ജനനി: ഭാഗം 19

ജനനി: ഭാഗം 19

എഴുത്തുകാരി: അനില സനൽ അനുരാധ

രാവിലത്തെ ക്ലാസ്സ്‌ കഴിഞ്ഞ് ടാക്സ് ഓഫീസിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാണ് കയ്യിൽ സ്കൂട്ടിയുടെ കീ ഇല്ലെന്ന കാര്യം ജനനിയ്ക്ക് ഓർമ്മ വന്നത്… അവൾ അവന്റെ കാബിനിലേക്ക് കടക്കാൻ പെർമിഷൻ വാങ്ങാൻ ഒരുങ്ങുമ്പോഴാണ് നീരവ് കാബിനിൽ നിന്നും ഇറങ്ങി വന്നത്… “പോയാലോ?” അവളെ കണ്ടതും അവൻ തിരക്കി… അവന്റെ ചോദ്യം കേട്ട് റിസപ്ഷനിൽ നിന്നിരുന്ന തനൂജ മുഖം ഉയർത്തി നോക്കി… ജനനി ഒന്നും പറയാതെ പുറത്തേക്ക് നടന്നു… അവളുടെ പുറകെ ചെറു പുഞ്ചിരിയോടെ നടക്കുന്ന നീരവിന്റെ മുഖത്തേക്ക് തനൂജ കൗതുകത്തോടെ നോക്കി… കോണിപ്പടിയുടെ അരികിൽ എത്തിയപ്പോൾ ജനനി നടത്തം അവസാനിപ്പിച്ചു… “ഇറങ്ങെടോ… ” പുറകിൽ നിന്നും നീരവിന്റെ ശബ്ദം കേട്ടു… “സർ എന്റെ കീ…. അതിങ്ങ് തന്നേക്കൂ…” “ഞാനും ഓഫീസിലേക്ക് തന്നെയാ… താൻ വാ… ” “ഒരുമിച്ച് എന്റെ വണ്ടിയിൽ പോകാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ടുണ്ട് സർ…” “എന്റെ കാർ കംപ്ലയിന്റ് ആയ കാരണം അല്ലേ? ” …………

അവൾ മറുപടിയൊന്നും പറഞ്ഞില്ല… “ഇതാ തന്റെ കീ… ” അവൻ കീ അവളുടെ നേർക്ക് നീട്ടി… അവൾ അതു വാങ്ങി വേഗം ഇറങ്ങി നടന്നു… ജനനി നമസ്സിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ വിനോദ് ജനനിയെ വിളിപ്പിച്ചു… “കുഞ്ഞൻ സെന്ററിൽ ഉണ്ടായിരുന്നില്ലേ ജാനി? ” “ഉണ്ടായിരുന്നു… ഞാൻ ഇറങ്ങുമ്പോൾ ഇറങ്ങിയിരുന്നു… ” “അവനെ വിളിച്ചിട്ട് കിട്ടുന്നില്ല… അവൻ വന്നിട്ട് വേണം എനിക്ക് ഇറങ്ങാൻ… ഞാൻ ഒരു manufacturing unit തുടങ്ങാൻ പോകുന്ന കാര്യം പറഞ്ഞിരുന്നില്ലേ… അതിന്റെ പ്രോപ്പർട്ടി നോക്കാൻ പോകാൻ ബ്രോക്കർ വിളിച്ചിരുന്നു…” “ഹ്മ്മ്…” “അവന്റെ കാർ കംപ്ലയിന്റ് ആണെന്ന് പറഞ്ഞിരുന്നു…

ജാനി ഇറങ്ങുമ്പോൾ കൂടെ ഇറങ്ങാം എന്നും പറഞ്ഞതാ… എന്നിട്ടും എന്താണാവോ വൈകുന്നത്…” പെട്ടെന്നാണ് കാബിന്റെ ഡോർ തുറന്ന് നീരവ് അകത്തേക്ക് വന്നത്… വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ജാനി തിരിഞ്ഞു നോക്കി… നീരവിന്റെ മുഖം ചുവന്നിരുന്നു… ഷർട്ടാകെ വിയർത്ത് അവന്റെ ദേഹത്ത് ഒട്ടിക്കിടന്നിരുന്നു… അവളെ ശ്രദ്ധിക്കാതെ നീരവ് ചെയറിൽ വന്നിരുന്നു… ഇരു ചെന്നിയിലൂടെയും വിയർപ്പു കണങ്ങൾ ഒഴുകി കൊണ്ടിരുന്നു. “ഇതെന്താടാ കുഞ്ഞാ ഇങ്ങനെ വിയർക്കുന്നത്? എന്തെങ്കിലും പ്രശ്നം ഉണ്ടോ?” വിനോദ് നീരവിന്റെ ചുമലിൽ പിടിച്ചു കൊണ്ട് തിരക്കി… “ഒരു പ്രശ്നവും ഇല്ല… കാർ കംപ്ലയിന്റ് അല്ലേ.. ഞാൻ ഇങ്ങോട്ട് നടന്നു… അതാ… നീ പൊയ്ക്കോ… ” “അപ്പോൾ നിനക്ക് ജാനിയുടെ കൂടെ പോരാമായിരുന്നില്ലേ കുഞ്ഞാ…” “എന്നെ കൂടെ കൂട്ടാൻ താല്പര്യം ഇല്ലാതെ ബുദ്ധിമുട്ടാണ് എന്നു പറയുമ്പോൾ അവരുടെ കൂടെ കടിച്ചു തൂങ്ങി പോരാൻ പറ്റുമോ? ” നീരവ് ഗൗരവത്തിൽ തിരക്കി… വിനോദ് ഒന്നും പറയാതെ ജനനിയെ നോക്കി… അപ്പോൾ ജാനി കൂടെ വരുന്നതിനു എതിർപ്പ് പ്രകടിപ്പിച്ചു കാണും…

അതിന്റെ ദേഷ്യത്തിനു അവിടെ നിന്നും നടന്നു വന്നതാകും… അവൻ ഊഹിച്ചു… നീരവ് പറയുന്നതൊന്നും ജനനിയെ അലട്ടുന്നില്ലെന്ന് വിനോദിനു തോന്നി… “ഇപ്പോൾ നിന്റെ തിരക്ക് കഴിഞ്ഞോ.. പോകുന്നില്ലേ? ” നീരവിന്റെ ചോദ്യം കേട്ടതും വിനോദ് വേഗം ബൈക്കിന്റെ കീയും മൊബൈലും എടുത്ത് ഇറങ്ങി… നീരവ് എഴുന്നേറ്റ് റിവോൾവിംഗ് ചെയറിൽ വന്നിരുന്നു… ജനനിയോട് ഇരിക്കാൻ പറഞ്ഞ് ലാപ്ടോപ് അവളുടെ മുന്നിലേക്ക് നീക്കി വെച്ചു… ടേബിളിൽ ഇരിക്കുന്ന ഫയലുകൾ ചെക്ക് ചെയ്ത ശേഷം അവൻ എഴുന്നേറ്റ് ഷെൽഫിൽ നിന്നും കുറച്ചു ഫയൽ എടുത്ത് അവളുടെ മുൻപിലേക്ക് വെച്ചു…

“ക്ലോസിങ് സ്റ്റോക്ക് ചെക്ക് ചെയ്തേക്ക്…” എന്നു പറഞ്ഞ് അവൻ പോയി… അഞ്ചു മിനിറ്റ് തികയും മുൻപേ തിരികെ വന്നു… ഫയലുകൾ ചെക്ക് ചെയ്തു കഴിഞ്ഞ് നീരവിനെ നോക്കിയ ജനനി കണ്ടത് ചെയറിൽ ചാരിക്കിടന്ന് ഉറങ്ങുന്ന നീരവിനെയാണ്… അവന്റെ മുടിയിഴകൾ നെറ്റിയിലേക്ക് വീണു കിടന്നിരുന്നു… അവന്റെ മുഖത്തെ ഗൗരവം പാടെ മാഞ്ഞു പോയതു പോലെ തോന്നി അവൾക്ക്… മുഖത്തു നിറഞ്ഞു നിൽക്കുന്ന നിഷ്കളങ്കതയും അധരത്തിലെ നനുത്ത പുഞ്ചിരിയും കാൺകെ അവളുടെ അധരത്തിലും പുഞ്ചിരി വിടർന്നു…. ** “നാളെ ഹോസ്പിറ്റലിലേക്ക് പോകാൻ വിനയേട്ടനോട്‌ വരാൻ പറയട്ടെ? ” രാത്രി ജനനി വിഷ്ണുവിനോട് തിരക്കി… “ഏയ്‌ വേണ്ട… ആര്യൻ വരും മോളെ…” “അപ്പോൾ അങ്ങനെ മതിയല്ലേ? ” “അതു മതി മോളെ… അവൻ കൂടെയുള്ളത് എനിക്കൊരു ധൈര്യവുമാണ്…”

അഞ്ജലിയും അവരുടെ അടുത്ത് വന്നിരുന്നു… “എന്താണ് ഇവിടെ ഒരു ഗൂഡാലോചന? ” “നിന്നെ ഇവിടെ നിന്നും എങ്ങനെ പറഞ്ഞു വിടും എന്ന് ആലോചിക്കായിരുന്നു…” വിഷ്ണു പറഞ്ഞു… “അല്ലെങ്കിലും ആർക്കും എന്നോട് ഒരു സ്നേഹവും ഇല്ലല്ലോ… അഞ്ജലി മുഖം വീർപ്പിച്ചു .. ” “സ്നേഹിച്ചാലും അതു മനസ്സിലാക്കാനുള്ള തിരിച്ചറിവ് ഇല്ലല്ലോ… ” വിഷ്ണു പറഞ്ഞു… ജനനി പുഞ്ചിരിച്ചു… അത്രയ്ക്കങ്ങു ചിരിക്കണ്ട… ഞാൻ നിന്നെ കൂടെ ചേർത്താണ് പറഞ്ഞത്… ജനനിയ്ക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് വിഷ്ണു മനസ്സിൽ പറഞ്ഞു…. കാളിംഗ് ബെൽ അടിക്കുന്നത് കേട്ടപ്പോൾ ജനനി പോയി വാതിൽ തുറന്നു… വിനോദ് ആയിരുന്നു… “ഞാൻ വരാൻ വൈകി… നാളെ ഹോസ്പിറ്റലിലേക്ക് പോകുന്ന കാര്യം തിരക്കാൻ വിട്ടു പോയി എന്നു പറഞ്ഞ് അപ്പച്ചി ഒരു സമാധാനവും തരുന്നില്ല…”

“അതെല്ലാം ശരിയായി സർ… ഏട്ടന്റെ ചങ്ക് വരും… ” “ഹ്മ്മ്… അഞ്ജു എവിടെ? ” “ഏട്ടന്റെ പേര് പറഞ്ഞ് അഞ്ജുവിനെ കാണാൻ വന്നതാണല്ലേ? ” “അങ്ങനെ ഒന്നും ഇല്ല… പക്ഷേ കാണുന്നതിന് എനിക്ക് വിരോധമില്ല… ” എന്നാൽ സർ അകത്തേക്ക് വരൂ… ” “പിന്നെ ജാനി… തനിക്ക് എന്നെ ഏട്ടാ എന്നു വിളിച്ചൂടെ… സർ എന്നു വിളിക്കുമ്പോൾ ഒരു അകൽച്ച ഫീൽ ചെയ്യുന്നു…” “സാറിനോട് എനിക്ക് സ്നേഹവും ബഹുമാനവും എല്ലാം ഉണ്ടല്ലോ…” ജനനി പുഞ്ചിരിയോടെ പറഞ്ഞു… “ഹ്മ്മ്… കുഞ്ഞനെ ഇന്നു തന്റെ കൂടെ ഓഫീസിലേക്ക് കൂട്ടാമായിരുന്നു… ” “ഒരു കാൾ ചെയ്താൽ സാറിനെ പിക് ചെയ്യാൻ വണ്ടി വരും.. വെറുതെ എന്തിനാ…” “എന്നാലും അവനു സങ്കടമായിപ്പോയി… ” “സങ്കടം വരാൻ ഞാൻ ഒന്നും പറഞ്ഞിട്ടില്ല… ഓഫീസ് കാര്യങ്ങൾ അനുസരിക്കാൻ എനിക്ക് ഇഷ്ടമാണ്…

അല്ലാതെ എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുമ്പോൾ എന്റെ താല്പര്യങ്ങൾക്ക് ചിലപ്പോൾ ഞാൻ മുൻഗണന കൊടുത്തെന്നു വരും… ചിലപ്പോൾ അതെന്റെ പോരായ്മയായിരിക്കാം…” “ഹ്മ്മ്… ഞാൻ പറഞ്ഞെന്നേയുള്ളൂ… ” എന്നു പറഞ്ഞ് വിനോദ് വിഷ്ണുവിന്റെ മുറിയിലേക്ക് നടന്നു… “എന്തായി വിനൂ… ഇന്നു പോയ കാര്യം ശരിയായോ? ” വിഷ്ണു അവനെ കണ്ടതും തിരക്കി .. “അതെല്ലാം ഓക്കേ ആയി… ദൈവം സഹായിച്ച് കുഴപ്പങ്ങൾ ഒന്നും ഇല്ലെങ്കിൽ മൂന്നു മാസത്തിനുള്ളിൽ യൂണിറ്റ് സ്റ്റാർട്ട്‌ ചെയ്യും…” “എം ബി എ ക്കാരന് ജോലി കിട്ടാൻ വകുപ്പ് ഉണ്ടാകുമോ? ” അഞ്ജലി തിരക്കി.. “അവനു മാത്രമല്ല.. വേണമെങ്കിൽ നിങ്ങൾ എല്ലാവർക്കും ഞാൻ ജോലി തരും…

എന്താ വേണോ? ” “എനിക്കിനി പുതിയ ജോലിയൊന്നും വേണ്ട… ഉള്ള ജോലി തന്നെ എത്രനാൾ തുടരാൻ പറ്റും എന്നറിയില്ല…” “എന്തു പറ്റി? ” “ഞായറാഴ്ച ഏതോ ഒരുത്തൻ എന്നെ കാണാൻ വരുന്നുണ്ട്… ” “ആഹാ ! അതു നന്നായി… ഞങ്ങൾക്കും വരാമോ അന്ന്… ” “എന്തിന്? ” “വെറുതെ… ഒന്ന് കാണാൻ ” “എന്നാൽ വന്നോ… ഇങ്ങോട്ട് വന്നാൽ മതി.. അച്ഛൻ പറഞ്ഞത് അവർ ഇവിടെ വന്നു കാണും എന്നാണ്..” അവൾ പറയുന്നത് കേട്ട് വിഷ്ണു തലയാട്ടി കൊണ്ട് ചിരിച്ചു… വിനോദ് കണ്ണുരുട്ടി വിഷ്ണുവിനെ നോക്കി… *** ജനനി വൈകുന്നേരം ഓഫീസിൽ നിന്നും വരുമ്പോൾ വിഷ്ണുവും ആര്യനും അഞ്ജലിയും ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു…. അഞ്ജലി ചുമരിൽ ചാരി ആര്യനെ നോക്കി ഇരിപ്പുണ്ടായിരുന്നു…

ജനനി ഉമ്മറത്തേക്ക് കയറി… അപ്പോഴാണ് ആര്യന്റെ ഇടതു കയ്യിലെ പുസ്തകവും വരകൾ കൊണ്ട് മായാജാലം തീർക്കുന്ന അവന്റെ വലതു കയ്യിന്റെ ചലനവും ജനനി ശ്രദ്ധിച്ചത്…. നിമിഷങ്ങൾ പൊഴിഞ്ഞു പോകവേ അവൻ അഞ്ജലിയുടെ പുഞ്ചിരിയ്ക്കുന്ന മുഖം പുസ്തത്താളിൽ പകർത്തി വെച്ചു … അഞ്ജലി സന്തോഷത്തോടെ തുള്ളിച്ചാടി … “ഡോക്ടർ എന്തു പറഞ്ഞു…” വിഷ്ണുവിന്റെ അരികിൽ ഇരുന്ന് ജനനി തിരക്കി “പേടിക്കാനൊന്നും ഇല്ല… മുറിവ് ഉണക്കമുണ്ട്… അടുത്ത ചെക്കപ്പിന് പോയി വന്നാൽ പിന്നെ നമുക്ക് നടന്നു നോക്കി തുടങ്ങാം… ക്രച്ചസ്സ് വാങ്ങണം. … ” “വാങ്ങണം… എന്നിട്ട് ഇവിടെയൊക്കെ നടക്കണം… ” ജനനി അവന്റെ തോളിൽ തല ചായ്ച്ചു കൊണ്ട് പറഞ്ഞു… *** നേരം പുലർന്നിട്ടും ഉറക്കം മതിയാകാതെ നീരവ് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടന്നു….

പുതപ്പ് മുഖത്തു നിന്നും വലിച്ചു മാറ്റപ്പെട്ടതും നീരവ് ചെരിഞ്ഞു കിടന്നു… മുഖത്ത് വെള്ളത്തുള്ളികൾ വീഴാൻ തുടങ്ങിയപ്പോൾ അവനു ദേഷ്യം വന്നു… “കളിക്കാൻ നിൽക്കല്ലേ വിനൂ…” നീരവിന്റെ ശബ്ദം ഉയർന്നു… വീണ്ടും വെള്ളം മുഖത്തേക്ക് പതിഞ്ഞതും നീരവ് തിരിഞ്ഞ് ഞൊടിയിൽ തിരിഞ്ഞ് ആ കൈകളിൽ പിടുത്തമിട്ടു… അതു വിനോദിന്റെ കൈ അല്ലെന്ന് മനസ്സിലായ നിമിഷം തന്നെ അവൻ കയ്യിലെ പിടി വിട്ട് മിഴികൾ വലിച്ച് തുറന്നു…….തുടരും………

ജനനി: ഭാഗം 18

Share this story