ദാമ്പത്യം: ഭാഗം 20

ദാമ്പത്യം: ഭാഗം 20

എഴുത്തുകാരി: തുഷാര ലക്ഷ്മി

എന്ത് വേണമെന്നറിയാതെ നിൽക്കുകയാണിപ്പോഴും.. നിമിഷയുടെ പ്രവർത്തി മനസ്സിൽ നിന്നു മായുന്നില്ലായിരുന്നു….അവളിത്രയ്ക്ക് അധഃപതിച്ചോ…..ഇത്ര തരം താഴാൻ ഒരാൾക്ക് എങ്ങനെ കഴിയുന്നു….വെട്ടിമുറിച്ചത് കുറച്ചു തുണികളാണെങ്കിലും അത് തന്നെ ഉദ്ദേശിച്ചുള്ളതാണ്….ഒരവസരം കിട്ടിയാൽ തന്നെയും അവളിങ്ങനെ തന്നെ ചെയ്യുമെന്നല്ലേ….എങ്ങനെ ചിന്തിക്കാൻ കഴിയുന്നു ഇതുപോലെ….അഭിയേട്ടൻ വന്നു വിളിച്ചപ്പോഴാണ് നിന്ന നില്പിൽ നിന്നനങ്ങി ബോധമണ്ഡലത്തിലേയ്ക്ക് വന്നത്….. എന്താ ശ്രീ… എന്താണ് ഇത്ര ചിന്തിച്ചു കൂട്ടാൻ….

അതിതുവരെ കളഞ്ഞില്ലേ നീ….നിമിഷയുടെ കാര്യമാണെങ്കിൽ അത് ഞാനേറ്റു….നീ ഒന്നുമറിഞ്ഞിട്ടില്ല…..കേട്ടല്ലോ….വീട്ടിലും പറയേണ്ട ആരോടും….. ഉം…മൂളാൻ മാത്രമേ കഴിഞ്ഞുള്ളു…… നമുക്കൊന്ന് പുറത്ത് പോയാലോ…..കുറച്ചു സാധനങ്ങൾ കൂടി വാങ്ങാനില്ലേ…എന്റെ ഫ്രണ്ട് അരുൺ ആണ് അത്യാവശ്യം എല്ലാം വാങ്ങിവെച്ചത്….ബാക്കി കൂടി പോയി വാങ്ങാം…..ഇന്നിനി ഫുഡും പുറത്തുന്നാകാം….. ഇങ്ങനെ മൂടിക്കെട്ടിയിരിക്കാതെ…..എഴുന്നേറ്റ് റെഡിയായിക്കേ ശ്രീ…. ശരിയാണ്…. ഒന്നു പുറത്തേയ്ക്കിറങ്ങി കഴിഞ്ഞാൽ മനസ്സൊന്നു തണുക്കും….വേഗം തന്നെ റെഡി ആയി ഇറങ്ങി….ലുലുവിലേക്കാണ് പോയത്….

ഹൈപ്പർ മാർക്കറ്റിൽ കയറി വീട്ടിലേയ്ക്കുള്ളതൊക്കെ വാങ്ങി…. അഭിയേട്ടന്റെ കൂടെ ആളുടെ വീട്ടുകാരിയായി താൻ…..ഓർക്കുമ്പോൾ തന്നെ മനസ്സിൽ എന്തെന്നറിയാത്ത ഒരു തണുപ്പ് നിറയുന്നു….ആള് ഇതൊന്നും ശ്രദ്ധിക്കാതെ ട്രോളിയും ഉരുട്ടി നടക്കുന്നുണ്ട്….ചുറ്റുമുള്ള ഓരോ സാധനകളിലേയ്ക്ക് നോട്ടമെറിഞ്ഞു നിറഞ്ഞ സന്തോഷത്തോടെ ആളുടെ കയ്യിൽ പിടിച്ചു നടന്നു….. നിമിഷ കാരണം പുതിയ കുറച്ചു ഡ്രസ്സുകളും കിട്ടി….വേണ്ടായെന്നു പറഞ്ഞിട്ടും ഏട്ടൻ കേട്ടില്ല….എല്ലാം വാങ്ങി രാത്രി ആഹാരവും കഴിച്ചാണ് തിരികെ ഫ്ലാറ്റിലെത്തിയത്….നിമിഷയുടെ കാര്യമേ മറന്നു പോയിരുന്നു….. ഇനി ആ കാര്യം ഏട്ടൻ നോക്കുമെന്നറിയാം….

അഭിയേട്ടൻ കുളിച്ചു വന്നപ്പോഴേക്കും വാങ്ങിയതെല്ലാം ഒതുക്കി വെച്ചു…..ഏട്ടനൊരു കട്ടൻ ഇട്ടുകൊടുത്തു കുളിയ്ക്കാൻ കയറി….ഇന്ന് മുതൽ തങ്ങൾ ഒറ്റയ്ക്കാണ്….അഭിയേട്ടൻ തന്ന സമയം ഇന്ന് തീരുകയാണ്….ഓർത്തപ്പോഴേ എന്തെന്നില്ലാത്ത ഒരു പേടി നിറഞ്ഞു…ഇപ്പോഴും മനസ്‌ കൊണ്ടു തയ്യാറാകാത്ത പോലെ…അഭിയേട്ടനെ ഇഷ്ട്ടമാണ്….അല്ല പ്രണയമാണ് ആ മനുഷ്യനോട്…. പക്ഷെ പൂർണ്ണമായി അദ്ദേഹത്തിന്റേതായി മാറാൻ മനസ്‌ അനുവദിക്കാത്തതുപോലെ….. തെറ്റാണു ചെയ്യുന്നത്…..തന്നോടുള്ള സ്നേഹം കൊണ്ടാണ് അദ്ദേഹം സമയം തന്നത്….പക്ഷേ ഇനിയും അകറ്റി നിർത്തുന്നത് വലിയ തെറ്റാണ്‌….ആ സ്നേഹം ചൂഷണം ചെയ്യുന്നത് പോലെയാണത്…….

അറിയാതെ പോലും ആ മനസ്സിൽ തന്നോട് വെറുപ്പ്‌ നിറയുന്നത് സഹിക്കാനാകില്ല…..താനായി അഭിയേട്ടനെ തടയില്ല….അവൾ വേഗം കുളിച്ചിറങ്ങി….. അപ്പോഴേക്കും അഭിയേട്ടൻ വാതിലടച്ചു വന്നു കിടന്നു കഴിഞ്ഞിരുന്നു…..കണ്ണടച്ചു കിടക്കുന്നതുകൊണ്ട് ഉറങ്ങിയോ എന്നറിയാൻ വയ്യ… തല നന്നായി തുവർത്തി ലൈറ്റ് ഓഫ് ചെയ്ത് ഏട്ടന്റെ അടുത്ത് വന്നു കിടന്നു….. കുറച്ചു നേരം അങ്ങനെ തന്നെ കിടന്നു….. ഇനി ആളു ഉറങ്ങിയോ..?? പതിയെ ഒന്നു തല ചരിച്ചു നോക്കി….. ഇരുട്ട് ആയതുകൊണ്ട് ഒന്നും അറിയാൻ പറ്റുന്നില്ല…. ക്ഷീണം കാരണം ഉറങ്ങിക്കാണും… ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് തിരിഞ്ഞുകിടന്നു….

കുറച്ചുനേരം കഴിഞ്ഞതും വയറിൽ ആളുടെ കൈ മുറുകി.. ആ കയ്യിൽ കൈ ചേർത്ത് മിണ്ടാതെ കിടന്നു….. എനിക്കറിയാം നീ ഇപ്പോൾ എന്നെ എതിർക്കില്ലെന്ന്…പക്ഷേ മനസ്സാലെ നീ ഇപ്പോഴുമതിന് തയ്യാറല്ലെന്നെനിക്കറിയാം….അതുവേണ്ട ശ്രീ….ഒരുനാൾ നമുക്കിടയിൽ അത് സംഭവിക്കും…..നമ്മൾ രണ്ടാളും ഒരേപോലെ അതാഗ്രഹിക്കുന്ന ഒരു നിമിഷം… പ്രതീക്ഷിക്കാതെ വിരുന്നെത്തുന്ന ഒരു വേനൽ മഴ ആസ്വദിക്കുന്നത് പോലെ നമുക്ക് ആ നിമിഷത്തെ സ്വാഗതം ചെയ്യാം…അതുവരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്..അതുകൊണ്ടു പേടിക്കാതെ നീയുറങ്ങിക്കോ കാന്തമ്മ…. തന്റെ മനസ്സ് മനസ്സിലാക്കുന്ന ഒരു പാതിയെ കിട്ടുന്നത് പുണ്യമാണ്….

വിരഹത്തിന്റെ ഇരുളില്‍ നിന്നു പ്രണയത്തിന്റെ പുലരിയിലേയ്ക്ക് എന്റെ കൈ പിടിച്ചു നടത്തിയൻ…..എന്റെ അഭിയേട്ടൻ….. തിരിഞ്ഞു കിടന്നു ആളെ മുറുകെ കെട്ടിപിടിച്ചു കവിളിൽ ഒരു കടി കൊടുത്തു…. ഈ വേദനിപ്പിക്കൽ തന്റെ സ്നേഹമാണെന്നു ഏട്ടനറിയാം…..നെറ്റിയിൽ അമർന്ന ചുണ്ടുകളുടെ തണുപ്പും,മുടിയിൽ തലോടുന്ന വിരലുകളുടെ സുഖവും ആസ്വദിച്ച് പതിയെ നിദ്രയെ പുൽകി…. രാവിലെ എഴുന്നേറ്റതും അരികിൽ ഏട്ടനില്ലായിരുന്നു…..മുറിയിൽ നിന്നിറങ്ങയതും ഏട്ടന്റെ ശബ്ദം പുറത്തു കേൾക്കുന്നുണ്ട്….ചെന്നു നോക്കുമ്പോൾ ആള് കാര്യമായി സംസാരത്തിലാണ്….ഒരു പ്രായമായ സ്ത്രീയോടാണ്….അവരുടെ കൂടെ അഞ്ചു വയസോളം പ്രായമുള്ള ഒരു ആൺകുട്ടി പന്തുമായി നിൽപ്പുണ്ട്…..

തന്നെ കണ്ടതും ഏട്ടൻ അടുത്തേയ്ക്കു വിളിച്ചു…. അമ്മേ…ഇതാണ് എന്റെ ഭാര്യ…ആര്യശ്രീ.. അവരെ നോക്കി ചിരിച്ചു …..അവരും നിറഞ്ഞ ചിരിയോടെ തന്നെ നോക്കി നിൽക്കുകയാണ്….. ശ്രീ….ഇതു ശാന്ത ആന്റി….ശാന്തദേവി….പിന്നെ ഇത് അമ്മയുടെ അനിയത്തിയുടെ മകളുടെ മകനാണ്..ആരോമൽ…. പേര് പറയുന്നത് കേട്ടിട്ടാകണം കളിക്കിടയിലും ആളൊന്നു നോക്കി ചിരിച്ചു….പാവക്കുട്ടി പോലെ ഒരു മോൻ…. മോൻ ഏത് ക്ലാസിലാ പഠിക്കുന്നത് ..?? UKG-B – പന്തുതട്ടി കളിക്കുന്നതിനിടയിൽ തന്നെ മറുപടി തന്നു…. ഇവർ നമ്മുടെ തൊട്ടടുത്ത ഫ്ലാറ്റ് ആണ്…11-A…

അകത്തേയ്ക്കു ക്ഷണിച്ചെങ്കിലും ആന്റി സമ്മതിച്ചില്ല.. ഇപ്പോൾ സമയമില്ല മോളെ….ഇവർക്ക് രണ്ടാൾക്കും സ്കൂളിൽ പോകാനുള്ളതാ..ഇവന്റെ അമ്മ ടീച്ചർ ആണ്….രാവിലത്തെ ജോലിക്കിടയിലാ ഇവൻ പന്ത് ബാൽക്കണിയിൽ നിന്ന് താഴേക്കിട്ടത്…. ഭയങ്കര കുരുത്തക്കേടാ ചെറുക്കന്….പോട്ടെ മോളെ ഇവനെയും റെഡി ആക്കി വിടാനുള്ളതാ….ഇപ്പോൾ തന്നെ വൈകി…ഇനിയും നിന്നാൽ ഇവന്റെ അമ്മ കമ്പും കൊണ്ടു വരും… അവർ ആരോമലിന്റെ കയ്യും പിടിച്ചു പോകുന്നത് നോക്കി നിന്നു….. നല്ലവരാണെന്നു തോന്നുന്നു അല്ലേ ഏട്ടാ….. ഉം…ആണെന്ന് തോന്നുന്നു….സമയമുണ്ടല്ലോ.. വിശദമായി പരിചയപ്പെടാം…ഇപ്പോൾ നീ വന്നേ ചായയിടാം…..

ചായ ഇട്ടു ഏട്ടന് കൊടുത്തു കുളിച്ചു വന്നു… ആദ്യ ദിവസമല്ലേ..അഭിയേട്ടനിഷ്ട്ടപ്പെട്ട ഇടിയപ്പവും മുട്ട റോസ്റ്റും ഉണ്ടാക്കാമെന്ന് തീരുമാനിച്ചു….വെള്ളം തിളപ്പിച്ച്‌ മാവ് പരുവപ്പെടുത്തി വെച്ചു…..അപ്പോഴേയ്ക്കും ഏട്ടൻ വന്നു…..ആള് ചെറിയ സഹായമൊക്കെ ചെയ്യാമെന്ന് പറഞ്ഞു….ഒന്നും ചെയ്യണ്ട കൂടെ നിന്നാൽ മതിയെന്ന് പറഞ്ഞിട്ടും കേൾക്കാതെ സവാള അരിഞ്ഞു തന്നു…. എന്തൊക്കെയോ സംസാരിച്ചു സന്തോഷത്തോടെ ഞങ്ങൾ ഭക്ഷണം തയ്യാറാക്കി…നിറഞ്ഞ മനസ്സോടെ തന്നെ അത് കഴിച്ചു…. എന്നോ ഒരിക്കൽ താനും ആഗ്രഹിച്ചിരുന്നില്ലേ ഇതുപോലെയൊക്കെ….പക്ഷേ അരവിന്ദിനിതൊന്നും താല്പര്യമില്ലായിരുന്നു….

അതുകൊണ്ടു തന്നെ പല ആഗ്രഹങ്ങളും മറവിയുടെ കാണാക്കയങ്ങളിലേയ്ക്ക് വലിച്ചെറിഞ്ഞു…. പക്ഷേ ഇപ്പോൾ പലതും ദൈവം തന്നെ തന്നിലേയ്ക്ക് തിരിച്ചെത്തിക്കുന്നു….. താൻ ജീവിച്ച, ജീവിച്ചു കൊണ്ടിരിക്കുന്ന രാപ്പകൽ വ്യത്യാസമുള്ള രണ്ടു ജീവിതങ്ങളെ ഒരിക്കലും താരതമ്യപ്പെടുത്തില്ലയെന്നു താൻ തനിക്കു തന്നെ നൽകിയ വാക്കാണ്…..അത് തെറ്റിച്ചതിന്റെ ശിക്ഷയെന്നവണ്ണം അവൾ സ്വയം തലക്കിട്ടൊന്നു കൊട്ടി…. അസ്വസ്ഥമായ മനസ്സിന്റെ ശ്രദ്ധ തിരിക്കാൻ അടുത്ത ജോലിയിലേക്ക് തിരിഞ്ഞു…..തങ്ങൾക്കാവശ്യമായ അരി അളന്നെടുത്ത് കഴുകി കുക്കറിലിട്ടു…. അപ്പോഴേക്കും കാളിങ് ബെൽ മുഴങ്ങി…..ഡോർ തുറന്നതും ശാന്തയാന്റിയാണ്….

കയ്യിൽ രണ്ടു പാത്രങ്ങളുമായി ചിരിയോടെ നിൽക്കുകയാണ്… ഇതു കുറച്ചു ചിക്കൻ കറിയാണ് മോളെ..തോരനുമുണ്ട്…. മോൾക്കും മോനും കൊണ്ടുപോകാനായി രാവിലെ തന്നെ എല്ലാം ഉണ്ടാക്കും….ഇന്നിവിടെ നിങ്ങളുടെ ആദ്യ ദിവസമല്ലേ…അതുകൊണ്ടു കുറച്ചു ഞാൻ ഇങ്ങോട്ടെടുത്തു..ഇന്നിനി കറികളൊന്നും ഉണ്ടാക്കാൻ നിക്കണ്ട മോള്….. ചിരിയോടെ പറഞ്ഞുകൊണ്ടു ഇത്തവണ ക്ഷണിക്കാതെ തന്നെ ആള് അകത്തേയ്ക്കു കയറിയിരുന്നു…. പാത്രം തനിക്ക് നേരെ നീട്ടി നിൽക്കുന്ന അവരെ കണ്ടു ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നെ സന്തോഷത്തോടെ തന്നെ അത് വാങ്ങി….

അപ്പോഴേക്കും അഭിയേട്ടനും വന്നു….കുറച്ചു നേരം കൊണ്ടു തന്നെ മനസിലായി ആളൊരു സംസാരപ്രിയ ആണെന്ന്….കോട്ടയം കാരിയാണ്…..അനിയത്തിയുടെ മകളാണ് പ്രീത…അവർക്കു ട്രാൻഫർ ആയപ്പോൾ കൂടെ പോന്നതാണ്….. പ്രീത ചേച്ചിയുടെ ഭർത്താവ് എന്ത് ചെയ്യുന്നു..?? തന്റെ ചോദ്യം കേട്ടതും ആ മുഖത്തെ ചിരിച്ചു മങ്ങി…. മരിച്ചു പോയി മോളെ…. പറയുമ്പോഴേക്കും ആന്റിയുടെ കണ്ണ് നിറഞ്ഞിരുന്നു…. വിഷമത്തോടെ ഇരിക്കുന്ന കണ്ടതുകൊണ്ടാകും പെട്ടെന്ന് തന്നെ അവർ ഞങ്ങളെ നോക്കി ചിരിച്ചു…. മക്കൾ വിഷമിക്കണ്ട….ഞാൻ എന്തൊക്കെയോ ഓർത്തു പോയി…. പിന്നെയും എന്തൊക്കെയോ പറഞ്ഞിരുന്നു….

എവിടെയൊക്കെയോ ജാനുവമ്മയെ ഓർമിപ്പിച്ചു ശാന്തയാന്റി…..മോളും കുഞ്ഞുമാണ് ജീവിതം….എന്ത് പറഞ്ഞു തുടങ്ങിയാലും അവസാനിക്കുന്നത് ആ രണ്ടു പേരിലുമാണ്….. കുറഞ്ഞ സമയം കൊണ്ടു ആ അമ്മയോട് ഒരു ആത്മബന്ധമുണ്ടായത് പോലെ……. ഒടുവിൽ ഞങ്ങളുടെ കൂടെയിരുന്നു ഊണ് കഴിച്ചിട്ടാണ് ആള് പോയത്…. 💙🎉💙💙🎉💙💙💙💙💙💙🎉💙💙🎉💙 രാവിലെ അരവിന്ദ് ബാങ്കിലേക്ക് പോയതിനു പുറകെ കുഞ്ഞിനെ ഉറക്കി കുളിയ്ക്കാൻ കയറിയതാണ് നിമിഷ…ഫോൺ റിങ് ചെയ്യുന്ന കേട്ടു പെട്ടെന്ന് തന്നെ കുളിച്ചിറങ്ങി….. പരിചയമില്ലാത്ത നമ്പർ കണ്ടു ഒരു സംശയത്തോടെയവൾ കാൾ എടുത്തു….

എതിർവശത്തുനിന്നുള്ള ശബ്‌ദം കേട്ടതും ഞെട്ടിത്തരിച്ചു നിന്നു പോയവൾ…. വേഗം തന്നെ റെഡിയായി കുഞ്ഞിനെ അമ്മമാരെയേൽപിച്ച് അവൾ പുറത്തേയ്ക്കു പോയി…..ഇടയ്ക്കിടെ ബ്യൂട്ടിപാർലറിലേയ്ക്ക് ഇങ്ങനെ ഒരു യാത്ര ഉള്ളതിനാൽ ആരും അത് ചോദിക്കാറില്ല……. നിമിഷ ഗേറ്റ് കടന്ന് കുറച്ചു മുൻപോട്ടു നടന്നു ചുറ്റുമൊന്നു നോക്കി അവിടെ നിർത്തിയിട്ടിരുന്ന കാറിലേയ്ക്ക് കയറിയിരുന്നു….ഡ്രൈവിംഗ് സീറ്റിലിരുന്ന വെളുത്ത ആ താടിക്കാരനിലേയ്ക്ക് അവളുടെ നോട്ടം ചെന്നു….നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകളും, ചുവന്ന കണ്ണുകളും ,വെട്ടിയൊതുക്കാത്ത താടിയുമെല്ലാം അവന്റെ അഴക് കൂട്ടിയതേയുള്ളു….പക്ഷേ അവളെ ഒന്നു നോക്കുക പോലും ചെയ്യാതെയവൻ വണ്ടിയെടുത്തു…..

ഒരുപാടു ദൂരം ഓടി ഒരു കായലിന്റെ അടുത്തായി ആ കാർ നിന്നു….. ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങി അവൻ കായൽ തീരത്തേക്ക് നടന്നു……നിമിഷ ഒന്നറച്ചിരുന്നെങ്കിലും പതിയെ കോഡ്രൈവർ സീറ്റിൽ നിന്നിറങ്ങി ഒരാശങ്കയോടെ അവനരികിലേയ്ക്ക് ചെന്നു…. “””” വെങ്കി…..””””” ദൂരേയ്ക്ക് നോക്കി നിൽക്കുന്ന അവനെ തെല്ലൊരു ഭയത്തോടെ അവൾ വിളിച്ചു… നോ…വെങ്കിടേഷ്……വെങ്കിടേഷ് സുബ്രമണ്യ അയ്യർ…..അതാണെന്റെ പേര്…..അങ്ങനെ വിളിച്ചാൽ മതി എന്നെ…കേട്ടോടി….. അവൻ ദേഷ്യത്തോടെ അവളുടെ നേർക്ക് അലറി…. വെങ്കി പ്ലീസ്….ഞാനൊന്നു പറഞ്ഞോട്ടെ… വേണ്ട….നീയിനി ഒന്നും പറയണ്ട…..

എന്നെ നീ മറന്നു…. ബാങ്ക് ഉദ്യോഗസ്ഥന്റെ ഭാര്യയായി സന്തോഷത്തോടെ ജീവിക്കുക അല്ലേ നീ….. ഞാൻ ഒന്നും അറിയില്ലെന്നു കരുതിയോ…..എന്നാലും എങ്ങനെ തോന്നിയെടീ നിനക്ക് എന്നെ മറന്നു മറ്റൊരാൾക്കൊപ്പം ജീവിക്കാൻ…… വെങ്കി ഞാൻ…….. നിമിഷ പെട്ടെന്ന് മുഖം പൊത്തി കരയാൻ തുടങ്ങി….. വെങ്കി നിമിഷയുടെ നേർക്കു തിരിഞ്ഞു അവളുടെ മുഖത്തു നിന്നും കയ്യെടുത്ത് മാറ്റി….ഗൗരവം നിറഞ്ഞു നിൽക്കുന്ന അവന്റെ മുഖത്തേയ്ക്കു ദൈന്യതയോടെ അവൾ നോക്കി…. എങ്ങനെ ഉണ്ടായിരുന്നു എന്റെ പെർഫോമൻസ്?? ദേഷ്യം ഒക്കെ ആവശ്യത്തിനില്ലായിരുന്നോ..??? അവൻ ഒരു കുസൃതിച്ചിരിയോടെ അവളോട് തിരക്കി…. എങ്ങനെയുണ്ടായിരുന്നു എന്റെ കരച്ചിൽ…??

നിമിഷയും അതേ ഈണത്തിൽ അവനോടു ചോദിച്ചു…. രണ്ടാളും കുറച്ചു നേരം പരസ്പരം നോക്കി നിന്നു….പിന്നെ പൊട്ടിച്ചിരിച്ചുകൊണ്ടു പരസ്പരം പുണർന്നു…. ഐ മിസ്സ്ഡ് യൂ നിമ്മി…..എത്ര നാളായി നിന്നെയൊന്നു കണ്ടിട്ട്…. പ്രണയാതുരനായി അവനവളുടെ കാതിൽ മൊഴിഞ്ഞു…. ഐ ട്ടൂ ഡിയർ….. അടർന്നു മാറി കൈകോർത്തു പിടിച്ചു അവർ കായലിലേക്ക് നോക്കി നിന്നു…. സോറി വെങ്കി…വിവാഹം കഴിഞ്ഞതിൽ പിന്നെ എനിക്ക് പഴയ പോലെ പുറത്തിറങ്ങാൻ പറ്റില്ലായിരുന്നു…..പലരോടും കാരണം ബോധിപ്പിക്കേണ്ടി വരും…പിന്നെ എങ്ങനെ നിന്നെ ഞാൻ ജയിലിൽ വന്നു കാണും… നിമിഷ ഒന്നുകൂടി അവനോടു ചേർന്നു നിന്നു… ഏയ്യ്…സാരമില്ല നിമ്മി….എനിക്ക് മനസിലാകും നിന്റെ അവസ്ഥ…

അതൊക്കെ മറന്നേക്കൂ…. നീ എന്നാ പുറത്തിറങ്ങയത്..?? എവിടെയാ താമസിക്കുന്നത്….?? ഞാൻ ഇറങ്ങിയിട്ടുണ്ട് ഒരാഴ്ചയായി…..ഈ നാട്ടിൽ വന്നു ഒരു താമസസ്ഥലം സംഘടിപ്പിക്കുന്നതിനുള്ള ഓട്ടത്തിലായിരുന്നു…അത് കിട്ടിക്കഴിഞ്ഞു നിന്നെ വന്നു കാണാമെന്നു കരുതി…… എവിടെ…? ഇവിടെ അടുത്തു തന്നെയാണോ വെങ്കി താമസിക്കുന്നത്…..?? മ്മ് …ഇവിടെ അടുത്ത് തന്നെ…..അതൊക്കെ പോട്ടെ….എന്ത് പറയുന്നു നിന്റെ ഫർത്തു….മിസ്റ്റർ അരവിന്ദ് ശേഖർ…..എങ്ങനെയുണ്ടെടി അവൻ….. ഒറ്റ വക്കിൽ പറഞ്ഞാൽ പൊട്ടൻ….ഞാനെന്ത് പറഞ്ഞാലും വിശ്വസിക്കും…. എനിക്ക് വേണ്ടി എന്തും ചെയ്യും…..ഒരു പാവം പൊട്ടൻ… നിമിഷ ഒരു പുച്ഛചിരിയോടെ പറഞ്ഞു…

അങ്ങനെ ഒരുത്തനെ അല്ലേടി നമ്മളും അന്വേഷിച്ചത്… പക്ഷേ ആ കുഞ്ഞ് ….അത് എങ്ങനെ സംഭവിച്ചു…??നീ കുറച്ചുകൂടി കെയർഫുൾ ആകേണ്ടതായിരുന്നു നിമ്മി….. പറ്റിപ്പോയി വെങ്കി… വേണമെന്ന് വെച്ചല്ല…. ഒരിക്കൽ ബോധംകെട്ട് അയ്യാളുടെ മുൻപിൽ തന്നെ വീണു…ഹോസ്പിറ്റലിൽ ചെന്നപ്പോഴാ പ്രഗ്നന്റ് ആണെന്ന് അറിഞ്ഞത്… അബോർട്ട് ചെയ്യാമെന്ന് പറഞ്ഞിട്ടും ആ കാലൻ സമ്മതിച്ചില്ല…. അയാൾക്ക് കുഞ്ഞിനെ വേണമെന്ന്.. അതുകൊണ്ടെന്താ ഉടനെ ഭാര്യയെ ഡിവോഴ്സ് ചെയ്തു അയാൾ എന്നെ കെട്ടി…പിന്നെ നീ വരുന്ന വരെ എനിക്കും ഒരു ഷെൽട്ടർ ആവശ്യമാണല്ലോ….അതുകൊണ്ട് ഞാനും എല്ലാം അങ്ങ് സമ്മതിച്ചു… അപ്പോൾ അവനെ നന്നായിട്ട് മുതലാക്കുന്നുണ്ടല്ലേ നീ…..

ഏറെക്കുറെ…… എല്ലാം സ്മൂത്തായി പോകുവായിരുന്നു വെങ്കി…..കുറച്ചു ദിവസം മുൻപേ വരെ…. എന്ത്പറ്റി..?? ഞാനിടപെടണോ…?? അരവിന്ദിനെ പെരുമാറേണ്ടി വരുമോ ഞാൻ…? അയാൾ അല്ല വെങ്കി… അയാളല്ല പ്രശ്നം… അയാളുടെ അനിയൻ ഒരു അഭിമന്യു…അവൻ എന്റെ ഭർത്താവിന്റെ ആദ്യ ഭാര്യ ആര്യയെ തന്നെ അങ്ങ് കെട്ടി…. അതു കൊള്ളാമല്ലോ നിമ്മി…. ആദ്യഭാര്യയും രണ്ടാം ഭാര്യയും ഒരേ വീട്ടിൽ…… അവള് ആള് കൊള്ളാമല്ലോടി…. ചേട്ടൻ ഉപേക്ഷിച്ചപ്പോൾ അനിയനെ കെട്ടി പ്രതികാരം ചെയ്യാൻ.. എങ്ങനെയുണ്ട് അവൾ…?? ചരക്കാണോ…. ?? വെങ്കി ഒരു വഷളൻ ചിരിയോടെ തിരക്കി….. ഏയ്‌…. അവളൊരു ശീലാവതി… എല്ലാവരുടെയും കണ്ണിലുണ്ണിയാ… എനിക്കാണെങ്കിൽ അവളെ കാണുന്നതേ കലിയാ….

അവളിങ്ങനെ ഞെളിഞ്ഞു എന്റെ മുൻപിൽ വന്നു നിൽക്കുമ്പോൾ ഞാൻ അവളുടെ മുന്നിൽ തോറ്റു പോയ പോലെ.. അവളെ തറപറ്റിക്കാൻ പല വഴിയും നോക്കി ഞാൻ… പക്ഷേ അവൻ, ആ അഭി എല്ലാം തകർത്ത് കയ്യിൽ തരും…. നോ നിമ്മി…. നീ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ചെയ്യുന്നത്…. ഈ ആര്യയും അഭിയുമൊന്നും നമ്മുടെ വിഷയമല്ല… അതു മറന്നു പോകരുത്… വെറുതെ ആവശ്യമില്ലാത്ത പ്രശ്നങ്ങളുണ്ടാക്കി ആർക്കുമൊരു സംശയത്തിനിട നൽകരുത്……മനസ്സിലായോ നിനക്ക്..?? വെങ്കി നിമിഷയ്ക്ക് താക്കീത് നൽകി… സോറി വെങ്കി….. ഇനി ഞാൻ ശ്രദ്ധിച്ചോളാം…

ഞാൻ എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞാൽ മതി.. അത് അതുപോലെ അനുസരിക്കും ഞാൻ….. ഇപ്പോൾ തല്ക്കാലം ഒന്നും വേണ്ട… എന്താ ചെയ്യേണ്ടതെന്ന് സമയമാകുമ്പോൾ ഞാൻ പറഞ്ഞു തരാം…. തൽക്കാലം അതൊക്കെ വിട്….. പെട്ടെന്ന് വെങ്കിയുടെ കൈ നിമിഷയുടെ ഇടുപ്പിലമർന്നു… എത്ര നാളായി…..നമുക്കൊന്ന് കൂടണ്ടേ…..? വെങ്കിയുടെ ഇഷ്ട്ടം പോലെ…. നിമിഷ അവന്റെ കവിളിൽ ചുംബിച്ചു…. ശരി…എന്നാൽ നമുക്കെന്റെ പുതിയ താവളത്തിലേക്ക് പോകാം…. ചിരിയോടെ പറഞ്ഞു നിമിഷയെ ചേർത്ത് പിടിച്ചവൻ കാറിനടുത്തേയ്ക്കു നടന്നു…….തുടരും….

ദാമ്പത്യം: ഭാഗം 19

Share this story