ജനനി: ഭാഗം 14

ജനനി: ഭാഗം 14

എഴുത്തുകാരി: അനില സനൽ അനുരാധ

ദീപന്റെ മുറിയിൽ കിടക്കുകയായിരുന്നു വരുൺ…. അവന്റെ കവിൾ വിങ്ങി നീര് വെച്ചിരുന്നു… “എഴുന്നേറ്റു വീട്ടിൽ പോകാൻ നോക്ക് വരുണേ…” “ഇല്ല… ഇനിയും ഇങ്ങനെ ജീവിക്കാൻ വയ്യ… അവൾ മൂലം ഞാൻ വീണ്ടും തോൽക്കുകയാണ് ദീപാ … വീണ്ടും തോൽക്കുകയാണ്… ” “അവൾ എന്തു ചെയ്‌തെന്നാ നീ പറയുന്നത്? ” “അവൾ അന്നു കൂടെ ഇറങ്ങി വന്നിരുന്നെങ്കിൽ എന്റെ ജീവിതം ഇങ്ങനെ ആകുമായിരുന്നോ… വിളിച്ചതല്ലേ ഞാൻ അവളെ… ” “നീ അതെല്ലാം മറന്നേക്ക്…” “മറക്കാൻ ശ്രമിച്ചതല്ലേ… എന്നിട്ടും വീണ്ടും അവളിൽ വന്നു നിൽക്കുന്നു എങ്കിൽ അതിനു എന്താകും ദീപാ അർത്ഥം…

അവൾക്ക് എനിക്കുള്ളതാണെന്നാണോ? ” “വേണ്ട വരുൺ… ഇനിയും വെറുതെ അവളിലേക്ക് മനസ്സിനെ വലിച്ചടുപ്പിക്കരുത്…” “സത്യം അറിയാതെ ഞാൻ രാവിലെ അവളോട്‌ തട്ടിക്കയറി… എന്നിട്ടും അവൾ വരുണേട്ടാ ഞാൻ ഒന്നും അറിഞ്ഞതല്ല എന്നു പറഞ്ഞപ്പോൾ… എനിക്ക് ദോഷം വരുന്നതൊന്നും അവൾ ചെയ്യില്ല ദീപൻ… ” “നിന്നെ അയാൾ എന്തിനാ തല്ലിയത്? ” “അയാളുടെ ഓഫീസിൽ വെച്ച് ബഹളം വെച്ചതിന്… ” കവിളിൽ ഒന്നു തടവിയ ശേഷം വരുൺ പറഞ്ഞു… “ഹ്മ്മ്… നീ വീട്ടിലേക്ക് പോകുന്നില്ലെങ്കിൽ ഫോൺ വിളിച്ച് ആ വിവരം പറയൂ… വെറുതെ അവരെ പേടിപ്പിക്കേണ്ട… ” “നീ ഒന്നു വിളിച്ചു പറയൂ…” എന്നു പറഞ്ഞ് വരുൺ തിരിഞ്ഞു കിടന്നു… ** ജനനിയുടെ കയ്യിൽ മുറുകെ പിടിച്ച് ഇരിക്കുകയായിരുന്നു വിഷ്ണു… ജനനി അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു… “സങ്കടായോ മോളെ? ”

“ഇല്ല എന്നു പറഞ്ഞാൽ നുണയാകും… സങ്കടം തോന്നി… അങ്ങനെ തന്ത്രം കാണിച്ച് സ്വന്തമാക്കേണ്ട ആവശ്യമൊന്നും എനിക്കില്ല എന്ന് മനസ്സിലാക്കാനുള്ള വിവേകം വരുണേട്ടൻ കാണിച്ചില്ലല്ലോ… കൂടെ വിളിച്ചപ്പോൾ ഇറങ്ങി പോകാതിരുന്നത് ഞാനല്ലേ… അന്തസ്സ് ഇല്ലാത്ത കുടുംബത്തിലെ പെണ്ണു തന്നെയാ ഞാൻ… വരുണേട്ടന്റെ അച്ഛൻ പറഞ്ഞ പോലെ നാണം കെട്ട കുടുംബത്തിലെ പെണ്ണ്… അവർ പറഞ്ഞ അലങ്കാരങ്ങൾ എല്ലാം എനിക്ക് കൂടെ അവകാശപ്പെട്ടതാണ്… അങ്ങനെയുള്ള ഞാൻ ആ കുടുംബവുമായി ഒരു ബന്ധുതയും ഉണ്ടാക്കാൻ ശ്രമിക്കില്ല… അങ്ങനെ ഒരു ആഗ്രഹവും എനിക്കില്ല… അർഹത ഇല്ലാത്തതൊന്നും എത്തിപ്പിടിക്കാൻ ഒരിക്കലും ജനനി നിൽക്കില്ല ഏട്ടാ… ”

“നേരം ഒരുപാടായി പോയി കിടന്ന് ഉറങ്ങാൻ നോക്ക്… ” “ഹ്മ്മ്… ഏട്ടൻ ഇതൊന്നും ഓർത്തു വിഷമിക്കണ്ടാട്ടോ… പെട്ടെന്ന് കേട്ടപ്പോൾ ഒരു സങ്കടം തോന്നി… എന്റെ ഏട്ടനോട് മനസ്സു തുറന്നപ്പോൾ അതു തീരുകയും ചെയ്തു… ” വിഷ്ണു അവളുടെ നെറുകയിൽ ഒന്നു തലോടി… അവന്റെ കയ്യിൽ മുറുകെ പിടിച്ച ശേഷം അവൾ എഴുന്നേറ്റു… കണ്ണു ചിമ്മി കാണിച്ച് പുഞ്ചിരി തൂകി… മുറിയിലേക്ക് ചെല്ലുമ്പോൾ അഞ്ജലി മുഖം വീർപ്പിച്ച് ഇരിക്കുന്നുണ്ടായിരുന്നു… “ഏട്ടനെ കണ്ടപ്പോൾ എന്നെയൊന്നും കണ്ണിൽ പിടിക്കുന്നില്ല അല്ലേടീ… ” അഞ്ജലി കുശുമ്പോടെ തിരക്കി… “അതേ.. പിടിക്കുന്നില്ല… ” “ദുഷ്ടത്തി… ” “അതേ… ദുഷ്ടത്തി തന്നെയാ… നീ കുറച്ചു നീങ്ങിക്കിടക്ക് എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്… ” “ഓഹ് ! നീ വരുന്നതും കാത്തിരുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ…” “പറയാല്ലോ… ”

എന്നു പറഞ്ഞ് ജനനി ബെഡിൽ കയറിക്കിടന്നു… “ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ? ” തെല്ലിട നേരത്തെ മൗനത്തിനു ശേഷം അഞ്ജലി തിരക്കി. “എന്തായാലും നുണ പറയില്ല… നീ ചോദിച്ചോ… ” “ആ വരുൺ ഇനി നിന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചാൽ നീ പോകുമോ? ” “പോകാൻ ആയിരുന്നെങ്കിൽ എനിക്ക് മുൻപേ അതിനുള്ള അവസരം ഉണ്ടായിരുന്നു… ഇനി ഇതേ പറ്റി ഒന്നും ചോദിക്കല്ലേ… ” “ഇല്ല… എന്നാലും ഒരു കണക്കിന് നോക്കിയാൽ അങ്ങേരു പാവം ആണല്ലേ… കല്യാണങ്ങൾ ഇങ്ങനെ മുടങ്ങി പോകുമ്പോൾ…” “ഹ്മ്മ്…” “കുഞ്ഞേട്ടൻ സൂപ്പറാണ് അല്ലേ? രാവിലെ അങ്ങേരുടെ കവിൾ അടിച്ചു ശരിയാക്കിയില്ലേ? ” “കുഞ്ഞേട്ടനോ? ” “ആഹ് ! നമ്മുടെ നീരവ് സർ… ഇനി ഞാൻ സാറിനെ അങ്ങനെയേ വിളിക്കൂ… ” “നന്നായി വിളിച്ചോളൂ… ഒരു കയ്യകലം പാലിച്ചു നിന്ന് വിളിച്ചോളൂ… ”

എന്നു പറഞ്ഞ് ജനനി ലൈറ്റ് ഓഫ് ചെയ്തു… *** ടേബിളിൽ തല ചായ്ച്ച് ടേബിൾ ലാംപിന്റെ സ്വിച്ച് ഓൺ ചെയ്തും ഓഫ് ചെയ്തും ഇരിക്കുന്ന നീരവിനെ നോക്കി വിനോദ് ബെഡിൽ കിടന്നു… “കുഞ്ഞാ .. ” വിനോദ് വിളിച്ചു… അവൻ വിളിക്കുന്നതൊന്നും നീരവ് കേൾക്കുന്നില്ലായിരുന്നു… തലയിണയെടുത്ത് അവന്റെ പുറത്തേക്ക് ഒരു ഏറു കൊടുത്തു… തലയിണ നീരവിന്റെ പുറത്തു തട്ടി താഴേക്കു വീണു… എന്നിട്ടും ലൈറ്റ് ഓഫ് ചെയ്തും ഓഫ് ചെയ്തും ഇരിക്കുന്ന നീരവിനെ കാൺകെ വിനോദ് ബെഡിൽ നിന്നും എഴുന്നേറ്റു… അവന്റെ അരികിലേക്ക് നടന്നു… നീരവിന്റെ കണ്ണുകളിൽ വല്ലാത്ത തിളക്കവും അധരങ്ങളിൽ നനുത്ത പുഞ്ചിരിയും നിറഞ്ഞു നിന്നിരുന്നു… അവന്റെ വിരലുകൾ അപ്പോഴും സ്വിച്ച് ഓൺ ആക്കുകയും ഓഫ് ആക്കുകയും ചെയ്തു കൊണ്ടിരുന്നു… ”

എടാ നിന്നെ ജനനി വിളിക്കുന്നു…” അവന്റെ പുറത്തു തട്ടിയ ശേഷം വിനോദ് ഉറക്കെപ്പറഞ്ഞു… “എവിടെ? ” എന്നു ചോദിച്ച് അവൻ ഞെട്ടി എഴുന്നേറ്റു… “എന്ത് എവിടെയെന്ന്? ” “നീ നേരത്തെ എന്തോ പറഞ്ഞല്ലോ… ” “വന്നു കിടക്കാൻ…. സ്വിച്ച് പൊട്ടിക്കണ്ട എന്നു…” “വേറെ എന്തോ പറഞ്ഞില്ലേ? ” “എന്താ മോനെ കുഞ്ഞാ നിനക്ക് പറ്റിയത്? ” അവന്റെ നെഞ്ചിൽ പതിയെ ഒന്നു കുത്തിയ ശേഷം വിനോദ് തിരക്കി… “എനിക്ക് എന്തു പറ്റാൻ… ” “ഇവിടെ കാര്യമായി ആരോ കൂടു കൂട്ടിയല്ലോ…” നീരവിന്റെ നെഞ്ചിൽ കൈപ്പത്തി ചേർത്തു വെച്ചു കൊണ്ട് വിരലുകൾ കൊണ്ട് താളം പിടിച്ച് വിനോദ് പറഞ്ഞു… “ഒന്നു പോടോ… വെറുതെ ഓരോ ഭ്രാന്ത് പറയാതെ… ” എന്നു പറഞ്ഞ് അവന്റെ കൈ തട്ടി മാറ്റി നീരവ് ബെഡിൽ പോയി കിടന്നു…

** ബാൽക്കണിയിൽ നിന്ന് ജനനിയുടെ വീട്ടിലേക്ക് നോക്കി നിൽക്കുകയായിരുന്നു നീരവ്… അവൾ ഇപ്പോൾ മുറ്റം അടിച്ചു വരാൻ വരുമെന്ന് അവന് അറിയാമായിരുന്നു… അവന്റെ പ്രതീക്ഷ തെറ്റിക്കാതെ അവൾ മുറ്റം അടിച്ചു വാരാൻ തുടങ്ങിയിരുന്നു… നീരവിന്റെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു… മുറ്റം അടിച്ചു വാരിയ ശേഷം അവൾ പോയപ്പോൾ അവൻ അവിടെ കിടക്കുന്ന കസേരയിൽ ഇരുന്ന് ഫോണിൽ ഓരോന്നു നോക്കാൻ തുടങ്ങി… അവൾ മുറ്റത്ത് ഇല്ലെങ്കിലും കണ്ണുകൾ ഇടയ്ക്ക് അറിയാതെ അങ്ങോട്ട് പായും… ജനനി തിരക്കിൽ മുറ്റത്തേക്ക് വരുന്നതും സ്കൂട്ടിയുടെ സീറ്റ് ഓപ്പൺ ചെയ്ത് ബാഗ് എടുക്കുന്നതും അവൻ കണ്ടു… ജനനി അകത്തേക്ക് നടക്കുന്നതിനിടയിൽ ഹാൻഡ് ബാഗ് തുറന്നു ചോറു കൊണ്ടു പോകുന്ന പാത്രം എടുത്തു…

അപ്പോഴാണ് ബാഗിൽ കിടന്നിരുന്ന മൊബൈൽ ഫോൺ റിംഗ് ചെയ്തത്… ഫോണിന്റെ കാര്യം അപ്പോഴാണ് ഓർമ്മ വന്നത്… അവൾ വേഗം ഫോൺ എടുത്തു… അമ്മയായിരുന്നു… “ഹലോ അമ്മേ … ” “എവിടെയായിരുന്നു ജാനി… ഇന്നലെ തൊട്ട് വിളിക്കുന്നതാണ്… ” അമ്മയുടെ ശബ്‌ദത്തിനു വല്ലാത്ത കനം ഉണ്ടായിരുന്നു… “ഞാൻ ഇവിടെ ഉണ്ടായിരുന്നു അമ്മേ. ബാഗ് വണ്ടിയുടെ ഉള്ളിൽ ആയിരുന്നു… അതിലായിരുന്നു ഫോൺ.” “ഹ്മ്മ്… ഡോക്ടർ എന്തു പറഞ്ഞു… ” “ഇപ്പോൾ കുഴപ്പമില്ല… വെള്ളിയാഴ്ച ഹോസ്പിറ്റലിൽ പോകണം.. ” “ഡിസ്ചാർജ് ആയോ? ” “ഞായറാഴ്ച ഡിസ്ചാർജ് ആകുമെന്ന് ഡോക്ടർ പറഞ്ഞത് അമ്മയും കേട്ടതല്ലേ… പിന്നെ ഇത്രയും ഞെട്ടലോടെ ചോദിക്കണോ അമ്മേ… ” അമ്മയ്ക്ക് ഉത്തരം മുട്ടിപ്പോയി…

“എന്താ അമ്മേ ഇന്നലെ തൊട്ട് വിളിച്ചത്? ” “അത്… ഇനി എന്നാ വിഷ്ണുവിനെ കൂട്ടി വീട്ടിലേക്ക് വരുന്നത്? ” “വിഷ്ണുവേട്ടൻ ഇനി ആ വീട്ടിലേക്ക് വരുന്നില്ല അമ്മേ… ” “ജയേഷിനു വീടിന്റെ വാടകയും ചെലവും എല്ലാം കൂടെ നടക്കുന്നില്ല…” “ഹ്മ്മ്…” “വിഷ്ണു വരുന്നില്ലെങ്കിൽ ജയേഷ് വീട്ടിലേക്ക് വരാമെന്ന്… അമ്മയ്ക്ക് വീട്ടിൽ ഒറ്റയ്ക്ക് നിൽക്കാനും പറ്റില്ലല്ലോ മോളെ… ” “എന്നാ അങ്ങോട്ട് താമസം മാറുന്നത്? ” “എത്രയും പെട്ടെന്ന് മാറണം എന്നാണ്… ” “ഇന്ന് ഓഫീസിൽ നിന്നും വന്നിട്ട് ഞാൻ വിഷ്ണുവേട്ടന്റെ സാധനങ്ങൾ എടുത്തോളാം… ” “എന്നാ ശരി മോളെ… അമ്മ പിന്നെ വിളിക്കാം … ” അമ്മ കാൾ കട്ട്‌ ചെയ്തതും അവൾ ഒരു നിമിഷം ആലോചനയോടെ നിന്നു… പിന്നെ പതിവ് തിരക്കുകളിൽ വ്യാപൃതയായി…

കമ്പ്യൂട്ടർ സെന്ററിലേക്ക് പോകാൻ ഇറങ്ങുമ്പോൾ അഞ്ജലിയും മുറ്റം വരെ വന്നു.. “വരുൺ… അയാൾ ഇനിയും വരുമോ?” “അറിയില്ല… ” എന്നു പറഞ്ഞ് ജനനി സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു… അഞ്ജലി ചോദിച്ച ചോദ്യം അവളെ അലട്ടുന്നുണ്ടായിരുന്നില്ല… പക്ഷേ അമ്മ… അമ്മയുടെ പെരുമാറ്റം അവളെ അലട്ടുന്നുണ്ടായിരുന്നു… നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു… മറ്റൊരുവളുടെ ഭർത്താവിനെ അറിഞ്ഞു കൊണ്ട് തട്ടി എടുത്ത അമ്മ… സ്വന്തം ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയെ സ്വന്തമാക്കിയ അച്ഛൻ… അവർക്ക് മറ്റുള്ളവരുടെ മനസ്സ് ഒരിക്കലും കാണാൻ കഴിയുമായിരുന്നില്ലേ…

ആലോചനകൾ കാടു കയറി… ഹോൺ അടിക്കാതെ ഇടതു വശത്തെ പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞതും സഡൻ ബ്രേക്ക് ഇട്ട് നിർത്തിയ ബുള്ളറ്റിന്റെ ടയറിൽ സ്കൂട്ടി ചെന്നിടിച്ചതും ഒരുമിച്ചായിരുന്നു.. ജനനിയ്ക്ക് ആകെ വെപ്രാളം തോന്നി… അവൾ വിയർത്തു കൊണ്ടിരുന്നു… “എവിടെ നോക്കിയാടീ വണ്ടി ഓടിക്കുന്നത്…” എന്ന അലർച്ച കേട്ടതും അവൾ മുഖം ഉയർത്തി നോക്കി… വണ്ടി സൈഡ് ആക്കി ഹെൽമെറ്റ്‌ ഊരി ഹാൻഡിലിൽ വെച്ച് ഇറങ്ങി സ്കൂട്ടിയുടെ മുന്നിലേക്ക് വരുന്ന ആളെ കണ്ടതും ജനനി വേഗം സ്കൂട്ടി ബാക്കിലേക്ക് എടുത്തു… അവൻ സ്കൂട്ടിയുടെ ഹാൻഡിൽ പിടിച്ചു.. “സോറി… ഞാൻ അറിയാതെ… ” “സോറി നിന്റെ മറ്റവനു കൊണ്ടു പോയി കൊടുക്കെടീ… ഒരു അഞ്ഞൂറു രൂപ ഇങ്ങോട്ട് എടുക്ക്… ”

“എന്റെ കയ്യിൽ പൈസയൊന്നും ഇല്ല… ” “നീ ആ ഹെൽമെറ്റ്‌ ഒന്ന് ഊരിയെ.. ” “പറ്റില്ല… എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ പോയി കേസ്‌ കൊടുക്ക്‌… ” അവൻ ബലമായി അവളുടെ ഹെൽമെറ്റ്‌ ഊരി… “നീ… നീ അല്ലേടീ എന്റെ വിച്ചുവിനെ കൂട്ടി കൊണ്ടു പോയത്? ” ആര്യൻ തിരക്കി… “നിങ്ങളുടെ വിച്ചുവിനെ ഞാൻ എങ്ങോട്ടും കൂട്ടി കൊണ്ട് പോയിട്ടില്ല… എന്റെ ഏട്ടൻ വിഷ്ണുവാണ് എന്റെ കൂടെയുള്ളത്… ” “അവൻ എവിടെ? എനിക്കൊന്നു കാണണം…” അതു പറയുമ്പോൾ അവന്റെ കണ്ണുകളിൽ നനവൂറി… അവൾ അവനെ നോക്കി പുഞ്ചിരിച്ചു… അവൻ അവളുടെ മുഖത്തേക്ക് നോക്കി നിന്നു പോയി… “ഫോൺ താ… ഞാൻ ഏട്ടന്റെ നമ്പർ ഡയൽ ചെയ്ത് തരാം…” അവൻ ഫോൺ എടുത്ത് അവളുടെ നേർക്ക് നീട്ടി… അവൾ നമ്പർ ഡയൽ ചെയ്ത ശേഷം ഫോൺ അവനു തിരികെ നൽകി…

“നിങ്ങളെ പേടിച്ചിട്ട് ഏട്ടന്റെ നമ്പർ തന്നതൊന്നും അല്ലാട്ടോ… എന്റെ എട്ടന് നിങ്ങളെ ഒരുപാട് ഇഷ്ടാണ്… അതു കൊണ്ടു മാത്രം… ” അവൻ മറുപടിയൊന്നും പറഞ്ഞില്ല… അവൾ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്ത് അകന്നു പോകുന്നതും നോക്കി അവൻ നിന്നു.. പിന്നെ കാൾ ബട്ടൺ പ്രസ്സ് ചെയ്ത് ഫോൺ കാതോടു ചേർത്തു…. ** സ്കൂട്ടി പാർക്ക്‌ ചെയ്ത ശേഷം അവൾ ധൃതിയിൽ കമ്പ്യൂട്ടർ സെന്ററിന്റെ പടികൾ ഓടിക്കയറി…. സമയം എട്ടുമണി കഴിഞ്ഞിരുന്നു… പടികൾ കയറി ചെല്ലുമ്പോൾ കാണുന്നത് കമ്പ്യൂട്ടർ സെന്ററിന്റെ ഷട്ടർ തുറക്കുന്ന നീരവിനെയാണ്… സ്റ്റുഡന്റസ് കയറിയതിന്റെ പിന്നാലെ അവളും കയറി… നീരവ് ഒന്നും പറയാതെ കാബിനിലേക്ക് കയറിപ്പോയി… സ്റ്റുഡന്റസ് ക്ലാസ്സിലേക്ക് കയറി പോയപ്പോൾ ആദ്യം എങ്ങോട്ട് പോകും എന്ന് അറിയാതെ അവൾ നിന്നു…

“ജനനി… ” നീരവ് വിളിക്കുന്നതു കേട്ടതും അവൾ വേഗം ചെന്നു… “ഗുഡ് മോർണിംഗ് സർ.. ” അവൾ വിഷ് ചെയ്തു… “സമയം എത്രയായി? ” ഗൗരവത്തോടെ നീരവ് തിരക്കി… “എട്ടു മണി കഴിഞ്ഞിട്ട് പത്തു മിനിറ്റ് ആകുന്നു… ” “ഹ്മ്മ്.. വൈകുമെങ്കിൽ ആ കാര്യം വിളിച്ചു പറയുക… അല്ലാതെ സ്റ്റുഡന്റ് സിനെ ബുദ്ധിമുട്ടിപ്പിക്കരുത്… ക്ലാസിൽ പൊയ്ക്കോളൂ.. ” “സോറി സർ… ” എന്നു പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു… ഇന്നലെ രാത്രി സർ ഇങ്ങനെ ആയിരുന്നോ… ഈ ഗൗരവം ആ മുഖത്ത് ഉണ്ടായിരുന്നോ.. അവൾ ആലോചനയോടെ തിരിഞ്ഞു നോക്കിയപ്പോൾ പുഞ്ചിരിയോടെ തന്നെ നോക്കിയിരിക്കുന്ന നീരവിനെയാണ് കണ്ടത്… അവൾ കണ്ടെന്നു മനസ്സിലായതും അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു… പുരികം ഉയർത്തി എന്താണെന്ന് തിരക്കിയതും അവൾ വേഗം നടന്നകന്നു…….തുടരും………

ജനനി: ഭാഗം 13

Share this story