ജനനി: ഭാഗം 20

ജനനി: ഭാഗം 20

എഴുത്തുകാരി: അനില സനൽ അനുരാധ

നേരം പുലർന്നിട്ടും ഉറക്കം മതിയാകാതെ നീരവ് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടന്നു…. പുതപ്പ് മുഖത്തു നിന്നും വലിച്ചു മാറ്റപ്പെട്ടതും നീരവ് ചെരിഞ്ഞു കിടന്നു… മുഖത്ത് വെള്ളത്തുള്ളികൾ വീഴാൻ തുടങ്ങിയപ്പോൾ അവനു ദേഷ്യം വന്നു… “കളിക്കാൻ നിൽക്കല്ലേ വിനൂ…” നീരവിന്റെ ശബ്ദം ഉയർന്നു… വീണ്ടും വെള്ളം മുഖത്തേക്ക് പതിഞ്ഞതും നീരവ് ഞൊടിയിടയിൽ തിരിഞ്ഞ് ആ കൈകളിൽ പിടുത്തമിട്ടു… അതു വിനോദിന്റെ കൈ അല്ലെന്ന് മനസ്സിലായ നിമിഷം തന്നെ അവൻ കയ്യിലെ പിടി വിട്ട് മിഴികൾ വലിച്ച് തുറന്നു… വിന്ദുജയെ കണ്ടതും അവന്റെ മുഖത്തു പുഞ്ചിരി വിടർന്നു… “നീ ആയിരുന്നോടീ പോത്തെ… ” “അതേ കാലമാടാ…” അവൾ ഇളിച്ചു കാട്ടി കൊണ്ട് പറഞ്ഞു…

“നിന്റെ പുന്നാര ആങ്ങളയെ കണ്ടില്ലേ? ” “ആഹ്! ആ മതിലിനു അരികിൽ പോയി നിൽക്കുന്നുണ്ട്… ” “എന്നാൽ അപ്പുറത്ത് നിന്റെ ഭാവി ഏട്ടത്തിയമ്മയുണ്ടാകും… ” “ഏട്ടത്തിയമ്മ എന്നാണോ ഏട്ടത്തിയമ്മമാർ എന്നാണോ? ” അവൾ ചിരിയോടെ തിരക്കിയതും അവൻ എഴുന്നേറ്റിരുന്നു… “രാവിലെ എഴുന്നേറ്റതും ഇങ്ങോട്ട് പോന്നോ? ” “അല്ലാതെ പിന്നെ… എന്റെ വിനുവേട്ടൻ വിളിച്ചു പറഞ്ഞിരുന്നു നേരത്തെ തന്നെ ഇങ്ങോട്ട് എത്താൻ… ” “ആഹാ ! അപ്പോഴേക്കും ചെക്കന് അഞ്ജുവിനെ അനിയത്തിയ്ക്ക് കാണിച്ചു കൊടുക്കാതെ തിരക്കായോ? ” “അഞ്ജു ചേച്ചിയുടെ ഫോട്ടോയൊക്കെ ഞാൻ കണ്ടതു തന്നെയാ… കാണാതെ ഒരു തിരക്കും ഇല്ല… ”

“പിന്നെ എന്തിനാ വിനു നിന്നോട് നേരത്തെ തന്നെ ഇങ്ങോട്ട് വരാൻ പറഞ്ഞത്? ” “വേറെ ഒരുത്തി ഏതു നിമിഷവും അമ്മാവന്റെ കൂടെ ഇങ്ങോട്ട് എഴുന്നുള്ളുമല്ലോ…” “അതാര്… ഞാൻ അറിയാതെ ഇങ്ങോട്ട് എഴുന്നുള്ളുന്നത്? ” “ആരതി…” “ഓഹ് ! ഞാൻ അതു മറന്നു.. അച്ഛനും ചേച്ചിയും വരുമ്പോൾ കൂടെ അവളും ഉണ്ടാകുമല്ലേ… ” “കൂടെ ഉണ്ടാകുകയും ചെയ്യും ഒരു കല്യാണ ആലോചനയുടെ കാര്യം എടുത്തിടുകയും ചെയ്യും…. നോക്കിക്കോ…” “എന്തെങ്കിലും ആയിക്കോട്ടെ…” എന്നു പറഞ്ഞ് നീരവ് എഴുന്നേറ്റു… അവൻ ബാൽക്കണിയിലേക്ക് പോകുന്നത് കണ്ടതും വിന്ദുജയും പുറകെ ചെന്നു… അവൻ കൈവരിയിൽ കൈ ഊന്നി നിൽക്കുന്നുണ്ടായിരുന്നു…

അവന്റെ പുറകിൽ അവളും ചെന്നു നിന്നു… മുറ്റം അടിച്ചു വരുന്ന ജനനിയിൽ ആയിരുന്നു അവന്റെ മിഴികൾ… ജനനി മുറ്റം അടിച്ചു വാരി പോയപ്പോൾ നീരവ് പുറകിലേക്ക് തിരിഞ്ഞു… പെട്ടെന്ന് വിന്ദുജയെ കണ്ടു പിന്നിലേക്ക് ആഞ്ഞു.. “മിണ്ടാതെ പുറകിൽ വന്നു നിൽക്കാണോ? ” എന്നു ചോദിച്ച് അവളുടെ നെറ്റി പുറകിലേക്ക് തള്ളി… “എന്റെ കുഞ്ഞേട്ടൻ പ്രണയപരവശനായി നിൽക്കുമ്പോൾ ശല്ല്യപ്പെടുത്തണ്ട എന്നു കരുതി… ” “ആരാടീ പ്രണയപരവശനായി നിന്നത്… ” നീരവ് അവളുടെ നേർക്ക് ചാടി… “ഈ ചാട്ടത്തിനു മാത്രം ഒരു കുറവും ഇല്ലല്ലേ… സമയം ആകട്ടെ.. ഞാൻ മറുപടി തന്നോളാം… ” എന്നു പറഞ്ഞ് അവൾ മുറിയിൽ നിന്നും പോയി… നീരവ് ഫ്രഷ്‌ ആയ ശേഷം താഴേക്കു ചെന്നു…

അമ്മയും അപ്പച്ചിയും വിനോദും വിന്ദുജയും അവനെ കാത്ത് ഡൈനിംഗ് ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു… നീരവും അവരുടെ അരികിൽ പോയിരുന്നു… “എന്താ അപ്പച്ചി വിശേഷം? ” നീരവ് തിരക്കി… “നല്ല വിശേഷം കുഞ്ഞാ… നീയും വിനുവും തമ്മിൽ മാസങ്ങളുടെ വ്യത്യാസം അല്ലേയുള്ളൂ… നിന്റെ കല്യാണക്കാര്യത്തിൽ കൂടെ ഒരു തീരുമാനം ഉണ്ടാക്കണം എന്നാ ചേച്ചി പറയുന്നത്… ” കൃഷ്ണജ പറഞ്ഞു… “എനിക്ക് കല്യാണം കഴിക്കാൻ സമയം ആകുമ്പോൾ ഞാൻ പറയും… ഒരു തിരക്കും ഇല്ല… ” “മോനെ നീനയ്ക്കും ആരോമലിനും ഒരു ആഗ്രഹമുണ്ട്… ” അമ്മ പറയുന്നത് കേട്ടപ്പോൾ നീരവ് മുഖം ഉയർത്തി നോക്കി… “ആരതിയെ നിന്റെ കയ്യിൽ ഏൽപ്പിക്കണം എന്നാണ് ആരോമലിന്… ”

“ഞാൻ അങ്ങനെയൊന്നും ഇതുവരെ ആലോചിച്ചിട്ടില്ല… ആ കുട്ടിയുടെ മനസ്സിൽ വെറുതെ ഓരോ മോഹങ്ങൾ നിറക്കാൻ ആരും ഒരുങ്ങണ്ട…” എന്നു പറഞ്ഞ് നീരവ് ഇഡലി എടുത്ത് പ്ലേറ്റിലേക്ക് വെച്ചു… “ഈ ഇതു വരെ അങ്ങനെ ആലോചിച്ചിട്ടില്ല എന്നു പറയുന്നത് ആരതിയുടെ കാര്യത്തിലാണോ? ” വിനോദ് തിരക്കി… “അറിഞ്ഞിട്ട് എന്തിനാ? ” “അല്ലെങ്കിൽ നമുക്ക് വേറെ നോക്കാലോ… അല്ലേ? വിനോദ് എല്ലാവരോടുമായി തിരക്കി … “ശരിയാ.. ” സുമിത പറഞ്ഞു… “അതൊന്നും വേണ്ട അമ്മേ… പെണ്ണുകാണാൻ പോയി ഒരു ചായയും കുടിച്ച് വീട്ടിലേക്ക് തിരികെ വന്ന് ജാതകപ്പൊരുത്തവും നോക്കിയുള്ള കല്ല്യാണത്തിൽ എനിക്ക് താല്പര്യം ഇല്ല…” “പിന്നെ എങ്ങനെയുള്ള കല്യാണം വേണമെന്നാ…”

“അപ്പച്ചിയ്ക്ക് കാര്യം മനസ്സിലായില്ലേ? ” വിനോദ് തിരക്കി… “ഇല്ല… ” “അവനു കല്യാണം കഴിക്കാൻ ആകുമ്പോൾ അവൻ പറയും ഞാനൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണ് എന്ന്… ആ സമയത്ത് നമ്മൾ എല്ലാവരും കൂടെ ആ കല്യാണം നടത്തി കൊടുക്കുക… അത്രേയുള്ളൂ… അല്ലേ കുഞ്ഞാ? ” നീരവ് തലയാട്ടി.. “ചുരുക്കി പറഞ്ഞാൽ അറേഞ്ച്ഡ് മാര്യേജ് വേണ്ട… അതൊരു പ്രണയ വിവാഹം ആയിരിക്കും… ” വിന്ദുജ പറഞ്ഞു… കൃഷ്ണജയും സുമിതയും നീരവിനെ നോക്കി… വിന്ദുജ പറയുന്നതു സമ്മതിച്ചു കൊടുക്കും പോലെയായിരുന്നു അവന്റെ മുഖഭാവം… “അപ്പോൾ പെൺകുട്ടിയെ ഞങ്ങൾക്ക് ആർക്കും ഇഷ്ടമാകണ്ടേ? ” സുമിത തിരക്കി… “ഇഷ്ടമാകണം… എല്ലാവരുടെ സമ്മതത്തോട് കൂടി ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കണം…

“അങ്ങനെ ആരെങ്കിലും ഉണ്ടോ കുഞ്ഞാ? ” കൃഷ്ണജ തിരക്കി… നീരവ് മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി എഴുന്നേറ്റു… “ആ ചിരിയുടെ അർത്ഥം എന്താ ചേച്ചി? ” കൃഷ്ണജ സുമിതയോട് തിരക്കി… “അവന്റെ മനസ്സിൽ ആരോ ഉണ്ട്.. ഇനി ആരതിയും നീനയും കൂടെ വരുമ്പോൾ എന്താകുമോ എന്ന എന്റെ ടെൻഷൻ…” “ടെൻഷൻ അടിക്കേണ്ട കാര്യം എന്താ അപ്പച്ചി… ആരതിയെ ഈ വീട്ടിലെ മരുമകൾ ആക്കാമെന്ന് ഒരു വാക്കും കൊടുത്തിട്ടില്ല… അളിയനോ നീനയോ ഈ കാര്യം പറഞ്ഞാൽ നീരവിനു താല്പര്യം ഇല്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കുക…” വിനോദ് പറഞ്ഞു… “എന്തായാലും മോഹനേട്ടൻ വരട്ടെ…” “ഇനി അമ്മാവൻ എന്തു തീരുമാനം പറഞ്ഞാലും ഞാൻ കുഞ്ഞന്റെ ഭാഗത്തെ നിൽക്കൂ… അവൻ ജീവിക്കേണ്ടത് അവനു ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയോടൊപ്പം ആയിരിക്കണം..”

വിനോദ് പറഞ്ഞു… നീരവ് കമ്പ്യൂട്ടർ സെന്ററിലേക്ക് പോകാൻ ഇറങ്ങുമ്പോൾ വിനോദും കൂടെ ചെന്നു… “നീ കാർ എടുക്കുന്നില്ലേ? ” വിനോദ് തിരക്കി… “ഇന്ന് ബൈക്ക് മതി… കാർ നീ എടുത്തോ…” ജനനിയുടെ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടു… “അവൾ ഇറങ്ങി എന്നു തോന്നുന്നു… നീ ചെല്ല് …” നീരവിന്റെ തോളിൽ തട്ടി വിനോദ് പറഞ്ഞു… “അവൾ ഇറങ്ങിയാൽ എനിക്കെന്താ? ” “ഒന്നും ഇല്ലേ… നീ പറ്റിയാൽ ഓഫീസിലേക്ക് ഒന്നിറങ്ങ്…” “വരാം…” എന്നു പറഞ്ഞ് നീരവ് ഹെൽമെറ്റ്‌ വെച്ച ശേഷം ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു… ബൈക്ക് മുന്നോട്ടു പോകുമ്പോൾ നീരവ് തിരഞ്ഞത് ജനനിയെ ആയിരുന്നു… റോഡ് അരികിൽ സ്കൂട്ടി നിർത്തി ജനനി ആരോടോ സംസാരിച്ചു നിൽക്കുന്നത് കണ്ടതും നീരവ് അവരിൽ നിന്നും കുറച്ച് അകലം പാലിച്ച് ബൈക്ക് നിർത്തി…

മൊബൈൽ പോക്കറ്റിൽ നിന്നും എടുത്ത് വെറുതെ കാതോരം ചേർത്തു വെച്ചു… കൂടെ നിൽക്കുന്നത് വരുണാണെന്ന് മനസ്സിലായതും അവൻ അസ്വസ്ഥനായി… അവർ സംസാരിക്കുന്നത് കേൾക്കാൻ കഴിയുന്നില്ലായിരുന്നു… കുറച്ചു നിമിഷങ്ങൾക്കു ശേഷം വരുണ്‍ ജനനിയുടെ തോളിൽ സ്പർശിക്കാൻ ഒരുങ്ങിയതും അവൾ പുറകിലേക്ക് നീങ്ങി നിന്നു… നീരവ് മൊബൈൽ പോക്കറ്റിൽ വെച്ച് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു… ചീറി പാഞ്ഞു ചെന്ന ബൈക്ക് അവരുടെ അടുത്ത് സഡണ്‍ ബ്രേക്ക്‌ ഇട്ട് നിർത്തി… അവളോട്‌ എന്തോ സംസാരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന വരുണ്‍ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി… നീരവ് വരുണിനെയും ജനനിയേയും കൂർത്ത കണ്ണുകളാൽ നോക്കി… “ജനനി താൻ ഇന്ന് ലീവ് ആണോ? ” പരുഷമായി അവൻ തിരക്കി… “അല്ല…” “എന്നാൽ പോയി സെന്റർ തുറക്കാൻ നോക്ക്…”

“ജാനി എന്തെങ്കിലും ഒന്നു പറഞ്ഞിട്ട് പോകൂ… ” വരുണ്‍ പറഞ്ഞു… “എനിക്ക് കൂടുതലായി ഇനി ഒന്നും പറയാനില്ല..” എന്നു പറഞ്ഞ് ജനനി പോയി… “വരുൺ…” അവിടെ നിന്നും പോകാൻ ഒരുങ്ങിയ വരുണിനെ നീരവ് തിരികെ വിളിച്ചു… അവൻ തിരിഞ്ഞു നോക്കി… “അവൾ പറഞ്ഞതു കേട്ടല്ലോ… ഇനി അവൾക്ക് തടസ്സമായി വഴിയരികിൽ കാത്തു നിൽക്കരുത്… ” “തന്റെ ഓഫീസിലേക്ക് ഞാൻ വന്നാൽ എന്നെ ഭരിക്കാൻ വരാം… അല്ലാതെ പൊതു വഴിയിൽ നിൽക്കരുത് എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ നോക്കല്ലേ… എന്റെ പെണ്ണാ അവൾ…” “അത് അവൾക്കും കൂടെ തോന്നണ്ടേ…” “ഇല്ലായിരുന്നു എന്ന് ആരു പറഞ്ഞു… എന്റെ ചുംബനത്തിന്റെ ചൂട് ഇപ്പോഴും അവളുടെ വലതുകയ്യിൽ തങ്ങി നിൽക്കുന്നുണ്ടാകും…

അവളുടെ കവിളിണകൾ അന്നു നാണത്താൽ ചുവന്നിരുന്നു… അവൾ എന്നെ ഇഷ്ടപ്പെട്ടിരുന്നെടോ… സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഞങ്ങൾക്ക് അകലേണ്ടി വന്നു… എന്നിട്ടും കാലം അവളെ വീണ്ടും എനിക്ക് മുൻപിൽ എത്തിച്ചു എങ്കിൽ അതിനു ഒരു അർത്ഥമേയുള്ളു… അവൾ എനിക്കുള്ളതാണ്… നിങ്ങളുടെ സാറ് കളി എന്നോട് കാണിക്കാൻ നിൽക്കാതെ പോകാൻ നോക്ക്… ” എന്നു പറഞ്ഞ് വരുൺ ബൈക്കിന് അരികിലേക്ക് നടന്നു… നീരവിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു … കമ്പ്യൂട്ടർ സെന്ററിൽ എത്തി കാബിനിലേക്ക് പോകാതെ അവൻ നേരെ ക്ലാസ്സിലേക്ക് ചെന്നു… ജനനി പ്രാക്ടിക്കൽ ക്ലാസ്സ്‌ എടുക്കുന്നുണ്ടായിരുന്നു… “എക്സ്ക്യൂസ് മി… ”

നീരവിന്റെ ശബ്ദം കേട്ടതും ജനനി തിരിഞ്ഞു നോക്കി… “ഇപ്പോൾ എടുക്കുന്ന ടോപിക് കഴിഞ്ഞാൽ ഒന്നു വരണം…” “ഓക്കേ സർ… ” സ്റ്റുഡന്റ്സിനെ ഒന്നു നോക്കിയ ശേഷം നീരവ് പോയി… ജനനി ചെല്ലുമ്പോൾ നീരവ് വലതു കൈ മുഷ്ടി കൊണ്ട് ടേബിളിൽ ചെറുതായി ഇടിക്കുന്നുണ്ടായിരുന്നു … “സർ…” അവൾ വിളിച്ചതും അവൻ മുഖം ഉയർത്തി നോക്കി… അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു… “ഇരിയ്ക്ക്… ” അവൻ പറഞ്ഞതും അവൾ കസേരയിൽ ചെന്നിരുന്നു… “നിന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഞാൻ ഇടപെടുന്നത് നിനക്ക് ഇഷ്ടമല്ലെന്ന് അറിയാം… പക്ഷേ ഇപ്പോൾ ചോദിക്കാതെ ഇരിക്കാൻ എനിക്ക് പറ്റില്ല… ആ വരുൺ എന്തിനാ നിന്റെ പുറകെ വരുന്നത്?” “സർ ഇപ്പോൾ പറഞ്ഞതിനുള്ള മറുപടി ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതാണ്… ” “സോ വാട്ട്‌? ” അവന്റെ ശബ്ദം ഉയർന്നു… “എനിക്ക് ഒന്നും പറയാനില്ല…” അവൾ ഉറപ്പിച്ചു പറഞ്ഞു…

“മുൻപ് മുടങ്ങിപ്പോയ കല്യാണത്തിന്റെ കഥയും പറഞ്ഞ് അവൻ ഇനി എന്റെ മുൻപിൽ വന്ന് നിന്നാൽ.. ഞാൻ എന്താ ചെയ്യുകയെന്ന് എനിക്ക് തന്നെ പറയാൻ പറ്റില്ല… അന്നു കുറ്റബോധം തോന്നാതിരിക്കാൻ ഇപ്പോൾ ചോദിക്കാണ് നിനക്കിനി അവനെ വേണോ? അല്ലെങ്കിൽ അന്നു കൊടുത്തതിന്റെ ഇരട്ടി ഞാൻ അവനു കൊടുക്കും… ” “സർ എന്തിനാ വെറുതെ ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടാൻ വരുന്നത്? ” “ആവശ്യമില്ലാത്ത കാര്യമാണെന്ന് ആരാ പറഞ്ഞത്… ഞാൻ സ്നേഹിക്കുന്ന പെണ്ണിന്റെ കയ്യിൽ ചുംബിച്ച കഥയും പറഞ്ഞ് എന്നെ പ്രകോപിപ്പിക്കാൻ നോക്കിയപ്പോൾ തന്നെ അവന്റെ കരണക്കുറ്റി അടിച്ചു പൊട്ടിക്കാഞ്ഞത് നിന്റെ മനസ്സ് അറിയാൻ വേണ്ടിയാ… ” “സ്നേഹിക്കുന്ന പെണ്ണോ? ” “ഹ്മ്മ്… ” “ഏതു പെണ്ണിന്റെ കാര്യമാ സർ പറയുന്നത്?” “എന്റെ മുൻപിൽ ഇരിക്കുന്നവളെ കുറിച്ച്… നീരവിന്റെ പ്രാണനായ ജനനിയെക്കുറിച്ച്… ” അവനിൽ നിന്നും അടർന്നു വീണ വാക്കുകൾ കേൾക്കെ ജനനി എഴുന്നേറ്റു നിന്നു……..തുടരും………

ജനനി: ഭാഗം 19

Share this story