ആദിപൂജ: ഭാഗം 2

ആദിപൂജ: ഭാഗം 2

എഴുത്തുകാരി: ദേവാംശി ദേവ

അല്ല മോനെ….അത്….. ബാല മോൾ തന്നെ ആണ്…ഞാൻ ….ഞാൻ കണ്ടത് ആണ്…” ദിനേശന്റെ വാക്കുകൾ കേട്ട് ഭൂമിയിലേക്ക് താഴ്ന്നു പോകുമ്പോലെ തോന്നി ആദിക്കും നന്ദനും…… വേഗം തന്നെ ആദിയും നന്ദനും പുഴക്കരയിലേക്ക് ഓടി.. ആളുകൾ കൂടി നിൽപ്പുണ്ട്… നന്ദനെയും ആദിയെയും കണ്ടതും കൂടിനിന്നവർ മാറി കൊടുത്തു.. ആദിയുടെയും നന്ദന്റെയും വരവ് അറിയാതെ,അവരുടെ കണ്ണുനീർ കാണാതെ ശാന്തമായി ഉറങ്ങുകയാണ് ബാല…. ഒരിക്കലും ഉണരാത്ത ഉറക്കം….. “ബാല മോളെ…….” ഒരു നിലവിളിയോടെ താഴേക്ക് വീണ നന്ദനെ ആരൊക്കെയോ ചേർന്ന് പിടിച്ചു… എല്ലാം നഷ്ടപ്പെട്ടവനെ പോലെ,ഒന്നു കരയാൻ പോലും ആകാതെ അവളുടെ അടുത്തേക്ക് ഇരുന്നു ആദി….

പോലീസ് എത്തി നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ബോഡി മോർച്ചറിയിലേക്ക് മാറ്റി… പോസ്റ്റുമോർട്ടം ടേബിളിൽ അവളെ കീറിമുറിച്ച് തുന്നികെട്ടുമ്പോൾ പുറത്ത് നന്ദനെയും ചേർത്ത് പിടിച്ച് അവൾക്കായി കാത്തിരിക്കുകയായിരുന്നു ആദി… അവളോടൊത്തുള്ള നിമിഷങ്ങൾ മാത്രമായിരുന്നു അവന്റെ മനസ്സിൽ… കുസൃതിയും കുറുമ്പും ആയി തന്റെ പിന്നാലെ നടക്കുന്ന ഒരു പൊട്ടി പെണ്ണായിരുന്നു അവന്റെ ശ്രീകുട്ടി.. ചെറിയ കാര്യങ്ങൾക്ക് പോലും പൊട്ടിചിരിക്കുന്ന…പെട്ടെന്ന് ദേഷ്യപ്പെടുന്ന ഒരു മരംകേറി പെണ്ണ്… അവളോടൊത്തുള്ള ഓരോ നിമിഷങ്ങളും അവന്റെ മുന്നിലൂടെ കടന്ന് പൊയ്ക്കോണ്ടിരുന്നു… നന്ദന്റെ അവസ്ഥയും മറിച്ചായിരുന്നില്ല… തന്റെ ഏഴ് വയസ്സിൽ ആണ് ബാല ജനിക്കുന്നത്….

അന്നുമുതൽ അവൾ അനിയത്തി ആയിരുന്നില്ല മകൾ തന്നെ ആയിരുന്നു..അവളുടെ ഇണക്കവും പിണക്കവും ആയിരുന്നു തന്റെ ലോകം.. എല്ലാം കഴിഞ്ഞ്‌ അവളെയും കൊണ്ട് ആദിയും നന്ദനും ശ്രീനിലയത്തിലേക്ക് പുറപ്പെട്ടു… ഒരു നിലവിളിയോടെ ആണ് ശ്രീദേവിയും സരസ്വതിയും അവളെ സ്വീകരിച്ചത്… പ്രഭാകരനും മാധവനും ആകെ തകർന്ന് പോയിരുന്നു… ആദിയും നന്ദനും ചേർന്ന് അവളെ വീട്ടിലേക്ക് കയറ്റി.. അയൽവാസികളും നാട്ടുകാരുമൊക്കെ അവളെ അവസാനമായി ഒന്ന് കാണാൻ എത്തിയിരുന്നു.. എല്ലാവർക്കും അത്രമേൽ പ്രിയപ്പെട്ടവൾ ആയിരുന്നു ശ്രീബാല… അൽപ്പം കഴിഞ്ഞതും അപർണ വന്നു. ജെറിന്റെ കൂടെ ആണ് അപർണ എത്തിയത്… ഓർമവെച്ച കാലം മുതൽ ഒരുമിച്ചു കളിച്ചു വളർന്ന പ്രിയപ്പെട്ട കൂട്ടുകരിയാണ് മുന്നിൽ ജീവനില്ലാതെ കിടക്കുന്നതെന്ന് അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല…

“ബാലെ…. എഴുന്നേൽക്ക് മോളെ… വാ.. നമുക്ക് കോളേജിലേക്ക് പോകാം. ആദിയേട്ടന്റെ ഡയറി എടുക്കണ്ടേ… ആദിയേട്ടൻ അറിയും മുൻപ് അത് തിരിച്ചു വെയ്ക്കണ്ടെ… എഴുന്നേൽക്ക് ബാലെ….” പൊട്ടിക്കരഞ്ഞുകൊണ്ട്‌ ബാലയുടെ ശരീരത്തിലേക്ക് വീണ അവളെ ജെറി ബലമായി പിടിച്ചു മാറ്റി. “അപ്പൊ എങ്ങനെയാ. ..എടുക്കുവല്ലേ…” ആരോ പറഞ്ഞതും ആ വീട്ടിൽ വീണ്ടും നിലവിളി ഉയർന്നു… നന്ദൻ ആദിയെ കെട്ടിപിടിച്ച് കരഞ്ഞു… ആദി നന്ദനെയും കൂട്ടി ബാലയുടെ അടുത്തേക്ക് ചെന്നു.. അവളുടെ ഇരുവശവും ഇരുന്ന് രണ്ട് കവിളുകളിലും ഒരുമിച്ച് ഉമ്മ വെച്ചു… കണ്ടു നിൽക്കുന്നവർക്ക് പോലും ആ കാഴ്ച്ച സഹിക്കാൻ കഴിഞ്ഞില്ല… ആദിയും നന്ദനും ചേർന്നാണ് അവളെ തെക്കേ തൊടിയിലേക്ക് എടുത്തത്..

ആളി കത്തുന്ന അഗ്നി നിമിഷനേരം കൊണ്ട് ബാലയേയും സ്വന്തമാക്കി തുടങ്ങി. കൂടിനിന്നവർ എല്ലാം പതിയെ പിരിഞ്ഞു പോയി…അവസാനം ആദിയും നന്ദനും മാത്രമായി അവിടെ… പൊട്ടിക്കരയുന്ന നന്ദനെയും ചേർത്ത് പിടിച്ച് ഒരു തുള്ളി കണ്ണുനീർ പോലും വരാതെ ആദി ആ അഗ്നിയിലേക്ക് നോക്കി നിന്നു… ബാലയുടെ മരണം അന്വേഷിക്കണം എന്നുപറഞ്ഞ് നന്ദൻ പോലീസിൽ പരാതികൊടുത്തു.. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ബലപ്രയോഗം നടന്നിട്ടില്ലാത്തതിനാലും ബാലക്ക് നീന്തൽ അറിയാത്തതിനാലും അപകട മരണമായി എഴുതി പോലീസ് കേസ് ക്ലോസ് ചെയ്തു.. **************** ദിവസങ്ങൾ അതിവേഗം കടന്നു പോയി… ബാലയുടെ വേർപാട് രണ്ട് കുടുംബങ്ങളെയും തളർത്തിയിരുന്നു….

“ആദി….” നന്ദന്റെ വിളികേട്ട് ആദി കണ്ണു തുറന്നു.. “നീ എന്താ ആദി പുറത്തോട്ടൊന്നും ഇറങ്ങാതെ എപ്പോഴും ഇതിനകത്ത് തന്നെ ഇരിക്കുന്നത്..” “നീ ജോലിക്ക് പോയി തുടങ്ങിയല്ലേ..” “ങും…ഇനി ലീവ് നീട്ടിക്കൊണ്ട് പോകാൻ പറ്റില്ല.” “നന്നായി….” “ആദി…” “എന്താടാ….” നന്ദൻ കയ്യിലിരുന്ന കവർ ആദിക്ക് നേരെ നീട്ടി…ആദി അത് വാങ്ങി സംശയത്തോടെ നന്ദനെ നോക്കി … “അപ്പോയമെന്റ് ഓർഡർ ആണ്..” ആദി അതിലേക്ക് തന്നെ നോക്കിയിരുന്നു.. ഓർമ്മകൾ കുറച്ചു നാൾ പിന്നിലേക്ക് പോയി… ***************** “ആദി….” കുളകടവിൽ ഇരുന്ന് പുക വലിക്കുകയിരുന്ന ആദി ഞെട്ടി എഴുന്നേറ്റ് സിഗരറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞു.. തിരിഞ്ഞു നോക്കിയതും പിന്നിൽ കലിപ്പോടെ ബാല..

“ടാ…കള്ള ആദി…ഇവിടെ വന്ന് ഒളിച്ചിരുന്ന് സിഗരറ്റ് വലിക്കുവാണല്ലേ.. അമ്മായി……..അമ്മാവാ…..ഓടി വയോ…” ബാല നിലവിളിച്ചതും ആദി അവളുടെ വായ പൊത്തി. “എന്റെ പൊന്ന് ശ്രീകുട്ടി…ചതിക്കല്ലേ മുത്തേ….ഏട്ടന് അറിയാതെ ഒരു അബദ്ധം പറ്റിയതാ….ഇനി ആവർത്തിക്കില്ല… ഏട്ടന്റെ മുത്ത് അല്ലെ പൊന്നല്ലേ പഞ്ചാര അല്ലെ…” “മാറി നിക്കെടാ അങ്ങോട്ട്… നാറിയിട്ട് വയ്യ.” ബാല അവനെ തള്ളി മാറ്റി… “ശ്രീ മോളെ…ആരോടും പറയല്ലേ…ഇനി ചെയ്യില്ല..” “Ok… ആരോടും പറയില്ല…പക്ഷെ ഞാൻ പറയും പോലെ നീ ചെയ്യണം…ok ആണോ.” “അതിപ്പോ എന്താണ് എന്ന് അറിയാതെ ഞാൻ എങ്ങനെ ഉറപ്പ് പറയും..” “ഓ.അപ്പൊ മോൻ കാര്യം അറിഞ്ഞാലെ സമ്മതിക്കു അല്ലെ… അമ്മായി…അമ്മാവാ….ഓടി വായോ… “വിളിച്ചു കൂവാതെടി…സമ്മതം.. സമ്മതം.. നൂറുവട്ടം സമ്മതം..”

“എന്നാൽ ഇവിടെ ഇരിക്ക്….” ബാല കുളപടവിൽ ഇരുന്നുകൊണ്ട് പറഞ്ഞു… ആദിയും അവളുടെ അടുത്തായി ഇരുന്നു… “ഇതിലൊന്ന് ഒപ്പിട്ടെ…” ബാല, ആദിക്ക് നേരെ ഒരു പേപ്പർ നീട്ടിക്കൊണ്ട് പറഞ്ഞു.. “എന്താടി ഇത്…കെട്ടും മുന്നേ നീ ഡിവോഴ്സ് ഒപ്പിട്ട് വാങ്ങുവാണോ…” “മര്യാദക്ക് ഒപ്പിടടാ…” ആദി അത് വായിച്ചു നോക്കി… “ഓ..ജോബ് ആപ്ലിക്കേഷൻ… എന്താടി…ഞാൻ ഒരു കൃഷിക്കാരൻ ആണെന്ന് പറയാൻ നിനക്ക് നാണക്കേട് ആണോ…” “സെന്റി അടിക്കാതെ ഒപ്പിട് മാഷേ…” ആദി ആ ആപ്ലിക്കേഷൻ ഒപ്പിട്ട് അവളുടെ മടിയിൽ ഇട്ടു കൊടുത്തിട്ട് തിരിഞ്ഞിരുന്നു.. “കള്ള ഒപ്പ് വല്ലോം ആണോ ആദി കുട്ട…” ബാലയുടെ ചോദ്യം കേട്ട് ആദി അവളെ തുറിച്ചു നോക്കി… “എന്റെ പൊന്ന് ആദിയെട്ടാ… ഇത് അമ്മാവന് വേണ്ടിയാ…” “അച്ഛന് വേണ്ടിയോ…” “അതേ….

ഒരു ജീവിത കാലം മുഴുവൻ പാടത്തും പറമ്പിലും കഷ്ടപ്പെട്ട് അല്ലെ അമ്മാവൻ ആദിയേട്ടനെ വളർത്തിയതും പഠിപ്പിച്ചതും.. ഇപ്പൊ ആ മനുഷ്യന് ഒരേ ഒരു ആഗ്രഹമേ ഉള്ളു…ആദി ഏട്ടൻ ഒരു ജോലിക്കാരൻ ആയി കാണണമെന്ന്… അത് ആദി ഏട്ടൻ സാധിച്ചു കൊടുക്കണം..” അവൾ ആദിയുടെ നെഞ്ചിലേക്ക് ചാരി.. ചിരിച്ചു കൊണ്ട് അവൻ ഇരുകൈ കൊണ്ടും അവളെ മുറുക്കി പിടിച്ചു. ***************** “ആദി….” നന്ദന്റെ ശബ്ദം ആണ് ആദിയെ ഓർമയിൽ നിന്നും ഉണർത്തിയത്… ജനലിലൂടെ നന്ദൻ പുറത്തേക്ക് നോക്കിയിരിക്കുവാണ്.. ആദിയുടെ കണ്ണുകളും അങ്ങോട്ടേക്ക് പോയി… തൊടിയിലെ പച്ചക്കറികൾക്ക് വെള്ളമൊഴിക്കുവാണ് അച്ഛനും അമ്മയും. രണ്ടുപേരും ഒരുപാട് ക്ഷീണിച്ചത് പോലെ.. “ആദി…” നന്ദൻ അവന്റെ തോളിൽ കൈ വെച്ചു.. ആദി കണ്ണുകൾ അടച്ച് കട്ടിലിലേക്ക് ചാരി..തുടരും

ആതിപൂജ: ഭാഗം 1

Share this story