ദാമ്പത്യം: ഭാഗം 26

ദാമ്പത്യം: ഭാഗം 26

എഴുത്തുകാരി: തുഷാര ലക്ഷ്മി

റൂമിന്റെ വാതിൽ അടഞ്ഞു…. അൽപ്പനേരം കാത്തു നിന്ന ശേഷം സജു അടുക്കളയിൽ നിന്നുമിറങ്ങി വെങ്കിയുടെ മുറിയുടെ തൊട്ടടുത്ത മുറിയുടെ മുന്നിലേയ്ക്ക് ചെന്നു…. പതിയെ ആ വാതിലിൽ മുട്ടി…. നിമിഷങ്ങൾക്കകം വാതിൽ തുറന്നു ശ്യം പുറത്തേയ്ക്കിറങ്ങി…. അവന്റെ പുറകിലായി ആകെ തകർന്നു കേട്ടറിഞ്ഞ സത്യങ്ങളുടെ ചൂടിൽ, നീറി പുകഞ്ഞുകൊണ്ടു അരവിന്ദും…. അവന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു…. അടഞ്ഞു കിടന്ന മുറിയുടെ നേർക്കു അവനൊന്നു നോക്കി…പല കാഴ്ചകളും ആ നിമിഷം അവന്റെ മനസിലൂടെ കടന്നു പോയി…ഒടുവിൽ തൊട്ടുമുൻപ് കേട്ട,ഇടയ്ക്ക് വാതിൽ പഴുതിലൂടെ കണ്ട കാഴ്ച്ചയിൽ മനസ്സുടക്കി നിന്നു…..പതിയെ അടുത്ത് കണ്ട സോഫയിലേക്ക് അവനിരുന്നു…. പുറകിലേക്ക് ചാഞ്ഞു കണ്ണുകളടച്ചു കിടന്നു….

ശ്യാമിന് അരവിന്ദിനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നു മനസിലായില്ല….സ്വന്തം ഭാര്യ കാമുകന്റെ കൂടെ ചേർന്നു തന്നെ കൊല്ലാൻ പദ്ധതി തയ്യാറാക്കുന്നത് നേരിൽ കണ്ടു ബോധ്യപ്പെട്ടു നിൽക്കുകയാണവൻ …. ഇപ്പോൾ അവന്റെ തൊട്ടടുത്തു, ഒരു ചുവരിനപ്പുറം അവൾ മറ്റൊരുത്തനൊപ്പം “” ശ്ശേ!!!……”” ശ്യാമിന് അത് ഓർക്കാൻ കൂടി സാധിച്ചില്ല…. അരവിന്ദിന്റെ മനസ്സിലെ സംഘർഷം താൻ ഊഹിക്കുന്നതിനും അപ്പുറമാണെന്നവന് മനസിലായി…. ഒരു പാവം പെൺകുട്ടിയെ കണ്ണീര് കുടിപ്പിച്ചവനാണ്….പക്ഷേ വിധി ഇന്നവനെ ക്രൂരമായി ശിക്ഷിച്ചിരിക്കുന്നു… ശ്യാമിന് അഭിയോട് സംസാരിക്കണമെന്നു തോന്നി….. അരവിന്ദ് കൂടെ ഉള്ളതുകൊണ്ട് ഇപ്പോൾ നിർവാഹമില്ല….

ഇപ്പോഴും അരവിന്ദിറിയില്ല അഭിയാണ് അവന് വേണ്ടി സത്യങ്ങൾ തേടി കണ്ടുപിടിച്ചതെന്ന്… താൻ വെറുമൊരു സഹായി മാത്രമാണെന്ന്…. ചേട്ടനോട് അത് പറയരുതെന്ന് അഭിയുടെ കർശന താക്കീതുണ്ട്…… പക്ഷേ അരവിന്ദ് എല്ലാമറിയണം…. അതിനുമുമ്പ് നിമിഷയെ കാണണം….വലിച്ചു പുറത്തിടണം രണ്ടിനെയും……ശ്യം അരവിന്ദിന്റെ അടുത്തേയ്ക്കു ചെന്നു തോളിൽ അവന്റെ കൈ അമർത്തി…അരവിന്ദ് ഒരു ഞെട്ടലോടെ അവനെ നോക്കി….അവന്റെ മുഖത്തെ ഭാവം എന്താണെന്നു ശ്യാമിന് മനസിലായില്ല… ഇങ്ങനെ ഇരുന്നാൽ മതിയോ..? നിന്നെ കൊല്ലാൻ പദ്ധതിയിട്ടവരാണ് ആ മുറിയിലുള്ളത്… ചോദിക്കണ്ടേ അവരോട്..?? വിളിച്ചിറക്കട്ടെ ഞാനാ #%&$*മോളെ…?? ശ്യാമിന്റെ സ്വരത്തിൽ ദേഷ്യവും വെറുപ്പും നിറഞ്ഞിരുന്നു…. വേണ്ടെടാ…. എനിക്കൊന്നിനും വയ്യ….. നമുക്ക് ഇറങ്ങാം…

അന്തംവിട്ടവനെ നോക്കുമ്പോഴേക്കും ഒരിക്കൽ കൂടി ആ അടഞ്ഞു കിടന്ന വാതിലിനുനേർക്ക് നോട്ടമെറിഞ്ഞു വേഗത്തിൽ പുറത്തേക്ക് നടന്നു നീങ്ങിയിരുന്നു അവൻ… അവന് പുറകെ പായാനൊരുങ്ങുമ്പോഴേക്കും സജുവിന്റെ പിൻവിളി എത്തിയിരുന്നു….. വെങ്കിസാർ ഇന്ന് ആ പെണ്ണിനെ വിളിക്കാൻ പോവുന്ന കാര്യം ഞാനാണ് അഭിമന്യു സാറിനെ വിളിച്ചു പറഞ്ഞതെന്നോ, ഈ വീട്ടിൽ ഒളിച്ചിരിക്കാനുള്ള അവസരം ഒരുക്കിയതെന്നോ വെങ്കിസാർ അറിയില്ലേ സാറേ…. അങ്ങേര് എന്റെ തല എടുക്കും… ശബ്ദം താഴ്ത്തിയാണ് സജു അത്രയും പറഞ്ഞത്…. ഇടയ്ക്ക് നോട്ടം വെങ്കിയുടെ മുറിയുടെ നേരെയും പായുന്നുണ്ട്…അവന്റെ മുഖത്ത് ഭയം നിറഞ്ഞിരുന്നു….. താൻ പേടിക്കണ്ട….ആരും ഒന്നും അറിയാൻ പോകുന്നില്ല…ഞങ്ങളിവിടെ വന്നിട്ടുമില്ല, ഒന്നും കണ്ടിട്ടുമില്ല…

താൻ ഞങ്ങളെ അറിയുകയുമില്ല..അത്രേ ഉള്ളു…. വീണ്ടും മുൻപിലേക്ക് നടന്നെങ്കിലും എന്തോ ഓർത്തു തിരികെയെത്തി പേഴ്സിൽ നിന്നു കുറച്ച് കാശെടുത്ത് സജുവിന്‌ നേർക്കു നീട്ടി…. പൈസ വേണ്ട സാറെ… അഭിമന്യു സാർ എനിക്ക് പൈസ തന്നിരുന്നു…. പിന്നെ ഇത് പൈസയ്ക്ക് വേണ്ടി മാത്രമല്ല ഞാൻ നിങ്ങളുടെ കൂടെ നിന്നത്…. ഭർത്താവിനെ വഞ്ചിക്കുന്ന ഒരു $..ന്റെ യഥാർത്ഥ സ്വഭാവം അയാൾക്ക് മനസ്സിലാകുന്നെങ്കിൽ ആകട്ടെ എന്ന് കരുതിയാണ്…അവള് അത്ര കൂറയാണ് സാറേ…ഞാൻ കുറച്ച് നാളായി കാണുന്നതല്ലേ വെങ്കിസാറിന്റെ കൂടെ ഈ വീട്ടിൽ കാണിച്ചുകൂട്ടുന്നതൊക്കെ… അവളുടെ സൂക്കേട് തീർത്തു കൊടുക്കണം…. ഇത്തവണ അവന്റെ സ്വരത്തിൽ അമർഷം നിറഞ്ഞിരുന്നു….

ശ്യം ഒരു ചെറു ചിരിയോടെ അവന്റെ തോളിൽ ഒന്നു തട്ടി വെങ്കിയുടെ മുറിയുടെ നേർക്കു ഒരു നോട്ടമെറിഞ്ഞു മുൻപിലേക്ക് നടന്നു…..അതിനകത്തുള്ളവരോടുള്ള ദേഷ്യം കടിച്ചമർത്തികൊണ്ടു…. റോഡിലേക്കിറങ്ങി കാർ പാർക്ക്‌ ചെയ്തിരുന്നിടത്തേയ്ക്കു നടന്നു…അരവിന്ദിന്റെ കാർ തിരിച്ചറിഞ്ഞാലോ എന്ന് കരുതി തന്റെ കാറിലാണ് വന്നത്….അതും വെങ്കിയുടെ വീട്ടിൽ നിന്നും കുറച്ചു മാറിയാണ് പാർക്ക്‌ ചെയ്തത്….. നടക്കുന്നതിനിടയിൽ അഭിയെ വിളിച്ചു കാര്യങ്ങളറിയിച്ചു… അരവിന്ദിന്റെ പ്രതികരണത്തെ കുറിച്ചും….. . ചേട്ടനെ ശ്രദ്ധിക്കണേ ശ്യാമേട്ടാ…തകർന്നിരിക്കയാവും..അതാ ഒന്നും മിണ്ടാതെ ഇറങ്ങി പോന്നത്…..

ഇന്നിനി ഒറ്റയ്ക്കക്കല്ലേ….. ഒരനിയന്റെ കരുതൽ…ശ്യാമിന് അഭിയോട് ബഹുമാനം തോന്നി ആ നിമിഷം…അവനെ ശത്രുവായി കാണുന്ന ചേട്ടനാണ്….എന്നിട്ടും ചേട്ടനൊരു ആപത്തിൽ പെട്ടപ്പോൾ എല്ലാം മറന്നവൻ സഹായിക്കുന്നു… അല്ലെങ്കിലും അവന് അങ്ങനെ ആകാനേ സാധിക്കു…ആ അച്ഛന്റെയും അമ്മയുടെയും മകനല്ലേ…. ഒരു മകൻ ഭാര്യയെ ഉപേക്ഷിച്ചപ്പോൾ മറ്റൊരു മകൻ അവളെ വിവാഹം ചെയ്യാൻ തയ്യാറായപ്പോൾ അവർ അവന്റെ ഒപ്പം നിന്നു…സ്വന്തക്കാരും,നാട്ടുകാരും കുറ്റപ്പെടുത്തും, പരിഹസിക്കും എന്നുറപ്പിച്ചു കൊണ്ടു…അതിനേക്കാളുപരി രണ്ടു മക്കളും അതിന്റെ പേരിൽ തമ്മിൽ തല്ലും എന്നറിഞ്ഞുകൊണ്ടു…

അധികമാരും ചിന്തിക്കാൻ സാധ്യതയില്ലാത്ത കാര്യം… പക്ഷേ അവർ മൂന്നുപേരുമത് നേരിൽ കാട്ടി തന്നു… മാനസിൽ നന്മയുള്ള മൂന്നുപേർ…അരവിന്ദ് മാത്രം അവർക്കൊരപമാനമായി പോയി…. അവൻ ഓരോന്നോർത്ത് നടന്നു…. ചെറിയൊരു കിതപ്പോടെയാണ് നടന്ന് വണ്ടിക്കരികിലെത്തിയത്…. ആ പൊരിവെയിലിന്റെ കാഠിന്യം ഒന്നുമറിയാതെ എന്തോ ആലോചനയിൽ മുഴുകി കാറിൽ ചാരി നിൽക്കുകയാണ് അരവിന്ദ്…..ചിലപ്പോൾ പുറത്തെ ചൂടിന് അവന്റെ ഉള്ളിലെരിയുന്ന കനലിന്റെ ചൂടും, ചൂരും ഉണ്ടായിരിക്കില്ല…. വണ്ടിയോടിക്കുന്നതിനിടയിലും ശ്യം അരവിന്ദിനെ ഇടയ്ക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു….

കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാഞ്ഞിരിക്കുകയാണ്… ഉള്ളിലുള്ള സംഘർഷം നിയന്ത്രിക്കാൻ എന്നപോലെ മുഷ്ടിചുരുട്ടി ചെറുതായി തുടയിൽ ഇടിക്കുന്നുണ്ട്….. പെട്ടെന്ന് അരവിന്ദ് കണ്ണുകൾ തുറന്നു…. “” നീയെങ്ങനറിഞ്ഞു…???”””” ശബ്ദം പതറാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് അവൻ ചോദിച്ചു…. പറയാം…ഇനിയുമേറെ കാര്യങ്ങൾ നീ അറിയാനുണ്ട്…. ശരിയെന്ന ഭാവത്തിൽ തലകുലുക്കി വീണ്ടുമവൻ കണ്ണുകളടച്ചു…. തുടർന്നങ്ങോട്ട് രണ്ടാളും നിശബ്ദരായിരുന്നു…. ഒരു പാലത്തിനടുത്തായി ശ്യം വണ്ടി ഒതുക്കി നിർത്തി…. രണ്ടാളും പുറത്തേയ്ക്കിറങ്ങി….പുഴയിലേയ്ക്കിറങ്ങുവാനായി ഒരു ചെറുവഴി പാലത്തിനു വലതുവശത്തുണ്ടായിരുന്നു…..

അതുവഴി രണ്ടാളും താഴേയ്ക്കിറങ്ങി… വേനൽ കാലമായതിനാൽ പുഴ വറ്റി മണൽത്തിട്ടകൾക്കിടയിലെ നീർച്ചാലുകൾ മാത്രമായി മാറിയിരുന്നു…പാലത്തിനടിയിലെ തണലിൽ മണൽത്തിട്ടയിലൂടെ നടന്നു രണ്ടാളും ആ പുഴവക്കിൽ ഇരുന്നു….. കുറച്ച് നേരം ഇരുവരും ഒന്നും മിണ്ടിയില്ല… പതിയെ താനറിഞ്ഞ കാര്യങ്ങൾ ഓരോന്നായി അവനെ അറിയിക്കുമ്പോൾ ശ്യം അവന്റെ മുഖത്തെ ഭാവങ്ങൾ കൂടി ശ്രദ്ധിക്കുകയായിരുന്നു….ക്രുരമായ സത്യങ്ങൾ ഹൃദയത്തെ പ്രഹരമേൽപ്പിക്കുമ്പോഴും, അതിൽ ഉള്ളുരുകുമ്പോഴും ഭാവഭേദമൊന്നുമില്ലാതെ അവനോരോന്നും കേട്ടിരുന്നു…. തിരിച്ചറിവുകളുടെ നേരമായിരുന്നു…. ധാരണകളൊക്കെ തെറ്റായിരുന്നു എന്നറിഞ്ഞ നിമിഷങ്ങൾ….

മനസ്സിൽ ദേവിവിഗ്രഹം പോലെ ആരാധിച്ചിരുന്ന ഒരുവൾ ഉണ്ടായിരുന്നു….ആ നിമിഷം മനസിൽ അവൾക്കായി ഒരു ചിത കത്തിതുടങ്ങിയിരുന്നു…. പലതും ഒഴിവാക്കി ശ്യം പറഞ്ഞു നിർത്തി….അവൻ അരവിന്ദിന്റെ മുഖത്തേക്ക് നോക്കി…. അവന്റെ മുഖത്തു ഒരു തരം നിസ്സംഗതയായിരുന്നു….. പുഴയിലേക്ക് മിഴികൾ നട്ടിരിക്കുകയാണ്….. താൻ പറഞ്ഞതൊക്കെ അവൻ കേട്ടിട്ടുണ്ടോ..?? ഒരു നിമിഷം ശ്യാമിന് സംശയം തോന്നി…ശ്യം അവന്റെ തോളിൽ കൈവെച്ചു…. അരവിന്ദ് തിരിഞ്ഞവനെ നോക്കി….പതിയെ ഒന്നു ചിരിച്ചു….തോറ്റുപോയവന്റെ ചിരി…എല്ലാം നഷ്ട്ടപെട്ടവന്റെ ചിരി…. എന്തിനാടാ ഒന്നും മിണ്ടാതെ നീ ഇറങ്ങിപ്പോന്നത്..?? പിടിച്ചിറക്കി കൊടുക്കണമായിരുന്നു രണ്ടിനും…

നിന്നെ കൊന്ന് നിന്റെ സ്വത്ത് തട്ടിയെടുത്ത് സുഖിച്ചു ജീവിക്കാനായിരുന്നു രണ്ടിന്റെയും പ്ലാൻ… എന്താ ചെയ്യേണ്ടത്…..?? വെറുതെ വിടരുത് ആ പിഴച്ചവളേയും അവളുടെ മറ്റവനേയും….. ദേഷ്യത്താൽ വിറക്കുകയായിരുന്നു ശ്യാം… പക്ഷേ അരവിന്ദിന്റെ മനസ്‌ ശ്യം പറഞ്ഞ ആ പിഴച്ചവൾ എന്ന വാക്കിൽ കുടുങ്ങി കിടക്കുകയായിരുന്നു…. ഇപ്പോ എന്റെ മനസ്സ് ശൂന്യമാണെടാ..അതിൽ മുഴുവൻ ഇരുട്ടാണ്….. തൽക്കാലം ഒന്നും വേണ്ട… നീ പൊയ്ക്കോ ശ്യാമേ…. ഞാൻ കുറച്ചുനേരം ഒറ്റയ്ക്കിരിക്കട്ടെ… മനസ്സൊന്നു തണുക്കട്ടെ……എന്നിട്ട് ഞാൻ നിന്നെ വിളിക്കാം….. അവനെ അവിടെ ഒറ്റയ്ക്ക് വിട്ടുപോരാൻ ശ്യം തയ്യാറായിരുന്നില്ല….അത് മനസ്സിലായത് പോലെ അരവിന്ദ് പറഞ്ഞു….

നിനക്കെന്താ പേടിയാണോ..?? ഭാര്യ ചതിച്ച വിഷമത്തിൽ ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന്…?? ഒരിക്കലുമില്ലെടാ… ശരിയാണ്…മനസ്സ് നീറുന്നുണ്ട്…. പക്ഷേ ഞാൻ ആത്മഹത്യ ചെയ്യാനൊന്നും പോകുന്നില്ല….. നീ ധൈര്യമായി പൊയ്ക്കോ… തൽക്കാലം അവനെ ഒറ്റയ്ക്ക് വിടുന്നതാണ് നല്ലതെന്ന് ശ്യാമിനപ്പോൾ തോന്നി….താൻ കൂടെയുള്ളത് ഇപ്പോഴവന്റെ വേദന കൂട്ടുകയേയുള്ളു….. അവനാലോചിക്കട്ടെ….. യാഥാർത്ഥ്യം ഉൾക്കൊള്ളട്ടെ…. ശ്യാം പോകാനായി എഴുന്നേറ്റു… ഒപ്പം അരവിന്ദും…. ടാ… തൽക്കാലം ആരും ഒന്നുമറിയണ്ട….. പ്രത്യേകിച്ച് എന്റെ വീട്ടുകാർ… ആ പരിഹാസം കൂടി കാണാൻ വയ്യ…. ഒരു വലിയ യുദ്ധം ജയിച്ചതുപോലെ നേടിയെടുത്തതായിരുന്നു അവളെ…പക്ഷേ തോറ്റുപോയി…. ഞാനായിട്ട് വരുത്തിവെച്ചതല്ലേ….

അപ്പൊ അതിനു പരിഹാരം കാണേണ്ടതും ഞാനാണല്ലോ…. ശ്യാം അവനെ നോക്കി പുച്ഛത്തോടെ ഒന്നു ചിരിച്ചു… ഇവിടെയാണ് നിന്നെ തളർത്താൻപോന്ന വലിയൊരു സത്യമുള്ളത്…. നീ അത് അറിയേണ്ട എന്ന് കരുതിയതാണ്…. പക്ഷേ ആളുകളെ മനസിലാക്കാനുള്ള നിന്റെ കഴിവില്ലായ്മ കൊണ്ടു പറയുകയാണ്… നിനക്ക് വേണ്ടി… നീ ഒരു ട്രാപ്പിൽ പെട്ടിരിക്കുകയാണെന്നു മനസ്സിലായപ്പോൾ അതിൽ നിന്ന് നിന്നെ രക്ഷിക്കാൻ സത്യങ്ങൾ തേടി കണ്ടുപിടിച്ചത് മറ്റാരുമല്ല…. അതവനാണ്…. നിന്റെ അനിയൻ…അഭിമന്യു… വിശ്വസിക്കാനാവാതെ തന്നെ നോക്കുന്നവനെ നോക്കി അറിയാൻ ബാക്കിയായ സത്യങ്ങൾ പറയുമ്പോൾ ശ്യാം കാണുകയായിരുന്നു മുന്നിലിരിക്കുന്നവന്റെ പൂർണ തോൽവി…

കഴിഞ്ഞ തവണ നാട്ടിൽ വന്നിട്ട് അഭി വെങ്കിയുടെ പുറകെയായിരുന്നു…. അവന്റെ താമസസ്ഥലത്തും പോയിരുന്നു…. അങ്ങനെയാണ് സജുവിനെ പരിചയപ്പെടുന്നത്…… സത്യങ്ങൾ അറിഞ്ഞപ്പോൾ അവൻ എന്തിനും കൂടെ നിൽക്കാമെന്ന് സമ്മതിച്ചു… കുറച്ച് കാശും അഭി കൊടുത്തിരുന്നു… ആ വീട്ടിൽ ഒരു ക്യാമറ ഫിക്സ് ചെയ്യാനായിരുന്നു അഭിയുടെ പ്ലാൻ…. ഷൂട്ട്‌ ചെയ്ത് അത് നിന്നെ കാണിച്ചു സത്യങ്ങൾ ബോധ്യപെടുത്താമെന്നായിരുന്നു അവൻ പറഞ്ഞത്… നിമിഷയുടെ കള്ള കണ്ണുനീരിൽ നീ വീഴുമെന്നറിയാവുന്നതുകൊണ്ട് ഞാനാണ് അവനോട് പറഞ്ഞത് സത്യങ്ങൾ നീ സ്വയം മനസ്സിലാക്കുന്നതാണ് നല്ലതെന്ന്…. അതുകൊണ്ടാണ് ഞാൻ നിന്നെ കാണണമെന്ന് പറഞ്ഞതും, സംസാരിച്ചതുമെല്ലാം…. നീ എന്നെ വിശ്വസിക്കില്ലെന്ന് അറിയാമായിരുന്നു….

പക്ഷേ നിമിഷയോടുള്ള നിന്റെ വിശ്വാസത്തിന് ഒരു ചലനമുണ്ടാക്കാൻ എന്റെ വാക്കുകൾക്കാകും എന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു…. എന്തെങ്കിലുമൊന്നു നിന്റെ കണ്ണിൽപെടും എന്നുറപ്പായിരുന്നു….അങ്ങനെ നീ സത്യങ്ങൾ കണ്ടു പിടിക്കട്ടെ എന്നു വിചാരിച്ചു…. പക്ഷേ ദിവസങ്ങൾക്കുള്ളിൽ നീ എന്നെ വിളിച്ചു… ഞാൻ എങ്ങനെ നിമിഷയെ കുറിച്ചറിഞ്ഞു എന്നറിയാൻ…..സഹായം ചോദിക്കാൻ…നിന്നെ ഞാൻ സമാധാനിപ്പിച്ചു നിർത്തി… ഞങ്ങളുടെ പിന്നെയുള്ള പ്ലാൻ നടക്കണമെങ്കിൽ നിമിഷ വെങ്കിയുടെ വീട്ടിലെത്തണമായിരുന്നു… ഇന്ന് രാവിലെ നിമിഷയെ വിളിക്കാൻ പോവുകയാണ്, ബെഡ്റൂം ഒരുക്കിയിടണമെന്നു പറഞ്ഞു വെങ്കി പോയതിനു പിന്നാലെ സജു അഭിയെ വിളിച്ചിരുന്നു….

ബാക്കി നിനക്കറിയാമല്ലോ…. നിന്നെ ഞാൻ വിളിച്ചതും, നമ്മൾ വെങ്കിയുടെ വീട്ടിൽ ചെന്നതും, വെങ്കി നിമിഷയെ കൂട്ടികൊണ്ടു വന്നതും, അവർ തമ്മിൽ സംസാരിച്ചതുമെല്ലാം പ്ലാൻ ചെയ്ത പോലെ തന്നെ നടന്നു…. പക്ഷേ ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീരമായി നിമിഷയും,വെങ്കിടേഷും പെർഫോം ചെയ്തു… നിനക്കു സത്യങ്ങൾ ബോധ്യപ്പെടുകയും ചെയ്തു…. അതിന് കാരണക്കാരനായത് അഭിയാണ്…. ഇനിയും നീ അവനെ ശത്രുപക്ഷത്ത് നിർത്തരുത്…. നിന്റെ നന്മ മാത്രമേ അവന്റെ മനസ്സിലുള്ളൂ…. നീ ചെയ്ത വലിയൊരു തെറ്റിന് തന്നാലാവും വിധം പ്രായശ്ചിത്തം ചെയ്തവനാണ്…. ഭാഗ്യമാണ് അതുപോലൊരു കൂടപ്പിറപ്പ്…. ഇനിയും കണ്ടില്ലെന്ന് നടിക്കരുത്…. അഭിയെ മാത്രമല്ല നിന്റെ അച്ഛനെയും അമ്മയെയും….. ആ നാശം പിടിച്ചവളെ വെറുതെ വിടരുത്…

എന്തിനും നിന്റെ കൂടെ ഞങ്ങളെല്ലാവരുമുണ്ടാകും… ആലോചിച്ച് ഒരു തീരുമാനമെടുക്ക്….മനസ്സുണ്ടെങ്കിൽ ചെയ്ത തെറ്റുകൾ തിരുത്താൻ ശ്രമിക്കുക…. മുന്നിലേക്ക് നടന്നുവെങ്കിലും വീണ്ടുമവൻ അരവിന്ദിന്റെ നേർക്കു തിരിഞ്ഞു…… ഈ അവസരത്തിൽ പറയാൻ പാടില്ലാത്തതാണ്….എന്നാലും പറയാതെ വയ്യ….. നീ ഇപ്പോൾ അനുഭവിക്കുന്നത് ചെയ്ത തെറ്റിനുള്ള ശിക്ഷയാണ്…. ഒരു പാവം പെണ്ണിന്റെ കണ്ണുനീരിന്റെ ശാപം നിഴലുപോലെ നിന്റെ കൂടെയുണ്ട്…. ഇനിയെങ്കിലും നീ അവളോട് ക്ഷമ ചോദിക്കണം…. പറ്റിയാൽ ആ കാലിൽ വീഴണം….. അതുകൊണ്ട് ഇനി ആർക്കും പ്രയോജനം ഒന്നും ഉണ്ടാകില്ലായിരിക്കും…എന്നാലും അത്ര എങ്കിലും ചെയ്യണം….. നല്ലൊരു മനുഷ്യനായി ജീവിക്കാൻ ഇനിയെങ്കിലും നിനക്ക് സാധിക്കട്ടെ…..

ശ്യം കണ്ണിൽ നിന്നു മറയുന്നതുവരെ അരവിന്ദ് ആ നിൽപ് തുടർന്നു….ആ നിമിഷം അത്രയും നേരം മനസ്സിൽ അടക്കി പിടിച്ച വേദന സകല നിയന്ത്രണവും ഭേദിച്ച് പുറത്തേക്ക് ഒഴുകിയിരുന്നു….. “” ചതിച്ചു!!!….അവളെന്നെ ചതിച്ചു….”” എന്നാർത്തു നിലവിളിച്ചു….അവന്റെ നിലവിളി പാലത്തിന്റെ കൽത്തൂണുകളിൽ തട്ടി പ്രതിധ്വനിച്ചു കൊണ്ടിരുന്നു…. ഒടുവിൽ തളർന്നു നിലത്തേയ്ക്ക് മുട്ടുകുത്തിയിരുന്നു കണ്ണുകൾ ഇറുകെയടച്ചു ഇരുകൈകളാലും മുഖംപൊത്തി പൊട്ടികരഞ്ഞു…മിഴിനീർ ഒഴുകിയിറങ്ങി കൊണ്ടിരുന്നു… വേദന!!…… സഹിക്കാൻ കഴിയാത്ത വേദന…. ഏറെനേരം കഴിഞ്ഞു മെല്ലെ എഴുന്നേറ്റ് പുഴയിലേക്കിറങ്ങി…. ആ വെള്ളത്തിന്റെ കുളിരിന് പക്ഷേ അവന്റെയുള്ളിലെ ആളുന്ന തീ കനലിനെ തെല്ലും കെടുത്താൻ കഴിഞ്ഞില്ല…

കൈക്കുമ്പിളിൽ വെള്ളം എടുത്ത് അവൻ മുഖത്തേയ്ക്കൊഴിച്ചു…വീണ്ടും വീണ്ടും ഇത് ആവർത്തിച്ചുകൊണ്ടിരുന്നു… ഒടുവിൽ വെള്ളത്തിൽ നിന്നു കയറി ആ പൂഴിമണ്ണിലേയ്ക്ക് മലർന്നു കിടന്നു…. ക്ഷീണിച്ചിരിക്കുന്നു മനസ്സും ശരീരവും….. ആശ്വസിപ്പിക്കാനെന്നപോലെ തഴുകിത്തലോടുന്ന ഇളം കാറ്റിന്റെ സുഖത്തിൽ ആ നിമിഷം അവൻ കണ്ണുകളടച്ചു… ഓർമ്മകൾ ഭ്രാന്തെടുത്ത് പിന്നിലേക്ക് പാഞ്ഞിരുന്നു….. ഓരോന്നോരോന്നായി മനക്കണ്ണിൽ തെളിഞ്ഞു വന്ന നേരം…. നിമിഷയെ കണ്ടുമുട്ടിയതും, സുഹൃത്തുക്കളായതും, ഒടുവിൽ സൗഹൃദത്തിനപ്പുറം അവൾക്കായി ഹൃദയത്തിൽ പ്രണയത്തിന്റെ നീരുറവ പൊട്ടി നീർച്ചാലുകളായി, അവചേർന്നു ഒരു പ്രണയപുഴയായി അവളിലേയ്ക്കൊഴുകിയതും…..

എല്ലാം അവൾക്കു വേണ്ടിയായിരുന്നു… ഹൃദയമിടിക്കുന്നതും, മിഴി ചിമ്മുന്നതും, ശ്വാസമെടുക്കുന്നതും, കൺമുമ്പിൽ തെളിയുന്ന കാഴ്ചകൾ കാണുന്നതുപോലും അവൾക്ക് വേണ്ടിയായിരുന്നു…. അവളിൽ തുടങ്ങി അവളിൽ അവസാനിക്കുന്നതായിരുന്നു തന്റെ ലോകം…അതിനിടയിൽ പ്രിയപ്പെട്ടവരെയൊക്കെ തള്ളിക്കളഞ്ഞു….വേദനിപ്പിച്ചു…ഒന്നും ഒരു തെറ്റായി തോന്നിയിരുന്നില്ല…. പ്രണയത്താൽ മതിമറന്നു പോയിരുന്നു…. അവളും അതുപോലെ തന്നെ പ്രണയിച്ചിരുന്നു…അല്ല അങ്ങനെ തെറ്റിദ്ധരിച്ചിരുന്നു…. ഇന്ന് അവളിൽ നിന്നുതന്നെ സത്യം തിരിച്ചറിഞ്ഞു… താൽക്കാലിക ഷെൽറ്റർ!!!… അതായിരുന്നത്ര ഈ പൊട്ടൻ അവൾക്ക്…. കാമുകനുമായി ചേർന്ന് കൊല്ലാനൊരു അവസരം കാത്താണ്‌ അവൾ കൂടെ ജീവിച്ചിരുന്നത്…. വിശ്വസ്തയായ ഭാര്യയായി….

അവളോടുള്ള പ്രണയത്താൽ ആഴത്തിൽ മിടിച്ചു ജീവൻ നിലനിർത്തിയിരുന്ന ഒരു ഹൃദയമുണ്ടായിരുന്നു….ഇന്നു അതവൾ വലിച്ചെറിഞ്ഞിരിക്കുന്നു…അതിനതവളൊരിക്കലും സ്വീകരിച്ചിരുന്നില്ലല്ലോ…..സ്വയം പുച്ഛം തോന്നി…. തെറ്റുകൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു….അവളുടെ സന്തോഷം മാത്രം നോക്കി…..ജീവിതം അവളിലേക്ക്‌ ഒതുങ്ങിയപ്പോൾ ചുറ്റുമുള്ളവരെ കാണാൻ മറന്നു പോയി…ജന്മം തന്നവരെ, കൂടെപ്പിറപ്പിനെ, ഒടുവിൽ അഗ്നിസാക്ഷിയായി താലിചാർത്തിയവളെ…. പെട്ടെന്നവന് ആര്യയെ ഓർമ വന്നു..തീച്ചൂളയിൽ പെട്ടത് പോലെ അവനൊന്ന് പുളഞ്ഞു ആ നേരം….. എത്ര വേദനിപ്പിച്ചാലും ഒരു പൂച്ചകുട്ടിയെ പോലെ തന്നോട് ചേർന്നു നിന്നവൾ….

തന്നെ സേവിച്ചു കഴിയാൻ ഇഷ്ട്ടപ്പെട്ടിരുന്നവൾ…. താലിയറക്കരുതേയെന്ന് അപേക്ഷിച്ച്‌ തന്റെ കാലിൽ വീണു കരഞ്ഞവൾ…ഒടുവിൽ തന്റെ സന്തോഷത്തിനു വേണ്ടി നിശബ്ദം തന്റെ ജീവിതത്തിൽ നിന്നു പടിയിറങ്ങി പോയവൾ…. അവളെ വേദനിപ്പിക്കാൻ പറഞ്ഞ ഓരോ വാക്കും ഓർത്തവൻ നീറി….. അതേ!!!.. അവളുടെ കണ്ണുനീരിന്റെ ശാപം ആണ് താൻ അനുഭവിക്കുന്നത്…..അവളെ വാക്കുകൾ കൊണ്ടു വേദനിപ്പിക്കുമ്പോഴും തെല്ലും കുറ്റബോധവും തോന്നിയിട്ടില്ല…. കഴിയുന്നതും വേഗം നിമിഷയെ സ്വന്തമാക്കണം, അതുമാത്രമായിരുന്നു ആഗ്രഹം…അവിടെ ആര്യയെ കണ്ടില്ല..ആ കണ്ണുനീര് കണ്ടില്ല…വേദന കണ്ടില്ല…. പക്ഷേ ഇന്ന് മനസിലാക്കുന്നു….അവളനുഭവിച്ച വേദനയുടെ ആഴം….

പ്രിയപ്പെട്ടവർ ചതിക്കുമ്പോഴുള്ള വേദന എന്താണെന്നു ഇന്നു തനിക്കറിയാം…. ഒരു മാണിക്യമായിരുന്നവൾ….പക്ഷേ അതിന്റെ വില തിരിച്ചറിയാനുള്ള വിവേകമില്ലാതെ പോയി……. പൊറുക്കാനാവാത്ത തെറ്റാണു ചെയ്തത്…. മാപ്പ് ചോദിക്കണം…ആ കാലിൽ വീണു തന്നെ…. ആ നിമിഷം അവന് ആര്യയെ കാണണമെന്ന് തോന്നി…. പക്ഷേ ഇന്നവൾ അഭിയുടെ ഭാര്യയാണ്…. അഭി!!!…… തന്റെ പൊന്നനിയൻ…..താൻ വേദനിപ്പിച്ച മറ്റൊരാൾ….. ശ്യം പറഞ്ഞ പോലെ താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യുക മാത്രമാണ് അവൻ ചെയ്തത്…… “”” പണ്ടും ഞാൻ ഉപയോഗിച്ച സാധനങ്ങൾ ആയിരുന്നു നിനക്കിഷ്ട്ടം…..എന്റെ ബുക്കുകൾ, ഷർട്ടുകൾ….എന്റെ പഴയ ബൈക്ക്…..

അച്ഛനും അമ്മയും പുതിയത് വാങ്ങിത്തരാമെന്ന് പറഞ്ഞാലും നിനക്ക് വേണ്ടായിരുന്നു…ഈ ചേട്ടന്റേത് മതിയെന്ന് പറയും…. അതുപോലെ ആയിപോയല്ലോ അഭി നിന്റെ ദാമ്പത്യവും…ഈ കാര്യത്തിലും യൂസ്ഡ് ഐറ്റം ആണല്ലോ നിനക്ക് കിട്ടിയത്… .ഞാൻ ഉപേക്ഷിച്ചു ചവറിൽ കളഞ്ഞവളെ തിരിച്ചെടുത്തു തലയിലേറ്റാൻ പോകുന്നു….കഷ്ട്ടം… എന്റെ കൂടെ കിടന്നവളെ മാത്രമേ കിട്ടിയുള്ളൂ നിനക്ക്…അവളുടെ കൂടെ കിടക്കുമ്പോഴൊക്കെ നീ ഓർക്കണം ഈ ചേട്ടൻ അനുഭവിച്ചു മടുത്തതാണവളെയെന്നു…..””” താൻ പറഞ്ഞതൊക്കെ സംയമനത്തോടെ കേട്ടു നിന്ന അവനെ നോക്കി ഒന്നു പുച്ഛിച്ചു ചിരിച്ചിരുന്നു അന്നു.. എന്തൊക്കെ പറഞ്ഞു….എങ്ങനെയൊക്കെ അപമാനിച്ചു… അരവിന്ദ് താൻ അഭിയോട് പറഞ്ഞ, അവനോടു ചെയ്ത ഹീനമായ പ്രവൃത്തികളോർത്ത്‌ തല കുടഞ്ഞു….

എന്നിട്ടും ഇന്ന് എന്നെ രക്ഷിക്കാൻ അവൻ വേണ്ടി വന്നു… അവന് മുന്നിൽ തോറ്റു പോയി….ഒരാപത്തിൽ പെട്ടപ്പോൾ എല്ലാം മറന്നു അവൻ… താനോ…..?? ആലോചിക്കുമ്പോൾ ഭ്രാന്തെടുക്കുന്ന പോലെ… പേഴ്‌സും,മൊബൈലും ഒരിടത്തേക്ക് മാറ്റി വെച്ചു അരവിന്ദ് പിന്നെയും പുഴയിലേക്കിറങ്ങി….തെളിവെള്ളത്തിൽ ഒരുപാടു തവണ മുങ്ങിനിവർന്നു…..ശരീരം തണുപ്പിക്കാൻ മാത്രമേ ഈ കുളിരിനാകുന്നുള്ളു…അവനൊന്നു അഭിയെ വിളിക്കണമെന്ന് തോന്നി…. വേഗം വെള്ളത്തിൽ നിന്നു കയറി കർച്ചീഫിൽ മുഖം തുടച്ച് ഫോൺ എടുത്തു…ഒരുപാടു നാളുകൾക്കു ശേഷം അഭിയെ വിളിക്കുകയാണ്‌…. അവന്റെ കൈ വിറച്ചു…. ചേട്ടാ!!!!…. കാതിൽ അവന്റെ സ്വരം കേട്ടതും പിടിച്ചു നിൽക്കാനായില്ല….പൊട്ടിക്കരഞ്ഞു പോയി… അഭി….മോനേ….

ഒന്നും തിരിച്ചറിയാൻ എനിക്ക് പറ്റിയില്ല…ക്ഷമിക്കേടാ നീ ഈ ദ്രോഹിയോട്…എനിക്ക്…എനിക്ക് നിന്നെ കാണണം…ഒന്നു വരാൻ പറ്റുമോ നിനക്ക്…ഒറ്റയ്ക്ക് ചേട്ടന് വയ്യെടാ….താങ്ങാൻ പറ്റുന്നില്ല എനിക്ക്….. ഞാൻ എത്താം….പറ്റിയാൽ നാളെ തന്നെ…..ചേട്ടൻ വിഷമിക്കരുത്….ധൈര്യമായിട്ടിരിക്കണം….ഞാൻ ഇല്ലേ…നമുക്ക് എല്ലാം സോൾവ് ചെയ്യാം… അവനോടു സംസാരിക്കുമ്പോൾ പുതിയൊരുണർവ് കൈവന്ന പോലെ…. എന്തും നേരിടാൻ തനിക്കു പറ്റും…. കാൾ കഴിഞ്ഞതും ബോധം വന്നതുപോലെ അവൻ സ്വയം ഒന്നു നോക്കി…ആകെ നനഞ്ഞൊലിച്ചു നിൽക്കുകയാണ്….വേഗം അവൻ ഷർട്ട്‌ ഊരി പിഴിഞ്ഞ് തല തുവർത്തി… സമയം നോക്കിയപ്പോൾ മൂന്നുമണി കഴിഞ്ഞിരിക്കുന്നു…തിരിച്ചു പോകണം…കാർ ബാങ്കിന്റെ പാർക്കിങ്ങിൽ കിടക്കുകയാണ്….

ആ നനഞ്ഞ കോലത്തിൽ തന്നെ റോഡിലേയ്ക്ക് കയറി…. കുറച്ചു കാത്തു നിന്നതും ഒരു ഓട്ടോ കിട്ടി…അതിൽ കയറി ബാങ്കിന്റെ മുന്നിൽ ഇറങ്ങി…. കാറിൽ കയറി എങ്കിലും എവിടേയ്ക്ക് പോകണമെന്നറിയില്ലായിരുന്നു….. വീട്ടിലേയ്ക്കു പോകാൻ താല്പര്യമില്ല…നിമിഷയെ കാണണ്ട തനിക്കു…ജീവിതത്തിലെ നിലവിളക്കാകുമെന്നു കരുതിയവൾ ഇന്ന് തന്റെ ജീവിതത്തിലെ ശനിയായി മാറിയിരിക്കുന്നു…. തിരുത്തണം!!!….. തിരുത്താൻ പറ്റുന്ന തെറ്റുകൾ ഒക്കെ തിരുത്തണം….വേദനിപ്പിച്ചവരോടെല്ലാം മാപ്പ് ചോദിക്കണം…പുതിയൊരു മനുഷ്യനാകണം…. പക്ഷേ അതിനിടയിൽ നിമിഷയെ എങ്ങനെ നേരിടണമെന്ന് അരവിന്ദിന് ഒരൂഹവും കിട്ടിയില്ല… മറ്റാരേക്കാളും സ്നേഹിച്ചിരുന്നവളാണ്…

ഇന്ന് തങ്ങൾക്കിടയിൽ ഒരു കുഞ്ഞു കൂടിയുണ്ട്….എന്ത് തീരുമാനമെടുക്കുമ്പോഴും അത് ആവണി മോളുടെ ഭാവി കൂടി ഓർത്ത് വേണമല്ലോ..കുഞ്ഞിനെ കുറിച്ചോർത്തതും അവന്റെ കണ്ണ് നിറഞ്ഞു….. ഒരു നിമിഷം!!… ആ അശ്രദ്ധ….. കാറിന്റെ നേർക്കു വരുന്ന ടോറസ് ലോറി ശ്രദ്ധയിൽപെട്ടില്ല… ബ്രേക്ക് ചെയ്തുവെങ്കിലും വണ്ടി നിന്നില്ല……അരവിന്ദിന് ശരീരത്തിൽ എവിടെയൊക്കെയോ വേദനിക്കുന്നുണ്ടായിരുന്നു….ഒഴുകിയിറങ്ങുന്ന രക്തം കാഴ്ച്ച മറച്ചു കൊണ്ടിരുന്നു…പ്രിയപെട്ടവരുടെ മുഖം അവന്റെ മനസ്സിൽ മിന്നി മാഞ്ഞു….അവരെയൊക്കെ ഒന്നുകൂടി കാണാൻ തോന്നി…അച്ഛനെ, അമ്മയെ, അഭിയെ, ആവണി മോളെ…. ആ തളർച്ചയിലും ബോധം മറയുന്ന ആ വേളയിലും ആര്യയുടെ മുഖവും അവന്റെ മനസ്സിൽ മിഴിവോടെ തെളിഞ്ഞു……..തുടരും….

ദാമ്പത്യം: ഭാഗം 25

Share this story