ദാമ്പത്യം: ഭാഗം 29

Share with your friends

എഴുത്തുകാരി: തുഷാര ലക്ഷ്മി

ആ നിഷ്‌കളങ്ക മുഖത്തെ പാൽപുഞ്ചിരിക്കും മേലെ തന്റെ സ്വാർത്ഥ മോഹങ്ങൾക്ക് നിറം പകരാൻ ബന്ധങ്ങളുടെ കെട്ടുപാടിൽ നിന്നു പുറത്തുചാടി അവൾ മുൻപിലേക്ക് നടന്നു….ഇനിയൊരു തിരിച്ചു വരവ് ഇല്ലായെന്നറിഞ്ഞു കൊണ്ടു… അമ്മേ..!! എന്ന് വിളിച്ചുകൊണ്ടു പുറകിൽ കേൾക്കുന്ന കുഞ്ഞു കരച്ചിലിനു കാതോർക്കാതെ….അവൾക്കായി ഒരു തിരിഞ്ഞുനോട്ടം നൽകാതെ….അറിഞ്ഞുകൊണ്ടു അവളെ ഒരു ദുരിതവഴിയിലേയ്ക്ക് തള്ളിയിട്ടുകൊണ്ടു.. അതിൽ കുറ്റബോധമോ, വേദനയോ ഇല്ലാതെ….. പുറത്തേയ്ക്കു വന്ന പ്രഭ കണ്ടു ഗേറ്റിനു മുന്നിൽ പാർക്ക്‌ ചെയ്തിരിക്കുന്ന കാറിൽ കയറി പോകുന്ന നിമിഷയെ…

സംശയത്തോടെ അതൊന്നു നോക്കി നിന്ന ശേഷം അവർ തിരികെ ആര്യയ്ക്കടുത്തേയ്ക്കു വന്നു…. അവളപ്പോഴും നിമിഷയുടെ വാക്കുകളിൽ നീറി നിറകണ്ണുകളുമായി നിൽക്കുകയാണ്…. നിമിഷ മനപ്പൂർവം തന്നെ വേദനിപ്പിക്കാൻ പറഞ്ഞതാണെന്ന പൂർണ്ണ ബോധ്യമുണ്ടായിട്ടും ആ വാക്കുകൾ അവഗണിക്കാൻ അവൾക്കായില്ല….. എന്തോ ഒരു വേദന ഉള്ളിൽ നിറയുന്നു…അറിയാതെ സ്വന്തം വലംകൈ അവൾ അവളുടെ ഉദരത്തിലേയ്ക്ക് ചേർത്തു വെച്ചു..പതിയെ തലോടി തുടങ്ങി…. തന്റെ പൊന്നോമനയെ സാന്ത്വനിപ്പിക്കാനെന്നപോൽ…. പ്രഭയ്ക്കു അവളുടെ ആ നിൽപ്പ് കണ്ടിട്ട് നെഞ്ചിലൊരു ആന്തൽ അനുഭവപ്പെട്ടു… മോളെ..!!! എന്ന പ്രഭയുടെ സ്വരത്തിൽ ഞെട്ടിക്കൊണ്ടവൾ സ്വബോധത്തിലേയ്ക്ക് വന്നു….

മിഴികൾ അപ്പോഴും നിർത്താതെ പെയ്തുകൊണ്ടിരിക്കുകയായിരുന്നു….പെട്ടെന്ന്… അമ്മേ…എന്റെ കുഞ്ഞു….അതിന്റെ ദോഷമല്ല ഇങ്ങനെ ഒക്കെ സംഭവിക്കാൻ… അതും പറഞ്ഞവൾ പ്രഭയെ കെട്ടിപിടിച്ചു….അവളുടെ ഉടൽ ചെറുതായി വിറക്കുന്നുണ്ടായിരുന്നു…. എന്താ മോളെ നീയിങ്ങനെ…അവൾ നിന്നെ വേദനിപ്പിക്കാൻ ഓരോന്ന് പറയുന്നതല്ലേ..ആ വിഷം പറയുന്നതു ശ്രദ്ധിക്കുക പോലും ചെയ്യരുത്….നമ്മുടെ കുഞ്ഞു നമ്മുടെ സൗഭാഗ്യമാണ്..അതെന്നും അങ്ങനെ തന്നെയാകും…മനസ്സിലായോ നിനക്ക്…. ഈ വീട്ടിലുള്ളവരുടെ കാലൻ അവളാണ്..

ആ അവൾ പറയുന്നതു കേട്ടു വിഷമിക്കാൻ നീയേ കാണു… ഈ സമയത്ത് ഇങ്ങനെ മനസ്‌ വിഷമിക്കാൻ പാടില്ല മോളെ.. നമ്മുടെ കുഞ്ഞിനെയാകും അതു ബാധിക്കുക….അഭി ഇതെങ്ങാനുമറിഞ്ഞാൽ തീർന്നു…..നമ്മളെ രണ്ടാളെയും ശരിയാക്കുമവൻ….അതുകൊണ്ടു ഈ കരച്ചിൽ മതിയാക്കു മോളെ…..കേട്ടോ നീ…!! പോയി മുഖം കഴുകി വാ…എന്നിട്ട് മോള് അഭിയെ ഒന്നു വിളിച്ചേ…അവളെന്തിനാ ഇപ്പോ ഓടിപിടിച്ച് വന്നതെന്ന് അറിയണമല്ലോ…. പ്രഭാമ്മയുടെ വാക്കുകൾ ആശ്വാസം പകർന്നെങ്കിലും നിമിഷയുടെ വാക്കുകൾ ഹൃദയത്തിൽ പോറലേൽപ്പിച്ചു അവളെ വേദനിപ്പിച്ചു തുടങ്ങിയിരുന്നു…എങ്കിലും അതു മറച്ചുവെച്ചവൾ മുറിയിലേയ്ക്കു നടന്നു…

എന്താ ചേട്ടാ ഇവിടെ സംഭവിച്ചത്..??നിമിഷയോട് ചേട്ടൻ എന്താ പറഞ്ഞത്…അവളെങ്ങോട്ടാണ് പോയത്..???? നിമിഷ വീട്ടിൽ വന്നതും ധൃതി പിടിച്ചു പെട്ടിയുമായി പോയതുമൊക്കെ ആര്യ വിളിച്ചു പറഞ്ഞറിഞ്ഞ അഭി അരവിന്ദിനോട് അതേ പറ്റി തിരക്കുകയാണ്…. പക്ഷേ അരവിന്ദ് ഒന്നിനും മറുപടി പറയാതെ ഒരു നിസ്സംഗ ഭാവത്തിൽ കയ്യിലെ ക്യാനുലയിൽ മിഴികൾ നട്ടിരുന്നു…. അവന്റെ ആ പ്രതികരണത്തിൽ അഭിയ്ക്കു ദേഷ്യം വന്നു തുടങ്ങിയിരുന്നു… അവൻ അരവിന്ദിന്റെ അടുത്തേയ്ക്കു ചെന്നു…. ഞാൻ ചോദിച്ചത് ചേട്ടൻ കേട്ടില്ലാന്നുണ്ടോ…??? ഇതൊരു നിസ്സാര കാര്യമല്ല..നിമിഷയെ ചേട്ടന്റെ കൂടെ നിർത്തിയിട്ടാണ് ഞാനും അച്ഛനും പുറത്തേയ്ക്കു പോയത്….തിരികെ വന്നപ്പോൾ അവരിവിടെ ഇല്ല…

തിരികെ പോയതാകുമെന്നു കരുതി ഞങ്ങളും ശ്രദ്ധിച്ചില്ല..പക്ഷേ ഇപ്പോൾ ശ്രീ വിളിച്ചു പറഞ്ഞ കാര്യങ്ങൾ കേട്ടു എനിക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നുന്നു… ഞങ്ങൾ പോയതിനു ശേഷം എന്തോ സംഭവിച്ചു ഇവിടെ…. എന്താ ഉണ്ടായതെന്ന് ഒന്നു തുറന്നു പറയാമോ ചേട്ടന്… അരവിന്ദ് അവന്റെ മുഖത്തേയ്ക്കു അലിവോടെ നോക്കി…. അവളെന്റെ മുന്നിൽ പിന്നെയും അഭിനയിക്കുവായിരുന്നു അഭി…..കരയുന്നു, കെട്ടിപ്പിടിക്കുന്നു,ഉമ്മ വയ്ക്കുന്നു… പിന്നെയും പിന്നെയും എന്നെ പൊട്ടനാക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ സഹിച്ചില്ല… മതിയാക്കാൻ പറഞ്ഞു അവളുടെ അഭിനയം… അവളെപ്പറ്റി എല്ലാം ഞാനറിഞ്ഞുവെന്നു തുറന്നു പറഞ്ഞു.. അവൾ എന്റെ മുൻപിൽ നാണംകെട്ടു തലകുനിച്ചു നിന്നു അഭി…..

ഒരു വാക്ക് മിണ്ടാനാകാതെ ഞെട്ടി,പേടി കൊണ്ടു വിറച്ചു…. എല്ലാ കാലത്തും എന്നെ മണ്ടനാക്കാൻ പറ്റല്ലെന്ന് അവൾക്ക് മനസ്സിലായിക്കാണും….. അരവിന്ദ് വീറോടെ പറഞ്ഞു… എന്നിട്ട്…?? അഭി ഒരു സംശയത്തോടെ അവനോടു ചോദിച്ചു…. എന്നിട്ടെന്താ…!! ഇനിമേലിൽ എന്റെ മുൻപിൽ കണ്ടു പോകരുതെന്ന് പറഞ്ഞു….എവിടേക്ക് വേണമെങ്കിലും പോകാം… ഇനി ഒരിക്കലും തിരിച്ചു വരുരുതെന്ന് പറഞ്ഞു…. അരവിന്ദിന്റെ വാക്കുകളിൽ ഞെട്ടി നിൽക്കുകയായിരുന്നു അഭി… തന്റെ കള്ളങ്ങൾ അറിയേണ്ടവർ തിരിച്ചറിഞ്ഞു എന്ന് മനസ്സിലാക്കി നിമിഷ കടന്നുകളഞ്ഞതാണെന്ന് അഭിക്ക് മനസ്സിലായി… അരവിന്ദ് ഇങ്ങനെ ഒരു നീക്കം നടത്തുമെന്നവൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല……

ചേട്ടനെന്ത് മണ്ടത്തരമാണ് കാണിച്ചത്…?? ഇതിങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടത്..?? ചേട്ടൻ പറഞ്ഞത് കൊണ്ടാണ് ഞാൻ ഒന്നിലും ഇടപെടാതിരുന്നത്… ഡിസ്ചാർജ് ആയിക്കഴിഞ്ഞു വേണ്ടത് എന്താന്നു വെച്ചാൽ ചെയ്യാമെന്ന് കരുതി..പക്ഷേ ഇതിങ്ങനെ നിസ്സാരമായി രണ്ടു വാക്കിൽ അവസാനിപ്പിക്കുമെന്ന് കരുതിയില്ല… ഇത്രയും തെറ്റുകൾ ചെയ്തവൾക്കു ഇതാണോ ചേട്ടാ ശിക്ഷ…എല്ലാം ക്ഷമിച്ചു അവന്റെ കൂടെ അങ്ങ് പറഞ്ഞു വിട്ടല്ലേ… പിന്നെ ഞാനെന്ത് വേണമായിരുന്നു..അവളുടെ സ്വഭാവം മനസ്സിലാക്കിയിട്ടും അവളെ എന്റെ ഭാര്യയായി വാഴിക്കണമായിരുന്നോ…?? അഭി തന്നെ കുറ്റപെടുത്തിയതിഷ്ട്ടപ്പെടാതെ അരവിന്ദ് ഈർഷ്യയോടെ തിരക്കി…. അങ്ങനെ അല്ല ചേട്ടാ….

ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ വെങ്കിടേഷിനും, നിമിഷക്കും കൊടുക്കേണ്ടതല്ലേ… അതിനവരെ നിയമപരമായി നേരിടുകയാണ് വേണ്ടിയിരുന്നത്… ഇതിപ്പോൾ എല്ലാ തെറ്റും പൊറുത്തു വെറുതെ വിട്ടത് പോലെയായില്ലേ… അതു മാത്രമല്ല രണ്ടും ഫ്രോഡുകളാണ്…കാശിനു വേണ്ടി എന്ത് വൃത്തികേടും ചെയ്യാൻ മടിയില്ലാത്തവർ..ചേട്ടനിങ്ങനെ രണ്ടിനെയും വെറുതെ വിട്ടതുകൊണ്ടു അവർ കുറ്റബോധം തോന്നി നല്ലവരായി ജീവിക്കുമോ…!! അങ്ങനെ തോന്നുന്നുണ്ടോ..? രണ്ടും കൂടി ചേർന്നു ഇനിയും പലരുടെയും ജീവിതം നശിപ്പിക്കും…ചേട്ടനത് ചിന്തിക്കാത്തതെന്താണ്..?? അപ്പോഴാണ് അരവിന്ദും അതോർത്തത്…ശരിയാണ്…

സ്വന്തം വിഷമങ്ങൾ മാത്രം നിറഞ്ഞു നിൽക്കുന്ന മനസ്സിൽ മറ്റുള്ള ചിന്തകളൊന്നും കടന്നു വന്നിരുന്നില്ല….അല്ലെങ്കിലും താനെപ്പോഴും അങ്ങനെ തന്നെയാണല്ലോ….സ്വാർത്ഥൻ…സ്വന്തം സുഖവും,സന്തോഷവും,വേദനയുമല്ലാതെ ചുറ്റുമുള്ളവരെക്കുറിച്ചോ അവരുടെ മനസ്സോ,വേദനയോ ഒരിക്കലും കാണാൻ ശ്രമിച്ചിട്ടില്ല… പക്ഷേ അഭി അങ്ങനെയല്ല…. അവന് എല്ലാവരോടും സ്നേഹമാണ്…തനിക്കാകുന്ന എന്ത് സഹായവും ചെയ്യും…അവന്റെ ആ സ്വഭാവം കാരണമല്ലേ അർഹതയില്ലാതിരുന്നിട്ടും അവന്റെ സ്നേഹവും കരുതലും അനുഭവിക്കാൻ ഇപ്പോഴും തനിക്കും ഭാഗ്യമുണ്ടായത്…

എന്ത് ന്യായീകരണം പറഞ്ഞാലും ചെയ്തത് തെറ്റാണ്…. എന്തേ തനത് ഓർത്തില്ല…?? തന്നെപോലെ മണ്ടന്മാർ ഇനിയും ഈ സമൂഹത്തിൽ ധാരാളമുണ്ടാകും…നിമിഷയും, വെങ്കിടേഷും വിരിക്കുന്ന ചതികുഴിയിൽ വീഴാൻ തയ്യാറെടുത്തിരിക്കുന്നവർ…പക്ഷേ ആര്യയെ പോലെ ഒരു തെറ്റും ചെയ്യാത്ത ചില ജന്മങ്ങളാകും അതിന്റെ ഫലമനുഭവിക്കേണ്ടി വരുന്നത്… കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ജീവിതം നഷ്ടമാകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്ന ചില ജന്മങ്ങൾ…പക്ഷേ എപ്പോഴും അവരെ വീഴാതെ താങ്ങിനിർത്താൻ അഭിമാരുണ്ടാകണമെന്നില്ല…. വീണ്ടും വീണ്ടും തെറ്റുകൾ മാത്രമാണല്ലോ താൻ ചെയ്യുന്നത്….അരവിന്ദ് കുറ്റബോധം കൊണ്ടു തല താഴ്ത്തിയിരുന്നു…

മനസ്സിന്റെ നോവ് കണ്ണുനീരായി ഒഴുകിയിറങ്ങി… ഇനിയും ഒന്നും സഹിക്കാൻ വയ്യ…. ഈ ജന്മം ഒന്നവസാനിച്ചെങ്കിൽ….. അവളെ വേദനിപ്പിക്കാൻ കഴിയില്ലായിരുന്നു… തെറ്റുകാരിയാണെങ്കിലും അവളെ മറ്റൊരാൾ ശിക്ഷിക്കുന്നത് തനിക്കു സഹിക്കാനാകില്ല…തനിക്കും അതിനാകുന്നില്ല…പക്ഷേ വീണ്ടും ഉത്തമ ഭാര്യയായിയുള്ള അഭിനയം കണ്ടപ്പോൾ മനസ്സിന്റെ പിടി വിട്ടു പോയി…. ഇനിയുമവൾ കൂടെ വേണ്ട എന്ന് തോന്നി..തന്റെ കൂടെ ബുദ്ധിമുട്ടിയാണവൾ ജീവിക്കുന്നത് എന്നവളിൽ നിന്നു തന്നെ കേട്ടപ്പോൾ ഉറപ്പിച്ചതാണ് അവളെ സ്വാതന്ത്ര്യയാക്കണമെന്നു…അതാണ് അവൾക്കിഷ്ടമുള്ള ജീവിതത്തിലേയ്ക്ക് മടങ്ങി പോകാൻ പറഞ്ഞത്….

പക്ഷേ അപ്പോഴും നിമിഷയെ ചേർത്തുപിടിക്കാനും,അതേസമയം തന്നെ അവളെ തള്ളിക്കളയാനും തന്നെ ഉപദേശിക്കുന്ന മനസ്സവനെ ശ്വാസംമുട്ടിച്ചു തുടങ്ങിയിരുന്നു… ചേട്ടനവളോട് ക്ഷമിക്കാൻ കഴിഞ്ഞത് എങ്ങനെയെന്നറിയില്ല…. പക്ഷേ എനിക്കതിന് കഴിയില്ല…. അവരെ അങ്ങനെ വെറുതെ വിടാനല്ല ഞാൻ ഇത്ര കഷ്ടപ്പെട്ടത്….. ചേട്ടന്റെ ജീവിതം നശിപ്പിച്ചത് മാത്രമല്ല, എന്റെ പെണ്ണും,അച്ഛനും,അമ്മയുമൊക്കെ ഒരുപാടു കരഞ്ഞിട്ടുണ്ട് അവൾ കാരണം…ആവണി മോൾ ഭാവിയിൽ നേരിടാൻ പോകുന്ന കുറേ ചോദ്യങ്ങളുണ്ട്… അതിനൊക്കെ നിമിഷ മറുപടി പറഞ്ഞേ മതിയാകൂ…..

അതുകൊണ്ടു എനിക്കവരെ വെറുതെ വിടാൻ കഴിയില്ലല്ലോ… ഇനി എന്റെ മുന്നിൽ വന്നുപ്പെട്ടാൽ ശിക്ഷ ഞാൻ വിധിക്കും…. ഇനിയൊരാളുടെ കണ്ണുനീരിനു അവർ കാരണക്കാരാകാതെ, ഇനിയൊരു കുടുംബം അവർ കാരണം നശിക്കാതെയിരിക്കാൻ എന്നെകൊണ്ടാവും വിധം ഞാൻ ശ്രമിക്കും… മുഷ്ടി ചുരുട്ടിപിടിച്ചു ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടാണവൻ അത്രയും പറഞ്ഞത്… ഇപ്പോൾ തന്നെ സഹായിക്കാൻ പ്രദീപിനെ സാധിക്കൂ എന്നോർത്തുകൊണ്ടു ഫോണുമെടുത്തവൻ പുറത്തേക്ക് പാഞ്ഞു………. തുടരും….

ദാമ്പത്യം: ഭാഗം 28

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!