ജനനി: ഭാഗം 22

ജനനി: ഭാഗം 22

എഴുത്തുകാരി: അനില സനൽ അനുരാധ

“ഇനി ഒന്നും പറയരുത്.. പറഞ്ഞാലും എനിക്ക് മനസ്സിലാവില്ല… ഊരി മാറ്റിയ മോതിരത്തോടൊപ്പം എല്ലാം അവസാനിച്ചതാണ്… ഞാൻ ഇല്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാൻ കഴിയും… സ്വപ്‌നങ്ങൾ കാണാൻ കഴിയും… മറ്റൊരുവളെ സ്നേഹിക്കാൻ കഴിയും… അങ്ങനെ ഒരാളെ എനിക്ക് വേണ്ട… ” ദൃഢ സ്വരത്തിൽ പറഞ്ഞു കൊണ്ട് വരുണിൽ നിന്നും മുഖം തിരിച്ച ജനനിയുടെ മിഴികൾ അവളെ നോക്കി ഇമ ചിമ്മാതെ നിൽക്കുന്ന തിളങ്ങുന്ന മിഴികളിൽ തങ്ങി നിന്നു… അവൾ കണ്ടെന്നു മനസ്സിലായതും നീരവ് കണ്ണു ചിമ്മി കാട്ടി കൊണ്ട് പുഞ്ചിരിച്ചു… അതിനു ശേഷം വരുണിനെ നോക്കി… അവന്റെ മുഖം വിളറി വെളുത്തിരുന്നു… “ജാനി പറഞ്ഞതു കേട്ടല്ലോ… ” ആര്യൻ തിരക്കി… വരുൺ എഴുന്നേറ്റു.. കൂടെ അച്ഛനും അമ്മയും… “അവളോട് ദേഷ്യം ഒന്നും തോന്നരുത്…” വിഷ്ണു പറഞ്ഞു… “ഏയ്‌ ഇല്ല…”

എന്നു പറഞ്ഞ ശേഷം വരുൺ ജനനിയുടെ മുൻപിൽ വന്നു നിന്നു… “ഇനി കണ്മുന്നിൽ വരാതിരിക്കാൻ ശ്രമിക്കാം… ” അവൻ വേദനയോടെ പറഞ്ഞു… “എന്തിന്… കണ്മുന്നിൽ വരരുതെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ… വിവാഹക്കാര്യം പറഞ്ഞ് വരരുതെന്ന് പറഞ്ഞിട്ടുണ്ട്… എനിക്ക് ഒരു ദേഷ്യവും ഇല്ല…” “ഇറങ്ങട്ടെ?”. ജനനി തലയാട്ടി… അതിനു ശേഷം അവന്റെ അച്ഛനെയും അമ്മയെയും നോക്കി… “ഞാൻ കാരണം മനസ്സ് വേദനിച്ചെങ്കിൽ ക്ഷമിക്കണം… ” ജനനി കൂപ്പു കയ്യോടെ പറഞ്ഞു… ഗോപി അവളുടെ കൈകൾ ഇരുകൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചു… “മോളെ വേദനിപ്പിച്ചത് ഞങ്ങളായിരുന്നു.. കുടുംബ മഹിമയുടെ പേരും പറഞ്ഞ് തർക്കിക്കാതെ കുറച്ചു ക്ഷമയോട് കൂടി പെരുമാറിയിരുന്നെങ്കിൽ ഇന്നു മോൾ ഞങ്ങളുടെ വീട്ടിൽ ഉണ്ടായേനെ… എന്റെ മോന്റെ ജീവിതം ഇങ്ങനെ ആകില്ലായിരുന്നു…” എന്നും പറഞ്ഞ് അദ്ദേഹം തിരിഞ്ഞു നടന്നു…

ജനനിയെ നനഞ്ഞ കണ്ണുകളാൽ നോക്കി വരുണിന്റെ കയ്യും പിടിച്ച് അമ്മയും ഇറങ്ങി… അവരുടെ അകന്നു പോകുന്നതും നോക്കി ജാനി നിന്നു… “ഒരു മഴ പെയ്തു തോർന്ന ഫീൽ അല്ലേ?” അഞ്ജലി തിരക്കി… “ശരിയാ…” വിന്ദുജ അവളെ പിന്തുണച്ചു… “അതേയ് എന്താ അവിടുത്തെ എല്ലാവരും ഇവിടെ? ” അഞ്ജലി ശബ്ദം താഴ്ത്തി കൊണ്ട് വിന്ദുജയോട് തിരക്കി… “എന്താണ് ഒരു രഹസ്യം പറച്ചിൽ?” ആശിഷ് തിരക്കി… “എല്ലാവരും എന്താ ഇവിടെ എന്നു ചോദിക്കുകയായിരുന്നു ചേച്ചി… ” വിന്ദുജ ചിരിയോടെ പറഞ്ഞു… “മോളെ ഇങ്ങോട്ട് വന്നേ… ” ഉദയ അഞ്ജലിയെ അകത്തു നിന്നും വിളിച്ചു… “എല്ലാവരും ഇവിടെയല്ലേ… പിന്നെ അകത്തേക്ക് വന്നിട്ട് എന്തിനാ അമ്മേ…” എന്നു ചോദിച്ച് അഞ്ജലി ഏട്ടന്റെയും അച്ഛന്റെയും നടുവിലായി വന്നിരുന്നു… “മോൾ അമ്മ വിളിക്കുന്നിടത്തേക്ക് ചെല്ല്…” അച്ഛൻ പറഞ്ഞു…

“അമ്മ ചുമ്മാ ക്ലാസ്സ് എടുക്കാനാകും അച്ഛാ… അവരു വന്നാൽ നല്ല അടക്കവും ഒതുക്കവും കാണിക്കണം… വിനയത്തോടെ സംസാരിക്കണം… അല്ല ഇനി ഇന്ന് അവരു വരില്ലേ? ” അഞ്ജലി തിരക്കി… “വരണ്ടേ?” ഉദയൻ തിരക്കി… അഞ്ജലി തല ചെരിച്ച് അദ്ദേഹത്തെ നോക്കി … “എന്റെ അച്ഛനാ…” വിനോദ് പറഞ്ഞു… “അതെനിക്ക് മനസ്സിലായി ചേട്ടായി… പിന്നെ ഇന്ന് അവര് വന്നില്ലേലും കുഴപ്പമില്ല…” “എന്നാൽ നമുക്ക് ഇറങ്ങിയാലോ? ” ഉദയൻ തിരക്കി… “പോവല്ലേ ചേട്ടായീടെ അച്ഛാ… ഇനി അഥവാ അവരു വന്നാൽ ചെറുക്കന് മാർക്ക്‌ ഇടാനും ആരെങ്കിലും വേണ്ടേ… ” ആശിഷ് അവളുടെ കൈത്തണ്ടയിൽ മെല്ലെ നുള്ളി… അവൾ ചുണ്ടുകൾ കൂർപ്പിച്ച് അവനെ നോക്കി..

“അവരു വരുമ്പോൾ വരട്ടെ മോൾ പോയി ഞങ്ങൾക്ക് ചായ എടുത്തിട്ട് വാ.. ” ഉദയൻ പറഞ്ഞു… അഞ്ജലി എഴുന്നേറ്റ് ജനനിയുടെ കയ്യും പിടിച്ച് അകത്തേക്ക് നടന്നു.. അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ജനനിയ്ക്ക് പാവം തോന്നി.. വിനോദ് ഈ കാര്യത്തെ പറ്റി അഞ്ജലിയോട് പറയരുത് എന്ന് നിർബന്ധിച്ചു പറഞ്ഞ കാരണം ജനനി ഒന്നും തുറന്നു പറഞ്ഞില്ല… ഉദയ ട്രേയിലായി ചായ പകർത്തി വെച്ചിരുന്നു… ട്രേ എടുത്ത് അമ്മ അഞ്ജലി കയ്യിൽ കൊടുത്തു.. “കൂടെ ചെല്ല് ജാനി.. ” അമ്മ പറഞ്ഞു… ജനനി അഞ്ജലിയുടെ പുറകെ ചെന്നു… അഞ്ജലി ആദ്യത്തെ ഗ്ലാസ്സ് ഉദയനു കൊടുത്തു.. പിന്നെ വിനോദിനും ഏട്ടനും അച്ഛനും ആര്യനും നീരവിനും വിഷ്ണുവിനുമെല്ലാം കൊടുത്തു..

“ഇനിയും ചായ ഉണ്ടല്ലോ.. ” എന്നു പറഞ്ഞ് ട്രേ ജനനിയുടെ കയ്യിൽ കൊടുത്ത് ഒരു ഗ്ലാസ്സ് അഞ്ജലി എടുത്തു… “ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാട്ടോ.. ” ആര്യൻ ചിരിയോടെ പറഞ്ഞതും ചുണ്ടോട് അടുപ്പിച്ച ചായ അഞ്ജലി മാറ്റിപ്പിടിച്ചു… “എന്താ?” “അല്ല… ഈ പെണ്ണിനും ചെറുക്കനും എന്തെങ്കിലും ചോദിക്കാനും പറയാനുമൊക്കെ കാണുമല്ലോ… എന്ന് പറയുകയായിരുന്നു… ” ആര്യൻ ചിരി അടക്കാൻ പാട്പെട്ടു കൊണ്ട് പറഞ്ഞു… “മോളെ… നിനക്കെന്റെ ചെറുക്കനെ ഇഷ്ടമായോ? ” ഉദയൻ തിരക്കി… ആശിഷ് എഴുന്നേറ്റു വന്ന് അഞ്ജലിയുടെ തോളിൽ കൈ ഇട്ട് ചേർത്തു പിടിച്ചു… “ഈ ഇരിക്കുന്ന ചേട്ടായിയാണ് ചെറുക്കൻ… ഞങ്ങൾക്ക് എല്ലാവർക്കും സമ്മതമാണ്.. ഇനി എന്റെ അഞ്ജുക്കുട്ടി സമയം എടുത്ത് ആലോചിച്ച് ഒരു തീരുമാനം പറഞ്ഞാൽ മതി…”

അഞ്ജലിയുടെ കയ്യിൽ ഇരുന്ന ചായ ഗ്ലാസ്സ് താഴേക്കു വീണു… അവൾ പകപ്പോടെ വിനോദിനെ നോക്കി… അവൻ എഴുന്നേറ്റതും അവൾ അകത്തേക്ക് കയറിപ്പോയി… “അയ്യോ പ്രശ്നമായോ? ” വിന്ദുജ തിരക്കി… “ഏയ്! ഒരു പ്രശ്നവും ഇല്ല…” ആര്യൻ ചിരിയോടെ പറഞ്ഞു… ജനനി കുനിഞ്ഞിരുന്ന് നിലത്തു കിടക്കുന്ന ചില്ലുകൾ പെറുക്കി എടുക്കാൻ തുടങ്ങി… അതിനു ശേഷം വേഗം എഴുന്നേറ്റ് അടുക്കള ഭാഗത്തേക്ക് നടന്നു… അമ്മമാരെല്ലാം അഞ്ജലിയുടെ അടുത്ത് ആയിരുന്നു… ജനനി ചില്ലുകൾ കളയാനായി ഒരു കവറിലേക്ക് ഇട്ട ശേഷം വേഗം പൈപ്പ് തുറന്ന് കൈ കഴുകാൻ തുടങ്ങി… വിരൽ തുമ്പിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു… അവൾ പെരുവിരൽ കൊണ്ട് രക്തം വരുന്ന ഭാഗം അമർത്തിപ്പിടിച്ച് തിരിഞ്ഞതും നീരവ് അവളുടെ അടുത്തേക്ക് വന്ന് കയ്യിൽപ്പിടിച്ചു നോക്കി…

“ശ്രദ്ധ ഇല്ലാത്ത സാധനം… അതു കൈ കൊണ്ട് തന്നെ പെറുക്കി എടുക്കണം…” മുണ്ടിന്റെ തുമ്പിൽ നിന്നും ഒരു ചെറിയ കഷ്ണം കീറി അവൻ രക്തം തുടച്ചു… അതിനു ശേഷം അതു കെട്ടി വെച്ചു… “പിന്നെ അവനോട് പറഞ്ഞ ഡയലോഗ് ഉണ്ടല്ലോ… കേട്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു… ഇനി ഞാൻ കാത്തിരുന്നോളാം.. ഒരു ശല്ല്യത്തിനും വരാതെ ഈ ജന്മം മുഴുവൻ കാത്തിരുന്നോളാം…” അവൾ വേഗം കൈകൾ പിൻവലിച്ചു… നീരവ് അകത്തേക്ക് ചെല്ലുമ്പോൾ അഞ്ജലി മുഖം വീർപ്പിച്ച് ഇരിക്കുന്നുണ്ടായിരുന്നു… “അതേയ് ഇനി നിനക്ക് ധൈര്യമായി ഇവനെ പേടിക്കാതെ കുഞ്ഞേട്ടാ എന്നു വിളിക്കാം…” നീരവിനെ കണ്ടപ്പോൾ വിനോദ് അഞ്ജലിയോട് പറഞ്ഞു… “എന്നാൽ ഞങ്ങൾ അങ്ങോട്ട് ഇറങ്ങട്ടെ…” എന്നു ചോദിച്ച് ഉദയൻ എഴുന്നേറ്റു… കൃഷ്ണജ വന്ന് അഞ്ജലിയുടെ കവിളിൽ തലോടി.. “അമ്മ പിന്നെ വരാം…

” അവൾ തലയാട്ടി… “ഞാൻ ഒരാഴ്ച ഇവിടെയൊക്കെ തന്നെ കാണും ഏടത്തി… അതുകൊണ്ട് യാത്ര പറയുന്നില്ല.. ” വിന്ദുജ പറഞ്ഞു … “ചെറുക്കനു എത്ര മാർക്ക്‌ കൊടുക്കാം അഞ്ജു… പാസ്സ് മാർക്ക്‌ കിട്ടുമോ?” വിഷ്ണു തിരക്കി… “കിട്ടാതെ എവിടെപ്പോകാൻ… ” ആശിഷ് അഞ്ജലിയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു… “വിശ്വസിക്കാൻ പറ്റുന്ന ഒരാൾ പോലും ഇല്ലല്ലോ … അതാ എന്റെ വിഷമം… ” അഞ്ജലി ജനനിയെ നോക്കിപ്പറഞ്ഞു… “ഇനി ഇതെടുത്ത് അവളുടെ തലയിൽ ഇടണ്ട… എല്ലാം അഞ്ജുവിന്റെ ചേട്ടായിയുടെ പ്ലാനിംഗ് ആയിരുന്നു… ” നീരവ് പറഞ്ഞു.. ആര്യൻ വിഷ്ണുവിനെ നോക്കി… വിഷ്ണു നീരവിനെ നോക്കുകയായിരുന്നു… നീരവും വീട്ടുകാരും പോയി കുറച്ചു കഴിഞ്ഞപ്പോൾ അഞ്ജലിയുടെ വീട്ടുകാരും പോകാൻ തയ്യാറായി…

ആശിഷ് നാളെ രാവിലെ ഓഫീസിലേക്ക് ആക്കിത്തരാം എന്നു പറഞ്ഞ് നിർബന്ധപൂർവ്വം അഞ്ജലിയെ കൂട്ടി കൊണ്ട് പോയി… ജനനിയും ആര്യനും വിഷ്ണുവും മാത്രം അവിടെ അവശേഷിച്ചു… ** “ജാനിയെ അറിയിക്കേണ്ട മോനെ?” രേണുക ജയേഷിനോട്‌ തിരക്കി… “വേണ്ട… തന്നിഷ്ടക്കാരികളുടെ സ്ഥാനം പടിക്ക് പുറത്താണ്…” “എന്നാലും അനിയത്തിയുടെ കല്യാണം നിശ്ചയിക്കുമ്പോൾ അവൾ വേണ്ടേ? ” “വേണ്ട…” എന്നു പറഞ്ഞ് ജയേഷ് എഴുന്നേറ്റു പോയി… “ഇനിയും രണ്ടാഴ്ച സമയം ഉണ്ടല്ലോ അമ്മേ… “കാവ്യ പറഞ്ഞു “വിഷ്ണുവിനോടു പറയണ്ടേ മക്കളെ? ” . “വേണ്ട…” എന്നു പറഞ്ഞ് കാവ്യ എഴുന്നേറ്റു പോയപ്പോൾ അമ്മ ആലോചനയോടെ ഇരുന്നു…. **

അച്ഛന്റെയും അമ്മയുടെയും കൂടെ തിരികെ പോകാൻ ഡ്രസ്സ്‌ പാക്ക് ചെയ്യുകയായിരുന്നു വിനോദ്… “പോവാണെന്നു ഉറപ്പിച്ചോ?” നീരവ് തിരക്കി… “ഞാൻ നിന്നോട് മുൻപേ സൂചിപ്പിച്ചത് അല്ലേ കുഞ്ഞാ…” “ഹ്മ്മ്… ” “പ്രോപ്പർട്ടിയുടെ രെജിസ്ട്രേഷനും കാര്യങ്ങളും നടത്തണം… മെറ്റീരിയൽസ് ഓർഡർ ചെയ്ത് ഇടണം… ലേബേഴ്സിനെ സെലക്ട്‌ ചെയ്യണം… അങ്ങനെ പടി പടിയായി മുന്നേറണം… ” “ഹ്മ്മ്…” “പിന്നെ നമ്മുടെ കമ്പനിയിലേക്ക് രണ്ടു പേരെ സെലക്ട്‌ ചെയ്തു… ” “അതാരെ?” “നിന്റെ അളിയന്മാരെ… വിഷ്ണുവിനു പറക്കാൻ നമുക്ക് ചിറകുകൾ കൊടുക്കണം കുഞ്ഞാ…. അവന്റെ സാരഥിയായി കൂടെ ആര്യനും വേണം… ആര്യൻ നല്ലൊരു ചിത്രകാരനാണ്… നമ്മുടെ ശില്പങ്ങളിൽ ജീവൻ തുടിക്കുന്ന മിഴികൾ വരയ്ക്കാൻ… തേനൂറും പുഞ്ചിരി വരയ്ക്കാൻ അങ്ങനെ അങ്ങനെ എല്ലാത്തിനും അവൻ വേണം …

പിന്നെ വിഷ്ണു… എം ബി എ കംപ്ലീറ്റ് ചെയ്തതാണ്… അവനു നല്ല ബിസിനസ്‌ മൈൻഡ് ഉണ്ട്… ഓൺലൈൻ മാർക്കറ്റിംഗ് അവന്റെ കയ്യിൽ ഭദ്രമായിരിക്കും… പിന്നെ ഒരാളെ കൂടെ വേണം എന്നുണ്ട്… പക്ഷേ അതിനു ഒരുത്തൻ ചിലപ്പോൾ സമ്മതിക്കില്ല..” ‘ആര്? ” “ഒരു കലിപ്പൻ… ആ ജാനി… അവളെ അക്കൗണ്ടന്റ് ആക്കിയാലോ എന്നൊരു ആലോചനയുണ്ട്…” നീരവ് ചുണ്ടുകൾ കൂട്ടിപ്പിടിച്ചു കൊണ്ട് തലയാട്ടി… “അതേയ് ആ ആരതി വന്നാൽ അധികം അടുപ്പം കാണിക്കാൻ നിൽക്കണ്ട… എന്റെ വായാടി ഇവിടെയുള്ളതാണ് എന്റെ സമാധാനം… ” “അതെന്താ അടുപ്പം കാട്ടിയാൽ… ” വാതിൽക്കൽ നിന്നും ഒരു സ്ത്രീ ശബ്ദം ഒഴുകി വന്നതും നീരവും വിനോദും തിരിഞ്ഞു നോക്കി…….തുടരും………

ജനനി: ഭാഗം 21

Share this story