ദാമ്പത്യം: ഭാഗം 16

ദാമ്പത്യം: ഭാഗം 16

എഴുത്തുകാരി: തുഷാര ലക്ഷ്മി

തലേന്നു കണ്ടകാഴ്ചയുടെ ആവർത്തനങ്ങളായിരുന്നു പിന്നീടുള്ള ദിവസങ്ങളിലും…… തനിക്കുവേണ്ടി ഒരു മണിക്കൂർ മാറ്റിവെച്ചിട്ടില്ലാത്തവൻ ലീവ് എടുത്തിരുന്നു നിമിഷയെ പരിചരിക്കുന്ന കാഴ്ച എന്തുകൊണ്ടോ മനസ്സിൽ നീറ്റലുണർത്തി… അതൊരിക്കലും അയാളോടുള്ള സ്നേഹം കൊണ്ടല്ലന്നറിയാം…. പക്ഷേ ഈ കാഴ്ചകൾ തന്നിലെ സ്ത്രീയെ അപമാനിക്കുന്നത് പോലെയാണ് തോന്നുന്നത്…ചോദിക്കണമൊരിക്കൽ എന്തായിരുന്നു എന്നിൽ കണ്ട കുറവുകളെന്ന്….തനിക്കത് അന്നുമറിയില്ല ഇന്നുമറിയില്ല… പക്ഷേ അഭിയേട്ടന്റെ ഒരു ചേർത്തുപിടിക്കലിൽ,ഒരു തലോടലിൽ എന്തിന് ഒരു ചെറു പുഞ്ചിരിയിൽ പോലും അലിഞ്ഞു പോകാവുന്ന വിഷമം മാത്രമേ ഇപ്പോഴുള്ളൂ….

ആദ്യം ചില നോവുകൾ സമ്മാനിച്ചുവെങ്കിലും പിന്നീടവരുടെ പ്രവർത്തികൾ ചിരികാഴ്ചകൾ നിറഞ്ഞതായിരുന്നു….. ഒന്നും കഴിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞു നിമിഷ മൂന്നുനേരവും ചിലപ്പോൾ അതിൽ കൂടുതൽ തവണയും അരവിന്ദിനെ അടുക്കളയിൽ കയറ്റി….. ജ്യൂസായും ചായയായും കാപ്പിയുമായൊക്കെ അയാളവളെ ഊട്ടി…. അമ്മയോ ,താനോ വിളമ്പി കൊടുക്കാതെ ഭക്ഷണം കഴിക്കാത്ത, വെള്ളം കുടിക്കാൻ പോലും അടുക്കളയിൽ കയറിയിട്ടില്ലാത്ത അരവിന്ദ് ചിലപ്പോൾ പാതിരാത്രിയിൽ പോലും അവിടുത്തെ സന്ദർശകനായി…. ജ്യൂസിനും ചായയ്ക്കുമുള്ള പാലും പഞ്ചസാരയും പാത്രങ്ങളുമൊക്കെ തപ്പി നടക്കുന്ന അയാളെ കാണുമ്പോൾ ഒരു പുച്ഛച്ചിരി ചിരിക്കാൻ ഇപ്പോൾ മറക്കാറില്ല…..

തിരികെ ദേഷ്യത്തോടെ മുഖം തിരിക്കുമ്പോഴും അറിയാമായിരുന്നു തന്റെ മുന്നിൽപ്പെട്ടതിന്റെ ചളിപ്പ് മറയ്ക്കാനുള്ള ആവരണമാണ്‌ ആ ദേഷ്യമെന്നു…. അമ്മയേയും ജാനുവമ്മയേയും ശേഖരനച്ഛൻ വിലക്കിയിരുന്നതുകൊണ്ട് നിമിഷയുടെ എല്ലാകാര്യങ്ങളും അരവിന്ദ് തന്നെ ചെയ്യേണ്ടിവന്നു… ഭക്ഷണമൂട്ടിയും, വസ്ത്രമലക്കിയും, എടുത്തുകൊണ്ട് നടന്നുമൊക്കെ അയാളവളെ പരിചരിക്കുന്ന കാഴ്ച എല്ലാവർക്കും അത്ഭുതമായിരുന്നു… പൂർണ്ണമായും നിമിഷ എന്ന വ്യക്തിയിലേക്ക് ചുരുങ്ങിയിരുന്നു അയാളുടെ ലോകം… പക്ഷേ ഇതെല്ലാം തനിക്ക് മുൻപിൽ ജയിച്ചു കാണിക്കാനുള്ള മാർഗമായി കണ്ടു നിമിഷ…. അയാൾ ചെയ്യുന്നതൊക്കെ തന്റെ കൺമുമ്പിൽ തന്നെ ആകണമെന്നുള്ള നിർബന്ധം ഉണ്ടായിരുന്നു അവൾക്ക്….

അയാളുണ്ടാക്കിയ ജ്യൂസ് കുടിക്കുമ്പോഴും, അയാളവളെ എടുത്തുകൊണ്ടു പോകുമ്പോഴുമൊക്കെ പുച്ഛത്തോടെ നോക്കുന്ന നിമിഷയെ കണ്ടപ്പോൾ സഹതാപമാണ് തോന്നിയത്…. തന്നെക്കാൾ മികച്ചതവളാണെന്ന് തെളിയിക്കാനുള്ള വ്യഗ്രത മാത്രമായിരുന്നു അവളിൽ… അയാളുടെ ആ പരിചരണം അവസാനിച്ചത് ഒരു ഡയമണ്ട് നെക്‌ളേസിലാണ്… അതുമിട്ടു അടുക്കളയിലേക്ക് വന്നു അമ്മയേയും ജാനുവമ്മയേയും പുതിയ മാല കാണിക്കുന്ന നിമിഷയുടെ കണ്ണുകൾ പക്ഷേ തന്നിലായിരുന്നു… ശ്രദ്ധിക്കാതെ കഴുകാനുള്ള അടുത്ത പാത്രമെടുത്തു…അതു മനസ്സിലായിട്ടാകും ഉടനെ അടുത്തെത്തി… “” കണ്ടില്ലേടി….. നിന്റെ പുതിയ ഭർത്താവ് വേദനിപ്പിച്ചതിന് പകരമായി പഴയ ഭർത്താവ് വാങ്ങി തന്നതാണ്…. നിനക്ക് കിട്ടിയിരുന്നോ ഇതുപോലെയെന്തെങ്കിലും….

പഴയവനോ തന്നില്ല പുതിയവനെങ്കിലും,,,, എന്തെങ്കിലും…. നിനക്ക് യോഗമില്ലെടി… നീ നോക്കിക്കോ.. അവനും നിന്നെ വിട്ട് എന്റെ പുറകെ വരുന്ന കാഴ്ച നിനക്ക് ഞാൻ കാണിച്ചു തരാം…. “” അമ്മയും ജാനുവമ്മയും കേൾക്കാതെ ശബ്ദം താഴ്ത്തിയാണത് പറഞ്ഞത്.. കഴുകി കൊണ്ടിരുന്ന പാത്രം അവിടെ തന്നെയിട്ട് നിമിഷയുടെ കൈയിൽ മുറുക്കി പിടിച്ചു അടുക്കളയിൽ നിന്നിറങ്ങിയിരുന്നു ആ നിമിഷം… ജാനുവമ്മയുടെ മുറിയിലേക്കു വലിച്ചുകയറ്റി ശക്തിയോടെ കവിളത്തൊന്ന് കൊടുത്തായിരുന്നു അവൾക്ക് മറുപടി നൽകിയത്….. അടികിട്ടിയ കവിളിൽ കൈ വച്ച് ഒരു നിമിഷം നിന്നവൾ… “” ടീ…… “” “” നിർത്തെടി… വേണ്ട..വേണ്ടയെന്ന് വെക്കുമ്പോൾ പിന്നെയും ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്നോ….

എന്നെ നീ എന്ത് വേണമെങ്കിലും പറഞ്ഞോ.. പക്ഷേ നിന്റെയാ പുഴുത്ത നാവു കൊണ്ടെന്റെ അഭിയേട്ടനെ എന്തെങ്കിലും പറഞ്ഞാൽ നിന്റെ തല ഞാൻ തല്ലിപൊളിക്കും…. ഓരോ തവണയും ഞാൻ ക്ഷമിച്ചിട്ടേയുള്ളൂ…. എല്ലാ പുരുഷന്മാരും നിന്റെ കെട്ടിയോനെ പോലെ നട്ടെല്ലിന് പകരം വാഴപ്പിണ്ടിയുമായി നടക്കുന്നവരല്ല… ഞാൻ ദാനമായി തന്നതല്ലാതെ ഒന്നും സ്വന്തമായി ഇല്ലാത്ത നീ ഇനിയെന്റെ മുമ്പിൽ വിളച്ചിലുമായി വരരുത്…. “” ചുണ്ടിലൊരു ചിരിയൊളിപ്പിച്ചു അന്തംവിട്ട് നിൽക്കുന്നവളെ കടന്നു പുറത്തിറങ്ങുമ്പോൾ സ്വയം അഭിമാനം തോന്നിയിരുന്നു തകർന്നു പോകുമ്പോഴെല്ലാം ചേർത്ത് പിടിച്ചു ധൈര്യം പകർന്നുതന്നു കരുത്തുള്ളവളാക്കാൻ ശ്രമിക്കുന്നയാളിന്റെ ആഗ്രഹമനുസരിച്ച് മാറിത്തുടങ്ങിയതിൽ…… 💙🎼💙💙

ഉറക്കംവരാതെ കിടന്നതുകണ്ട് അഭിയേട്ടനാണ് ബാൽക്കണിയിലേയ്ക്ക് പോകാമെന്നു പറഞ്ഞത്.. നേർത്ത മഞ്ഞുണ്ട്…. മുല്ലവള്ളിയിൽ കുറച്ചു പൂക്കൾ പൂത്തുനിൽക്കുന്നു….. മുല്ലപ്പൂവിന്റെ സുഗന്ധം അവിടമാകെ തങ്ങി നിന്നിരുന്നു…ശ്വാസമൊന്നാഞ്ഞു വലിച്ചു… ആ സുഗന്ധത്തിൽ ലയിച്ചു നിന്നു കുറച്ചു നേരം… അഭിയേട്ടൻ തറയിലിരുപ്പുറപ്പിച്ചിരുന്നു അപ്പോഴേക്കും…കുറച്ചു പൂക്കൾ പറിച്ചെടുത്തു ഒരു ചെറു ചിരിയോടെ തന്റെ പ്രവർത്തികൾ വീക്ഷിച്ചിരിക്കുന്ന ആളുടെ അടുത്തേയ്ക്കിരുന്നു…രണ്ടു പൂക്കളെടുത്ത് ഇരു ചെവികളിലുമായി വെച്ചു കൊടുത്തു…. “”ഇപ്പോൾ നല്ല ഭംഗിയുണ്ട് കുഞ്ഞിനെ കാണാൻ ” കുറുമ്പോടെ നോക്കിയിരിക്കുന്ന ആളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു…പെട്ടെന്ന് ആള് കൈപിടിച്ചെടുത്ത് നെഞ്ചോട് ചേർത്ത് വെച്ചു …..

ഇങ്ങനെ പോയാൽ പ്രശ്നമാണെന്നു മനസ്സിലായതും കൈ വലിച്ചെടുത്തു പതിയെ വിഷയം മാറ്റി…. “” അഭിയേട്ടനിന്നിവിടെ നടന്നതൊക്കെ അറിഞ്ഞോ….?? “” “” എന്താ…?? “” ചൂടുവെള്ളം വീണ കയ്യെടുത്ത് മടിയിൽ വെച്ച് തലോടികൊണ്ടായിരുന്നു മറുചോദ്യം…. നിമിഷയുടെ പ്രകടനത്തെപ്പറ്റിയും അവൾക്ക് കൊടുത്ത മറുപടിയുമൊക്കെ കേട്ട് അത്ഭുതത്തോടെ ആള് നോക്കി ഇരിക്കുന്നുണ്ടായിരുന്നു…. “” മിടുക്കി…ഇങ്ങനെ തന്നെ നിന്ന മതി നീ…എനിക്കിഷ്ടമായി….”” ചിരിയോടെ പറഞ്ഞു ചെവിയിൽ വെച്ച് കൊടുത്ത പൂക്കളെടുത്ത് തന്റെ മേലേക്ക് എറിഞ്ഞു… രാവിലും പ്രഭയോടെ നിൽക്കുന്ന ആ മുഖവും ,ചിരിയുമൊക്കെ നോക്കിയിരുന്നു പോയി…ആ നിമിഷം ആളും തിരികെ നോക്കി….

മൗനത്തിന്റെ ,പ്രണയത്തിന്റെ ഭാഷയിൽ കണ്ണുകൾ തമ്മിൽ സംസാരിച്ച കുറച്ചുനിമിഷങ്ങൾ…. ഹൃദയമിടിപ്പ് വേഗത്തിലാകുന്നറിയുന്നുണ്ടായിരുന്നു..ഇരുട്ടിന്റെ മറവിൽ തലോടിയെത്തുന്ന മഞ്ഞിന്റെ തണുപ്പിലും വിയർക്കുന്നപോലെ…. പെട്ടെന്ന് അഭിയേട്ടൻ തന്റെ കൈകളുമായി കൈകോർത്തിരുന്നു… ആ നോട്ടം നേരിടാനാകാതെ മിഴികൾ താഴ്ത്തി… അത്രമേൽ പ്രണയാതുരമായിരുന്നു ഏട്ടന്റെ മുഖം.. “” ശ്രീ…ഞാൻ…. അറിയില്ലേടി നിനക്ക്…?? സമ്മതിക്കുമോ നീ..?? നിർബന്ധിക്കില്ലെടി…. “” അവഗണിക്കാനാകില്ല….താനും അതാഗ്രഹിക്കുന്നില്ലേ…..

മിഴികൾ ഉയർത്തി ആ മുഖത്തേക്ക് നോക്കി ഒരു ചെറുചിരി സമ്മാനിച്ചു സമ്മതമറിയിച്ചതും സന്തോഷത്തോടെ ആള് തനിക്കരികിലേയ്ക്ക് ചേർന്നിരുന്നു ഇറുകെ പുണർന്നിരുന്നു….. ഇരുട്ടും, വീശിയെത്തുന്ന തണുത്ത കാറ്റും, മുല്ലപൂവിന്റെ സുഗന്ധവും, ആ ശരീരത്തിന്റെ ഇളം ചൂടുമെല്ലാം തിരികെ പുൽകാൻ തന്റെ കൈകൾക്കും ഉത്തേജനമായി…അപ്പോഴേക്കും അഭിയേട്ടന്റെ ചുണ്ടുകൾ തന്റെ മുഖം മുഴുവൻ ചുടുമുത്തങ്ങൾ നിറച്ചു…ഒടുവിലത് തന്റെ ചുണ്ടുകളിലേയ്ക്ക് ചേർത്തു വെച്ചു….അസ്ഥികൾ പൊട്ടുമാറ് ആ കൈകൾ തന്നെ വരിഞ്ഞു മുറുക്കുമ്പോഴും …ആ വേദയ്ക്കിടയിലും സമയവും,പരിസരവും മറന്നാ ചുംബനത്തിൽ ലയിച്ചിരുന്നു… 💙🎼💙💙🎼🎼

നിമിഷയ്ക്കുള്ള തണുത്ത വെള്ളവുമെടുത്തു കയറി വരുമ്പോഴാണ് ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് അരവിന്ദ് കാണുന്നത്..ഒന്നു സംശയിച്ചു നിന്ന ശേഷം അതടക്കാൻ ചെന്നപ്പോഴാണ് അരവിന്ദ് ആ കാഴ്ച്ച കാണുന്നത്… ചുറ്റുമുള്ളതെല്ലാം മറന്നു പരസ്പരം പുണർന്നു ചുംബിച്ചിരിക്കുന്ന അഭിയും ആര്യയും… ഒരു നിമിഷം ഞെട്ടി നിന്ന ശേഷം വെറുപ്പോടെ മുഖം തിരിച്ചവിടെ നിന്നു തിരിഞ്ഞു നടക്കുമ്പോഴും പേരറിയാത്തൊരു അസ്വസ്ഥത മനസ്സിൽ നിറയുന്നതവനറിഞ്ഞു…..തുടരും….

ദാമ്പത്യം: ഭാഗം 15

Share this story