ദാമ്പത്യം: ഭാഗം 27

ദാമ്പത്യം: ഭാഗം 27

എഴുത്തുകാരി: തുഷാര ലക്ഷ്മി

നിമിഷയുടെ പ്രശ്നം അലട്ടുന്നുണ്ടെങ്കിലും സന്തോഷവാനായിരുന്നു അഭി…. ഏറെ നാളുകൾക്കു ശേഷം ചേട്ടൻ തന്നോട് സ്നേഹത്തോടെ സംസാരിച്ചിരിക്കുന്നു…ചെയ്ത തെറ്റുകൾക്ക് മാപ്പ് പറഞ്ഞിരിക്കുന്നു… അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അരവിന്ദിനെ ഒരുപാടു സ്നേഹിക്കുന്ന അനിയനായിരുന്നു അഭി….. നിമിഷയുടെ ചതി അറിഞ്ഞ നിമിഷം താൻ ചേട്ടന് മാപ്പ് നൽകിയതാണ്….ചേട്ടനോടുള്ള സ്നേഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു… ആര്യയെ കാണണമെന്ന് തോന്നിയത് കൊണ്ടു ഹോപിറ്റലിൽ നിന്നവൻ കുറച്ച് നേരത്തേ ഇറങ്ങി….ഹോസ്പിറ്റലിനടുത്തുള്ള ബേക്കറിയിൽ നിന്നു ആര്യയ്ക്ക് ഫ്രൂട്ട്സും, ആരോമലിന് ചോക്ലേറ്റ്സും,ഐസ് ക്രീമുമൊക്കെ വാങ്ങിയാണ് അഭി വീട്ടിലേയ്ക്കു തിരിച്ചത്…

ഇപ്പോൾ ആര്യയെ ഫ്ലാറ്റിൽ ഒറ്റയ്ക്കാക്കി അഭി ഹോസ്പിറ്റലിൽ പോകാറില്ല…അതുകൊണ്ടു ആ സമയങ്ങളിൽ ആര്യ ശാന്തയാന്റിയുടെ കൂടെയാണ്…. രാവിലെ അഭി പോകുന്നതിനു മുന്നേ അവളെ ശാന്തയാന്റിയുടെ അടുത്താക്കും… തിരികെ വരുമ്പോൾ അവളെയും കൂട്ടി സ്വന്തം ഫ്ലാറ്റിലേക്ക് പോകും….. അതുകൊണ്ടിപ്പോൾ ആര്യ ഉച്ചയ്ക്ക് ആഹാരമുണ്ടാക്കാറില്ല…. ശാന്തിയാന്റി ഒരു മകളെ പോലെയാണ് അവളെ നോക്കുന്നത്…അവൾക്കു കഴിക്കാൻ തോന്നുന്നതൊക്കെ ഉണ്ടാക്കി നൽകും…..അവധി ദിവസങ്ങളിൽ പ്രീതയും കാണും എല്ലാത്തിനും….. രാവിലെ അഭിയും, ആര്യയും ചേർന്നാണ് പാചകം…. രാത്രി പക്ഷേ അഭിയുടെ പരീക്ഷണമാണ്….

അതു പലപ്പോഴും പരാജയപ്പെടുകയും ചെയ്യാറുണ്ട്…..അതുകൊണ്ടുതന്നെ അഭി തടസ്സം പറഞ്ഞാലും അത് കേൾക്കാതെ ആര്യ അവന്റെ സഹായത്തിനു നിൽക്കും… പിന്നെ ഗർഭകാല വിരുന്നുകാരനായ ശർദ്ദിയുടെ ക്ഷീണം അവളെയും അലട്ടുന്നുണ്ട്…. അതുകൊണ്ടു തന്നെ ആര്യ അടുക്കളയിൽ കയറുന്നതിൽ അഭിയ്ക്കു താല്പര്യമില്ല…. അഭിയുടെ ഈ സ്നേഹവും,കരുതലും ആര്യയും ആസ്വദിക്കുന്നുണ്ട്…. അവസ്ഥ മനസ്സിലാക്കി ശാന്തയാന്റി തങ്ങൾക്കു രാത്രി കഴിക്കാനുള്ളത് കൂടി ഉണ്ടാക്കി തരുന്നുണ്ടിപ്പോൾ… മനസ്സിൽ നന്മ മാത്രമുള്ള രണ്ടു സ്ത്രീകൾ…ലിഫ്റ്റിൽ നിന്നിറങ്ങി പ്രീതയുടെ ഫ്ലാറ്റിലേക്ക് നടക്കുന്നതിനിടയിൽ അഭി ഓർത്തു….. പ്രീതചേച്ചിയോടും,ശാന്തയാന്റിയോടും എന്തോക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അഭിയെ ആര്യ നോക്കി നിന്നു…

എന്നത്തേക്കാളും സന്തോഷമുണ്ട് ആളുടെ മുഖത്തു…. അവരോടു യാത്ര പറഞ്ഞിറങ്ങുമ്പോഴും ആര്യ അഭിയെ ശ്രദ്ധിക്കുകയായിരുന്നു… ഗർഭിണിയാണെന്നറിഞ്ഞതുമുതൽ ഏട്ടൻ നിലത്തൊന്നുമല്ല…കുഞ്ഞുങ്ങളെ നോക്കുന്ന പോലെയാണ് തന്നെ നോക്കുന്നത്….എന്താഗ്രഹം പറഞ്ഞാലും അത് സാധിച്ചു തരും…പക്ഷേ തനിക്കങ്ങനെ ഒന്നിനോടും കൊതി തോന്നുന്നില്ല….അതാണ് ഏട്ടന്റെ വിഷമവും….തന്റെ കൈ പിടിച്ചു ശ്രദ്ധയോടെ നടത്തിക്കുന്ന അഭിയെ ആര്യ സ്നേഹത്തോടെ നോക്കി…. ഫ്ലാറ്റിലെത്തി ഡോർ തുറന്നു അകത്തു കയറിയതും അഭി അവളെ കെട്ടിപിടിച്ചു…..അവളും സന്തോഷത്തോടെ അവനെ തിരികെ പുണർന്നു… ഞാനിന്നു ഒരുപാടു സന്തോഷത്തിലാണ് ശ്രീ..

ചേട്ടൻ ഇന്നെന്നെ വിളിച്ചിരുന്നു….പിണക്കം ഒക്കെ മാറി…. എന്നോടു മാപ്പ് പറഞ്ഞു, കാണണമെന്ന് പറഞ്ഞു…. കൊച്ചു കുട്ടികളെ പോലെ അവൻ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു….പക്ഷേ ആര്യയുടെ മുഖത്തെ ചിരി മഞ്ഞു…പതിയെ അവളുടെ കൈകൾ അയഞ്ഞു…അവനിൽ നിന്നകന്നു മാറി ഡൈനിങ്ങ് ടേബിളിന്റെ അടുത്തേയ്ക്കു നടന്നു….ഒരു കസേരയിലേയ്ക്കിരുന്നു ജഗ് കൈ നീട്ടി എടുത്തു…. അപ്പോഴേക്കും അഭി അടുത്തേയ്ക്കു വന്നത് വാങ്ങി ഒരു ഗ്ലാസ്‌ എടുത്ത് വെള്ളം പകർന്ന് അവളുടെ നേരെ നീട്ടി….. അവളത് കുടിക്കുന്നതും നോക്കി അവനിരുന്നു…. വെള്ളം കുടിച്ചു ഗ്ലാസ്‌ മേശപ്പുറത്തേയ്ക്കുവെച്ചു….അവളൊന്നും മിണ്ടാതെ താഴേയ്ക്ക് നോക്കി ഇരിക്കുകയാണ്….

അവളുടെ ആ ഇരിപ്പ് അവനിലും അസ്വസ്ഥത നിറച്ചു….ആദ്യം മനസിലായില്ലെങ്കിലും പിന്നെ അവൻ തിരിച്ചറിഞ്ഞു തന്റെ പെരുമാറ്റമാണവളെ വേദനിപ്പിച്ചതെന്ന്…അവന് നെഞ്ചിലൊരു ആന്തൽ അനുഭവപ്പെട്ടു…. നിമിഷയുടെ ചതി തിരിച്ചറിഞ്ഞത് മുതൽ താൻ ചേട്ടനെ പറ്റി മാത്രമേ ഓർത്തിട്ടുള്ളു…ചേട്ടന്റെ ജീവിതം നശിച്ചു പോകുന്നതിലുള്ള ആധിയും, ചേട്ടനെ രക്ഷിച്ചെടുക്കാനുള്ള ഉപായങ്ങളെപ്പറ്റിയുമൊക്കെയാണ് ഇപ്പോൾ അവളോട്‌ സംസാരിക്കാറുള്ളത്…. ഒന്നും മിണ്ടാതെ ഒക്കെ കേട്ടിരിക്കും…. പക്ഷേ അപ്പോഴും എന്തായിരുന്നു അവളുടെ മനസ്സിൽ…..അതേപ്പറ്റി താൻ ചിന്തിച്ചിരുന്നില്ല… ഒരിക്കലും ഉണങ്ങാത്ത മുറിവാണ് അവളുടെ മനസ്സിനേറ്റത്…

എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും ചേട്ടൻ അവളോട്‌ ചെയ്തതൊന്നും ഒരു പെണ്ണിനും ക്ഷമിക്കാൻ കഴിയുന്ന കാര്യങ്ങളല്ല… എത്രയൊക്കെ ഇല്ലയെന്ന് പറഞ്ഞാലും അവളുടെ മനസ്സിൽ ചേട്ടനോട് വെറുപ്പ് തന്നെയായിരിക്കും…. അവളുടെ അന്നത്തെ അവസ്ഥ, ആ വേദന തൊട്ടടുത്ത് നിന്നു കണ്ടറിഞ്ഞവനാണ്..എന്നിട്ടും താനിന്നവളെ വേദനിപ്പിച്ചു….. ചേട്ടൻ തന്നോട് സ്നേഹത്തോടെ പെരുമാറിയ സന്തോഷത്തിൽ അവൾ അനുഭവിച്ചതൊക്കെ മറന്നുപോയി….. ചേട്ടന്റെ പേര് കേൾക്കാൻ പോലും അവൾ ഇഷ്ടപ്പെടുന്നില്ലായെന്ന് തനിക്ക് അറിയാവുന്നതാണ്….അങ്ങനെയുള്ള ഒരുവളോടാണ് അവളുടെ ജീവിതം തകർത്തവന്റെ വേദനകളെ കുറിച്ച് പറഞ്ഞത്…

തന്റെ വേദന കണ്ടു അവൾ എന്ത് പറയണം എന്നറിയാതെ വീർപ്പുമുട്ടുന്നുണ്ടാകും…. ഒന്നും ഓർക്കാതെ താൻ….. സ്വാർഥനായി പോയി….അഭിയ്ക്കു സ്വയം പുച്ഛം തോന്നി… എന്തായിരിക്കും ശ്രീയുടെ മനസ്സിൽ..??തന്നോട് ദേഷ്യമായിരിക്കുമോ…?? അസ്വസ്ഥമായ മനസ്സോടെ കുറച്ചുനേരം രണ്ടാളും മൗനമായി ഇരുന്നു … എന്നോടു ക്ഷമിക്കു ശ്രീ……ചേട്ടൻ വിളിച്ച സന്തോഷത്തിൽ ഞാൻ മറ്റൊന്നുമോർത്തില്ല….ചേട്ടൻ സത്യങ്ങളറിഞ്ഞു ആകെ തകർന്നിരിക്കുവാണെന്ന് ശ്യാമേട്ടൻ വിളിച്ചു പറഞ്ഞപ്പോഴേ എനിക്കും നല്ല ടെൻഷനായിരുന്നു….ചേട്ടനത് താങ്ങാൻ കഴിയുമോ എന്നറിയാതെ….

പക്ഷേ വൈകുന്നേരമാകാറായപ്പോൾ ചേട്ടൻ വിളിച്ചു…വിഷമമുണ്ടെങ്കിലും ചേട്ടന് ഈ ഇഷ്യൂ കൈകാര്യം ചെയ്യാൻ പറ്റുമെന്നെനിക്ക് തോന്നുന്നു…കുറേ നേരം സംസാരിച്ചു ഞങ്ങൾ… എനിക്കെന്റെ ആ പഴയ ചേട്ടനെ തിരിച്ചു കിട്ടിയ പോലെ തോന്നി….. പക്ഷേ ഇതിനിടയിൽ ഞാൻ നിന്റെ മനസ്‌ കണ്ടില്ലന്നു തോന്നുന്നു എനിക്ക്….എനിക്കറിയാം നിനക്കിഷ്ടമല്ലാത്ത കാര്യങ്ങളാണ് കുറച്ച് ദിവസമായി ഞാൻ നിന്നോട് പറയുന്നതെന്ന്…അതും ചേട്ടന്റെ കാര്യത്തിലുള്ള നിന്റെ താൽപര്യക്കുറവ് അറിയാവുന്ന ഞാൻ തന്നെ… സന്തോഷത്തോടെ ഇരിക്കേണ്ട ഈ സമയത്ത് മനസ്സിന് വിഷമമുണ്ടാക്കുന്നതൊക്കെയാണ് എന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്…ഈ പ്രശ്നങ്ങൾക്കിടയിൽ നിന്നെയും കുഞ്ഞിനെയും ഞാൻ മറന്നു പോകുന്നു എന്ന് തോന്നുന്നുണ്ടോ നിനക്ക്…???

അങ്ങനെയാണെങ്കിൽ എന്നോടു ദേഷ്യം തോന്നല്ലേടി… ദയനീയ ഭാവത്തിൽ തന്നെ നോക്കുന്ന അഭിയെ അവൾ അലിവോടെ നോക്കി…. തനിക്ക് വേണ്ടിയാണു ഈ മനുഷ്യൻ സ്വന്തം ചേട്ടനോട് വഴക്കിട്ടതും,പിണങ്ങിയതുമൊക്കെ… ഇന്നിപ്പോൾ കൂടെപ്പിറപ്പിന്റെ ജീവിതം തകർന്നു പോകുന്നതോർത്ത് ആ മനസ്‌ നീറുന്നുണ്ട്… അത് തന്നോട് തുറന്നു പറയാനും പാവത്തിനാകുന്നില്ല…അരവിന്ദിന്റെ കാര്യങ്ങൾ തന്നെ അസ്വസ്ഥതയാക്കുന്നുണ്ട്…സത്യം തന്നെയാണത്… തന്നെ സംബന്ധിച്ചു അയാളൊരു അടഞ്ഞ അധ്യായമാണ്..പക്ഷേ അഭിയേട്ടൻ അയാളെ ഓർത്തു വേദനിക്കുമ്പോൾ അത് തന്നിലേയ്ക്കും പകരുന്നത് പോലെ… പക്ഷേ സ്വാർത്ഥയായിക്കൂടാ…

വിധി തന്റെ സ്വപ്നങ്ങളും, മോഹങ്ങളുമൊക്കെ ഇരുളടഞ്ഞ ഒരു തടവറയിലടച്ചപ്പോൾ പുതുപ്രതീക്ഷയുടെ വർണങ്ങൾ വിതറി അവ തനിക്കു തിരികെ നേടി തന്നത് അഭിയേട്ടനാണ്….ചേർത്ത് പിടിച്ചിട്ടേയുള്ളു എന്നും… ആ മനുഷ്യനാണ് തെറ്റ് ചെയ്ത പോലെ തന്റെ മുന്നിലിരിക്കുന്നത്.. ഭാര്യയുടെയും സഹോദരന്റെയുമിടയിൽപ്പെട്ടു നീറുന്നുണ്ടോ ആ മനസ്‌…അത് കാണാതെ പോകുന്നത് താൻ ചെയ്യുന്ന വലിയ തെറ്റാണ്‌….അതിനനുവദിച്ചു കൂടാ… തിരുത്തണം…. അവൾ കസേര നീക്കി അവനോട് ചേർന്നിരുന്നു…അവന്റെ കയ്യിലേക്ക് തന്റെ കൈ കോർത്തു…പതിയെ അതിൽ ചുംബിച്ചു….

സ്നേഹിക്കുന്നവരെ അവരുടെ വേദനയിൽ കൈ വിടാതെ ചേർത്തുപിടിക്കുന്ന ഈ മനസ്‌ എന്നേക്കാൾ കൂടുതൽ ആർക്കാ അറിയുക…അനുഭവിച്ചറിഞ്ഞവളല്ലേ ഞാൻ…. ആ മനുഷ്യൻ അഭിയേട്ടനോട് ക്ഷമ ചോദിച്ചു എന്നറിഞ്ഞപ്പോൾ അയാൾ എന്നെ ചതിച്ചത് ഓർമ്മ വന്നു….വേദനിപ്പിക്കാൻ പറഞ്ഞ ഓരോ വാക്കും ഇന്നും എന്റെ ഉള്ളിൽ കിടന്നു നീറുന്നുണ്ട്…. ഒരു ക്ഷമാപണവുമായി നാളെ അയാൾ എന്റെ മുൻപിലും വരുമോ എന്നോർത്തപ്പോൾ വിഷമം വന്നു… ചെയ്ത തെറ്റുകൾക്ക് ചേട്ടൻ നിന്നോട് ക്ഷമ ചോദിച്ചാൽ നീ ചേട്ടനോട് പൊറുക്കുമോ ശ്രീ..??? ആകാംക്ഷ നിറഞ്ഞ സ്വരത്തിൽ അവൻ അവളോട് ചോദിച്ചു…..

ആര്യ അഭിയെ നോക്കി ഒന്നു ചിരിച്ചു.. നിമിഷയുടെയും വെങ്കിടേഷിന്റേയും ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ എനിക്ക് അയാളോട് സഹതാപം തോന്നിയിരുന്നു… പിന്നെ ആവണിമോളെ കുറിച്ചോർക്കുമ്പോൾ വിഷമവുമുണ്ട്… പക്ഷേ ഇതൊന്നും അയാളോട് ക്ഷമിക്കാനുള്ള കാരണങ്ങളല്ല… എന്നോടുള്ള കാണിച്ച വിശ്വാസവഞ്ചന ഒരു പെണ്ണിനും പൊറുക്കാൻ കഴിയില്ല… അയാൾക്കു നിമിഷയോട് പ്രണയം തോന്നി തുടങ്ങിയപ്പോഴേ അതെന്നോട് പറയാമായിരുന്നു…പക്ഷേ എല്ലാം മറച്ചുവെച്ച് അയാളെന്റെ കൂടെ ജീവിച്ചു…. ഭാര്യഭർത്താക്കന്മാരെ പോലെ അവർ ജീവിച്ചു തുടങ്ങിയപ്പോൾ മുതൽ അയാളെന്റെ കുറ്റങ്ങൾ കണ്ടുപിടിച്ചു വേദനിപ്പിച്ചു കൊണ്ടിരുന്നു….

ഒന്നു തുറന്നു പറഞ്ഞിരുന്നെങ്കിൽ ഞാൻ ആ വിഡ്ഢി വേഷം അഴിച്ചു വെച്ചേനെ..ഇത് എന്നെ ഒരു പൊട്ടിയാക്കി അവളോടൊപ്പം സുഖിക്കുകയായിരുന്നു.. ഒടുവിൽ അവൾ ഗർഭിണി ആയപ്പോഴാണ്‌ എല്ലാം തുറന്നു പറയാനുള്ള മനസ്സായാൾക്കുണ്ടായത്… ഒരു കുഞ്ഞിനെ ഞാൻ ആഗ്രഹിച്ചിരിക്കുമ്പോൾ ഭർത്താവിന്റെ കുഞ്ഞു മറ്റൊരു സ്ത്രീയുടെയു ഉദരത്തിൽ വളരുന്നുണ്ടെന്നറിയുന്ന ഒരു പെണ്ണിന്റെ മനസ്‌ അഭിയേട്ടന് മനസിലാകില്ല…അങ്ങനെയൊന്നു കേട്ടു നിന്നവളാ ഞാൻ…ഇപ്പോഴുമറിയില്ല അതൊക്കെ എങ്ങനെ തരണം ചെയ്തുവെന്നു…അന്നു വെറുത്ത് തുടങ്ങിയതാ അയാളെ ഞാൻ…

ഇനി ഒരു ക്ഷമപറച്ചിൽ കൊണ്ടു എന്തെങ്കിലും പ്രയോജനമുണ്ടോ…?? കുറ്റബോധം തോന്നിയാലോ, ക്ഷമ പറഞ്ഞാലോ ഞാൻ അനുഭവിച്ച വേദനയും അപമാനവും ഇല്ലാതാകുമോ…? ഇല്ല അഭിയേട്ടാ… ഈ ജന്മം അയാളോട് ക്ഷമിക്കാൻ എനിക്കാകില്ല…. അവൾ കിതപ്പോടെ പറഞ്ഞു നിർത്തി…. അഭി അവളെ ഒന്നുകൂടി തന്നോട് ചേർത്തുപിടിച്ചു നെറുകയിൽ ചുംബിച്ചു….അപ്പോഴേക്കും അവന്റെ വിരലുകൾ അവളുടെ തലമുടിയെ തഴുകിതുടങ്ങിയിരുന്നു……കുറച്ചുനേരം കഴിഞ്ഞു അവൾ അവനിൽ നിന്നു അകന്നു മാറി ഇരുന്നു…. എനിക്കറിയാം നിങ്ങൾ തമ്മിലുള്ള വഴക്ക് മുഴുവൻ എനിക്ക് വേണ്ടിയായിരുന്നു….

പക്ഷേ ഇപ്പോൾ അയാൾക്ക്‌ ഏട്ടന്റെ സഹായം ആവശ്യമാണ്….സ്വന്തം ചോരയെ രക്ഷിക്കേണ്ടത്‍ ഏട്ടന്റെ കടമയാണ്…ഞാനതിന് ഒരിക്കലും ഒരു തടസ്സമാകില്ല… എനിക്ക് വിഷമമാകുമെന്നു കരുതി ഇനിയും അയാളെ അകറ്റി നിർത്തരുത്…അത് ഏട്ടൻ ചെയ്യുന്ന തെറ്റാണ്..അതിന് ഞാൻ ഒരിക്കലും കൂട്ടുനിൽക്കില്ല…. എന്റെ മുൻഭർത്താവിനോട് എനിക്ക് വെറുപ്പാണ്…എന്തെന്റെ മരണം വരെ മനസ്സിലുണ്ടാകും…പക്ഷേ ആ വെറുപ്പ് എത്ര ആഴത്തിലെരിഞ്ഞാലും അത് ഒരിക്കലും സ്വന്തം കടമകളിൽ നിന്നു അഭിയേട്ടനെ വിലക്കാൻ മാത്രം ശക്തമായ ഒന്നല്ല….എന്നെ സംബന്ധിച്ചു അയ്യാളിപ്പോൾ എന്റെ ഭർത്താവിന്റെ ചേട്ടൻ മാത്രമാണ്….അയാളെ ആ സ്ഥാനത് കാണാൻ ഇന്നെന്റെ മനസിനാകും….

അയാളെ തളർന്നു പോകാതെ തങ്ങിനിർത്താൻ ഏട്ടന്റെ കൈകൾക്കാകുമെന്നത് എനിക്ക് സന്തോഷമേ നൽകു…. പിന്നെ ഞാൻ അർഹിക്കുന്നതിലും,ആഗ്രഹിക്കുന്നതിലും കൂടുതലാണ് അഭിയേട്ടന്റെ സ്നേഹവും,കരുതലുമൊക്കെ.. എനിക്ക് ഒന്നിലും ഒരു പരാതിയുമില്ല….അതുകൊണ്ടു ഇനി അക്കാര്യമോർത്ത് വേദനിക്കരുത്…. അവൾ ഉറപ്പോടെ പറഞ്ഞു നിർത്തി… അവളുടെ വാക്കുകൾ നൽകിയ ആശ്വാസത്തിൽ തന്റെ മനസ്‌ ശാന്തമാകുന്നത് അവനറിഞ്ഞു…ആശങ്കകളകന്ന മാനമോടെ അഭിയവളെ ചേർത്തു പിടിച്ചു…..പതിയെ അവളുടെ വയറിൽ തലോടി…

തന്റെ കുഞ്ഞിനോടുള്ള വാത്സല്യം നിറയുന്ന മനമോടെ…. നമ്മുടെ കുഞ്ഞി എന്ത് പറയുന്നു…?? അവന്റെ ആ ചോദ്യത്തിൽ ഒരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു… മറുപടി പറയാൻ തുടങ്ങുമ്പോഴേയ്ക്കും ഏട്ടന്റെ ഫോൺ ബെല്ലടിച്ചു….ഫോൺ കയ്യെത്തി എടുത്ത് എട്ടനത് അറ്റൻഡ് ചെയ്യുമ്പോഴേക്കും മുറിയിലേയ്ക്കു നടന്നു….ഇട്ടിരുന്ന ഡ്രസ്സ് മാറി ഒന്നു ഫ്രഷായി ഇറങ്ങുമ്പോഴും കാണുന്നത് ഏട്ടനാരോടോ പരിഭ്രമത്തോടെ സംസാരിക്കുന്നതാണ്….തന്നെ കണ്ടതും ആള് വേഗത്തിൽ സംസാരമവസാനിപ്പിച്ചു തന്റെയടുത്തേയ്ക്കു വന്നു…. ശുഭവാർത്ത കേൾക്കാൻ പോകുന്നതെന്നോർത്ത് ഒരു നിമിഷം മനസ്സൊന്നു പിടഞ്ഞു….. ഏട്ടനൊരു ആക്‌സിഡന്റ്…ഹോസ്പിറ്റലിലാണ് എല്ലാവരും…

നീ പെട്ടെന്ന് റെഡിയായേ…. നമുക്കിപ്പോൾ തന്നെ തിരിക്കണം… അവളിൽ നിന്നു പ്രതികരണമൊന്നുമുണ്ടാകാത്തത് കൊണ്ടു അവനവളെ തിരിഞ്ഞു നോക്കി….ആ മുഖത്തെ ഭാവം അവന് മനസിലാകുന്നില്ലായിരുന്നു…. അവൻ ഇടാനുള്ള ഡ്രസ്സെടുത്ത് അവൾക്കു നേരെ നീട്ടി… ഈ സമയത്ത് ശ്രീയുമായി ഇത്രദൂരം ഒരു യാത്ര…തനിക്കതിൽ താല്പര്യമില്ല…പക്ഷേ സാഹചര്യം അതായി പോയി…. ഒരു നിമിഷം അവളെ നോക്കി നിന്നശേഷം ടവ്വലുമെടുത്ത് അവൻ ബാത്റൂമിലേയ്ക്ക് നടന്നു… പെട്ടെന്ന് തന്നെ രണ്ടാളും തയ്യാറായി വന്നു…പ്രീതയോടും ,ശാന്തയോടും കാര്യം പറഞ്ഞു അവരോടു യാത്ര പറഞ്ഞവരിറങ്ങി….

അഭി വളരെ പതിയെയാണ് വണ്ടിയോടിച്ചത്… ഒൻപതുമണി കഴിഞ്ഞു അവർ വീടെത്തുമ്പോൾ…. ജനുവമ്മയും,പ്രഭയുടെ അനിയത്തിയും ഉണ്ടായിരുന്നു അവിടെ…ആര്യയെ അവരുടെ അടുത്താക്കി അഭി അപ്പോൾ തന്നെ അവിടെ നിന്നിറങ്ങി… ഹോപിറ്റലിൽ എത്തുമ്പോൾ അമ്മയും, നിമിഷയും ഐസിയുവിന്റെ മുൻപിൽ ഇരിക്കുന്നുണ്ടായിരുന്നു…..കുറച്ച് മാറി ശേഖരനും നിൽക്കുന്നു….ആധിയോടെ ഓടി വന്ന അഭി മുന്നിൽ നിമിഷയെ കണ്ടതും ഒന്നു നിന്നു…മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുമോ എന്നവൻ ഭയന്നു…അവളെ അവഗണിച്ചു അഭി ശേഖരന്റെയടുത്തേയ്ക്കു നടന്നു…ചേട്ടന് എങ്ങനെയുണ്ടെന്നു തിരക്കുമ്പോൾ പേടികൊണ്ടു അവന്റെ നെഞ്ചിടിപ്പേറിയിരുന്നു….

തലയിലൊരു മുറിവുണ്ട്…. അത് പേടിക്കാനൊന്നുമില്ലെന്നു ഡോക്ടർ പറഞ്ഞു..പിന്നെ കൈക്ക് ചെറിയ പൊട്ടലുണ്ട്…ഞാനിപ്പോൾ കയറി കണ്ടിരുന്നു…സെഡേഷന്റെ മയക്കത്തിലായിരുന്നു…പിന്നെ കുറച്ചധികം രക്തം നഷ്ട്ടപ്പെട്ടിട്ടുണ്ട്….അതുകൊണ്ടു ചിലപ്പോൾ ഇന്നൊരു ദിവസം ഒബ്സർവേഷനിൽ ആയിരിക്കും…നാളെയേ റൂമിലേയ്ക്ക് മാറ്റു എന്നാ പറഞ്ഞത്…..എന്തായാലും ദൈവം കാത്തു അവനെ….. അച്ഛന്റെ വാക്കുകളിൽ അഭിയുടെ മനസ്സിൽ ആശ്വാസം നിറഞ്ഞു…ആ നിമിഷം അവൻ ദൈവത്തിന് നന്ദി പറഞ്ഞു… അഭി നടന്നു ഐസിയുന്റെ മുന്നിലെ കസേരയിൽ ഇരിക്കുന്ന അമ്മയുടെ അടുത്ത് ചെന്നിരുന്നു…മകനെ ഓർത്തുള്ള ആധിയിൽ ആ അമ്മ കരയുകയായിരുന്നു…

അഭി അവരെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു… ഇടയ്ക്ക് അവന്റെ കണ്ണുകൾ തങ്ങളുടെ എതിർവശത്തുള്ള കസേരയിൽ ഇരുന്നു കരയുന്ന നിമിഷയിൽ തറഞ്ഞു നിന്നു…. എന്തിനാണവൾ ഇങ്ങനെ അഭിനയിക്കുന്നത്…. ഈ കള്ളകണ്ണീർ പൊഴിക്കുന്നത്….അടുത്തേയ്ക്കു പാഞ്ഞു ചെന്നവളുടെ പൊയ്മുഖം തുറന്നുകാട്ടണമെന്നവന് തോന്നി….പക്ഷേ തനിക്കതിനുള്ള അനുവാദമില്ല…എന്താ വേണ്ടതെന്നു ചേട്ടൻ തീരുമാനിക്കട്ടെ….അവളോടുള്ള രോക്ഷത്താൽ ആളുന്ന മനസ്സിനെ അഭി ശ്രമപ്പെട്ട് അടക്കി…വെറുപ്പോടെ അവളിൽ നിന്നു മുഖം തിരിച്ചു…. ചേട്ടന്റെ കൂടെ താൻ നിൽക്കാമെന്ന് പറഞ്ഞു അഭി അച്ഛനെയും അമ്മയെയും നിമിഷയേയും വീട്ടിലേയ്ക്കു പോകാൻ നിർബന്ധിച്ചു….

ശേഖരനും, പ്രഭയ്ക്കും പോകാൻ താല്പര്യമില്ലായിരുന്നെങ്കിലും നിമിഷ തിരികെ പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു… അഭിയെ കണ്ടതോടെ എങ്ങനെയെങ്കിലും അവിടെ നിന്നു പോയാൽ മതിയെന്ന ചിന്തയിൽ നിൽക്കുകയായിരുന്നവൾ…ഇടയ്ക്കിടെ തന്നിലേക്കെത്തുന്ന അവന്റെ രൂക്ഷമായ നോട്ടം കാരണമറിയാത്തൊരു ഭീതി ഉള്ളിൽ നിറക്കുന്നതവൾ അറിഞ്ഞു…… അതുമാത്രമല്ല വിശപ്പു സഹിച്ചു ഉറക്കമൊഴിഞ്ഞു അവിടെ നിൽക്കാൻ അവൾക്കു താല്പര്യമില്ലായിരുന്നു….മനസ്സിൽ അരവിന്ദിനെ ശപിച്ചു പുറമേയ്ക്ക് മിഴികൾ നിറച്ചു ഭർത്താവിന്റെ വേദനയിൽ ഉരുകുന്ന ഭാര്യയുടെ വേഷം ആടുകയായിരുന്നു അവൾ….

അവരെ വീട്ടിലേയ്ക്കു പറഞ്ഞയച്ചു അഭി ഡോക്ടറെ പോയി കണ്ടു അരവിന്ദ് അപകടനില തരണം ചെയ്‌തെന്നും ഇനി പേടിക്കേണ്ട സാഹചര്യമില്ലായെന്നും ഉറപ്പു വരുത്തി… ഡോക്ടറോട് അനുവാദം വാങ്ങി അവൻ അരവിന്ദിനെ കയറി കണ്ടു… അപ്പോഴും അരവിന്ദ് മയക്കത്തിലായിരുന്നു….അവനെ ആ അവസ്ഥയിൽ കണ്ടപ്പോൾ അഭിയുടെ കണ്ണ് നിറഞ്ഞു… അഭി അവന്റെ തലയിലെ കെട്ടിൽ പതിയെ വിരലുകളോടിച്ചു… ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു അവിടെ നിന്നു തിരിഞ്ഞു നടന്നു…

ഐസിയുയിൽ നിന്നിറങ്ങി മുന്നിലെ കസേരകളിലൊന്നിൽ അവൻ തളർന്നിരുന്നു… സത്യങ്ങളറിഞ്ഞ വേദനയിൽ ഏതോ നിമിഷത്തെ അശ്രദ്ധയിയിലാണ് അരവിന്ദിന് അപകടമുണ്ടായതെന്നു അഭിയ്ക്കു മനസിലായി…കൂടെപ്പിറപ്പിന്റെ ഭാവി ഇനിയെന്ത് എന്നോർത്തു അവന്റെ മനസ്‌ നീറി….നിലവിലെ പ്രശ്നങ്ങൾക്കൊരു പരിഹാരമാലോചിച്ച് ഉറങ്ങാതിരുന്നവൻ നേരം വെളുപ്പിച്ചു…

രാവിലെ തന്നെ അരവിന്ദിനെ റൂമിലേയ്ക്ക് മാറ്റിയിരുന്നു…ഒന്നും മിണ്ടാതെ കണ്ണുകൾ നിറച്ചു തന്നെ നോക്കി കിടക്കുന്ന ചേട്ടനെ കണ്ടു അവന്റെ ഉള്ളു നീറുന്നുണ്ടായിരുന്നു… ഒന്നും പറയുന്നില്ലെങ്കിലും ആ മനസ്‌ മൗനമായി തന്നോട് ക്ഷമയാചിക്കുന്നത് അഭി അറിയുന്നുണ്ടായിരുന്നു…. വേദന മനസ്സിലടക്കി ഒരു ചെറു ചിരിയോടെ അവൻ അരവിന്ദിന്റെയരികിലേയ്ക്ക് ചെന്നു താങ്ങിയെഴുന്നേല്പിച്ചു തലയിണ നിവർത്തി വെച്ചു അതിലേയ്ക്കവനെ ചാരിയിരുത്തി…… അഭിയ്ക്കു അവരുടെ കുട്ടികാലം ഓർമ്മ വന്നു…അനിയനെ ജീവനായിരുന്ന ഒരു ചേട്ടൻ,എന്തിനും ഏതിനും ചേട്ടൻ വേണമെന്ന് വാശിപിടിക്കുന്ന അനിയൻ…..

ഒക്കെ നോവോർമ്മകളായി അവന്റെ മനസ്സിൽ തെളിഞ്ഞു…. മുതിർന്നപ്പോഴും തങ്ങളങ്ങനെ തന്നെയായിരുന്നു… പിന്നെയെപ്പോഴോ അതൊക്കെ ഓർമ്മകൾ മാത്രമായി മനസ്സിന്റെ ഏതോ കോണിലൊളിച്ചു….. പക്ഷേ ഇപ്പോൾ മനസിലാക്കുന്നു എത്ര അകറ്റി നിർത്തിയാലും താൻ ചേട്ടനെ സ്നേഹിക്കുന്നു…ചേട്ടന് വേദനിക്കുമ്പോൾ തനിക്കും വേദനിക്കുന്നു…അഭി മനസ്സിലുറപ്പിച്ചു…തന്റെ ചേട്ടനെ തനിക്കു തിരികെ വേണം…. ഇന്നുതന്നെ എല്ലാ പിണക്കവും പറഞ്ഞവസാനിപ്പിക്കണമെന്ന് അവൻ മനസ്സിൽലുറപ്പിച്ചു…. ഇനി എന്ത് പ്രശ്നത്തിനും താൻ കൂടെയുണ്ടെന്ന് ചേട്ടനോട് പറയണം…. പക്ഷേ അപ്പോഴേക്കും ശേഖരനും, നിമിഷയും മുറിയിലേയ്ക്കു കയറി വന്നു…

അരവിന്ദ് അച്ഛനെ നോക്കി ചിരിച്ചു…നിമിഷയെ കണ്ടതോടെ അഭിയുടെ മുഖമിരുണ്ടു…അച്ഛൻ കൊണ്ടുവന്നതിൽ നിന്നു ടവ്വലും, ഡ്രസ്സുമെടുത്തു ഫ്രഷാകാനാണെന്നു പറഞ്ഞു അവൻ ബാത്റൂമിലേയ്ക്ക് നടന്നു… ശേഖരൻ അരവിന്ദിനരികിലേയ്ക്ക് ചെന്നിരുന്നു….. അച്ഛൻ ചോദിക്കുന്നതിനൊക്കെ ശാന്തമായി തന്നെ അവൻ മറുപടി പറഞ്ഞു…. പക്ഷേ അപ്പോഴും തന്നെ നോക്കി നിൽക്കുന്ന നിമിഷയിലേയ്ക്ക് അറിയാതെ പോലും അവന്റെ നോട്ടമെത്തിയില്ല…. ഫ്രഷായി വന്നതോടെ ഡോക്ടറെ കാണാനെന്ന് പറഞ്ഞു ശേഖരൻ അഭിയേയും കൂട്ടി പുറത്തേയ്ക്കിറങ്ങി…

നിമിഷയെ ചേട്ടന്റെ കൂടെ നിർത്തി പോകാൻ താല്പര്യമില്ലായിരുന്നെങ്കിലും അച്ഛനെ അനുസരിച്ചു അഭി ശേഖരന്റെ കൂടെ പുറത്തേയ്ക്കു നടന്നു…. അവർ പോയെന്നുറപ്പിച്ചതും നിമിഷ പതിയെ അരവിന്ദിന്റെ അടുത്തേയ്ക്കു ചെന്നിരുന്നു തലയിലെ കെട്ടിൽ തലോടി…അവന്റെ മുഖം കൈകളിൽ എടുത്ത് ആ മുറിവിൽ ചുംബിച്ചു… അരവിന്ദ് ഭാവവ്യത്യാസമേതുമില്ലാതെ അവളെ നോക്കിയിരിക്കുകയായിരുന്നു… പുറമെ ശാന്തത ഭാവിക്കുമ്പോഴും അവന്റെയുള്ളിൽ അവളോടുള്ള വെറുപ്പിന്റെ തീവ്രതയേറികൊണ്ടിരുന്നു… ഞാൻ പേടിച്ചു പോയി ഏട്ടാ…

ഏട്ടന് അപകടം പറ്റിയെന്നറിഞ്ഞപ്പോൾ എന്റെ ശ്വാസം നിലച്ചു പോയതു പോലെയാണ് തോന്നിയത്… ഏട്ടനെ ഒന്നു കാണുന്നതുവരെ ഒരു സമാധാനവുമില്ലായിരുന്നു….. ഏട്ടനെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ മോളെയും കൊണ്ടു ഞാനും കൂടെ വന്നേനെ…. ചാലിട്ടൊഴുകുന്ന മിഴിനീർ വലംകയ്യാൽ തുടച്ച് അവൾ ഒന്നുകൂടി അവനോട് ചേർന്നിരുന്നു….അപ്പോഴും അരവിന്ദ് ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കിയിരിക്കുകയാണ്….നാടകീയത നിറഞ്ഞ അവളുടെ പ്രവർത്തികൾ ഒരേസമയം അവനിൽ വേദനയും അമർഷവും നിറച്ചു… മതിയാക്കികൂടെ നിമിഷ നിന്റെ ഈ നാടകാഭിനയം….. പെട്ടെന്നവൻ ചോദിച്ചു…

എന്താ ഏട്ടാ…. നിമിഷ സംശയത്തോടെ അവനെ നോക്കി….. എന്താണെന്നു നിനക്ക് മനസ്സിലായില്ലേ…??? പക്ഷേ എനിക്ക് എല്ലാം മനസ്സിലായി… എന്തു മനസ്സിലായി എന്നാണ് ഏട്ടൻ പറയുന്നത്..??? പരിഭ്രമമടക്കി അവൾ ചോദിച്ചു.. എല്ലാകാലത്തും എന്നെ ചതിക്കാമെന്ന് കരുതിയോ നീ..?? അത്ര പൊട്ടനാണോ നിമിഷ ഞാൻ ..?? അവന്റെ വാക്കുകളിൽ പുച്ഛം കലർന്നിരുന്നു…. എനിക്ക് മനസിലായില്ല…ഞാൻ എങ്ങനെ ചതിച്ചുവെന്നാണ് പറയുന്നത്…??? നിമിഷ ദേഷ്യഭാവത്തിൽ അവനെ നോക്കി… നീ എങ്ങനെയാണ് എന്നെ ചതിച്ചത്, ഇപ്പോഴും ചതിച്ചു കൊണ്ടിരിക്കുന്നതെന്നു നിനക്കറിയാം നിമിഷ….

അതിപ്പോൾ എനിക്കുമറിയാം… കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ നീ സുഹൃത്ത് എന്ന് പറഞ്ഞ് എനിക്ക് പരിചയപ്പെടുത്തി തന്നെ വെങ്കിടേഷ് സുബ്രഹ്മണ്യ അയ്യർ നിനക്ക് ആരായിരുന്നുവെന്നും, ഇപ്പോഴും നിനക്കവൻ ആരാണെന്നും, എന്നെ നിങ്ങൾ എന്ത് ചെയ്യാനാണ് പ്ലാൻ ചെയ്തിരുന്നതെന്നുമെല്ലാം വളരെ വ്യക്തമായി മനസ്സിലാക്കിയിട്ടാണ് ഞാൻ നിന്നോട് സംസാരിക്കുന്നത്… നിമിഷ എന്തുപറയണമെന്നറിയാതെ ഞെട്ടി നിൽക്കുകയാണ്… എല്ലാം കൈവിട്ട് പോവുകയാണെന്നൊരു ഉൾഭയം അവളെ പൊതിഞ്ഞു… എന്റെ മരണം കാത്തിരിക്കുന്നവളാണ് എന്റെ ഭാര്യ എന്ന അറിവ് എന്നെ തകർത്തുകളഞ്ഞു….

അത് അംഗീകരിക്കാൻ കഴിയാതെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ഇന്നലെ ഞാൻ…. അങ്ങനെയാണ് എനിക്ക് ഈ ആക്സിഡന്റ് പറ്റുന്നതും…. പക്ഷേ ഇപ്പോൾ സത്യങ്ങളെല്ലാം ഞാൻ ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ്…. അവനൊന്നു നിർത്തി കണ്ണുകളടച്ചു… കണ്ണുകൾ നിറയാതിരിക്കാൻ അവൻ ആവുന്നതും ശ്രമിച്ചു…. മനസ്സൊന്നു ശാന്തമായതും അവൻ വീണ്ടും സംസാരിച്ചു തുടങ്ങി…. ഞാനിപ്പോഴും ഇത്ര ശാന്തമായി നിന്നോട് പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ നിനക്ക്…?? നിന്നെ കുറ്റപ്പെടുത്താനുള്ള അർഹത എനിക്കില്ലാത്തതുകൊണ്ട്…..താലി കെട്ടിയവളെ മറന്ന് അന്യസ്ത്രീയിൽ ഭ്രമിച്ചു പോയതിനുള്ള ശിക്ഷയാണിത്… ഞാനത് മനസ്സിലാക്കുന്നു…

ആര്യയുടെ ഭർത്താവായി ജീവിക്കുമ്പോഴും ഞാൻ അവളെ പ്രണയിച്ചിരുന്നില്ലായെന്നെനിക്ക് മനസ്സിലായത് നിന്നെ കണ്ടപ്പോഴാണ്…. എന്റെ മനസ്സിലെ പ്രണയിനിയ്ക്ക് നിന്റെ രൂപമായിരുന്നു…. ആര്യ!!…… ഞാനവളെ ഒരുപാട് വേദനിപ്പിച്ചു… ഒരിക്കലവൾ വേദനിച്ചതിനേക്കാൾ പതിന്മടങ്ങ് ഞാനിന്ന് വേദനിക്കുന്നുണ്ട്…. നിനക്കുവേണ്ടി, നിന്നെ നേടാൻ വേണ്ടിയാണ് ഞാൻ തെറ്റ് ചെയ്തത്….അതിനുള്ള ശിക്ഷയും നിന്റെ കൈ കൊണ്ടായിരുന്നു… അതുകൊണ്ടുതന്നെ എനിക്ക് പരാതിയില്ല, ദേഷ്യവുമില്ല… നീയടക്കം ആരോടും… പക്ഷേ ഇനിയും നിന്നെപ്പോലെ ഒരാളെ ജീവിതത്തിൽ ചേർത്തുപിടിക്കാൻ എനിക്കാകില്ല…. എന്റെ മനസ്സിൽ നിനക്കുള്ള സ്ഥാനമെന്തായിരുന്നു എന്നറിയാമോ നിനക്ക്…??

ഞാൻ ഓരോ തെറ്റ് ചെയ്യുമ്പോഴും, ഓരോ പരിഹാസമേറ്റു വാങ്ങുമ്പോഴും, ഓരോ തവണ എന്റെ പ്രിയപ്പെട്ടവരെ വേദനിപ്പിക്കുമ്പോഴും, ഞാൻ സമാധാനിച്ചിരുന്നത് എല്ലാം നിനക്ക് വേണ്ടിയാണല്ലോ എന്നോർത്താണ്… അത്രമേൽ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു.. എന്നേക്കാൾ വിശ്വസിച്ചിരുന്നു…. അതുകൊണ്ടുതന്നെ നിന്നെ വേദനിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല… നീയായിട്ട് തന്നെ എന്റെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പോകണം നിമിഷ….എന്റെ മനസ്സിനെ എനിക്ക് വിശ്വാസമില്ല…. ഞാനിവിടെ നിന്നെഴുന്നേറ്റാൽ ചിലപ്പോൾ എന്റെ തീരുമാനം മാറും… ഒന്നുകിൽ ഞാൻ നിന്നെ കൊല്ലും….

അല്ലെങ്കിൽ നിന്നോടുള്ള സ്നേഹം കൊണ്ട് നിന്റെ ഈ കള്ളകണ്ണുനീർ വിശ്വസിച്ച് വീണ്ടും നിന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് ചേർത്തു നിർത്തും…. രണ്ടായാലും അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് എന്റെ മോളായിരിക്കും…. അത് ഞാൻ അനുവദിക്കില്ല…. ഒരു നല്ല മനുഷ്യനായി ഇനിയെങ്കിലും എനിക്ക് ജീവിക്കണം, എന്റെ കുഞ്ഞിന്റെ കൂടെ… നിന്നെപ്പോലൊരു അമ്മയുടെ മകളായി ആവണി വളർന്നു കൂടാ… എനിക്കിനി നിന്നെ വേണ്ട..എന്റെ മോൾക്കും വേണ്ട….അതുകൊണ്ട് ഞങ്ങളെ ഉപേക്ഷിച്ചു നീ പോകണം നിമിഷ… അരവിന്ദ് പറഞ്ഞുനിർത്തി… വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു അവൻ…അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ അടർന്നു വീണു കൊണ്ടിരുന്നു…

താൻ കുടുങ്ങി എന്ന് നിമിഷയ്ക്ക് ഉറപ്പായി കഴിഞ്ഞിരുന്നു… ഒരു ന്യായീകരണം നടത്താൻ പോലും സമ്മതിക്കാതെ അരവിന്ദ് എല്ലാം പറഞ്ഞവസാനിപ്പിച്ചു…. അല്ലെങ്കിലും താൻ ഇത് പ്രതീക്ഷിച്ചതാണ്…. ഏത് നിമിഷവും പിടിക്കപ്പെടുമെന്ന്… അതുകൊണ്ട് വലിയ അത്ഭുതമൊന്നുമില്ല… വിഷമവും തോന്നുന്നില്ല… അല്ലെങ്കിലും ഇഷ്ടമില്ലാതെ സ്വീകരിക്കേണ്ടി വന്ന ഈ ഭാര്യ വേഷം തന്നെ ശ്വാസംമുട്ടിക്കുന്നുണ്ടായിരുന്നു…. പക്ഷേ വെങ്കിയുടെ വാക്കുകൾ ഓർമ്മയിൽ വന്നതും ഒരു അവസാനശ്രമം നടത്താൻ തീരുമാനിച്ചു അവൾ….മുഖത്ത് ദയനീയത വരുത്തി… കണ്ണുകൾ നിറച്ചു…. ഏട്ടനെന്തോ തെറ്റിദ്ധാരണയുടെ പുറത്താണ് സംസാരിക്കുന്നത്… പ്ലീസ്!!…ഞാൻ പറയുന്നത് ഏട്ടൻ വിശ്വസിക്കണം….

ഇനിയും എന്റെ മുൻപിൽ അഭിനയിക്കരുത്…. നിന്നെ വ്യക്തമായി മനസ്സിലാക്കിയിട്ടാണ് ഞാൻ സംസാരിക്കുന്നത്…. പ്രണയത്തിന്റേയും വിശ്വാസത്തിന്റേയും നേർത്ത നൂലിഴകൾ ചേർത്ത് കെട്ടിമുറുക്കിയതാണ് ഓരോ നല്ല ദാമ്പത്യവും….. അതിൽ വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ പ്രണയവുമില്ല, ദാമ്പത്യവുമില്ല….അതുകൊണ്ടു ഇനി ഒരിക്കലും എന്നെ ജീവിതത്തിലേക്ക് തിരികെ വരാതെ നിനക്കിഷ്ടപ്പെട്ട ജീവിതത്തിലേക്ക് മടങ്ങി പൊയ്ക്കോ നിമിഷ….. ഇത്തവണ അവന്റെ സ്വരം ഉയർന്നിരുന്നു….

അവന്റെ മുഖത്തേക്ക് നോക്കാൻ അന്നാദ്യമായി അവൾക്ക് പേടി തോന്നി…. എത്രയും വേഗം വീടെത്തണം… പിന്തിരിഞ്ഞു നടക്കുന്നതിനിടയിൽ അവൾ ചിന്തിച്ചു…. അവൾ നടന്നകന്നു പോകുന്നത് തന്റെ ജീവിതത്തിൽ നിന്ന് കൂടിയാണെന്ന് അരവിന്ദിന് മനസ്സിലായി….ചെയ്തത് ശരിയാണെന്നു ബുദ്ധി ഉപദേശിക്കുമ്പോഴും അത് അംഗീകരിക്കാനാകാതെ ഹൃദയം അവളെ തിരികെ വേണമെന്ന് അവനോട് കെഞ്ചി തുടങ്ങിയിരുന്നു………തുടരും….

ദാമ്പത്യം: ഭാഗം 26

Share this story