നിനക്കായ് : ഭാഗം 78

നിനക്കായ് : ഭാഗം 78

എഴുത്തുകാരി: ഫാത്തിമ അലി

“ഇനി എന്റെ ദുർഗയെ പറ്റി ഒരു അക്ഷരം മിണ്ടിയാ നിങ്ങളുടെ പുഴുത്ത നാവ് ഞാൻ അരിഞ്ഞെടുക്കും….” മുഖത്തെയും കഴുത്തിലേയും ഞെരമ്പുകളെല്ലാം വലിഞ്ഞ് മുറുകി ചോര തൊട്ടെടുക്കാൻ പാകത്തിന് കോപത്താൽ ജ്വലിച്ച് നിൽക്കുന്ന സാമിനെ കണ്ട് മാത്യൂ അടക്കം എല്ലാവരും ഞെട്ടലോടെ നോക്കി നിന്ന് പോയി…. ******* “മോനേ…ഞാൻ……” “ശ്ശ്….മിണ്ടിപ്പോവരുത്…..പെമ്പറന്നോത്തിയേയും കൂട്ടി സ്ഥലം വിടാൻ നോക്കുന്നതാവും നിങ്ങൾക്ക് നല്ലത്….ഇല്ലെങ്കിൽ വയസ്സിന് മൂത്തതാണെന്ന കാര്യം ഞാനങ്ങ് മറക്കും….” ജാനറ്റിനെ രൂക്ഷമായി നോട്ടമെറിഞ്ഞ് കൊണ്ട് ഫിലിപ്പിനോടായി അവൻ പറഞ്ഞു… “ജെനീ….” എന്നിട്ടും അവര് രണ്ടും നിന്നിടത്ത് നിന്ന് ഒരടി പോലും മുന്നോട്ട് ചലിക്കാത്തത് കണ്ട് സാം ജെനിയെ നോക്കി അലറിയതും അവൾ ജാനറ്റിന്റെയും ഫിലിപ്പിന്റെയും കൈകളിൽ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ട് പോയി…. ******

അലക്സിന്റെ അടുത്ത് നിന്നും അന്ന നേരെ അവളുടെ റൂമിലേക്ക് ആണ് ചെന്നത്… കുറച്ച് സമയം ഒന്ന് ഒറ്റക്ക് ഇരിക്കണം എന്ന് തോന്നി ഡോർ ലോക്ക് ചെയ്ത് ബെഡിലേക്ക് ചെന്ന് ഹെഡ് റെസ്റ്റിലേക്ക് ചാരി… “ഞാൻ അങ്ങനെ പറഞ്ഞത് ഇച്ചായന് വിഷമം ആയി കാണില്ലേ…ശ്ശേ…വേണ്ടിയിരുന്നു….” അലക്സിന്റെ ദയനീയത നിറഞ്ഞ മുഖം ഓർത്തതും അവനോട് പറഞ്ഞത് കൂടിപ്പോയി എന്ന് അവൾക്ക് തോന്നി.. പക്ഷേ തന്നെ അവിശ്വസിച്ചതിന്റെ സങ്കടത്തിലും വേദനയിലും പറഞ്ഞ് പോയതായിരുന്നു… ഇനിയും അലക്സിനെ വേദനിപ്പിക്കാനോ അവഗണിക്കാനോ പറ്റില്ലെന്ന് അവൾക്ക് തോന്നി…. എത്രയും പെട്ടെന്ന് അവനോടാ സംസാരിച്ച് എല്ലാം സോൾവ് ചെയ്യണമെന്ന് ഉറപ്പിച്ച് അന്ന കണ്ണുകൾ അമർത്തി തുടച്ചു… ഇനിയും റൂമിനുള്ളിൽ അടച്ച് പൂട്ടി ഇരുന്നാൽ ശരിയാവില്ലെന്ന് തോന്നി ബെഡിൽ നിന്ന് എഴുന്നേറ്റ് അവൾ ഡോറിന് അടുത്തേക്ക് ചെന്നു…

ഹാൻഡിൽ തിരിച്ച് തുറന്നതും താഴെ എന്തോ പൊട്ടി വീഴുന്നതോടൊപ്പം സാമിന്റെ ശബ്ദം ഉയർന്നത് കേട്ട് അന്ന ദൃതിയിൽ താഴേക്ക് ഇറങ്ങി… നിലത്ത് പൊട്ടി ചിതറി കിടക്കുന്ന ഫ്ലവർ വേസും അതിന് തൊട്ടരികിൽ കൊപത്താൽ ചുവന്ന് തുടത്ത മുഖവുമായി നിൽക്കുന്ന സാമിനെയും കണ്ട് അന്ന ഒരു പകപ്പോടെ നിന്നു….എന്താണ് അവിടെ നടന്നത് എന്നറിയാൻ അവൾ കണ്ണുകളാൽ ചുറ്റിലും നോക്കി…. എല്ലാവരുടെ മുഖത്തും സാമിനെ ആദ്യമായി ഇത്രയും ദേഷ്യത്തിൽ കണ്ടതിന്റെ ഞെട്ടൽ കാണാൻ കഴിഞ്ഞിരുന്നു… സാം ജാനറ്റിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞത് കേട്ട് ശ്രീ ആണ് അവിടുത്തെ സംസാര വിഷയം എന്ന് അവൾക്ക് മനസ്സിലായി… പക്ഷേ ഇത്രയും രോഷാകുലനാവാൻ മാത്രം എന്താവും എന്ന ചിന്തയിൽ അന്ന കുറച്ച് നീങ്ങി അവളുടെ ഒരു കസിന്റെ അടുത്തേക്ക് നീങ്ങി നിന്നു… അവളാണ് അന്ന വരുന്നതിന് മുൻപ് നടന്നതെല്ലാം പറഞ്ഞ് കൊടുത്തത്…

ശ്രീയെ പറ്റി വേണ്ടാതീനം പറഞ്ഞ ജാനറ്റിന് ഇട്ട് ഒന്ന് പൊട്ടിക്കാൻ അവൾക്ക് തോന്നി… ജെനി അവരെ പിടിച്ച് പുറത്തേക്ക് കൊണ്ട് പോവുന്നത് കണ്ടതും അന്നയും അവർക്ക് പിന്നാലെ വലിഞ്ഞു.. ****** “ഹാ….എന്റെ കൈയീന്ന് പിടി വിട് ജെനി…ഞാനെന്ത് ചെയ്തിട്ടാ ആ ചെറുക്കൻ എന്നോട് ചാടി കടിക്കാൻ വരുന്നത്….?” കാറിന് അടുത്ത് എത്തിയതും ജെനിയുടെ കൈ കുടഞ്ഞെറിഞ്ഞ് ജാനറ്റ് മുഖം ചുളിച്ചു… “എന്താ ചെയ്തതെന്നോ….നിങ്ങളുടെ പ്രായത്തിനെ ബഹുമാനിച്ച് മാത്രമാ അവൻ നിങ്ങളുടെ രണ്ടാളുടെ നേരെയും കൈ ഓങ്ങാത്തത്….ഇനിയും അവനെ ചൊറിഞ്ഞാൽ കിട്ടുന്നത് വാങ്ങി വീട്ടിൽ പോവേണ്ടി വരും….” ജെനി പുച്ഛത്തോടെ അവരെ ഇരുവരെയും നോക്കിക്കൊണ്ട് പറഞ്ഞതും ജാനറ്റിന്റെ മുഖം വിളറി… “നിങ്ങൾ എന്ത് ഉദ്ധേശത്തിലാ ഇങ്ങനെ ഒരു പ്രപോസലുമായിട്ട് ഇവിടേക്ക് വന്നത്…ഹേ…?” ജെനിയുടെ ദേഷ്യം നിറഞ്ഞ സ്വരം കേട്ടതും ജാനറ്റ് പതർച്ചയോടെ ഫിലിപ്പിനെ നോക്കി…

“മോളേ….അത്….നിന്റെ ഭാവി…നിനക്കും വേണ്ടേ ഒരു ജീവിതം….” ജാനറ്റ് അവളുടെ തോളിൽ കൈ വെച്ചതും അവളത് ഇഷ്ടക്കേടൊടെ തട്ടി മാറ്റി…. “ഓഹ്….എന്റെ ഭാവിയെ പറ്റി ചിന്തിക്കാനൊക്കെ മിസ്റ്റർ ആന്റ് മിസ്സിസ് ഫിലിപ്പിന് സമയം ഉണ്ട് അല്ലേ…പക്ഷേ നിങ്ങൾ മറന്ന ഒന്നുണ്ട്….കഴിഞ്ഞ മൂന്ന് വർഷം മുൻപേ എന്റെ ജീവിതം തകർന്നത്….എന്റെ….എന്റെ ആസാദ്….” ജെനി നിറഞ്ഞ കണ്ണുകളോടെ പറഞ്ഞത് കേട്ട് അവർ ഇരുവരുടെ മുഖവും വിളറി വെളുത്തു… “എന്താ മമ്മാ…പപ്പാ….ഓർക്കുന്നുണ്ടോ അവനെ….?അവസാനം ആയിട്ട് അവന്റെ കത്തിക്കരിഞ്ഞ ശരീരം കാണാൻ പോയത് ഓർക്കുന്നോ….?” അവൾ മുഖം ഉയർത്തി നോക്കിയതും ഫിലിപ്പിന്റെയും ജാനറ്റിന്റെയും മുഖവും കഴുത്തും ഒക്കെ വിയർത്ത് ഒലിക്കുന്നുണ്ടായിരുന്നു…. ഇത്രയും നാൾ മനസ്സിൽ മൂടിവെച്ച സത്യം പുറത്ത് വരുമോ എന്ന് ഇരുവരും ഭയന്നിരുന്നു…

“രണ്ടാളും നന്നായിട്ട് വിയർക്കുന്നല്ലോ…എന്ത് പറ്റി….?” ജെനി പരിഹാസത്തോടെ ഇരുവരെയും നോക്കി… “ഏ….ഏയ്….ഇച്ചാ…യാ നമുക്ക് പോ…വാം….” ജാനറ്റ് സാരിത്തലപ്പ് കൊണ്ട് മുഖം അമർത്തി തുടച്ച് ഫിലിപ്പിനെ നോക്കി പതർച്ചയോടെ പറഞ്ഞ് കൊണ്ട് കാറിന് അടുത്തേക്ക് നടന്നു… “ആസാദ് മരിച്ചിട്ടില്ല….” ജെനിയുടെ വാക്കുകൾ ഫിലിപ്പിന്റെയും ജാനറ്റിന്റെയും കാലുകളെ ചങ്ങലക്കിട്ടത് പോലെ പിടിച്ച് നിർത്തി.. കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടത് പോലെ ഇരുവരും ഞെട്ടലോടെ അവളുടെ നേരെ തല വെട്ടിച്ചു… “എ….എന്ത്….?” ഫിലിപ്പിന്റെ സ്വരം വിറച്ചിരുന്നു…ഇരുവരുടെയും മുഖം കടലാസ് പോലെ വിളറി വെളുത്തത് കണ്ട് ജെനി പുച്ഛത്തോടെ ചിരിച്ച് കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു… “എന്താ പപ്പാ….മമ്മാ….വിശ്വാസം വന്നില്ലേ….

എങ്ങനെ വിശ്വസിക്കും…ഏൽപ്പിച്ച ഗുണ്ടകൾ അവന്റെ കാർ കൊക്കയിലേക്ക് വീഴ്ത്തുന്നതും കത്തി ചാമ്പലാവുന്നതും എല്ലാം നേരിട്ട് കണ്ടതാണല്ലോ അല്ലേ….?” ജെനിയുടെ മുഖത്തേക്ക് പോലും നോക്കാതെ ഇരുവരും തല കുമ്പിട്ട് നിൽക്കുകയായിരുന്നു… “എന്തിനാ പപ്പാ…മമ്മാ…എന്നോട് ഇങ്ങനെ ചെയ്തത്…. നിങ്ങളുടെ കൺവെട്ടത്ത് പോലും വരാതെ ഇവിടെയെങ്കിലും ജീവിച്ചേനേലോ ഞങ്ങൾ….പക്ഷേ അത് പാടില്ലല്ലോ അല്ലേ… മകൾ അന്യ മതത്തിൽപെട്ട ഒരു മിഡിൽ ക്ലാസ് ഭർത്താവിന്റെ കൂടെയാണ് ജീവിക്കുന്നത് എന്നറിഞ്ഞാൽ സൊസൈറ്റി എന്ത് കരുതും അല്ലേ മമ്മാ…” ജെനി വിറക്കുന്ന സ്വരത്തോട് കൂടെ പറഞ്ഞും അവർക്ക് മറുപടി ഉണ്ടായിരുന്നില്ല… “പക്ഷേ ഒരിക്കലും ഒരു ജീവൻ എടുക്കാൻ മാത്രം ക്രൂരത നിങ്ങളുടെ ഉള്ളിൽ ഉണ്ടാവുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല… ചെയ്ത് കൂട്ടിയ തെറ്റിന് അനുഭവിക്കും നിങ്ങൾ….

ഓർത്ത് വെച്ചോ രണ്ട് പേരും….ജെനിഫർ ആണ് പറയുന്നത്….” ജെനി രണ്ടാളയും രൂക്ഷത്തോടെ നോക്കിക്കൊണ്ട് വെട്ടി തിരിഞ്ഞ് നടന്നു… ജാനറ്റും ഫിലിപ്പും ആശ്രയം നഷ്ടപ്പെട്ടത് പോലെ നിന്നിടത്ത് ഒന്ന് അനങ്ങാൻ പോലുമാവാതെ നിൽക്കുകയായിരുന്നു… “ഇ….ച്ചായാ…” ജാനറ്റ് വിതുമ്പലോടെ അയാളുടെ കൈയിൽ പിടിച്ചു… “ഇത്രയും നാൾ ചെയ്ത് കൂട്ടിയ പാപങ്ങൾക്ക് പ്രതിഫലം കിട്ടാൻ തുടങ്ങി ജാനറ്റേ….അനുഭവിക്കുക തന്നെ…വേറെ നിവൃത്തിയില്ല നമുക്ക്…” കുറ്റബോധത്താൽ ഇരവരുടെയും തല കുനിഞ്ഞിരുന്നു… ഫിലിപ്പിന്റെ കാർ ഗേറ്റ് കടന്ന് പോവുന്നത് അറിഞ്ഞതും അകത്തേക്ക് കയറാതെ ചുവരും ചാരി നിന്ന ജെനി പതിയെ മുഖം ഉയർത്തി… അവളുടെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു… ജെനിഫർ ജനിച്ച് അന്ന് മുതൽ പണം ഉണ്ടാക്കാനുള്ള തിരക്കിലായിരുന്നു ഫിലിപ്പും ജാനറ്റും….

വീട്ടിൽ ആണെങ്കിൽ പോലും അവളെ കാണാനോ സംസാരിക്കാനോ ഫിലിപ്പോ ജാനറ്റോ താൽപര്യം കാണിക്കാറില്ലായിരുന്നു… എങ്കിലും ജെനിക്ക് പപ്പയും മമ്മയും എന്ന് വെച്ചാൽ ജീവനായിരുന്നു… മെഡിസിന് പഠിക്കുമ്പോഴാണ് സാമിന്റെ സൗഹൃദം അവൾക്ക് ലഭിക്കുന്നത്… ഒരു സഹോദരൻ ഇല്ലാത്ത അവൾക്ക് സാം ഫ്രണ്ടിനേക്കാൾ ഉപരി നല്ലൊരു സഹോദരൻ കൂടി ആയിരുന്നു.. അത് കൊണ്ട് തന്നെ അവൾക്ക് ഒരാളോട് പ്രണയം തോന്നിയപ്പോൾ ആദ്യമായി പറഞ്ഞതും അവനോടായിരുന്നു… ആസാദ്…പൂനൈയിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ…. ഇടക്ക് കോളേജ് ഹോസ്റ്റലിന് അടുത്തായുള്ള ലൈബ്രറിയിൽ പോവുന്ന സമയത്താണ് ജെനി അവനെ കണ്ട് മുട്ടുന്നത്… ആദ്യം പരിചയം പോലും നടിക്കാതിരുന്ന ഇരുവരും പതിയെ ചിരിക്കാനും പരസ്പരം വിഷ് ചെയ്യാനും തുടങ്ങി…

ജെനി ഒരു മലയാളി ആണെന്ന് അറിഞ്ഞതും അവന് സംസാരിക്കാൻ താൽപര്യം ഏറിയിരുന്നു… തമിഴ് ചുവ കലർന്ന മലയാളം സംസാരിക്കുന്ന അവനെ കൗതുകത്തോടെയാണ് ജെനി നോക്കിയത്… ഉള്ളിലെ സംശയം മറച്ച് വെക്കാതെ ചോദിച്ചതും പൊട്ടിച്ചിരിയോടെ അവൻ അവൾക്ക് ഉത്തരവും കൊടുത്തു… മലയാളി ആയ കരീം തമിഴ്നാട്ടിൽ ജോലിക്ക് വന്നപ്പോൾ അവന്റെ ഉമ്മയെ പ്രേമിച്ച് വിവാഹം കഴിച്ചതാണ്… അത് കൊണ്ട് ആവന്റെ ഉപ്പയെ അയാളുടെ വീട്ടിയിലേക്ക് കയറ്റിയില്ല…. ആസാദ് ജനിച്ചിട്ടും അവരോടുള്ള വീട്ടുകാരുടെ പിണക്കം മാറിയിരുന്നില്ല…. അവന്റെ ഉപ്പയാണ് ആസാദിനെ മലയാളം പറയാനും വായിക്കാനുമൊക്കെ പഠിപ്പിച്ചത്…. എന്നുമുള്ള കൂടിക്കാഴ്ചകൾ സൗഹൃദത്തിലേക്കും അത് പതിയെ പ്രണയത്തിലേക്കും വഴിമാറി…. ജെനി പറഞ്ഞ് സാം ആസാദിനെ കാണാൻ പോയിരുന്നു…

ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ സാമിന് അവനെ ഇഷ്ടമായി… ധാരാളം സംസാരിക്കുന്ന കൂട്ടത്തിലായിരുന്ന അവൻ വളരെ പെട്ടന്ന് തന്നെ സാമിന്റെ മനസ്സിലും ഇടം പിടിച്ചിരുന്നു… എം.ഡി കഴിഞ്ഞ് ജെനിയും സാമും അന്നമ്മയും തിരിച്ച് നാട്ടിലേക്ക് വന്നു… ജെനി തിരുവനന്തപുരത്ത് ഒരു ഹോസ്പിറ്റലിൽ പ്രാക്ടീസിന് കയറിയ സമയത്താണ് അവൾക്ക് വിവാഹാലോചനയുമായി ഫിലിപ്പ് വന്നത്… അയാളുടെ പാട്നറുടെ മകനുമായിട്ടുള്ള വിവാഹം ജെനി സമ്മതിച്ചില്ല… ജെനിയുടെ ഭാവിയേക്കാൾ ഉപരി അയാളുടെ ബിസിനസിന് ലാഭം ഉണ്ടാക്കാനുള്ള ചിന്ത മാത്രമേ അയാൾക്ക് ഉണ്ടായിരുന്നുള്ളൂ…. അത് കൊണ്ട് തന്നെ എങ്ങനെയെങ്കിലും അവളെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ആസാദിന്റെ കാര്യം അവൾ പറയുന്നത്… ഫിലിപ്പ് ജെനിയുടെ താൽപര്യത്തെ ശക്തമായി എതിർത്തു….

അയാളോട് സംസാരിക്കാൻ ചെന്ന ആസാദിനെ ഭീഷണിപെടുത്തിയും പണം ഓഫർ ചെയ്തും പിന്തിരിപ്പിക്കാൻ ശ്രമിച്ചു… എന്നാൽ ഒരുതരത്തിലും അവർ പിരിയില്ലെന്ന് ഉറപ്പിച്ചപ്പോൾ അയാൾക്ക് സമ്മതം മൂളേണ്ടി വന്നു… ജെനി ഒട്ടും പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് അവളടെ സന്തോഷത്തിന് അതിരില്ലായിരുന്നു… എന്നാൽ വെറും നീർക്കുമിളയുടെ ആയുസ് പോലും തന്റെ സന്തോഷത്തിന് ഇല്ലെന്ന് അവൾ അറിഞ്ഞില്ല… പൂനൈയിലേക്ക് പോവുന്നതിന് മുൻപ് ഉമ്മയെയും ഉപ്പയെയും കാണാൻ ആസാദ് പോയിരുന്നു… അവരെ കണ്ട് കഴിഞ്ഞ് മടങ്ങുന്ന വഴി ഒരു ആക്സിഡന്റിൽ മരണപ്പെട്ടു എന്ന വാർത്തയാണ് ജെനി കേട്ടത്… ആദ്യമൊന്നും വിശ്വസിച്ചില്ലെങ്കിലും പത്രത്തിൽ വന്ന വാർത്ത ഫിലിപ്പാണ് അവളെ കാണിച്ച് കൊടുത്തത്… അവളുടെ ശാഠ്യത്തിന് വഴങ്ങി മോർച്ചറിയിൽ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹത്തിന് മുന്നിൽ ബോധം മറഞ്ഞ് വീണ അവൾ പിന്നെ നോർമൽ ആവാൻ മാസങ്ങൾ വേണ്ടി വന്നു…

അപ്പോഴൊന്നും സാമിനെ വിളിക്കാനോ സംസാരിക്കാനോ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൾ…. നാട്ടിൽ നിന്നാൽ ശരിതാവില്ലെന്ന് കരുതിയാണ് ലണ്ടനിലേക്ക് ജോലി കിട്ടിയപ്പോൾ മറ്റൊന്നും നോക്കാതെ പോയത്… അവൾക്ക് പിന്നാലെ തന്നെ ഫിലിപ്പും ജാനറ്റും അങ്ങോട്ട് പോയി… രണ്ട് വർഷങ്ങൾക്ക് ഇപ്പുറവും ആസാദിന്റെ മരണം അവളിൽ വേദന ആയി തന്നെ നിലനിന്നിരുന്നു… എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ ആണ് എഫ്.ബി വഴി മെഡിസിന് കൂടെ പഠിച്ചിരുന്ന ഒരു ഫ്രണ്ടിനെ കാണുന്നത്… അവൾ മുംബൈയിലെ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുകയാണ്… ആസാദിന്റെയും അവളുടെയും റിലേഷൻ അറിയാവുന്ന അവളാണ് രണ്ട് വർഷത്തോളമായി അവിടെ അവന്റ അതേ മുഖ സാദൃശ്യത്തിൽ ഒരാൾ ഉള്ള വിവരം അറിയിച്ചത്…

കോമാ സ്റ്റേജിൽ ആയിരുന്ന ആൾ ഉണർന്നതും പരസ്പര വിരുധമായി സംസാരിക്കുന്നതിന് ഇടക്കാണ് ജെനിയുടേയും മറ്റും പേര് പറയുന്നത് അവൾ കേട്ടത്…. വിവരം അറിഞ്ഞതും ആരോടും പറയാതെ ജെനി നാട്ടിലേക്ക് വന്നു… മരിച്ച് പോയെന്ന് വിശ്വസിച്ച ആൾ തൊട്ട് മുന്നിൽ നിൽക്കുന്നത് സ്വപ്നത്തിലെന്ന പോലെ ആയിരുന്നു അവൾ കണ്ടത്… ജെനിയെ അവന് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും അവളുടെ പേര് അപ്പോഴും അവന്റെ അപബോധ മനസ്സിൽ നിറഞ്ഞ് നിൽക്കന്നുണ്ടായിരുന്നു…. മാസങ്ങളുടെ ട്രീറ്റ്മെന്റ് കൊണ്ട് അവൻ ഒരുവിധം ഓർമകൾ തിരിച്ച് വന്ന് തുടങ്ങിയിരുന്നു… അങ്ങനെ ഇരിക്കെയാണ് സാം മുംബൈയിലേക്ക് വന്നത്… ജെനി സാമിനെ കൂട്ടി ആസാദിന്റെ അടുത്തേക്ക് പോയപ്പോഴാണ് അവൻ അന്ന് എന്താണ് നടന്നതെന്ന് പറയുന്നത്….

അന്ന് പൂനൈയിലേക്ക് പോയ സമയത്ത് അവന്റെ കൂടെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു…രാത്രി ആസാദിന് ഉറക്കം വരുന്നത് കാരണം അവനാണ് കാർ ഡ്രൈവ് ചെയ്തിരുന്നത്…തങ്ങളുടെ പിന്നാലെ വരുന്ന ലോറിക്ക് സൈഡ് കൊടുത്തെങ്കിലും അത് പോവാതെ അവരെ ഫോളോ ചെയ്തെന്ന് പോലെ വരുന്നത്കണ്ട് ആസാദിന് സംശയം തോന്നിയിരുന്നു… അത് ശരിവെക്കുന്ന പോലെ നിമിഷങ്ങൾക്കുള്ളാർ ലോറി സ്പീഡിൽ ചെന്ന് കാറിന്റെ പിന്നിൽ ഇടിച്ചിരുന്നു… ഇടിച്ച ശക്തിയിൽ കാർ ഒരു സൈഡിലേക്ക് ചരിഞ്ഞ് പോയെങ്കിലും വീണ്ടും കാറിനെ ഇടിച്ച് മുന്നോട്ട് നീക്കി അടുത്തുള്ള കൊക്കയിലേക്ക് കൊണ്ട് മറിച്ചിട്ടു… കോ ഡ്രൈവർ സീറ്റിയിലായിരുന്ന അവൻ ഡോർ ഓപ്പൺ ആയി ഒരു മരച്ചില്ലയിൽ തടഞ്ഞ് നിന്നപ്പോഴാണ് ലോറിയിൽ നിന്നും ഇറങ്ങി എത്തി നോക്കുന്നത് ചോര ഒലിച്ചിറങ്ങുന്ന കൺ പീലികൾക്ക് ഇടയിലൂടെയും അവൻ കാണുന്നുണ്ടായിരുന്നു…

കൊക്കയിലേക്ക് മറിഞ്ഞ് കത്തുന്ന കാർ കണ്ട് പുച്ഛത്തോടെ ഡ്രൈവറെ നോക്കി ചിരിക്കുന്ന ഫിലിപ്പിനെ ലോറിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ വേദനയോടെ അവൻ നോക്കിയിരുന്നു…. അവര് പോയതും ഒരുവിധം എങ്ങനെയൊക്കെയോ പിടിച്ച് കയറി റോഡിൽ എത്തിയതും ചരക്ക് കൊണ്ട് പോവുന്ന വണ്ടി തട്ടിയിട്ട് റോഡിൽ തലയിടിച്ച് വീണു… പിന്നെ ബോധം തെളിയുമ്പോൾ അവൻ മുംബൈയിലെ ഹോസ്പിലിൽ ആയിരുന്നു… അവന്റ സുഹൃത്തിന്റെ ബോഡി ആണ് ആസാദ് ആണെന്ന് കരുതി വീട്ടുകാർക്ക് കൊടുത്തത്… അത് കൊണ്ട് അവൻ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം അവർക്കും അറിയില്ലായിരുന്നു… സുഹൃത്ത് ഒരു അനാധൻ ആയത് കൊണ്ട് അവൻ കാണാതെ പോയത് അന്വേഷിച്ചും ആരും വന്നില്ല… ആസാദിന്റെ അടുത്ത് നിന്നും കേട്ട ഷോക്കിൽ ആയിരുന്നു ജെനി…. ഫിലിപ്പ് അത് ചെയ്തിട്ടുണ്ടെന്ന് അവൾക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല… എന്നാൽ ഇന്ന് ആസാദ് മരിച്ചിട്ടില്ലെന്ന വിവരം അറിഞ്ഞപ്പോൾ അവരിൽ ഉണ്ടായ ഞെട്ടൽ അവൾക്കുള്ള ഉത്തരം ആയിരുന്നു… *******

ജെനി കണ്ണുകൾ ഇറുകെ അടച്ച് കൈ വിരലുകളാൽ കവിളിലൂടെ ഒഴുകിയ കണ്ണുനീരിനെ തുടച്ച് മാറ്റി…. “ജെനി ചേച്ചീ….” തന്നെ ആരോ വിളിക്കുന്നതായി തോന്നിയതും അവൾ പതിയെ മുഖം ചെരിച്ചു… നേരത്തെ അവരുടെ പിന്നാലെ വന്ന അന്ന ജെനിയുടെയും മറ്റും സംസാരം കേട്ട് അവിടെ നിൽപ്പുണ്ടായിരുന്നു…. അന്നയെ കണ്ട് ജെനി മുഖതാതൊരു ചിരി വരുത്തിയതും അന്ന അവളെ ഇറുകെ പുണർന്നിരുന്നു… ഒന്നും പരസ്പരം സംസാരിച്ചില്ലെങ്കിലും ജെനിയടെ മനസ്സ് ശാന്തമാവുന്നത് വരെ അന്ന അവളുടെ പുറത്ത് തട്ടി കൊടുത്തു… കുറച്ച് നേരം കഴിഞ്ഞതും ജെനി മുഖം ഉയർത്തി….. “മതി കരഞ്ഞത്….വന്നേ..” അന്ന അവളെ നോക്കി കുറുമ്പോടെ പറഞ്ഞ് അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി…. ******

“എന്നാലും സാമേ….വേറെ ഒരു മതത്തിൽ നിന്ന്….നമ്മുടെ കുടുംബത്തിന്റെ അന്തസ്സ് നോക്കണ്ടേ മോനേ….?” കൂട്ടത്തിലെ ഒരു മദ്ധ്യവയ്സകന്റെതാണ് ചോദ്യം…. “അന്തസ്…..ഈ പറയുന്നവരിൽ എത്ര പേർ കുടുംബത്തിന്റെ അന്തസ്സ് നോക്കി ജീവിച്ചിട്ടുണ്ട്…ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടതിന് അന്തസിന് നിരക്കാത്തതാണെന്ന് എനിക്ക് തോന്നുന്നില്ല… അല്ലാതെ ഞാൻ കള്ളവാറ്റിനോ പെണ്ണ് പിടിക്കാനോ ഒന്നും പോയിട്ടില്ലല്ലോ….” സാം പരിഹാസച്ചുവയോടെ പറഞ്ഞതും അത്രയും നേരം ഗർവ്വോടെ നിന്ന പലരുടെയും തല താഴ്ന്നിരുന്നു… “സാമേ…..” സാമിന്റെ പറച്ചിൽ ഇഷ്ടപ്പെടാത്തത് ഷോലെ ഒരാൾ അവനെ നോക്കി ഉച്ചത്തിൽ വിളിച്ചു…. “അലറണ്ട പാപ്പാ….പറയാനുള്ളത് മുഖത്ത് നോക്കി പറയാൻ ഈ സാമിന് ഒരു മടിയും ഇല്ല….ഞാനീ പറഞ്ഞതിൽ എന്തെങ്കിലും കള്ളമുണ്ടെന്ന് എന്റെ മുഖത്ത് നോക്കി പാപ്പന് പറയാൻ പറ്റുവോ….ഇല്ലല്ലോ…..”

സാം അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചതും മറുപടി പറയാനാവാതെ അയാൾ മുഖം താഴ്ത്തി… “പിന്നെ ഇവര് പറയുന്ന പോലെ അന്യാജാതിയിലെ പെണ്ണിനെ കെട്ടുന്നതിൽ പുലിക്കാട്ടിൽ കുടുംബത്തിന്റെ അന്തസ് ചോർന്ന് പോകുവാണേൽ ഞാനങ്ങ് പോട്ടേന്ന് വെക്കും… അല്ലാതെ നെഞ്ചിൽ കൊണ്ട് നടക്കുന്ന പെണ്ണിനെ പാതിക്ക് ഉപേക്ഷിക്കാൻ എന്നെക്കൊണ്ട് പറ്റുകേല…..” എല്ലാവരുടെയും മുഖത്തേക്ക് നോക്കിക്കൊണ്ട് സാം വെട്ടി തുറന്ന് പറഞ്ഞു… “കൈയിൽ പത്ത് കാശുള്ളതിന്റെ അഹന്ത….അല്ലാതെന്താ…?” ദേഹം നിറച്ച് സ്വർണവും ആബരണവും ഇട്ട് നിൽക്കുന്ന ഒരു സ്ത്രീ അവനെ നോക്കി മുഖം കോട്ടി… “അതേ ആന്റീ….ആ പറഞ്ഞത് സത്യം തന്നെയാ….പക്ഷേ അതൊന്നും കുടുംബവകയിൽ കിട്ടയ പൊന്നോ പണമോ അല്ല….

സ്വന്തമായി കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് തന്നെയാ…. പുലിക്കാട്ടിൽ ഗ്രൂപ്പ്സിന്റെ തലപ്പത്തിരിക്കുന്ന മാത്യൂ ഫിലിപ്പ് എന്ന എന്റെ അപ്പനോട് ചോദിച്ചാ മതി…. എന്റെ ജോലിക്കുള്ള പ്രതിഫലം മാത്രമേ ഞാൻ എടുത്തിട്ടുള്ളൂ ഇനി എടുക്കുകയുമുള്ളൂ…. അല്ലാതെ ഒരു അഞ്ചിന്റെ പൈസ ആരടെയും ഔദാര്യത്തിൽ സാമിന് വേണ്ട….കർത്താവ് സഹായിച്ചാൽ ഉശിരുള് കാലം വരേക്കും അങ്ങനെ തന്നെ ആവും….അതിനെ നിങ്ങൾ അഹങ്കാരം എന്നോ അഹന്തയെന്നോ എന്ത് വേണമെങ്കിലും വിളിച്ചോ….” സാമിന്റെ മറുപടി കേട്ട് ആ സ്ത്രീ വാ അടച്ച് നിന്നു… “നീ എന്തൊക്കെ പറഞ്ഞാലും ഞങ്ങളെ കൊണ്ട് ഇത് അംഗീകരിക്കാൻ പറ്റില്ല..” കൂടി ഇരിക്കുന്നതിൽ ഒരാൾ അമർഷത്തോടെ പറഞ്ഞതും സാം ഒന്ന് ശ്വാസം ആഞ്ഞ് വലിച്ച് അമ്മച്ചിയുടെ അടുത്തേക്ക് ചെന്ന് നിലത്ത് മുട്ട് കുത്തി നിന്നു…

“അമ്മച്ചീ….പപ്പാ….മമ്മാ….ഈ സാം ഇത് വരെ നിങ്ങളെ ധിക്കരിച്ച് എന്തെങ്കിലും ചെയ്തിട്ടുണ്ടോ…?എന്തെങ്കിലും ഒന്ന് നിങ്ങളോട് വേണം എന്ന് വാശി പിടിച്ചിട്ടുണ്ടോ….?” റീനെയെയും മാത്യൂവിനെയും നോക്കിക്കൊണ്ട് അവൻ ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി… “പക്ഷേ ആദ്യമായിട്ട് നിങ്ങളോട് ഞാനൊരു കാര്യം ആവശ്യപ്പെടുകയാണ്…എന്റെ ദുർഗ…അവളെ എനിക്ക് വേണം….നിങ്ങളുടെ മൂന്ന് പേരടെയും പൂർണ്ണ സമ്മതത്തോടെ എന്റെ പെണ്ണായിട്ട്….പറ്റില്ലെന്ന് പറയരുത്…നിങ്ങളെ എതിർത്ത് അവളെ കെട്ടി കൂടെ കൂട്ടിയാൽ അത് നിങ്ങളെ എത്രത്തോളം വേദനിപ്പിക്കും എന്ന് അറിയാവുന്നത് കൊണ്ടാ അമ്മച്ചീ….” അമ്മച്ചി ഒരു പുഞ്ചിരിയോടെ അവന്റെ നെറുകിൽ തലോടിയതും സാം റീനയെയും മാത്യൂവിനെയും നോക്കി.. അവരുടെ മുഖത്തും ചെറു ചിരി കണ്ടതും സാം എഴുന്നേറ്റ് നിന്നു…

“എല്ലാവരും കേൾക്കാൻ വേണ്ടി പറയുകയാണ്….ഈ സാം ഒരു പെണ്ണിന്റെ കഴുത്തിൽ മിന്ന് കെട്ടുന്നുണ്ടെങ്കിൽ അത് എന്റെ ദുർഗയെ മാത്രം ആയിരിക്കും…അതിന് എനിക്കിനി വേറെ ആരുടേയും സമ്മതം ആവശ്യമില്ല….” അവിടെ ഇരിക്കുന്ന എല്ലാവരെയും നോക്കി അവൻ അവസാന വാക്കെന്ന പോലെ പറഞ്ഞ് കാറ്റ് പോലെ പുറത്തേക്ക് പാഞ്ഞു… “കണ്ടെല്ലേ അവന്റെ ഒരു അഹങ്കാരം….നമ്മൾ ഇത്രയൊക്കെ പറഞ്ഞിട്ടും കൂസലില്ലാതെ പറഞ്ഞത് കണ്ടോ…. മാത്യൂച്ചനെന്താ ഒന്നും മിണ്ടാത്തത്….ഓ മകനെ പേടി ആയിരിക്കും…” മാത്യൂ അവരെ എല്ലാവരെയും നോക്കി ഒന്നാ ചിരിച്ചു… “സാമിന്റെ ജീവിതം…അത് അവന്റ ഇഷ്ടത്തിന് ജീവിക്കാനുള്ള സ്വാതന്ത്രം ഞാനും ഇവളും കൊടുത്തിട്ടുണ്ട്….ഇന്നേ വരെ ഞങ്ങളെ തല കുനിച്ച് നിർത്താനുള്ള ഒന്നും അവനായിട്ട് ഉണ്ടാക്കിയിട്ടില്ല…

അത് കൊണ്ട് ഈ കാര്യത്തിലും സാമിന്റെ നിലപാട് എന്താണോ…. അതാണ് എന്റയും…ഇവളുടെയും ..അല്ലേ റീനേ…?” മാത്യൂ റീനയെ നോക്കി ചെറു പുഞ്ചിരിയോടെ പറഞ്ഞതും അവരും നിറഞ്ഞ മനസ്സോടേ തലയാട്ടി… അവരുടെ സമ്മതം കിട്ടിയിട്ടും മുറുമുറുപ്പ് തുടരുന്നത് കേട്ട് അത് വരെ മിണ്ടാതാരുന്ന സേവ്യർ ഊന്ന് വടി താങ്ങി എഴുന്നേറ്റ് നിന്നു… “നിർത്തിനെടാ എല്ലാം…..” അയാളുടെ ശബദം അവിടെ ഉയർന്നതും ബാക്കി എല്ലാവരും പേടിയോടെ നിശബ്ദരായി നിന്നു… “ഈ കുംടുംബത്തിലെ മൂത്ത കാരണവൻ എന്ന നിലക്ക് പറയുവാ….സാം ഒരു പെണ്ണിനെ സ്നേഹിച്ചിട്ടുണ്ടേൽ അവളെ തന്നെ പുലിക്കാട്ടിലെ മരുമകൾ ആക്കിയിരിക്കും…. ഇതിന് എതിർപ്പുള്ളവർ ആരും കടിച്ച് തൂങ്ങി നിൽക്കണം എന്നില്ല….” എല്ലാവരെയും നോക്കിക്കൊണ്ട് താക്കീതെന്ന പോലെ പറഞ്ഞ് പുറത്തേക്ക് പോവുന്ന സേവ്യറിനെ കണ്ട് എല്ലാവരും പരസ്പരം നോക്കി… ******

“ടാ…” മുറ്റത്തെ ലോണിൽ ഇരുന്ന് തലക്ക് കൈ കൊടുത്ത് എന്തോ ആലോചിക്കുന്ന സാം സേവ്യറിന്റെ ശബ്ദം കേട്ടതും ഞെട്ടി .. “വല്യ പപ്പൻ……” അവൻ ഞെട്ടി എഴുന്നേറ്റ് മുഖം താഴ്ത്തി….. “എന്നാ ടാ നോക്കുന്നേ…ഇരിക്കെടാ അവിടെ….?” സേവ്യർ ഇരിക്കാൻ പറഞ്ഞിട്ടും മടി കാണിച്ച് സാം അവിടെ തന്നെ നിന്നു… “അകത്തൂന്ന് വല്യ ഷോ ആയിരുന്നല്ലോ….ഇപ്പോ പൂച്ചയെ പോലെ നിൽക്കുകയാണോ….” സേവ്യർ മുഖത്തെ ചിരി മറച്ച് പിടിച്ച് കപട ദേഷ്യത്തോടെ ചോദിച്ചതും സാമിന് എന്തോ വല്ലായ്മ തോന്നി.. “വല്യപപ്പേ…ഞാൻ…തലക്ക് മുതിർന്നവരുടെ മുന്നിൽ എതിർത്ത് പറയാൻ പാടില്ലെന്ന് അറിയാം….വേണം എന്ന് വെച്ച് ചെയ്തതല്ല….സോറീ….” അവൻ വിഷമത്തോടെ പറഞ്ഞത് കേട്ട് സേവർ ചിരിക്കാൻ തുടങ്ങി… “ഹാ….നിന്നോട് ആരാ ചെറുക്കാ സോറി പറയാൻ പറഞ്ഞത്… നീ ചെയ്യുന്നത് ശരിയാണെന്ന് ഉറച്ച വിശ്വാസം നിനക്ക് ഉണ്ടെങ്കിൽ പിന്നെ എന്നാ ടാ പ്രശ്നം….

ചിലരൊക്കെ അവര് പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന കണക്കിന് നിൽക്കും….നീ അതൊന്നും കാര്യമാക്കണ്ടെടാ ഉവ്വേ…ഞങ്ങളൊക്കെ കൂടെ ഇല്ലായോ….” സേവ്യർ ചിരിച്ചത് കണ്ട് സാം സമാധാനത്തോടെ അയാളുടെ അടുത്തേക്ക് ഇരുന്നു… “താങ്ക്സ് വല്യപപ്പേ….” അയാളുടെ കൈ പിടിച്ച് ഉമ്മവെച്ച് പറഞ്ഞതും സേവ്യർ അവന്റെ തലയിൽ തടവി… “താങ്ക്സ് ഒക്കെ അവിടെ നിൽക്കട്ടേ….നാളെ തന്നെ എന്റെ മരുമോൾ കൊച്ചിനേയും കൊണ്ട് വീട്ടിലേക്ക് വന്നേക്കണം… കേട്ടല്ലോ…..” “അതിനെന്താ വല്യപപ്പേ….ഉറപ്പായിട്ടും വരും….” സേവ്യറിനെ നോക്കി കണ്ണിറുക്കി കാണിച്ച് കൊണ്ട് അവൻ പറഞ്ഞു… “എന്നാ വല്യ പപ്പ ഇറങ്ങിയേക്കുവാ….” അയാൾ ചെയറിൽ നിന്ന് എഴുന്നേൽക്കാൻ ഒരുങ്ങിക്കൊണ്ട് പറഞ്ഞു… “എന്നാ ഞാൻ കൊണ്ട് വിടാം പപ്പേ….” “ഓ…വേണ്ടാ ഉവ്വേ…ക്രിസ്റ്റി പോവുന്ന വഴിക്ക് ഇറക്കാമെന്ന് പറഞ്ഞിട്ടുണ്ട്…” സേവ്യർ അവന്റെ മുടിയിൽ തലോടിക്കൊണ്ട് എഴുന്നേറ്റതും ക്രിസ്റ്റിയും അവന്റെ ഭാര്യയും അങ്ങോട്ട് വന്നെരുന്നൂ…

“ടാ സാമേ..കലക്കി കളഞ്ഞു മോനേ….ചൊറിഞ്ഞവരുടെ അണ്ണാക്കിൽ ഇട്ട് തന്നെ കൊടുത്തല്ലോ….ഐ ലൈക്ക് ഇറ്റ്….” ക്രിസ്റ്റി അവനെ ചെന്ന് എറുകെ പുണർന്ന് കൊണ്ട് പറഞ്ഞതും സാം അവനെ നോക്കി നല്ലത് പോലെ ചിരിച്ച് കാണിച്ചു… അവര് പോയതും പിന്നാലെ തന്നെ ഓരോരുത്തരായി ഇറങ്ങി തുടങ്ങി… എല്ലാവരും സാമിനോട് യാത്ര പറഞ്ഞാണ് ഇറങ്ങുന്നതെങ്കിലും ചിലരുടെ മുഖം മാത്രം ഒരു കൊട്ട പോലെ വീർത്ത് ഇരിക്കുന്നുണ്ടായിരുന്നു…. നേരത്തെ ചൊറിഞ്ഞവരുടെ കൂട്ടത്തിലുള്ളവരായിരുന്നു…. എല്ലാവരും പൊയതും സാം അകത്തേക്ക് കയറി….ഹാളിൽ അമ്മച്ചിയുടെ അടുത്തായി മാത്യൂവും റീനയും ഇരിപ്പുണ്ടായിരുന്നു…അലക്സ് തൊട്ടടുത്ത സോഫയിലും…. കുറച്ച് മാറിയാണ് ജെനിയും അന്നയും ഇരിക്കുന്നത്…. “അമ്മച്ചീടെ മോൻ ഇങ്ങ് വന്നേ….” അമ്മച്ചി വിളിച്ചതും സാം അവരുടെ അടുത്തേക്ക് ചെന്ന് ഇരുന്നു…

“ആഹൂ…..എന്താ അമ്മച്ചീ ഇത്….വേദനിച്ചൂ…” സാമിന്റെ ചെവിക്ക് പിടിച്ച് തിരിച്ചതും അവൻ വേദന കൊണ്ട് എരിവ് വലിച്ചു… “വേദനിക്കാൻ വേണ്ടി തന്നയാ പിടിച്ചേ….എന്തായിരുന്നു ഇവിടെ കാണിച്ച് കൂട്ടിയത്….ഞാനേ ഒരു അറ്റാക്ക് കഴിഞ്ഞ് വന്നതേ ഉള്ളൂ….നിന്റെ ഈ പെർഫോമൻസ് കണ്ട് എന്തെങ്കിലും പറ്റി പോയിരുന്നേലോ….?” അമ്മച്ചിയുടെ കെറുവോടെയുള്ള ചോദ്യം കേട്ട് സാം അവരെ കൂർപ്പിച്ച് നോക്കി… “ഓ പിന്നേ….എന്റെ ത്രേസ്യക്കൊച്ച് ഒരു സിനിമ കാണുന്ന പോലെയാ കണ്ടിരുന്നതെന്ന് എനിക്കറിഞ്ഞൂടേ….ഇടക്ക് വാ പൊത്തിയുള്ള ചിരി കണ്ടപ്പോ ഞാൻ ചിരിക്കണോ കരയണോ എന്ന് ആലോചിച്ചാ നിന്നത്….” അവന്റെ കുറുമ്പ് നിറഞ്ഞ ചോദ്യം കേട്ട് അമ്മച്ചി ഒന്ന് ചിരിച്ച് കാട്ടി… “പിന്നെ അല്ലാതെ….എന്റെ മരുമോള് ആ ട്രീസ….അവൾക്കിട്ട് നീ നല്ല അലക്ക് അലക്കിയപ്പോ വിസിൽ അടിക്കാനാ തോന്നിയത് പിന്നെ വേണ്ടെന്ന് വെച്ചതാ….”

അമ്മച്ചി പറഞ്ഞതും മാത്യൂ ചിരിക്കുന്നത് കണ്ട് സാം അയാളെ നോക്കി…. “പപ്പേ….” മാത്യൂ അവനെ കളിയാക്കിയതാണെന്ന് കരുതി സാം ചുണ്ട് പീളർത്തി അയാളെ നോക്കി…. “കളിയാക്കിയതല്ലടാ ഉവ്വേ….അമ്മച്ചി പറഞ്ഞ പോലെ ഞാനും ഒന്ന് വിസിലടിക്കണം എന്ന് വിചാരിച്ചത് ഓർത്ത് ചിരിച്ചതാ….” മാത്യൂവിനെ നോക്കി ചിരിച്ചപ്പോഴാണ് അപ്പുറത്ത മുഖവും വീർപ്പിച്ച് ഇരിക്കുന്ന റീനയെ അവൻ കണ്ടത്… “മമ്മാ….” അവരുടെ തോളിൽ തട്ടിയതും റീന അത് തട്ടി മാറ്റി പിണക്കത്തോടെ ഇരുന്നു… “പോടാ..നീ എന്നോട് മിണ്ടണ്ട…ദച്ചു മോളെ ഇഷ്ടമാണെന്ന് കാര്യം നീ എന്നോട് പറഞ്ഞില്ലല്ലോ…” അവരുടെ പിണക്കം കണ്ട് സാമിന്റെ മുഖം വാടി… “സോറീ മമ്മേ….ഞാൻ എല്ലാരോടും പറയണം എന്ന് വിചാരിച്ചതാ….പക്ഷേ ഇങ്ങനെ ഒക്കെ നടക്കുമെന്ന് കരുതിയോ…..സോറീ….പിണങ്ങല്ലേ പ്ലീസ്….”

റീനയുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് കൊണ്ടാണ് സോപ്പിടുന്നത്… “പോടാ….അവന്റെ ഒരു ചിണുങ്ങൽ….” റീന അവന്റെ കവിളൊന്ന് പിച്ചിക്കൊണ്ട് ചിരിച്ചതും സാം അവരുടെ തോളിലേക്ക് ചാരി… ******* താഴത്തെ ബഹളം ഒക്കെ കഴിഞ്ഞ് ടെറസിൽ വന്ന് ഇരിക്കുകയായിരുന്നു നാല് പേരും… അന്നമ്മ സാമിന്റെ അടുത്തേക്ക് ചെന്ന് ഇരുന്ന് അവന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചു… “ഇത് ഇന്നത്തെ പെർഫോമൻസിന്….” അന്ന അവന്റെ തോളിലേക്ക് ചാരി കിടന്നതും സാം അവളെ ചേർത്ത് പിടിച്ചു… “കുഞ്ഞാ…നീ ദുർഗയെ വിളിച്ചേ….” സാം പറഞ്ഞതും അവൾ വേഗം ഫോണെടുത്ത് ശ്രീയെ വിളിച്ചു… ***** കരഞ്ഞ് തളർന്ന് ഇരുന്ന ഇരുപ്പിൽ തന്നെ മയങ്ങി പോയ ശ്രീ നിർത്താതെയുള്ള ഫോണിന്റെ റിങ് കേട്ടാണ് കണ്ണ് ചിമ്മി തുറന്നത്….

കുറച്ച് സമയം തലക്കകത്താകെ ഒരു പെരുപ്പ് പോലെ അവൾക്ക് തോന്നി.. നെറ്റിയിൽ ഉഴിഞ്ഞ് കൊണ്ട് അവൾ ഡോറിൽ പിടിച്ച് പതിയെ എഴുന്നേറ്റ് നിന്നു… ടേബിളിലെ ഫോണിന് അടുത്തേക്ക് ചെന്നതും കോൾ കട്ട് ആയിരുന്നു… ആരാണെന്ന് അറിയാൻ നോക്കിയപ്പോഴാണ് അന്നയുടെ കുറേ മിസ്സ്ഡ് കോളുകളും മെസ്സേജുകളും കണ്ടത്… അപ്പോഴാണ് അവളുടെ മനസ്സിലേക്ക് നേരത്തെ നടന്നതെല്ലാം ഓർമ്മയിൽ വന്നത്…. ശ്രീയുടെ മനസ്സിലെ ചിന്തകൾ പലവഴിക്ക് പോയതും കണ്ണുകൾ വീണ്ടും നിറയാനായി തുടങ്ങി… എന്നാൽ അവ ഞെട്ടറ്റ് വീഴും മുൻപേ അവളുടെ ഫോണിലേക്ക് പെട്ടെന്ന് ഒരു കോൾ വന്നിരുന്നു…. സാമിന്റെ പേര് ഡിസ്പ്ലേയിൽ തെളിഞ്ഞതും ശ്രീയുടെ കണ്ണുകൾ വിടർന്നു… അത്രയും നേരം തന്നെ അലട്ടെയിരുന്ന ചിന്തകൾ അത്രയും അവളിൽ നിന്ന് വിട്ട് മാറിയ പോലെ….

ശ്രീ വേഗം കണ്ണുകൾ തുടച്ച് കോൾ എടുത്തു… “ദുർഗാ…..” സാമിന്റെ സ്വരം കാതിൽ അലയടിച്ചതും ശ്രീയുടെ ചുണ്ടുകൾ പരിഭവത്താൽ പിളർന്നു…. “മ്മ്….” അറിയാതേ ഒരു മൂളൽ പുറത്തേക്ക് വന്നതും അതിൽ ഒളിഞ്ഞിരിക്കുന്ന സങ്കടം സാമിന് വ്യക്തമായി മനസ്സിലായിരുന്നു… അവൻ അവൾക്ക് എന്ത് പറ്റിയെനാന് അറിയാനുള്ള ആകുലതയോടെ എന്തോ ചോദിക്കാൻ വന്നതും അന്നയും ജെനിയും അവനോട് കൈ കൊണ്ട് എന്തോ ആഗ്യം കാണിച്ചു… “പത്ത് മിനിട്ടിനുള്ളിൽ റെഡി ആയി ഗേറ്റിന് അടുത്തേക്ക് വാ….” സാം പറഞ്ഞത് കേട്ട് ശ്രേയുടെ കണ്ണുകൾ തള്ളി… “എന്തിന്…ഞാൻ വരില്ല…” അവൾ പരിഭവത്താൽ മുഖം ചുളിച്ചു…. “വന്നേ പറ്റൂ….ഇല്ലേലെ ഞാൻ മതില് ചാടി അങ്ങ് വരും…

കേട്ടല്ലോ…പത്ത് മിനിട്ട്…” അത് പറഞ്ഞ് കൊണ്ട് ഫോൺ വെച്ചതും ശ്രീ മുഖം വീർപ്പിച്ച് വെച്ചു… “ഞാൻ വരൂല….കാലാ….” ഫോണിലേക്ക് നോക്കി പിറുപിറുത്ത് കൊണ്ട് അവൾ കണ്ണ് തുടച്ചു… നേരത്തെയുള്ള നെഞ്ചിന്റെ ഭാരം ഒരു പരിധി വരെ കുറഞ്ഞത് ശ്രീ അറിഞ്ഞു.. അവന്റെ സ്വരം ഒന്ന് കേട്ടപ്പോഴേക്കും തന്റെ ഹൃദയം താളത്തിൽ മിടിക്കുന്നത് അവൾ ചെവിയോർത്തു… അപ്പോഴേക്കും അവളുടെ മനസ്സിൽ പുലിക്കാട്ടിലുള്ളവരുടെ സംസാരം ഓർമ്മയിൽ വന്നു…. എന്തൊക്കെയോ ചിന്തിച്ച് ഉറപ്പിച്ച പോലെ അവൾ മുഖം അമർത്തി തുടച്ച് വാഡ്രോബിന് അടുത്തേക്ക് നടന്നു…….തുടരും

നിനക്കായ് : ഭാഗം 77

Share this story