ചങ്കിലെ കാക്കി: ഭാഗം 6

ചങ്കിലെ കാക്കി: ഭാഗം 6

നോവൽ: ഇസ സാം

റിസപ്ഷൻ കഴിയാറായപ്പോൾ എന്റെ കസിൻസ് എത്തി…ഒപ്പം വൃന്ദയും ഇന്ദുവും….. ശെരിക്കും പറഞ്ഞാൽ കാർമേഘം മൂടി കിടന്ന ആകാശത്തു പിന്നെ ഇടിവെട്ടും പേമാരിയും എന്ന് പറഞ്ഞത് പോലായി പിന്നീടത്തെ കഥ….. രുദ്രയുടെ ചില കൂട്ടുകാർ എന്റെ ജൂനിയർസ് ആയിരുന്നു……എല്ലാരും എന്റെ നൃത്തത്തെ പറ്റി വാചാലരായി ….. പിന്നെ അങ്ങ് പാട്ടും വെച്ചു ….. ആട്ടവും പാട്ടും പണ്ടേ എന്റെ ഒരു ബലഹീനതയാണ്…… ഞാൻ അർജുനേട്ടനെയും മറന്നു കല്യാണവും മറന്നു…ആടി തിമിർത്തു ……. ഇടയ്ക്കു എപ്പോഴോ എന്റെ കണ്ണുകൾ അർജുനേട്ടനുമായി ഉടക്കി…..

കണ്ണുകൾ കുറുകി വല്ലാത്തൊരു ഭാവത്തോടെ കൈപിണച്ചു കെട്ടി എന്നെ നോക്കുന്നു….. അലപം മാറി അമ്മയും കൃഷ്‌ണേച്ചിയും എന്നെ നോക്കുന്നുണ്ട്…… അമർഷത്തോടെ……. അത് അവഗണിക്കാമായിരുന്നു .. എങ്കിലും അർജുനേട്ടന്റെ തീക്ഷണതയേറിയ നോട്ടത്തിൽ എന്റെ ചുവടുകൾക്കു വേഗത കുറഞ്ഞു….. ഞാൻ മെല്ലെ മെല്ലെ ചുവടുകൾ വെച്ച് അർജുനേട്ടന്റെ ഒപ്പം വന്നു നിന്നു….. ആ മുഖത്തേക്കു നോക്കിയില്ല…… വെറുതെ എന്തിനാ നമ്മുടെ ആത്മവിശ്വാസം കളയുന്നെ……അപ്പോഴേക്കും രണ്ടു ചേട്ടന്മാർ വന്നു…. നാൽപതു വയസ്സോളം വരും …. അവർ വന്നു അർജുനേട്ടനു കൈകൊടുത്തു…. എന്നെ നോക്കി പറഞ്ഞു … “പൊളിച്ചു കേട്ടോ മോളേ …….. നമുക്കീ കലിപ്പൻ സാറിനെ ഒന്ന് മെരുക്കി എടുക്കണംട്ടോ …….” രമേഷേട്ടന്റെ ഇളിച്ചു കൊണ്ടുള്ള കുശലാന്വേഷണം…… എനിക്കിട്ടുള്ള ഒരു വെയ്പ്പാണ്…… എനിക്ക് പാട്ടും കോപ്പും ഒന്നും ഇഷ്ടല്ലല്ലോ…… അപ്പൊ… ദാ എന്റെ ഭാര്യ ആടിത്തിമിർത്തു നിൽക്കുന്നു……

ഫാസ്റ്റ് പാസ്സന്ജർ ഇപ്പൊ തുടങ്ങും എന്ന് കരുതി ഞാൻ നോക്കിയതേയുള്ളൂ ….ആരംഭിച്ചില്ലേ …… വൈഗാലക്ഷ്മി ….. “പിന്നെന്താ…… നമുക്കു അർജുനെട്ടേനെ കൊണ്ട് സാൽസാ ഡാൻസ് കളിപ്പിക്കാമെന്നേ …….അല്ലേ അർജുനേട്ടാ …?..” കോപ്പു…..ഞാൻ പല്ലു കടിച്ചു…… ഈ അവസാനത്തെ ആ ചോദ്യം കേൾക്കുമ്പോൾ എനിക്കങ്ങോട്ടു പെരുത്ത് കയറും… ഈശ്വരാ വീട്ടിലേക്കു നടത്തല്ലി കയറ്റേണ്ടി വരുമോ ഈ സാധനത്തിനെ …… “ചേട്ടന്റെ വീട് എവിടാ ……. ചേച്ചി എവിടെ …..? ………………..ബ്ലാ ബ്ലാ ……………………………” ചുരുക്കി പറഞ്ഞാൽ അയാളുടെ കുടുംബം മൊത്തം അവൾ അന്വേഷിച്ചു….. “മോളും സാറും എന്തായാലും വീട്ടിൽ വരണംട്ടോ…….”

രമേശേട്ടന്റെ ക്ഷണവും കൂടി ആയപ്പോൾ പൂർത്തി ആയി…… “മ്മ് ….. നേരം ഇരുട്ടി രമേശേട്ടൻ വിട്ടോളു…….” ഞാനാണെ …… എന്നെ നോക്കി അർത്ഥഗർഭമായ തലകുലുക്കി അയാൾ കടന്നു പോയി…. ഏകദേശം എല്ലാരും പോകാൻ തുടങ്ങിയിരുന്നു….. വൈഗയുടെ അനിയത്തിമാർ വന്നു…… ഞാൻ വളരെ കഷ്ടപ്പെട്ട് ഒരു ചിരി വരുത്തി…… “ഏട്ടാ…… പിരിയൊക്കെ മുറുക്കിയിട്ടില്ലേ ….. ? ” ഒരാൾ…… “എന്താ ……..” ഞാൻ ഗൗരവം വിടാതെ ചോദിച്ചു…… വൈഗ അവളെ നോക്കി കണ്ണുരുട്ടുന്നുണ്ട്…… അപ്പോഴേക്ക് അടുത്തവൾ വന്നു……. “ഏട്ടന് ഒരല്പം കൂടി ഗൗരവം ആവാട്ടോ…….ഇല്ലാണ്ട് ഇവളോട് പിടിച്ചു നിൽക്കാൻ പറ്റില്ലാട്ടോ…..” ഇത്രയും ആയപ്പോൾ വൈഗ അവൾക്കിട്ടു നല്ല പിച്ച് കൊടുക്കുന്നുണ്ട്…… “ഏട്ടാ ഒരു സ്ക്രൂഡ്രൈവർ കരുതിക്കോട്ടോ ……..” അതും വിളിച്ചു പറഞ്ഞു അവളുമാർ ഓടി …… ഞാൻ വൈഗയെ നോക്കിയപ്പോൾ ഒരു ചിരി…… എന്നാലും ചമ്മൽ ഉണ്ട് മുഖത്ത് … എങ്കിലും…..

ആ മുഖത്ത് ഒരു നിഷ്കളങ്കതയുണ്ടോ ..എന്റെ തോന്നലായിരിക്കാം…..ഇവൾക്കോ നിഷ്കളങ്കത……….. “മുഖത്തോടു മുഖം നോക്കി നിക്ക്‌ആ നീയ്യ് …… ഇറങ്ങാം …….” ഞെട്ടി പോയി ഞാൻ …അമ്മാവനാണ്….. എന്റെ അടുത്ത് വന്നു നിൽക്കുന്നു….. അസ്ഥാനത്തെ അച്ഛൻകളി എനിക്ക് ഇഷ്ടല്ല…… ഞാൻ പുള്ളിയെ ഒന്ന് ഇരുത്തി നോക്കി……. ആശാൻ ഒന്ന് പരുങ്ങിയിട്ടു….. “ഓപ്പ പറഞ്ഞു ഇറങ്ങാൻ …… അതാ…….” ‘അമ്മ നിന്ന ദിക്കിലേക്ക് നോക്കി അമ്മാവൻ പറഞ്ഞു… ഞാൻ അമ്മയെ നോക്കി…. അമ്മ എന്നെ നോക്കി ഇറങ്ങാം എന്ന് ആംഗ്യം കാണിച്ചു…… ഞാൻ തലയാട്ടി സ്റ്റേജിൽ നിന്നും ഇറങ്ങി…..പുറത്തേക്കു നടന്നു…..കാറ്ററിംഗ് ആൾക്കാർക്ക് കാശ് കൊടുക്കണം…അവർ എന്നെ കാത്തു നില്പുണ്ട്…. ഞാൻ അങ്ങോട്ടേക്ക് നടക്കുമ്പോൾ കണ്ടു എല്ലാരോടും യാത്ര പറഞ്ഞിറങ്ങുന്ന സുഭദ്രയേയും സൂരജിനെയും…..

എന്റെ ചുവടുകൾക്കു വേഗത കുറഞ്ഞു…..ഒപ്പം രാവിലെ തൊട്ടു എൻ്റെ പിന്നാലെ കൂടിയ ഒരു വളകിലുക്കം ഇപ്പോൾ പിന്നിൽ ഇല്ലാ എന്ന് തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു …… ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു…… അങ്ങു സ്റ്റേജിൽ ദൂരെ ഞാൻ കണ്ടു……ഒറ്റയ്ക്ക് … എന്നെ തന്നെ നോക്കി കൈ കെട്ടി നിൽക്കുന്ന വൈഗയെ …… ആ ചൊടിയിൽ എനിക്കായി ഒരു നറുമന്ദഹാസമുണ്ടായിരുന്നു….. തിരിഞ്ഞു നടക്കുമ്പോഴും അവളിലെ ചിരി എനിക്ക് അസ്വസ്ഥത സമ്മാനിചു…… വൈഗ എന്നോടൊപ്പം ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ടോ ?…….. 🟢🟢🟢🟢🟢🟢🟢🟢🟢 ഈ കാക്കി ഇത് എവിടെ ആവോ …… കൃഷ്ണേച്ചി സെറ്റും മുണ്ടും ഉടുപ്പിച്ചു ഒരു ഗ്ലാസ് പാലും കൊണ്ട് വന്നു തന്നു പോയിട്ട് മണിക്കൂറുകൾ ആയി….

ഭാഗ്യത്തിന് എന്റെ മൊബൈൽ കിട്ടിയത് കൊണ്ട് കുറെ മെസ്സജുകൾ ഒക്കെ അയച്ചും സെൽഫി എടുത്തും സമയം തള്ളി നീക്കി…. സമയം ഇത്രയായിട്ടും ആദ്യരാത്രി ആരംഭിച്ചില്ലേ എന്ന ദ്വയർത്ഥ ചോദ്യങ്ങൾ ആരംഭിച്ചപ്പോൾ ഞാൻ മെല്ലെ മൊബൈൽ ഓഫ് ചെയ്തു….. ഞാൻ മുറിയിൽ നിന്നും മുകപ്പിലേക്കിറങ്ങി….. നടന്നു നടന്നു മുകപ്പിന്റെ അറ്റത്തു എത്തിയപ്പോൾ കേട്ടു അർജുനേട്ടനും അമ്മയും അമ്മാവനും തമ്മിൽ സംസാരിക്കുന്ന ശബ്ദം….. എന്തോ കണക്കും മറ്റു ആണ് എന്ന് തോന്നുന്നു…..തിരിഞ്ഞു നടന്നു….. മുകളിലത്തെ നില ചുറ്റും മുകപ്പും തൂണുകളും അതിനോട് ചേർന്ന ഇരിപ്പിടങ്ങളും ആണ്…… അത് എനിക്ക് ..ഒരുപാടിഷ്ടായി…. നല്ല കാറ്റും വരുന്നു…..ചുറ്റും മരങ്ങളും…ആകാശവും നക്ഷത്രങ്ങളും…..

ഞാൻ അവിടെ ഇരുന്നു…. മുകപ്പിലെ കൈവരിയിൽ എന്റെ മുഖം ചേർത്തു മെല്ലെ ആകാശത്തേക്ക് നോക്കി… നിലാവിൽ കുളിച്ചു നിൽക്കുന്ന വൃക്ഷങ്ങളും ആകാശവും …… ഈശ്വരാ എന്തൊരു ഭംഗിയാണ് ഈ വീടിനു….. ഈ മുകപ്പിനു…ആരും പ്രണയിച്ചു പോകും ….. തീർച്ചയായും ഈ വീട് വെച്ച ആൾ ഒരു നല്ല കാമുകൻ അല്ലെങ്കിൽ ഒരു പ്രണയിനി ആയിരിക്കും…. സ്വന്തം പ്രണയിനിയോട് ഏകാന്തമായി സല്ലപിക്കാനാവുമീ മുഖപ്പു ഉണ്ടാക്കിയത്…… .ആഹാ…..അടിപൊളി…ആദ്യ രാത്രി…. പ്രണയാതുരമായ അന്തരീക്ഷം …… നല്ല കാറ്റ്…നിലാവ്…. മൊബൈലിൽ അതി മനോഹരമായ പ്രണയഗാനം…… ഒന്നുമാത്രം ഇല്ലാ…….പ്രണയം……. ഇനിയുണ്ടാവുമോ……അറിയില്ലാ …ഉണ്ടായാലും …അത് എനിക്ക് മാത്രം ആയിരിക്കട്ടെ…….. എപ്പോഴോ കണ്ണുകൾ അടഞ്ഞു……. നിറച്ചും കുപ്പിവളകളും ചാന്തുപൊട്ടും ബലൂണുകളും നിറഞ്ഞ ഉത്സവപ്പറമ്പു…….

ചെണ്ടമേളം അടുത്ത് കേൾക്കാം……. പക്ഷേ എനിക്കറിയുന്നവരാരുമില്ലാ……ഞാൻ മാത്രം. അച്ഛനും ചെറിയമ്മയും വൃന്ദയും ഇന്ദുവും ദൂരെ ദൂരെ നടക്കുന്നു….ഞാൻ പിന്നിലായി .കൊണ്ടിരിക്കുന്നു…. എത്ര ഓടിയിട്ടും അവരോടൊപ്പം എത്താൻ കഴിയുന്നില്ല …… ഇല്ലാ …കഴിയുന്നില്ല…… ആരോ എന്നെ അവരിൽ നിന്നും ശക്തമായി പിടിച്ചു പിന്നോട്ട് വലിക്കുന്നു…..ആരോ…….. ഞാൻ പെട്ടന്ന് കണ്ണ് തുറന്നപ്പോൾ …..എനിക്കടുത്തായി അർജുനേട്ടനിരിക്കുന്നു….. ” അകത്തു കിടന്നുറങ്ങിയാൽ പോരേ ….. എന്തിനാ ഇവിടെ ഇരുന്നു മഞ്ഞു കൊള്ളുന്നേ ……?” മൊബൈലിൽത്തന്നെ നോക്കി എന്നോട് ചോദിച്ചു…… ഞാൻ മുഖം അമർത്തി തുടച്ചു കൊണ്ട് കാക്കിയെ നോക്കി…… ഈശ്വരാ…. ഇത് എന്ത് സാധനാ ….. ഞാൻ ഉറങ്ങാൻ വന്നിരുന്നു പോലും….

. ഈ മുശകോടനെ കാത്തിരുന്നത്‌ അല്ലേ ……. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഇരിക്കുന്ന അർജുനെട്ടനെ നോക്കി ഞാൻ ഇരുന്നു….. ഇന്ന് ഇയാളോടൊപ്പം ഒരു മുറിയിൽ കഴിയേണ്ട ഞാൻ എന്താ ഇയാളെ ഭയക്കാത്തെ …….. ഒരിക്കൽ പോലും എന്നോട് നന്നായി സംസാരിക്കാത്തെ ഇയാളെ ഞാൻ എന്ത് കൊണ്ട് വെറുക്കുന്നില്ലാ….. പെട്ടന്ന് പുള്ളി എന്നെ നോക്കി….. ” താൻ എന്തിനാ എപ്പോഴും ചിരിക്കൂന്നേ….. തലയ്ക്കു വല്ല കുഴപ്പവും ഉണ്ടോ ….? അരപിരിയാണോ ?” ഈശ്വരാ അർജുനേട്ടൻ ഒറ്റദിവസം കൊണ്ട് എന്നെ മനസിലാക്കിയോ……എന്ന് ഞാൻ അത്ഭുതപ്പെട്ടു….. അർജുനേട്ടന്റെ ആ ചോദ്യം എന്നിൽ വിരിഞ്ഞ മന്ദഹാസത്തെ ഒരു പൊട്ടിച്ചിരിയാക്കി മാറ്റി ……. അപ്രതീക്ഷിതമായ പൊട്ടിച്ചിരി കേട്ടു അർജുനേട്ടൻ വേഗം എന്റെ വാപൊത്തി….. “എന്തിനാ ഉറക്കെ ചിരിക്കൂന്നേ….. ?

മറ്റുള്ളവർ ഉണരും …….. പരിസരബോധം എന്ന സാധനം ഇല്ലാ…തവളകണ്ണീ …” ദേഷ്യത്തിൽ എന്നെ നോക്കി കണ്ണുരുട്ടി…. അപ്പോഴും ആ കൈ ബലപ്പിച്ചു എന്റെ വാ പൊത്തി പിടിച്ചിട്ടുണ്ടായിരുന്നു….ഞാൻ അർജുനേട്ടന്റെ കൈ തട്ടി മാറ്റി…. പിന്നോട്ടിരുന്നു…… “തവളക്കണ്ണോ ….? ആർക്കാ താവളക്കണ്ണു …… അന്നേ പറയണമെന്നു കരുതിയതാ ….ഇയാൾക്ക് അല്ലെ കങ്കാരൂനെ പോലത്തെ കഴുത്തും ….ആനച്ചെവിയും …… ആകെമൊത്തം മാനുഫാക്ചറിങ് ഡിഫെക്ട്…….” എന്റെ വർണ്ണന കേട്ട് കാക്കിയുടെ കണ്ണുതള്ളും അല്ലെങ്കിൽ ഭ്രാന്തു ഇളകും എന്ന് കരുതിയ ഞാൻ ശശി…. ഒരു കുലുക്കവും ഇല്ലാ… എന്നെ എന്തോ നിസ്സാരവത്കരിച്ചുകൊണ്ടു പുള്ളി മൊബൈൽ എടുത്തു കുത്താൻ തുടങ്ങി….. “ഡോ …താൻ പോയി കിടന്നു ഉറങ്ങിയേ ……..” മൊബൈൽ നോക്കി പറഞ്ഞു……

പിന്നെ എനിക്ക് അനുസരിക്കാൻ .മനസ്സില്ല…ഇയാളാരാ….. മ്മൾക്കു പണ്ടേ അനുസരണ ശീലം കുറവാണല്ലോ ….. ഞാനും കാക്കിയെ നിസ്സാരവത്ക്കരിച്ചു അവിടെ തന്നെ ഇരുന്നു…… കുറച്ചു കഴിഞ്ഞു തലപൊക്കി നോക്കി….. ഞാൻ പുരികം പൊക്കി എന്താ എന്ന് ചോദിച്ചു…… ” കുട്ടി അകത്തു പോയി കിടക്കില്യാ ……..” എന്നോടാണെ …. “ഇല്ല്യാ …….” “മ്മ് …..” പുള്ളി അർത്ഥഗർഭമായി .മൂളി……. എന്നിട്ടു മുകളിലേക്ക് നോക്കി …… ഞാനും നോക്കി…… എന്നിട്ടു എന്താ എന്ന് പുരികം പൊക്കി കാക്കിയെ നോക്കി…….. “ഈ ഇരിക്കുന്നതെ എന്റെ സ്ഥലമാണ് ….. ചിലപ്പോ കുഞ്ഞുട്ടൻ കരുതും ഞാനാണ് എന്ന്……..” .കുഞ്ഞുട്ടനോ …..അതാരാ……. വല്ല പൂച്ചയും ആയിരിക്കും….. കാക്കിയുടെ മുഖത്ത് കുസൃതി മിന്നി .മറയുന്നുണ്ട്…….. ഞാൻ ശ്രദ്ധിക്കാൻ പോയില്ല…… കാക്കി മുന്നോട്ടു നടന്നു …

എന്നിട്ടു തിരിഞ്ഞു നിന്ന് …..മുകളിലേക്ക് നോക്കി പറഞ്ഞു…. “ഒന്നും ചെയ്യല്ലേ കുഞ്ഞുട്ടാ …… നമുക്ക് പറ്റിയ ആളേ അല്ലാ ….. അവിടെ ഇരുന്നോട്ടെ……ഇന്നേക്ക് …..” വീണ്ടും ഇയാൾ…… ” അതൊക്കെ ഞങ്ങള് ….നോക്കിക്കൊള്ളാം…… ഒരു പൂച്ചയ്ക്ക് ഇട്ടു വെച്ചിരിക്കുന്ന പേര് കണ്ടില്ലേ …..കുഞ്ഞുട്ടൻ…..” ഞാൻ പുച്ഛം വാരി വിതറി പറഞ്ഞു.. മുകളിലേക്ക് നോക്കി…… ഈശ്വരാ……ഞാൻ പകച്ചു പണ്ടാരമടങ്ങി പോയി……ഒരു പാമ്പു….അല്ല നാഗം…. ഞാൻ കണ്ണടച്ച് ഒറ്റ നിലവിളിയും …… എടുത്തു ചാടിയതും . …അർജുനെറ്റാണ് ഓടി വന്നു എന്റെ വായ് പൊത്തി നെഞ്ചോടെ ചേർത്ത് പിടിച്ചു…… പക്ഷേ ഞാൻ കുതറി വിളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു….. “നിലവിളിക്കല്ലേഡീ….. കുട്ടിപിശാചേ….. എല്ലാരും ഉണരും……….” എൻ്റെ ചെവിയോരം പല്ലിറുക്കി കൊണ്ട് തന്നെ പറഞ്ഞു…..

കുതറും തോറും ആ കൈകൾക്കു ബലം കൂടുന്നതല്ലാതെ കുറയുന്നില്ല എന്ന് മനസ്സിലാക്കിയതും ഞാൻ ഒന്ന് അടങ്ങി …. ആ കൈകളും അയഞ്ഞു ….. ആ നിശ്വാസം എന്റെ മുഖത്തേക്ക് അടിച്ചു…എനിക്ക് അർജുനേട്ടന്റെ തോൾ വരെ കഷ്ടിച്ച് പൊക്കം ഉണ്ടായിരുന്നുള്ളു. ഞാൻ തല പൊക്കി നോക്കിയപ്പോൾ കണ്ടു കുഞ്ഞുട്ടനെ നോക്കി ശ്രദ്ധയോടെ നിൽക്കുന്ന അർജുനേട്ടനെ ……. ഒരു കൈകൊണ്ടു എന്നെ ചേർത്ത് പിടിച്ചിട്ടും ഉണ്ട്……. കുഞ്ഞുട്ടൻ കൈവരിയിലേക്കു ഇഴഞ്ഞിറങ്ങി പുറത്തേക്കിഴഞ്ഞു പോയി….. …. ഭയം കൊണ്ട് ഞാൻ കൂടുതൽ ആ നെഞ്ചിലേക്ക് ചേർന്ന് നിന്നു….. അത് പോയി എന്ന് ഉറപ്പായപ്പോൾ ഞാൻ ഒന്ന് ദീർഘ നിശ്വാസം എടുത്തു….. അർജുനേട്ടനും ഒന്നും മിണ്ടാതെ അടർന്നു മാറി…… ” ഇയാൾക്ക് വല്ല പൂച്ചയും പട്ടിയെയും പെറ്റ് ആക്കിയാൽ പോരെ……. പാമ്പിനെ ……

അർജുനെട്ടൻ നോർമൽ അല്ലാ എന്നാ തോന്നണേ …..” ഞാനാട്ടോ …. “ഉവ്വ്…… ഞാൻ നോർമൽ അല്ല…… പാമ്പിന്റെ അടിയിൽ വന്നിരുന്നു കൂർക്കം വലിച്ചുറങ്ങുന്നവളെ ഉണർത്തി മുറിയിലേക്ക് പറഞ്ഞയക്കാൻ നോക്കിയതാ ഇപ്പൊ കുറ്റം… വല്ല കാര്യം ഉണ്ടോ…… ഈ തവളയെ പാമ്പു വിഴുങ്ങിയിരുന്നെങ്കിൽ മനുഷ്യന് ചെവിയെങ്കിലും കേൾക്കായിരുന്നു……ശല്യം……” അങ്ങനെ എന്തെക്കെയോ പറഞ്ഞു അർജുനേട്ടൻ ഞാൻ ഇരുന്ന സ്ഥലത്തു ഇരുന്നു….. ഞാൻ അർജുനെട്ടനെ നോക്കി നിന്നു….. ഒപ്പം നിലത്തോട്ടും…..കാലിൽ കൂടെ എന്തെക്കെയോ ഇഴയുന്ന പോലുണ്ട്….. നേര്യതു മുണ്ടാണ്……എനിക്കറിയാം..എന്നാലും…..എന്തോ….ഞാൻ കാലു കുടഞ്ഞും നേര്യതു പൊക്കി പിടിച്ചും ഒക്കെ നില്പുണ്ട്….. അർജുനേട്ടൻ അസഹ്യതയോടെ എന്നെ നോക്കി എന്തോ പറയാൻ ആരംഭിച്ചതും …

മൊബൈൽ ബെൽ അടിച്ചു…..സ്‌ക്രീനിൽ അമ്മാവന്റെ ചിത്രം തെളിഞ്ഞു….. അർജുനേട്ടൻ ദേഷ്യത്തിൽ തല കുടഞ്ഞു കൊണ്ട് ഫോൺ ഓൺ ആക്കി…. “ആ അമ്മാവാ……” “അല്ല ….അങ്ങനല്ലാ ……” അർജുനേട്ടൻ പെട്ടന്ന് ചാടി എഴുന്നേറ്റു … “അല്ലന്നേ…… വൈഗ വെറുതെ ……………….. ഒരു നാഗത്തെ കണ്ടു ….ഞാൻ പറയുന്ന കേൾക്കു…….” തല ചൊറിയുന്നുണ്ട്…… കണ്ണൊന്നു ഇറുക്കി അടച്ചിട്ടു….. കണ്ണ് ചുവക്കുന്നുണ്ട്…. “ഉവ്വ്…… അമ്മാവൻ വാതിലും ജന്നലും ഒക്കെ കുറ്റി ഇട്ടു കിടന്നോളു….. ഇനി ഞങ്ങളുടെ വേറെ ശബ്ദം ഒന്നും കേട്ട് ഭയക്കണ്ടാ…. മാത്രമല്ല നാളെ തൊട്ടു വേറെ മുറിയിലും കിടന്നോളു….. ചിലപ്പോൾ മച്ചു ഇടിഞ്ഞു നിങ്ങളുടെ മേലേക്ക് വീണാലോ……” അതും പറഞ്ഞു ദേഷ്യത്തിൽ കാൾ കട്ട് ചെയ്തു…… പകച്ചു നിൽക്കുന്ന എന്നെ നോക്കി ഒറ്റ അലർച്ച…… ” എന്ത് കാണാൻ നിക്ക്‌ആ …..

പോയി കിടന്നു ഉറങ്ങടീ……” ആ അലർച്ച കേട്ടപ്പോൾ ഓടി പോകാൻ തോന്നിയെങ്കിലും ഒരടി വെക്കാൻ പോലും എനിക്ക് പേടിയായി പോയി…. എനിക്ക് പാമ്പിനെ പേടിയാണ്…… അത്രയും ഭയം അർജുനേട്ടനോട് തോന്നുന്നില്ല….. അത് കൊണ്ട് തന്നെ ഞാൻ പരുങ്ങി……വിക്കി …വിക്കി പറഞ്ഞു….. “എനിക്ക് ഒറ്റയ്ക്ക് പോകാൻ പേടിയാ……” എന്നെ മിഴിച്ചു നോക്കി…… ” നീ ഒറ്റയ്ക്കല്ലേ ഇങ്ങോട്ടു വന്നത്….. അതും തൊട്ടപ്പുറത്തെ മുറിയിലേക്ക്…..” തൊട്ടപ്പുറത്തെ മുറിയോ…..എന്ത് ദൂരെയാണ്…..എന്തിനാണ് കുറച്ചു മനുഷ്യർക്ക് ഇത്രയും വലിയ വിശാലമായ വീട്…. ഒരു കൊച്ചു വീട് പോരെ……അതും ചുറ്റും കുറെ മരങ്ങളും…അതിൽ നിന്നൊക്കെ ഇഴജന്തുക്കൾ കയറി വരില്ലേ ….. ഒരു പ്രേതാലയം……ഈശ്വരാ ഈ മനസ്സു വല്ലാത്തൊരു പ്രതിഭാസം തന്നെ…… എത്ര പെട്ടന്നാണ് എന്റെ മനസ്സിലെ ഈ വീടിന്റെ ചിത്രം മാറി മറഞ്ഞത്…….

മനോഹരമായ സൗധത്തിൽ നിന്ന് ഒരു പ്രേതാലയമായി മാറി…… ന്നാലും കാക്കി …അയാളോട് മാത്രം എനിക്ക് ഭയം തോന്നുന്നില്ല….. “എന്ത് നോക്ക്‌ആ …… ? ഒന്ന് പോയി കിടന്നു ഉറങ്ങു എന്റെ വൈഗാ ലക്ഷ്മി……” എന്നെ നോക്കി കൈകൂപ്പി പറഞ്ഞു….. ഞാൻ ദയനീയമായി നോക്കി…… നിലത്തൊക്കെ എന്തോ ഇഴയുന്ന പോലെ എനിക്കപ്പോഴും തോന്നുണ്ടായിരുന്നു……. എനിക്ക് ഒറ്റയ്ക്ക് മുറിയിൽ പോയി കിടക്കാൻ വയ്യ….. എങ്ങേനെയും കാക്കിയെ കുട്ടിയെ മതിയാവുള്ളൂ….. പണ്ടും രാത്രിയും ഇരുട്ടും എനിക്ക് ഭയമാണ്….. അന്നത്തെ ഭയം ഇന്നും എന്നെ വന്നു മൂടുന്നു…. “അർജുനേട്ടാ…..പ്ളീസ് ഒന്ന് വരുമോ….. പ്ളീസ്…… പേടി ആയിട്ടാ……പ്ളീസ്…….” എന്നെ ഒന്ന് നോക്കിയിട്ടു…..എന്തെക്കെയോ പതുക്കെ പറഞ്ഞു കൊണ്ട് മുന്നിലേക്ക് നടന്നു….ഞാൻ ഓടി ഒപ്പം നടന്നു…… മുറിഎത്തിയതും ഞാൻ ഓടി കയറി ..മെത്തയിൽ കയറി ഇരുന്നു…… നിലത്തേക്കും മച്ചിലേക്കും നോക്കി ഇരുന്നു……

പേടിച്ചും ഭയന്നും ചുറ്റും കണ്ണോടിച്ചും അസ്വസ്ഥതയോടെ ഇരിക്കുന്നവളെ കണ്ടപ്പോൾ എനിക്ക് ചിരിയും വന്നു…… എന്തൊക്കെ ബഹളമായിരുന്നു…പകൽ മൊത്തം…..വാചകമടിയും കസർത്തും ഒക്കെ കണ്ടാൽ ഇത് പോലൊരു ധൈര്യശാലി ഇല്ലാ……. ഇപ്പൊ ദേ …നിസ്സാരം ഒരു കുഞ്ഞു നാഗം വന്നപ്പോൾ കഴിഞ്ഞു എല്ലാ പോരും ജാടയും ബഹളവും…എല്ലാം…… “വാതിലടച്ചിട്ടു കയറി വാ അർജുനേട്ടാ….. എന്തെങ്കിലും മുറിയിലേക്ക് കയറും……..” നിലത്തു നോക്കി വിളിച്ചു പറയുന്നവളെ നോക്കി അകത്തു കയറി വാതിലടച്ചു…….. ഞാൻ കുളിച്ചു ഇറങ്ങിയപ്പോൾ കണ്ടു ഒരു ഗ്ലാസ് പാലും പിടിച്ചു കൊണ്ട് നിൽക്കുന്നു….. “പാൽ തണുത്തു പോയി…… ” അവളാട്ടോ…. “നേരം ഒരുപാട് വൈകി…… താൻ കിടന്നോ……. നല്ല ക്ഷീണം ണ്ടാവും……” ഞാൻ അവളെ നോക്കാതെ തന്നെ പറഞ്ഞു….

അവൾ നിരാശ പെട്ടാലോ എന്ന് ഭയന്ന ഞാൻ കേട്ടത്….. “താങ്ക്സ് എ ലോട് അർജുനേട്ടാ….. എങ്ങാനും ചൂടാക്കി കൊണ്ട് വരാൻ പറഞ്ഞാലോ…എന്ന് ഞാൻ ഭയന്നു……. അപ്പൊ…ഗുഡ് നൈറ്റ് ….. ടേബിൾ ലാംപ് ഓഫ് ചെയ്യല്ലേ……എനിക്ക് ഇരുട്ട് പേടിയാണ്…….” അതും പറഞ്ഞു എന്റെ ബെഡിൽ ഓരം ചേർന്ന് തല വഴി മൂടിയവൾ കിടന്നു…… എനിക്കതു ആശ്വാസമായിരുന്നു.. ….. കാരണം എനിക്ക് സ്വസ്ഥത വേണമായിരുന്നു…എന്റേത് മാത്രമായ ലോകത്തിൽ കുറച്ചു നേരമെങ്കിലും എനിക്ക് എന്നെ .വേണം……. തുടരും …. ഇസ സാം…

ചങ്കിലെ കാക്കി: ഭാഗം 5

Share this story