❤️കലിപ്പന്റെ വായാടി❤️ : ഭാഗം 32

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 32

എഴുത്തുകാരി: ശിവ നന്ദ

നന്ദുവേട്ടൻ പറഞ്ഞ് കൊടുത്ത അടയാളങ്ങൾ വെച്ച് ഒരു വീടിന് മുന്നിൽ ശിവേട്ടൻ വണ്ടി നിർത്തി.വീട് അല്ല..കോവിലകം..സിനിമകളിൽ മാത്രം കണ്ടിട്ടുള്ള പഴമയുടെ പ്രൗഢിയിൽ നിൽക്കുന്ന “മംഗലത്ത് തറവാട്”.അന്തം വിട്ടാണ് ഞാനും ശിവേട്ടനും ഗിരിയേട്ടനും ആ മുറ്റത്തേക്ക് കയറിയത്.ഒരു സൈഡിലായിട്ട് മാവ്..അതും ആ തറവാടിനോളം പഴക്കം ചെന്ന ഒരു മുത്തശിമാവ്.അതിന്റെ കൊമ്പിൽ വലിയൊരു ഊഞ്ഞാൽ.മുറ്റത്തെ തുളസിത്തറക്ക് മുന്നിൽ വിളക്ക് വെച്ചിട്ടുണ്ട്.ഉമ്മറക്കോലായിൽ പൂമാലകൾ കൊണ്ടുള്ള അലങ്കാരം.അകത്ത് ആരുടെയൊക്കെയോ സംസാരം കേൾക്കാം.

ഉമ്മറത്തെ തൂണിനോട് ചേർന്ന് തൂക്കിയിട്ടിരിക്കുന്ന മണിയിൽ തട്ടാൻ പോയപ്പോഴേക്കും അവിടേക്ക് ഒരു കാർ വന്ന് നിന്നു.അതിൽ നിന്നും പ്രായാധിക്യത്തിന്റെ അവശതകൾ ഇല്ലാത്ത ആഢ്യത്തം വിളിച്ചോതുന്ന മുഖശ്രീയുള്ള ഒരാൾ ഇറങ്ങി..മംഗലത്ത് തറവാടിന്റെ കാരണവർ..വീരേശ്വരവർമ്മ..സൗഭാഗ്യയുടെ മുത്തശ്ശൻ. കാറിൽ നിന്ന് ഇറങ്ങിയ അദ്ദേഹം സംശയത്തോടെ ഞങ്ങൾ മൂവരെയും നോക്കി.കൂടുതൽ സംശയങ്ങൾക് ഇടനൽകാതെ ഞാൻ തന്നെ പരിചയപ്പെടുത്തി. “ഞങ്ങൾ സൗഭാഗ്യയുടെ ഫ്രണ്ട്‌സ് ആണ്.” നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നു. “അനന്തുവിന്റെ ഫ്രണ്ട്‌സ് എന്ന് പറയുന്നത് ആകും കൂടുതൽ നന്ന്” ശിവേട്ടനെ നോക്കികൊണ്ട് അദ്ദേഹം തുടർന്നു: “ശിവജിത്ത്..നന്ദുവിന്റെ ജിത്തു ല്ലേ??” “അതേ…അല്ല സാറിന് എന്നെ എങ്ങനെ?”

“നിങ്ങളുടെ വിവാഹ ഫോട്ടോ ഞാൻ കണ്ടിരുന്നു.പിന്നേ അനന്ദു നല്ലൊരു ചിത്രകാരൻ ആണല്ലോ.വെറുതെ ഇരിക്കുമ്പോൾ ഞാൻ അയാളെ കൊണ്ട് വരപ്പിക്കുമായിരുന്നു.അതിൽ കൂടുതലും തന്റെ ചിത്രങ്ങൾ ആയിരുന്നു.” മറ്റൊരാളിൽ നിന്ന് കൂടി ആ സൗഹൃദത്തിന്റെ ആഴം ഞാൻ അറിഞ്ഞു. “നിങ്ങൾ അകത്തേക്ക് ചെല്ല്.ഇവിടുത്തെ കുട്ടികൾ ഒക്കെ പഠനവും ആയി പലയിടത്ത് ആയിരുന്നു.ഒത്തുകൂടിയതിന്റെ ബഹളമാ ഈ കേൾക്കുന്നത്.അതിഥികൾ ആയിട്ട് നിങ്ങൾ മാത്രമേ ഉള്ളു.” ഞങ്ങൾ ഉമ്മറത്തേക്ക് കയറിയപ്പോൾ ആണ് അദ്ദേഹം ഗിരിയേട്ടനെ ശ്രദ്ധിച്ചത്. “ചോദിക്കാൻ വിട്ട് പോയി..താൻ??” “ഗൗരിയുടെ ഏട്ടൻ..ഗിരി” “ഹാ ഇപ്പോൾ മനസിലായി.അനന്തുവിന്റെ രക്ഷകൻ.തന്റെ വീട്ടിൽ അല്ലേ ഭാഗ്യ കഴിഞ്ഞ ആഴ്ച വന്നത്.അവൾ ഇവിടെയും ഹോസ്റ്റലിലും അല്ലാതെ ഒരു രാത്രി തങ്ങിയിട്ടുള്ളത് അവിടെ ആണ്.അത്രക്ക് ഇഷ്ടപെട്ടത് കൊണ്ടാകും അവൾ നിന്നത്”

അപ്പോഴേക്കും ഒരു പെൺകുട്ടി അകത്തു നിന്നും ഇറങ്ങി വന്നു. “എന്റെ രണ്ടാമത്തെ മകന്റെ മകൾ ആണ്..ഭാഗ്യക്ക് നേരെ ഇളയത്” വർമ്മ സർ ആ കുട്ടിയെ ഞങ്ങള്ക്ക് പരിചയപ്പെടുത്തി. “ഹായ്..ഞാൻ അമൃത..അമൃത സുജേന്ദ്രവർമ്മ” “ഹലോ…ഞാൻ ഗൗരി” “അറിയാം..ചേച്ചിയെ കുറിച്ചും ഏട്ടന്മാരെ കുറിച്ചും ഒക്കെ ഭാഗ്യ ചേച്ചി ഒരുപാട് പറഞ്ഞിട്ടുണ്ട്.” “ഭാഗ്യ??” “പൂജാമുറിയിൽ ഉണ്ട്.ഇന്ന് രാവിലെ പൂജ ഉണ്ടായിരുന്നു.അതൊക്കെ വൃത്തിയാക്കുന്ന ജോലി ചേച്ചിക്ക് കൊടുത്തു.അമ്മമാർ മൂന്നെണ്ണം ഇങ്ങനെ നിൽകുവല്ലേ..ഞങ്ങൾക് എന്ത് പണി തരണമെന്ന് ആലോചിച്ച്” അമൃത ആളൊരു വായാടി ആണെന്ന് മനസിലായി.ബാംഗ്ലൂർ നിന്ന് B.Archന് പഠിക്കുന്നു.പക്ഷെ ഇപ്പോൾ കണ്ടാൽ ഒരു അമ്പലവാസി കുട്ടി ആണെന്നെ പറയു.

ഞങ്ങളുടെ സംസാരം കേട്ട് അകത്തു നിന്ന് ഓരോരുത്തർ ആയി ഇറങ്ങി വരാൻ തുടങ്ങി.എല്ലാവർക്കും ഞങ്ങളെ അറിയാമെന്ന് അവരുടെ ഒക്കെ പെരുമാറ്റത്തിൽ നിന്നും മനസിലായി. “ഹായ് ചേച്ചി..ഞാൻ രുദ്ര” രുദ്ര അമൃതയുടെ അനിയത്തി ആണെങ്കിലും സൗഭാഗ്യയുടെ മുഖച്ഛായ ആണ്. “ഗൗരിയേച്ചി..ഇതാണ് ഇവിടുത്ത ഇരട്ടക്കുട്ടികൾ.ദേവൻ ഇളയച്ഛന്റെ മക്കൾ..കാർത്തികയും കാവ്യയും.” “ചുരുക്കി പറഞ്ഞാൽ നന്ദു ഇവിടെ ഹിറ്റ്ലർ മാധവൻകുട്ടി ആയിരുന്നുല്ലേ” ശിവേട്ടൻ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.ഒരർത്ഥത്തിൽ അത് സത്യമായിരുന്നു.

ഈ തറവാട്ടിലെ ഒരംഗം തന്നെയായിരുന്നു നന്ദുവേട്ടനും.അങ്ങനെ നോക്കുമ്പോൾ ഇവിടുത്തെ ആദ്യത്തെ ആൺതരിയായിട്ട് നന്ദുവേട്ടനെ കരുതാം. “പറഞ്ഞത് പോലെ അനന്ദു ഏട്ടൻ എവിടെ?” “അനന്ദേട്ടൻ എന്നെ വിളിച്ചിരുന്നു.എന്തോ മീറ്റിംഗ് ഉണ്ട്.അത് കഴിഞ്ഞ് അമ്മയും ആയിട്ട് വൈകുന്നേരത്തോടെ ഇങ്ങ് എത്താമെന്ന്” അതും പറഞ്ഞ് കൊണ്ടാണ് പൂജാമുറിയിൽ നിന്ന് സൗഭാഗ്യ ഇറങ്ങി വന്നത്.സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇവർ തമ്മിൽ വലിയ വ്യത്യാസം ഇല്ലെങ്കിലും ഐശ്വര്യവും ദേവീചൈതന്യവും സൗഭാഗ്യയിൽ മാത്രമേ എനിക്ക് കാണാൻ സാധിച്ചോളു. “അച്ഛനും അമ്മയും വന്നില്ലേ ഗൗരി? ” “ഇല്ലടാ..പകരം ദേ ഗിരിയേട്ടനെ പറഞ്ഞ് വിട്ടിട്ടുണ്ട്” അവൾ ഗിരിയേട്ടനെ നോക്കിയൊന്ന് ചിരിച്ചു.തിരികെ ഏട്ടനും ഒരു പുഞ്ചിരി നൽകി.ഈ നിമിഷം വരെ ഇവർ തമ്മിൽ ചിരിച്ചിട്ടുണ്ടെന്ന് അല്ലാതെ പരസ്പരം മിണ്ടുന്നതു ഞാൻ കണ്ടിട്ടില്ല.ഈ ഇവരെ തമ്മിൽ കെട്ടിക്കാനാണോ ഞാൻ സ്വപ്നം കണ്ടത്…

അത് മാത്രമല്ല..ഇവിടെ വന്നപ്പോഴാണ് അമ്മ പറഞ്ഞതാണ് ശരിയെന്ന് എനിക്ക് പൂർണബോധ്യം വന്നത്..എന്റെ ആഗ്രഹം ഒരു വ്യാമോഹം മാത്രമായിരുന്നു. സൗഭാഗ്യ ആ കോവിലകം മുഴുവൻ ഞങ്ങൾക്ക് കാണിച്ചുതന്നു.കണ്ടാലും കണ്ടാലും മതിവരില്ല.വല്ലാത്തൊരു പോസിറ്റീവ് എനർജി ആയിരുന്നു അവിടം.അടുക്കളയിൽ നിന്നും ഉപ്പേരി വറുക്കുന്ന മണം മൂക്കിൽ അടിച്ചതും ഞാനും സൗഭാഗ്യവും അങ്ങോട്ടേക്ക് വച്ചുപിടിച്ചു.ശിവേട്ടനും ഗിരിയേട്ടനും പരിസരം കണ്ടിട്ട് വരാമെന്ന് പറഞ്ഞ് പുറത്തേക്കും ഇറങ്ങി.മൂന്ന് അമ്മമാരും പിന്നേ ജോലിക്ക് നിൽക്കുന്ന ഒരു ചേച്ചിയും കൂടി പാചകത്തിന്റെ തിരക്കിൽ ആയിരുന്നു.എന്നെ കണ്ടപ്പോൾ എല്ലാ അമ്മമാരെയും പോലെ മക്കൾ അടുക്കളയിൽ കയറില്ലെന്ന കുറ്റം പറയാൻ തുടങ്ങി.എന്റെ വീട്ടിൽ വന്നപ്പോൾ എന്നെ കുറിച്ച് കുറേ കുറ്റം അമ്മ സൗഭാഗ്യയോട് പറഞ്ഞിരുന്നു.

അത് കൊണ്ട് ‘നിനക്ക് ഇത് വേണം’ എന്ന മനോഭാവത്തോടെ ഞാൻ അതിലൊക്കെ അതീവതാല്പര്യം കാണിച്ച് നിന്നു.ഇടയ്ക്ക് വറുത്ത് വെക്കുന്ന ഉപ്പേരി എന്റെ വായിലേക്ക് പോകുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അമൃതയുടെ അമ്മ ഒരു പ്ലേറ്റിൽ കുറച്ച് ഉപ്പേരി ഇട്ട് തന്നിട്ട് ഏട്ടന്മാർക്കും കൂടി കൊടുക്കാൻ പറഞ്ഞു.ഒരു ചമ്മിയ ചിരിയും ചിരിച്ച് ഉപ്പേരി പത്രവും വാങ്ങി ഞാൻ പുറത്തേക്ക് ഇറങ്ങി.രണ്ട് പേരും മാവിൻചുവട്ടിൽ ഇരുന്നു എന്തോ ഭയങ്കര ചർച്ചയിൽ ആണ്.എന്നെ കണ്ടതും പ്ലേറ്റ് തട്ടിപ്പറിച്ച് തീറ്റി തുടങ്ങി.ഞാനും ഇടിച്ച് കയറി രണ്ടുപേരുടെയും ഇടയിലായിട്ട് ഇരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ സൗഭാഗ്യയും വന്നു.അതിന് പിറകെ അമൃതയും രുദ്രയും കാർത്തികയും കാവ്യയും.പിന്നേ അവിടെ നോൺ സ്റ്റോപ്പ്‌ കത്തിയടി ആയിരുന്നു.

കൂട്ടത്തിൽ കുറച്ച് സൈലന്റ് ഗിരിയേട്ടനും സൗഭാഗ്യയും മാത്രമാണ്.കുറേ സംസാരിച്ച കൂട്ടത്തിൽ ആണ് അമൃതക്ക് ഒരു പ്രണയം ഉണ്ടെന്ന് പറയുന്നത്. “സ്കൂൾ കാലഘട്ടം മുതൽ എന്റെ കൂടെ പഠിക്കുന്ന ആളാ.ബാംഗ്ലൂർ ചെന്നപ്പോൾ അവിടെയും എന്റെ ക്ലാസ്സ്‌മേറ്റ്.പിന്നെയാ അറിഞ്ഞത് എന്നെ ഫോളോ ചെയ്താണ് അവനും അവിടെ എത്തിയതെന്ന്.ആദ്യം ഞാൻ കുറച്ച് ജാഡ ഇട്ടു.പിന്നേ പാവം തോന്നി ഓക്കേ പറഞ്ഞു.” “ഇതിപ്പോൾ ആർക്കൊക്കെ അറിയാം?” “ദേ ഇവളുമാർ മൂന്നെണ്ണം ആണ് ആദ്യം കണ്ടുപിടിച്ചത്.അവനായിട്ട് പിടികൊടുത്തെന്ന് പറയുന്നതാകും ശരി” “അതെങ്ങനെ??” “അത് ഗൗരി ചേച്ചി..ഒരു ദിവസം കാവ്യക്ക് എഫ്ബിയിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു.അവൾ അത് അക്‌സെപ്റ് ചെയ്തു.അപ്പോൾ തന്നെ കാർത്തികക്കും എനിക്കും അതേ റിക്വസ്റ്റ് വന്നു.

ഒരു ഡൌട്ട് തോന്നി പുള്ളിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ അമ്മു ചേച്ചിയുടെ കൂടെയുള്ള രണ്ട് മൂന്ന് ഫോട്ടോസ് കണ്ടു.അങ്ങനെ അമ്മു ചേച്ചിയെ ഒന്ന് കുടഞ്ഞു..മണി മണി പോലെ പ്രണയകഥ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു” “അല്ല സൗഭാഗ്യ ഇതൊന്നും അറിഞ്ഞില്ലായിരുന്നോ??” “എന്നെ ഇവളുമാർ ഇമ്മാതിരി പണിക്കൊന്നും കൂട്ടാറില്ല ശിവേട്ടാ.ഞാൻ ഇതൊക്കെ അറിഞ്ഞിട്ട് കുറച്ച് നാളായതെ ഉള്ളു.” “ഭാഗ്യേച്ചിയോട് ഒന്നും പറയാൻ പറ്റില്ല.മുത്തശ്ശൻ പറയുന്ന ആളെ മാത്രമേ കല്യാണം കഴിക്കുന്നും പറഞ്ഞ് ജീവിക്കുന്ന ആളോട് പ്രണയത്തെ കുറിച്ച് പറഞ്ഞാൽ എന്തെങ്കിലും മനസ്സിലാകുമോ??” “ദേ രുദ്രേ..നീ എന്റെ കയ്യിൽ നിന്ന് മേടിക്കും..ഈ പ്രണയത്തെ കുറിച്ച് അറിയാൻ കല്യാണത്തിന് മുന്നേ ഒരാളെ കണ്ടുപിടിക്കേണ്ട ആവശ്യമൊന്നുമില്ല.

എന്റെ ജന്മാവകാശി സമയം ആകുമ്പോൾ എന്റെ മുന്നിൽ വരും.ആ ആൾക്ക് കൊടുക്കാൻ വേണ്ടിയാണ് എന്റെ പ്രണയം ഞാൻ കാത്ത് വെച്ചിരിക്കുന്നത്.” സൗഭാഗ്യ അത് പറയുമ്പോൾ ശിവേട്ടന്റെ വിരലുകൾ എന്റേതുമായി കോർത്തുകൊണ്ട് ഇരിക്കുവായിരുന്നു.വർഷങ്ങൾക് മുന്നേ ശിവേട്ടൻ എന്നെ ഇഷ്ടപ്പെട്ടെങ്കിലും വിവാഹശേഷമാണ് ഞങ്ങൾ പ്രണയിക്കുന്നത്..അതും അടിയും വഴക്കും അവസാനിച്ചതിന് ശേഷമുള്ള ഭ്രാന്തമായ പ്രണയം…ഊണ് കഴിക്കാനായി വിളിക്കുമ്പോഴും ഞങ്ങളുടെ വിരലുകൾ പരസ്പരം പ്രണയിച്ചുകൊണ്ടിരിക്കുവായിരുന്നു. ഗംഭീര സദ്യ കഴിച്ചതിന്റെ ക്ഷീണം മാറ്റാനായി ഞങ്ങൾ എല്ലാവരും ഉമ്മറത്തു വന്നിരുന്നു വിശേഷങ്ങൾ പറയാൻ തുടങ്ങി.കൂടുതലും നന്ദുവേട്ടന്റെയും ശിവേട്ടന്റെയും സൗഹൃദം തന്നെയാണ്.പിന്നെ എന്റെയും ശിവേട്ടന്റെയും ആദ്യകൂടികാഴ്ചയും ഗിരിയേട്ടനും ആയുള്ള കലിപ്പും ഒക്കെ സംസാരവിഷയങ്ങൾ ആയി.

ഇടയ്ക്ക് വെച്ച് എന്റെ അടുത്ത് വന്നിരുന്ന അമൃതയോട് അവൾക് മാത്രം കേൾക്കാൻ പാകത്തിൽ ഞാൻ ചോദിച്ചു: “നിന്റെ പ്രണയം എല്ലാവരെയും അറിയിക്കാൻ പറ്റിയ സമയമാ..ഞാൻ പറയട്ടെ?” “എന്റെ പൊന്ന് ചേച്ചി..ചതിക്കല്ലേ.ഞങ്ങളുടെ പഠിത്തം ഒന്ന് കഴിഞ്ഞോട്ടെ.അവൻ തന്നെ വന്ന് ചോദിച്ചോളും” “അപ്പോൾ സമ്മതിക്കുമോ??” “പിന്നേ സമ്മതിക്കാതെ” “അല്ല..നിങ്ങൾ സെയിം caste അല്ലല്ലോ” “സെയിം religion ആണല്ലോ..അത് മതി.അല്ലാതെ ക്ഷത്രിയ ബ്ലഡ്‌ തന്നെ വേണമെന്ന് വാശിപിടിച്ചാൽ ലവ് മാര്യേജ് ഒന്നും നടക്കില്ല.മുത്തശ്ശന് നല്ല കുടുംബവും ജോലിയും ഉള്ള പയ്യൻ ആയിരിക്കണമെന്ന നിർബന്ധം മാത്രമേ ഉള്ളു.” അമൃതയുടെ വാക്കുകൾ എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.

വ്യാമോഹമെന്ന് കരുതി കുഴിച്ചുമൂടിയ എന്റെ ആ ആഗ്രഹം വീണ്ടും തലപൊക്കാൻ തുടങ്ങി.സൗഭാഗ്യയെയും ഗിരിയേട്ടനെയും ഞാൻ കൺകുളിർക്കെ നോക്കി.സൗഭാഗ്യയുടെ അമ്മയുടെ ചോദ്യമാണ് എന്നെ സ്വപ്നലോകത്ത് നിന്നും തിരികെ കൊണ്ട് വന്നത്. “നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ എത്ര നാളായി?” “5 മാസം കഴിഞ്ഞു” “മ്മ്മ്..അപ്പോൾ പുതുമോടി ഒക്കെ മാറി.ഇനി ഒരു കുഞ്ഞ് അതിഥി വരാൻ സമയമായി” ആന്റി അത് പറഞ്ഞപ്പോൾ ശിവേട്ടൻ ആരും കാണാതെ എന്റെ കൈയിൽ ഒന്ന് നുള്ളി. “അതോ തത്കാലം വേണ്ടെന്ന് വെച്ചേക്കുവാണോ??” “അയ്യോ അല്ല ആന്റി” ചെറിയൊരു നാണത്തോടെ ഞാൻ മറുപടി കൊടുത്തു. “വൈകിട്ട് കാവിൽ വിളക്ക് വെക്കാൻ പോകുമ്പോൾ നിങ്ങളും കൂടി ചെല്ലൂ.

നാഗദേവങ്ങളുടെ അനുഗ്രഹം വാങ്ങുന്നത് നല്ലതാ” വർമ്മ സർ കുറച് കർക്കശക്കാരൻ ആയിട്ട് തോന്നിയെങ്കിലും വാത്സല്യം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകൾ.കുറച്ച് നേരം കൂടി ഇരുന്നിട്ട് അദ്ദേഹം വിശ്രമിക്കാൻ ആയി മുറിയിലേക്ക് പോയി.ഞങ്ങൾ വീണ്ടും സംസാരം തുടർന്നു.സൗഭാഗ്യയുടെയും അനിയത്തിമാരുടെയും കുട്ടിക്കാലവും അവരുടെ അച്ചന്മാരുടെ കുട്ടിക്കാലവും അമ്മമാർ കല്യാണം കഴിച്ച് വന്നപ്പോൾ വർമ്മസാറിനോട് ഉണ്ടായിരുന്ന പേടിയും ഒക്കെ പറഞ്ഞു.ശരിക്കും ആ പഴയകാലം ഞങ്ങളുടെ മുന്നിൽ ഒരു ചിത്രം പോലെ തെളിഞ്ഞു.നന്ദുവേട്ടൻ കൂടി വേണ്ടതായിരുന്നു.കുറച്ച് മുൻപ് വിളിച്ചപ്പോൾ ഏട്ടൻ സ്റ്റേഷനിൽ നിന്നിറങ്ങിയെന്ന് പറഞ്ഞു.വീട്ടിൽ പോയി അമ്മയെയും വിളിച്ച് കൊണ്ട് പെട്ടെന്ന് ഇറങ്ങാമെന്ന് പറഞ്ഞിട്ടുണ്ട്.

ഏട്ടൻ വന്നിട്ട് വേണം കേക്ക് കട്ട് ചെയ്യാൻ. വൈകുന്നേരം ആകാറായപ്പോഴേക്കും ഓരോരുത്തർ ആയി ഓരോ കാര്യത്തിന് വേണ്ടി അകത്തേക്ക് പോകാൻ തുടങ്ങി.ഞാനും ശിവേട്ടനും ഊഞ്ഞാലിൽ വന്നിരുന്നു.ഞങ്ങൾക്കിടയിൽ വരണ്ടെന്ന് കരുതിയിട്ടാണോ അതോ വേറെ എന്തെങ്കിലും അത്യാവശ്യം ഉണ്ടായിട്ടാണോ എന്തോ ഗിരിയേട്ടൻ ഫോണും കൊണ്ട് തൊട്ടപ്പുറത് നിൽക്കുന്ന പേരമരത്തിൽ കയറി ഇരുന്നു.എന്നെ ചേർത്ത് പിടിച്ചുകൊണ്ട് ശിവേട്ടൻ മുത്തശ്ശിയെ വിളിച്ചു.അത് കഴിഞ്ഞ് അമ്മയെയും വിളിച്ചു.സച്ചിയേട്ടനെ വിളിച്ച് ഇവിടുത്തെ വിശേഷങ്ങൾ പറഞ്ഞു കൊതിപ്പിക്കാൻ ഞങ്ങൾ രണ്ടുപേർക്കും നല്ല ഉത്സാഹം ആയിരുന്നു.പാവം അമ്മവീട്ടിൽ പെട്ടുപോയി.നിഹിലയെ കൂടെ കൊണ്ട് പോകാൻ സച്ചിയേട്ടന് ആഗ്രഹം ഉണ്ടായിരുന്നു.എന്റെ കൂടെ ഇങ്ങോട്ട് വരാൻ പോലും കൂട്ടാക്കാത്തവൾ ഏട്ടന്റെ കൂടെ പോകുമെന്ന് തോന്നുന്നുണ്ടോ…എന്തായലും ഫോൺ വെച്ച് കഴിഞ്ഞ് ശിവേട്ടനോട് എന്റെ മനസിലുള്ള ആഗ്രഹം ഞാൻ പറഞ്ഞു.

“ഗിരിയും സൗഭാഗ്യയും നല്ല ചേർച്ചയാണ്. പക്ഷെ അത് മാത്രം പോരല്ലോ.അവൾ മുത്തശ്ശൻ പറയുന്ന ആളെ മാത്രമേ കല്യാണം കഴിക്കൂ എന്നല്ലേ പറയുന്നത്” “അതെന്താ എന്റെ ഏട്ടനെ മുത്തശ്ശന് ഇഷ്ടപ്പെടില്ലേ??നല്ല ജോലി ഉണ്ട്..നാളെ സ്വഭാവം ആണ്.നല്ല കുടുംബവും” “എല്ലാം ഓക്കേ ആണ്.എങ്കിലും ഈ ഇഷ്ടമെന്ന് പറയുന്നത് നമുക്ക് പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ.” “നമുക്ക് അങ്ങോട്ട് ഒരു പ്രൊപോസൽ വെച്ചാലോ??” “മ്മ് അത് നോക്കാം.പക്ഷെ അതിന് മുൻപ് ഗിരിയോട് ഒന്ന് ചോദിക്കണ്ടേ.” “ആ കാര്യം ഞാനേറ്റു..” ഏട്ടനോട് ചോദിക്കാമെന്നും കരുതി പേരമരത്തിലേക്ക് നോക്കിയപ്പോൾ ഏട്ടൻ അവിടെയില്ല.എത്രയും പെട്ടെന്ന് ഇതിലൊരു തീരുമാനം എടുക്കണമെന്ന അതിയായ ആഗ്രഹം ഉള്ളത് കൊണ്ട് ഏട്ടനെ തപ്പി ഞാൻ ഇറങ്ങി.പുറത്തൊന്നും ഏട്ടനില്ല.

അകത്തു നോക്കി നോക്കി ചെന്നപ്പോൾ ആണ് കുളത്തിലേക്ക് ഇറങ്ങുന്ന വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്.അങ്ങോട്ട് പോയി നോക്കിയപ്പോൾ പടവിൽ കവിളും പൊത്തി നില്കുന്നു സൗഭാഗ്യ..തൊട്ടുമുന്നിൽ അവളെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ കലിതുള്ളി നിൽക്കുന്ന ഗിരിയേട്ടനും. എന്നെ കണ്ടതും സൗഭാഗ്യ പടികൾ ഓടികയറി വന്ന് എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. “സൗഭാഗ്യ എന്ത് പറ്റി???” “ഗിരിയേട്ടൻ അടിച്ചു” കവിൾ തടവിക്കൊണ്ട് അവൾ അത് പറഞ്ഞപ്പോൾ ഞാനാ കൈ മാറ്റി നോക്കി.ഇടത്തെ കവിൾ നന്നായി ചുമന്നിട്ടുണ്ട്.ഏട്ടനെ നോക്കിയപ്പോൾ അതേ ദേഷ്യത്തിൽ തന്നെ നിൽക്കുവാണ്. “ഏട്ടാ…” “ഞാൻ തന്നെയാ അടിച്ചത്.എന്തിനാണെന്നും കൂടി ചോദിക്ക് നീ” “എനിക്ക് അറിയില്ല ഗൗരി..സത്യമായിട്ടും എനിക്ക് ഒന്നും അറിയില്ല” അതും പറഞ്ഞു കരഞ്ഞുകൊണ്ട് അവൾ ഓടി പോയി.എന്റെ നിയന്ത്രണം നഷ്ടപെട്ട് തുടങ്ങിയിരുന്നു.

ഏട്ടൻ ഇന്നൊരു പെൺകുട്ടിയെ അടിച്ചിരിക്കുന്നു.അതും സൗഭാഗ്യയെ… “എന്താ ഏട്ടാ ഈ കാണിച്ചത്?? എന്റെ ഏട്ടന് ഇത് എന്താ പറ്റിയത്?” “പറ്റിയത് എനിക്ക് അല്ല..അവൾക്കാ..അവളുടെ ഒരു പ്രേമം” “പ്രേമമോ?? ഒന്ന് തെളിച്ച് പറ ഏട്ടാ” “ദാ നോക്ക്..ചന്തു എനിക്ക് അയച്ച മെസ്സേജ് ആണ്.” ഏട്ടന്റെ ഫോൺ എനിക്ക് നേരെ നീട്ടി.ചാന്ദിനി ചേച്ചിയുടെ പേര് കേട്ടപ്പോൾ തന്നെ കാര്യങ്ങൾ ഏകദേശം എനിക്ക് മനസിലായി.ഞാൻ ആ മെസ്സേജ് ഓപ്പൺ ചെയ്തു വായിച്ചു: “ഗിരി…നീ ഹാപ്പി ആണെന്ന് അറിയാം.എന്നോടൊപ്പം ഉണ്ടായിരുന്ന ആ കാലത്തേക്കാൾ കൂടുതൽ ഈ നിമിഷങ്ങൾ നീ ആസ്വദിക്കുന്നുണ്ടെന്നും എനിക്ക് അറിയാം.നീയും സൗഭാഗ്യയും തമ്മിൽ ഇഷ്ടത്തിലാണെന്ന് അവൾ പറഞ്ഞപ്പോൾ ആദ്യം എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല.പക്ഷെ നേരിട്ട് കണ്ടപ്പോൾ മനസിലായി.

ആ കുട്ടിയെ കണ്ടാൽ ആരാ ഇഷ്ടപ്പെടാത്തത്.നിങ്ങൾക്കിടയിൽ ഞാൻ ഒരു ശല്യമാകണ്ടെന്ന് കരുതിയാണ് ഒരു വാക്ക് പോലും പറയാതെ ഞാൻ അന്ന് പോയത്.എനിക്ക് ഇപ്പോൾ ഒരു പ്രൊപോസൽ വന്നിട്ടുണ്ട്. അത് പറയാനായി അമ്മായിയെ വിളിച്ചപ്പോൾ ആണ് നീ സൗഭാഗ്യയുടെ വീട്ടിൽ ആണെന്ന് അറിഞ്ഞത്.നമ്മൾ ഒരുമിച്ച് ചിലവഴിച്ച ആ നല്ല ദിവസങ്ങൾ ഇനി ഓർമ്മകൾ മാത്രമാണ്..അല്ലേടാ….ഇനിയും ഞാൻ നിന്നെ കോൺടാക്ട് ചെയ്താൽ അത് നിങ്ങളുടെ ബന്ധത്തെ ബാധിക്കും. so be happy mahn…” ഫോൺ തിരികെ നൽകി ഏട്ടന്റെ മുഖത്ത് നോക്കികൊണ്ട് തന്നെ ഞാൻ കൈകെട്ടി നിന്നു. “ഈ മെസ്സേജിന്റെ പേരിൽ സൗഭാഗ്യയെ അടിക്കേണ്ട കാര്യം എന്തായിരുന്നു??” “നീ ചന്തുന്റെ മെസ്സേജ് നല്ലത് പോലെ വായിച്ചില്ലേ..

ഞങ്ങൾ തമ്മിൽ പ്രേമം ആണെന്ന് അവൾ ചന്തുനോട്‌ പറഞ്ഞേക്കുന്നു.അതിന്റെ പേരില ചന്തു എന്നോട് അകൽച്ച കാണിക്കുന്നത്.എന്നെ പ്രേമിക്കാൻ അവൾ മാത്രം വിചാരിച്ചാൽ മതിയോ???” “അതിന് സൗഭാഗ്യ ആണ് പറഞ്ഞതെന്ന് ചാന്ദിനി ചേച്ചി പറഞ്ഞിട്ടുണ്ടോ??” “ദാ നോക്ക്..’നീയും സൗഭാഗ്യയും തമ്മിൽ ഇഷ്ടത്തിലാണെന്ന് അവൾ പറഞ്ഞെന്ന്’ ഇതിന്റെ അർത്ഥം എന്താ ഗൗരി?” “ഈ ‘അവൾ’ എന്ന് പറയുന്നത് സൗഭാഗ്യ ആണെന്ന് ഏട്ടൻ അങ്ങ് ഊഹിച്ചു..അല്ലേ?” “അല്ലാതെ പിന്നെ..വലിയ കോവിലകത്ത് വളർന്നതിന്റെ അഹങ്കാരമാണവൾക്ക്.അവളുടെ താളത്തിന് തുള്ളാൻ വേറെ തമ്പുരാക്കന്മാരെ കിട്ടുമല്ലോ..എന്തിനാ എന്റെ പിന്നാലെ വന്നത്??” “പറഞ്ഞ് കഴിഞ്ഞോ??” കടുപ്പിച്ചുള്ള എന്റെ ചോദ്യം കേട്ടപ്പോൾ ഏട്ടൻ എന്നെ തുറിച്ച് നോക്കി. “നോക്കി പേടിപ്പിക്കണ്ട..കുറേ നേരം കൊണ്ട് ഏട്ടൻ അവളെ കുറ്റം പറയുന്നല്ലോ..എപ്പോഴാ അവൾ ഏട്ടന്റെ പിറകെ വന്നത്??

അവളുടെ ഒരു നോട്ടത്തിൽ എങ്കിലും ഏട്ടന് പ്രണയം കാണാൻ കഴിഞ്ഞിട്ടുണ്ടോ.ചാന്ദിനി ചേച്ചി അയച്ച മെസ്സേജിൽ വന്നൊരു തെറ്റ്…അപ്പോഴേക്കും കാള പെറ്റത് കേട്ട് കയറും എടുത്തങ്ങ് ഇറങ്ങി” “ചന്തുന്റെ മെസ്സേജ് തെറ്റാണെന്ന് നിനക്ക് എങ്ങനെ അറിയാം.വെറുതെ അവളെ ന്യായീകരിക്കാൻ ആയിട്ട്..” “ചാന്ദിനി ചേച്ചി ഉദ്ദേശിച്ചത് എന്താണെന്ന് എന്നേക്കാൾ നന്നായി മറ്റാർക്കും മനസിലാകില്ല.കാരണം ആ മെസ്സേജിൽ ‘അവൾ’ എന്ന് സംബോധന ചെയ്തേക്കുന്നത് എന്നെയാ.” “നിന്നെയോ?? മനസിലായില്ല” “അതിന് മുൻപ് വേറൊരു കാര്യം ചോദിക്കട്ടെ..ഏട്ടനും സൗഭാഗ്യയും തമ്മിൽ ഇഷ്ടത്തിൽ ആണെങ്കിൽ ചാന്ദിനി ചേച്ചിക്ക് എന്താ?? ഏട്ടൻ എന്താ അതിനെ കുറിച്ച് ചിന്തിക്കാത്തത്” “അത്…അത് പിന്നെ..” “അതും ഇതും ഒന്നുമല്ല..ഞാൻ പറയാം..ചേച്ചിക്ക് ഏട്ടനെ ഇഷ്ടമാണ്..

ഇഷ്ടമെന്ന് പറഞ്ഞാൽ സഹോദരസ്നേഹം അല്ല..നല്ല മുടിഞ്ഞ പ്രേമം.അത് ഒന്ന് തെളിയിക്കാൻ വേണ്ടി ഞാൻ പറഞ്ഞയൊരു കള്ളമാണ് ഏട്ടന് ഒരു കുട്ടിയെ ഇഷ്ടമാണെന്ന്.നിർഭാഗ്യവശാൽ ആ കുട്ടി സൗഭാഗ്യ ആണെന്ന് ചേച്ചി തെറ്റിദ്ധരിച്ചു.അല്ലാതെ ഇതൊന്നും ആയിട്ട് അവൾക് യാതൊരു ബന്ധവും ഇല്ല.” എല്ലാം കേട്ട് തകർന്നവനെ പോലെ ഏട്ടൻ ആ കൽപടവിൽ ഇരുന്നു. “മോളേ…പെട്ടെന്ന് ആ മെസ്സേജ് കണ്ടപ്പോൾ ഞാൻ അറിയാതെ..” “അറിയാതെയോ??? എത്ര വലിയ തെറ്റാ ഏട്ടൻ ചെയ്തതെന്ന് അറിയാമോ?? അവളുടെ വീട്ടിൽ വന്ന് അവളെ അടിച്ചിരിക്കുന്നു.അതും ചെയ്യാത്ത കുറ്റത്തിന്.ഇവിടെയുള്ളവർ രാജകുമാരിയെ പോലെ കൊണ്ട് നടക്കുന്ന പെണ്ണാ അത്.അവർ ആരെങ്കിലും അറിഞ്ഞാൽ..നന്ദുവേട്ടനും ആയുള്ള ബന്ധം അവർ അങ്ങ് മറക്കും..ഇത് നന്ദുവേട്ടൻ അറിഞ്ഞാലോ..”

“സോറി..” “ഒരു സോറി പറഞ്ഞാൽ തീരുന്ന പ്രശ്നമാണോ ഇത്?? ഏട്ടന്റെ എടുത്തുചാട്ടം കൊണ്ട് ഉണ്ടായ പല പ്രശ്നങ്ങൾക്കും ന്യായം കണ്ടെത്തിയ ആളാ ഞാൻ.പക്ഷെ ഇതിൽ ഏട്ടന്റെ കൂടെ നിൽക്കാൻ എനിക്ക് പറ്റില്ല.ഒരു കണക്കിന് ഇതിനെല്ലാം കാരണക്കാരി ഞാനാ..” ഒന്നും മിണ്ടാതെ ഏട്ടൻ തലതാഴ്ത്തി ഇരിക്കുന്നത് കണ്ടപ്പോൾ നെഞ്ചുപൊടിഞ്ഞു.എങ്കിലും അതിലും തകർന്നാണ് സൗഭാഗ്യ പോയേക്കുന്നത്.അവൾ ഇത് ആരോടെങ്കിലും പറയുന്നതിന് മുൻപ് സോൾവ് ചെയ്യണം.ഏട്ടനോട് കൂടുതൽ ഒന്നും പറയാതെ ഞാൻ അവളുടെ റൂമിലേക്ക് ചെന്നു.കാര്യങ്ങൾ എല്ലാം അവളോട് പറഞ്ഞ് സോറിയും ചോദിച്ചു. “നിന്റെ ഏട്ടൻ ആയത് കൊണ്ടാ ഞാൻ ക്ഷമിച്ചത്.വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ആ കുളത്തിൽ മുക്കികൊന്നേനെ.”

സൗഭാഗ്യയുടെ മറുപടി കേട്ട് എന്റെ സകല കിളികളും പറന്ന് പോയി.അപ്പോൾ ഇവളും കലിപ്പത്തി ആയിരുന്നോ.. “ആ ചാന്ദിനി നിന്റെ ഏട്ടനെ പ്രേമിക്കുന്നതിന് നിനക്ക് എന്താ?” “ഏട്ടൻ ചേച്ചിയെ പെങ്ങളെ പോലെയാ സ്നേഹിക്കുന്നത്.പിന്നേ ഏട്ടനും ചേച്ചിയും തമ്മിൽ ഒരു ചേർച്ചകുറവും ഉണ്ട്.” “ചേരുന്ന പെണ്ണിനെ കെട്ടിയിട്ട് എന്തിനാ ഇതുപോലെ തല്ല് വാങ്ങി കൊടുക്കാനോ???” അവൾക് ഒരു നിഷ്കളങ്ക ചിരി നൽകി ഞാൻ ആ കവിളിൽ ഒന്ന് തലോടി..അപ്പോഴാണ് നന്ദുവേട്ടന്റെ ശബ്ദം കേട്ടത്.അങ്ങോട്ട് പോകാനായി എഴുന്നേറ്റപ്പോൾ ആണ് അവളുടെ കവിളിലെ പാട് ഒരു പ്രശ്നമാകുമല്ലോന്ന് ഓർത്തത്.പെട്ടെന്ന് തന്നെ അവൾ മുടിയുടെ ഇടത് സൈഡിൽ കുത്തിയിരുന്ന സ്ലൈഡ് ഊരി.ചെറുതായി വെട്ടിയിട്ടിരുന്ന മുടികൾ അവളുടെ കവിളിനെ ഭാഗികമായി മറച്ചു.എങ്ങനെയുണ്ടെന്ന് പുരികം പൊക്കി അവൾ ചോദിച്ചപ്പോൾ കെട്ടിപിടിച്ച് മറുകവിളിൽ ഞാനൊരു ഉമ്മ നൽകി.

കേക്ക് കട്ടിങ് കഴിഞ്ഞ് എല്ലാവരും വർമ്മ സാറിന് സമ്മാനങ്ങൾ കൊടുക്കാൻ തുടങ്ങി.ഞങ്ങളും ഒരു പിറന്നാൾകോടി സമ്മാനിച്ചു.നന്ദുവേട്ടന്റെ സമ്മാനം അദ്ദേഹത്തിന്റെ തന്നെ ചിത്രം ആയിരുന്നു.ജീവൻ തുടിക്കുന്ന പെയിന്റിംഗ്..അങ്ങനെയേ അതിനെ വിശേഷിപ്പിക്കാൻ പറ്റു.ഇതിന്റെ ഇടയിലും ഏട്ടൻ സൗഭാഗ്യയെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.കുറ്റബോധമുണ്ട് ആ മുഖത്ത്.പക്ഷെ അവൾ മൈൻഡ് പോലും ചെയ്യുന്നില്ല.എല്ലാവർക്കും കേക്ക് കട്ട്‌ ചെയ്തത് കൊടുത്തതും അവൾ തന്നെയാണ്.പക്ഷെ ഏട്ടനുള്ള പീസ് അവൾ കൈയിൽ കൊടുത്തില്ല.പ്ലേറ്റിൽ തന്നെ വെച്ചു.ഏട്ടൻ അതൊട്ട് എടുത്തതുമില്ല.ഞാൻ എടുത്ത് കൊടുത്തപ്പോൾ എന്നെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി.ശിവേട്ടനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ ഈ പിണക്കം ഒരു പ്രണയത്തിനുള്ള സൂചന ആണെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

സന്ധ്യക്ക്‌ ഞാനും ശിവേട്ടനും ഗിരിയേട്ടനും നന്ദുവേട്ടനും സൗഭാഗ്യയും ചേർന്ന് കാവിൽ വിളക്ക് വെച്ചു.നാഗത്താന്മാരുടെ രൂപത്തിന് ഇന്ന് വല്ലാത്തൊരു തെളിച്ചമുണ്ടെന്ന് സൗഭാഗ്യ പറഞ്ഞപ്പോൾ എന്റെ കൈ അറിയാതെ വയറിൽ ഒന്ന് തലോടി.അത് കണ്ട ശിവേട്ടൻ ഒരു നുള്ള് മഞ്ഞൾ എന്റെ നെറ്റിയിൽ അണിയിച്ചു.തിരികെ തറവാട്ടിലേക്ക് വരുമ്പോഴും സൗഭാഗ്യയോട് മിണ്ടാൻ ഏട്ടൻ ശ്രമിച്ചു.പക്ഷെ അവൾ ഗൗനിച്ചില്ല.ഇതൊക്കെ ശ്രദ്ധിച്ച നന്ദുവേട്ടനോട് കാര്യങ്ങൾ ഒക്കെ പറയേണ്ടി വന്നു. “അടിച്ചത് തെറ്റാണ്.പക്ഷെ അവൾ അത് ആരോടും പറയില്ല.അവളായിട്ട് അതിനുള്ള മറുപടി കൊടുത്താ ശീലം.അത് കൊണ്ട് ഈ മൗനം നിങ്ങൾ കാര്യമാക്കണ്ട.ഗിരിയോട് ഒന്ന് സൂക്ഷിക്കാൻ പറ..ഏത്‌ നിമിഷമാ അവൾ തിരിച്ച് ഒന്ന് കൊടുക്കുന്നതെന്ന് പറയാൻ പറ്റില്ല” “അയ്യോ എന്റെ ഏട്ടൻ പാവമാ” “അയ്യോടാ..എങ്കിൽ ഏട്ടനോട് പോയി പറ അവളെ കെട്ടാൻ.

ഭർത്താവിനെ എന്തായാലും അവൾ അടിക്കില്ല” “അതിന് നന്ദുവേട്ടൻ ഒന്ന് സഹായിക്കണം” “എന്റെ എല്ലാ സഹായവും ഉണ്ടാകും.നമുക്ക് നാളെ തന്നെ വർമ്മ സാറിനോട് ഈ കാര്യം അവതരിപ്പിക്കാം..പോരേ” നന്ദുവേട്ടന്റെ വാക്കുകൾ എനിക്ക് ഒരുപാട് പ്രതീക്ഷ നൽകുന്നത് ആയിരുന്നു.രാത്രി ഭക്ഷണം കഴിക്കുമ്പോഴും എല്ലാവരും ഒരുപാട് സംസാരിച്ചു.നന്ദുവേട്ടന്റെ അമ്മയ്ക്ക് മകനെ ഈ നിലയിൽ എത്തിച്ചതിനു അവരോടൊക്കെ നന്ദി പറഞ്ഞിട്ട് മതിയാകുന്നില്ല.അവർ തിരിച്ചും വർമ്മ സാറിന്റെ ജീവൻ രക്ഷിച്ചതിന്റെ നന്ദി പറച്ചിൽ തന്നെ.. ഭക്ഷണം കഴിച്ച് കുറച്ച് കഴിഞ്ഞപ്പോൾ അവിടെ കലാപരിപാടികൾ തുടങ്ങി.ആദ്യം രുദ്രയുടെയും കാവ്യയുടെയും നൃത്തം ആയിരുന്നു.അത് കഴിഞ്ഞ് കാർത്തികയുടെ മോണോആക്ട്.

പിന്നെ അമൃതയുടെ ലളിതഗാനം.എല്ലാം ഒന്നിനൊന്നു മിച്ചം.അവസാനം സൗഭാഗ്യയും അരങ്ങത്ത് വന്നു.ഡാൻസും പാട്ടും മോണോആക്ടും അങ്ങനെ എല്ലാത്തിലും അവളുടെ കഴിവ് തെളിയിച്ചു.പക്ഷെ അപ്പോഴൊക്കെ അവളുടെ ഇടത് വശത്തെ മുടി മുഖത്തേക്ക് പിടിച്ചിട്ടിരിക്കുന്നത് ഗിരിയേട്ടനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി. പരിപാടി എല്ലാം കഴിഞ്ഞ് കുറച്ച് ഇരുട്ടിയപ്പോഴാണ് എല്ലാവരും കിടക്കാൻ പോയത്.ഇന്നത്തെ രാത്രി ഉറക്കം വേണ്ടെന്ന് നേരത്തെ തീരുമാനിച്ചത് കൊണ്ട് ഞങ്ങൾ നേരെ കുളപ്പടവിലേക്ക് പോയി.ഞാനും ശിവേട്ടനും കൈകോർത്ത് ഒരു പടവിലും എനിക്ക് താഴെയായി സൗഭാഗ്യവും ശിവേട്ടന്റെ അടുത്തായി നന്ദുവേട്ടനും ഞങ്ങളുടെ പിറകിൽ മുകളിലത്തെ പടവിൽ ഗിരിയേട്ടനും ഇരുന്നു.

ചന്ദ്രന്റെ പ്രതിബിംബം കുളത്തിൽ തെളിഞ്ഞ് കാണുന്നുണ്ട്.ഉറങ്ങാതെ നേരം വെളുപ്പിക്കാൻ പോകുവാണെന്ന് സച്ചിയേട്ടനെ വിളിച്ച് പറഞ്ഞപ്പോൾ ഏതോ യക്ഷികഥ പറഞ്ഞ് ആ ദുഷ്ടൻ ഞങ്ങളെ പേടിപ്പിക്കാൻ നോക്കി. “എടാ ശിവാ..നമ്മൾ ഒരു തെറ്റ് ചെയ്‌താൽ അതിന് സോറി പറയണം.എന്നിട്ടും അയാള് ക്ഷമിച്ചില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യണം??” ഗിരിയേട്ടന്റെ ചോദ്യം സൗഭാഗ്യയോട് ആണെങ്കിലും അവൾ കുളത്തിലേക്ക് കണ്ണുംനട്ട് ഇരിക്കുവാണ്. “എന്നിട്ടും ക്ഷമിച്ചില്ലെങ്കിൽ വിട്ട് കളയണം.അല്ലാതെ ഇപ്പോൾ കാലുപിടിക്കാൻ ഒന്നും പറ്റില്ലല്ലോ” ശിവേട്ടന്റെ മറുപടി കേട്ടതും സൗഭാഗ്യ പോകാനായി എഴുന്നേറ്റു.പക്ഷേ രണ്ട് സ്റ്റെപ് കയറിയപ്പോൾ തന്നെ ഗിരിയേട്ടൻ അവളുടെ കൈയിൽ പിടിച്ചു നിർത്തി. “ഹാ..പോകാതെടോ..

ഞാൻ ഒന്ന് പറയട്ടെ” “പറഞ്ഞ് അല്ലല്ലോ ശീലം..ആദ്യം അടി അത് കഴിഞ്ഞല്ലേ സംസാരം” “എടോ സോറി..എത്രവട്ടം വേണമെങ്കിലും ഞാൻ സോറി പറയാം.എനിക്ക് ഒരു അബദ്ധം പറ്റിയതാ..താൻ ഒന്ന് ക്ഷമിക്ക്” അവൾ ഏട്ടന് നേരെ കൈകെട്ടി നിന്നെങ്കിലും നോട്ടം ഇപ്പോഴും കുളത്തിലേക്ക് തന്നെ. “ആ കുളത്തിൽ എന്താ നിന്റെ മറ്റവൻ മുങ്ങികിടപ്പുണ്ടോ??” ഗിരിയേട്ടൻ ചോദിച്ചതും അവൾ ഏട്ടനെ കൂർപ്പിച്ച് ഒന്ന് നോക്കി. “അയ്യോ സോറി…സോറി..സോറി” രണ്ട് കൈയും ചെവിയിൽ പിടിച്ച് ഏട്ടൻ അങ്ങനെ പറഞ്ഞപ്പോൾ അത് കണ്ടു കൊണ്ട് നിൽക്കാനുള്ള ക്ഷമ എനിക്ക് ഇല്ലായിരുന്നു. “എടി പെണ്ണേ..മതി എന്റെ ഏട്ടനെ കൊണ്ട് ഇങ്ങനെ സോറി പറയിപ്പിച്ചത്.നിനക്ക് പറ്റുമെങ്കിൽ ക്ഷമിക്ക്.”

അവൾ ഏട്ടനെ ഒന്ന് നോക്കി.ഏട്ടൻ അവൾക് നേരെ കൈ നീട്ടി. “ഫ്രണ്ട്‌സ്????” കുറച്ച് നേരം എന്തോ ആലോചിക്കുന്നത് പോലെ നിന്നിട്ട് അവളും കൈ കൊടുത്തു. “ഓക്കേ ഫ്രണ്ട്സ്…ബട്ട്‌ എനിക്ക് ഒരു കാര്യം സാധിച്ച് തരണം” “മ്മ്മ്…നീ ധൈര്യമായിട്ട് പറഞ്ഞോ.” “ഈ അവസാനത്തെ പടിയിൽ എന്റെ കൂടെ വന്ന് നിൽക്കണം” “അത്രേ ഉള്ളോ…നീ വാ” അവളുടെ കൈ പിടിച്ച് ഏട്ടൻ സ്റ്റെപ് ഇറങ്ങിയപ്പോൾ നന്ദുവേട്ടൻ ഏട്ടനെ പിന്തിരിപ്പിക്കാൻ നോക്കി. “ഗിരി വേണ്ട..ചുമ്മാ അവളുടെ വാക്ക് കേട്ട് നീ തുള്ളാൻ നിൽക്കണ്ട” പക്ഷെ സൗഭാഗ്യയുടെ പിണക്കം മാറ്റണമെന്ന ഉദ്ദേശം മാത്രമേ ഏട്ടന്റെ മനസിൽ ഉണ്ടായിരുന്നുള്ളൂ.അത് കൊണ്ട് അവളുടെ കൂടെ അവസാനത്തെ പടിയിൽ പോയി നിന്നതും അവൾ ഏട്ടനെ പിടിച്ചോരു തള്ള്..ഏട്ടൻ ദേ കിടക്കുന്നു കുളത്തിൽ.

“ഞാൻ അപ്പോഴേ പറഞ്ഞത് അല്ലേ ഇവളുടെ വാക്ക് കേട്ട് പോകരുതെന്ന്.അനുഭവിച്ചോ” നന്ദുവേട്ടൻ എന്ത് കൊണ്ടാണ് ഗിരിയേട്ടനെ തടഞ്ഞതെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്.ഏട്ടൻ അടിച്ചതിനു അവൾ പ്രതികാരം ചെയ്തതാണ്.പാവം എന്റെ ഏട്ടൻ നനഞ്ഞ കോഴിയെ പോലെ ദേ കയറി വരുന്നു.പാവം തണുത്ത് വിറയ്ക്കുവാ. “ഇപ്പോൾ പകരത്തിനു പകരമായി.ഇനി ഫ്രണ്ട്‌സ് ആകാം.” അതും പറഞ്ഞ് അവൾ തന്നെ ഏട്ടന് തല തുവർത്തി കൊടുത്തു.ഓഹോ തോർത്ത്‌ ഒക്കെ നേരത്തെ എടുത്ത് വെച്ചിരുന്നു അല്ലേ..അപ്പോൾ ഈ പ്ലാനോടെ തന്നെയാണ് അവൾ ഇങ്ങോട്ട് വന്നത്..എന്റെ നാഗത്താന്മാരെ എന്റെ ഏട്ടനെ നിങ്ങൾ തന്നെ കാത്തോണേ….. ****** രാവിലെ തന്നെ ഏട്ടന്മാർ മൂന്ന് പേരും കൂടി ക്ഷേത്രത്തിൽ പോയേക്കുവാ.

ഞാൻ കൂടി വരാമെന്ന് പറഞ്ഞപ്പോൾ അവർക്ക് മാത്രമായിട്ട് പോകണമെന്ന്.ഞങ്ങൾ പെൺകുട്ടികൾ ഒരുമിച്ച് പിന്നേ പൊയ്ക്കോളാൻ.അങ്ങനെ ഫുഡടി ഒക്കെ കഴിഞ്ഞ് ഞാനും സൗഭാഗ്യയും കൂടി അവളുടെ റൂമിൽ ഇരിക്കുമ്പോളാണ് മുത്തശ്ശൻ വിളിക്കുന്നെന്ന് കാവ്യ വന്ന് പറഞ്ഞത്.ഉമ്മറത്തേക്ക് ചെന്നപ്പോൾ എല്ലാവരും അവിടെ ഉണ്ട്.എന്തോ സീരിയസ് കാര്യമാണെന്ന് മനസിലായി. “മുഖവുര ഇല്ലാതെ ഞാൻ പറയാം.ഭാഗ്യയെ അനന്തുവിന്റെ പെണ്ണായി കാണാൻ എനിക്കൊരു ആഗ്രഹം.” അദ്ദേഹത്തിന്റെ വാക്കുകൾ എന്നിൽ ഒരു മിന്നൽപിണർ സൃഷ്ടിച്ചു. “അനന്ദുവിന്റെ അമ്മ എന്ത് പറയുന്നു?” “ഞാൻ അല്ലാലോ..അവൻ അല്ലേ തീരുമാനിക്കേണ്ടത്.അവന്റെ ഇഷ്ടം എന്തോ അതാണ്‌ എനിക്കും.” എന്ത് ചെയ്യണമെന്ന് അറിയാൻ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.

ഒരു ഭാഗത്തു നന്ദുവേട്ടൻ ഇപ്പോഴും ശിഖ ചേച്ചിയെ കാത്തിരിക്കുന്നു.മറുഭാഗത്ത് എന്റെ ആഗ്രഹം….പക്ഷെ സൗഭാഗ്യയുടെ മുഖത്ത് ഒരു ഭാവവ്യത്യാസവും ഞാൻ കണ്ടില്ല.അതെന്റെ ടെൻഷൻ കൂട്ടുന്നതായിരുന്നു.ഈ ചർച്ചക്കിടയിൽ ആണ് ഏട്ടന്മാർ ക്ഷേത്രത്തിൽ നിന്നും വന്നത്. “ഹാ കറക്റ്റ് സമയത്ത് തന്നെ അവർ എത്തിയല്ലോ…ഇനി എല്ലാം നേരെ ചോദിക്കാലോ..” ഒന്നും മനസിലാകാതെ കയറി വരുന്ന നന്ദുവേട്ടനെ നോക്കി വർമ്മ സർ പറഞ്ഞ് തുടങ്ങി.അപ്പോഴേക്കും നാണത്തോടെ ചിരിച്ചും കൊണ്ട് സൗഭാഗ്യ അകത്തേക്കും പോയി….ആ പോക്ക് കണ്ട് ഉള്ള് സമാധാനം പോയി ഞാനും അവളുടെ പിറകെ ചെന്നു. “എടി എന്തൊക്കെയാ ഇവിടെ നടക്കുന്നത്??” “എന്ത് പറ്റി??” “നന്ദുവേട്ടനും നീയും തമ്മിലുള്ള വിവാഹത്തെ കുറിച്ചാണ് അവിടെ സംസാരം.അപ്പോൾ നീ ഇവിടെ വന്നിരുന്നല്ലോ എങ്ങനെയാ?”

“ഞാൻ എന്തിനാ അവിടെ നില്കുന്നത്.അതൊക്കെ തീരുമാനിക്കാൻ അവകാശപെട്ടവർ ഒക്കെ അവിടെ ഉണ്ടല്ലോ.” “നിനക്ക് ഇതിൽ ഒന്നും പറയാൻ ഇല്ലേ??” “എന്താ ഗൗരി…നിനക്ക് എന്താ പറ്റിയ?” “നന്ദുവേട്ടന്റെ പാസ്ററ്?” “അതിൽ ഇപ്പോൾ എന്താ പ്രശ്നം? എനിക്ക് അറിയാവുന്നത് ഒക്കെ തന്നെയല്ലേ” അപ്പോൾ ഒരു കാര്യം ഉറപ്പായി.ശിഖ ചേച്ചിയെ കുറിച്ച് ഇവിടെ ഉള്ളവർക്ക് ആർക്കും അറിയില്ല. “ഏട്ടനെ പോലെയല്ലേ നീ കണ്ടിട്ടുള്ളത്? ” “എന്റെ അനിയത്തിമാർ തുടക്കം മുതലേ സ്വന്തം ഏട്ടനെ പോലെയാണ് അനന്ദേട്ടനെ കാണുന്നത്.എനിക്ക് ആദ്യം ദേഷ്യമായിരുന്നു.പിന്നീട് എന്തിനും കൂടെ നിൽക്കുന്ന എന്റെ ധൈര്യമായി…എന്റെ നല്ലൊരു സുഹൃത്തായി..

ഏട്ടനായി..അതിൽ പ്രണയം ഒഴികെ മറ്റെല്ലാ അർത്ഥവും ഉണ്ടായിരുന്നു..അനന്ദേട്ടനെ പോലൊരു ലൈഫ് പാർട്ണറെ കിട്ടണമെന്നായിരുന്നു എന്റെ ആഗ്രഹം.പക്ഷെ അത് അനന്ദേട്ടൻ തന്നെ ആകണമെന്ന് ഞാൻ മോഹിച്ചിട്ടില്ല.ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം വന്ന സ്ഥിതിക്ക് മുത്തശ്ശന്റെ ഇഷ്ടമാണ് എന്റെയും ഇഷ്ടം.എല്ലാവർക്കും സമ്മതമാണെങ്കിൽ എനിക്കും 100 വട്ടം സമ്മതമാണ്…..”…. (തുടരും)

❤കലിപ്പന്റെ വായാടി❤ : ഭാഗം 31

Share this story