ജനനി: ഭാഗം 9

ജനനി: ഭാഗം 9

എഴുത്തുകാരി: അനില സനൽ അനുരാധ

നീരവ് ചായ വേണ്ടാത്ത പോലെ ഗ്ലാസ്സ് പുറകിലേക്ക് തള്ളിയതും ചായ തുളുമ്പി ജനനിയുടെ കയ്യിലായി… കയ്യിലേക്ക് ചൂട് പടർന്നതും അറിയാതെ ഗ്ലാസ്സ് അവളുടെ കയ്യിൽ നിന്നും അവന്റെ മുണ്ടിലേക്ക് ചെരിഞ്ഞു… നീരവ് ചാടി എഴുന്നേറ്റതും ജനനി ഞെട്ടലോടെ അവനെ നോക്കി… നീരവിന്റെ മുഖം ചുവന്നു വരുന്നുണ്ടായിരുന്നു… അവൾ അവന്റെ മിഴികളിലേക്ക് നോക്കി ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് നിന്നു… അവനും ഒരു നിമിഷം അവളുടെ മിഴികളിലേക്ക് നോക്കി… “സോറി… ഞാൻ അറിയാതെ…” ജനനി പെട്ടെന്ന് പറഞ്ഞു… “അതങ്ങു വാങ്ങി കുടിച്ചാൽ പോരായിരുന്നോ കുഞ്ഞാ…” വിനോദ് തിരക്കി…

നീരവ് ജനനിയുടെ കയ്യിലേക്ക് നോക്കി… കുറച്ചു ചായ കൂടി ഗ്ലാസ്സിൽ ഉണ്ട്… അതിന്റെ ചൂട് അറിയാതെയോ അറിഞ്ഞിട്ടോ എന്തോ അവൾ ആ ഗ്ലാസ്സ് മുറുകെ പിടിച്ചിരുന്നു… നീരവ് അവളുടെ കയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങി അതിൽ ബാക്കിയുള്ള ചായ പതിയെ കുടിക്കാൻ തുടങ്ങി… “എന്തായാലും ഇന്നു ഇങ്ങോട്ട് വന്നതു കൊണ്ട് കുഞ്ഞന് ചൂടുള്ള ഒരു പിറന്നാൾ സമ്മാനം ഒത്തു കിട്ടിയല്ലോ… സന്തോഷം… ” വിനോദ് പറഞ്ഞു… ജനനിയുടെ മുഖം വാടി… ഗ്ലാസ്‌ ടേബിളിൽ വെച്ച ശേഷം നീരവ് ജനനിയെ നോക്കി… “വാഷ് റൂം എവിടെയാ… ” നീരവ് തിരക്കി… “അവിടെയാ… ” അവൻ വാഷ്റൂമിലേക്ക് നടക്കാൻ തുടങ്ങിയതും അവൾ വേഗം അവനു മുൻപേ നടന്നു… ലൈറ്റ് ഓൺ ചെയ്തു കൊടുത്ത ശേഷം നീങ്ങി നിന്നു…

നീരവ് വാഷ്റൂമിൽ കയറി മുണ്ടിലെ ചായ വീണ ഭാഗം കഴുകി വൃത്തിയാക്കി… പുറത്തേക്കു കടന്നപ്പോൾ ജനനി അവളുടെ കയ്യിൽ ഇരുന്ന ടവ്വൽ അവന്റെ നേർക്ക് നീട്ടി… അവൻ അതു വാങ്ങി കൈ തുടച്ച ശേഷം ടവ്വൽ തിരികെ കൊടുത്തു… പിന്നെ ബെഡിൽ വന്നിരുന്നു… “ജനനിയ്ക്ക് എന്തെങ്കിലും വാങ്ങാനോ പുറത്തേക്കു പോകാനോ ഉണ്ടെങ്കിൽ പോയി വന്നോളൂ… ഞങ്ങൾ ഇവിടെ ഉണ്ടല്ലോ…” വിനോദ് പറഞ്ഞു… “എങ്ങും പോകാനില്ല സർ… ” “ഉച്ച ഭക്ഷണം വീട്ടിൽ നിന്നും കൊണ്ടു വരുമോ? ” “ഏയ്‌ ! ഇല്ല… ക്യാന്റീനിൽ നിന്നും വാങ്ങും…” “ഇപ്പോൾ മൂന്നു നേരവും ഫുഡ്‌ അവിടുന്ന് തന്നെയാ…” വിഷ്ണു പറഞ്ഞു… “ഫുഡ്‌ എങ്ങനെ? ” വിനോദ് തിരക്കി… “കുഴപ്പമില്ല…

ഇപ്പോൾ തല്ക്കാലത്തേക്ക് അവിടുത്തെ ഭക്ഷണം കഴിക്കാനെ നിർവ്വാഹമുള്ളു… ജാനി പറയുന്നത് നല്ല ഫുഡാണ്… നല്ല വൃത്തിയുള്ള കാന്റീൻ ആണ് എന്നൊക്കെയാ… ഇന്ന് ഡിസ്ചാർജ് ആയിരുന്നെങ്കിൽ നല്ലൊരു പിറന്നാൾ സദ്യ കിട്ടിയേനെ അല്ലേ? ” വിഷ്ണു ചിരിയോടെ തിരക്കിയതും അവന്റെ അരികിൽ നിന്നിരുന്ന ജനനി അവന്റെ കയ്യിൽ പതിയെ നുള്ളി… അതു നീരവും വിനോദും കണ്ടു… “ഇനി നമ്മൾ അയൽക്കാരല്ലേ… സദ്യ എപ്പോൾ വേണമെങ്കിലും ഉണ്ടാക്കിത്തരാലോ.. ” വിനോദ് പറഞ്ഞു.. “ശരിയാ…” എന്നും പറഞ്ഞ് വിഷ്ണു കൈ തടവി…. “എപ്പോഴും ഇങ്ങനെയാണോ? ” വിനോദ് തിരക്കി. “എന്താ? മനസ്സിലായില്ല… ” വിഷ്ണു പറഞ്ഞു… “അല്ല ഈ നുള്ളൽ എപ്പോഴും കിട്ടുമോ? ”

“എനിക്ക് കിട്ടി തുടങ്ങിയിട്ടെയുള്ളൂ… ” വിഷ്ണു ചിരിയോടെ പറഞ്ഞതും നുള്ളിയ സ്ഥലത്തു പതിയെ തലോടിയ ശേഷം ജനനി അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു… വിഷ്ണു അവളുടെ കയ്യിൽ മൃദുവായി തട്ടിയ ശേഷം കണ്ണു ചിമ്മി കാണിച്ചു… “അവളുടെ ഈ കുസൃതികളൊക്കെ ഞാൻ ആസ്വദിക്കാൻ തുടങ്ങിയിട്ടേയുള്ളൂ… അതു കൊണ്ടു ഇതൊക്ക എനിക്ക് പ്രിയപ്പെട്ടതാണ്… ” വിഷ്ണു പറഞ്ഞപ്പോൾ അതിന്റെ പൊരുൾ എന്താണെന്ന് പൂർണ്ണമായി മനസ്സിലായില്ലെങ്കിലും അവർ ചേർന്ന് നിൽക്കുന്നത് കാൺകെ വിനോദ് അനിയത്തിയായ വിന്ദുജയെ ഓർത്തു… “എന്റെ അനിയത്തിയും കുറച്ചു കുസൃതിയാണ്… ഇവന്റെ മുറപ്പെണ്ണ് ആയിട്ട് വരും.. അവൾ എം ടെക്കിനു പഠിക്കുകയാണ്…”

“ഞാൻ ഇപ്പോൾ വരാം… ” എന്നു വിനോദിനോട്‌ പറഞ്ഞ് നീരവ് എഴുന്നേറ്റു പുറത്തേക്ക് നടന്നു… ഫോൺ എടുത്ത് ജനനിയെ കാൾ ചെയ്തു… ജനനി മൊബൈൽ എടുത്തു നോക്കിയപ്പോൾ നീരവ് ആയിരുന്നു… അവൾ കാൾ എടുത്തു… “ഒന്നു പുറത്തേക്ക് വരൂ.. ” കാൾ കണക്ട് ആയതും അവൻ പെട്ടെന്ന് പറഞ്ഞു.. വിഷ്ണുവിനെ നോക്കി കൈ കൊണ്ടു ഇപ്പോൾ വരാം എന്നു കാണിച്ച് അവൾ പുറത്തേക്കു നടന്നു… കോറിഡോറിൽ നിരന്നു കിടക്കുന്ന കസേരകളൊന്നിൽ ഇരിക്കുന്ന നീരവിനെ കണ്ടതും അവൾ അരികിലേക്ക് നടന്നു… ജനനി അടുത്തേക്ക് വരുന്നത് കണ്ടതും അവൻ കാൾ കട്ട്‌ ചെയ്തു… “എന്താ സർ വിളിച്ചത്? ” “ഹോസ്പിറ്റൽ ബിൽ സെറ്റിൽ ചെയ്യാൻ അച്ഛൻ പറഞ്ഞിരുന്നു…” “അതൊന്നും വേണ്ട സർ.

ബിൽ നാളെ ഞങ്ങൾ അടച്ചോളാം…” നീരവ് പോക്കറ്റിൽ നിന്നും വാലറ്റ് എടുത്ത് ശേഷം അതിൽ നിന്നും കുറച്ചു നോട്ടുകൾ എടുത്ത് അവളുടെ നേർക്ക് നീട്ടി… “സോറി സർ… ഇപ്പോൾ വേണ്ടാഞ്ഞിട്ടാണ്… ബിൽ സെറ്റിൽ ചെയ്യാനുള്ള പണം കയ്യിലുണ്ട്… ” “ഇത് വാങ്ങൂ… അച്ഛൻ തരാൻ പറഞ്ഞതാണ്…” “ആവശ്യം ഉണ്ടെങ്കിൽ ചോദിക്കാൻ സർ പറഞ്ഞിരുന്നതാണ്.. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ പറഞ്ഞോളാം… ” “താൻ വാങ്ങുന്നുണ്ടോ? ” അവൻ ഗൗരവത്തിൽ തിരക്കി… അവൾ ഇല്ലെന്ന് തലയാട്ടി… നീരവ് എഴുന്നേറ്റ് ഒറ്റ പോക്കായിരുന്നു… അവൾ പതിയെ അവന്റെ പുറകിലായി നടന്നു… റൂമിന്റെ ഡോർ തുറന്നപ്പോൾ വിഷ്ണുവേട്ടന്റെ കയ്യിൽ പിടിച്ച് യാത്ര പറയുന്ന നീരവിനെയാണ് കണ്ടത്…

“നാളെ ഉച്ചയോടെ ഡിസ്ചാർജ് ആകുമല്ലേ… ഞാൻ വരാം നാളെ…” വിനോദ് പറഞ്ഞു… “അതു വേണ്ട സർ… ” വിഷ്ണു പറഞ്ഞു… “ഈ സർ വിളി ഒന്നു നിർത്തൂ വിഷ്ണു.. എന്നെ വിനൂ എന്നു വിളിക്കാം… ഇവനെ കുഞ്ഞൻ എന്നും…” നീരവ് വിനോദിനെ രൂക്ഷമായൊന്നു നോക്കി… വിനോദ് ഒന്നു ഇളിച്ചു കാട്ടി… “വിഷ്ണു ഇവനെ നീരവ് എന്നു വിളിച്ചാൽ മതീട്ടോ… കുഞ്ഞൻ എന്ന വിളി അവൻ ഇഷ്ടക്കേടോടെ സഹിക്കുന്നതാണ്… ” വിഷ്ണു ചിരിച്ചു കൊണ്ടു തലയാട്ടി… “എന്റെ അമ്മ എന്നെ കുഞ്ഞൂട്ടൻ എന്നാ വിളിച്ചിരുന്നത്… നമ്മൾ പിന്നെ എത്ര വലുതായാലും ആ വിളി മാറ്റാൻ അവർക്ക് പറ്റില്ല എന്നതാണ് സത്യം… ഇപ്പോൾ ആ വിളി കേൾക്കാൻ കൊതിയാണ്… പക്ഷേ അമ്മ അരികിൽ ഇല്ലല്ലോ…”

“അമ്മ ജനനി വരുന്നത് വരെ ഉണ്ടായിരുന്നില്ലേ ഇവിടെ? ” വിനോദ് തിരക്കിയപ്പോൾ വിഷ്ണു തലയാട്ടി… പിന്നെ ജനനിയെ നോക്കി… “എട്ടന് ഇങ്ങനെ ഒരു സങ്കടം ഉണ്ടായിരുന്നോ.. ഞാൻ വിളിക്കില്ലേ കുഞ്ഞൂട്ടാ എന്ന്… കുഞ്ഞൂട്ടാ…” എന്ന് വിളിച്ച് അവൾ അരികിൽ വന്നു നിന്നതും അവൻ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു… “ഞങ്ങൾ ഇറങ്ങട്ടെ?” നീരവിന്റെ ഗൗരവം നിറഞ്ഞ ശബ്ദത്തിൽ തിരക്കി… “ശരി കുഞ്ഞാ… സോറി… നീരവ്.. ” “ഇറ്റ്സ് ആൾറൈറ്റ് വിഷ്ണു…” “ഞാൻ നാളെ വരാം… ” വിനോദ് വിഷ്ണുവിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു… “നാളെ വരണ്ട വിനൂ.. നമുക്ക് വീട്ടിൽ വെച്ചു കാണാം… അച്ഛന്റെ കൂട്ടുകാരൻ വിനയേട്ടൻ വരും… ” “വരണ്ടെന്ന് വിളിച്ചു പറഞ്ഞേക്കൂ… ”

എന്നു പറഞ്ഞു കൊണ്ട് വിനോദ് പുറത്തേക്ക് നടന്നു… കൂടെ നീരവും… “വിനയേട്ടൻ വരും… ” ജനനി പുറകിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ വിനോദ് തിരിഞ്ഞു നോക്കുക കൂടി ചെയ്തില്ല… പക്ഷേ നീരവ് നോക്കി… ദേഷ്യം നിറഞ്ഞ അവന്റെ കണ്ണുകൾ അവളിൽ പതിഞ്ഞു… *** “അപ്പോൾ ജനനിയും വിഷ്ണുവും ഒരമ്മയുടെ മക്കൾ അല്ലേ? ” വിനോദ് ഞെട്ടലോടെ തിരക്കി… രാത്രി നീരവിന്റെ പിറന്നാൾ കേക്ക് കട്ട്‌ ചെയ്ത് ചെറിയ രീതിയിൽ ആഘോഷിച്ച ശേഷം അകത്ത് ഇരിക്കുകയായിരുന്നു എല്ലാവരും… സുമിതയും വിനോദും കൂടി ജനനിയെ കുറിച്ചുള്ള ഓരോ കാര്യങ്ങളും അഞ്ജലിയോട് ചോദിച്ച് മനസ്സിലാക്കുകയായിരുന്നു… നീരവും അച്ഛനും കേൾവിക്കാരായി അകത്തു തന്നെയുണ്ട്…

തനിക്കു കേൾക്കാൻ അത്ര താല്പര്യം ഇല്ലാത്ത ടോപ്പിക്ക് ആണ് ജനനി എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ സംസാരം കേൾക്കുന്നതിനോടൊപ്പം നീരവ് ഫോണിൽ തോണ്ടി കളിക്കുന്നുമുണ്ട്… വിനോദിൽ നിന്നും ഉയർന്ന ചോദ്യം നീരവിന്റെ മനസ്സിലും നിറഞ്ഞു നിന്നു… “ചേട്ടായിയുടെ ചെവിടിനു കുഴപ്പമൊന്നും ഇല്ലല്ലോ… അല്ലെന്ന് തന്നെയല്ലേ ഞാൻ പറഞ്ഞത്… ” അഞ്ജലി തിരക്കി… “അപ്പോൾ ഇവരുടെ അമ്മമാർ എവിടെ? ” “വിഷ്ണുവേട്ടന്റെ അമ്മ മരിച്ചു… അതിനു ശേഷമാണ് ഏട്ടൻ ജനനിയുടെ വീട്ടിലേക്ക് വന്നത്… ” “അപ്പോൾ അവിഹിതമാണ്… ” “വിഷ്ണുവേട്ടന്റെ അമ്മയെയാണ് അച്ഛൻ ആദ്യം വിവാഹം കഴിച്ചത്. പിന്നെ അവരെ ഉപേക്ഷിച്ച ശേഷം ജനനിയുടെ അമ്മയെ വിവാഹം ചെയ്തു…”

“എന്നിട്ട്? ” സുമിത തിരക്കി… “അമ്മ മരിച്ച ശേഷം വിഷ്ണുവേട്ടൻ ഇങ്ങോട്ട് വന്നു… പിന്നെയാണ് തർക്കം ഉണ്ടാകുന്നതും അച്ഛൻ ആത്മഹത്യ ചെയ്യുന്നതുമെല്ലാം… ആ വീട്ടിൽ അമ്മയ്ക്കും അവൾക്കും മാത്രേ വിഷ്ണുവേട്ടനോട്‌ സ്നേഹമുള്ളു.. പക്ഷേ അമ്മ ഇപ്പോൾ ഹോസ്പിറ്റലിൽ ഇല്ല… എന്തെങ്കിലും പ്രശ്നം കാണും ചിലപ്പോൾ..” “നാളെ തന്നെ അതെല്ലാം ചോദിച്ചു മനസ്സിലാക്കി പറഞ്ഞു തരണം… ” വിനോദ് പറഞ്ഞു… “എന്റെ ചേട്ടായി… അവൾ അങ്ങനെ എല്ലാം എല്ലാവരോടും പറഞ്ഞു നടക്കുന്ന ആളല്ല… ഞാൻ ഇപ്പോൾ ഇതൊക്കെ ഇവിടെ പറഞ്ഞു എന്ന് അറിഞ്ഞാൽ തന്നെ അവൾക്ക് ഇഷ്ടപ്പെടില്ല… ” “അത് അറിയാമായിരുന്നെങ്കിൽ ഇവിടെ ഇരുന്ന് പറയാൻ പാടില്ലായിരുന്നു… ”

നീരസത്തോടെ പറഞ്ഞു കൊണ്ട് നീരവ് അവിടെ നിന്നും എഴുന്നേറ്റു പോയി… അഞ്ജലി മുഖം കുനിച്ച് ഇരുന്നു… “ഇതെല്ലാം ഞങ്ങൾ അറിഞ്ഞെന്നു ജനനി അറിയണ്ട… ” എന്നു പറഞ്ഞ് വിനോദ് എഴുന്നേറ്റു… *** ഡിസ്ചാർജ് ബിൽ അടക്കാൻ പോയതായിരുന്നു ജനനി… അവൾ ബില്ലും പണവും കയ്യിൽ പിടിച്ച് ക്യൂവിൽ നിന്നു… “ഈ ബിൽ സെറ്റിൽ ചെയ്തതാണല്ലോ.. ” കൗണ്ടറിൽ ഇരിക്കുന്ന സ്റ്റാഫ് പറഞ്ഞു… “അടച്ചിട്ടില്ല.. ” അടച്ചതാണ്… അടുത്ത ആള് ആരാ? ” അവർ തിരക്ക് കൂട്ടിയതും ജനനി ക്യൂവിൽ നിന്നും നീങ്ങി നിന്നു… ആരാകും ബിൽ അടച്ചത് എന്ന ചിന്തയോടെ റൂമിലേക്ക് നടന്നു…. “ബിൽ അടക്കാൻ അറിയാമെങ്കിൽ എന്റെ കൂടെ കൊണ്ട് പോകാനും എനിക്ക് അറിയാം… ” മുറിയിൽ നിന്നും ആരോ ദേഷ്യത്തോടെ പറയുന്നത് കേട്ടതും ജനനി വാതിലിന്റെ ഹാൻഡിലിൽ പിടിച്ച് അങ്ങനെ നിന്നു……തുടരും………

ജനനി: ഭാഗം 8

Share this story