ദാമ്പത്യം: ഭാഗം 28

ദാമ്പത്യം: ഭാഗം 28

എഴുത്തുകാരി: തുഷാര ലക്ഷ്മി

ശ്ശേ!!!…എന്തൊക്കെയാണ് താൻ ചിന്തിക്കുന്നത്….അവൾ തിരികെ വരാൻ തന്റെ മനസ്‌ ആഗ്രഹിക്കുന്നുണ്ടോ..?? തെറ്റുകൾ ഏറ്റുപറഞ്ഞു, ഒരിക്കലും തന്നെ വിട്ടു പോകില്ല എന്നവൾ പറയുമെന്ന് വെറുതെ എങ്കിലും പ്രതീക്ഷിച്ചിരുന്നോ..?? തന്നെ വഞ്ചിച്ചവളാണ്, കൊല്ലാൻ പോലും മനസ്സുള്ളവളാണ് എന്നറിഞ്ഞിട്ടും അവളെ ന്യായീകരിക്കാൻ ശ്രമിക്കുന്ന മനസ്സുമായി അവൻ സംവദിച്ചു കൊണ്ടിരുന്നു…മനസ്‌ അവളുടെ തെറ്റുകൾ ഓരോന്നായി പറഞ്ഞു തരുമ്പോഴും ഒന്നും അംഗീകരിക്കാനാകാതെ ഹൃദയം വിങ്ങി….

തന്നെ തരിമ്പും സ്നേഹിക്കാത്ത, ആത്മാർഥതയുടെ ഒരംശം പോലുമില്ലാത്ത ഒരുവൾക്ക് വേണ്ടി എന്തിനാ ഹൃദയമേ നീ ഇനിയും വാശിപിടിക്കുന്നത്…. അവൾ സമ്മാനിച്ച വേദനയുടെ ആഴം മൂടുവാൻ ഇനി അവൾക്ക് സാധിക്കുമോ…..?? ഇല്ലയെന്നറിഞ്ഞു കൊണ്ടു പിന്നെയും എന്തിന് വാശി പിടിക്കുന്നു….വികാരം കൊണ്ടല്ല വിവേകം കൊണ്ടാണ് ചിന്തിക്കേണ്ടതെന്നു ജീവിതം തന്നെ പഠിപ്പിച്ചു കഴിഞ്ഞു…..പക്ഷേ കണ്ണിലെ കറുപ്പ് മാറിയപ്പോൾ തെളിഞ്ഞ കാഴ്ചകൾ തന്നെ പലതും ബോധ്യപ്പെടുത്തി ഹൃദയത്തെ പ്രഹരമേല്പിക്കുകയാണ്… ഇനി നിമിഷ തന്റെ ജീവിതത്തിലില്ല എന്ന് താൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതാണ്..

.പക്ഷേ ഇപ്പോൾ ക്രമാതീതമായി ഉയരുന്ന ഹൃദയമിടിപ്പ് എന്താണ് തന്നെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്… എന്തിന് വേണ്ടിയാണു അവളെ കണ്ടുമുട്ടിയത്….? അവളോട്‌ അടുത്തത്…പ്രണയം കൊണ്ടു താനവളെ മൂടിയത്…. ഇങ്ങനെ തകർത്തു കളയാനാണോ നിമിഷ നീയെന്റെ ഹൃദയത്തിൽ ഇടിച്ചു കയറി പ്രതിഷ്ഠ നേടിയെടുത്തത്….?? അവളോടൊത്തുള്ള നിമിഷങ്ങളെ അവൻ അങ്ങേയറ്റം വെറുത്തു പോയിരുന്നു…. പക്ഷേ എന്ത് യോഗ്യതയുണ്ട് തനിക്കു അവളെ കുറ്റക്കാരിയാക്കാൻ….?? താനല്ലേ നിമിഷയേക്കാൾ കൂടുതൽ തെറ്റ് ചെയ്തത്..താനൊരു ഭർത്താവായിരുന്നു…

അതോർക്കാതെ എന്തൊക്കെ ചെയ്തു.?? ആരെയൊക്കെ വേദനിപ്പിച്ചു… നിമിഷയോടൊപ്പം ജീവിക്കാൻ അഗ്നിസാക്ഷിയായി താലി ചാർത്തിയ പെണ്ണിനെ തള്ളിക്കളയാൻ ഒരു കുറ്റബോധവും തോന്നിയിരുന്നില്ല….ഒരു പാവം പെണ്ണിന്റെ കണ്ണുനീര് വീഴ്ത്തി സ്വന്തമാക്കിയ തന്റെ പ്രണയം…എവിടെ ഇന്നത്..??? അന്ന് ആര്യ അനുഭവിച്ച വേദന ഒരുപക്ഷെ അതിനേക്കാൾ തീവ്രതയോടെ ഇന്ന് താനും അനുഭവിക്കുന്നുണ്ട്…പക്ഷേ അവളൊരു തെറ്റും ചെയ്യാതെ ആണ് അത്രയും നീറിയത്….പക്ഷേ താനോ..??തെറ്റുകളുടെ ഒരു കൂമ്പാരമാണ് ഇന്ന് ഈ അരവിന്ദ്…നെഞ്ചിലെ പിടപ്പ് ആരോടും പങ്കുവെയ്ക്കാനാകാതെ മാപ്പ് കേഴാൻ പോലും അർഹതയില്ലാതെ നിൽക്കുകയാണ്….

ഉറ്റവരെയെല്ലാം അകറ്റിയ തന്റെ ദുഷിച്ച മനസ്സിനെ ശപിച്ചു, പറഞ്ഞു പോയ വാക്കുകളിൽ വേദനിച്ചു, ചെയ്ത തെറ്റുകളിൽ നീറി….ഈ അരവിന്ദ്…. പക്ഷേ തന്റെ തെറ്റുകൾക്കുള്ള ശിക്ഷ പോലെ ഇനിയുള്ള ജീവിതം ഒരു വലിയ ചോദ്യചിഹ്നമായി മുന്നിലുണ്ട്…. എങ്ങനെ നാളെ ഈ സമൂഹത്തെ നേരിടും… തലയുയർത്തി ജീവിക്കാൻ സാധിക്കുമോ ഇനി ..??കോമാളി, നട്ടെലില്ലാത്തവൻ..ഇനിയുമെന്തൊക്കെയാകും സമൂഹം തനിക്കു സമ്മാനിക്കുന്ന പേരുകൾ….??മൗനമായി കേട്ടുനിൽക്കുകയെ നിർവാഹമുള്ളൂ….താനതിന് അർഹനാനെന്നു പൂർണ്ണ ബോധ്യമുണ്ട്…

പക്ഷേ അങ്ങനെ ചിന്തിക്കുമ്പോഴും വരാനിരിക്കുന്ന നാളെകൾ അവനെ ഭയപ്പെടുത്തി തുടങ്ങിയിരുന്നു…. തന്റെ ഇന്നലെകൾ അറിയാവുന്നവരെല്ലാം പുച്ഛത്തോടെയും, പരിഹാസത്തോടെയും മാത്രമേ നോക്കുകയുള്ളു… വാക്ശരങ്ങൾ തൊടുത്തു വിട്ടു അവർ തന്റെ നെഞ്ച് പിളർക്കും… പിടിപ്പുകേട് കൊണ്ടു ജീവിതം നഷ്ട്ടപെട്ടവൻ…ഒരുവളെ ഏവരുടെയും അനുഗ്രഹാശംസകളോടെ ഭാര്യയാക്കി…പക്ഷേ ജീവിതവഴിയിൽ കണ്ടു മുട്ടിയ മറ്റൊരുവൾക്കു വേണ്ടി ഭാര്യയെ ഉപേക്ഷിച്ചു…. ഇപ്പോൾ അവളും ജീവിതത്തിൽ നിന്നും പടിയിറങ്ങി പോയിരിക്കുന്നു….

അതും ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ ഹൃദയത്തിൽ ഏകികൊണ്ട്…. കാലചക്രം പിന്നിലേയ്ക്ക് സഞ്ചരിച്ചു ചെയ്ത തെറ്റുകൾ തിരുത്താൻ കഴിഞ്ഞിരുന്നെങ്കിൽ…. ഒരു നിമിഷം അവനതാഗ്രഹിച്ചു പോയി…നടക്കില്ലായെന്നറിഞ്ഞിട്ടും വെറുതെ… മുന്നോട്ട് ജീവിതം ബാക്കിയാണ്….അവിടെ തനിക്കു നിമിഷയിൽ ജനിച്ചൊരു പൈതൽ ഉണ്ട്….ദുഷിച്ച മനസ്സുള്ള ഒരച്ഛനുമമ്മയ്ക്കും ജനിച്ചു എന്നതല്ലാതെ അവളൊരു തെറ്റും ചെയ്തിട്ടില്ല…. തങ്ങളെ പോലെയാകാതെ ആവണിയെ വളർത്തണം….പക്ഷേ അവളും ഈ അച്ഛനുമമ്മയും ചെയ്ത പാപത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരില്ലേ…??

അന്ന് തന്റെ പൊന്നുമോൾ, അവൾ തന്നെ വെറുക്കില്ലേ….? കുറ്റപ്പെടുത്തില്ലേ…..?? എന്നാലും അവളെ ചേർത്തു പിടിക്കണം….മുന്നോട്ട് ജീവിക്കാനുള്ള തന്റെ ഊർജ്ജം അവളാണ്…. ഇതുവരെ ഒരു മകനെന്ന നിലയിൽ, ഒരു സഹോദരനെന്ന നിലയിൽ, ഒരു ഭർത്താവെന്ന നിലയിൽ ഒക്കെ താൻ പൂർണ്ണ പരാജയമായിരുന്നു…. ഇനി ഒരച്ഛനെന്നനിലയിൽ എങ്കിലും തനിക്കു ജയിക്കണം…. പക്ഷേ അതിനുമുൻപ്‌ മാപ്പ് പറയേണ്ടവരോട് അതു പറയണം…തന്റെ പ്രിയപെട്ടവരെ ചേർത്തു പിടിക്കണം…. അരവിന്ദ് കണ്ണുകളടച്ചു പുറകിലേക്ക് ചാഞ്ഞിരുന്നു….അവന്റെ ചെന്നിയിലൂടെ ചുടുകണ്ണീർ ചാലിട്ടൊഴുകി…..

വീടിനുള്ളിലേക്ക് പാഞ്ഞു പോകുന്ന നിമിഷയെ ആര്യയും,പ്രഭയും ആശങ്കയോടെ നോക്കിയിരുന്നു…പുറത്തെ ഗാർഡനിലെ സിമന്റ്‌ കസേരകളിൽ ഇരുന്നു സംസാരിക്കുകയായിരുന്നു ഇരുവരും.. അപ്പോഴാണ് നിമിഷ ഒരു ഓട്ടോയിൽ വന്നിറങ്ങിയത്…. പ്രഭയമ്മയുടെ കയ്യിൽ ഇരുന്ന കുഞ്ഞിനെ പോലും ശ്രദ്ധിക്കാതെയുള്ള ഓട്ടമായിരുന്നു അകത്തേയ്ക്കു….. എന്താ കാര്യമെന്ന് മനസിലാകാതെ ഇരുവരും പരസ്പരം നോക്കി… പരിഭ്രമം നിറഞ്ഞു നിന്ന നിമിഷയുടെ മുഖം പ്രഭയിൽ ഭയമുളവാക്കിയിരുന്നു… അരവിന്ദിന്റെ അവസ്ഥ അവരിൽ ഭീതി ജനിപ്പിച്ചു….

കുറച്ചു മുന്നേ അഭി വിളിച്ചപ്പോഴും പേടിക്കാനൊന്നുമില്ലെന്നു പറഞ്ഞതുകൊണ്ട് ആശ്വസിച്ചിരിക്കുകയായിരുന്നു… പക്ഷേ നിമിഷ വന്നതോടെ മകനെ ഓർത്തു വീണ്ടുമാ അമ്മ മനം ഉരുകി തുടങ്ങി….അതറിഞ്ഞ പോലെ ആര്യ എഴുന്നേറ്റു ചെന്നവരെ ചേർത്തു പിടിച്ചു…. മോളെ..!! അവളെന്താ പെട്ടെന്ന് തിരികെ വന്നത്…അവളുടെ കൂടെ പോയ അച്ഛൻ എവിടെ…??എന്റെ മോനെന്തെങ്കിലും വല്ലായ്ക ഉണ്ടോ…ആരും എന്നോടു പറയാത്തതാണോ..?? പേടിക്കാനൊന്നുമില്ലെന്നു പറഞ്ഞു അവരെ ആശ്വസിപ്പിക്കുമ്പോഴും ആര്യയുടെ ഉള്ളിലും ആശങ്കയുടെ നിഴൽ വീണിരുന്നു….

കുഞ്ഞിനേയുമെടുത്ത് രണ്ടാളും അകത്തേയ്ക്കു നടന്നു…ഫോൺ എടുക്കാനായി ആര്യ മുറിയിലേയ്ക്കു നടക്കാനൊരുമ്പോഴേക്കും ഒരു ട്രോളി ബാഗുമായി നിമിഷ പടിയിറങ്ങി വന്നു…. ഉള്ളിൽ അലയടിച്ചുയരുന്ന ഭയമടക്കി പിടിച്ചു തന്നെ ഉറ്റുനോക്കി നിൽക്കുന്ന പ്രഭയേയും, ആര്യയേയും ഒരു പുച്ഛത്തോടെ നിമിഷ നോക്കി… പ്രഭ എന്തോ ചോദിക്കാനൊരുങ്ങുമ്പോഴേക്കും നിമിഷയുടെ ഫോൺ ബെല്ലടിച്ചു…. അവളത് അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു… കഴിഞ്ഞു…!! ……………………….. മ്മ്…..ഓക്കേ…..ഞാനിപ്പോൾ തന്നെ പുറത്തേക്കിറങ്ങി നിൽക്കാം…. കാൾ കട്ടാക്കി കയ്യിലിരുന്ന കർചീഫിൽ അവൾ മുഖം ഒന്നമർത്തി തുടച്ചു…

നീയെന്താ പെട്ടെന്ന് തിരിച്ചു വന്നത്…?? അരവിന്ദിന് എങ്ങനെയുണ്ട്….?? അച്ഛൻ എവിടെ?? ഈ ബാഗൊക്കെ ആയിട്ട് നീയെവിടെ പോകുവാ?? ഉള്ളിലെ ഭയം ചോദ്യങ്ങളായി പ്രഭയുടെ നാവിൽ നിന്നുതിർന്നു…. പക്ഷേ ആ ചോദ്യങ്ങളെയെല്ലാം പാടെ അവഗണിച്ചു നിമിഷ ആര്യയുടെ നേർക്കു തിരിഞ്ഞു…. നിന്റെ വയറ്റിൽ ഒരെണ്ണം ജന്മമെടുത്തപ്പോഴേ എന്റെ ഭർത്താവിനെ കിടത്തി കളഞ്ഞല്ലോടി…ഇനിയത് ഈ ഭൂമിയിലേയ്ക്ക് ജനിച്ചു വീഴുന്നത് ആരുടെയൊക്കെ കാലനായിട്ടാണാവോ….!!! പ്രഭയ്ക്കു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു അത്..കൂടെ അവളുടെ വാക്ശരമേറ്റു പിടയുന്ന ആര്യയുടെ മുഖം അവരിൽ വേദന നിറച്ചു…. നിർത്തെടീ….

ഭർത്താവ് അപകടം പറ്റി ആശുപത്രിയിലാണ്…. അവന് കുഴപ്പമൊന്നും വരല്ലേയെന്ന്‌ പ്രാർത്ഥിക്കേണ്ടതിനുപകരം അവൾ മറ്റൊരു പെണ്ണിനെ കുത്തി നോവിക്കുന്നു….വയറ്റിൽ കിടക്കുന്ന ആ കുഞ്ഞു എന്ത് ചെയ്‌തെടി…?? അവന് അപകടം പറ്റിയത് അവന്റെ ശ്രദ്ധയില്ലായ്മകൊണ്ടു…അല്ലെങ്കിൽ നീയും അവനും ചെയ്ത തെറ്റുകൾക്ക് ദൈവം നിനക്കൊക്കെ ശിക്ഷ വിധിച്ചു തുടങ്ങിയതിന്റെ തുടക്കമാകുന്നത്…. അല്ലാതെ ഇനി എന്റെ കുഞ്ഞിനെ വല്ലതും പറഞ്ഞാലുണ്ടല്ലോ….എന്റെ കൈയുടെ ചൂട് നീ അറിയും…. അവരുടെ ആ ഭാവമാറ്റത്തിൽ നിമിഷ ഒന്നു ഭയന്നു… എങ്കിലും അവളത് മറച്ചു തന്റെ സ്ഥായിയായ പുച്ഛഭാവം മുഖത്തു നിറച്ചു….. എന്റെ നേരെ ചാടണ്ട…

ഞാൻ എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞൂന്നേയുള്ളു…ഇഷ്ട്ടപെട്ടില്ലെങ്കിൽ എന്നെ വിട്ടേക്ക് അമ്മച്ചി…. പരിഹാസത്തോടെ പറഞ്ഞു കൊണ്ടു അവരുടെ നേർക്കു കൈകൂപ്പി തൊഴുതു കാണിച്ചശേഷം ബാഗുമെടുത്തവൾ പുറത്തേയ്ക്കു നടന്നു…പക്ഷേ സോഫയിൽ ഇരിക്കുന്ന ആവണിമോളെ കണ്ടതും മുൻപോട്ടു നീങ്ങാനാകാതെ അവിടെ തറഞ്ഞു നിന്നു പോയി… എടുക്കാനായി തന്റെ നേർക്ക് കൈ നീട്ടി പുഞ്ചിരിയോടെ ഇരിക്കുന്ന ആ കുഞ്ഞു മുഖത്തേയ്ക്കു കുറച്ചു നിമിഷങ്ങൾ നോക്കിനിന്നു…ഇതുവരെ തോന്നാത്തൊരു വേദന ഉള്ളിൽ നിറയുന്നത് അവളറിഞ്ഞു…. തുടരും….

ദാമ്പത്യം: ഭാഗം 27

Share this story