പ്രിയസഖി: ഭാഗം 2

പ്രിയസഖി: ഭാഗം 2

എഴുത്തുകാരി: ശിവ നന്ദ

ഓടിച്ചെന്ന് ഏട്ടനെ കെട്ടിപിടിച്ചപ്പോഴേക്കും എന്റെ കണ്ണിൽ നിന്ന് അണകെട്ട് പൊട്ടിയൊഴുകാൻ തുടങ്ങി. “അയ്യേ…എന്റെ കുഞ്ഞാറ്റ കരയുന്നോ…നമ്മൾ ആൺപിള്ളേർ ഇങ്ങനെ കരയാൻ പാടുണ്ടോ??” “ഇന്ന് വരുമെന്ന് എന്താ പറയാഞ്ഞത്?” “പറഞ്ഞിട്ട് വന്നിരുന്നെങ്കിൽ എന്റെ ചുന്ദരി വാവ വയലിനും കെട്ടിപിടിച്ച് ഉറങ്ങുന്നത് കാണാൻ പറ്റുമായിരുന്നോ..” “ഓഹോ… അങ്ങനെയാണല്ലേ” “ഇനി പറ..എന്താ പ്രശ്നം?” “എന്ത് പ്രശ്നം..ഒരു പ്രശ്നവും ഇല്ല…എന്റെ ഏട്ടൻ ഇങ്ങ് എത്തിയല്ലോ” “ഒന്നുമില്ലാതെ നീ എന്റെ മുറിയിൽ കയറില്ലല്ലോ..കാര്യം പറ” ഏട്ടനോട് എല്ലാം പറഞ്ഞ് മനസ്സ് ഒന്ന് ഓക്കെ ആക്കാമെന്ന് കരുതിയപ്പോഴാ അമ്മ കയറി വന്നത്. “എന്റെ പൊന്ന് വേദു..അവനെ ഒന്ന് ശ്വാസം വിടാൻ സമ്മതിക്കുമോ നീ” “അമ്മേ വേണ്ട..

ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ മുന്നിൽ വെച്ച് കുഞ്ഞാറ്റയെ ഒന്നും പറയരുതെന്ന്.ഞാൻ ഓടി പാഞ്ഞ് വന്നത് ഇവളുടെ കുറുമ്പുകൾ കാണാനും ഇവളോട് വഴക്കിടാനും വേണ്ടിയാ” “നീയാണ് ഇവളെ വഷളാക്കിയത്.പെണ്ണിന് ആരെയും പേടിയില്ലാതെ വന്നേക്കുവാ.എന്തെങ്കിലും പറഞ്ഞാൽ തർക്കുത്തരവും” “അമ്മ ഈ പറയുന്ന തർക്കുത്തരം എന്താണെന്ന് അറിയോ ഏട്ടന്…അപ്പുറത്തെ വീട്ടിലെ ആ തള്ള ഇല്ലേ..ശ്രീലത.. അവർ വന്നിട്ട് അമ്മയോട് പറഞ്ഞു എനിക്ക് ആണ്കുട്ടികളും ആയിട്ട് ആണ് കൂട്ട്..അത് അത്ര നല്ലതൊന്നും അല്ലെന്ന്.അപ്പോൾ അവരോട് ഞാൻ പറഞ്ഞു ആന്റിയുടെ മോളോട് ഒന്ന് സൂക്ഷിക്കാൻ പറയണം കാരണം അവൾ കഴിഞ്ഞ ആഴ്ച തേച്ച പയ്യൻ പെട്രോൾ പമ്പിൽ കയറുന്നത് കണ്ടെന്ന്..

അപ്പോൾ തൊട്ട് തുടങ്ങിയതാ ഈ അമ്മ” “പിന്നല്ലാതെ വീട്ടിൽ വന്ന ഒരാളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്” “എന്റെ അമ്മ..കുഞ്ഞാറ്റ അതിന് അവരെ ഒന്നും പറഞ്ഞില്ലല്ലോ..നമ്മുടെ വീട്ടിൽ വന്ന് നമ്മുടെ കൊച്ചിനെ പറഞ്ഞതിന് കുഴപ്പം ഇല്ലേ..അമ്മയോട് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട് ഇമ്മാതിരി ടീമ്സും ആയിട്ട് അധികം അടുപ്പം വേണ്ടെന്ന്” “അല്ലെങ്കിലും ഇവിടെ എന്റെ മനസ്സ് കാണാൻ ആരും ഇല്ലല്ലോ..വന്ന് വന്ന് നിനക്കും ഞാനൊരു ശല്യം ആയി അല്ലേ മോനെ ” അതോടെ എന്റെ കരച്ചിൽ അമ്മ ഏറ്റെടുത്തു.കാര്യം ഈ കാണുന്ന കുറ്റംപറച്ചിൽ ഉണ്ടെന്നേ ഉള്ളു..ആള് വെറും പാവമാ.മ്മടെ അമ്മക്കുട്ടിയുടെ കണ്ണ് നിറഞ്ഞാൽ എനിക്കും ഏട്ടനും സഹിക്കൂല്ല…പുള്ളിക്കാരിയെ ഒന്ന് ചിരിപ്പിക്കാൻ ഞങ്ങൾ കുറേ കഷ്ടപ്പെട്ടു.അപ്പോഴേക്കും അച്ഛനും എത്തി.

ആള് വലിയ ബിസിനസ്സ്മാൻ ഓക്കെ ആണെങ്കിലും വീട്ടിൽ എത്തിയാൽ പിന്നേ ഞങ്ങൾ ആണ് അച്ഛന്റെ ലോകം..ഒരുമിച്ചിരുന്ന് ആഹാരവും കഴിച്ച്..കുറേ സംസാരിച്ചും നേരം പോയത് അറിഞ്ഞില്ല.ഏട്ടൻ വന്നതോടെ എവിടെയോ ഒളിച്ചിരുന്ന എന്റെ ധൈര്യവും സമാധാനവും തിരികെ വന്നു.ആ സന്തോഷത്തിൽ സുഖായിട്ട് കിടന്ന് ഉറങ്ങി. ……………………………… രാവിലെ എഴുനേറ്റ് നേരെ ഏട്ടന്റെ മുറിയിലേക്ക് പോയി.നോക്കുമ്പോൾ ആള് സുഖനിദ്രയിൽ.പാവം ഏട്ടൻ.എത്ര നാളുകൂടിയായിരിക്കും ഇതുപോലെ ഉറങ്ങുന്നത്.ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഏട്ടനെ ശല്യപ്പെടുത്താതെ ഞാൻ പോകുമെന്ന്…ഒരിക്കലും ഇല്ല…ഇന്ന് എന്നെ കോളേജിൽ കൊണ്ടാക്കേണ്ടത് ഏട്ടന്റെ ഡ്യൂട്ടി ആണ്..ആ ആളാണ്‌ പോത്ത് പോലെ കിടന്നുറങ്ങുന്നത്.അപ്പോഴാണ് ഏട്ടന്റെ ഫോൺ ബെല്ലടിച്ചത്.

ചെന്ന് അറ്റൻഡ് ചെയ്തപ്പോഴേക്കും മറുവശത്ത് കട്ട്‌ ചെയ്തു.ആളാരാണെന്ന് നോക്കാമെന്ന് വിചാരിച്ചപ്പോൾ ഫോൺ പാസ്സ്‌വേർഡ്‌ വെച്ച് ലോക്ക് ചെയ്തേക്കുന്നു…എന്തായാലും അതിന്റെ പിറകെ പോകാൻ സമയം ഇല്ലാത്തത് കൊണ്ട് ഏട്ടനെ വിളിച്ചെഴുനേൽപിച്ച് റെഡി ആകാൻ വിട്ടു..ഞാനും പോയി റെഡി ആയി വന്നു. “കണ്ടോ അച്ഛാ…മോൻ വന്നപ്പോൾ ഇഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ അമ്മയ്ക്ക് ഒരു മടിയും ഇല്ല” “അതിന് പുട്ടും പയറും നിന്റെയും ഫേവറൈറ്റ് അല്ലേ വേദു? ” “അത് പിന്നേ എന്റെയും ഏട്ടന്റെയും ഇഷ്ടം ഒന്നല്ലേ..ഞാൻ പറഞ്ഞത് അതല്ല..എനിക്ക് പുട്ട് വേണമെന്ന് പറഞ്ഞാൽ അമ്മ ഉണ്ടാക്കി തരില്ല..ഇന്ന് ആരും പറയാതെ തന്നെ ഉണ്ടാക്കിയല്ലോ” “വേദു മതി നിന്റെ അഭിനയം.കേട്ടോടാ മോനെ..നീ ട്രൈനിങ്ങിന് പോയതിന്റെ പിറ്റേ ദിവസം ഇവിടെ പുട്ടുണ്ടാക്കിയതിന് എന്തൊക്കെ കോലാഹലമാണെന്നോ ഇവൾ കാണിച്ച് കൂട്ടിയത്.

എന്റെ ഏട്ടൻ അവിടെ കഷ്ടപെടുമ്പോൾ നിങ്ങൾ ഇവിടെ ആഹാരവും കഴിച്ച് സന്തോഷിക്കുവാണോ…ഇനി ഏട്ടൻ വരാതെ ഈ വീട്ടിൽ പുട്ട് ഉണ്ടാക്കി പോകരുതെന്നും പറഞ്ഞ് അന്ന് മൊത്തോം പട്ടിണി കിടന്ന മുതല ഇത്” ശരിയാണ് അച്ഛൻ പറഞ്ഞത്..ഏട്ടൻ പോയതിനു ശേഷം ഈ വീട് ഉറങ്ങിയത് പോലെ ആയിരുന്നു..ഏട്ടനെ നോക്കിയപ്പോൾ എല്ലാം കേട്ട് ഒരു പുഞ്ചിരിയോടെ എന്നെ തന്നെ നോക്കിയിരിക്കുന്നു..പിന്നേ ഒട്ടും താമസിച്ചില്ല…ഏട്ടന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.വേറെയൊന്നിനും അല്ല..ഏട്ടൻ വാരി തരാൻ വേണ്ടി.. “ഈ സ്നേഹം എന്നും ഇതുപോലെ കണ്ടാൽ മതി” “ഓ എന്റെ അമ്മ..രാവിലെ തന്നെ വഴക്കിനുള്ള കാരണവും കൊണ്ട് വരുവാണോ?” “വഴക്കിന് അല്ല വേദു..

എത്രയൊക്കെ സ്നേഹം എന്ന് പറഞ്ഞാലും കല്യാണം കഴിഞ്ഞാൽ ഏതൊരു ആണിനും അവന്റെ പെണ്ണ് കഴിഞ്ഞേ ഉള്ളു പെങ്ങൾ.എന്ന് കരുതി സ്നേഹം ഇല്ലെന്നല്ല..എങ്കിലും ഒരു അതിർവരമ്പ് അവിടെ ഉണ്ടാകും.അത് മനസ്സിലാക്കി വേണം മുന്നോട്ട് പോകാൻ” സത്യമാണോ എന്നർത്ഥത്തിൽ ഏട്ടനെ നോക്കിയപ്പോൾ എട്ടൻ ചുമ്മാ എന്ന് പറഞ്ഞ് കണ്ണ് അടച്ച് കാണിച്ചു. “എന്റെ അമ്മ ആ കാര്യത്തിൽ വിഷമിക്കണ്ട.ഇവൾ എന്റെ പെങ്ങൾ അല്ലലോ..എന്റെ കുഞ്ഞാറ്റ അല്ലേ..അതായത് എന്റെ മൂത്ത മോള്..അപ്പോൾ കല്യാണം കഴിഞ്ഞെന്നും പറഞ്ഞ് അതിർവരമ്പ് വെക്കേണ്ടി വരില്ലല്ലോ” “അത് കലക്കി ഏട്ടാ…ഇപ്പൊ അമ്മയ്ക്ക് സമാധാനം ആയോ…ഏട്ടാ..പെട്ടെന്ന് വാ..സമയം ഒരുപാടായി.

ഏട്ടന്റെ ബുള്ളറ്റിൽ ഇരുന്ന് ഇങ്ങനെ പോകുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ…ഹോ പറഞ്ഞറിയിക്കാൻ പറ്റില്ല..ബുള്ളെറ്റ് കോളേജ് ഗേറ്റ് കടന്നപ്പോൾ തന്നെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി..പ്രത്യേകിച്ച് പെൺപിള്ളേർ.കാര്യം വേറൊന്നും അല്ല…എന്റെ ഏട്ടൻ ആളൊരു ചുള്ളൻ ആണേ… “എവിടെ കുഞ്ഞാറ്റെ നിന്റെ ശത്രു?” “ഓ അവളൊക്കെ രാവിലെ തന്നെ പ്രാക്ടിസിന് കയറി കാണും” “ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ…ഇതിന്റെ പേരിൽ ഇനി വിഷമിച്ചിരിക്കരുത്.ഈ പീറകോളേജിൽ ആര് കാണാനാ ഡാൻസ് ഒക്കെ..അത് കൊണ്ട് ഇതിലും വലിയൊരു പ്ലാറ്റ്ഫോം ഏട്ടൻ ശരിയാക്കിത്തരാം…പോരേ” “മതി ഏട്ടാ…ഏട്ടനോട് എല്ലാം പറഞ്ഞപ്പോഴേക്കും എന്റെ വിഷമം ഒക്കെ മാറി” അപ്പോഴാണ് കല്ലു അവിടേക്ക് വന്നത്.അവളുടെ നോട്ടവും എന്റെ ഏട്ടനിൽ തന്നെ.

“ഏട്ടാ..ഇത് കല്യാണി..എന്റെ കല്ലു..കല്ലു ഇതാ എന്റെ ഏട്ടൻ” “ഹായ് ഏട്ടാ” “ഹലോ…താൻ ആണോ എന്നെ കുറിച്ച് കേൾക്കുമ്പോൾ ഓക്കെ പുഛിക്കുന്ന ആള്” “അയ്യോ അത് വെറുതെ..ഇവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി” “ഉം..ശരി ശരി..അപ്പോൾ പോട്ടെ മോളേ..വൈകിട്ട് വിളിക്കാൻ വരണോ?” “വേണ്ട ഏട്ടാ..ഞാൻ വന്നോളാം” “ഉം..ഓക്കേ” …………………. “എന്നാലും എന്റെ വേദു നിന്റെ ഏട്ടൻ ഇത്രയ്ക്കും സ്റ്റൈൽ ആണെന്ന് ഞാൻ വിചാരിച്ചില്ല” “അത് നിന്റെ നോട്ടം കണ്ടപ്പോൾ എനിക്ക് മനസ്സിലായി” “ഇത്രയും ലുക്ക്‌ ഉള്ള ചെക്കനെ കണ്ടാൽ ആരാടി നോക്കാത്തത്..താടിയും കൂടിയുണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ” “താടി ഉണ്ടായിരുന്നതാ….” “പിന്നെന്തിനാ ഷേവ് ചെയ്തത്? ” “എടി ഏട്ടൻ പോയത് IPS ട്രൈനിങ്ങിനു ആണ്.അല്ലാതെ റാമ്പ് വാക്കിന്‌ അല്ലാ.” “ഓ അത് ഞാനങ്ങ് മറന്നു.എവിടെയാ പോസ്റ്റിങ്ങ്‌? ” “ഇവിടെ തന്നെ…ACP ആയിട്ട്” “ഇവിടെയോ???????”

“ഉം എന്തെ?” “അപ്പോൾ നീ ഇനി ആരെ പേടിക്കാൻ ആടി..ACPയുടെ പെങ്ങളെ വിരട്ടാൻ പ്രിൻസി പോലും ഒന്ന് പേടിക്കും” “ഏട്ടൻ ഒരിക്കലും പേർസണൽ കാര്യങ്ങൾക്ക് യൂണിഫോം യൂസ് ചെയ്യില്ല.അത് കൊണ്ട് എസിപിയുടെ പെങ്ങൾ എന്ന ലേബൽ അല്ല..വരുൺ പ്രസാദിന്റെ കുഞ്ഞാറ്റ എന്നതാ എന്റെ ധൈര്യം” ഉച്ചക്ക് കല്ലുവും ആയിട്ട് കറങ്ങി നടക്കുമ്പോൾ ആണ് അലീനയുടെ ഒക്കെ പ്രാക്ടീസ് കാണുന്നത്.ഇതിലും എന്ത് നല്ലതായിരുന്നു ഞങ്ങളുടെ ഡാൻസ്…എന്നിട്ടും…പെട്ടെന്ന് ഏട്ടന്റെ വാക്കുകൾ ഓർമ വന്നു…അങ്ങനെ നടക്കുമ്പോൾ ആണ് വാച്ച്മാൻ പപ്പേട്ടൻ ക്ഷീണിച്ച് ഇരിക്കുന്നത് കണ്ടത്. “പപ്പേട്ട..എന്ത് പറ്റി? ” “ഒന്നുമില്ല കുഞ്ഞേ ആകെയൊരു വല്ലായിമ” “ഹോസ്പിറ്റലിൽ പോകണോ? ” “വേണ്ട കുഞ്ഞേ..രാവിലെ ഒന്നും കഴിച്ചില്ല അതിന്റെയാകും” “ഒന്നും കഴിച്ചില്ലെന്നോ…ഇപ്പൊ ബ്രേക്ക്‌ ടൈം ആണല്ലോ പോയി കഴിച്ചിട്ട് വാ” “ഈ ബ്രേക്ക്‌ ഒക്കെ നിങ്ങൾ കുട്ടികൾക്ക് അല്ലേ..

ഞങ്ങൾക്ക് അങ്ങനെ പ്രത്യേകിച്ച് സമയം ഒന്നുമില്ല” “കൂടുതൽ സംസാരിക്കേണ്ട…പറയുന്നത് കേട്ടാൽ മതി” “അല്ല കുഞ്ഞേ മാനേജർ സാർ വന്നിട്ടുണ്ട്..അദ്ദേഹം തിരിച്ച് പോകുമ്പോൾ എന്നെ ഇവിടെ കണ്ടില്ലെങ്കിൽ കുഴപ്പം ആകും..സാർ പോയിട്ട് ഞാൻ കഴിച്ചോളാം” “അതൊന്നും പറഞ്ഞാൽ പറ്റില്ല.പപ്പേട്ടൻ വരുന്നത് വരെ ഞങ്ങൾ ഇവിടെ നിൽക്കാം..സാർ ചോദിച്ചാൽ ഞങ്ങൾ കാര്യം പറയാം” “എന്നാലും??” “ഒരു എന്നാലും ഇല്ല..വേഗം പോയി കഴിച്ചിട്ട് വാ..ദേ ക്ലാസ്സ്‌ തുടങ്ങാറായി” പപ്പേട്ടൻ ഒന്ന് പുഞ്ചിരിച്ചിട്ട് ചോറ്റുപാത്രവും ആയിട്ട് ക്യാന്റീനിലേക്ക് പോയി..പാവം..ഒരുകാലത്തെ വിപ്ലവ നായക൯ ആയിരുന്നു..കമ്മ്യൂണിസം തലക്ക് പിടിച്ച് ജീവിക്കാൻ മറന്ന് പോയ നേതാവ്..സഖാവിന്റെ സഖിയാകാൻ ഇറങ്ങിത്തിരിച്ച ജാനിയേട്ടത്തി മാത്രമേയുള്ളു ഇപ്പോൾ സ്വന്തമെന്ന് പറയാൻ.

മക്കളില്ലാത്ത ദുഃഖം എന്നെയും കല്ലുവിനെയും കാണുമ്പോൾ മറക്കുമെന്ന പറയുന്നത്.ഓരോന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ് മാനേജറിന്റെ കാർ വരുന്നത് കണ്ടത്.ഞങ്ങളുടെ അടുത്തെത്തി അയാൾ പപ്പേട്ടനെ തിരക്കി.കഴിക്കാൻ പോയെന്ന് പറഞ്ഞപ്പോൾ ഉള്ള അയാളുടെ ഭാവം കണ്ടാൽ തോന്നും പപ്പേട്ടൻ എന്തോ മോഷ്ടിക്കാൻ പോയതാണെന്ന്.അത് വഴി പോയ പ്യൂണിനെ വിട്ട് പപ്പേട്ടനെ വിളിപ്പിക്കുമ്പോൾ അയാളോട് കാര്യങ്ങൾ പറയാൻ ഞാൻ ശ്രമിച്ചു.എന്നാൽ ക്ലാസ്സിൽ പോകാൻ അയാൾ ആജ്ഞാപിച്ചപ്പോൾ അനുസരിക്കാതെ മറ്റ് നിവർത്തി ഇല്ലായിരുന്നു ഞങ്ങൾക്ക്.പോകുന്ന വഴിയിൽ കണ്ടു ഓടി പാഞ്ഞ് വരുന്ന പപ്പേട്ടനെ.ദയനീയമായ ആ നോട്ടത്തിൽ ഉണ്ടായിരുന്നു ഭക്ഷണം കഴിച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളുന്ന്‌. ക്ലാസ്സിൽ ഇരുന്നെങ്കിലും മനസ്സ് മുഴുവൻ ഈ കോളേജിന്റെ രീതികളെ കുറിച്ചായിരുന്നു.

പണത്തിനു വില കല്പിക്കുന്ന ഒരു മാനേജ്മെന്റ്.കുട്ടികളുടെ കഴിവിനും അഭിപ്രായത്തിനും അവർ ചെവി കൊടുക്കാറില്ല.എന്റെ സ്ഥാനത് ഏട്ടൻ ആയിരുന്നെങ്കിൽ എന്നേ ഇതിനൊരു തീരുമാനം ഉണ്ടാക്കിയേനെ.ഇവിടെ എനിക്ക് തനിച്ച്‌ എന്ത് ചെയ്യാൻ പറ്റും?? വൈകുന്നേരം ക്ലാസ്സ്‌ വിട്ട ഉടനെ ഞാൻ പപ്പേട്ടന്റെ അടുത്തേക്ക് പോയി.എന്നെ കണ്ടതും നിറഞ്ഞ ഒരു ചിരിയായിരുന്നു ആ മുഖത്ത്.വിശേഷങ്ങൾ ഓക്കെ ചോദിച്ചു.ഏട്ടനെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ അച്ഛന്റെ മുഖത്ത് കണ്ട അതെ ഭാവം..അഭിമാനം.. നടന്നതിനെ പറ്റി ചോദിച്ചപ്പോൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ ഇതൊന്നും ആദ്യമായിട്ടല്ലല്ലോ കുഞ്ഞേ കാണുന്നതും കേൾക്കുന്നതും.അവരുടെ ശമ്പളത്തിന് ജോലി ചെയ്യുമ്പോൾ അവർ പറയുന്നത് അനുസരിക്കേണ്ടി വരും.അതിൽ എനിക്ക് വിഷമം ഇല്ല.

പക്ഷെ അന്നത്തിന്റെ മുന്നിൽ നിന്നും എഴുനേൽക്കേണ്ടി വന്നപ്പോൾ….” “പപ്പേട്ട…” “ഏയ്‌…സാരമില്ല കുഞേ…ഇവരുടെ ഈ അധികാരം ഒക്കെ തീരാൻ പോകുവല്ലേ” “അതെന്താ പപ്പേട്ട അങ്ങനെ പറഞ്ഞത്?” “ഈ കോളേജിന്റെ എംഡിയും കുടുംബവും നാട്ടിലേക്ക് വരാൻ പോകുന്നു.ഈ കാണുന്നവർ ഒക്കെ ബിനാമികൾ മാത്രമാ.” അപ്പോൾ ഈ കോളേജ് ഒരു വ്യക്തിയുടെ ആയിരുന്നോ..അതെനിക്ക് ഒരു പുതിയ അറിവായിരുന്നു.അച്ഛൻ കൊണ്ട് ചേർത്തു.ഞാൻ വന്ന് ജോയിൻ ചെയ്തു..അല്ലാതെ ഒന്നും അറിയില്ലായിരുന്നു..എന്തായാലും പപ്പേട്ടൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവരുടെ വരവോടു കൂടി കോളേജിൽ കുറേ മാറ്റങ്ങൾ സംഭവിക്കും…….(തുടരും)

പ്രിയസഖി: ഭാഗം 1

Share this story