പുതിയൊരു തുടക്കം: ഭാഗം 8

പുതിയൊരു തുടക്കം: ഭാഗം 8

എഴുത്തുകാരി: അനില സനൽ അനുരാധ

കിച്ചു സ്റ്റേജിൽ നിന്നും ഇറങ്ങി വരുന്നുണ്ടായിരുന്നു. “എന്നാൽ കാണാട്ടോ… ” എന്നു പറഞ്ഞ് അച്ഛൻ വേറെ ആരുടെയോ അടുത്തേക്ക് നടന്നു . “ഞാൻ ഇപ്പോൾ വരാം… ” എന്ന് പറഞ്ഞ് ആദി വേഗം തിരിഞ്ഞു നടന്നു. കുറച്ചു നടന്നപ്പോഴാണ് ആരോ ബലമായി കയ്യിൽ പിടിച്ചത്. തിരിഞ്ഞു നോക്കിയതും അവൾ ആകെ തരിച്ചു നിന്നു പോയി… ജീവേട്ടൻ… അവളുടെ മനസ്സ് മന്ത്രിച്ചു… മുൻപ് കാണുമ്പോൾ ഉള്ളതു പോലെയല്ല… മുഖത്ത് വല്ലാത്ത ശാന്തതയുണ്ടായിരുന്നു. മുടി നെറ്റിയിലേക്ക് വീണു കിടന്നിരുന്നു… താടിയും മീശയും എല്ലാം വെട്ടി ഒതുക്കിയിട്ടുണ്ട്. അവളുടെ സാരിയുടെ അതെ കളർ ഷർട്ടാണ് അവൻ ധരിച്ചിരുന്നത്. കസവു കരയുള്ള മുണ്ടും… അവനെ നോക്കി അവൾ നിന്നു..

ആകെ ഒരു മരവിപ്പ് പോലെ അനുഭവപ്പെട്ടു. അവൻ അവളെ നോക്കി പുഞ്ചിരിച്ചു. പിന്നെ അവളുടെ കയ്യിലെ പിടി വിടാതെ സ്റ്റേജിനു അടുത്തേക്ക് നടന്നു. ഒപ്പം നടക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല. അവൻ നടക്കുന്നതിന് അനുസരിച്ച് അവളും മുൻപോട്ടു നടന്നു. ജയന്റെ അടുത്ത് എത്തിയതും ജീവൻ നിന്നു… “നീ എപ്പോൾ എത്തി? ” “കുറച്ച് നേരമായി ഏട്ടാ… ” “അളിയാ… ” അഭി സ്റ്റേജിൽ നിന്ന് വിളിച്ചു. ജീവൻ കൈ വീശി കാണിച്ചു… “അളിയാ ഇങ്ങോട്ടു കയറി വാ… ” “ഒരു ഫോട്ടോ എടുത്ത് ഇപ്പോൾ വരാം ഏട്ടാ… ” എന്നു പറഞ്ഞ് ആദിയേയും കൂട്ടി അവൻ സ്റ്റേജിലേക്ക് കയറി. അഭി ജീവനെ ചേർത്തു പിടിച്ചു… ഇനി നഷ്ടപ്പെടുത്തില്ല എന്ന് ഉറപ്പിച്ച പോലെ ആദിയുടെ കയ്യിൽ അപ്പോഴും ജീവൻ മുറുകെ പിടിച്ചിരുന്നു… “നയന… ഇതാണ് എന്റെ ആദിയുടെ ഭർത്താവ്… എന്റെ വെല്ല്യളിയൻ…”

നയന ജീവനെ നോക്കി പുഞ്ചിരിച്ചു. ജീവൻ തിരിച്ചും… ആദിയുടെ മനസ്സ് ആകെ കലുഷിതമായിരുന്നു… അപ്പോൾ അന്ന് സംഗീത വന്നു കാണില്ലേ… അവർക്കിടയിൽ എന്തു സംഭവിച്ചു കാണും… ഫോട്ടോ എടുക്കുമ്പോൾ ആദിയ്ക്ക് പുഞ്ചിരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. “ജയേട്ടാ… ഏട്ടത്തി വാ… ” സ്റ്റേജിനു താഴെ നിന്നിരുന്ന ജയനെയും ദുർഗ്ഗയേയും ജീവൻ വിളിച്ചു. എല്ലാവരും ഒരുമിച്ചുള്ള ഫോട്ടോ എടുക്കുമ്പോൾ ജീവൻ ആദിയുടെ കയ്യിലെ പിടി വിട്ട് അവളുടെ തോളിൽ പിടിച്ചു.. ഫോട്ടോ എടുത്ത് കഴിഞ്ഞതും വീണ്ടും ആദിയുടെ കയ്യിൽ പിടിച്ചു. ആദി അവന്റെ കയ്യിൽ നിന്നും കൈ വലിച്ച് എടുക്കാൻ നോക്കി… അതോടെ അവന്റെ കൈ ഒന്നു കൂടി മുറുകുകയാണ് ചെയ്തത്. “ഒരാളെ കാണണം ഏട്ടാ… ഞങ്ങൾ ഇവിടെയൊക്കെ തന്നെ ഉണ്ടാകും… ” എന്ന് പറഞ്ഞ് ജീവൻ ആദിയേയും കൂട്ടി ഇറങ്ങി. ആദിയുടെ കൈ ആകെ തണുത്തു വന്നു…

ബന്ധുക്കളുടെ കണ്ണുകൾ എല്ലാം തങ്ങളിൽ ആണെന്ന് അവൾക്ക് തോന്നി… കുറച്ച് മാറി തങ്ങളെ നോക്കി നിൽക്കുന്ന കിച്ചുവിനെ ആദി കണ്ടു. ജീവൻ നടക്കുന്നത് അവന്റെ അരികിലേക്ക് ആണെന്ന് അവൾക്ക് അപ്പോഴാണ് മനസിലായത്. ജീവൻ കിച്ചുവിന്റെ തൊട്ടു മുൻപിൽ വന്നു നിന്നു. “അളിയാ… ഒന്നു വന്നേ… കുറച്ചു സംസാരിക്കാനുണ്ട്… ” ജീവൻ പറഞ്ഞു. മൂന്നു പേരും കൂടി കാറുകൾ പാർക്ക്‌ ചെയ്തിരുന്നതിന്റെ അടുത്തായുള്ള മരത്തണലിൽ വന്നു നിന്നു. “അളിയനു ഞാൻ എന്തിനാ വിളിച്ചതെന്ന് മനസിലായോ? ” “ഇല്ല…” അനിഷ്ടത്തോടെ അവൻ പറഞ്ഞു. “ഇന്നലെ തൊട്ട് കാണുന്നതാ ഞാൻ നിങ്ങൾ എന്റെ ഭാര്യയെ താഴ്ത്തി കെട്ടുന്നത് പോലെ സംസാരിക്കുന്നത്. എന്റെ ഭാര്യ ചെന്നൈയിലോ ചൈനയിലോ എവിടേക്ക് വേണമെങ്കിലും പോകും.

അതു ചോദ്യം ചെയ്യാനോ അതിന്റെ പേരിൽ അവളെ പരിഹസിക്കാനോ നിങ്ങളോ നിങ്ങളുടെ കൂട്ടുകാരോ ഇനി നാവ് ഉയർത്തരുത്. അവൾക്കു ഇഷ്ടമുള്ളതു പോലെ അവൾ ജീവിക്കും. അതു നിങ്ങളെ ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ഇതു ജീവന്റെ ഭാര്യയാ… ഇവളുടെ കാര്യത്തിൽ എനിക്ക് ഇല്ലാത്ത ആധിയൊന്നും വേറെ ആർക്കും വേണ്ട… മനസ്സിലായോ? ” ജീവൻ തിരക്കി… ദേഷ്യം നിറഞ്ഞ മുഖത്തോടെ ജീവനെ നോക്കിയതല്ലാതെ കിച്ചു മറുപടി പറഞ്ഞില്ല. ജീവേട്ടൻ ഇന്നലെ മണ്ഡപത്തിൽ വന്നിരുന്നോ? ആദി ജീവന്റെ മുഖത്തേക്ക് നോക്കി ആലോചനയോടെ നിന്നു… “എന്റെ പെണ്ണിന്റെ മനസ്സിന്റെ വലിപ്പം അറിയണമെങ്കിൽ പോയി ഭാര്യയോടും അവളുടെ വീട്ടുകാരോടും ചോദിയ്ക്ക്. അവർ പറഞ്ഞു തരും ഇഷ്ടമുണ്ടായിരുന്നിട്ടും എന്തിനാ നിന്റെ സ്നേഹം ഇവൾ വേണ്ടെന്നു വെച്ചതെന്ന്.” കിച്ചു ഒരു ഞെട്ടലോടെ ആദിയെ നോക്കി…

മുഖത്തു നിറഞ്ഞു നിന്നിരുന്ന ദേഷ്യം അപ്പാടെ പോയ്‌ മറഞ്ഞു. എന്താണ് സംഭവിച്ചതു എന്ന് അറിയാനുള്ള ആകാംഷ അവന്റെ മുഖത്തു നിറഞ്ഞു വന്നു… കണ്ണുകളിൽ വേദനയും ദയനീയതയും നിറഞ്ഞു… എല്ലാം അറിഞ്ഞു കൊണ്ടാണ് ജീവൻ തന്റെ അരികിൽ നില്കുന്നതെന്ന് അപ്പോഴാണ് ആദിയ്ക്ക് മനസ്സിലായത്… അച്ഛനോ ദുർഗ്ഗയോ ആയിരിക്കും പറഞ്ഞിട്ടുണ്ടാകുക എന്ന് അവൾ ഊഹിച്ചു. “ഇവൾ ഹിമയ്ക്ക് നൽകിയ ദാനമാ നീയുമായിട്ടുള്ള ജീവിതം. അതിന്റെ നന്ദി എങ്കിലും ഇവളോട് കാണിക്കാൻ പറയൂ… ഇവൾ ആയിട്ട് ആരോടും ഒന്നും പറയില്ല. ഇവളുടെ അത്രയ്ക്കൊന്നും സഹനശക്തി എനിക്ക് ഇല്ല.” ജീവൻ പറഞ്ഞു… കിച്ചുവിന്റെ മുഖത്തെ മിന്നി മറയുന്ന ഭാവം നോക്കി ജീവൻ നിന്നു… കിച്ചേട്ടന്റെ മനസ്സ് നോവുന്നതു കാണാൻ ശക്തി ഇല്ലാത്തവളെ പോലെ ആദി അവനു മുഖം കൊടുക്കാതെ നിന്നു. കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

“എന്തിനാ ആദി നീ എന്നോട് ഇങ്ങനെ ചെയ്തത്? മറ്റെന്തിനേക്കാളും നിന്നെ സ്നേഹിച്ചവനല്ലേ ഞാൻ… ” അവൻ ഇടർച്ചയോടെ തിരക്കി. ആദി നിശബ്ദയായി നിന്നു… അവൻ എല്ലാം അറിയണമെന്ന് അവൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല… എല്ലാം അറിഞ്ഞാൽ അവന്റെ കുടുംബ ജീവിതത്തിന്റെ താളം തെറ്റുമെന്ന് അവൾക്ക് ഉറപ്പായിരുന്നു… “ഇനി കഴിഞ്ഞതെല്ലാം അങ്ങ് മറന്നേക്ക്… ഇപ്പോൾ എല്ലാ കാര്യങ്ങളും മനസിലായില്ലേ… ഇനി ഇതും പറഞ്ഞു ഇവളുടെ അടുത്തേക്ക് വരരുത്… ഇനി കിച്ചു കാരണം ഇവളുടെ കണ്ണുകൾ നിറയാൻ പാടില്ല… നിറഞ്ഞാൽ ഞാൻ ക്ഷമിക്കില്ല…” താക്കീതോടെ ജീവൻ പറഞ്ഞു… ഇരുവരെയും ഒന്നു നോക്കിയ ശേഷം കിച്ചു അവരുടെ അരികിൽ നിന്നും പോയി… “എന്തിനാ കിച്ചേട്ടനോട്‌ അങ്ങനെയൊക്കെ പറഞ്ഞത്? ” അവൾ ധൈര്യം സംഭരിച്ച് തിരക്കി…

“പിന്നെ… നിന്നെ കുറിച്ച് അവരു പറയുന്നതെല്ലാം ഞാൻ കേട്ടില്ലെന്ന് നടിക്കണോ ? ” അവളുടെ കയ്യിലെ പിടുത്തം വിട്ട് അവൻ തിരക്കി. “എന്തിനാ കേൾക്കാൻ നിന്നത്… കേട്ടു അവരുടെ കൂടെ നിന്ന് എന്നെ കൂടുതൽ കുറ്റപ്പെടുത്താമായിരുന്നില്ലേ… അതായിരുന്നല്ലോ ഇഷ്ടം…” “ഇനി കുറ്റപ്പെടുത്താൻ അല്ല… കൂടെ കൂട്ടാനാണ് തീരുമാനം.. ” “വേണ്ട… എനിക്ക് ഇനി തനിച്ചു ജീവിച്ചാൽ മതി… ആരും വേണ്ട… ജീവേട്ടനു ഞാൻ ചേരില്ല…”എന്നു പറഞ്ഞ് അവൾ വേഗം തിരിഞ്ഞു നടന്നു……. .തുടരും

പുതിയൊരു തുടക്കം: ഭാഗം 7

Share this story