ജനനി: ഭാഗം 10

ജനനി: ഭാഗം 10

എഴുത്തുകാരി: അനില സനൽ അനുരാധ

ആരാകും ബിൽ അടച്ചത് എന്ന ചിന്തയോടെ ജനനി റൂമിലേക്ക് നടന്നു…. “ബിൽ അടക്കാൻ അറിയാമെങ്കിൽ എന്റെ കൂടെ കൊണ്ട് പോകാനും എനിക്ക് അറിയാം… ” മുറിയിൽ നിന്നും ആരോ ദേഷ്യത്തോടെ പറയുന്നത് കേട്ടതും ജനനി വാതിലിന്റെ ഹാൻഡിലിൽ പിടിച്ച് അങ്ങനെ നിന്നു… “ഞാൻ വരില്ല… നീ പോകാൻ നോക്ക് ആര്യൻ… ഇത്രനാളും കഴിഞ്ഞപോലെ ഞാനങ്ങു കഴിഞ്ഞോളാം…” വിഷ്ണുവിന്റെ ശബ്ദം ഉയർന്നു കേട്ടു… “ഇത്രയും കാലം നിന്നെ നോക്കാൻ നിന്റെ അച്ഛനോ അയാളുടെ ബന്ധുക്കളോ ആരും ഉണ്ടായിരുന്നില്ലല്ലോ… വാശി പിടിക്കാൻ നിൽക്കരുത് വിച്ചു…”

“നീ ഇനിയും ഓരോ തല്ലിനും വഴക്കിനും പോകും… ജയിലിൽ പോയി കിടക്കും… ആ സമയത്ത് എന്നെ കൂടെ കൊണ്ട് പോകാൻ പറ്റുമോ… ഇല്ലല്ലോ…” “നിന്നോടാരാ വീട്ടിൽ നിന്നും പോകാൻ പറഞ്ഞത്? ” “ഞാൻ പോയതല്ല… നീ ജയിലിൽ ആയപ്പോൾ വെല്ല്യമ്മയും വെല്ല്യച്ഛനും ഒക്കെ കൂടി തന്നെയാ ഭാരം ഒഴിവാക്കാൻ എന്നെ ആ വീട്ടിൽ കൊണ്ടിട്ടത്… ” “അമ്മയും അച്ഛനും അങ്ങനെ ചെയ്യില്ല… ” “നിന്നോട് തർക്കിക്കാൻ എനിക്ക് വയ്യ.. നിന്നോടുള്ള ഇഷ്ടം നില നിർത്തി കൊണ്ട് തന്നെ പറയട്ടെ… എന്നെ വിട്ടേക്ക്…” “അപ്പോൾ എന്നേക്കാൾ വലുതാണോ ഇന്നലെ കണ്ട ബന്ധുക്കൾ നിനക്ക്? ” “നിന്നെക്കാൾ വലുതാണ് എന്നു ഞാൻ പറഞ്ഞോ… ഇനി ആ വീട്ടിൽ വന്നു നിൽക്കാൻ എനിക്ക് പറ്റില്ല ആര്യാ…

അത്ര സങ്കടപ്പെട്ടിട്ടാ അവിടെ നിന്നും ഇറങ്ങിയത്.. ഇറങ്ങിയതല്ല….അവിടെ നിന്നും ഇറക്കി വിട്ടത് … ഇനിയും തിരികെ കൊണ്ടു പോകാൻ ശ്രമിക്കരുത്…” “എന്നാൽ ആ വീട്ടിലേക്ക് നമ്മൾ പോകുന്നില്ല… മറ്റൊരിടം കണ്ടു പിടിക്കാം.. തല്ക്കാലം വല്ല ലോഡ്ജിലേക്കും മാറാം. പിന്നെ സൗകര്യം പോലെ ഒരു വാടക വീട് കണ്ടു പിടിക്കാം… ” പിന്നീട് അകത്തു നിന്നും സംസാരമൊന്നും കേട്ടില്ല… ജനനി ഒരു നിമിഷം നെഞ്ചിൽ കൈ വെച്ചു നിന്നു… പിന്നെ വാതിൽ തുറന്നു മുറിയിലേക്ക് കയറി… വിഷ്ണുവിന്റെ അരികിൽ കസേരയിട്ട് കാലിൽ കാലും കയറ്റി വെച്ച് ആര്യൻ ഇരിക്കുന്നുണ്ടായിരുന്നു…. വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഇരുവരും വാതിൽക്കലേക്ക് നോക്കി…

“ഇതാണ് ജനനി… എന്റെ അനിയത്തി… ” വിഷ്ണു പറഞ്ഞതും ആര്യൻ അവളെ അലസമായി ഒന്നു നോക്കി.. ആ നിമിഷം ജനനിയും അവനെ നോക്കുകയായിരുന്നു… അവന്റെ ചുവന്ന കണ്ണുകളും ആരെയും കൂസാത്ത ഭാവവും നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകളുമെല്ലാം അവളുടെ കണ്ണുകളിൽ പതിഞ്ഞു… കറുപ്പു ഷർട്ടും കറുപ്പു കരയുള്ള മുണ്ടുമായിരുന്നു അവന്റെ വേഷം… ആര്യൻ കസേരയിൽ നിന്നും എഴുന്നേറ്റ് വിഷ്ണുവിനെ നോക്കി മുണ്ട് മടക്കി കുത്തി… “നമുക്ക് പോയാലോ?” ആര്യൻ തിരക്കി… “ഞാൻ വരുന്നില്ലെന്ന് പറഞ്ഞില്ലേ?” “നീ വരും… ഞാൻ കൊണ്ടു പോകുകയും ചെയ്യും… നിന്റെ തന്തയുടെ വീട്ടുകാരുമായുള്ള ഒരു ബന്ധുതയും വേണ്ട.. എനിക്കത് ഇഷ്ടമില്ല… ”

എന്നു പറഞ്ഞ് വിഷ്ണുവിനെ ബലമായി എഴുന്നേൽപ്പിച്ച് ഇരുത്താൻ തുടങ്ങി… “നിനക്കു പറഞ്ഞാൽ മനസ്സിലാവില്ലേ?” എന്നു ചോദിച്ച് വിഷ്ണു കുതറിയതും ജനനി ഓടി വന്ന് ആര്യന്റെ കയ്യിൽപ്പിടിച്ചു… അവൻ രൂക്ഷമായി അവളെ നോക്കിയ ശേഷം അവളുടെ കൈ കുടഞ്ഞെറിഞ്ഞു… “എട്ടന്റെ സമ്മതം ഇല്ലാതെ ഇവിടെ നിന്നും കൊണ്ടു പോകാൻ പറ്റില്ല… ” ജനനിയുടെ ശബ്ദം ഉയർന്നു… “അതു പറയാൻ നീ ആരാടീ? ” “ഞാൻ അനിയത്തിയാ…” “ഇത്രയും കാലം ഒരു അനിയത്തിയേയും കണ്ടില്ലല്ലോ… മാറി നിൽക്കെടീ അങ്ങോട്ട്…” “അവളോട് ദേഷ്യപ്പെടല്ലേടാ… നീ പോകാൻ നോക്ക്.. ”

വിഷ്ണു താഴ്മയോടെ പറഞ്ഞു… “ഞാൻ പോയി വീൽ ചെയർ എടുത്തിട്ട് വരാം… ” എന്നു പറഞ്ഞ് ആര്യൻ തിരിഞ്ഞതും ജനനി അവനു തടസ്സമായി നിന്നു… “ഏട്ടനെ കൊണ്ട് പോകാൻ പറ്റില്ല… നിങ്ങൾ പൊയ്ക്കോളൂ..” എന്നു പറഞ്ഞ് അവൾ വഴി മാറി കൊടുത്തു… “എന്നോട് പോകാൻ പറയാൻ നീ ആരാ?” എന്നു ചോദിച്ച് അവൻ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു… അവൾ കൈ മാറ്റാൻ ശ്രമിച്ചു നോക്കിയെങ്കിലും പറ്റിയില്ല… “വിട് ആര്യാ അവളെ…” വിഷ്ണു വിളിച്ചു പറയുന്നുണ്ടായിരുന്നു… “എന്നോട് കല്പ്പിക്കാൻ വരരുത്.. കേട്ടോടീ പുല്ലേ…” എന്നു പറഞ്ഞ് ആര്യൻ അവളെ വാതിൽക്കലേക്ക് പിടിച്ചു തള്ളി… നെറ്റി പോയി ചുമരിൽ ഇടിച്ചു… ജനനി ചുമരിൽ പിടിച്ചു നിന്ന ശേഷം നെറ്റിയിൽ തൊട്ടു നോക്കി…

കയ്യിൽ ചോര പടരുന്നുണ്ടായിരുന്നു… വേദന… സഹിക്കാൻ പറ്റാത്ത വേദന… കണ്ണുകൾ ഇറുക്കിയടച്ച് അവൾ ചുമരിൽ ചാരി നിന്നു… ദേഹം തളരുന്ന പോലെ തോന്നി… അവൾ നിലത്തേക്ക് ഊർന്നു പോയിക്കൊണ്ടിരുന്നു .. താഴേക്കു വീഴും മുൻപേ രണ്ടു കരങ്ങൾ അവളെ താങ്ങിപ്പിടിച്ചു.. അവളെ ഉയർത്തി നെഞ്ചിലേക്ക് ചേർത്തു പിടിച്ചു… അവന്റെ നെഞ്ചിലേക്ക് അവൾ മുഖം ചേർത്തു വെച്ചപ്പോൾ അവൻ അവളെ തന്റെ കരവലയത്തിലാക്കി.. ജനനി കണ്ണുകൾ വലിച്ചു തുറക്കാൻ നോക്കിയെങ്കിലും കഴിയുന്നില്ലായിരുന്നു … മയക്കം കണ്ണുകളിൽ വന്നു മൂടി.. **

ജനനി കണ്ണു തുറക്കുമ്പോൾ അരികിൽ കസേരയിൽ ഇരിക്കുന്ന വിനോദിനെയാണ് കണ്ടത്… “ആഹ് ! എഴുന്നേറ്റോ? ” “ഏട്ടൻ… ഏട്ടനെ അയാൾ കൊണ്ടു പോയോ? ” അവൾ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു കൊണ്ട് പരിഭ്രമത്തോടെ തിരക്കി… വിനോദ് അവളെ എഴുന്നേൽപ്പിച്ചിരുത്തി… “നിന്റെ ഏട്ടൻ നിന്നെ കൂട്ടാതെ പോകുമോ?” അവൾ ഒന്നും പറയാതെ വലതു കൈ കൊണ്ട് നെറ്റിയിൽ തൊട്ടു നോക്കി… നെറ്റിയിലെ മുറിവ് ഡ്രസ്സ്‌ ചെയ്തിരുന്നു… “പേടിക്കാൻ ഒന്നുമില്ല…” വിനോദ് പറഞ്ഞു… ജനനി മുറിയുടെ ചുറ്റും കണ്ണോടിച്ചു… ബെഡിൽ ഏട്ടൻ ഇല്ലായിരുന്നു… വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ വാതിൽക്കലേക്ക് നോക്കി… വീൽ ചെയറിൽ വിഷ്ണുവിനെ ബ്രദർ മുറിയിലേക്ക് കൊണ്ടു വന്നു…

വിഷ്ണുവിനെ ബെഡിൽ ഇരുത്തിയ ശേഷം ബ്രദർ പോയി… വിഷ്ണു നിറഞ്ഞ കണ്ണുകളാൽ ജനനിയെ നോക്കി… അവനെ കണ്ട ആശ്വാസം അവളുടെ മിഴികളിൽ നിറഞ്ഞു… അവൾ പുഞ്ചിരിയോടെ കണ്ണു ചിമ്മി കാണിച്ചു… “കുഞ്ഞൻ എവിടെ? ” വിനോദ് തിരക്കിയപ്പോൾ വിഷ്ണു വാതിൽക്കലേക്ക് നോക്കി… ദേഷ്യം നിറഞ്ഞ മുഖത്തോടെ നീരവ് വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു… “കുഞ്ഞാ വാടാ… ” വിനോദ് വിളിച്ചതും അവൻ മുറിയിലേക്ക് കടന്നു വന്നു… ജനനി ഇരിക്കുന്ന ബെഡിൽ അവനും വന്നിരുന്നു… ജനനി അന്ധാളിപ്പോടെ അവനെ നോക്കുകയായിരുന്നു… ഷർട്ടിൽ ചോര…

ഷർട്ടിന്റെ മുകളിലെ രണ്ടു ബട്ടൺ പൊട്ടി പോയിരുന്നു…മുടി ആകെ പാറി പറന്നിരുന്നു… “വിട്ടു കളയ് കുഞ്ഞാ…” വിനോദ് പറഞ്ഞതും നീരവ് അവനെ ദേഷ്യത്തോടെ നോക്കി… “അവനിട്ടു പൊട്ടിച്ചിട്ടും നിന്റെ ദേഷ്യം മാറിയില്ലേ? ” “എന്താ കാര്യം? ” ജനനി മെല്ലെ തിരക്കി… “ഒന്നും പറയണ്ട ജാനി… ഞങ്ങൾ മുറിയിലേക്ക് വന്നു കയറുമ്പോൾ നീ ഇതാ താഴേക്കു വീഴാൻ പോകുന്നു .. ഇവൻ നിന്നെ താങ്ങിപ്പിടിച്ചു… ഞാൻ സിസ്റ്ററെ വിളിച്ചു വരുമ്പോഴേക്കും നിന്നെ ബെഡിൽ കിടത്തിയ ശേഷം ഇവനും അവനും കൂടെ അടിയും ഇടിയും.. ബഹളമായി… സെക്യൂരിറ്റി വന്നു രണ്ടിനെയും കൊണ്ടു പോയി…

ഒരു വിധത്തിൽ കോംപ്രമൈസ് ആക്കി മറ്റവനെ പറഞ്ഞു വിട്ടു… അവനെ പോലീസിൽ പിടിച്ചു ഏൽപ്പിക്കാത്തതിന് ഇവന് ദേഷ്യം… വിഷ്ണു കൂടെ ചെല്ലാത്ത കലിപ്പിലാണ് മറ്റവൻ പോയിരിക്കുന്നത്… ” സാറായിരുന്നോ തന്നെ ചേർത്തു പിടിച്ചത്… ജനനി ആലോചിച്ചു നോക്കിയെങ്കിലും മുഖം കണ്ടതായി ഓർമ്മ വന്നില്ല… “എന്തായാലും ഇവനും കൂടെ വന്നത് നന്നായി… ഞാൻ പോയി ജാനി എഴുന്നേറ്റെന്നു സിസ്റ്ററിനോട്‌ ചെന്നു പറയട്ടെ… ബിൽ സെറ്റിൽ ചെയ്തു നമുക്ക് പോകാൻ നോക്കാം… ” വിനോദ് എഴുന്നേറ്റു പോയപ്പോൾ ആരും പരസ്പരം ഒന്നും സംസാരിച്ചില്ല… ആര്യന്റെ പ്രവർത്തിയിൽ വിഷ്ണുവും ഞെട്ടിപ്പോയിരുന്നു…

പക്ഷേ നീരവ് പറഞ്ഞിട്ടും വീണ്ടും അവന്റെ തലയിൽ ഒരു കുറ്റം കൂടി ചാർത്തി കൊടുക്കാൻ മനസ്സ് അനുവദിച്ചില്ല… നീരവിനു തന്നോട് നീരസം തോന്നിയിട്ടുണ്ടാകും എന്ന് വിഷ്ണുവിന് ഉറപ്പായിരുന്നു… ** ജനനിയുടെ മടിയിൽ കാൽ വെച്ച് വിഷ്ണു കാറിൽ ഇരുന്നു… വലതു കൈ കൊണ്ട് അവൾ അവന്റെ കാലിൽ പതിയെ തട്ടി കൊണ്ടിരുന്നു… വിനോദാണ് കാർ ഓടിച്ചിരുന്നത്… കോഡ്രൈവർ സീറ്റിൽ നീരവ് ഇരിക്കുന്നുണ്ടായിരുന്നു…. “സോറി നീരവ്…” കാറിൽ നിറഞ്ഞ നിശബ്ദതയെ ഭേദിച്ചു കൊണ്ട് വിഷ്ണുവിന്റെ ശബ്ദം പുറത്തേക്കു വന്നു… നീരവ് കേട്ടിട്ടും കേൾക്കാത്ത പോലെ ഇരുന്നു…

ഷർട്ടിൽ ഉണങ്ങിപ്പിടിച്ച ചോരക്കറയിൽ അവൻ വിരലോടിച്ചു കൊണ്ടിരുന്നു… “എന്റെ ആര്യൻ…. അവൻ എന്നെ സ്നേഹിച്ച പോലെ ആരും എന്നെ സ്നേഹിച്ചു കാണില്ല.. പുറമെ കാണുന്ന ദേഷ്യമേയുള്ളു… എനിക്കറിയാം ഇപ്പോൾ ചെയ്തു പോയ തെറ്റിനെ ഓർത്ത് അവൻ ഉരുകുന്നുണ്ടാകും… അവനു കൂടപ്പിറപ്പായും കൂട്ടുകാരനായും എല്ലാം ഞാനെയുള്ളൂ… ഓർമ്മ വെച്ച കാലം തൊട്ടേ അങ്ങനെയാണ്… ആളുകളുടെ സിമ്പതിയും പുച്ഛവും പരിഹാസവും കണ്ടും കേട്ടു വളർന്ന എനിക്ക് അവനെ ഉണ്ടയിരുന്നുള്ളു… പക്ഷേ ഞാൻ ഇപ്പോൾ വെല്ല്യമ്മയുടെ വീട്ടിൽ ഒരു ഭാരമാണ്… അല്ലായിരുന്നുവെങ്കിൽ ഞാൻ ആ വീടു വിട്ട് എവിടെയും പോകില്ലായിരുന്നു… ആരുടേയും ജീവിതത്തിൽ വിള്ളൽ തീർക്കില്ലായിരുന്നു…

ആരുടേയും മരണത്തിനു കാരണക്കാരൻ ആകില്ലായിരുന്നു… ” പറഞ്ഞു നിർത്തുമ്പോൾ അവന്റെ ചങ്കിൽ ഒരു തേങ്ങൽ വന്നു നിറഞ്ഞു… ജനനിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. “കാർ ഒന്നു നിർത്താമോ? ” ജനനി തിരക്കിയതും വിനോദ് കാർ സൈഡ് ആക്കി നിർത്തി… “എട്ടന് അയാളുടെ അടുത്തേക്ക് പോകണോ… എന്നെ ഓർത്തു പോകാതിരിക്കണ്ട… ഏട്ടൻ എവിടെയായാലും സന്തോഷത്തോടെ ഉണ്ടാകണം… അതേയുള്ളു എനിക്ക്… അയാളുടെ അടുത്തേക്ക് പോയാലും എപ്പോൾ വേണങ്കിലും എന്റെ അടുത്തേക്ക് വരാലോ… പോകണോ ഏട്ടാ?” “വേണ്ട… ”

വിഷ്ണു പറഞ്ഞതും വിനോദ് കാർ മുൻപോട്ട് എടുത്തു… ** ഞായറാഴ്ചയായ കാരണം അഞ്ജലിയ്ക്ക് ഓഫീസ് ഇല്ലായിരുന്നു… ഏറെ നേരമായി മുറ്റത്തെക്കു നോക്കി ഇരിപ്പാണ്… കാർ ഗേറ്റിനു അരികിൽ വന്നു നിന്നതും അഞ്ജലി മുറ്റത്തേക്ക് ഇറങ്ങി ഓടി വന്നു ഗേറ്റ് തുറന്നു… വിനോദ് കാർ മുറ്റത്തേക്ക് കയറ്റി… നീരവും വിഷ്ണുവും ആദ്യം കാറിൽ നിന്നും ഇറങ്ങി… അതിനു ശേഷം ജനനിയും… ജനനിയുടെ നെറ്റിയും നീരവിന്റെ രൂപവും ഭാവവും കാൺകെ എന്തോ പ്രശ്നമുണ്ടെന്ന് അഞ്ജലിയ്ക്ക് തോന്നി… നീരവും വിനോദും കൂടി വിഷ്ണുവിനെ മുറിയിൽ കൊണ്ടു വന്നു കിടത്തി… ജനനിയും അഞ്ജലിയും കൂടെ ചെന്നു… കറന്റ്‌ ഇല്ലായിരുന്നു… ജനനി ജനൽ തുറന്നിട്ടു…

“ഇതെന്താ നെറ്റിയിൽ? ” പുറകിൽ നിന്നും അഞ്ജലി തിരക്കിയപ്പോൾ അവൾ തിരിഞ്ഞു നോക്കി… “ഒന്നും ഇല്ലെടീ…. ചുമരിൽ തലയൊന്നു ഇടിച്ചു… അല്ല നീ എന്താ വീട്ടിൽ പോകാഞ്ഞത്? ” “ഞാൻ അല്ലെങ്കിലും പോകാൻ വിചാരിച്ചിരുന്നില്ല… അവരുടെ വീട്ടിലേക്ക് നാലോ അഞ്ചോ പേര് പോകും എന്നല്ലേ പറഞ്ഞിരുന്നുള്ളു… പക്ഷേ പോകേണ്ടി വന്നില്ല…” “വന്നില്ലെന്നോ?” “ആഹ് ! അതു വേണ്ടെന്ന് വെച്ചെടീ…” ജനനിയ്ക്ക് വല്ലായ്മ തോന്നി… അഞ്ജലി പറയുന്നതു കേട്ട് നീരവ് വിനോദിന്റെ കണ്ണുകളിലേക്ക് കൂർപ്പിച്ചു നോക്കി…….തുടരും………

ജനനി: ഭാഗം 9

Share this story