ജനനി: ഭാഗം 21

ജനനി: ഭാഗം 21

എഴുത്തുകാരി: അനില സനൽ അനുരാധ

“സ്നേഹിക്കുന്ന പെണ്ണോ? ” “ഹ്മ്മ്… ” “ഏതു പെണ്ണിന്റെ കാര്യമാ സർ പറയുന്നത്?” “എന്റെ മുൻപിൽ ഇരിക്കുന്നവളെ കുറിച്ച്… നീരവിന്റെ പ്രാണനായ ജനനിയെക്കുറിച്ച്… ” അവനിൽ നിന്നും അടർന്നു വീണ വാക്കുകൾ കേൾക്കെ ജനനി എഴുന്നേറ്റു നിന്നു… “എന്റെ പേരും പറഞ്ഞ് ആരെയും വെറുതെ തല്ലാനോ കൊല്ലാനോ നിൽക്കരുത്… എനിക്ക് അത് ഇഷ്ടമല്ല…” “നിന്റെ പിന്നാലെ ഓരോന്നു പറഞ്ഞ് അവൻ വരുന്നത് എനിക്കും ഇഷ്ടമല്ല…” “സാറിന്റെ ഇഷ്ടത്തിനു അനുസരിച്ച് വരുണേട്ടന്‍ പെരുമാറില്ല.. എന്നോട് എന്തെങ്കിലും പറയാൻ വന്നാൽ അതിനു മറുപടി കൊടുക്കാൻ എനിക്ക് അറിയാം..”

“എന്റെ പെണ്ണാണ് ജനനി എന്നെങ്ങാനും അവൻ ഇനി ആരോടെങ്കിലും പറഞ്ഞാൽ അവനു മറുപടി കൊടുക്കുക ഞാനായിരിക്കും… ” “ഞാൻ അങ്ങനെ ആരുടേയും സ്വന്തമല്ല… വെറുതെ അനാവശ്യ വഴക്കുകൾക്ക് പോയി സ്വയം ചെറുതാകണ്ട…” “താൻ ഇരിക്ക്… എനിക്ക് കുറച്ചു സംസാരിക്കണം…” “ഇരുന്നാൽ സംസാരിക്കേണ്ടത് ഇവിടുത്തെ കാര്യങ്ങൾ ആയിരിക്കണം… അല്ലെങ്കിൽ സാറിന്റെ അനുവാദം ചോദിക്കാതെ ഞാൻ ഇറങ്ങിപ്പോകും…” “നിനക്കെന്തിനാ ഇത്രയും വാശി? ” അവൻ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു… “എന്റെ ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കും ഞാൻ പ്രാധാന്യം കൊടുക്കുന്നു… അതെങ്ങനെ വാശിയാകും…

ഇനി അതെന്റെ വാശി ആണെന്ന് വ്യാഖ്യാനിക്കപ്പെട്ടാലും അതൊന്നും എന്നെ ബാധിക്കില്ല… ” “അതേ നിന്നെ ഒന്നും ബാധിക്കില്ല… നിനക്ക് മറ്റുള്ളവരുടെ സമാധാനം കളഞ്ഞാൽ മതിയല്ലോ…” “ഇവിടെയോ നമസ്സിലോ സാറിന് എന്ത് സമാധാനക്കേടാണ് ഞാൻ കാരണം ഉണ്ടായിരിക്കുന്നത്? ” “അങ്ങനെ ഇവിടെയും നമസ്സിലും മാത്രമല്ല നീയുള്ളത്… എന്റെ ഉള്ളിലുമുണ്ട്… ഹൃദയമിടിപ്പിന്റെ താളത്തിൽ പോലുമുണ്ട്… ” അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞതും അവൾ ഒന്നും പറയാതെ കാബിനിൽ നിന്നും ഇറങ്ങിപ്പോയി… ഈശ്വരാ ആ ഇറങ്ങിപ്പോയ ഭദ്രകാളിയുടെ ഉള്ളിൽ എങ്ങനെയെങ്കിലും എന്നെ പ്രതിഷ്ഠിക്കണേ… അവൾ പോയ വഴിയേ നോക്കി നീരവ് പ്രാർത്ഥിച്ചു…

ക്ലാസ്സ്‌ കഴിഞ്ഞതും ജനനി വേഗം അവിടെ നിന്നും ഇറങ്ങി… സ്കൂട്ടി എടുക്കാൻ ചെന്നപ്പോഴാണ് അതിനു മുകളിൽ കയറി ഇരിക്കുന്ന നീരവിനെ കണ്ടത് … അവൾ വരുന്നത് കണ്ടിട്ടും അവൻ എഴുന്നേറ്റില്ല… അവൾ അവന്റെ അരികിൽ ചെന്ന് കയ്യും കെട്ടി നിന്നു… “നേരത്തെ പെട്ടെന്ന് ദേഷ്യം വന്നു… മനസ്സ് കൈവിട്ട് പോയ നിമിഷം അങ്ങനെയൊക്കെ പറഞ്ഞു പോയതാണ്…” “അതു സാരമില്ല.. ഞാൻ അതൊന്നും ഞാൻ കാര്യമായി എടുത്തിട്ടില്ല…” “ദേഷ്യം വന്നു പെട്ടെന്ന് പറഞ്ഞു പോയതാണെങ്കിലും പറഞ്ഞതൊക്കെ സത്യമാണ്… പെട്ടെന്ന് തോന്നിയ ആവേശത്തിൽ പറഞ്ഞതാണെന്നും കരുതി ഞാൻ പറഞ്ഞതൊന്നും നിസ്സാരമായി കണക്കാക്കണ്ട… കേട്ടല്ലോ… എന്നെ സ്നേഹിക്ക് സ്നേഹിക്ക് എന്നു പറഞ്ഞ് പിന്നാലെ നടക്കാൻ ഒന്നും എന്നെ കിട്ടില്ല…

അതിനർത്ഥം ഞാൻ പിന്മാറി എന്നല്ല… സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് മാത്രം… എന്റെ സ്നേഹം ഒരിക്കലും നിന്നിൽ ഞാൻ അടിച്ചേൽപ്പിക്കില്ല… പക്ഷേ ഞാൻ സ്നേഹിക്കും… നീ അവഗണിച്ചാലും സ്നേഹിക്കും… എന്നെങ്കിലും ഒരുനാൾ നിനക്ക് എന്നെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല എന്ന എന്റെ വിശ്വാസത്തെ മുറുകെപ്പിടിച്ച് ഞാൻ സ്നേഹിക്കും… ” അപ്പോൾ അവന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി നിറഞ്ഞിരുന്നു… കാതുകളിൽ വന്നു പതിച്ച വാക്കുകൾ ജനനിയിൽ യാതൊരു ചാഞ്ചല്ല്യവും വരുത്തിയില്ല… അവൻ സ്കൂട്ടിയിൽ നിന്നും ഇറങ്ങി… “അമിത ആത്മവിശ്വാസം നല്ലതല്ല.. ” അവന്റെ മിഴികളിലേക്ക് നോക്കി അവൾ പറഞ്ഞു…

“അതേ… ഞാൻ പറയുന്നതൊക്കെ പാഴ് വാക്കുകൾ ആണെന്നുള്ള നിന്റെ അമിത ആത്മവിശ്വാസം ഉണ്ടല്ലോ അതു നല്ലതല്ല… സാരമില്ല പതിയെ മാറിക്കോളും…” എന്നും പറഞ്ഞ് അവൻ ബൈക്കിന് അരികിലേക്ക് നടന്നു… ** വരുൺ വീട്ടിലേക്ക് വരുമ്പോൾ അച്ഛൻ ഉമ്മറത്ത് ദേഷ്യത്തോടെ ഇരിക്കുന്നുണ്ടായിരുന്നു… “എന്തായി അവളെ കണ്ടോ? ” അച്ഛൻ പുച്ഛത്തോടെ തിരക്കി… “കണ്ടു… അഡ്രസ്സും കിട്ടി… നാളെ രാവിലെ പോകാം…” “പോകാം… പക്ഷേ അവൾ സമ്മതിക്കും എന്നെനിക്ക് തോന്നുന്നില്ല…” “വെറുതെ നെഗറ്റീവ് പറയാതെ അച്ഛാ…” എന്നു പറഞ്ഞ് അവൻ അകത്തേക്ക് നടന്നു… അവനെ കണ്ടതും അമ്മ അവന്റെ അടുത്തേക്ക് വന്നു… “മോൻ കുറച്ചു സമാധാനത്തോടെ അമ്മ പറയുന്നത് കേൾക്കണം..

നിനക്ക് ദോഷം വരുന്നതൊന്നും അച്ഛനും അമ്മയും ചെയ്യില്ല…” “ഇല്ല… അന്ന് എല്ലാവരും കൂടെ എന്റെ നിശ്ചയം നശിപ്പിച്ചതു കൊണ്ടാ എന്റെ ജീവിതം ഇങ്ങനെ ആയിപ്പോയത് . ഒന്നും രണ്ടുമല്ല മൂന്ന് കല്യാണമാണ് മുടങ്ങിയത്… ഇനി ഒരു കോമാളി വേഷവും കെട്ടാൻ എന്നെ കിട്ടില്ല… അവൾ മതി… ജാനി… ” “മോനെ കാവേരി നല്ല കുട്ടിയാ… ” “ആയിക്കോട്ടെ… ഞാൻ കണ്ട എല്ലാ കുട്ടികളും നല്ലതായിരുന്നല്ലോ… ഇനിയും നിർബന്ധിക്കാൻ വരരുത്… പ്ലീസ്… പറ്റുമെങ്കിൽ രാവിലെ എന്റെ കൂടെ വരണം… അവളെ പറഞ്ഞു മനസ്സിലാക്കിപ്പിക്കണം… ” “അന്ന് നിശ്ചയം മുടങ്ങിയതിനു ശേഷം ഉണ്ടായ കാര്യങ്ങൾ ഓർമ്മ ഉണ്ടല്ലോ… അവളുടെ അച്ഛൻ ആത്മഹത്യ ചെയ്തു… ”

“അവളുടെ അച്ഛൻ ആത്മഹത്യ ചെയ്തത് നമ്മൾ കാരണമല്ല… മക്കളുടെയും നാട്ടുകാരുടെയും മുൻപിൽ അയാളുടെ മുഖം മൂടി അഴിഞ്ഞു വീണത്‌ കൊണ്ടാ… വിഷ്ണുവിനെ ചൊല്ലി ആ വീട്ടിൽ ഉണ്ടായ തർക്കത്തിനു ശേഷം..” “എന്നാലും… അവളുടെ ഏട്ടൻ അന്ന് പറഞ്ഞതെല്ലാം ഓർമ്മയില്ലേ? ” “ഒന്നും മറന്നിട്ടല്ല… പിന്നെ അവൾ സമ്മതം മൂളിയാൽ അവളുടെ വീട്ടുകാരുടെ സമ്മതത്തിനു പോലും കാത്തു നിൽക്കില്ല… ” “അവൾ അങ്ങനെയൊന്നും ചെയ്യില്ല… അല്ലെങ്കിൽ അന്നേ നീ വിളിച്ചതല്ലേ… അവൾ ഇറങ്ങി വന്നില്ലല്ലോ… അവൾ വരില്ല… അവളെയും വീട്ടുകാരെയും ആക്ഷേപിച്ചിടത്തേക്ക് അവൾ വരില്ല…” അമ്മ പറയുന്നത് കേട്ടു നിൽക്കാൻ താല്പര്യം ഇല്ലാതെ അവൻ മുറിയിലേക്ക് പോയി… ***

വൈകുന്നേരം ജനനി കമ്പ്യൂട്ടർ സെന്ററിലേക്ക് കയറുമ്പോൾ കണ്ടത് റിസപ്ഷനിലെ ചെയറിൽ ഇരുന്ന് സുമിതയുടെ മൂക്കിൻ തുമ്പു പിടിച്ചു വലിച്ച് ചിരിക്കുന്ന വിന്ദുജയെയാണ്… ജനനിയുടെ അധരങ്ങളിലും പുഞ്ചിരി നിറഞ്ഞു.. “ഗുഡ് ഈവെനിംഗ്.. ” ജനനി അവരെ വിഷ് ചെയ്തു … “ജാനിചേച്ചി? ” വിന്ദുജ അവളെ നോക്കി ആകാംക്ഷയോടെ തിരക്കി… അവൾ തലയാട്ടി… “ഏട്ടനും അപ്പച്ചിയും പറഞ്ഞ് എല്ലാവരെയും എനിക്ക് അറിയാം… ഞാൻ വിന്ദുജ… എന്റെ ഏട്ടനാ വിനോദ്… ” ജനനി പുഞ്ചിരിച്ചു… “ഒരു കസേര എടുത്ത് ഇങ്ങോട്ട് ഇരിക്ക് ചേച്ചി… ” “അയ്യോ ക്ലാസ്സ്‌ ഉണ്ട്… ” എന്നു പറഞ്ഞ് അവൾ വേഗം ലാബിലേക്ക് നടന്നു… ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങാൻ നേരം വിന്ദുജയും ജനനിയുടെ കൂടെ ഇറങ്ങി ..

“ചേച്ചി ഞാനും കൂടെ വന്നോട്ടെ… അപ്പച്ചി കുഞ്ഞേട്ടന്റെ കൂടെ ബൈക്കിൽ വരാനാണ്… ” “വന്നോളൂ… ” “ചേച്ചി ഇവിടെ കുറെ ആയല്ലേ? ” “ഞാൻ ഗോവിന്ദ് സർ ലീവ് ആയപ്പോൾ ഇവിടെ ജോയിൻ ചെയ്തതാണ്…” “ഹ്മ്മ്… അഞ്ജുവേച്ചിയ്ക്ക് എന്റെ ഏട്ടനെ ഇഷ്ടമാകില്ലേ? ” അതു ചോദിക്കുമ്പോൾ അവളിലെ കുട്ടിത്തം മാഞ്ഞു പോയി… ജനനി ഒന്നും പറയാതെ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി… “കുറേ സങ്കടപ്പെട്ടിട്ടുണ്ട് എന്റെ ഏട്ടൻ… ഏട്ടനു ഒരു റിലേഷൻ ഉണ്ടായിരുന്നു… ” അവൾ സങ്കടത്തോടെ പറഞ്ഞു… “അതൊക്കെ കഴിഞ്ഞു പോയതല്ലേ… ഇപ്പോൾ അഞ്ജുവിനെ വിവാഹം കഴിക്കാൻ സാറിന് ഇഷ്ടവും ഉണ്ട്… പിന്നെ എന്തിനാ വെറുതെ നൊമ്പരപ്പെടുത്തുന്ന കഴിഞ്ഞു പോയ കാര്യങ്ങളെ ഓർത്തെടുക്കുന്നത്?

” “അതു ശരിയാണല്ലോ… നാളെ അഞ്ജുചേച്ചി ഞെട്ടുമോ? ” “ഇല്ലാതെ പിന്നെ…” “നാളെ രാവിലെ അഞ്ജു ചേച്ചിയേയും കൂട്ടി നമുക്ക് പാടത്തിനു അക്കരെയുള്ള അമ്പലത്തിൽ പോകണം.. അഞ്ജുചേച്ചിയെ കൂട്ടികൊണ്ട് വരുമോ? ” “നാളെ രാവിലെ… നോക്കട്ടെ…” “അയ്യോ അങ്ങനെ പറയല്ലേ ചേച്ചി… ഉറപ്പു തരണം… നാളത്തെ പൂജ ഏട്ടന്റെയും അഞ്ജുവേച്ചിയുടെയും പേരിലാണ്… രാവിലെ അവർ രണ്ടു പേരും അവിടെ ചെന്നു പ്രാർത്ഥിക്കണം… പ്രസാദം സ്വീകരിക്കണം… എന്നാലെ എല്ലാം നല്ല രീതിയിൽ നടക്കൂ… ” “ഞാൻ അവളെയും കൂട്ടി വരാം… ” “എട്ടുമണി ആകുമ്പോൾ ഞാൻ വീട്ടിൽ വന്നോളാം… ” “ഹ്മ്മ്.. ” ഒന്നു മൂളിയ ശേഷം ജനനി സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു… അവളെ ഗേറ്റിനു അരികിൽ ഇറക്കുന്നതു വരെ ജനനിയുടെ കാതുകൾക്ക് ഒരു വിശ്രമവും ഇല്ലായിരുന്നു.. ***

ആര്യൻ രാവിലെ നേരത്തെ തന്നെ എത്തിയ കാരണം വിഷ്ണുവിന്റെ കാര്യങ്ങൾ ഒന്നും ജനനിയ്ക്ക് നോക്കേണ്ടി വന്നില്ല… നേരിയ പച്ചക്കരയുള്ള മുണ്ടും നേര്യതും ഉടുത്ത് ജനനി കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു.. കണ്ണുകളിൽ നല്ല കട്ടിയിൽ മഷിയെഴുതി… കണ്മഷി കൊണ്ട് തന്നെ ഒരു പൊട്ടു കുത്തി .. അതിനു ശേഷം ചുരുൾ മുടിയിൽ കുളിപിന്നൽ ഇട്ടു … തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അവളെ തന്നെ നോക്കി നിൽക്കുന്ന അഞ്ജലിയെ ആയിരുന്നു… “എന്തു ഭംഗിയാ പെണ്ണേ നിന്നെ കാണാൻ… പെണ്ണുകാണാൻ വരുന്നവർ നിന്നെ കണ്ടാൽ പിന്നെ എന്നെ കാണണ്ട എന്നു പറയുമല്ലോ… ”

“പോടി കളിയാക്കാതെ… ദാവണി ഉടുത്ത് തിളങ്ങി നിൽക്കുകയല്ലേ നീ വരുന്ന ചെറുക്കനെ വീഴ്ത്താൻ… ” “നമുക്ക് ഇറങ്ങിയാലോ… ” “ഹ്മ്മ്… അപ്പുറത്തെ കുട്ടി… വിന്ദുജ വന്നോ? ” “ഇല്ല… ഞാൻ ചേട്ടായിയെ വിളിച്ചു പറഞ്ഞോളാം.. ” ജനനി തലയാട്ടി…. രണ്ടും കൂടി വിഷ്ണുവിന്റെ മുറിയിലേക്ക് നടന്നു… “ഞങ്ങൾ അമ്പലത്തിൽ പോയിട്ട് വരാം… ” ജനനി പറഞ്ഞു… “അതേയ് അച്ഛനും അമ്മയും ഏട്ടനും കുറച്ചു കഴിഞ്ഞാൽ എത്തും… ” അഞ്ജലി പറഞ്ഞു… “അതൊക്കെ ഞങ്ങൾ നോക്കിക്കോളാം… ഇപ്പോൾ രണ്ടും കൂടെ അമ്പലത്തിൽ പോയിട്ടു വേഗം വാ…” ആര്യൻ പറഞ്ഞു…

“ഞങ്ങൾ ആ വഴി അങ്ങു മുങ്ങിയാലോ… പെണ്ണുകാണാൻ വരുന്നവർ ചമ്മി തിരിച്ചു പൊയ്ക്കോട്ടെ.. അല്ലേ… ” “നിന്നു വൈകിക്കാതെ പോയിട്ട് വരൂ… ” വിഷ്ണു പറഞ്ഞു… മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ ഗേറ്റിനു അരികിൽ നിൽക്കുന്ന വിന്ദുജയെ കണ്ടു… അഞ്ജലിയും ജനനിയും സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു… ജനനിയുടെ കൂടെ വിന്ദുജ കയറി… ജനനി ആദ്യമായിട്ടായിരുന്നു ഈ ക്ഷേത്രത്തിലേക്ക് പോകുന്നത് … അതു കൊണ്ട് വിന്ദുജയാണ് വഴി പറഞ്ഞു കൊടുത്തത്… പുഞ്ചപ്പാടത്തിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്… സ്കൂട്ടി നിർത്തി അല്പം നടന്നാൽ ഒരു പടിക്കെട്ട് കാണാം… അതിന്റെ ഇടതു വശത്തേക്ക് നോക്കിയാൽ പുഞ്ചപ്പാടത്തിന്റെ പച്ചപ്പ് തെളിഞ്ഞു കാണാം…

ആ കാഴ്ചയോടൊപ്പം മനസ്സും നിറയും… നേരെ നടന്നു ചെല്ലുന്നത് വലിയ ആൽമരത്തിനടുത്തേക്കാണ്… ശാസ്താവും ദേവിയുമാണ് അവിടുത്തെ പ്രതിഷ്ഠ… അവിടെ നിന്ന് പ്രാർത്ഥിക്കുമ്പോൾ ജനനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു… തിരികെ വീട്ടിൽ എത്തുമ്പോൾ ഉമ്മറത്തു നിറയെ ആളുകൾ ആയിരുന്നു… വിന്ദുജയും അവരുടെ കൂടെ വീട്ടിലേക്ക് കയറി… ഉമ്മറത്തെ തിണ്ണയുടെ ഒരു ഭാഗത്ത്‌ വിനോദും അച്ഛനും അഞ്ജലിയുടെ അച്ഛനും ഏട്ടനും… മറു ഭാഗത്ത് വരുണും അച്ഛനും അമ്മയും… എല്ലാവരെയും ഒന്നു നോക്കിയ ശേഷം ജനനി അകത്തേക്ക് കയറിപ്പോയി…

സുമിതയും കൃഷ്ണജയും ഉദയയും അവിടെ ഉണ്ടായിരുന്നു… വിന്ദുജ അമ്മയുടെ അരികിൽ ചെന്നു നിന്നു. “എന്തിനാ അമ്മേ ആ വരുണിന്റെ വീട്ടുകാർ ഇങ്ങോട്ട് വന്നിരിക്കുന്നത്?” അഞ്ജലി ഉദയയോട് തിരക്കി… അമ്മ അറിയില്ലെന്ന് പറഞ്ഞ് കൈ മലർത്തി… ജനനി വിഷ്ണുവിന്റെ മുറിയിലേക്ക് ചെന്നു… അവിടെ വിഷ്ണുവും ആര്യനും ഇരിക്കുന്നുണ്ടായിരുന്നു… “എന്താ ഏട്ടാ ഇവിടെ നടക്കുന്നത്? ” “വരുണും വീട്ടുകാരും പ്രതീക്ഷിക്കാതെ കയറി വന്നതാ മോളെ.. കാണാതെ പോകില്ലെന്ന് അവനു വാശി…” വിഷ്ണു പറഞ്ഞു… “ഏട്ടനെ കൂട്ടി ഒന്നു ഉമ്മറത്തേക്ക് വരുമോ… ” അവൾ ആര്യനോട്‌ തിരക്കി.. അവൻ തലയാട്ടി… “എനിക്ക് ഇനി ഈ കല്യാണത്തിനു സമ്മതം അല്ലെന്നു പറഞ്ഞ് അവരെ പറഞ്ഞു വിട്ടേക്കൂ ഏട്ടാ..

” ജനനി പറഞ്ഞു… ആര്യൻ വിഷ്ണുവിനെ ഉമ്മറത്തെ കസേരയിൽ കൊണ്ട് വന്നിരുത്തി… “വരുണിനു മുഷിച്ചിൽ ഒന്നും തോന്നരുത്… ഇന്നിവിടെ വേറെ ചില കാര്യങ്ങൾ നടത്താനുമുണ്ട്… ജാനിയ്ക്ക് ഇങ്ങനെ ഒരു ബന്ധത്തിനു താല്പര്യം ഇല്ല… വെറുതെ ഇരുന്നിട്ട് എന്തിനാ? ” വിഷ്ണു തിരക്കി… “ഞാൻ അവളോട്‌ സംസാരിക്കാം.. പറഞ്ഞു മനസ്സിലാക്കാം.. ” വരുൺ പറഞ്ഞു… “വേണ്ട… ” ജനനിയുടെ ശബ്ദം കേട്ടതും എല്ലാവരും വാതിൽക്കലേക്ക് നോക്കി… “ഇനി ഒന്നും പറയരുത്.. പറഞ്ഞാലും എനിക്ക് മനസ്സിലാവില്ല… ഊരി മാറ്റിയ മോതിരത്തോടൊപ്പം എല്ലാം അവസാനിച്ചതാണ്… ഞാൻ ഇല്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാൻ കഴിയും… സ്വപ്‌നങ്ങൾ കാണാൻ കഴിയും… മറ്റൊരുവളെ സ്നേഹിക്കാൻ കഴിയും… അങ്ങനെ ഒരാളെ എനിക്ക് വേണ്ട… ” ദൃഢ സ്വരത്തിൽ പറഞ്ഞു കൊണ്ട് വരുണിൽ നിന്നും മുഖം തിരിച്ച ജനനിയുടെ മിഴികൾ അവളെ നോക്കി ഇമ ചിമ്മാതെ നിൽക്കുന്ന തിളങ്ങുന്ന മിഴികളിൽ തങ്ങി നിന്നു……തുടരും………

ജനനി: ഭാഗം 20

Share this story