ആദിശൈലം: ഭാഗം 62

Share with your friends

എഴുത്തുകാരി: നിരഞ്ജന R.N

ദേവുവിന്റെ കണ്ണീർ ആ ഹൃദയങ്ങളിൽ ആഴത്തിൽ മുറിവേൽപ്പിച്ചെങ്കിലും അവർ നിസ്സഹായരായിരുന്നു……….. ധ്യാനും അഖിലും അച്ഛന്മാരോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഗൗരവിന്റെ ആലോചന അവർക്കൊക്കെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു…….. എന്തിന്റെപേരിലായാലും ആ ബന്ധം വേണ്ടെന്ന് വെക്കാൻ കഴിയില്ല എന്നവർ തീർത്ത് പറഞ്ഞതോടെ ആകെയുള്ള പ്രത്യാശയും അവരെ വിട്ടകന്നു……… ദിവസങ്ങൾ രണ്ടെണ്ണം കണ്ണടച്ച് തുറക്കും മുൻപേ കടന്നുപോയി………. കല്യാണം നേരത്തെ തീരുമാനിച്ചതുപോലെ ഇന്നേക്ക് പതിനാറാം ദിവസമായ ഇരുപതിന്‌ തന്നെ ഫിക്സ് ചെയ്തു….

ഒരു ഔദ്യോഗകതയ്ക്ക് വേണ്ടി ഗൗരവും അച്ഛനും അമ്മാവനും കൂടി ഇന്ന് ദേവുവിനെ കാണാനായി വരുമെന്നറിയിച്ചു…. അതിനെത്തുടർന്ന് കുടുംബക്കാരെല്ലാം വീട്ടിൽ ഒത്തുകൂടി…. ജോയിച്ചനും അല്ലുവിനും അയോഗിനും വരാൻ പറ്റാത്ത അത്രയ്ക്ക് തിരക്കായതുകൊണ്ടും ധ്യാൻ ഒഫീഷ്യൽ ടൂറിൽ ആയതുകൊണ്ടും ആൺകുട്ടികളുടെ സ്ഥാനത്ത് അവിടെ യുണ്ടായിരിന്നത് മാധുവും അഖിലും രുദ്രനുമായിരുന്നു….. അന്നത്തെ ആ സംഭവത്തിന്‌ ശേഷം പിന്നെയാരും അവനോട് ആ കാര്യം സംസാരിച്ചിട്ടില്ല… ആകെയുള്ളത് ശ്രീയുടെ വേദനിപ്പിക്കുന്ന ഒരു തരം മരവിപ്പ് കലർന്ന നോട്ടം മാത്രമായിരുന്നു……… അവര് വന്നൂന്ന് തോന്നുന്നു…….. ഉമ്മറത്ത് ഒരു കാർ നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ നന്ദിനി വിളിച്ചുകൂവി…..

അപ്പോഴേക്കും ആണുങ്ങളെല്ലാം ഉമ്മറത്ത് അവരെ സ്വീകരിക്കാനായി നിരന്നുനിന്നിരുന്നു… ഡാർക്ക്‌ബ്ലൂ കളർ ഷർട്ടും ബ്ലാക്ക് പാന്റുമായിരുന്നു ഗൗരവിന്റെ വേഷം……..ട്രിം ചെയ്ത താടിയും ആ പുഞ്ചിരിയും അവന്റെ മുഖത്ത് ശ്രീത്വം തുളുമ്പിപ്പിച്ചു………….. ചെന്നുകയറിയപാടെ, എല്ലാരേയും അവൻ കൈയിലെടുത്തു എന്ന് തന്നെ പറയാം……ദേവുവും രുദ്രനും ഒരുമിക്കാൻ കാത്തിരിക്കുന്നത്കൊണ്ട് മാത്രം പിള്ളേർസെറ്റ് അവനോട് അത്ര അടുത്തില്ല… എങ്കിലുംഅവനെകുറിച്ചുള്ള അഭിപ്രായം നല്ലതായിരുന്നു…. ദേവു പറഞ്ഞതൊന്നും അവന്റെ ആ പെരുമാറ്റത്തിൽ നിന്നും അവർക്ക് തോന്നിയില്ല…………. എന്നാൽ, അവന്റെ ഈ സ്വഭാവം രുദ്രനിൽ മാത്രം ഒരു സംശയം ഉണർത്തി…

ഒന്നുമില്ലെങ്കിലും അതൊരു പോലീസ്ബുദ്ധിയല്ലേ??? പക്ഷെ അതാരോടും തുറന്ന്പറയാൻ അവനൊരുക്കമായിരുന്നില്ല…. മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന കോംപ്ലക്സ് നശിപ്പിക്കാൻപോകുന്നത് ഒരു പെണ്ണിന്റെ ജീവിതമാണെന്ന് അവനോർത്തില്ല……… ഒരുപാട് നിർബന്ധിച്ചതിന് ശേഷമാണ് വലിയ ഒരുക്കമൊന്നുമില്ലാതെ, താല്പര്യമില്ലാത്ത മുഖവുമായി ചായക്കപ്പ്‌ വെച്ച ട്രേയുമായി അവൾ അവർക്ക് മുൻപിലേക്ക് പോയത്…….. അവനെയെന്നല്ല ആരെയും നോക്കാതെ ഒരു യന്ത്രം കണക്കെ ചായക്കപ്പ് അവൾ എല്ലാവർക്കും നേരെ നീട്ടി………… ശേഷം, അതും നെഞ്ചോട് ചേർത്ത് അകത്തേക്ക് നടക്കുമ്പോൾ മിഴിനീർകണങ്ങൾ മൂടിയ ആ മിഴികൾ ഇടംകണ്ണാലെ നോക്കിയത് അവനെ മാത്രമായിരുന്നു, അഖിലിനൊപ്പം നിൽക്കുന്ന രുദ്രനെ മാത്രം…….

ശേഷം ഏങ്ങൽ അടക്കികൊണ്ട് റൂമിലേക്ക് നടന്നു… പോകും വഴി കേട്ടു, അച്ഛന്റെ ഒരു എസ്ക്യൂസ്‌… അവൾക്ക് നാണമായി, അതുകൊണ്ടാ ഒന്നുമില്ലെങ്കിലും സീനിയർ ആയി പഠിച്ച കുട്ടിയല്ലേ…… അതുംകൂടി കേട്ടതും തന്നെ അറിയാനും കേൾക്കാനും ആരുമില്ല എന്നവൾ പൂർണ്ണമായി വിശ്വസിച്ചു…. റൂമിൽ ജനാൽകൽ തലേന്ന് പെയ്ത മഴയുടെ മഴത്തുള്ളികൾ ഇലകളിൽ നിന്നും താഴേക്ക് ഇറ്റുവീഴുന്നതും നോക്കിയവൾ നിന്നു…… ആ കണ്ണുകളും ഇതുപോലെ മിഴിനീരിനെ ഇറ്റിക്കുന്നുണ്ട്…………. പെട്ടെന്നാണ് തന്റെ പിന്നിൽ ഒരു സാന്നിധ്യം അവളറിയുന്നത്…. ഞെട്ടിപിന്തിരിഞ്ഞപ്പോഴേക്കും കണ്ടു തന്നെ ഒരുതരം പ്രണയത്തോടെ നോക്കിനിൽക്കുന്ന കണ്ണുകളെ…………………

അച്ഛൻ പറഞ്ഞു സംസാരിക്കാൻ…… അവനത് പറയുമ്പോൾ ആ ശബ്ദത്തിൽ വന്ന മാറ്റം അവൾ ശ്രദ്ധിച്ചിരുന്നു…….. ഇവൻ മാറിയോ എന്നുപോലും ആ മനസ്സിൽ സംശയം ഉദിച്ചു…… എന്താടോ താൻ എന്നെ ഇങ്ങെനെ നോക്കുന്നത്??? ഓ,,, അന്ന് നടന്നതൊക്കെ ഇപ്പോഴും മനസിൽ ഉണ്ടല്ലേ…… സോറിയെടോ… അന്ന് അങ്ങെനെ ഞാൻ…. ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു….തന്നെ എനിക്കത്രയ്ക്ക് ഇഷ്ടമായതുകൊണ്ടാ… പിന്നീടാലോചിച്ചപോൾ ചെയ്ത തെറ്റ് മനസ്സിലായിഎനിക്ക്.. അന്ന് വിചാരിച്ചതാ ഇങ്ങെനെ തന്റെ മുൻപിൽ വന്ന് നിൽക്കണമെന്ന്………. !!!!!!! അവൻ പറഞ്ഞതെല്ലാം കേട്ട് ആ മുഖത്തേക്ക് നോക്കിയ അവൾ പക്ഷെ കണ്ടത് പൊടുന്നനെ മാറിയ മുഖഭാവമായിരുന്നു… കുറച്ച് മുൻപ് പ്രണയപരാവശ്യത്താൽ തന്നെ നോക്കിയ ആ മുഖം ഇന്ന് പുച്ഛത്താൽ വിവർണമായിരിക്കുന്നു……………..

ഹ്ഹഹ്ഹഹ്ഹ…. നീണ്ട പരിഹാസചിരിയോടെ അവനവളുടെ കൈയിൽ പിടിച്ച് തന്നോട് ചേർത്ത്നിർത്തി……… നീ എന്ത് കരുതി???? ഞാൻ മാറിയെന്നോ??? അങ്ങെനെ മാറാൻ പറ്റുമോ എനിക്ക്????? ഈ ഗൗരവിനെ അപമാനിപ്പിച്ചിട്ട് സ്വസ്ഥമായി ജീവിക്കാമെന്ന് കരുതിയോ നീ ??? ഇല്ലെടി…. അനുവദിക്കില്ല നിന്നെ ഞാൻ……… നീ ജീവിക്കും ഈ ഗൗരവ് മേനോന്റെ കൂടെ തീർത്തും നരകജീവിതം………അന്ന് നീ എന്നെ വേദനിപ്പിച്ചതുപോലെ നിന്നെ വേദനിപ്പിച്ചുകൊണ്ടാകണം ഇനിയുള്ള എന്റെ ദിവസങ്ങൾ….. അങ്ങെനെ നശിച്ച് നശിച്ച് തീരണം നീ…. കേട്ടോഡീ…………… അവന്റെ ആ അസുരഭാവം അവളെ പേടിപ്പിച്ചു… തനിക്ക് നേരെ നീണ്ട ആ ചുവന്നകണ്ണുകൾ അവളുടെ ശരീരത്തെ ആകെ വിറയലിലാഴ്ത്തി….. പെട്ടെന്നാണ് ആരോ അങ്ങോട്ടേക്ക് വരുന്ന ശബ്ദം കേട്ടത്…..

പൊടുന്നനെ അവൻ കൈകൾ മാറ്റി, ഭാവം പ്രണയാർദ്രമാക്കി…… അപ്പോൾ എല്ലാരോടും പറയാം അല്ലെ, ഈ കല്യാണത്തിന് നമുക്ക് രണ്ടാൾക്കും ഇഷ്ടമാണെന്ന്……………….. അവന്റെ ആ വാക്കുകൾ കൂരമ്പുപോലെ ആ നെഞ്ചിൽ തറച്ചിട്ടും പ്രതികരിക്കാതെ ശിലാകണക്കെ നിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ,,,,,,, കഴിഞ്ഞില്ലേ……. ഗൗരവ് പറഞ്ഞതുകേട്ടുവന്ന നന്ദിനി ഒരു കളിയാക്കൽ ചിരിയോടെ ചോദിച്ചതും, ചമ്മൽ അഭിനയിച്ചുകൊണ്ട് അവൻ അവരെ നോക്കി……. തനിക്ക് മുൻപിൽ നിന്ന് പരുങ്ങുന്ന ഗൗരവിനെയും അവൻ ചോദിച്ചതിന് മൗനമായി നിൽക്കുന്ന ദേവുവും കൂടിയായപ്പോൾ അവൾക്ക് ഈ കല്യാണത്തിന് താല്പര്യമാണെന്ന്അവരും തെറ്റിദ്ധരിച്ചു….. മോനെ താഴേക്ക് വിളിക്കുന്നു, അത്രയും പറഞ്ഞവർ താഴേക്ക് തന്നെപോയി……. ഹഹ്ഹഹ്ഹ….

കണ്ടില്ലെടി അവർക്ക് എന്നോടുള്ള സ്നേഹം.. അവരെല്ലാം വിചാരിച്ചേക്കുന്നേ നിനക്കും ഈ കല്യാണത്തിന് താല്പര്യമാണെന്നാ… ഇനി നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല………… അവളെയൊരുതരം കളിയാക്കൽ കൊണ്ട് മൂടിയിട്ട് അവൻ താഴേക്ക് പോയി…….. അതുവരെ പ്രതിമകണക്കെ നിന്നവൾ ആ നിമിഷം തകർന്നുപോയി…. ജനാലക്കൽ നിന്ന് താഴേക്ക് ഊർന്നിറങ്ങുമ്പോൾ ആ ഹൃദയം നുറുങ്ങുകയായിരുന്നു……………. കുറച്ച് നേരം കഴിഞ്ഞ് കാറിന്റെ ശബ്ദം കേട്ടതോടെ അവർ പോയിയെന്ന് അവൾക്കുറപ്പായി… ഇനിയെങ്കിലും തനിക്ക് ഈ കല്യാണത്തിന് താല്പര്യമില്ല എന്ന് പറയാൻ അവൾ ധൈര്യത്തോടെ മുഖം തുടച്ചെണീറ്റു……………. റൂമിൽ നിന്ന് പുറത്തേക്കിറങ്ങാൻ ഒരുങ്ങവെ, എന്തോ ചിന്തിച്ചതുപോലെ അവൾ നിന്നു…….

ഇല്ല, അങ്ങെനെ ഞാൻ ചെയ്‌താൽ……… രുദ്രേട്ടൻ ഒരിക്കലും എന്നെ സ്വീകരിക്കില്ല………. അങ്ങേനെവന്നാൽ എന്റെ കല്യാണം നീളും, അതോടൊപ്പം ബാക്കിയുള്ളവരുടെയും…… തന്നെ ജീവനെപോലെ സ്നേഹിക്കുന്ന ഓരോ മുഖങ്ങളും മനസ്സിൽ നിറയുംതോറും നേരത്തെ അവൾ സാംശീകരിച്ചെടുത്ത സകല ധൈര്യവും അവളിൽ നിന്ന് ചോർന്നുപോയികൊണ്ടിരുന്നു …….. മറ്റുള്ളവർക്ക് വേണ്ടി ജീവിതം ത്യാഗം ചെയ്യാൻ വലിയ സന്യസിയൊന്നുമല്ല അവളെങ്കിലും തന്റെ പ്രിയപ്പെട്ടവർക്കായി ആ ജീവിതം അവനുമുന്പിൽ അർപ്പിക്കാൻ തന്നെ അവൾ തീരുമാനിച്ചു….. എല്ലാം തീരുമാനിച്ചുറപ്പിച്ച് താഴേക്കെത്തിയപ്പോഴേക്കും കേട്ടു,ഗൗരവിനെപറ്റിയുള്ള എല്ലാവരുടെയും സംസാരം…. അവന്റെ സ്വഭാവത്തെ പറ്റി മുതിർന്നവരെപോലെ പിള്ളേരും സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾക്ക് തോന്നിയത് ഒരു തരം പുച്ഛമായിരുന്നു…….

എനിക്ക് ഈ കല്യാണത്തിന് സമ്മതമാണ്… ഇനി എന്താണെന്ന് വെച്ചാൽ നിങ്ങൾ ചെയ്തോ……. അത്രയും പറഞ്ഞുകൊണ്ടവൾ തിരികെ റൂമിലേക്ക് നടന്നു…………… ആ വാക്കുകൾ മുതിർന്നവർക്കെല്ലാം ഒരുപോലെ സന്തോഷം ഉളവാക്കിയപ്പോൾ പിള്ളേരെല്ലാം ഞെട്ടി…. പക്ഷെ അവന് മാത്രം പ്രത്യകിച്ച് ഒരു ഭാവമാറ്റവും ഉണ്ടായില്ല…… അവളുടെ ഈ സമ്മതം കേട്ട് ഞെട്ടിയിട്ടാകണം ശ്രീ അവൾക്ക് പിന്നാലെ പോയത്… എന്നാൽ അത് പ്രതീക്ഷിച്ചപോലെ ഉള്ള് വിറയ്ക്കുന്ന നോവിലും നാണത്തിന്റെ മൂടുപടം ചാർത്തിയവൾ റൂമിന്റെ വാതിൽക്കൽനിന്ന് ചിരിച്ചു…. നീ എന്താ ഈ പറഞ്ഞേ… നിനക്ക് നിനക്ക് സമ്മതമാണെന്നോ……. ഞെട്ടലോടെ അവളെ പിടിച്ച് കുലുക്കികൊണ്ട് ശ്രീ ചോദിച്ചു…. ശ്രീ ചേച്ചിയ്ക്ക് ചെവി കേൾക്കില്ലന്നുണ്ടോ???? അവൾ കൂളായി സംസാരിക്കുന്നത് ശ്രീയ്ക്ക് അത്ഭുതമായിരുന്നു…..

എന്റെ ചേച്ചി… പെങ്കുട്യോള് എപ്പോഴും പ്രാക്ടിക്കൽ ആയിരിക്കണം….. രുദ്രേട്ടനെ എനിക്കിഷ്ടമായിരുന്നു…പക്ഷെ ആ മനസിൽ ഞാനില്ല……. അതറിഞ്ഞിട്ടും ഇനി ഞാൻ ആ മനുഷ്യന് പിന്നാലെ നടക്കണോ???? അത്രയ്ക്ക് ബുദ്ധിയില്ലാത്തവൾ അല്ല ഞാൻ…… ഗൗരവ് ആകുമ്പോൾ വെൽസെറ്റിൽഡ് ഫാമിലിയാണ്… ഇഷ്ടപെടാതിരിക്കാൻ കാരണങ്ങൾ ഒന്നുമില്ല. പിന്നെ ആകോളേജ് ഇഷ്യു.. അത് വെറുമൊരു കോളേജ് ടൈം പാസ്സായി കളയാൻ എനിക്കും അവനും ആവും… സൊ ഐ വിൽ ചൂസ് ഗൗരവ്….. !!! നെഞ്ച് വരിഞ്ഞുമുറുകുന്ന വേദനയിലും ശ്രീയ്ക്ക് മുൻപിൽ അത്രയും പറഞ്ഞുകൊണ്ട് കണ്ണുകൾ നിറയാതെ അവൾ പിടിച്ചുനിന്നു…. ദേവു… നീ… നീ ഇത് എന്താ പറയുന്നേ??? ഞങ്ങളുടെ ദേവു തന്നെയാണോ ഈ പറയണേ……. എന്റെ ശ്രീ ചേച്ചി…

ചേച്ചിയ്ക്കെന്താ ഞാൻ പറഞ്ഞതൊന്നും മനസിലായില്ലേ???? രുദ്രേട്ടനെപോലെ ആരാരുമില്ലാത്ത ഒരാൾക്ക് വേണ്ടി ഇനിയും ജീവിതം കളയാൻ ഞാൻ തയ്യാറല്ല…. !!! ആ വാക്കുകൾ പറഞ്ഞ് തീരുംമുമ്പേ ശ്രീയുടെ കൈകൾ ദേവുവിൽ വീണിരുന്നു…………. പ്ഫാ.. !!!! ആരാരുമില്ലാത്തവൻ പോലും…. !!ഇനി നിന്റെ ആ നാവുകൊണ്ട് വിളിച്ചുപോകരുത് എന്റെ ഏട്ടനെ അങ്ങെനെ…. !!!!!!ശേ,, നീ ഇങ്ങെനെയൊരുവളാണെന്ന് അറിഞ്ഞില്ല ഞാൻ……………. പ്രണയം എന്താണെന്ന് അറിയാത്ത നിന്നെപ്പോലെ ഒരുതിയ്ക്ക് വേണ്ടിയായിരുന്നോ ഞാനെന്റെ ഏട്ടനെ വേദനിപ്പിച്ചത്?????????? സ്വന്തം ബന്ധങ്ങളേക്കാൾ ഹൃദയം ഒന്നിക്കുന്നതാ പ്രണയം…. അതൊക്കെ ഇനിയും നിനക്ക് മനസിലായില്ലെങ്കിൽ പോടീ, പോയി നിന്റെ ആ ഗൗരവിനെ തന്നെ കെട്ട്…….

അത്രയും പറഞ്ഞുകൊണ്ട് നിറകണ്ണുകൾ തുടച്ചുകൊണ്ട് പോകുന്ന ശ്രാവണിയെ കാൺകെ ആ മിഴികളിലും നീർകണങ്ങൾ തൂകി….. ശ്രാവണിയിൽ നിന്നും കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ തറഞ്ഞുനിന്ന പിള്ളേർ സെറ്റുകൾ പലതവണ ചോദ്യങ്ങളുമായി ദേവുവിന് മുൻപിൽ ചെന്നു, എന്നാൽ ശ്രീയ്ക്ക് കൊടുത്ത മറുപടിയിൽ കവിഞ്ഞ് മറ്റൊന്നും ഉണ്ടായിരുന്നില്ല അവൾക്ക് എല്ലാരോടും പറയാനുണ്ടായിരുന്നത്……………. അതോടെ മെല്ലെ മെല്ലെ അവരടങ്ങി…… അതിന് ഒരു തരത്തിൽ ഇടയ്ക്കിടയ്ക്കായുള്ള ഗൗരവിന്റെ ഫോൺകാളുകൾ കാരണമായി……. രുദ്രനോടും ജോയോടുമൊഴികെ ബാക്കിയുള്ളവരോടെല്ലാം അവനൊരുതരത്തിൽ നല്ലൊരു സൗഹൃദം തന്നെ ഉണ്ടാക്കിയെടുത്തു ഈ ദിവസങ്ങൾക്കുള്ളിൽ…… !!! പിന്നീടങ്ങോട്ട് കല്യാണതിരക്കുകളിലായിരുന്നു എല്ലാരും…….

ദിവസങ്ങൾ കുറവായതുകൊണ്ട് ഓരോ കാര്യങ്ങൾക്കായി എല്ലാരും ഓടിനടക്കുകയാണ്…… ….. അതിനിടയിൽ ഡ്രെസ് എടുക്കലും സ്വർണ്ണം എടുക്കലുമൊക്കെ കഴിഞ്ഞു.. എല്ലാത്തിനും ഒരു പാവകണക്കെ അവളുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ആ മനസ്സ് ആ ശരീരത്തിൽ ഉണ്ടായിരുന്നില്ല….. ജോലിത്തിരക്കിൻറെ ഭാഗമായി ഒരാഴ്ച രുദ്രന് ഡൽഹിയിലേക്ക് പോകേണ്ടി വന്നു… കല്യാണത്തിന് മൂന്ന് ദിവസം മുൻപേ അവൻ വരുള്ളൂ എന്നത് ചെക്കന്മാർക്കെല്ലാം വിഷമം ഉണ്ടാക്കി…കൂടെയുള്ളവൻ ഇല്ലെങ്കിൽ പിന്നെ എല്ലാത്തിനും ഒരു വിരസതയാണല്ലോ നമുക്കല്ലേലും… ഓരോ ദിവസവും അവൾക്കായി എത്തുന്ന ഗൗരവിന്റെ കാളുകൾ അവഗണിക്കാൻ കഴിയാതെ വന്നപ്പോൾ അവൾ അറ്റൻഡ് ചെയ്തുതുടങ്ങി…….

മുറിവിന്മേൽ മുളക് തേക്കുന്ന രീതിയിലെ അവന്റെ പരിഹാസവും വെല്ലുവിളിയും ഇതിനോടകം തന്നെ അവൾക്ക് അസഹനീയമായി… ഇനിയങ്ങോട്ട് തന്റെ ജീവിതം എങ്ങേനെയായിരിക്കുമെന്ന് അതോടെ അവൾക്ക് ബോധ്യമായി….. നരകജീവിതം മുന്നിൽകണ്ടുകൊണ്ട് തന്നെമറ്റുള്ളവർക്കായി അവൾ മുഖത്ത് പ്രസന്നത വരുത്തി……………………. ദിവസങ്ങൾ വീണ്ടും ആരെയും കാത്തുനിൽക്കാതെ കടന്നുപോയി…. ഇന്നാണ്, രുദ്രൻ വരുന്ന ദിവസം, ഇന്ന് തന്നെയാണ് ഹൽദിയും പ്ലാൻ ചെയ്തിരിക്കുന്നത്…. അതിന്റെ ഒരു ഉന്മേഷം എല്ലാത്തിനുമുണ്ട്….. രുദ്രനെ പിക്ക് ചെയ്യാനായി അഖിലാണ് പോയത്…….

അവൻ എത്തുമ്പോഴേക്കും അവന്റെ ഗസ്റ്റ്ഹൌസ് അയോഗും അല്ലുവും ചേർന്ന് വൃത്തിയാക്കിയിട്ടു, കഴിഞ്ഞ ഒരാഴ്ച അവന്മാരുടെ വിഹാരകേന്ദ്രമായിരുന്നല്ലോ അവിടം……………………. ഉച്ചകഴിഞ്ഞ് രണ്ട് മണിയായപ്പോഴേക്കും രുദ്രൻ വന്നു.. പിന്നെ എല്ലാം കൂടി അവിടങ്ങ് കൂടി…………… ഹലോ…. ഇന്നേക്ക് രണ്ടാം നാൾ ഈ അലോക് നാഥിന്റെ പാതിജീവനായി നീ എന്റെ അരികിൽ ഉണ്ടാകും പെണ്ണെ….. ഇന്നുവരെ ഞാൻ നിന്നകേകിയ എല്ലാവേദനയ്ക്കും പരിഹാരമായി ഞാൻ നിനക്കേകുന്ന സമ്മാനം, അതാണ് നിന്റെ നെറുകയിൽ ഞാൻ അണിയുന്ന സിന്ദൂരച്ചുവപ്പ്…… ഹൽദിയ്ക്കായി ഒരുങ്ങുന്ന ശ്രീയോട്അതിനിടയിൽ ഫോണിലൂടെ സംസാരിക്കുകയാണ് അല്ലു………

എനിക്ക് കാണാൻ തോന്നുവാ………………. ഞാൻ അങ്ങ് വരട്ടെടി???? മീശ പിരിച്ചുകൊണ്ട് കള്ളച്ചിരിയോടെയുള്ള ജോയിച്ചന്റെ ചോദ്യം കേട്ട് ജാൻവി നെഞ്ചിൽകൈവെച്ചു… നിങ്ങളിങ്ങ് മതില് ചാടി വാ എന്റെ അയോഗെട്ടാ……. അയ്യേ, എനിക്കൊന്നുംവയ്യ… അതൊക്കെ പാപമാ….. ഓഓഓ ഒരു വലിയ പുണ്യാളൻ… aആരും കാണാതെ എന്നെ കേറി ഉമ്മിച്ചവനല്ലെടോ താൻ?????? അത്… പിന്നെ…………. ഫോണിൽകൂടിയുള്ള ആഷിയുടെ സംസാരം കേട്ട് തലചൊറിഞ്ഞു നിന്നുപോയി അയോഗ്….. ഈ പെണ്ണിന്റെ ഒരു കാര്യം…. !!! നന്ദേ, മുടി അഴിച്ചിടല്ലേ….. മുടിയിൽ തൊട്ട് ഒരു കളിയുമില്ല…….. മാധുവിന്റെ ആ ഓർഡർ പുഞ്ചിരിയോടെ അവൾ കേട്ടുനിന്നു……. ഇതെല്ലാം കണ്ടും കെട്ടും സ്വയം പുച്ഛിച്ചുകൊണ്ടൊരുവൾ അവിടെയുണ്ടായിരുന്നു….

മാറിമറിയാൻ പോകുന്ന ജീവിതമോർത്തുകൊണ്ട്…. എല്ലാരും വന്നേ…….. അമ്മമാരുടെ വിളി കേട്ടതും നാലും ഫോൺ താഴ്ത്തിവെച്ചു…. ഏകദേശം സെയിം ഡിസൈൻ മഞ്ഞകളർ ലെഹങ്കയിൽ അതിസുന്ദരികളായിരുന്നു അഞ്ചുപേരും……………………… എല്ലാവരെയും അണിയിച്ചൊരുക്കി ഇരിപ്പിടത്തിലേക്കിരുത്തി…….. സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ അവർക്ക് മേൽ മഞ്ഞൾ ലേപനം ചെയ്യപ്പെട്ടു…………. മധുരം നൽകി പ്രിയപ്പെട്ടവർ ആ പെൺകുട്ടികളെ അനുഗ്രഹിച്ചാശ്രിവദിക്കുമ്പോൾ എന്തിനെന്നറിയാതെ ആ അഞ്ചുജോഡി മിഴികളും നനഞ്ഞിരുന്നു…………..

ആഘോഷമെല്ലാം കഴിഞ്ഞപ്പോഴേക്കും നേരം കുറച്ച് വൈകിയിരുന്നു……… ക്ഷീണിതരായി കിടന്നവരെല്ലാം ഉറങ്ങിയിട്ടും അവളെ മാത്രം ആ നിദ്രാ ദേവി പരിഗണിച്ചില്ല…… ഉറക്കം പോലും നഷ്ടപ്പെട്ട് സ്വയം ഉരുകിക്കൊണ്ടവൾ ആ ഇരുട്ടിലേക്ക് നോക്കിനിന്നു…. ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ചെന്നപോലെ റൂമിന് പുറത്തേക്ക് നടന്നു……(തുടരും ) ഇഷ്ടം നിരഞ്ജന RN

ആദിശൈലം: ഭാഗം 61

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!