളയിൽ വെച്ച് ചൂടുവെള്ളമെന്തോ വീണു…. അത് ഞാനാണ് ചെയ്തതെന്നു പറഞ്ഞു.. ഏട്ടനാറിയില്ലേ ഞാൻ അടുക്കളയിൽപോലും കയറാറില്ല… പിന്നെങ്ങനെ ഞാൻ ചൂടുവെള്ളമൊഴിക്കും.. ഇതവൾ മനപ്പൂർവ്വം അവനെക്കൊണ്ട് ചെയ്യിക്കുന്നതാ.. നിങ്ങളോടുള്ള ദേഷ്യം എല്ലാവരും തീർക്കുന്നത് എന്നോടാ… “” നിമിഷ കണ്ണുതുടച്ചു… “” നീ വിഷമിക്കല്ലേ…

ഞാൻ അമ്മയോട് കൂടി ചോദിക്കട്ടെ.. അമ്മ ഉണ്ടായിരുന്നില്ലേ അവിടെ…. “” “” അതല്ലേ… അമ്മയും ജാനുവമ്മയും പുറത്തായിരുന്നു… ആ സമയത്താ ഞാൻ വെള്ളമൊഴിച്ചതെന്നാ പറയുന്നത്…. അല്ലെങ്കിൽ അമ്മയോട് ചോദിച്ചിട്ടെന്തിനാ…അവരൊക്കെ ഒറ്റകെട്ടാണ്… ഞാൻ പറയുന്നത് നിങ്ങൾക്കു വിശ്വാസമില്ലല്ലേ… ഭാര്യ പറയുന്ന കള്ളം വിശ്വസിച്ചാണ് നിങ്ങളുടെ അനിയൻ എന്നെ ഉപദ്രവിച്ചത്…എന്നിട്ടും നിങ്ങൾക്ക് ഞാൻ പറയുന്നതുപോലും വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ…എന്റെ വിധി…എനിക്ക് ആരുമില്ലല്ലോ ചോദിക്കാൻ..ആർക്കും എന്തും ചെയ്യാം… “” വീണ്ടും മുഖം പൊത്തിയിരുന്നു നിമിഷ… “” നീ വിഷമിക്കാതെ നിമിഷ… നിന്നെ വേദനിപ്പിച്ചവരോട് ഞാൻ ചോദിച്ചിരിക്കും… ഇതിനൊരു പരിഹാരം നമ്മൾ കാണും…. “”

കുറച്ചുനേരം കഴിഞ്ഞ് നിമിഷ മുഖത്തുനിന്ന് കൈമാറ്റി നോക്കുമ്പോൾ അരവിന്ദ് മുറിയിലുണ്ടായിരുന്നില്ല…. അവനെവിടെ പോയതാകുമെന്നൊരൂഹം അവൾക്കുണ്ടായിരുന്നു… തന്റെ പദ്ധതി വിജയിച്ച സന്തോഷത്തിൽ അവൾ കുഞ്ഞിനെയും കെട്ടിപിടിച്ചു കിടന്നു… 💙🎼🎼💙💙🎼🎼💙💙💙🎼🎼💙💙🎼💙 നിമിഷയോടങ്ങനെയൊക്കെ പറഞ്ഞുവെങ്കിലും ഈ വിഷയമെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അരവിന്ദിനറിയില്ലായിരുന്നു…. തമ്മിൽ പിണക്കമാണെങ്കിലും ന്യായത്തിന്റെ ഭാഗത്ത് നിൽക്കുന്ന ഒരാളാണ് തന്റെ അനിയനെന്നവനറിയാമായിരുന്നു…ഒരിക്കലും വെറുതെ ഒരു പെണ്ണിനെ അവൻ ഉപദ്രവിക്കില്ല… അവനെ തനിക്ക് നന്നായി അറിയാം..

ആ അവൻ ആര്യയുടെ വാക്ക് കേട്ടു നിമിഷയെ ഉപദ്രവിക്കുമെന്നു താൻ വിശ്വസിക്കില്ല…. ആര്യയും കള്ളം പറഞ്ഞ് തമ്മിൽ തല്ലിക്കുന്നവളാണെന്ന് തോന്നിയിട്ടില്ല.. പക്ഷേ നിമിഷയ്‌ക്കേറ്റ പൊള്ളൽ..കാലിനേറ്റ മുറിവ്…. അതിന് കാരണക്കാരായവരോട് ക്ഷമിക്കാനാകില്ല.. അവൾക്ക് മുള്ളുകൊണ്ട് വേദനിക്കുന്നത് പോലും സഹിക്കാനാകില്ല തനിക്ക്… അഭിയോട് ചോദിച്ചേ മതിയാകൂ… 💙🎼🎼💙💙🎼🎼💙💙💙🎼🎼💙💙🎼💙 ഒരു മെഡിക്കൽ ജേണൽ വായിച്ചു കിടക്കുകയായിരുന്നു അഭി.. വാതിൽക്കൽ ആരോ നിൽക്കുന്നതായി തോന്നിയപ്പോഴാണ് തലയുയർത്തി നോക്കിയത്… മുൻപിൽ ചേട്ടനെ കണ്ടതും ഒരു ചിരിയോടെ കട്ടിലിൽ നിന്നെഴുന്നേറ്റു…… ഈ വരവ് പ്രതീക്ഷിച്ചതാണ്… “” എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് എന്നോടല്ലേ തീർക്കേണ്ടത്..

അതിലേക്ക് നിമിഷയെ വലിച്ചിടുന്നത് തെറ്റല്ലേ അഭി…. ഇന്ന് നീ ചെയ്തതിന് നിന്റെ കരണം പുകയ്‌ക്കാൻ എനിക്കറിയാൻ പാടില്ലാഞ്ഞിട്ടല്ല… പക്ഷേ ഭാര്യയുടെ വാക്ക് കേട്ട് ചാടി ഇറങ്ങുന്ന ഒരു പെൺകോന്തനല്ലാതായിപോയി ഞാൻ…. “” ദേഷ്യം കൊണ്ട് കത്തികയറുന്ന അരവിന്ദിനെ ഒന്ന് നോക്കി അഭി… ഭാര്യയെ അന്ധമായി വിശ്വസിച്ച് വിഡ്ഢിയാകുന്ന ചേട്ടനോടവന് സഹതാപം തോന്നി… “” മ്മ്… ഈ വരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു…. ഈ ഡയലോഗുകളും… പക്ഷേ പോരാ…. കണ്ണൊക്കെ ചുവന്നു ,ദേഷ്യം കൊണ്ടു വിറച്ച് കുറച്ചുകൂടി രൗദ്രഭാവം വേണമായിരുന്നു മുഖത്ത്… പാഞ്ഞു വന്ന് എന്റെ കോളറിൽ കുത്തിപിടിച്ച് ഈ ഡയലോഗ് ഒക്കെ പറഞ്ഞിരുന്നെങ്കിൽ ഒരു ഗും ഉണ്ടായിരുന്നു… “” കളിയാക്കലോടെ പറയുന്ന അഭിയെ കണ്ടപ്പോൾ അരവിന്ദിന് നിയന്ത്രണംവിട്ടു… “” കോളറിൽ കുത്തി പിടിക്കാൻ മാത്രമല്ല… നിന്റെ കവിളത്തൊന്നു തരാനും എനിക്ക് മടിയില്ല…

ഇതുവരെ നിന്നെ ഞാൻ തല്ലിയിട്ടില്ല… നിന്റെ ഭാര്യ കാരണം അതുമെന്റെ കയ്യിൽ നിന്ന് വാങ്ങും നീ…. “” ആര്യയുടെ പേര് പറഞ്ഞുകേട്ടപ്പോൾ പതിയെ അഭിയുടെ മുഖത്തെ ചിരി മാഞ്ഞു… “” സത്യമറിയാതെ തുള്ളുന്ന ഈ സ്വഭാവം നിർത്താതെ ചേട്ടൻ നന്നാകില്ല… “” “” സത്യമറിയാതെ തുള്ളുന്നത് നീയല്ലേടാ… ഭാര്യയുടെ വാക്ക് കേട്ട് എന്റെ പെണ്ണിനെ നോവിക്കാൻ വരെ നീ മുതിർന്നു….നാളെ രണ്ടാളും കൂടി ചേർന്ന് ആ പെണ്ണിനെ കൊല്ലുമോ…? “” ഒരു നിമിഷം അഭി അരവിന്ദിനെ നോക്കിനിന്നു.. “” സത്യമെന്താണെന്നറിയണം…. അത്രയല്ലേയുള്ളൂ…. ഒറ്റ മിനിറ്റ്…. “” അഭി തന്നെ ബാഗിൽ നിന്ന് എന്തോ എടുത്തു കയ്യിൽ പിടിച്ചു പുറത്തേക്കിറങ്ങി.. പുറകെ അരവിന്ദും…. മുറിയുടെ പുറത്ത് എല്ലാം കേട്ട് കരഞ്ഞുകൊണ്ട് ആര്യ നിൽക്കുന്നുണ്ടായിരുന്നു… അവളുടെ കവിളിലൊന്ന് തട്ടിയിട്ട് അഭി മുന്നോട്ടു നടന്നു… അവളെ ഒന്നു തുറിച്ചുനോക്കി അരവിന്ദും… 💙🎼🎼💙

അക്ഷമയോടെ അരവിന്ദിനെ കാത്തിരിക്കുകയായിരുന്നു നിമിഷ.. പുറത്തു നിന്നു ബഹളം വല്ലതും കേൾക്കുന്നുണ്ടോയെന്ന് ഇടയ്ക്കിടയ്ക്ക് ചെവിവട്ടം പിടിച്ചു ശ്രദ്ധിക്കുന്നുമുണ്ട്.. പെട്ടെന്ന് അഭി മുറിയിലേക്ക് കയറി വന്നു… അവനെ കണ്ടതും നിമിഷ ഒന്ന് ഭയന്നു… “” എന്തായിത് ചേട്ടത്തി…?? ചേട്ടൻ എന്തൊക്കെയൊ തെറ്റിദ്ധരിച്ച് സംസാരിക്കുന്നു… ചേട്ടത്തി ഒന്ന് സത്യം പറഞ്ഞു കൊടുത്തേ.. “” ചിരിയോടെയാണ് പറയുന്നതെങ്കിലും അതിലൊരു ആജ്ഞയുള്ളതുപോലെ തോന്നി നിമിഷയ്ക്ക്……. “” എന്ത് സത്യം..?? നീയാണ് സത്യം മനസ്സിലാക്കാതെ സംസാരിക്കുന്നത്…. കാര്യമെന്താണെന്ന് പോലും ചോദിക്കാതെ നീ എന്നെ കൊണ്ട് ചൂട് ചായ കുടിപ്പിച്ചു.. നീ കണ്ടിരുന്നോ ഞാൻ ആര്യയുടെ കയ്യിൽ ചൂടുവെള്ളമൊഴിക്കുന്നത്….. അല്ലെങ്കിൽ എന്താ അടുക്കളയിൽ നീ ക്യാമറ വെച്ചിട്ടുണ്ടോ… പിന്നെങ്ങനെ ഉറപ്പിച്ചു പറയും ഇതൊക്കെ ഞാനാണ് ചെയ്തതെന്ന്…ചേട്ടന്റെ ഭാര്യയാണെന്നെങ്കിലും ഓർക്കണമായിരുന്നു…. “”

“” ചേട്ടത്തി കൂൾ….നിങ്ങൾ ചോദിച്ചപോലെ ഞാൻ കണ്ടിട്ടില്ല നിങ്ങൾ അവളുടെ കയ്യിൽ ചൂടുവെള്ളമൊഴിക്കുന്നത് അതുപോലെ എവിടെയും ക്യാമറയും വെച്ചിട്ടില്ല..പിന്നെങ്ങനെ ഞാൻ സത്യമറിഞ്ഞു… ചോദിക്ക് എന്നോട്… ചോദിക്ക് ചേട്ടത്തി…. “” നിമിഷ ഒന്നും മിണ്ടാതെ അവനെ നോക്കിയിരുന്നു… “” എങ്ങനെ നീ സത്യമറിഞ്ഞു…..?? “” അരവിന്ദാണ് ചോദിച്ചത്… “” ആഹ്…അങ്ങനെ ചോദിക്ക്….. “” അഭി കയ്യിൽ കരുതിയ ഒരു ചെറിയ ഗ്ലാസ് ബോട്ടിലും സിറിഞ്ചുമെടുത്തു… ബോട്ടിലിൽ നിന്ന് മരുന്ന് സിറിഞ്ചിലേയ്ക്ക് നിറക്കാൻ തുടങ്ങി… “” ഇത് കണ്ടോ…. ഇത് നാർകോ അനാലിസിസിനുപയോഗിക്കുന്ന ഒരു മെഡിസിനാണ്… അതായത് നുണപരിശോധനയ്ക്ക്…. ഇത് ഇൻജെക്ട് ചെയ്തു കഴിഞ്ഞാൽ കള്ള് കുടിച്ച ആൾക്കാരുടേത് പോലെ ഒരവസ്ഥയിലാകും….

ഹാലൂസിനേഷൻ എന്ന് പറയും… അങ്ങനെയാണ് മനസ്സിലുള്ള സത്യങ്ങളൊക്കെ പുറത്തുകൊണ്ടുവരിക…. ചേട്ടത്തി ആ കൈ ഒന്ന് കാണിച്ചേ… ഇതൊന്ന് കുത്തിവെച്ചാൽ ഇന്ന് നടന്നത് മാത്രമല്ല ആ മനസ്സിൽ താഴിട്ടു പൂട്ടി വച്ചിരിക്കുന്ന പല രഹസ്യങ്ങളും പുറത്തു വരും.. “” അഭി പറഞ്ഞു നിർത്തിയതും നിമിഷ വെപ്രാളത്തോടെ അവനെ നോക്കി.. അവളിലെ പതർച്ച അഭി വ്യക്തമായി മനസ്സിലാക്കി… “” അരവിന്ദേട്ടാ…എന്താ ഇതൊക്കെ…. “” നിമിഷ പേടിയോടെ അരവിന്ദിനോട് ചോദിച്ചു… അഭി പറയുന്നത് കള്ളമാണെന്ന് അറിയാമെങ്കിലും ഇത്തവണ അരവിന്ദ് മിണ്ടാതെ നിന്നു.. “” കൈ കാണിക്ക് ചേട്ടത്തി……സത്യങ്ങൾ എല്ലാവരുമറിയട്ടെ… “” “” വേണ്ട…. അത്….പിന്നെ… ഇൻജെക്ഷൻ ഒന്നും വേണ്ട..എനിക്കങ്ങനെ രഹസ്യങ്ങളൊന്നുമില്ല…. “” “” ശരി..ഇൻജെക്ഷൻ വേണ്ട…

പക്ഷേ സംഭവിച്ചതെന്താണെന്ന് പറഞ്ഞേ പറ്റു…ഇല്ലെങ്കിൽ ഇതെടുക്കാൻ സമ്മതിക്കണം… “” സിറിഞ്ച് കയ്യിൽ പിടിച്ചുകൊണ്ടു അഭി പറഞ്ഞു… “” വേണ്ട…ഞാൻ പറയാം..ഞാൻ തന്നെയാ വെള്ളമൊഴിച്ചത്…ഏട്ടനറിഞ്ഞാൽ വഴക്കു പറയുമെന്ന് വിചാരിച്ചാണ് ഞാൻ ഏട്ടനോട് കള്ളം പറഞ്ഞത്…സോറി ഏട്ടാ…”” അരവിന്ദ് ഒന്നും പറയാനാകാതെ നിൽക്കുകയായിരുന്നു… “” ദാ…. ഇത്രയേയുള്ളൂ… കണ്ടില്ലേ മണി മണി ആയിട്ട് സത്യം പറഞ്ഞത്.. “” അഭി അരവിന്ദിന്റെ മുന്നിൽ ചെന്ന് നിന്നു.. “” ഇപ്പോൾ ചേട്ടന് സത്യം മനസ്സിലായല്ലോ….. ചേട്ടന് പറ്റാത്തത് പലതും എനിക്ക് പറ്റുമെന്ന് മനസ്സിലായില്ലേ ഇപ്പോൾ…. ഭാര്യയുടെ വാക്ക് കേട്ട് സത്യമറിയാതെ ചാടിയിറങ്ങുന്ന പെൺകോന്തൻ ആരാണെന്ന് ഇപ്പോൾ ചേട്ടന് മനസ്സിലായോ…??

“” ചിരിയോടെ പറഞ്ഞിട്ടിറങ്ങിപ്പോകുന്ന അഭിയെ ഒരു നിമിഷം നോക്കി നിന്നിട്ട് അരവിന്ദ് നിമിഷയ്ക്ക് നേരെ തിരിഞ്ഞു… “” സത്യം എന്നോടെങ്കിലുമൊന്നു പറയാമായിരുന്നു നിനക്ക്…എങ്കിലിതു പോലെ അവന്റെ മുൻപിൽ നാണംകെട്ടു നിൽക്കേണ്ടി വരുമായിരുന്നില്ല… “” “” സോറി ഏട്ടാ..എന്നോട് ക്ഷമിക്ക്…. അവൾക്കൊരു ചെറിയ പണി കൊടുക്കണമെന്ന് വിചാരിച്ചു ചെയ്തതാ… ഏട്ടനറിഞ്ഞാൽ സമ്മതിക്കില്ലായെന്ന് വിചാരിച്ചാ ഞാൻ പറയാതിരുന്നത് …കള്ളം പറഞ്ഞതും അതുകൊണ്ടാണ്…ക്ഷമിക്ക് എന്നോട്.. എന്നോട് ദേഷ്യം തോന്നല്ലേ “” നിമിഷ കരയുന്നത് കണ്ടതും അരവിന്ദ് അവൾക്കടുത്തേയ്ക്കു ചെന്നവളെ ചേർത്ത് പിടിച്ചു… “” നീ എന്ത് തെറ്റ് ചെയ്താലും എനിക്ക് നിന്നോട് ദേഷ്യം തോന്നിയില്ല…സാരമില്ല കേട്ടോ..

“” നിമിഷ അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു….അരവിന്ദ് പതിയെ അവളുടെ പുറത്ത് തട്ടി കൊടുത്തു.. അവളെ ആശ്വസിപ്പിച്ചെങ്കിലും അവന്റെ മനസ്സിൽ അതൊരു കരടായി വീണിരുന്നു… നിമിഷ പറയുന്നതെന്തും അന്ധമായി വിശ്വസിച്ചിരുന്ന അരവിന്ദിനേറ്റ തിരിച്ചടിയായിരുന്നു അത്…. 💙🎼🎼💙💙🎼🎼💙💙💙🎼🎼💙💙🎼💙 ശേഖരന്റെ റൂമിലാണ് അഭി…. പുറത്ത് പോയിരുന്നത് കൊണ്ടു അയാൾ വീട്ടിൽ നടന്ന കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല… അഭി എല്ലാം അയാളോട് പറഞ്ഞു… “” മോനേ.. ഇനിയും എന്റെ കുഞ്ഞിനെ വിഷമിപ്പിച്ചു കൂടാ..അവളുടെ കണ്ണുനീരിവിടെ കുറെ വീണതാ..ഇനിയും നമ്മളതിന് സമ്മതിച്ചു കൂടാ…നിങ്ങൾ എത്രയും പെട്ടെന്ന് എറണാകുളത്തേയ്ക്കു പോകണം…. “”

“” അതേ അച്ഛാ…അവൾ പറയുന്നില്ലന്നേയുള്ളു പക്ഷേ എനിക്ക് മനസിലാകും അവൾക്കിവിടെ ശ്വാസം മുട്ടുന്നുണ്ടെന്നു…അതിന്റെ കൂടെ നിമിഷയുടെ ഓരോ പ്രവർത്തികളും…എനിക്ക് എത്രയും പെട്ടെന്ന് ശ്രീയെ ഇവിടെനിന്നു കൊണ്ടുപോകണം…. അല്ലെങ്കിൽ നിമിഷ അവളെ ഇനിയും ഉപദ്രവിക്കും..ഞാനൊന്നു പേടിപ്പിച്ചിട്ടുണ്ടെങ്കിലും അവളൊതുങ്ങുമെന്നെനിക്ക് തോന്നുന്നില്ലച്ഛാ…. “” “” അവളുടെ കാര്യത്തിൽ നിനക്കെന്ത് തോന്നുന്നെടാ… “” “” പ്രദീപ്‌ പറഞ്ഞത് സത്യമാണോയെന്ന് നമ്മുക്കുറപ്പില്ലല്ലോ അച്ഛാ…അവനൊരു സംശയം പറഞ്ഞതല്ലേ…ചിലപ്പോ പ്രദീപിന് ആള് മാറിയതാകും…. പക്ഷേ ഞാനിന്നൊന്നു വിരട്ടിയപ്പോ അവളുടെ കണ്ണിലെ പേടി ഞാൻ കണ്ടതാ…. അവൾ നമ്മളീ കാണുന്ന പോലൊന്നുമല്ലച്ഛാ..അതുറപ്പാണ്.. ഇതുകൊണ്ടാണ് ഞങ്ങൾ ഇവിടെ നിന്നു മാറാമെന്ന് വെച്ചത്…

ചേട്ടനിവിടെ വേണം…അച്ഛന്റെ കൺവെട്ടത്…ഞാനില്ലെങ്കിലും അവരെ അച്ഛൻ ശ്രദ്ധിക്കണം … “” “” അവനെ നമുക്കങ്ങനെ ഉപേക്ഷിച്ചു കളയാൻ പറ്റില്ലല്ലോടാ മോനെ..എന്തൊക്കെ തെറ്റ് ചെയ്താലും….ആര്യമോളോട് അവൻ ചെയ്തതൊക്കെ വെച്ച് ദൈവം എന്താണോ അവന് കരുതി വെച്ചിരിക്കുന്ന ശിക്ഷ…ഓർക്കുമ്പോൾ പേടിയാണ്… “” മൂത്ത മകനെയോർത് ശേഖരന്റെ കണ്ണ് നിറഞ്ഞു.. “” അച്ഛൻ വിഷമിക്കണ്ട…എല്ലാം നമുക്ക് ശരിയാക്കാം…ഞാനില്ലേ അച്ഛന്റെ കൂടെ..നമ്മളെല്ലാം ശരിയാക്കും… “” അഭിയുടെ വാക്കുകൾ അയാൾക്കെന്നുമൊരു ഊർജ്ജമാണ്…എന്നും തന്റെ പ്രതീക്ഷകൾക്കപ്പുറം നിന്ന മകൻ…. മൂത്തമകനെ പറ്റിയുള്ള തന്റെ ആധി ഇല്ലാതാക്കാൻ ഇവന് മാത്രമേ സാധിക്കു…. അയാളവനിൽ പ്രതീക്ഷയർപ്പിച്ചു… 💙🎼🎼💙

ആര്യയുടെ കൺമുമ്പിലും അരങ്ങേറുന്നുണ്ടായിരുന്നു ചില കാഴ്ചകൾ… പിറ്റേന്ന് രാവിലെ അലക്കിയ തുണികൾ വിരിച്ചിടാൻ ടെറസിലെത്തിയതായിരുന്നു..പക്ഷേ കണ്ട കാഴ്ച്ചയിൽ ഞെട്ടി അവിടെ തന്നെ നിന്നു പോയി…. തനിക്കു മുൻപേ വന്നു തുണികൾ വിരിച്ചിടുന്ന അയാളെ നോക്കി നിന്നു കുറച്ചു നേരം… ഓരോ തുണികളായിയെടുത്ത് കുടഞ്ഞു അയയിൽ വിരിച്ചിടുന്ന അരവിന്ദ്….അതിൽ നിമിഷയുടെ അടിവസ്ത്രങ്ങൾ വരെയുണ്ട്..അയാളും താൻ വന്നതറിഞ്ഞിട്ടില്ല… എല്ലാ തുണികളും വിരിച്ചു കഴിഞ്ഞു ബക്കറ്റിൽ ബാക്കിയുണ്ടായിരുന്ന കുറച്ചു വെള്ളം തറയിലേക്കൊഴുച്ചു ആള് തിരിഞ്ഞപ്പോഴാണ് തന്നെ കണ്ടത്….താൻ കണ്ടത് കൊണ്ടാകും നാണക്കേട് കൊണ്ടോ എന്തോ പെട്ടെന്നയാൾ നോട്ടം മാറ്റി…..

പെട്ടെന്ന് മുഖത്തു ദേഷ്യം നിറഞ്ഞു..ഒന്നു രൂക്ഷമായി നോക്കി വാതിൽ കടന്നു പോയി… ഒരു കർച്ചീഫ് പോലും സ്വന്തമായി അലക്കാത്ത,മുഷിഞ്ഞ വസ്ത്രങ്ങൾ അന്നന്നുള്ളത് അന്നു തന്നെ അലക്കാതിട്ടിരിക്കുന്നത് കണ്ടാൽ വഴക്ക് പറയുന്ന ആ പഴയ അരവിന്ദിനെ ഓർമ്മ വന്നു…. തനിക്കിതൊരു പുതുകാഴ്ചയാണ്…. അത്ഭുതം തോന്നുന്നു….താനൊന്നു വയ്യാതെ കിടന്നാൽ പോലും ഒന്നു സഹായിക്കാൻ മനസ്സ് കാണിക്കാത്ത പഴയ അരവിന്ദിൽ നിന്നുള്ള ഈ പരിവർത്തനം തനിക്ക് മുൻപിൽ കാഴ്ച്ചയൊരുക്കി കാലം അതിന്റെ കാവ്യനീതി നടപ്പാക്കുന്നതാണോ…….തുടരും….

ദാമ്പത്യം: ഭാഗം 14

Share this story