❤️കലിപ്പന്റെ വായാടി❤️ : ഭാഗം 46

Share with your friends

എഴുത്തുകാരി: ശിവ നന്ദ

എന്നെ റൂമിലേക്ക് മാറ്റി രണ്ട് മണിക്കൂർ കൂടി കഴിഞ്ഞിട്ടാണ് കുഞ്ഞിനെ കൊണ്ടുവന്നത്.അപ്പോൾ മുതൽ കുഞ്ഞിനെ എടുത്തുകൊണ്ടു ഇരിക്കുവാണ് ഗിരിയേട്ടൻ.ബെഡിലേക്ക് പോലും അവനെ കിടത്താൻ സമ്മതിച്ചിട്ടില്ല.ശിവേട്ടൻ ആണെങ്കിൽ എന്റെ അടുത്ത് തന്നെ ഇരിപ്പുണ്ട്.രണ്ട് പേരുംകൂടി എന്നെയും കുഞ്ഞിനേയും ശ്വാസംമുട്ടിച്ചു കൊണ്ടിരിക്കുവാ. “ശിവേട്ട..പോയി എന്തെങ്കിലും കഴിക്ക്” “നമുക്ക് ഒരുമിച്ച് കഴിക്കാം” “എനിക്ക് ഇപ്പോൾ ഒന്നും വേണ്ടാത്തത് കൊണ്ടല്ലേ” “എന്നാ എനിക്കും ഒന്നും വേണ്ട” “ശ്ശെടാ ഇതെന്തൊരു കഷ്ടമാ.ഗിരിയേട്ടാ..ശിവേട്ടനെയും കൂട്ടി എന്തെങ്കിലും പോയി കഴിച്ചിട്ട് വാ” “കുഞ്ഞിനെ ഇവിടെ കിടത്തിയിട്ട് ഞാൻ എങ്ങനെ പോകാനാ.. ശിവ നീ പോയി വാങ്ങിയിട്ട് വാ” “എന്റെ ദൈവമേ.. ഇങ്ങനെ രണ്ടെണ്ണം.. എങ്ങും പോകണ്ട.

ഇവിടെ തന്നിരുന്നോ” ആഗ്രഹിച്ചത് എന്തോ കേട്ടത് പോലെ രണ്ടെണ്ണവും വെളുക്കെ ഒന്ന് ചിരിച്ചു. എന്നിട്ട് അവരവരുടെ പണികൾ തുടർന്നു. വേറൊന്നും അല്ല..കുഞ്ഞിനെ കൊഞ്ചിക്കുന്ന പണി ഗിരിയേട്ടനും എന്നെ കൊഞ്ചിക്കുന്ന പണി ശിവേട്ടനും. “എന്റെ ഗിരി നീ കുഞ്ഞിനെ അവിടെ കിടത്ത്. അവൻ സമാധാനത്തോടെ ഒന്ന് ഉറങ്ങട്ടെ” “അമ്മ ദേ നോക്കിയേ.. എന്ത് സുഖമായിട്ട ഇവൻ എന്റെ കൈയിൽ ഇരുന്നു ഉറങ്ങുന്നത്.ഇത്രയും സുരക്ഷിതത്വം ഇവന് വേറെ എവിടെ കിട്ടും” “പണ്ട് ഇവൾ ഗൗരിയെ പ്രസവിച്ച സമയത്തും ഇവൻ ഇതുപോലായിരുന്നു. അന്ന് കുഞ്ഞിനെ എടുക്കാനുള്ള പക്വത ആയിട്ടില്ല. എങ്കിലും മടിയിൽ വെച്ച് കൊടുത്താൽ പിന്നെ വേറെ ആരും എടുക്കാൻ സമ്മതിക്കില്ല. എത്ര മണിക്കൂർ വേണമെങ്കിലും അങ്ങനെ ഇരുന്നോളും” അച്ഛന്റെ വാക്കുകൾ കേട്ടതും ഗിരിയേട്ടൻ എന്നെ നോക്കി കണ്ണുചിമ്മി.

അപ്പോഴാണ് വാതിൽ തുറന്ന് നന്ദുവേട്ടനും മുത്തശ്ശിയും കയറി വന്നത്. മുത്തശ്ശിയെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരാൻ ശിവേട്ടനോടും ഗിരിയേട്ടനോടും മാറി മാറി പറഞ്ഞതാ. എവിടെ.. രണ്ടെണ്ണവും ഇവിടെ നിന്ന് മാറില്ലല്ലോ. അതിന്റെ നീരസം മുത്തശ്ശിയുടെ മുഖത്ത് ഉണ്ടായിരുന്നു. “അച്ഛമ്മയെ എവിടുന്ന് കിട്ടിയടാ?” “നിനക്കൊന്നും ഈ കിളവിയെ കൊണ്ടുവരാൻ സമയമില്ലല്ലോ..പാവം എന്റെ അനന്തുട്ടൻ സ്റ്റേഷനിൽ നിന്ന് നേരെ വീട്ടിലേക്ക് വന്നാ എന്നെ കൊണ്ട് വരുന്നത്” അതും പറഞ്ഞ് മുത്തശ്ശി ഗിരിയേട്ടന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി. മുത്തശ്ശി ആയത് കൊണ്ട് ഗിരിയേട്ടന് കൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ. അതും പറഞ്ഞ് ഏട്ടനെ കളിയാക്കാൻ കിട്ടിയ അവസരം ഞാൻ ഒട്ടും പാഴാക്കിയില്ല. “സച്ചി എവിടെടാ?” “അവൻ ഇവിടെ ഉള്ളവർക്കെല്ലാം സ്വീറ്റ്സ് കൊടുക്കാൻ പോയേക്കുവാ.

കുറേ നേരം ആയി പോയിട്ട്” “കൊച്ചിന്റെ അച്ഛനായ നീയും മാമനായ ഇവനും ഇവിടെ സുഖിച്ചിരുന്നിട്ട് പാവം ആ ചെറുക്കനെ തന്നെ പറഞ്ഞു വിട്ടല്ലോ” “ആരും പറഞ്ഞു വിട്ടതൊന്നും അല്ല നന്ദുവേട്ടാ. ‘എന്റെ പെങ്ങളുടെ പ്രസവം ഞാൻ ആഘോഷിക്കും’ എന്നും പറഞ്ഞ് സ്വയം തുള്ളിച്ചാടി പോയതാ” “ആ തുള്ളിച്ചാടി പോയ ആളെ ദേ അവിടെ കുറച്ച് പേര് അന്വേഷിച്ച് നടക്കുന്നുണ്ട്” റൂമിലേക്ക് കയറുന്നതിനിടയിൽ സൗഭാഗ്യ പറയുന്നത് കേട്ട് ഞങ്ങൾ എല്ലാവരും ഒന്നും മനസിലാകാതെ അവളെയൊന്ന് നോക്കി. “ഷുഗർ കൂടി കൊണ്ടുവന്ന ഒരു പേഷ്യന്റിന്റെ വായിലേക്ക് സച്ചിയേട്ടൻ ജിലേബി കുത്തിക്കയറ്റി. അയാളുടെ ബന്ധുക്കൾ ഏട്ടനെ കൈയിൽ കിട്ടാൻ കാത്തിരിക്കുവാ” “ഈ പൊട്ടൻ എനിക്ക് പണി വാങ്ങി തരും.

ഞാൻ പോയൊന്നു നോക്കട്ടെ” സച്ചിയേട്ടനെ അന്വേഷിച്ച് നന്ദുവേട്ടൻ പോകുമ്പോഴും ഞങ്ങൾക് ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.എന്തായാലും കുറച്ച് കഴിഞ്ഞപ്പോൾ തന്നെ രണ്ടുപേരും കൂടി എത്തി.നന്ദുവേട്ടന്റെ വായിലിരിക്കുന്നത് മുഴുവനും കേട്ടെന്ന് തോന്നുന്നു.സച്ചിയേട്ടൻ നല്ല കുട്ടി ആയിട്ട് അടങ്ങി ഒതുങ്ങി മുത്തശ്ശിയുടെ അടുത്ത് പോയിരുന്നു കുഞ്ഞിന്റെ കാലിലും കയ്യിലും മൃദുവായി ചുംബിച്ചുകൊണ്ടിരുന്നു. “എന്നാലും എന്റെ സച്ചി..അയാൾ എങ്ങാനും തട്ടിപ്പോയെങ്കിൽ നീ എന്ത് ചെയ്തേനെ?” “ഒരു ജിലേബി കഴിച്ചെന്നും പറഞ്ഞ് ഒന്നും സംഭവിക്കില്ല. അല്ല..നീ ഇപ്പോഴും അവളുടെ അടുത്ത് കുറുകിക്കൊണ്ട് ഇരിക്കുവാണോ??” “വന്നപ്പോൾ മുതൽ ഞാൻ അത് പറയുവാ സച്ചി. എന്റെയൊക്കെ കാലത്ത് പ്രസവിച്ച് കിടക്കുന്ന പെണ്ണിനെ ഭർത്താവ് ഒന്ന് കാണാൻ പോലും സമ്മതിക്കില്ല.”

“ആഹ് ആ കാലം എനിക്ക് അറിയാം അച്ഛമ്മേ..രണ്ടാമത്തെ പ്രസവവും കഴിഞ്ഞതിന് ശേഷം മാത്രം ഭർത്താവിന്റെ മുഖത്ത് നോക്കാൻ ധൈര്യം കാണിച്ചിരുന്ന ഭാര്യമാരുടെ കാലമല്ലേ” സച്ചിയേട്ടൻ നല്ല അസ്സലായിട്ടുണ്ട് മുത്തശ്ശിയെ ട്രോളി.അതിന്റെ മറുപടി ഏട്ടന്റെ മുതുകിനിട്ടാണ് മുത്തശ്ശി കൊടുത്തത്. “മുത്തശ്ശി പറഞ്ഞത് പോലൊന്നും ഈ കാലത്ത് നടക്കില്ല.എങ്കിലും തത്കാലത്തേക്ക് എന്റെ ഏട്ടന്മാർ എല്ലാം ഒന്ന് പുറത്തേക്ക് ഇറങ്ങിയേ.കുഞ്ഞിന് ഇവൾ സമാധാനത്തോടെ ഒന്ന് പാല്കൊടുക്കട്ടെ.” “കുറച്ച് മുൻപ് കൊടുത്തതല്ലേ ഉള്ളു” കുഞ്ഞിനെ മുത്തശ്ശിയുടെ കൈയിൽ നിന്നും വാങ്ങിക്കൊണ്ട് ഗിരിയേട്ടൻ പറഞ്ഞു.ഏട്ടന് കുഞ്ഞിനെ വിട്ട് ഒരുനിമിഷം പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥ ആണ്. “ആണോ..

എങ്കിൽ നമുക്ക് ഇനി രണ്ട് ദിവസം കഴിഞ്ഞ് കൊടുത്താൽ മതി അല്ലേ” കൂർപ്പിച്ച് നോക്കികൊണ്ട് സൗഭാഗ്യ അത് ചോദിച്ചതും മനസില്ലാമനസോടെ ഏട്ടൻ കുഞ്ഞിനെ എന്റെ അടുത്ത് കിടത്തി.എന്നിട്ട് ശിവേട്ടന്റെ കൈയിൽ പിടിച്ച് എഴുനെല്പിക്കാൻ നോക്കി. “ഞാൻ എന്തിനാ ഇറങ്ങുന്ന?? എന്റെ കുഞ്ഞ് അല്ലേ ഇത്.അതുകൊണ്ട് എനിക്ക് ഇവിടിരിക്കാം.” “എന്നിട്ട് ഇത്രയും നേരം നീ കുഞ്ഞിനെ ഒന്ന് നോക്കുന്നത് പോലും ഞാൻ കണ്ടില്ലലോട” “അത് നീ എന്റെ കൊച്ചിനെ തരാതെ പിടിച്ചുവെച്ചത് കൊണ്ടല്ലേ” “ഓഹോ..അതുകൊണ്ട് മാത്രമാണല്ലേ?” “അല്ല..അതുപിന്നെ..കുഞ്ഞിനെ നോക്കാൻ എല്ലാവരും ഉണ്ടല്ലോ..പക്ഷെ ഇവൾ അനുഭവിച്ച വേദന നേരിട്ട് കണ്ടത് ഞാൻ അല്ലേ.അതോണ്ട് ഇവളോടുള്ള സ്നേഹം അങ്ങ് കൂടി.

അടുത്തുനിന്നും മാറാൻ തോന്നുന്നില്ല” അമ്മയും മുത്തശ്ശിയും ഒക്കെ ഉള്ളത് ഓർക്കാതെ ശിവേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ ആകെ ചമ്മി പോയി.എന്റെ അവസ്ഥ മനസിലാക്കി സൗഭാഗ്യ തന്നെ ശിവേട്ടനെ പിടിച്ച് പുറത്താക്കി..കൂടെ ബാക്കി ഏട്ടന്മാരും ഇറങ്ങി. മൂന്ന് മാസം തികയാതെ ഒരു കുഞ്ഞിനേയും ഞാൻ ഇതുവരെ എടുത്തിട്ടില്ല.പേടിയായിരുന്നു.ആ ഞാനാണ് ജനിച്ച് മണിക്കൂറുകൾ മാത്രമായ എന്റെ കുഞ്ഞിനെ ആരുടേയും സഹായം ഇല്ലാതെ എടുത്ത് മാറോട് അടക്കി പിടിച്ചത്.ആ കുഞ്ഞിക്കണ്ണുകൾ തുറന്ന് എന്നെ നോക്കി പാലുകുടിക്കുന്ന എന്റെ കുഞ്ഞിന്റെ കാലുകളിൽ താളത്തിൽ തട്ടികൊണ്ട് ഒരമ്മയിലേക്കുള്ള മാറ്റം ഞാൻ അറിയാൻ തുടങ്ങി.

വീട്ടിൽ വന്നുകയറിയ ഞാൻ ശെരിക്കും ഞെട്ടിപോയി.കുഞ്ഞിനെ വരവേൽക്കാനായി ഏട്ടന്മാർ എല്ലാവരും കൂടി വീട് അത്രമാത്രം ഒരുക്കിയിട്ടുണ്ട്.എന്നാൽ ഇതെങ്ങാനും ഈ കള്ളചെക്കൻ അറിയുന്നുണ്ടോ..അവനിപ്പോഴും മാറിലെ ചൂടുപറ്റി ചെറുപുഞ്ചിരി ചുണ്ടിൽ വിരിയിച്ച് ഉറങ്ങുന്നുണ്ട്. റൂമിൽ കയറിയപ്പോൾ തന്നെ കണ്ടു ഒരുസൈഡിലായി വെച്ചിരിക്കുന്ന തൊട്ടിൽ.കുഞ്ഞിനെ അതിലേക്ക് കിടത്തി ഞാൻ തിരിഞ്ഞതും ശിവേട്ടൻ എന്നെ വട്ടംപിടിച്ചതും ഒരുമിച്ചായിരുന്നു. “ശിവേട്ട എന്താ ഈ കാണിക്കുന്ന..ദേ എല്ലാവരും അപ്പുറത്തുണ്ട്” “സച്ചിയും നന്ദുവും പോയി.വേറെ ആരും വരാതിരിക്കാൻ ഞാൻ ഡോർ അടച്ചിട്ടുണ്ട്.” “എന്നാലും??? ” “ഒരെന്നാലും ഇല്ല..

എന്റെ പെണ്ണിനെ ഒന്ന് ഒറ്റക്ക് കിട്ടിയിട്ട് എത്ര ദിവസം ആയി.” ശിവേട്ടനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ മിണ്ടാതെ നിന്നതേയുള്ളൂ.സത്യം പറഞ്ഞാൽ ഏട്ടന്റെ മാത്രം വായാടി ആകാൻ ഞാനും കൊതിക്കുന്നുണ്ട്.എന്റെ മൗനം മുതലെടുത്ത് കൊണ്ട് എന്നിലുള്ള ഏട്ടന്റെ പിടി ഒന്നുകൂടി മുറുകി.. “ശ്ശ്..മോൻ…” “അവൻ എന്റെ മോൻ അല്ലേടി..അവന്റെ അമ്മയെ ഞാൻ സ്നേഹിക്കുവാണെന്ന് അവന് അറിയാം.” എന്റെ മുഖം ഉയർത്തികൊണ്ട് ഏട്ടൻ എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു. “ഒരുപാട് വേദനിച്ചുല്ലേ??” “മ്മ്മ്..” മൂളികൊണ്ട് ഞാൻ ഏട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു.പക്ഷെ എന്നെ അടർത്തിമാറ്റി കൊണ്ട് ഏട്ടൻ കുറച്ച് പിന്നിലേക്ക് മാറി നിന്നു. “മ്മ്..എന്തേ?” “പ്രസവം കഴിഞ്ഞപ്പോഴേക്കും പെണ്ണ് അങ്ങ് സുന്ദരി ആയല്ലോ” “ഇതൊന്നും അല്ല മോനേ..

ഇനി പ്രസവരക്ഷ എന്നൊരു സംഭവം ഉണ്ട്.അതുകഴിഞ്ഞ് നോക്കിക്കോ..ഈ ഗൗരിയുടെ ലുക്ക്‌ തന്നെ മാറിപ്പോകും” “ഓഹോ..വെറുതെ അല്ല അച്ഛമ്മ പറഞ്ഞത് പെണ്ണിന്റെ അടുത്തേക്ക് ഭർത്താവിനെ വിടില്ലെന്ന്” “ഒന്ന് പോ ശിവേട്ട..” “എന്തേ നാണം വന്നോ??” “അയ്യേ..ഈ ശിവേട്ടൻ എന്താ ഇങ്ങനെ??” “ഇങ്ങനെ പോയാൽ മിക്കവാറും എന്റെ കൊച്ച് ഉടനെ തന്നെ ചേട്ടൻ ആകും” ഏട്ടൻ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാൻ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു.അതിനുള്ളിൽ തന്നെ ഏട്ടൻ എന്റെ അടുത്തേക്ക് വന്നു ചുണ്ട് കവർന്നിരുന്നു.പക്ഷെ അധികനേരം അങ്ങനെ നില്കാൻ പറ്റിയില്ല..അതിനുമുൻപ് കതകിൽ മുട്ട് തുടങ്ങി.വാതിൽ തുറന്നതും ദേ നില്കുന്നു ഗിരിയേട്ടൻ.

“എന്താടാ??” “അതാ എനിക്കും ചോദിക്കാനുള്ളത്.നിനക്ക് എന്താ ഇതിനകത്ത് കാര്യം?” “ഏഹ്ഹ്???” “അതേ അളിയാ..പെറ്റുകിടക്കുന്ന പെണ്ണിന്റെ മുറിയിലേക്ക് പുരുഷന്മാർക്ക് പ്രവേശനം ഇല്ലെന്നാണ് പറയുന്നത്” “ആര് പറഞ്ഞു?” “ഞാനാ പറഞ്ഞത്.ഒരു മാസം കഴിയാതെ നീയീ മുറിയിൽ കയറരുത്” “അമ്മേ….” അമ്മയുടെ വാക്കുകൾ കേട്ടതും ശിവേട്ടൻ ദയനീയമായി എന്നെയൊന്ന് നോക്കി.ഞാനീ നാട്ടുകാരിയേ അല്ലെന്ന് പറഞ്ഞ് അങ്ങ് നിന്നു. “അപ്പോൾ ഞാൻ എവിടെ കിടക്കും?” “അതിനല്ലേ അളിയാ എന്റെ വിശാലമായ റൂം ഉള്ളത്.നീ ബാ” “എന്നാൽ പിന്നെ രാത്രിയാകുമ്പോൾ എനിക്ക് എന്റെ വീട്ടിൽ പോയാൽ പോരേ” “അതിന് നിന്നെ ഇവിടെ ആരും പിടിച്ചുനിർത്തിയിട്ടില്ലല്ലോ..ഇറങ്ങി പോടാ” “മിസ്റ്റർ അളിയൻ….എനിക്കും ഇതുപോലൊരു അവസരം കിട്ടും” അളിയന്മാർ പരസ്പരം പാരവെച്ചും വെല്ലുവിളിച്ചും റൂമിലേക്ക് പോകുന്നതും നോക്കി ഞാൻ ഇരുന്നു.

രണ്ട് കലിപ്പൻമാരും ആദ്യമായി കണ്ടപ്പോൾ പരസ്പരം കൊമ്പുകോർത്തത് ഒക്കെ ഞാൻ ഓർത്ത് പോയി.അവിടെ നിന്നും ഇന്ന് ഇണപിരിയാത്ത സൗഹൃദത്തിലേക്ക് അവർ എത്തിയിരിക്കുന്നു.. പകൽ മുഴുവനും നിഷ്കളങ്കമായി ഉറങ്ങിയിരുന്ന കുഞ്ഞാവ പാതിരാത്രി ആയപ്പോൾ കലാപരിപാടി തുടങ്ങി..കരച്ചിലോട് കരച്ചിൽ..ബഹളം കേട്ട് ഓടിവന്ന ശിവേട്ടനെ കണ്ട് അമ്മയൊന്ന് ഞെട്ടി. “എന്താ മോനേ?” “കുഞ്ഞ്..എന്ത് പറ്റി എന്റെ കുഞ്ഞിന്?” “അതിനാണോ നീയിങ്ങനെ പേടിച്ച് ഓടിവന്നത്..കുഞ്ഞുങ്ങൾ ആയാൽ ഇങ്ങനൊക്കെ തന്നെയാ.രാത്രിയിൽ മറ്റുള്ളവർ ഉറങ്ങാൻ സമ്മതിക്കാതെ ഇങ്ങനെ കരഞ്ഞും കളിച്ചും ഒക്കെ കിടക്കും” അമ്മ അത് പറയുമ്പോഴും ഏട്ടന്റെ നോട്ടം കുഞ്ഞിലായിരുന്നു.പാവം ഉള്ളിലേക്ക് വരണമെന്ന് നല്ല ആഗ്രഹം ഉണ്ട്. “മോൻ പോയി ഉറങ്ങാൻ നോക്ക്.

രാവിലെ ഓഫീസിൽ പോകേണ്ടത് അല്ലേ” “അമ്മേ എനിക്ക് ഒരു കട്ടൻകാപ്പി ഇട്ടുതാ” എന്തുചെയ്യണമെന്ന് അറിയാൻ വയ്യാതെ നിന്ന ശിവേട്ടന് ഗിരിയേട്ടന്റെ ഈ ആവശ്യം ഒരനുഗ്രഹമായി തോന്നി. “ഈ സമയത്ത് നിനക്ക് എന്തിനാ കട്ടൻ?” “അമ്മയുടെ കൈയിൽ നിന്ന് കട്ടൻ കുടിക്കാൻ നേരവും കാലവും നോക്കണോ..എന്തായാലും ഉറക്കം പോയി..പോയി ഇട്ട് താ അമ്മ” “വേണേൽ നീ പോയി ഇട്ടുകുടിക്ക്” “ഈ അമ്മയ്ക്ക് ഒരു കാര്യം പറഞ്ഞാലും മനസിലാകില്ല.എന്റെ അമ്മേ..ഒന്നുമല്ലെങ്കിലും ഉറക്കം കളഞ്ഞ് ഇവൻ ഓടിപ്പാഞ്ഞ് എത്തിയത് അല്ലേ..കുറച്ച് നേരം ഇവന്റെ പെണ്ണിന്റെയും കൊച്ചിന്റെയും അടുത്തൊന്ന് ഇരുന്നോട്ടെ” അപ്പോഴാണ് അമ്മയ്ക്ക് ഗിരിയേട്ടന്റെ ഈ അനാവശ്യ കട്ടൻകാപ്പിയുടെ ആവശ്യം മനസിലായത്.

ചിരി അടക്കിപ്പിടിച്ച് അമ്മ അടുക്കളയിലേക്ക് പോയി. “അതേ..ഒരു 15മിനിറ്റ് സമയം തരാം.അതിനുള്ളിൽ രണ്ടിനെയും ഉറക്കിയിട്ട് എന്റെ പുന്നാര അളിയൻ അങ്ങ് എത്തിയേക്കണം” ചിരിയോടെ ഗിരിയേട്ടനെ കെട്ടിപിടിച്ചിട്ട് ശിവേട്ടൻ റൂമിലേക്ക് കയറി.കരഞ്ഞുകൊണ്ടിരുന്ന മോനേ എടുത്ത് റൂമിലൂടെ നടക്കാൻ തുടങ്ങി.എന്ത് അത്ഭുതമാണെന്ന് അറിയില്ല..പെട്ടെന്ന് തന്നെ അവന്റെ കരച്ചിൽ നിന്നു..ചെറിയ ഏങ്ങലടി മാത്രമായി. “കണ്ടോടി..എന്റെ കൊച്ചിന് കിട്ടേണ്ട ചൂട് കിട്ടിയപ്പോൾ കരച്ചിൽ മാറിയത്” “ഓ സമ്മതിച്ചു..ഇങ്ങ് താ..പാലുകൊടുക്കട്ടെ” കുഞ്ഞിനെ വാങ്ങി തിരിഞ്ഞിരുന്ന് പാലുകൊടുത്തപ്പോൾ ശിവേട്ടൻ എന്നെയാ നെഞ്ചിലേക്ക് ചാരിയിരുത്തി..ജീവിതത്തിലെ ഏറ്റവും നല്ല ഫ്രെയിമുകളിൽ ഒന്നായിരുന്നു അത്…

“ശിവേട്ട….” “മ്മ്മ്..” “ശിവേട്ടാ….” കുഞ്ഞിനെ ചേർത്ത് കിടത്തി അവന്റെ കുഞ്ഞി വയറിൽ താളം തട്ടി കിടക്കുന്ന ശിവേട്ടൻ എന്റെ വിളികേട്ട് മൂളുന്നത് അല്ലാതെ ഒന്ന് നോക്കുന്നത് പോലുമില്ല.ദേഷ്യം വന്ന് കട്ടിലിൽ നിന്നും എഴുനേറ്റ് പോകാൻ തുനിഞ്ഞ എന്നെ കൈയിൽ പിടിച്ച് അവിടെ പിടിച്ചിരുത്തി..കുഞ്ഞിന്റെ ചുണ്ടിൽ ഇക്കിളിയിട്ടുകൊണ്ട് ഏട്ടനും എഴുന്നേറ്റിരുന്നു. “എന്താ ഇപ്പോൾ എന്റെ പെണ്ണിന് വേണ്ടത്..കുറേ നേരം ആയല്ലോ ശിവേട്ട ശിവേട്ടാന്ന് വിളിച്ച് കൂവാൻ തുടങ്ങിയിട്ട്” “അത് കേട്ടിട്ടും ഒന്ന് മൈൻഡ് പോലും ചെയ്തില്ലല്ലോ” “ഓ ഇനി അതിന് പിണങ്ങേണ്ട..എന്റെ മോള് കാര്യം പറ” “അതേ..നാളെയാണ് ചരട്കെട്ട്” “അതെനിക് അറിയാലോ..അതിനിപ്പോ എന്താ” “അല്ല..കുഞ്ഞിനെന്ത് പേരാ ഇടുന്നതെന്ന് എല്ലാവരും ചോദിച്ചു”

“അത് നാളെ അറിഞ്ഞാൽ പോരേ” “അവന്റെ അമ്മയായ ഞാനും നാളെ അറിഞ്ഞാൽ മതിയോ” “മതി” “കഷ്ടമുണ്ട്ട്ടോ ശിവേട്ട” “എന്റെ ഗൗരി നിന്നോട് ഞാൻ പറഞ്ഞല്ലോ നാളെ എന്റെ മോന്റെ ചെവിയിൽ ആ പേര് വിളിക്കുമ്പോൾ മാത്രം എല്ലാവരും അറിഞ്ഞാൽ മതി.എന്തായാലും ശിവന്റെയും ഗൗരിയുടെയും മോന് ചേരുന്ന പേര് തന്നെയാണ് കണ്ടുപിടിച്ചേക്കുന്നത്” “ഓ എന്നാൽ എന്നോട് പറയണ്ട.ഒന്ന് വെളിയിലേക്ക് പോകുവോ..കുഞ്ഞിന് പാല് കൊടുക്കണം” “എന്നും എന്റെ അടുത്തിരുന്നല്ലേ പാലുകൊടുക്കുന്നത്..പിന്നെ ഇപ്പോൾ എന്തിനാ എന്നെ പുറത്താക്കുന്ന?” “എന്റെ കുഞ്ഞിന്റെ കാര്യത്തിൽ എനിക്കും ചില അവകാശങ്ങൾ ഒക്കെയുണ്ട്.അതിലൊന്നാണ് ഇത്..ആ സമയത്ത് വേറെ ആരുടേയും കൂട്ട് എനിക്ക് വേണ്ട” മുഖം കൂർപ്പിച്ച് ഞാൻ അത് പറഞ്ഞതും ഒരു കള്ളചിരിയും ചിരിച്ച് ശിവേട്ടൻ ഡോർ അടച്ച് പുറത്തേക്ക് ഇറങ്ങി.

“അപ്പോൾ എന്റെ ദേഷ്യത്തിന്റെ കാരണം ആൾക്ക് മനസ്സിലായിട്ടുണ്ട്.എന്നിട്ടും കുഞ്ഞിന്റെ പേര് മാത്രം പറഞ്ഞില്ല..ദുഷ്ടൻ.” മോനേ മടിയിൽ കിടത്തി പാലുകൊടുക്കുന്നതിനിടയിൽ ഞാൻ ഇത് പറഞ്ഞതും അവൻ ആ കുഞ്ഞികൈ വെച്ച് എന്റെ മാറിൽ ചെറുതായൊന്ന് തട്ടി. “എന്തേ അച്ഛനെ പറഞ്ഞത് മോന് ഇഷ്ടപെട്ടില്ലേ?? അല്ലെങ്കിലും എനിക്ക് അറിയാം എന്നെ ആർക്കും വേണ്ട.അച്ഛനും മോനും എന്താണെന്ന് വെച്ചാൽ ആയിക്കോ” എന്റെ പരാതി കേട്ടിട്ട് ആണോ എന്തോ ആ കുഞ്ഞിമിഴികൾ ചെറുതായൊന്ന് അടച്ചുതുറന്നു.ഞാൻ പിണങ്ങുമ്പോൾ ശിവേട്ടൻ കണ്ണുചിമ്മുന്നത് പോലെ..

കുഞ്ഞിനെ ഉറക്കിയതിന് ശേഷം അവനെ ഒരുക്കി തൊട്ടിലിൽ കിടത്തിയിട്ടാണ് ഞാൻ റെഡി ആകാൻ തുടങ്ങിയത്.ബന്ധുക്കൾ ഒക്കെ വന്നുതുടങ്ങിയിട്ടുണ്ട്.മുറ്റത്ത് ചടങ്ങിന് വേണ്ടിയുള്ള ചെറിയ പന്തൽ ഉയർന്നു.ചാന്ദിനി ചേച്ചി വന്നത് കൊണ്ട് നല്ല രീതിയിൽ സാരീ ഉടുക്കാൻ പറ്റി.രണ്ട് മാസം മുൻപായിരുന്നു ചേച്ചിയുടെ കല്യാണം.ഇപ്പോൾ ആൾക്ക് വാ തുറന്നാൽ ചേട്ടനെ കുറിച്ച് പറയാനേ നേരമുള്ളൂ.അപ്പോൾ ഞാൻ ചിന്തിക്കും ഈ ചേച്ചി തന്നെയാണോ ഗിരിയേട്ടനെ സ്നേഹിച്ചതെന്ന്.പക്ഷെ ഒരുകാര്യത്തിൽ ചേച്ചിയോട് എനിക്ക് നന്ദിയുണ്ട്.ഏട്ടന് മറ്റൊരു ഇഷ്ടമുണ്ടെന്ന് അറിഞ്ഞപ്പോൾ ആരെയും വേദനിപ്പിക്കാതെ ചേച്ചി സ്വയം പിന്മാറി.അത് ഏട്ടനും സൗഭാഗ്യയും തമ്മിൽ അടുക്കാൻ കാരണമായി.

എന്നിട്ടും അവരെ ഒരു കരയ്‌ക്കെത്തിക്കാൻ മാത്രം ഞങ്ങള്ക്ക് ഇതുവരെ കഴിഞ്ഞില്ല. ശിവേട്ടൻ റൂമിലേക്ക് വന്നപ്പോൾ ചേച്ചി പുറത്തേക്കിറങ്ങി.ഞാൻ വലിയ മൈൻഡ് കൊടുക്കാതെ കണ്ണാടിയിൽ നോക്കി മുടി ചീകാൻ തുടങ്ങി. “ഇതാരാ എന്റെ കൊച്ചിനെ ഒരുക്കി ഈ കോലത്തിൽ ആക്കിയത്??” മറുപടി ഒന്നും ഇല്ലാത്തത് കൊണ്ടാകും ചിരിച്ചുകൊണ്ട് ശിവേട്ടൻ എന്റെ അടുത്തേക്ക് വന്നു. “ഇതുവരെ പിണക്കം മാറിയില്ലേ?” “ഒന്ന് മാറുവോ..എനികൊന്ന് ഒരുങ്ങണം” “ഞാൻ ഒരുക്കാം..വാ” എന്റെ ഇടുപ്പിൽ പിടിച്ച് ശിവേട്ടൻ എന്നെയാ നെഞ്ചിലേക്ക് വലിച്ചിട്ടു. “മോനുസേ…..”ന്ന് വിളിച്ചുകൂവിക്കൊണ്ട് സച്ചിയേട്ടൻ റൂമിലേക്ക് കയറിയപ്പോൾ കാണുന്നത് ഞാൻ ശിവേട്ടനെ തള്ളിമാറ്റാൻ നോക്കുന്ന രംഗം ആണ്.

“ശ്ശെടാ..കൊച്ചൊന്ന് തൊട്ടിലിൽ ആയി.എന്നിട്ടും ഈ റൊമാൻസിന് മാത്രം ഒരു കുറവും ഇല്ലേ” “നീ എന്തിനാടാ പന്നി ഇപ്പോൾ ഇങ്ങോട്ട് വന്ന” “ഞാൻ എന്റെ കൊച്ചിനെ നോക്കാൻ വന്നത.ഇവിടെ വേറെ സീൻ ആണെന്ന് ഞാൻ അറിയുന്നില്ലല്ലോ” “ഇപ്പോൾ അറിഞ്ഞല്ലോ..അതോണ്ട് മോൻ പോയി നിന്റെ പെണ്ണിന്റെ അടുത്തിരിക്ക്” “നിഹില വന്നോ ഏട്ടാ?” “ആഹ് അവളും സൗഭാഗ്യയും എത്തി.പിന്നെ അച്ഛമ്മയും ശ്രേയ ചേച്ചിയും സിദ്ധുവേട്ടനും ഒക്കെ ഉണ്ട്.ബട്ട്‌ നിങ്ങൾ continue ചെയ്തോളു.കുഞ്ഞിനെ ഞാൻ അങ്ങോട്ട് കൊണ്ടുപോയിക്കോളാം” സച്ചിയേട്ടൻ പോയതും ഞാൻ ശിവേട്ടനെ തള്ളി മാറ്റി. “മനുഷ്യനെ നാണം കെടുത്താനായിട്ട്..സച്ചിയേട്ടൻ ഇതിനി വള്ളിപുള്ളി വിടാതെ അവിടെപ്പോയി വിളമ്പും.” “നീ ബലംപിടിച്ചത് കൊണ്ടല്ലേ..അല്ലെങ്കിൽ ഒരുമ്മ തന്ന് ഞാൻ അങ്ങ് പോയേനേലോ” “എനിക്ക് ആരുടേയും ഉമ്മയൊന്നും വേണ്ട.”

“എടി പെണ്ണേ..കുഞ്ഞിന് വേണ്ടി ഞാൻ കണ്ടുപിടിച്ച പേര് പറയാത്തതിന്റെ പിണക്കം അല്ലേ..ദേ കുറച്ച് സമയം കൂടി ഒന്ന് വെയിറ്റ് ചെയ്താൽ മതി.” “ഏട്ടാ..ശിഖ ചേച്ചി വരില്ലേ?” “ഇല്ല..കൊണ്ടുവരണ്ടെന്ന് നന്ദു പറഞ്ഞു.ഇത്രയും ആളുകളെ ഒരുമിച്ച് കണ്ടാൽ അവൾക് പേടിയാകും.” അപ്പോഴേക്കും ചടങ്ങിന് സമയം ആയെന്നും പറഞ്ഞ് അമ്മ വിളിച്ചു.പന്തലിൽ കത്തിച്ചുവെച്ച നിലവിളക്കിന് മുന്നിൽ കുഞ്ഞുമായി ശിവേട്ടൻ ഇരുന്നു.തൊട്ടടുത്തായിട്ട് ഞാനും മുത്തശ്ശിയും. “ആ ചരട് എടുത്ത് കുഞ്ഞിന്റെ അരയിൽ കെട്ടിക്കോളു കുട്ടാ” മുത്തശ്ശി പറഞ്ഞതിൻപ്രകാരം ഞാൻ കുഞ്ഞിനെ മുന്നിലുള്ള തട്ടത്തിൽ ഇരിക്കുന്ന അരിയുടെ മുകളിലായി പിടിച്ചു.

ഉണ്ണിമൂത്രം അതിൽ വീഴണമെന്നാണത്രെ ശാസ്ത്രം.ശിവേട്ടൻ ആ കറുത്ത ചരട് കുഞ്ഞിന്റെ അരയിൽ കെട്ടി.അവനാണെങ്കിൽ കരച്ചിലും തുടങ്ങി.ശേഷം സ്വർണഅരഞ്ഞാണവും ഇട്ടു.ശ്രേയ ചേച്ചി കാൽത്തളയും ഗിരിയേട്ടൻ മാലയും ഇട്ടുകൊടുത്തതോടെ ചെക്കൻ അങ്ങ് ഹാപ്പി ആയെന്ന് തോന്നുന്നു.കരച്ചിൽ മാറി ചിരിയായി. “ഇനി ആ വെറ്റിലയെടുത്ത് കുഞ്ഞിന്റെ ഇടത്തെ ചെവി മറച്ചുകൊണ്ട് വലംചെവിയിൽ പേര് വിളിച്ചോളൂ” അച്ഛൻ പറഞ്ഞതും ആകാംഷയോടെ ഞാൻ ശിവേട്ടന്റെ മുഖത്തേക്ക് നോക്കി.എന്നെയൊന്ന് കണ്ണുചിമ്മി കാണിച്ചുകൊണ്ട് ശിവേട്ടൻ മോന്റെ പേര് വിളിച്ചു. “അവനിഷ്…!!”….. (തുടരും)

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 45

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!