നിർമാല്യം: ഭാഗം 20

നിർമാല്യം: ഭാഗം 20

എഴുത്തുകാരി: നിഹാരിക

എൻ്റെ ശ്രീദേവി .. അവൾ …. അവൾക്ക് വേണ്ടിയാ ഇത്രയും കാലം വലിയൊരു സത്യം മറച്ചത് – …. . എനിക്കവളെ നഷ്ടമാവാൻ പാടില്ല ശ്രീ …. തൻ്റെ കണ്ണനോടൊന്ന് പറയുവോ അവളെ ഈ ഏട്ടന് തിരിച്ച് തരാൻ…..” ഒരു കൊച്ച് കുഞ്ഞിനെ പോലെ വിതുമ്പുന്ന മാധവമേനോനെ ചേർത്ത് പിടിച്ച് നിന്നു ശ്രീ ….. ” ശ്രീ ദേവിയുടെ ആരാ ഉള്ളത് ” എന്ന് ഐ സി യൂവിൽ നിന്ന് പുറത്തിറങ്ങിയ സിസ്റ്റർ ഉറക്കെ വിളിച്ചപ്പോൾ ഒരു വിറയലോടെ എണീറ്റു മാധവമേനോൻ …. നിറയെ യന്ത്രങ്ങളുടെ അകമ്പടിയിൽ വാടിത്തളർന്ന് കിടക്കുന്ന തൻ്റെ അനിയത്തിയെ കണ്ട് ആ ഉള്ളൊന്ന് പിടഞ്ഞു….. അവിടെത്തന്നെ തറഞ്ഞ് നിന്ന മാധവമേനോനെ വിറക്കുന്ന കൈയ്യാലെ മാടി വിളിച്ചിരുന്നു ശ്രീദേവി ….

അടുത്തേക്ക് ചെന്നാ കൈയ്യിൽ പിടുത്തം മുറുക്കിയതും, ” മാ…പ്പ് … ” എന്നത് തളർച്ചയിലും ഒരു മന്ത്രണം പോലെ ആ നാവിൽ നിന്നു കേട്ടിരുന്നു മേനോൻ.. ” ശ്രീ ദേവീ -…. മോളെ !!” നെഞ്ചു വിങ്ങി അയാൾ വിളിച്ചു… ” ഇനി – പ…. പറയാൻ – സാ…. സാധി..ച്ചില്ലെങ്കിലോ…. ഏ… ഏട്ടാ ” ഏറെ പ്രയാസപ്പെട്ടവൾ പറഞ്ഞ് നിർത്തി… നിഷേധാർത്ഥത്തിൽ തലയാട്ടുകയല്ലാതെ ഒന്നും പറയാനാവുന്നില്ലായിരുന്നു മേനോന്….. മിഴികൾ പൂട്ടി ഒരു ദീർഘനിശ്വാസം എടുത്ത് അയാൾ അവളെത്തന്നെ നോക്കി പറഞ്ഞു, ഈയൊരു വാതിലിനപ്പുറത്ത് ഏട്ടൻ ണ്ടാവും മിഴി പോലും ചിമ്മാണ്ട്…. വന്നേക്കണം ൻ്റെ കൂടെ മേലേടത്തേക്ക്…..

ആ പഴയ ശ്രീ ദേവിയായി .. നിന്നെം കൊണ്ടേ ഈ ഏട്ടൻ പോവൂ…. ” ” വരും …..ഏട്ടാ …. നി…ക്കും കുറേ കാര്യങ്ങൾ ബാ….ക്കിണ്ട് ” തിരികെ നോവലിഞ്ഞ ചിരിയോടെ അവളും പറഞ്ഞു….. 💎💎💎💎💎💎💎💎💎💎💎💎💎💎💎 ഐ സി യു വിന് പുറത്ത് കസേരയിൽ എല്ലാ ദൈവങ്ങളേയും വിളിച്ച് പ്രാർത്ഥിക്കുകയായിരുന്നു ഒരു ഏട്ടൻ…. ഇത്രയും നാൾ ആർക്ക് വേണ്ടിയാണോ എന്തിന് വേണ്ടിയാണോ ഒരു കള്ളനെ പോലെ എല്ലാം മറച്ച് വച്ച് ജീവിച്ചത് …. ആർക്ക് നോവാതിരിക്കാനാനോ സ്വയം നൊന്ത് പിടഞ്ഞത്… അവളെ ഇങ്ങ് തിരികെ തരാൻ….. ശ്രീ ഭുവൻ ധൈര്യം പകരാൻ എന്നോണം ആ കൈ പിടിച്ച് കൂടെ തന്നെ ഉണ്ടായിരുന്നു … അൽപനേരത്തിന് ശേഷം അർജുന്നെ ചികിൽസിക്കുന്ന ന്യൂറോ സർജൻ വിളിപ്പിച്ചിരുന്നു അവരെ …. 💎💎💎💎💎💎💎💎💎💎💎💎💎💎💎

അർജുന് ബോധം വീണെന്ന് ഡോക്ടർ പറഞ്ഞു ഒപ്പം ഉടൻ റൂമിലേക്ക് മാറ്റാം എന്നും…. വേണെങ്കിൽ കേറി കണ്ടോളൂ എന്ന് പറഞ്ഞപ്പോൾ ശ്രീ ഭുവനും മാധവമേനോനും കയറി… ” അജൂ” വാത്സല്യത്തോടെ മാധവമേനോൻ വിളിച്ചു, ” അങ്കിൾ….. ഞാൻ …. എനിക്ക് ” ” ഒരു ഭാഗത്ത് അമ്മയും മറുഭാഗത്ത് കുഞ്ഞിപ്പെങ്ങളും… ഇടയിൽപ്പെട്ട് നീയനുഭവിച്ച ഹൃദയ വ്യഥ നിക്ക് മനസിലാവും മോനേ….. ” “എനിക്ക്… എനിക്കവൾക്കായി ഒന്നും ചെയ്യാനായില്ല അങ്കിൾ….. ഒന്നും… ആ പാവത്തിൻ്റെ ചങ്ക് പിടക്കുമ്പോൾ ഒന്നാശ്വസിപ്പിക്കാൻ പോലും ” നിരാശ വന്ന് മൂടിയ അർജു നടുത്തേക്ക് നീങ്ങി ശ്രീ ഭുവൻ, ” ആര് പറഞ്ഞു ??? രക്ത ബന്ധം ഒന്നും തിരിച്ചറിഞ്ഞില്ലെങ്കിലും ഈ ഏട്ടനെ പറ്റി വാ തോരാതെയാ തന്റെ അനിയത്തി സംസാരിച്ചേട്ടോ.. ഏട്ടൻ്റെ വാക്കുകൾ അവൾക്ക് എന്തുമാത്രം ആശ്വാസായെന്ന് ആ വാക്കുകളിൽ ഉണ്ടായിരുന്നു … ”

ശ്രീ ഭുവൻ്റെ കൈകൾ അത് കേട്ട് മുറുകെ പിടിക്കുമ്പോൾ അർജുൻ്റെ മിഴികൾ നിറഞ് തൂവിയിരുന്നു .. ” ” ശ്രീ മാഷ് … ശ്രീ മാഷ്….. ൻ്റ കുട്ടി ജീവിതത്തിൽ മോഹിച്ചത് ഈയൊരാളെ മാത്രാ ഇനീം അവളെ – ….” അർജു നെ പറഞ്ഞ് തീർക്കാൻ അനുവദിക്കാതെ വാ പൊത്തി ശ്രീ.. ” ഇനിയാ മിഴികൾ കളിയായി പോലും നിറയില്ലടോ.. ഇതെൻ്റെ വാക്ക് … ശ്രീ ഭുവൻ അവൻ്റെ പെണ്ണിൻ്റെ ഏട്ടന് കൊടുക്കണ നെഞ്ചുറപ്പുള്ള വാക്ക് …” ” മതി. ഇത്രേം മതി…. ” എന്ന് പറഞ്ഞ് ഇരുവർക്കും മുന്നിൽ തൊഴുതു, ഒരു പാവം ഏട്ടൻ….. തങ്ങളുടെ ഉള്ളിൽ മാത്രം മൊട്ടിട്ട പ്രണയം അർജുൻ എങ്ങനെ അറിഞ്ഞെന്ന് ഓർത്തു ശ്രീ ഭുവൻ …. ഉത്തരം കിട്ടാതെ അതൊരു സമസ്യയായി ഉള്ളിൽ കിടന്നു….

അവിടം വിട്ട് പുറത്തിറങ്ങുമ്പോഴും രണ്ട് പേരും മനപ്പൂർവ്വം പറയാത്ത ഒരു കാര്യം ഉണ്ടായിരുന്നു … അവൻ്റെ അമ്മ സത്യങ്ങൾ എല്ലാം അറിഞ്ഞെന്ന്, അതിൻ്റെ ആഘാതത്തിൽ, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ഇടയിലെ നൂൽപ്പാലത്തിൽ ജീവനായി പടവെട്ടുകയാണെന്ന്… 💎💎💎💎💎💎💎💎💎💎💎💎💎💎💎 റൂമിലേക്ക് മാറ്റി മാധവമേനോനെ അർജുൻ്റെ കൂടെ നിർബന്ധിച്ച് വിട്ട് ശ്രീ ഭുവൻ നിന്നു ഐസിയു വിന് മുന്നിൽ തന്റെ പെണ്ണിൻ്റെ അമ്മയ്ക്ക് കാവലായി, പ്രാർത്ഥനയോടെ, റൂമിൽ എത്തിയതും, ” അമ്മ വന്നില്ലേ?” എന്ന് അർജുൻ മാധവമേനോനോട് ചോദിച്ചു.. എന്ത് പറയണം എന്നറിയാതെ നിൽക്കുമ്പോൾ ശ്രീ ഓടിവന്നിരുന്നു…. ”

അങ്കിൾ…. ഡോക്ടർ വന്നിരുന്നു… കുഴപ്പം ഒന്നും ഇല്ല… ആൻ്റിയെ ഇത്തിരി കഴിഞ്ഞാ ഐസിയുവിൽ നിന്ന് ഷിഫ്റ്റ് ചെയ്യാം എന്ന് പറഞ്ഞു…. ” അതു കേട്ടതും നെഞ്ചിൽ കൈ ചേർത്ത് സകല ദൈവങ്ങളോടും നന്ദി പറഞ്ഞു മേനോൻ…. “എന്താ … എന്താ എൻ്റെ അമ്മക്ക്?? അങ്കിൾ….. ശ്രീ മാഷെ… ആരെലും ഒന്ന് പറയു പ്ലീസ്….. ” ” അജൂ… എല്ലാ സത്യങ്ങളും ശ്രീദേവി അവൾ അറിഞ്ഞെ ടാ” ” അങ്കിൾ ” ഒരു ഭയത്തോടെ അവൻ മേനോനെ വിളിച്ചു….. ” അവൾ തകർന്നു പോയി.. പക്ഷെ മരണത്തെ തോൽപിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്നു ൻ്റെ കുട്ടി.. നീ കേട്ടില്ലേ ശ്രീ പറഞ്ഞത് .. ” “നന്നായി അങ്കിൾ… അമ്മ എല്ലാം അറിഞ്ഞത് നന്നായി.. സ്വന്തം ഉദരത്തിൽ ജന്മം കൊണ്ടവളെ ഇനിയെങ്കിലും കുത്തി നോവിക്കാതിരിക്കാൻ……

ഇതുവരെ നൽകാത്ത സ്നേഹം ഒരായിരം ഇരട്ടിയായി തിരികെ നൽകാൻ …… അമ്മ അറിഞ്ഞത് നന്നായി അങ്കിൾ…… ഇനിയെങ്കിലും ഭയത്തിൻ്റെ മറയില്ലാതെ സ്നേഹിക്കണം എനിക്കും എൻ്റെ കുട്ടിയെ ……” അത് കേട്ട് വാത്സല്യത്തോടെ ആ നെറുകിൽ തഴുകി മാധവമേനോൻ … 💎💎💎💎💎💎💎💎💎💎💎💎💎💎 റൂമിലെത്തിയതും എവിടേയോ നോക്കി കിടക്കുകയായിരുന്നു ശ്രീദേവി ….. മാധവമേനോൻ അർജുനും ശ്രീദേവിക്കുമായി എക്സിക്യൂട്ടീവ് റൂം തന്നെ ബുക്ക് ചെയ്തിരുന്നു….. ” ശ്രീ ദേവി ” എന്ന് പറഞ്ഞ് അവരുടെ കൈ മുറുക്കെ പിടിച്ചു മാധവമേനോൻ ഒരു ഏട്ടന്റെ കരുതലോടെ … “നിക്ക്…. നിക്ക് അവളെ ഒന്ന് കാണണം ഏട്ടാ.. വര്യോ ൻ്റ കുട്ടി… ഈ ഞാൻ വിളിച്ചാൽ അത്ര മാത്രം ഞാൻ….. അവളെ…. ”

എറുന്ന ശ്വാസഗതിയോടെ അത്രമേൽ നോ വോടെ അവർ പറഞ്ഞ് നിർത്തി… “ഏയ്.. ൻ്റെ ശ്രീദേവിടെ കുട്ടിക്ക്, മേലേടത്തെ ചോരക്ക് അങ്ങനെ ആരേലും വെറുക്കാനാവോ ടി … സ്നേഹിക്കാനല്ലാതെ….. ” മിഴി പൂട്ടി കിടന്നു് ശ്രീദ്ദേ വി… അപ്പഴും ഇരു മിഴികൾ ഇരു വശങ്ങളിലുമായി ചാലിട്ടൊഴുകിയിരുന്നു … ആതിരയോട് എല്ലാം പറയാനും…. എല്ലാം മനസിലാക്കാനും മാധവമേനോൻ ശ്രീയോടാണ് ആവശ്യപ്പെട്ടത്.. അയാൾ പൂർണ്ണമനസോടെ സമ്മതിക്കുകയും ചെയ്തു… 💎💎💎💎💎💎💎💎💎💎💎💎💎💎 കോളേജ് മുറ്റത്ത് ബൈക്ക് നിർത്തി, ശ്രീ ഭുവൻ … മെല്ലെ അവിടം എല്ലാം ഒന്ന് കണ്ണോടിച്ചു… ഒരു മാസം കൂടി ഈ കോളേജിൽ …. അത് കഴിഞ്ഞാൽ യു.കെയിലേക്ക്, തൻ്റെ സ്വപ്ന സാക്ഷാത്കാരത്തിന്…

അതോർത്ത് സന്തോഷം തോന്നി എങ്കിലും ആ കോളേജ് വിട്ട് പോവാൻ ചെറിയ വിഷമം തോന്നി… തൻ്റെ ഇല്ലായ്മകളിൽ ചെറുതെങ്കിൽ കൂടി ഇവിടുത്തെ ഗസ്റ്റ് ലക്ചറുടെ ജോലി ഒന്നു മാത്രമാണ് കൈപിടിച്ച് നടത്തിയത്, കടം കൊണ്ടിട്ടാണ് എങ്കിലും രണ്ടനിയത്തിമാരെ കൈ പിടിച്ച് കൊടുത്തത്.. മൂന്ന് നേരം പട്ടിണി കൂടാതെ കഴിഞ്ഞത്… അതിലും ഉപരിയായി…. ദൂരേ നിന്ന് ആണെങ്കിൽ പോലും തൻ്റെ പ്രണയത്തെ….. പ്രാണനെ കാണാൻ കഴിഞ്ഞിരുന്നത്….. അതോർത്തപ്പോൾ അയാൾക്ക് അവളെ കാണാൻ തിടുക്കമേറി…. തൻ്റെ പാതിയാകേണ്ടവളെ.. ആതിരയെ….. നൂറ് ആയുസ്സ് എന്ന വണ്ണം ദൂരേന്ന് അവൾ നടന്നു വരുന്നുണ്ടായിരുന്നു ….. ഒരു അപ്സരസ്സ് എന്ന വണ്ണം …… അവളെയും നോക്കി ചെറിയ കുസൃതിച്ചിരിയോടെ കൈകൾ കെട്ടി ബൈക്കിൽ ചാരി അവൻ നിന്നു, ആതിരയുടെ മാത്രം ശ്രീ ഭുവൻ ……. തുടരും…

നിർമാല്യം: ഭാഗം 19

Share this story