പുതിയൊരു തുടക്കം: ഭാഗം 15

പുതിയൊരു തുടക്കം: ഭാഗം 15

എഴുത്തുകാരി: അനില സനൽ അനുരാധ

ആദിയ്ക്ക് ആകെ മരവിപ്പ് തോന്നി… നടക്കാൻ പറ്റുന്നില്ല… ജീവൻ അവളെ ചേർത്തു പിടിച്ച് മുൻപോട്ടു നടത്തിച്ചു… ചവിട്ടു പടികൾ കയറുമ്പോൾ സാരി കാലിൽ തട്ടി അവൾ വീഴാൻ പോയപ്പോൾ ജീവൻ അവളെ ഒന്നു കൂടി മുറുകെ പിടിച്ചു… അകത്തേക്ക് കയറുമ്പോൾ ഇനി കാണാൻ പോകുന്ന കാഴ്ച അവളെ ആശങ്കപ്പെടുത്തി… അകത്തേക്ക് കടന്നതും അപ്പച്ചിയുടെ “അമ്മേ ആദിമോൾ വന്നൂട്ടോ..” എന്നു പറഞ്ഞുള്ള കരച്ചിലാണ് ആദ്യം കാതിൽ തുളച്ചു കയറിയത്… ആദി ചുണ്ടുകൾ കൂട്ടിപ്പിടിച്ചു…

സങ്കടം സഹിക്കാൻ കഴിയുന്നില്ല… മുത്തശ്ശിയെ കിടത്തിയിരുന്നതിന്റെ ഇരു വശത്തുമായി പായ വിരിച്ചിരുന്നു… അവിടെ ഇരിക്കുന്ന ദുർഗ്ഗയെ കണ്ടതും ജീവൻ ആദിയെ അവളുടെ അരികിൽ കൊണ്ടു പോയി ഇരുത്തി.. അതിനു ശേഷം തിരിഞ്ഞു നോക്കിയപ്പോൾ ജയേട്ടനെ കണ്ടു. ജയൻ അവനെ കണ്ണ്‌ കൊണ്ടു അരികിലേക്ക് വിളിച്ചു… അവൻ ആദിയെ ഒന്നു കൂടി നോക്കിയ ശേഷം ഏട്ടന്റെ അരികിലേക്ക് നടന്നു. ആദി ദുർഗ്ഗയുടെ ചുമലിൽ ചാരി മുത്തശ്ശിയെ നോക്കി ഇരുന്നു… വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല… “ചെറിയച്ഛന്റെ മോൾ വന്നോ? ” എന്നു ചോദിച്ച് മുരളി അടുത്തേക്ക് വന്നതും ആദി തേങ്ങലോടെ മുഖം ഉയർത്തി നോക്കി…

ചെറിയച്ഛൻ കരഞ്ഞു കൊണ്ട് അവളുടെ അരികിൽ ഇരുന്നു… “ഇന്നലെ രാത്രി വയ്യാതെ ഹോസ്പിറ്റലിൽ കൊണ്ടു പോകുന്നതിന് മുൻപ് കൂടി ചോദിച്ചു അമ്മ എന്റെ കുട്ടി എപ്പോഴാ വരാന്ന്… വിളിപ്പിക്കാം എന്നു പറഞ്ഞപ്പോൾ വേണ്ടെന്നു പറഞ്ഞു… അവൾ വരും.. അല്ലാതെ അവളെ വിളിച്ച് ബുദ്ധിമുട്ടിപ്പിക്കരുത് എന്ന് പറഞ്ഞു…. ഇടയ്ക്ക് ഹോസ്പിറ്റലിൽ പോയി കിടക്കൽ അമ്മയ്ക്ക് പതിവ് ആണല്ലോ… പക്ഷേ ഇത്തവണ അമ്മ പറ്റിച്ചു… ” “എന്നെ എന്താ ആരും വിളിക്കാഞ്ഞത്? വന്നേനെ അല്ലോ ഞാൻ…” അവൾ കരച്ചിലോടെ തിരക്കി… അവൾ മുത്തശ്ശിയെ നോക്കി… മുഖത്ത് ഐശ്വര്യത്തിനു ഒരു കുറവും വന്നിട്ടില്ല… വലത്തേ കവിളിനു താഴെയുള്ള കറുത്ത മറുക് തെളിഞ്ഞു കാണുന്നുണ്ടായിരുന്നു …

അവൾ മുത്തശ്ശിയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു… ആ മറുകിൽ പതിയെ തലോടി… “എന്നെ വേണ്ടാണ്ടായോ മുത്തശ്ശിയ്ക്ക്.. എന്നെ കാണാൻ നിൽക്കാണ്ട് എങ്ങോട്ടാ പോയത്? ” അവൾ മെല്ലെ തിരക്കി… കണ്ണുകൾ ഉയർത്തി നേരെ നോക്കിയപ്പോൾ ഭിത്തിയിൽ ചാരി ഇരിക്കുന്ന കിച്ചേട്ടനെയാണ് കണ്ടത്… മുടിയെല്ലാം അലങ്കോലമായി കണ്ണും മുഖവും എല്ലാം ചുവന്ന് കിച്ചു ഇരിക്കുന്നുണ്ടായിരുന്നു… അവൻ അവളെയും കണ്ടു… അവന്റെ കണ്ണുകൾ നിറഞ്ഞു തൂകി… ചുണ്ടുകൾ കൂട്ടി പിടിച്ച് അവൻ മുഖം തിരിച്ചു കളഞ്ഞു… ആ കാഴ്ചയിൽ ആദിയും തകർന്നു പോയി… താൻ കാരണം മുത്തശ്ശിയുടെ കയ്യിൽ നിന്നും എത്രയോ അടി വാങ്ങിയിരിക്കുന്നു കിച്ചേട്ടൻ…

എന്നാലും മുത്തശ്ശി എന്നു വിളിച്ച് പിന്നാലെ നടന്നോളും… അവൾ മുത്തശ്ശിയുടെ മുഖത്തേക്ക് വീണ്ടും നോക്കി… “കുളിപ്പിക്കാൻ എടുക്കാൻ നേരമായി… ” എന്ന് ആരോ അകത്തു വന്നു പറഞ്ഞു… ആദി ദുർഗ്ഗയുടെ അരികിലേക്ക് നീങ്ങി ഇരുന്നു… മുത്തശ്ശിയെ എടുത്തു കൊണ്ടു പോയപ്പോൾ ദുർഗ്ഗ ആദിയുടെ മടിയിൽ തല വെച്ചു കിടന്നു.. ആദി തളർച്ചയോടെ ചുമരിലേക്ക് ചാരി ഇരുന്നു… കർമ്മങ്ങൾ ചെയ്യുന്നതെല്ലാം മറ്റേതോ ലോകത്ത് ഇരുന്ന് കാണുന്നതു പോലെ തോന്നി ആദിയ്ക്ക്… കണ്ണിൽ ആകെ ഒരു പുക വന്ന് മൂടിയതു പോലെ… കാഴ്ചകൾ എല്ലാം അവ്യക്തമായിരുന്നു… മുത്തശ്ശിയെ നമസ്കാരിക്കാൻ ആയി എഴുന്നേറ്റതേ ആദിയ്ക്ക് ഓർമ്മ ഉണ്ടായിരുന്നുള്ളു… കുഴഞ്ഞു താഴേക്കു ഊർന്നു വീണു… ***

“ഞങ്ങളെ ഇന്നലെ തന്നെ അറിയിക്കാഞ്ഞത് ശരിയായില്ല ഏട്ടാ… ഇവിടെ മുത്തശ്ശി വയ്യാതെ കിടക്കുമ്പോൾ.. ശ്ശെ… ” ജീവൻ തല കുടഞ്ഞു… “അതിനു ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന് മുൻകൂട്ടി അറിയാൻ പറ്റുമോ ജീവാ… പിന്നെ ഇപ്പോൾ അവളെ അറിയിക്കേണ്ട എന്ന് ഇന്നലെ മുത്തശ്ശി തന്നെയാ പറഞ്ഞത്. പിന്നെ ഇടയ്ക്ക് ഇങ്ങനെ വയ്യാതെ ഹോസ്പിറ്റലിൽ കിടക്കാറുണ്ടെന്ന് ദുർഗ്ഗയും പറഞ്ഞു. ഇന്ന് പുലർച്ചെയാണ് വലിവ് കൂടിയത്…” “അവൾക്ക് മുത്തശ്ശിയെ ജീവനോടെ ഒന്നു കാണാൻ പറ്റിയില്ലല്ലോ… അതോർത്തിട്ടാ എനിക്ക്… ” “ഇനി കഴിഞ്ഞു പോയതിനെ കുറിച്ച് ഓർത്തിട്ടു ഒരു കാര്യവും ഇല്ല. നീ പോയി ആദിയെ നോക്കിയിട്ട് വാ…” “ഹ്മ്മ്.. വീട്ടിലേക്ക് ഒന്നു പോയി വരാം ഏട്ടാ.

ഒറ്റ ഇരുപ്പ് അങ്ങനെ ഡ്രൈവ് ചെയ്തതല്ലേ. ആകെ ഒരു സുഖം തോന്നുന്നില്ല… ” “നമുക്ക് പോകാം. നീ ആദ്യം അവളുടെ അടുത്തേക്ക് പോയിട്ട് വാ… ” ജീവൻ അകത്തേക്ക് ചെല്ലുമ്പോൾ അപ്പച്ചിയുടെ മടിയിൽ തല വെച്ച് ആദിയും ദുർഗ്ഗയും കിടക്കുന്നുണ്ടായിരുന്നു… കുറച്ചു മാറി അഭിയും കിച്ചുവും വല്യച്ഛന്റെ മക്കളായ സന്തോഷും സന്ദീപും ഇരിക്കുന്നുണ്ടായിരുന്നു.. ജീവൻ എല്ലാവരെയും ഒന്നു നോക്കി… കിച്ചു നിലവിളക്കിലേക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു… ജീവൻ ആദിയുടെ അരികിൽ പോയി ഇരുന്ന് അവളുടെ തോളിൽ ചെറുതായി തട്ടി.. വീർത്ത കൺപോളകൾ അവൾ വലിച്ചു തുറന്നു… അവളുടെ കോലം കണ്ടപ്പോൾ ജീവനു സങ്കടം വന്നു… രാവിലെ വരെ ഉണ്ടായിരുന്ന എല്ലാ സന്തോഷവും കെട്ടടങ്ങി പോയി… “ഞാൻ ഒന്നു വീട്ടിൽ പോയിട്ട് വരാം… ” അവൾ തലയാട്ടി.. അമ്മയോട് പറഞ്ഞ് ഏട്ടന്റെ കൂടെ വീട്ടിലേക്ക് തിരിച്ചു… ***

കിച്ചു മുറിയിൽ പോയി കിടന്നു… ഹിമ വന്നു വിളിച്ചപ്പോഴാണ് അവൻ എഴുന്നേറ്റത്… “നമുക്ക് വീട്ടിൽ പോയാലോ?” ….. “എനിക്ക് ഇവിടെ നിൽക്കുമ്പോൾ തല വേദനിക്കുന്നു… ” “എന്നാൽ നീ നിന്റെ ഏട്ടനെ വിളിച്ചിട്ട് പൊയ്ക്കോ… ” “അതു വേണ്ട.. നമുക്ക് ഒരുമിച്ച് പോകാം.” “ഞാൻ വരുന്നില്ല ഹിമേ… അമ്മയെ ഇവിടെ വിട്ടിട്ട് അങ്ങനെ വീട്ടിൽ വന്നു നിൽക്കാൻ പറ്റില്ല… ” “ഇവിടെ എല്ലാവരും ഇല്ലേ? ” “അതിനെന്താ? ” “അല്ലെങ്കിലും അവളെ കണ്ടാൽ പണ്ടേ നിങ്ങൾ അങ്ങനെ ആണല്ലോ… ” അവൾ പതിയെ പിറു പിറുത്തു… അതു കേട്ടതും അവൻ എഴുന്നേറ്റിരുന്നു… “എന്താ നീ ഇപ്പോൾ പറഞ്ഞത്?” ……. “എന്താ പറഞ്ഞതെന്ന്…” “കേട്ടില്ലേ പിന്നെ എന്തിനാ വീണ്ടും ചോദിക്കുന്നത്? ” “അവളെ കണ്ടാൽ ഞാൻ അങ്ങനെ ആണെന്ന് അറിയാമായിരുന്നെങ്കിൽ പിന്നെ എന്തിനാടീ എന്റെ കഴുത്തിൽ തൂങ്ങിയത്.

ഒരു മരണം നടന്ന വീടായി പോയി. അല്ലെങ്കിൽ ഉണ്ടല്ലോ നിന്റെ ഇമ്മാതിരി വർത്തമാനത്തിനു നിന്നെ ചുമരിൽ നിന്നും വടിച്ചെടുക്കേണ്ടി വരും… ” “ഇപ്പോൾ ഞാൻ പറയുന്നതാണോ കുറ്റം?” അവൾ ശബ്ദം ഉയർത്തിയതും അവൻ എഴുന്നേറ്റു… “നിനക്ക് പറ്റുമെങ്കിൽ കുറച്ചു വിഷം തന്ന് എന്നെ അങ്ങ് കൊന്നേക്ക്… ഒരു തരി സമാധാനം തരില്ലെന്ന് വെച്ചാൽ… എന്റെ മുത്തശ്ശിയാണെടീ ഇന്ന് മരിച്ചു പോയത്… മടുത്തു… മടുത്തു പോയി എനിക്ക്… ” ബൈക്കിന്റെ ചാവി എടുത്ത് മുറിയിൽ നിന്നും ഇറങ്ങി… അകത്തും ഉമ്മറത്തും ആയി ഇരിക്കുന്നവരെ ആരെയും നോക്കിയില്ല… “എങ്ങോട്ടാ കിച്ചു? ” പുറകിൽ വന്നു കൊണ്ടു മുരളി തിരക്കി… “ഞാൻ… കുഞ്ഞമ്മാവാ… ആ പ്രവിയെ ഒന്നു വിളിച്ചേക്ക്… ഹിമയ്ക്ക് തലവേദന…

അവളെ വന്നിട്ട് ഒന്നു കൊണ്ടു പോകാൻ പറയൂ… ” “അതു ഞാൻ പറയാം… നീ എവിടേക്കാണെന്ന് പറഞ്ഞിട്ട് പോ മോനെ…” “ഒന്നിനും വയ്യ… ഒന്നും പറയാനും വയ്യ… ഞാൻ വരാം…” എന്ന് പറഞ്ഞു പോകുന്ന കിച്ചുവിനെ മുരളി വേദനയോടെ നോക്കി നിന്നു… ബൈക്ക് ചീറി പാഞ്ഞ് പോയി… ശബ്ദം കേട്ട് എല്ലാവരും അവൻ പോയ വഴിയിലേക്ക് നോക്കി… “അവൻ എങ്ങോട്ടാ പോയത്? ” അഭി തിരക്കി… “അറിയില്ല… ഞാൻ പ്രവിയെ ഒന്നു വിളിക്കട്ടെ…” എന്നു പറഞ്ഞ് അകത്തേക്ക് പോയി… കുറച്ചു കഴിഞ്ഞു പ്രവി വന്ന് ഹിമയേയും മോനെയും കൂട്ടി കൊണ്ടു പോയി… ** കടൽകാറ്റേറ്റ് മണൽ പരപ്പിൽ കിച്ചു കിടന്നു… ഏകാന്തതയോട് അവനു കൂട്ടു കൂടാൻ തോന്നി… അമ്മയും അപ്പുവും അവർ മാത്രമാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്…

അല്ലെങ്കിൽ എല്ലാം അവസാനിപ്പിച്ചു സ്വസ്ഥമായി ഉറങ്ങാമായിരുന്നു… മുത്തശ്ശിയെ പോലെ ഒരിക്കലും ഉണരാത്ത ഒരു ഉറക്കം… പെട്ടെന്ന് ഒരു കാറ്റ് വന്നു അവനെ ആകെ ഉഴിഞ്ഞു കടന്ന് പോയി… അവൻ കണ്ണ് അടച്ചു തുറന്നപ്പോൾ മുത്തശ്ശി അവന്റെ അരികിൽ ഇരിക്കുന്നുണ്ടായിരുന്നു… അവൻ കണ്ണുകൾ തിരുമ്മി ഒന്നു കൂടി നോക്കി… “മുത്തശ്ശി പോയില്ലേ അപ്പോൾ? ” അവൻ ഞെട്ടലോടെ തിരക്കി. “എന്റെ കുട്ടി ഇങ്ങനെ സങ്കടപ്പെടുമ്പോൾ മുത്തശ്ശി എങ്ങനെ തനിച്ചാക്കി പോകും…” അവന്റെ മുടിയിഴയിൽ തലോടി മുത്തശ്ശി തിരക്കി… “അപ്പോൾ എന്നെ കൊണ്ടു പോകാൻ വന്നതാണോ? ” “കൊണ്ടു പോകട്ടെ ഞാൻ? ” കിച്ചു ഒന്നും പറയാതെ ആലോചനയോടെ കിടന്നു… “വരുന്നുണ്ടോ കിച്ചൂട്ടാ? ”

“അമ്മയെയും മോനെയും ഒന്നു കൂടി കാണണം എന്നുണ്ട്… ഞാൻ കൂടി വന്നാൽ അവർക്ക് പിന്നെ…. ” അവൻ പൂർത്തിയാക്കാൻ കഴിയാതെ നിർത്തി… “ആരു ഇല്ലെങ്കിലും അവരെ നോക്കാൻ മുരളിയും വരദയും ഉണ്ടാകും… ” “എന്നാൽ പിന്നെ ഞാനും വരാം അല്ലേ? ” “അവളെ കാണണ്ടേ നിനക്ക്?” “ഹിമയെ കാണണ്ട…” “ആദി… അവളെ കാണണ്ടേ?” “വേണ്ട… ഞാൻ അവളുടെ ആരും അല്ലല്ലോ… ശരിക്കും എന്നെ ചതിച്ചതും എന്റെ ജീവിതം ഇങ്ങനെ ആക്കിയതും ഹിമയല്ല മുത്തശ്ശി…. ആദി…. അവളാണ് എന്നെ വലിച്ചെറിഞ്ഞു കൊടുത്തത്… സാരമില്ല… എന്റെ വിധി…” “അവളെ ശപിക്കരുത്… ” “അല്ലെങ്കിലും അവളെ അല്ലേ ഇഷ്ടം… സ്നേഹം അവൾക്കും അടി എനിക്കും… ” “ഒന്നു പോടാ ചെറുക്കാ…

അവളെ അടിക്കാൻ സമ്മതിക്കാത്തവൻ നീ അല്ലേ… നിനക്ക് അല്ലായിരുന്നോ അവളെ കൂടുതൽ ഇഷ്ടം… കഥ പറഞ്ഞ് ഇരിക്കാതെ എഴുന്നേറ്റു വാ.. നേരം വൈകുന്നു… ” കിച്ചു നിലത്ത് കൈ കുത്തി എഴുന്നേറ്റു… നോക്കുമ്പോൾ അടുത്ത് മുത്തശ്ശിയെ കാണുന്നുണ്ടായിരുന്നില്ല… അവൻ ചുറ്റും നോക്കി… ആരെയും കാണുന്നില്ലായിരുന്നു… ഒരു രൂപം കടലിലേക്ക് ഇറങ്ങി പോകുന്നത് പോലെ തോന്നിയതും അവൻ പുറകിലായി ഓടി ചെന്നു… ** നേരം കടന്നു പോയി കൊണ്ടിരുന്നു. മുരളി അസ്വസ്ഥതയോടെ ഉമ്മറത്തു അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇടയ്ക്ക് നോട്ടം പടിപ്പുരയിലേക്ക് നീളും… “ചെറിയച്ഛൻ ഇവിടെ കുറച്ചു നേരം വന്നിരിക്ക്… ” സന്തോഷ് പറഞ്ഞു. “ഈ രാത്രിയിൽ അവൻ ഇതു എവിടെ പോയി കിടക്കാണ്…”

നെഞ്ചിൽ തടവി കൊണ്ട് മുരളി പറഞ്ഞു. അഭി മുരളിയെ പിടിച്ച് കസേരയിൽ ഇരുത്തി… അതിന് ശേഷം വീണ്ടും കിച്ചുവിന്റെ ഫോണിലേക്ക് വിളിച്ചു നോക്കി … “നീ ഇത് ആരെയാ മോനെ വിളിക്കുന്നത്? ” മുരളി തിരക്കി. “കിച്ചുവിനെ… സ്വിച്ച് ഓഫ്‌ ആണ്… ” “ആ ഫോൺ ഇനി ഓൺ ആവില്ല… ഇനി വിളിച്ചു നോക്കണ്ട…” “അതെന്താ ചെറിയച്ഛാ? ” സന്തോഷ്‌ തിരക്കി. “അവനു ഇപ്പോൾ ഫോൺ ഇല്ല…” “ഇല്ലെന്നോ? ” “അതേടാ.. അതവൻ പൊട്ടിച്ച് കളഞ്ഞു എന്നാ ചേച്ചി പറഞ്ഞത്… ” “അല്ലെങ്കിലും ഇപ്പോൾ അവന്റെ സ്വഭാവം ശരിയല്ല… ഇപ്പോൾ ഇങ്ങനെ പറയാൻ പറ്റിയ സാഹചര്യം അല്ല. എന്നാലും പറയാണ്…

ആദിയെ കുറിച്ച് അവൻ എന്തൊക്കെയാ പറയുന്നത്… കല്യാണത്തിന്റെ അന്ന് ഫോട്ടോ എടുക്കാൻ കയറുമ്പോൾ ആദിയും അവനും വേറെ ഫാമിലി ആണെന്ന് വരെ പറഞ്ഞു…” മുരളി ഒന്നും പറയാതെ വേദനയോടെ ചിരിച്ചു… “ശരിയാ അവൻ ആകെ മാറിപ്പോയി… ” സന്തോഷും പറഞ്ഞു. “അവൻ മാറിയതല്ലല്ലോ… മാറ്റിയതല്ലേ… ഉള്ളിൽ കരഞ്ഞാണ് അവൻ നടക്കുന്നത്. ആരു കണ്ടില്ലെങ്കിലും എനിക്ക് കാണാം അത്.. നീറി തീരും എന്റെ മോൻ… അതൊന്നും കാണാൻ എനിക്കു വയ്യ എന്റെ ഈശ്വരന്മാരെ… എന്റെ കുട്ടിയെ ഒരു ആപത്തും കൂടാതെ ഇങ്ങോട്ടു എത്തിക്കണേ…” മുരളി പറഞ്ഞു… “ആരു മാറ്റിയതാണെന്ന്? ” സന്തോഷ്‌ തിരക്കി… ജീവനും ജയനും ഉമ്മറത്തേക്ക് വന്നു…

“അപ്പച്ചി നല്ല കരച്ചിലാണ്… അവനെ ഇനി എവിടെ പോയി അന്വേഷിക്കും” ജയൻ തിരക്കി. “ഇനി ഹിമയുടെ അടുത്തേക്ക് പോയിട്ടുണ്ടാകുമോ? ” സന്തോഷ്‌ തിരക്കി. “ഞാൻ പ്രവിയെ ഒന്നു വിളിച്ചു നോക്കട്ടെ… ” അഭി പറഞ്ഞു. “അവിടെ ചെന്നിട്ടില്ലെന്ന്… ” കാൾ കട്ട്‌ ചെയ്ത ശേഷം എല്ലാവരോടുമായി അവൻ പറഞ്ഞു. “കിച്ചു പോകാൻ സാധ്യത എവിടെയാ?” ജീവൻ തിരക്കി. “അമ്പലം കഴിഞ്ഞു പോയാൽ ഒരു കുന്നുണ്ട്… ആദ്യമൊക്കെ ഞങ്ങൾ രാത്രി അവിടെ കൂടാറുണ്ടായിരുന്നു… അവനും അവിടെ ഇരിക്കാൻ ഇഷ്ടാണ്… കല്യാണം കഴിഞ്ഞപ്പോൾ തൊട്ട് അവൻ കുറച്ചു മാറി നിൽക്കുന്ന പോലെയാ.

അതു കൊണ്ട് ഇപ്പോഴത്തെ ഇഷ്ടമൊന്നും അറിയില്ല.. ” അഭി പറഞ്ഞു… “എന്നാൽ നമുക്ക് അവിടെ ഒന്നു പോയി നോക്കിയാലോ? ” ഒരു ബൈക്ക് വരുന്ന ശബ്ദം കേട്ടതും എല്ലവരും എഴുന്നേറ്റ് മുറ്റത്തേക്ക് നോക്കി… പ്രവി ബൈക്കിൽ നിന്നും ഇറങ്ങുന്നത് കണ്ടതും എല്ലാവരുടെയും മുഖത്ത് നിരാശ പടർന്നു… “എന്താ പ്രശ്നം? ” പ്രവി ഉമ്മറത്തേക്ക് കയറി കൊണ്ട് വെപ്രാളത്തോടെ തിരക്കി… “കിച്ചു ഇതുവരെ എത്തിയിട്ടില്ല…” അഭി പറഞ്ഞു. “അവൻ ഈ രാത്രി ഇതു എവിടെ പോയതാകും? ” പ്രവി ആലോചനയോടെ തിരക്കി… “മനസമാധാനം കിട്ടുന്ന എവിടേക്കെങ്കിലും പോയിട്ടുണ്ടാകും… പോകട്ടെ… എന്നാലെ ചിലരൊക്കെ പഠിക്കൂ… ” എന്ന് പറഞ്ഞ് മുരളി എഴുന്നേറ്റ് അകത്തേക്ക് പോയി. പ്രവി തിണ്ണയിൽ കയറി ഇരുന്നു…

സമയം രാത്രി പന്ത്രണ്ട് ക്ലോക്കിൽ അടിച്ചു… “കിച്ചു…” എന്ന് വിളിച്ചു സേതു കരയുന്നത് കേട്ടതും എല്ലാവരും അകത്തേക്ക് പാഞ്ഞു… “ഏട്ടാ എന്റെ മോന് എന്തോ പറ്റിയിട്ടുണ്ട്… ” എന്നു പറഞ്ഞ് പ്രേമന്റെ കൈ പിടിച്ച് സേതു കരഞ്ഞു… “അവൻ വരും… നീ ഇങ്ങനെ പേടിക്കാതെ. ചെറിയ കുട്ടി ഒന്നും അല്ലല്ലോ…” “ചെറിയ കുട്ടി ആണേൽ പേടിക്കാൻ ഇല്ലായിരുന്നു… ഇതിപ്പോൾ വളർന്നു വലുതായപ്പോഴാണ് പേടി… പുറത്തു കാണിക്കുന്ന ചൂടത്തരമേയുള്ളു… മനസ്സിന് കട്ടി പോരാ… ഒരിക്കൽ ജീവിതം അവസാനിപ്പിക്കാൻ നോക്കിയതാ എന്റെ കുട്ടി… ഓർക്കും തോറും ആധി കൂടാണ്…” അപ്പച്ചിയുടെ വാക്കുകൾ എല്ലാം ആദി തളർച്ചയോടെ കേട്ടിരുന്നു… “അതെല്ലാം കഴിഞ്ഞു പോയതല്ലേ അപ്പച്ചി. ഇപ്പോൾ അവനു ഒരു കുടുംബം ഇല്ലേ..

ഭാര്യയും കുഞ്ഞും ഇല്ലേ… പിന്നെ എന്തിനാ വെറുതെ ഇങ്ങനെ പേടിക്കണത്? ” അഭി തിരക്കി… “ആർക്കും അറിയില്ല അവന്റെ വേദന. ഇത്രയും കാലം ആരെയും അറിയിച്ചിട്ടും ഇല്ല. കല്യാണം കഴിഞ്ഞതിൽ പിന്നെ അവളെ സ്നേഹിക്കാനെ എന്റെ മോൻ ശ്രമിച്ചിട്ടുള്ളു… സംശയത്തിന്റെ കണ്ണിൽ കൂടി അല്ലാതെ അവനെ സ്നേഹിക്കാൻ അവൾക്ക് അറിയില്ല… അന്ന് മരിച്ചാൽ മതിയായിരുന്നു എന്ന് അവൻ കരഞ്ഞു പറഞ്ഞു എന്നോട്… എല്ലാവരും കൂടി അവന്റെ ജീവിതം… ” പറഞ്ഞു മുഴുവിപ്പിക്കാൻ കഴിയാതെ അവർ പൊട്ടി കരഞ്ഞു… ജീവൻ ആദിയെ നോക്കി … അവൾ ചുമരിൽ ചാരി ഇരിപ്പുണ്ട്…

ഇരു ചെന്നിയിലൂടെയും ഒഴുകുന്നത് കണ്ണുനീരല്ല… മുറിവേറ്റ ഹൃദയത്തിൽ നിന്നും രക്തം പുറത്തേക്കു ചിന്തുന്നതാണെന്ന് തോന്നി പോയി അവന്.. പ്രവി വേഗം ഉമ്മറത്തേക്ക് നടന്നു… തൊട്ട് പിന്നാലെ ജീവനും… “പ്രവി… ” ജീവൻ അവനെ പുറകിൽ നിന്നും വിളിച്ചു… പ്രവി നിന്നു… “നിങ്ങൾ നിങ്ങളുടെ അനിയത്തിയുടെ താളത്തിനു ഒത്തു തുള്ളിയതിന്റെ ഫലമാണ് ഇപ്പോൾ ആ അമ്മയുടെ കണ്ണിൽ നിന്നും ഒഴുകുന്നത്…” പ്രവി നിശബ്ദനായി… “അവളോട്‌ പോയി ചോദിച്ചു നോക്ക്… ഇനി അവളോട്‌ എന്തെങ്കിലും പറഞ്ഞിട്ടാണോ പോയതെന്ന്…” പ്രവി മറുപടിയൊന്നും പറയാതെ മുൻപോട്ടു നടന്നു… ജീവൻ അഭിയേയും കൂട്ടി കുന്നിന്റെ അരികിലേക്ക് കിച്ചുവിനെ തിരഞ്ഞ് പോകാൻ ഇറങ്ങി…….തുടരും

പുതിയൊരു തുടക്കം: ഭാഗം 14

Share this story