ജനനി: ഭാഗം 12

ജനനി: ഭാഗം 12

എഴുത്തുകാരി: അനില സനൽ അനുരാധ

“എന്താ നിനക്ക് വേണ്ടത്… ഊരിയെടുത്ത മോതിരം വീണ്ടും വിരലിൽ അണിയിക്കാനുള്ള തന്ത്രമാണോ? ” വരുണിന്റെ ശബ്ദം ഉയർന്നു… അഞ്ജലി ഞെട്ടലോടെ ഇരുവരെയും നോക്കി… പുറത്തെ ശബ്ദം കേട്ട് കാബിനിൽ നിന്നും പുറത്തേക്ക് വന്ന നീരവിന്റെ കാതിൽ വരുണിന്റെ ചോദ്യം പ്രകമ്പനം കൊണ്ടു… “What’s happening here?” നീരവിന്റെ ശബ്ദം ഉയർന്നു… വരുൺ തല ചെരിച്ച് നീരവിനെ നോക്കി… നീരവിന്റെ മുഖം ദേഷ്യത്താൽ വിറക്കുന്നുണ്ടായിരുന്നു… ജനനി വരുണിന്റെ കൈ കുടഞ്ഞെറിയാൻ നോക്കിയെങ്കിലും നടന്നില്ല… അവൻ കയ്യിൽ ഒന്നു കൂടെ മുറുകെ പിടിക്കുകയാണ് ചെയ്തത്…

അതു കാൺകെ നീരവിന്റെ മുഖം ചുവന്നു വന്നു… ഷർട്ടിന്റെ സ്ലീവ് കയറ്റി വെച്ച് വരുണിന്റെ അരികിലേക്ക് ചെന്നു… “അവളെ വിട്… ” നീരവ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു… “അതു പറയാൻ താൻ ആരാ? ” അവനിൽ നിന്നും ചോദ്യം ഉയർന്നതും നിമിഷ നേരം കൊണ്ട് നീരവ് ഇടതു കൈ കൊണ്ട് ജനനിയെ വലിച്ചു തന്റെ അരികിലേക്ക് നീക്കി നിർത്തി… അതിനു ശേഷം വലതു കൈ നീട്ടി വരുണിന്റെ കരണം പുകച്ച് ഒരു അടി കൊടുത്തു… ജനനി കണ്ണുകൾ ഇറുക്കിയടച്ചു… വരുൺ അറിയാതെ തന്നെ അടി കിട്ടിയ കവിൾ പൊത്തിപ്പിടിച്ചു… ജനനിയുടെ കൈ വിട്ട ശേഷം നീരവ് അവന്റെ ഇരു ചുമലിലുമായി കൈ വെച്ചു.. “ഇതെന്റെ ഓഫീസ്… ഇവിടെ വന്നു അഭ്യാസം ഇറക്കാൻ നിൽക്കരുത്.

ഇവിടെ ജോലി ചെയ്യാൻ തടസ്സം ഉണ്ടാക്കാൻ നോക്കിയാൽ പിടിച്ചു പോലീസിൽ ഏൽപ്പിക്കും .. നിങ്ങളുടെ പേർസണൽ കാര്യങ്ങൾ തീർക്കാനുള്ള സ്ഥലം എന്റെ ഓഫീസ് അല്ല… മനസ്സിലായോ? ” അവൻ തലയാട്ടി… “എന്നാൽ പോകാൻ നോക്ക്… ” എന്നു പറഞ്ഞ് നീരവ് അവന്റെ തോളിൽ നിന്നും കൈ എടുത്തു… ജനനിയെ ഒന്നു നോക്കിയ ശേഷം അവൻ തിരിഞ്ഞു നടന്നു… “വരുണേട്ടാ… ” ജനനി വിളിച്ചു… അതു കേൾക്കേ നീരവ് ഇടതു കൈ മുഷ്ടി ചുരുട്ടിപ്പിടിച്ചു… വരുൺ തിരിഞ്ഞു നോക്കി… “ഞാൻ ഒന്നും അറിഞ്ഞതല്ല…. വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്ക്… ” ജനനി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടു പറഞ്ഞു… വരുൺ എന്തോ പറയാൻ വന്നെങ്കിലും നീരവിനെ ഒന്നു നോക്കിയ ശേഷം അവിടെ നിന്നും ഇറങ്ങിപ്പോയി…

എല്ലാവരും സീറ്റിൽ നിന്നും എഴുന്നേറ്റു നിൽക്കുകയായിരുന്നു… “എന്തു നോക്കി നില്ക്കാ എല്ലാവരും… ഏഹ്?” നീരവിന്റെ ശബ്ദം ഉയർന്നതും ജനനി ഒഴികെ എല്ലാവരും വേഗം സീറ്റിൽ ഇരുന്നു… ജനനി ഇരിക്കാൻ പോകാൻ തുടങ്ങിയതും “ഇരിക്കാൻ വരട്ടെ…” എന്നൊരു അലർച്ച നീരവിൽ നിന്നും കേട്ടു .. എല്ലാവരും പേടിച്ചിട്ട് നീരവിനെ മുഖം ഉയർത്തി നോക്കിയില്ല… “തന്നെ ഇവിടെ നിർത്തണോ വേണ്ടയോ എന്നൊന്നു തീരുമാനിക്കണം. കാബിനിലേക്ക് വാ… ” അവൻ വിളിച്ചു… അവൻ പറയുന്നത് കേട്ട് സെലിനും ഹർഷയും മുഖാമുഖം നോക്കി.. നീരവ് കാബിനിലേക്ക് നടന്നതും ജനനി അഞ്ജലിയെ നോക്കി… അവൾ മുഖം കുനിച്ച് ഇരിക്കുന്നുണ്ടായിരുന്നു…

ഒന്നു നിശ്വസിച്ച ശേഷം ജനനി കാബിനിലേക്ക് ചെന്നു… നീരവ് റിവോൾവിംഗ് ചെയറിൽ ഇരുപ്പുണ്ടായിരുന്നു… അവൾ ടേബിളിനുമുൻപിലായി കിടക്കുന്ന കസേരയുടെ അരികിൽ ചെന്നു നിന്നു… “ഇരിയ്ക്ക്… ” അവൾ ഇരുന്നു… “എന്താ പ്രശ്നം? ” “എനിക്ക് അറിയില്ല… ” “പിന്നെ അറിയാത്ത കാര്യത്തിനാണോ ഒരുത്തൻ എന്റെ ഓഫീസിൽ വന്നു പ്രശ്നം ഉണ്ടാക്കിയത്… ഇതൊന്നും എനിക്ക് ഇഷ്ടമുള്ള കാര്യമല്ല… ” “സോറി സർ…” “അയാളുടെ കല്യാണം മുടങ്ങണം എന്നു നീ ആഗ്രഹിച്ചിരുന്നോ?” നീരവ് തിരക്കി… അവനിൽ നിന്നും ആ ചോദ്യം പ്രതീക്ഷിക്കാത്ത കാരണം അവൾ നെറ്റി ചുളിച്ചു… “ആഗ്രഹിച്ചിരുന്നോ? ” “ഇങ്ങനെയൊന്നും എന്നോട് ചോദിക്കരുത്…” “പിന്നെ ആരോട് ചോദിക്കണം…

ഇപ്പോൾ വന്നു പ്രശ്നം ഉണ്ടാക്കിയവനോടോ? ” “സോറി സർ… ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്… ഇതൊക്കെ എന്റെ വ്യക്തിപരമായ കാര്യങ്ങളാണ്… ” “ഇനി വീണ്ടും ഇങ്ങനെയൊരു സീൻ ക്രിയേറ്റ് ചെയ്താൽ അന്ന് ഇറങ്ങണം ഇവിടെ നിന്ന്…” “ശരി സർ…” “ഗെറ്റ് ഔട്ട്‌…” ടേബിളിൽ അടിച്ചു കൊണ്ട് അവൻ പറഞ്ഞു… അവൾ വേഗം എഴുന്നേറ്റു പോയി… അവൻ സ്‌ക്രീനിൽ മിഴി നട്ടിരുന്നു… ജനനി സീറ്റിൽ ഇരുന്ന ശേഷം അഞ്ജലിയെ നോക്കിയെങ്കിലും അവൾ നോക്കുന്നില്ലായിരുന്നു… മുൻപിൽ ഇരിക്കുന്ന ഫയൽ നിവർത്തി നോക്കിയിട്ടും ഒന്നിനും പറ്റാത്ത പോലെ തോന്നി.. “അഞ്ജു… ” അവൾ ശബ്ദം താഴ്ത്തി അഞ്ജലിയെ വിളിച്ചു…

അഞ്ജലി വിളി കേട്ടെങ്കിലും നോക്കിയില്ല… ജനനി ഇരുകൈകൾ കൊണ്ടും നെറ്റി താങ്ങി ഇരുന്നു പോയി… കൈ നെറ്റിയിൽ അമർന്നപ്പോൾ വേദന തോന്നിയെങ്കിലും അങ്ങനെ തന്നെ ഇരുന്നു … പിന്നെ എഴുന്നേറ്റ് വാഷ്റൂമിലേക്ക് നടന്നു… തിരികെ സീറ്റിൽ വന്നിരുന്ന അവളുടെ കണ്ണുകൾ ചുവന്നിരുന്നു… മുഖം ഷാൾ കൊണ്ട് അമർത്തി തുടച്ച ശേഷം അവൾ ഡാറ്റ കമ്പ്യൂട്ടറിൽ എന്റർ ചെയ്യാൻ തുടങ്ങി… ഉച്ചയ്ക്ക് ബ്രേക്ക്‌ ടൈം ആയിട്ടും അവൾ എഴുന്നേറ്റില്ല… ആരോടോ ഉള്ള വാശി തീർക്കും പോലെ അവളുടെ വിരലുകൾ കീബോർഡിൽ വേഗതയോടെ സഞ്ചരിച്ചു കൊണ്ടിരുന്നു… “ജനനി… കഴിക്കാൻ വാ… ” അഞ്ജലി വന്നു വിളിച്ചു… “നീ കഴിച്ചോ… എനിക്ക് വിശപ്പില്ല…”

ജനനി മുഖം ഉയർത്തി അവളെ നോക്കാതെ പറഞ്ഞു… “എന്നാൽ എനിക്കും വേണ്ട… ” എന്നു പറഞ്ഞ് അഞ്ജലി തിരികെ സീറ്റിൽ ഇരുന്നെങ്കിലും ജനനി അതൊന്നും ശ്രദ്ധിച്ചില്ല… മനസ്സ് കലുഷിതമായിരുന്നു… എന്തെങ്കിലും സംസാരിക്കാൻ തുടങ്ങിയാൽ ചിലപ്പോൾ താൻ കരഞ്ഞു പോകും എന്നവൾക്ക് ഉറപ്പായിരുന്നു… നീരവും ഭക്ഷണം കഴിക്കാൻ പോയിരുന്നില്ല… ലഞ്ച് ബ്രേക്കിനു ശേഷം തിരികെ സീറ്റിൽ വന്നിരുന്ന സെലിനും ഹർഷയും അഞ്ജലിയേയും ജനനിയെയും നോക്കി ചുണ്ട് കോട്ടി ചിരിച്ചു… “പുച്ഛിച്ചു ചിരിക്കാൻ ഇവിടെ ഇപ്പോൾ എന്തുണ്ടായി? ” അഞ്ജലി ദേഷ്യത്തോടെ തിരക്കി…

“അതു നിങ്ങൾക്ക് അല്ലേ അറിയൂ… എന്തായാലും ഒരു കല്യാണം മുടങ്ങിയതാണെന്നും അത് നേരത്തെ വന്ന ചെറുക്കനുമായിട്ടാണെന്നും മനസ്സിലായി… അവൻ വന്നു പോയപ്പോൾ ചക്കരയും ഈച്ചയും പോലെ ആയിരുന്ന നിങ്ങൾക്ക് എന്തുപറ്റി എന്നു മാത്രം മനസ്സിലായില്ല… ” സെലിൻ പറഞ്ഞു… “ഞാൻ മനസ്സിലാക്കി തന്നാൽ മതിയോ? ” നീരവിന്റെ ശബ്ദം കേട്ടതും സെലിൻ നിശബ്ദയായി… “ജോലി ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ മാത്രം ഇങ്ങോട്ട് വന്നാൽ മതി… അതിനാ സാലറിയും തന്ന് ഇവിടെ ഇരുത്തിയിരിക്കുന്നത്… ” എന്നും പറഞ്ഞ് നീരവ് ഇറങ്ങിപ്പോയി… ജനനി ഭക്ഷണം കഴിക്കാൻ വരാഞ്ഞതിന്റെ പിണക്കത്തിൽ വൈകുന്നേരം കോഫീ ഷോപ്പിൽ കയറാൻ നിൽക്കാതെ അഞ്ജലി വേഗം പോയി…

ജനനി കോഫീ ഷോപ്പിൽ പോകാതെ കമ്പ്യൂട്ടർ സെന്ററിലേക്ക് പോയി… ക്ലാസ്സ്‌ എടുത്തു ഇറങ്ങുമ്പോഴേക്കും തളർന്നു പോയിരുന്നു… സാറിനെ കണ്ട് യാത്ര പറഞ്ഞ് ഇറങ്ങി… സുമിത കമ്പ്യൂട്ടർ സെന്ററിൽ വന്നിട്ടില്ലായിരുന്നു… വീട്ടിലേക്ക് എത്താൻ ഉള്ളം തുടിച്ചു… വീട്ടിൽ എത്തിയതും സ്കൂട്ടി സ്റ്റാൻഡിൽ ഇട്ട് സീറ്റ് തുറന്ന് ബാഗ് പോലും എടുക്കാതെ വിഷ്ണുവിന്റെ മുറിയിലേക്ക് നടന്നു… കണ്ണുകൾ നിറഞ്ഞ് കാഴ്ചയെ മറച്ചു കൊണ്ടിരുന്നു… മുറിയിലേക്ക് കടന്ന് ഓടിച്ചെന്ന് ബെഡിൽ ചാരി ഇരിക്കുന്ന അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഇരുന്നു… മിഴികൾ ഇറുക്കിയടച്ചു… പെയ്യാൻ വെമ്പി നിന്ന മിഴിനീർ കണങ്ങൾ എവിടെയോ ഓടി ഒളിച്ചു… അവൾക്ക് ആശ്വാസം തോന്നി…

വിഷ്ണു അവളുടെ തലയിൽ പതിയെ തലോടി കൊണ്ടിരുന്നു… “എഴുന്നേറ്റിരിക്ക് എല്ലാവരും നോക്കുന്നു… ” വിഷ്ണു പറഞ്ഞതും അവൾ എഴുന്നേറ്റിരുന്ന് തിരിഞ്ഞു നോക്കി… വിനോദും സുമിതയും മുറിയിൽ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു… അവൾക്ക് ജാള്യത തോന്നി… ഒരു വിളറിയ പുഞ്ചിരി അവർക്ക് സമ്മാനിച്ച ശേഷം വാതിൽക്കലേക്ക് നോക്കിയപ്പോൾ നീരവിനെ കണ്ടു… അവൻ വിനോദിന്റെ അരികിൽ വന്നിരുന്നു… അപ്പോഴേക്കും അഞ്ജലി ചായയുമായി വന്നു… എല്ലാവർക്കും ചായ കൊടുക്കുന്ന കൂട്ടത്തിൽ ഒരു ചായ ജനനിയുടെ നേർക്ക് നീട്ടി… അവൾ വേണ്ടെന്നു തലയാട്ടി… “വിഷ്ണുവേട്ടാ… പുന്നാര അനിയത്തി രാവിലെ ഭക്ഷണം കഴിച്ച ശേഷം ഒന്നും കഴിച്ചിട്ടില്ല.. ഈ ചായ എടുത്തു കുടിക്കാൻ പറഞ്ഞെ… ”

അഞ്ജലി പറയുന്നതു കേട്ടപ്പോൾ കുടിക്കാൻ ചുണ്ടോട് അടുപ്പിച്ച ചായ നീരവിനു കുടിക്കാൻ തോന്നിയില്ല… അവൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു… “ഇങ്ങനെ പട്ടിണി കിടക്കാൻ എന്താ പ്രശ്നം? ” വിഷ്ണു തിരക്കി… “പ്രശ്നം ഒന്നും ഇല്ല ഏട്ടാ… ” ജനനി പറഞ്ഞു .. “ഞാൻ പറഞ്ഞു ഏട്ടനോട് വരുൺ ഓഫീസിൽ വന്ന കാര്യം… ആ കല്യാണം മുടങ്ങി പോയതിൽ അല്ല എനിക്ക് ഇവൾ എന്നോടൊന്നും തുറന്നു പറയാത്തതിലാ സങ്കടം… എനിക്ക് അങ്ങോട്ടുള്ള സ്നേഹം ഒന്നും ഇവൾക്കില്ല എന്നു തോന്നി ഒന്നു മസിൽ പിടിച്ചു ഇരുന്ന് നോക്കി എന്നത് സത്യാണ്… പക്ഷേ ഞാൻ ലഞ്ച് കഴിക്കാൻ വിളിച്ചിട്ടും അവൾ വന്നില്ല… ” അഞ്ജലി പറഞ്ഞു..

“എന്നിട്ട് അഞ്ജു ഇതുവരെ ഒന്നും കഴിച്ചില്ലേ?” വിനോദ് പെട്ടെന്ന് തിരക്കി… “ഞാൻ വന്നപ്പോൾ തന്നെ കഴിച്ചു… അല്ലേൽ ഞാൻ ഇവിടെ തല ചുറ്റി വീഴും…” “ഞാൻ കുളിച്ചിട്ട് കഴിച്ചോളാം…” എന്നു പറഞ്ഞ് ജനനി എഴുന്നേറ്റു… “ഇതു കുടിച്ചിട്ട് കുളിച്ചാൽ മതി… ” അഞ്ജലി നിർബന്ധപൂർവ്വം പറഞ്ഞു… “അവൾ കുളിച്ചിട്ട് കഴിച്ചോളും അഞ്ജു…” വിഷ്ണു പറഞ്ഞതും അഞ്ജലി പിന്നെ നിർബന്ധിച്ചില്ല… ജനനി മുറിയിലേക്ക് നടന്നു… “പാവം എന്റെ ജാനി…” വിഷ്ണു അവൾ പോകുന്നതും നോക്കി വേദനയോടെ പറഞ്ഞു… അഞ്ജലി വിഷ്ണു കിടക്കുന്ന ബെഡിൽ ഇരുന്നു… “അവൾക്ക് അയാളെ ഒരുപാട് ഇഷ്ടമായിരുന്നോ? ” അഞ്ജലി തിരക്കി. “ആണെങ്കിൽ നീ പോയി കെട്ടിച്ചു കൊടുക്കുമോ? ” വിനോദിനു ആ ചോദ്യം അത്ര രസിച്ചില്ല…

അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു… ജനനി മുറിയിലേക്ക് നടക്കുന്നതിനിടയിൽ ഷാൾ കുത്തിയ പിന്‍ ഊരിയെടുത്തു… മുറിയിലേക്ക് കാലെടുത്തു വെച്ചതും കസേരയിൽ ഇരുന്ന് വലതു കൈമുട്ട് മേശയിൽ കുത്തി കൈ വെള്ളയിൽ മുഖം താങ്ങി തന്റെ നേർക്ക് മിഴികൾ നീട്ടി ഇരിക്കുന്ന നീരവിനെയാണ് കണ്ടത്… അവൾ അവിടെ തന്നെ നിന്നു… “ചായ കുടിച്ചോ നീ? ” ഒട്ടും മയമില്ലാത്ത ശബ്ദത്തിൽ അവൻ തിരക്കി… അവൾ ഇല്ലെന്ന് തലയാട്ടി… മേശമേൽ ഇരുന്ന ചായ എടുത്ത് അവൻ എഴുന്നേറ്റ് അവളുടെ അരികിലേക്ക് നടന്നു… അവനു കടന്നു പോകാനായി അവൾ കട്ടിളപ്പടിയോട് ചേർന്ന് നിന്നു… അവൻ അവളുടെ തൊട്ടു മുൻപിൽ വന്നു നിന്നു… “ഇതു കുടിയ്ക്ക്…” “എനിക്ക് വേണ്ട… ” “എന്താ? ” “എനിക്കിപ്പോൾ വേണ്ട…”

എന്നു പറഞ്ഞ് വഴി മാറി നടക്കാൻ ഒരുങ്ങിയ അവളുടെ കയ്യിൽ പിടിച്ചു ദേഹത്തേക്ക് അടുപ്പിച്ച ശേഷം ചായ ഗ്ലാസ്സ് ബലമായി ചുണ്ടോട് ചേർത്തു… “വേഗം കുടിച്ചാൽ ഞാൻ വേഗം പോകും… അല്ലേൽ…” അവന്റെ മിഴികൾ അവളുടെ മുഖത്താകെ ഒഴുകി നടന്നു… അതുവരെ കാണാത്ത പുതിയൊരു ഭാവം അവന്റെ കണ്ണുകളിൽ നിറയുന്നതു കണ്ടതും അവൾ വേഗം അവന്റെ കയ്യിൽ നിന്നും ഗ്ലാസ്സ് പിടിച്ചു വാങ്ങി… അവനിൽ നിന്നും അകലം പാലിച്ച് നിന്നു… ചായ ചൂട് ആറിയിരുന്നു… അതു കൊണ്ട് തന്നെ ഒറ്റ വലിക്ക് ചായ കുടിച്ചു തീർത്തു… കുസൃതി നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി നീരവ് മുൻപോട്ടു നടന്നു…….തുടരും………

ജനനി: ഭാഗം 11

Share this story