❤️കലിപ്പന്റെ വായാടി❤️ : ഭാഗം 47

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 47

എഴുത്തുകാരി: ശിവ നന്ദ

“ഇനി ആ വെറ്റിലയെടുത്ത് കുഞ്ഞിന്റെ ഇടത്തെ ചെവി മറച്ചുകൊണ്ട് വലംചെവിയിൽ പേര് വിളിച്ചോളൂ” അച്ഛൻ പറഞ്ഞതും ആകാംഷയോടെ ഞാൻ ശിവേട്ടന്റെ മുഖത്തേക്ക് നോക്കി.എന്നെയൊന്ന് കണ്ണുചിമ്മി കാണിച്ചുകൊണ്ട് ശിവേട്ടൻ മോന്റെ പേര് വിളിച്ചു. “അവനിഷ്…!!” പേര് ഇഷ്ടപെട്ടെന്ന് അറിയിക്കാനെന്നോണം അവനൊന്ന് ചിണുങ്ങി.ശിവേട്ടന്റെ നോട്ടം എന്റെ മുഖത്തേക്ക് ആയിരുന്നു.നിറഞ്ഞപുഞ്ചിരിയോടെയുള്ള എന്റെ മുഖം കണ്ടപ്പോൾ തന്നെ പേര് എനിക്കും ഇഷ്ടമായെന്ന് ഏട്ടന് മനസിലായി. വന്നവർ എല്ലാം കുഞ്ഞിന് സമ്മാനം കൊടുക്കുന്ന തിരക്കിൽ ആയിരുന്നു.

സ്വർണവും ഉടുപ്പും ഒക്കെ ഉണ്ടായിരുന്നു.കുട്ടിപ്പട്ടാളം കുഞ്ഞിനുള്ള കുട്ടിയുടുപ്പ് തന്നപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി. അവന്മാർക്ക് ആണെങ്കിൽ ക്രിക്കറ്റ്‌ കളിക്കാൻ ഒരാളെയും കൂടി കിട്ടിയ സന്തോഷം ആയിരുന്നു.അതിനി എന്നാണോ എന്തോ.. തിരക്കുകൾ എല്ലാം ഒരുവിധം ഒതുങ്ങിയപ്പോൾ ആണ് സൗഭാഗ്യയും നിഹിലയും എന്നെയും കൊണ്ട് വീടിനുള്ളിലേക്ക് കയറിയത്. “ഡീ..കൊച്ചിന്റെ പേരൊക്കെ കൊള്ളാം..പക്ഷെ അതിന്റെ അർത്ഥം എന്തുവാ?” “ആ.. എനിക്ക് അറിയില്ല” “എന്തോന്ന് ഭാര്യയാടി നീ” “ശിവേട്ടൻ കണ്ടുപിടിച്ചത് അല്ലേ.. അപ്പോൾ ഏട്ടനോട് ചോദിക്കാം” “എന്താണ് ഇവിടൊരു ചർച്ച?” കുഞ്ഞിനേയും കൊണ്ട് ശിവേട്ടനും എത്തി.

കൂടെ നന്ദുവേട്ടനും സച്ചിയേട്ടനും. “ഏട്ടാ ഈ പേരിന്റെ അർത്ഥം എന്താ?” “അതൊക്കെ പറയാം.. ഗൗരി നീ കുഞ്ഞിനെ അച്ഛമ്മയെ ഏല്പിച്ചിട്ട് വാ” മോനേ മുത്തശ്ശിയുടെ കൈയിൽ കൊടുത്തിട്ട് തിരിച്ച് വന്നപ്പോഴേക്കും എല്ലാവരും എന്തോ വലിയ ചർച്ചയിൽ ആയിരുന്നു. “ഏട്ടാ..ഗിരിയേട്ടൻ എവിടെ?” “ഇപ്പോൾ വരും.അവന്റെ ഓഫീസിൽ നിന്ന് വന്നവരെ കൊണ്ടാകാൻ പോയേക്കുവാ” “മ്മ്മ്…എന്നാലും നന്ദുവേട്ടാ..അമ്മ വരാതിരുന്നത് മോശമായി പോയി” “അമ്മയും കൂടി വന്നാൽ പിന്നെ ശിഖയെ ആര് നോക്കും? അവളെ എന്തായാലും കൊണ്ടുവരാൻ പറ്റില്ലാലോ” “ശിഖ ചേച്ചിക്ക് മോനേ കാണാൻ നല്ല ആഗ്രഹമുണ്ടെന്ന് അമ്മ വിളിച്ചപ്പോൾ പറഞ്ഞായിരുന്നു” “അത് സാരമില്ല..നിങ്ങൾ അങ്ങോട്ട് തന്നെയല്ലേ പോകുന്നത്.

പിന്നെ എന്നും അവൾക് കുഞ്ഞിനെ കാണാലോ” അങ്ങനെ ഓരോ കാര്യങ്ങളും സംസാരിച്ചിരിക്കുമ്പോൾ ആണ് മുറ്റത്ത് ഒരു കാർ വന്നുനിന്നത്.ഒട്ടും പ്രതീക്ഷിക്കാത്ത ആളായിരുന്നു അതിൽ നിന്ന് ഇറങ്ങിയത്..വർമ്മ സർ.. സാറിനെ കണ്ടതും സൗഭാഗ്യ ഓടിച്ചെന്ന് അദ്ദേഹത്തെ കെട്ടിപിടിച്ചു.ഇപ്പോൾ കുറച്ച് നാളായി അവൾ തറവാട്ടിലേക്ക് പോയിട്ട്.മുത്തശ്ശനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് പെണ്ണ്. “ഇന്നെന്തോ തിരക്കുണ്ട്..വരാൻ പറ്റില്ലെന്ന് ഒക്കെയല്ലേ എന്നോട് പറഞ്ഞത്” “തിരക്കൊക്കെ കഴിഞ്ഞ് വരുന്ന വഴിയാ.അപ്പോൾ ഇവിടെ കയറിയിട്ട് പോകാമെന്നു വിചാരിച്ചു.കൂട്ടത്തിൽ എന്റെ ഭാഗ്യ മോളെയും ഒന്ന് കാണാലോ” അകത്തേക്ക് കയറി കൊണ്ട് അദ്ദേഹം പറഞ്ഞു.

“ആഹാ എല്ലാവരും ഉണ്ടല്ലോ..അനന്തു..എങ്ങനെ പോകുന്നു തന്റെ ഡ്യൂട്ടി ഒക്കെ?” “കുഴപ്പമില്ല സർ” “മ്മ്മ്..എവിടെ ഇന്നത്തെ താരം” “ഗൗരി..ചെന്നു കുഞ്ഞിനെ എടുത്തിട്ട് വാ” കുഞ്ഞ് അപ്പോഴേക്കും ഉറങ്ങിയിരുന്നു.അവനെ മെല്ലെ എടുത്തുകൊണ്ട് വന്ന് വർമ്മ സാറിന്റെ കൈകളിലേക്ക് കൊടുത്തു. “ഹോ..അവന്റെ ഒരു ഭാഗ്യം കണ്ടില്ലേ..റോയൽ ഹാൻഡ്‌സിൽ ആണ് അവനിപ്പോൾ കിടക്കുന്നത്” പതുക്കെ പറയാനാണ് സച്ചിയേട്ടൻ ഉദ്ദേശിച്ചതെങ്കിലും സംഗതി കുറച്ച് ഉച്ചത്തിൽ ആയിപോയി.വർമ്മ സർ ചിരിക്കുന്നത് കണ്ടപ്പോൾ തന്നെ മനസിലായി അദ്ദേഹം അത് കേട്ടെന്ന്.നിഹില സച്ചിയേട്ടനെ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്. “ഇതാണല്ലേ സച്ചിദേവ്??” സർ ചോദിച്ചതും ഭയഭക്തി ബഹുമാനത്തോടെ സച്ചിയേട്ടൻ നിന്നു. “ഈ കുഞ്ഞ് ഭാഗ്യമുള്ളവൻ തന്നെയാണ്.

അത് എന്റെ കൈയിൽ ഇരിക്കുന്നത് കൊണ്ടല്ല.ഇവൻ ഈ കുടുംബത്തിൽ ജനിച്ചത് കൊണ്ട്.നിങ്ങളുടെ എല്ലാം സ്നേഹം കണ്ടും അറിഞ്ഞും വളരാൻ ഭാഗ്യം ചെയ്തവൻ” അതും പറഞ്ഞ് സർ കുഞ്ഞിന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.അപ്പോൾ അവന്റെ ആ പാൽചുണ്ടുകളിൽ ഒരു കുഞ്ഞിച്ചിരി തെളിഞ്ഞു. “എന്താ പേരിട്ടിരിക്കുന്നത്?” “അവനിഷ്” “മ്മ്മ്..അവനിഷ്…വിഘ്നേശ്വരന്റെ നാമം..ഭൂമിയുടെ അധിപൻ എന്നർത്ഥം..നന്നായി..ഇവന് ചേരുന്ന പേര് തന്നെ” പേരിന്റെ പിന്നിലെ കാര്യം മനസ്സിലായതും എല്ലാവരുടെയും നോട്ടം ശിവേട്ടനിലായി.ആളവിടെ ചെറുചിരിയോടെ നില്കുന്നുണ്ട്. വർമ്മ സർ പോക്കറ്റിൽ നിന്നും ഒരു പൊതിയെടുത്തു.അതിലുണ്ടായിരുന്ന ചെയിൻ കുഞ്ഞിന്റെ കൈയിലേക്ക് ഇട്ടുകൊടുത്തു.

അവന്റെ കുഞ്ഞിക്കവിളിൽ മുത്തികൊണ്ട് കുഞ്ഞിനെ എന്റെ കൈകളിലേക്ക് തന്നു.അപ്പോഴാണ് മുത്തശ്ശി അവിടേക്ക് എത്തിയത്.പിന്നെ അവർ തമ്മിൽ ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി.പണ്ടത്തെ ആചാരങ്ങളും ഇപ്പോഴത്തെ തലമുറയുടെ നല്ലതും ചീത്തയും ആയിട്ടുള്ള കാര്യങ്ങൾ എല്ലാം വിഷയങ്ങൾ ആയി.അതിനിടയിലേക്ക് എങ്ങനെയോ വിവാഹം എന്നൊരു വാക്ക് കടന്ന് വന്നു. “അനന്തുവിന്റെ അമ്മ ഇവിടെയില്ലേ?” വർമ്മസാറിന്റെ ചോദ്യത്തിന് ഇല്ലെന്ന് നന്ദുവേട്ടൻ മറുപടി നൽകി. “അനന്തുവിന്റെയും ഭാഗ്യയുടെയും വിവാഹം നമ്മൾ വാക്കാൽ ഉറപ്പിച്ചതാണല്ലോ..

ഇനി അധികം വൈകാതെ അതങ്ങ് നടത്താം” ആ വാക്കുകൾ ഒരു ഇടിത്തീ പോലെയാണ് ഞങ്ങള്ക്ക് തോന്നിയത്.എന്ത് മറുപടി പറയണമെന്ന് അറിയാൻ വയ്യാത്ത അവസ്ഥ.വർമ്മ സർ ഇങ്ങനൊരു തീരുമാനം എടുത്തിരുന്ന കാര്യം മുത്തശ്ശിക്കും അറിയില്ലല്ലോ.അതുകൊണ്ട് മുത്തശ്ശിയും അമ്പരന്ന് ഇരിക്കുവാണ്. “എന്താ അനന്തു..തനിക് എന്തെങ്കിലും അസൗകര്യം?” “അത് സർ..എനിക്ക്…” “മ്മ് പറയടോ..എന്താ പ്രശ്നം?” “സർ..അതുപിന്നെ..” “ശിഖ..അതല്ലേ തന്റെ പ്രശ്നം?” ശിഖ ചേച്ചിയുടെ പേര് സർ പറഞ്ഞപ്പോൾ ഞങ്ങൾ ഒരുപോലെ ഞെട്ടി.സൗഭാഗ്യയെ നോക്കിയപ്പോൾ അവൾക് ഒരു കള്ളചിരി. “ഭാഗ്യ എന്നോട് എല്ലാം പറഞ്ഞു.തന്റെ പ്രണയത്തെ കുറിച്ചും ആ കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ഒക്കെ..

എല്ലാത്തിലും ഉപരി എന്റെ മോള് തന്നെ സ്വന്തം ഏട്ടനായിട്ട കണ്ടിരിക്കുന്നതെന്ന് പറഞ്ഞപ്പോൾ നിങ്ങളിലെ പരിശുദ്ധി എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ആയിരുന്നു” “സാറിനോട് പറയണമെന്ന് പല തവണ വിചാരിച്ചതാ.സർ ഒരുപാട് ആഗ്രഹിക്കുന്നത് ഭാഗ്യയുടെ വിവാഹം ആണെന്ന് എനിക്ക് അറിയാം.അതിന് ഞാൻ ഒരു എതിർപ്പ് പറയുമ്പോൾ സർ എങ്ങനെ പ്രതികരുമെന്നുള്ള പേടി കൊണ്ടാണ് പറയാതിരുന്നത്” “എന്റെ കുഞ്ഞുങ്ങളുടെ ഇഷ്ടമാണ് എനിക്ക് വലുത്.സ്നേഹിക്കുന്നവർ തമ്മിലാണ് ഒരുമിച്ച് ജീവിക്കേണ്ടത്.എങ്കിൽ മാത്രമേ ആ ജീവിതത്തിൽ ഒരു പ്രശ്‌നം വന്നാൽ അവർ ഒരുമിച്ച് അതിനെ നേരിടു.” സാറിന്റെ വാക്കുകൾ കേൾക്കെ ശിവേട്ടൻ എന്നെ ചേർത്തുപിടിച്ചു.കിട്ടിയ ഗ്യാപ്പിൽ സച്ചിയേട്ടനും നിഹിലയെ ഒന്ന് പിടിക്കാൻ നോക്കി.പക്ഷെ അവൾ നിന്നുകൊടുത്തില്ല.

ദയനീയമായ സച്ചിയേട്ടന്റെ നോട്ടം കണ്ടപ്പോൾ ചിരി വന്നു. “എങ്കിൽ ഞാൻ ഇറങ്ങട്ടെ..ആ ജ്യോൽസ്യനെയും കൂടി കണ്ടിട്ട് വേണം തറവാട്ടിൽ എത്താൻ” “ജ്യോത്സ്യനെ എന്തിനാ മുത്തശ്ശാ കാണുന്ന?” “നിന്റെ കല്യാണക്കാര്യം സംസാരിക്കാൻ.” “മുത്തശ്ശാ…” “വേണ്ട മോളെ..ഇനിയും ഞാൻ നിനക്ക് സമയം തരില്ല.നിന്റെ പഠിത്തം കഴിഞ്ഞു..ജോലിയും ആയി.ഇനി വിവാഹം നടത്തണം.നല്ലൊരു പയ്യനെ കിട്ടിയാൽ ഉടനെ ഞാൻ അത് നടത്തും” സർ അത് പറഞ്ഞപ്പോൾ തന്നെയാണ് ഗിരിയേട്ടൻ വന്നത്. “കറക്റ്റ് സമയത്താണല്ലോ നിന്റെ ആങ്ങളയുടെ വരവ്” ഞാൻ മാത്രം കേൾക്കാൻ പാകത്തിൽ ശിവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എന്റെ മനസിലും അത് തന്നെയായിരുന്നു ചിന്ത.എന്തോ അതൊരു നിയോഗം ആയിട്ട് കരുത്താനാണ് ഞാൻ ആഗ്രഹിച്ചത്. “സർ എപ്പോൾ എത്തി?”

“കുറച്ച് നേരം ആയി.താൻ എവിടെ ആയിരുന്നു?” “എന്റെ ഓഫീസിൽ ഉള്ളവരെ ഒന്ന് കൊണ്ടാക്കാൻ പോയതാ..സർ ഇരിക്ക്” “ഇല്ലെടോ ഞാൻ ഇറങ്ങുവാ..അപ്പോൾ പറഞ്ഞത് പോലെ” യാത്രപറഞ്ഞ് സർ പോയതിന് പിറകെ മുത്തശ്ശിയും ശ്രേയ ചേച്ചിയും പോകാനായി ഇറങ്ങി.ഗിരിയേട്ടനെ കണ്ടതും എടുക്കാനായി അമ്പൂട്ടി കൈയും നീട്ടി നിൽകുവാ. “ഗീമാമ…എക്ക്” “ഗീമാമൻ അല്ലടി ബട്ടർ മാമൻ” സച്ചിയേട്ടൻ അവളെ കളിയാക്കിയതും ഗിരിയേട്ടൻ അവളെ പൊക്കിയെടുത്തി തോളിൽ ഇരുത്തി.അവിടിരുന്നു കൊണ്ട് അവൾ സച്ചിയേട്ടനെ കോക്രികാണിച്ചു.ഏട്ടനും ഒട്ടും മോശമല്ലല്ലോ..അതേ രീതിയിൽ ഏട്ടനും തിരിച്ച് കാണിച്ചു. “പോതാ പത്തി” “അമ്പൂട്ടി…” ശ്രേയേച്ചി ശാസനയോടെ വിളിച്ചതും അമ്പൂട്ടി ഗിരിയേട്ടന്റെ കഴുത്തിലേക്ക് മുഖം ഒളിപ്പിച്ച് കിടന്നു.

“വന്ന് വന്ന് പെണ്ണിന് ഒരനുസരണയും ഇല്ല.” “കുഞ്ഞല്ലേ ചേച്ചി വിട്ടേക്ക്” “നീയാ ഗിരി ഇവളെ ഇത്രയും വഷളാക്കിയത്.കണ്ടില്ലേ സച്ചിയേ ചീത്ത വിളിച്ചിട്ട് കള്ളിയെ പോലെ കിടക്കുന്നത്” “അത് ഈ മുതുക്കൻ അങ്ങോട്ട് ചെന്നിട്ടല്ലേ.അതിന് നീ എന്റെ കൊച്ചിനെ പറയണ്ട” ശിവേട്ടനും കൂടി സൈഡ് നിന്നതോടെ അമ്പൂട്ടി ഹാപ്പി ആയി. “ഓഹോ..അപ്പോൾ എല്ലാവരും എനിക്കെതിരാണ്..നോക്കികോട ശിവ..നിന്റെ കൊച്ചിനെ കൊണ്ട് ഞാൻ പറയിപ്പിക്കും ‘എനിക്ക് സച്ചിമാമനെ മതീന്ന്’ ” അമ്മൂട്ടീ കരയാൻ തുടങ്ങിയതോടെ പിന്നെ അധികനേരം നിന്നില്ല.സിദ്ധുവേട്ടൻ അമ്പൂട്ടിയേയും കൊണ്ട് കാറിലേക്ക് കയറി.പിന്നാലെ ചേച്ചിയും കുഞ്ഞും.മുത്തശ്ശി മോന് ഉമ്മകൊടുത്തിട്ട് ഇറങ്ങി.

“നിങ്ങൾ എപ്പോഴാ അങ്ങോട്ട് വരുന്ന?” “3 ദിവസം കഴിഞ്ഞ് വരും അച്ഛമ്മേ.അപ്പോഴേക്കും ഒരുമാസം ആകില്ലേ.” ശിവേട്ടന്റെ വാക്കുകൾ കേട്ടതും ഗിരിയേട്ടൻ കുഞ്ഞിനെ എന്റെ കൈയിൽ നിന്നും വാങ്ങി.അവർ പോകുന്നതും നോക്കി ഞങ്ങൾ സിറ്ഔട്ടിൽ നിന്നു.കുഞ്ഞിനെ ചേർത്ത് പിടിച്ചിരിക്കുന്ന ഗിരിയേട്ടനെ കണ്ടപ്പോൾ ഉള്ള് ഒന്ന് പിടഞ്ഞു. “3 മാസം ആകാതെ ഇവളെയും കുഞ്ഞിനേയും ഇവിടുന്ന് വിടില്ല” “നീ എന്തുവാ ഗിരി ഇങ്ങനെ കണ്ണിൽച്ചോരയില്ലാതെ പറയുന്ന..എത്ര നാളെന്ന് വെച്ചാ ഞാൻ ഒറ്റക്ക് കിടക്കുന്ന” “അതാണോ നിന്റെ പ്രശ്നം..അതിന് വഴിയുണ്ടാകാം” “എന്ത് വഴി?? നിന്റെ അമ്മ ആ മുറിയിലേക്ക് എന്നെ കയറ്റുന്നത് തന്നെ അലാറം വെച്ചിട്ടാണ്” “എടാ പൊട്ടാ..ഒരുമാസം വരെ നീയാ മുറിയിൽ കയറരുതെന്നല്ലേ പറഞ്ഞത്.

എന്നുവെച്ചാൽ 3 ദിവസം കൂടി കഴിഞ്ഞാൽ നിന്റെ വിലക്ക് തീരും അമ്മയെ നമ്മളാ മുറിയിൽ നിന്ന് പുറത്താക്കും.” “ആഹാ..എങ്കിൽ ഓക്കേ..” എന്നെനോക്കി മീശപിരിച്ചുകൊണ്ട് ഒരു കള്ളച്ചിരിയോടെ ശിവേട്ടൻ പറഞ്ഞു. “നല്ല ബെസ്റ്റ് അളിയന്മാർ” രണ്ടുപേരെയും ഒന്ന് പുച്ഛിച്ചിട്ട് ഞാൻ അകത്തേക്ക് കയറിയപ്പോൾ അവിടെ സച്ചിയേട്ടനും നിഹിലയും തമ്മിൽ പൊരിഞ്ഞയടി.ഏട്ടൻ ഒന്ന് ചേർത്ത്പിടിക്കാൻ ചെന്നപ്പോൾ അവൾ മാറിക്കളഞ്ഞതാണ് വിഷയം.ഇതെവിടെ ചെന്നു അവസാനിക്കുമോ എന്തോ.. “രണ്ടെണ്ണവും ഒന്ന് മിണ്ടാതിരിക്കുവോ??” നന്ദുവേട്ടൻ ഒന്ന് ശബ്ദമുയർത്തിയതും രണ്ടും രണ്ട് സൈഡിലായിട്ട് മാറി നിന്നു. “മനുഷ്യൻ ഒന്ന് സമാധാനമായിട്ട് ആലോചിക്കാനും സമ്മതിക്കില്ല” “നീ എന്തുവാ നന്ദു ഇത്രമാത്രം ആലോചിച്ച് കൂട്ടുന്ന? ”

“എടാ ജിത്തു വർമ്മ സർ പറഞ്ഞത് കേട്ടില്ലേ..ഇവൾക്ക് നല്ലൊരു ചെക്കനെ കണ്ടുപിടിക്കണമെന്ന്” “അതിനിത്ര ആലോചിക്കാനെന്താ ഇവിടിപ്പോൾ സിംഗിൾ ആയിട്ട് ഒരുത്തൻ നിൽപ്പുണ്ടല്ലോ” സച്ചിയേട്ടന്റെ മറുപടിയിൽ നന്ദുവേട്ടൻ ഒളികണ്ണിട്ട് ഗിരിയേട്ടനെ ഒന്ന് നോക്കി.എന്നിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു “അതാരാടാ??” “വേറെ ആര്.. ഇവൻ തന്നെ.ഗിരി” ഗിരിയേട്ടൻ ഞെട്ടിപ്പിണഞ്ഞ് സച്ചിയേട്ടനെ നോക്കി.സൗഭാഗ്യയുടെ അവസ്ഥയും മറിച്ചല്ല.പാവങ്ങൾ…ഇത് ഞങ്ങളുടെ പ്ലാൻ ആണെന്ന് അവർ അറിയുന്നില്ലല്ലോ.. “അത് ശെരിയാണല്ലോ..ഗിരിയ്ക്കും കല്യാണം നോക്കണമെന്ന് അമ്മ പറയുന്നത് കേട്ടു.ഇവരാകുമ്പോൾ പരസ്പരം അറിയുകയും ചെയ്യും” “എന്റെ അനന്തേട്ട..ഏട്ടന് എന്നോട് എന്തെങ്കിലും ശത്രുതയുണ്ടോ?” “എന്താ മോളെ??”

“ചെയ്യാത്ത തെറ്റിന് ഇങ്ങേര് അന്ന് അടിച്ചതിന്റെ വേദന ഇതുവരെ മാറിയിട്ടില്ല.ഈ കാലമാടനെ അല്ലാതെ അനന്തേട്ടന് വേറെ ആരെയും കിട്ടിയില്ലേ??” “ഡീ ഡീ..കാലമാടൻ നിന്റെ….ഒന്ന് അടിച്ചതിന്റെ പേരിൽ എന്നെ കുളത്തിൽ മുക്കിക്കൊല്ലാൻ നോക്കിയവളല്ലേടി നീ..ആ നിന്നെ കെട്ടി ജീവിതം ഹോമിക്കാൻ ഞാൻ ഒരുക്കമല്ല” “അല്ലെങ്കിൽ ഇപ്പോൾ ഞാൻ അങ്ങ് നിന്ന് തരാം..കലിപ്പനെ കെട്ടാൻ എനിക്ക് പ്രാന്തല്ലേ” രണ്ടുപേരും പരസ്പരം ഇങ്ങനെ പുകഴ്ത്തികൊണ്ടേ ഇരുന്നു.ഇത് ഒരുനടയ്ക്ക് പോകുന്ന ലക്ഷണമില്ലെന്ന് മനസിലായതോടെ നന്ദുവേട്ടൻ തന്നെ സമാധാനചർച്ചയ്ക്ക് ഒരുങ്ങി.ഒടുവിൽ കൈകൊടുത്ത് രണ്ടുപേരും കൂട്ടായെങ്കിലും ഇവരുടെ വിവാഹം എന്ന ഞങ്ങളുടെ സ്വപ്നം ഇപ്പോഴും വിദൂരതയിൽ ആണ്.

“എന്നാലും ജിത്തു ‘അവനിഷ്’ എന്ന പേര് നീ എങ്ങനെ കണ്ടുപിടിച്ചു?” സൗഭാഗ്യയും നിഹിലയും പോയതിന് ശേഷം കുഞ്ഞുമായി മുറ്റത്തിരിക്കുമ്പോൾ ആണ് നന്ദുവേട്ടന്റെ ഈ ചോദ്യം. “ഗൂഗിൾ തപ്പി കണ്ടുപിടിച്ചു കാണും” “അത് നിനക്ക് എങ്ങനെ അറിയാം” “ഇവൻ രണ്ട് ദിവസമായിട്ട് ആ ഗൂഗിളിൽ കമഴ്ന്ന് കിടക്കുന്നത് കണ്ടപ്പോഴേ എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു.” “സച്ചി പറയുന്നത് പോലെയാണോ ജിത്തു” “മ്മ്മ്..ആണ്.ഗണപതിയുടെയോ മുരുകന്റെയോ പേര് ആയിരിക്കണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.എന്നാൽ പെട്ടെന്ന് ആർക്കും മനസിലാക്കുകയും ചെയ്യരുത്.അങ്ങനെ തപ്പി കണ്ടുപിടിച്ചതാ..പിന്നെ lord of earth എന്ന അർത്ഥം കൂടി കണ്ടതോടെ ആ പേരങ്ങ് ഉറപ്പിച്ചു”

“അത് നന്നായി ശിവേട്ട..എന്നാലും മോന് ഒരു ചെല്ലപ്പേര് വേണ്ടേ??” “അത് നീ കണ്ടുപിച്ചോ” പിന്നെ നീണ്ട ആലോചനയിൽ ആയിരുന്നു.കുറേ പേരുകൾ മനസിലേക്ക് വന്നെങ്കിലും ഒന്നും അങ്ങോട്ട് ഉറപ്പിച്ചില്ല. “ഞാനൊരു പേര് പറയട്ടെ..” “നീ പറ നന്ദു..അത് ചോദിക്കുന്നത് എന്തിനാ??” “കാശി” “കൊള്ളാലോ..എന്താ ഈ പേരിന്റെ പിന്നിലെ കഥ” “നിനക്ക് അറിയില്ലേ..കാശിനാഥൻ..മഹാദേവൻ” “അതെനിക് അറിയാം. പക്ഷെ നിനക്ക് ഈ പേരുമായിട്ട് മറ്റെന്തോ കണക്ഷൻ ഉണ്ടല്ലോ നന്ദു…മര്യാദക്ക് എന്റെ മോൻ പറഞ്ഞോ” “അല്ല…അത്..പണ്ട് ഞാനും ശിഖയും തമ്മിൽ ഭാവിയെ കുറിച്ചൊക്കെ സംസാരിക്കുന്നതിനിടയ്ക് അവളുടെ ഒരു ആഗ്രഹം പറഞ്ഞു” “എന്ത് ആഗ്രഹം?”

“അവൾക് ആദ്യം ആൺകുട്ടി വേണമെന്ന്” “ഇതൊക്കെ എപ്പോൾ?? ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ” “പിന്നെ എല്ലാരേയും അറിയിച്ചുകൊണ്ടല്ലേ ഇതൊക്കെ സംസാരിക്കുന്നത്..ചുമ്മാതല്ല ആ പെണ്ണ് നിന്നെ അടുപ്പിക്കാത്തത്” ശിവേട്ടന്റെ വായിൽ നിന്ന് കിട്ടേണ്ടത് കിട്ടിയ സമാധാനത്തോടെ സച്ചിയേട്ടൻ അടങ്ങി. “നീ പറ നന്ദു” “കുഞ്ഞിന് അപ്പോൾ തന്നെ പേര് കണ്ടുപിടിക്കണമെന്ന് പറഞ്ഞു..അതും ഞാൻ തന്നെ..അവളുടെ വാശി നിനക്ക് അറിയാലോ..ഒടുവിൽ ഒരു ദിവസത്തെ സാവകാശം ഞാൻ ചോദിച്ചു..വീട്ടിൽ എത്തിയിട്ടും കുഞ്ഞിനുള്ള പേര് കണ്ടുപിടിക്കുന്ന തിരക്കിലായിരുന്നു ഞാൻ.അപ്പോഴാണ് അമ്മ പൂജാമുറിയിൽ പഞ്ചാക്ഷരി ചൊല്ലുന്നത് കേട്ടത്.പെട്ടെന്നാണ് കാശിനാഥൻ എന്ന പേര് കിട്ടിയത്.അത് അവളോട് പറഞ്ഞപ്പോൾ അവൾക്കും സമ്മതം.

പിന്നീട് ഞാൻ ദേഷ്യപ്പെടുമ്പോഴൊക്ക വയറിൽ കൈ വെച്ച് അവൾ പറയും: “എന്റെ കാശിമോൻ വരുമ്പോൾ നിനക്ക് നല്ല അടിവാങ്ങി തരുമെന്ന്” ” അത് പറഞ്ഞപ്പോഴേക്കും നന്ദുവേട്ടന്റെ കണ്ണ് നിറഞ്ഞിരുന്നു. “അല്ല അനന്തു..ഇവരുടെ കൊച്ചിന് ആ പേരിട്ടാൽ നിന്റെ കൊച്ചിന് ഏത്‌ പേരിടും” “ശിഖയോട് പെങ്കൊച്ചിനെ പ്രസവിച്ചാൽ മതിയെന്ന് നമുക്ക് പറയാടാ..അല്ലേ നന്ദു” ശിവേട്ടനും സച്ചിയേട്ടനും തന്റെ മൂഡ് മാറ്റാൻ വേണ്ടി പറയുന്നതാണെന്ന് നന്ദുവേട്ടന് മനസിലായി.ചിരിയോടെ രണ്ട് പേരെയും ചേർത്ത് പിടിക്കുമ്പോൾ ഞാൻ ഗിരിയേട്ടന്റെ തോളിലേക്ക് ചാഞ്ഞു.എന്റെ കൈയിൽ ഇരുന്ന കുഞ്ഞും അപ്പോഴേക്കും ഉറങ്ങിയിരുന്നു. *****

ഒരു മാസത്തിന് ശേഷം റൂമിൽ കയറാൻ അനുവാദം കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു ശിവേട്ടൻ.ഞാൻ കുളിച്ചിട്ട് വരുമ്പോൾ അച്ഛനും മോനും ഭയങ്കര കളിയിൽ ആയിരുന്നു. “രണ്ടിനും ഉറങ്ങണ്ടേ?” “ഇവനെ ഒന്ന് ഉറക്കാൻ പാടുപെടുവാ ഞാൻ.നീ വേഗം പാലുകൊടുത്ത് ഇവനെയൊന്ന് ഉറക്ക്” “അപ്പോൾ ഏട്ടന് ഉറങ്ങണ്ടേ? ” “എന്തേ ഞാൻ ഉറങ്ങണോ?” മീശ കടിച്ചുപിടിച്ചുകൊണ്ടുള്ള ശിവേട്ടന്റെ ആ ചോദ്യം എന്നിലും എന്തൊക്കെയോ വികാരങ്ങൾ തീർക്കുന്നുണ്ടായിരുന്നു.നാണത്താൽ മുഖം താഴ്ത്തിയ എന്റെ താടിത്തുമ്പിൽ പിടിച്ചുയർത്തികൊണ്ട് ശിവേട്ടൻ നെറ്റിയിൽ ചുണ്ടമർത്തി.ആ നനുത്ത സ്പർശം അറിഞ്ഞതും ഒരു പിടച്ചിലോടെ ശിവേട്ടന്റെ ഷർട്ടിൽ മുറുക്കെ പിടിച്ചു.

“ചെന്ന് പാലുകൊടുക്ക്…” ചിരിയോടെ കുഞ്ഞിനെ എടുത്ത് മാറോട് അണച്ചപ്പോൾ ചുണ്ടൊണ് നൊട്ടിനുണഞ്ഞു കൊണ്ട് അവൻ കണ്ണൊന്നു ചിമ്മികാണിച്ചു.ശിവേട്ടൻ ഫോണുമായി പുറത്തേക്ക് പോയി.എന്നാൽ ഏട്ടൻ തിരികെ വന്നപ്പോഴും കുഞ്ഞ് പാലും കുടിച്ച് കാലുകൊണ്ട് എന്നെ ചെറുതായി ചവിട്ടി കളിച്ചുകൊണ്ട് ഇരിക്കുവായിരുന്നു. “എന്റെ കാശൂട്ടാ…നീ ഇതുവരെ ഉറങ്ങിയില്ലേ??” കുഞ്ഞിന്റെ പഞ്ഞിപോലുള്ള തലയിൽ തടവിക്കൊണ്ട് ശിവേട്ടൻ ദയനീയമായി എന്നെയൊന്ന് നോക്കി. “അച്ഛന്റെ പൊന്നല്ലേ..ഒന്ന് പെട്ടെന്ന് ഉറങ്ങ് കള്ളാ” ശിവേട്ടൻ ഓരോന്ന് പറയുമ്പോഴും അവൻ ഏട്ടനെ നോക്കികൊണ്ട് ആവേശത്തോടെ പാലുകുടി തുടർന്നു.എനിക്കാണെങ്കിൽ ചിരിയും വരുന്നുണ്ട്.

എന്തായാലും കുറച്ച് സമയം കൂടി കഴിഞ്ഞതോടെ അവൻ ഞെട്ടിൽ നിന്നും ചുണ്ടുകളടർത്തി ശിവേട്ടനെ നോക്കി ചിരിച്ചു.ഏട്ടൻ അവനെ എടുത്ത് നെഞ്ചോട് ചേർത്ത് കൊഞ്ചിക്കാൻ തുടങ്ങി. “നീ എന്നെ പട്ടിണിക്കിടുമോടാ കാശി?? അച്ഛന്റെ തക്കുടു അല്ലേ..നേരത്തെ ഉറങ്ങിയാൽ നമുക്ക് നേരത്തെ എണീക്കാലോ” ഓരോന്ന് പറഞ്ഞ് കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുന്ന ശിവേട്ടനെയും നോക്കി ഞാൻ ബെഡിൽ ഇരുന്നു. “ഗൗരി നീയാ തൊട്ടിലിൽ ഒരു തുണി ഇട്ടേ” “ഉറങ്ങിയോ ഏട്ടാ??” “മ്മ് ഉറങ്ങി” കുഞ്ഞിനെ തൊട്ടിലിൽ കിടത്തി ഏട്ടൻ അവന്റെ നെറ്റിയിൽ അമർത്തി ഒരുമ്മ കൊടുത്തു.അത് കഴിഞ്ഞ് ഒരു കള്ളച്ചിരിയുമായി ആള് എന്റെ അടുത്തേക്ക് വന്നു.കൂടുതൽ സംസാരിക്കാനൊന്നും ശിവേട്ടൻ മെനക്കെട്ടില്ല…നേർത്ത ചുംബനത്തിൽ തുടങ്ങിയ പ്രണയനിമിഷങ്ങൾ പിന്നീട് ആവേശത്തോടെയുള്ള നിശ്വാസങ്ങളായി മാറി.ഒടുവിൽ ഒരു ചെറുനോവോടെ ശിവേട്ടൻ എന്നിലേക്ക് അലിഞ്ഞുചേർന്നു… ******

കാശിക്ക് മൂന്ന് മാസം ആകാൻ ഇനിയും രണ്ടാഴ്ച ഉണ്ട്.പക്ഷെ കുഞ്ഞിനെ കാണണമെന്ന് മുത്തശ്ശി വാശി പിടിച്ചപ്പോൾ വീട്ടിലേക്ക് തിരികെ പോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു.ഗിരിയേട്ടന് അതിൽ സങ്കടം ഉണ്ടെങ്കിലും തടയാൻ ഏട്ടന് കഴിയില്ലല്ലോ.. ഗിരിയേട്ടൻ തന്നെയാണ് വീട്ടിലേക്ക് കൊണ്ടാകാൻ വന്നത്.അവിടെ ആരതിയുഴിഞ്ഞ് ഞങ്ങളെ സ്വീകരിക്കാൻ കാത്തുനിന്ന മുത്തശ്ശിയുടെ കൂടെ നന്ദുവേട്ടനും ഉണ്ടായിരുന്നു. “ഗിരിക്ക് എന്താ ഒരു വിഷമം പോലെ? ” “ഒന്നുല്ല അനന്തു.ഞാനെന്നാൽ ഇറങ്ങട്ടെ” എന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി ഏട്ടൻ അവന്റെ മുഖമാകെ ഉമ്മ നൽകി.തിരികെ അവനെ ഏല്പിച്ചതും ചെക്കൻ കരച്ചിൽ തുടങ്ങി.അതോടെ ഗിരിയേട്ടന്റെ സങ്കടവും കൂടി.

“ഇവളെ ആദ്യമായിട്ട് ഇങ്ങോട്ട് വിട്ടപ്പോഴുള്ള അതേ വിഷമം ആണ് ഇപ്പോഴും.നിങ്ങൾക് കുറച്ച് ദിവസം കൂടി അവിടെ നിന്നിട്ട് പോന്നാൽ മതിയായിരുന്നു” “കുറച്ച് ദിവസം കഴിഞ്ഞാണെങ്കിലും ഞങ്ങൾ ഇങ്ങോട്ട് തന്നെയല്ലേ വരേണ്ടത്.നീ ധൈര്യമായിട്ട് പൊയ്ക്കോ.സമയം കിട്ടുമ്പോഴൊക്കെ ഞങ്ങൾ അങ്ങോട്ട് വരാം” കുഞ്ഞിന് ഒരുമ്മയും കൂടി നൽകി ഏട്ടൻ പോകാനിറങ്ങി.പോകുന്നതിനു മുൻപായി ശിവേട്ടനെ മാറ്റിനിർത്തി എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.ശിവേട്ടനോട് ചോദിച്ചപ്പോൾ എന്നെയും കുഞ്ഞിനേയും നോക്കിക്കോളണമെന്ന് പറഞ്ഞതാണത്രേ. റൂമിൽ വന്ന് കുഞ്ഞിനെ കിടത്തിയപ്പോഴാണ് നന്ദുവേട്ടന്റെ അമ്മയുടെ കൂടെ ശിഖ ചേച്ചിയും വരുന്നത്.അമ്മയുടെ പരിചരണത്തിന്റെ ഫലം ചേച്ചിയെ കാണുമ്പോൾ തന്നെ അറിയാം.

പഴയ ആ സൗന്ദര്യം ഒക്കെ തിരികെ വന്നിട്ടുണ്ട്.നന്ദുവേട്ടനെ കണ്ടതും ചേച്ചി ശിവേട്ടന്റെ കൈയിലേക്ക് പിടിച്ച് കൊണ്ട് ഒതുങ്ങി നിന്നു.അന്നത്തെ ആ അടിക്ക് ശേഷം ചേച്ചിക്ക് നന്ദുവേട്ടനെ പേടിയാണ്.പാവം ഏട്ടൻ ഉള്ളിലെ സങ്കടം ഒതുക്കി നില്പുണ്ട്.അമ്മ കുഞ്ഞിനെ എടുത്ത് മടിയിൽ വെക്കുന്നതും കൊഞ്ചിക്കുന്നതും ഒക്കെ ചേച്ചി അത്ഭുതത്തോടെ നോക്കുന്നുണ്ട്.കുഞ്ഞിനെ അമ്മ കട്ടിലിലേക്ക് കിടത്തിയതും ശിവേട്ടൻ ചേച്ചിയുടെ കൈ പിടിച്ച് മോന്റെ കൈയിൽ ഒന്ന് തൊടുവിച്ചു. “പഞ്ഞി പോലുണ്ട് ഏട്ടാ” “ആണോ..മോൾക് ഇഷ്ടായോ? ” “മ്മ്..ഇതാണോ എന്റെ വാവ” “അതേലോ..ഇത് മോൾടെ വാവയ” അതുകേട്ടതും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു ചേച്ചിയുടെ മുഖത്ത്.ചൂണ്ട് വിരൽ കൊണ്ട് കുഞ്ഞിന്റെ കൈയിൽ പിടിച്ചതും അവൻ ആ വിരൽ മുഴുവനായി മുറുക്കിപിടിച്ചു. “കാ..ശി….കാശി..”

കുഞ്ഞിനെ ചേച്ചി പേര് വിളിച്ചത് കേട്ട് ഞങ്ങൾ എല്ലാവരും ഒരുപോലെ ഞെട്ടി.കാരണം കുഞ്ഞിന്റെ പേരൊന്നും ചേച്ചിയോട് ആരും പറഞ്ഞിട്ടില്ല. “ജിത്തു അവൾ എന്താ വിളിച്ച?” “അതേടാ…അവൾ..അവൾ ആ പേര് ഓർക്കുന്നുണ്ട്..നിങ്ങളുടെ കുഞ്ഞിന് വേണ്ടി നീ കണ്ടെത്തിയ പേര്..” “ശിവേട്ട..ഇത് നല്ലൊരു സൂചന ആണല്ലോ..ആ പേര് ചേച്ചി ഓർത്തത് പോലെ ആ പേര് വന്നവഴിയും എല്ലാം ചേച്ചി ഓർക്കില്ലേ” “അതേ ഗൗരി..പക്ഷെ അതിന് കുറച്ചുംകൂടി സമയം എടുക്കുമായിരിക്കും..” “എത്ര സമയം എടുത്താലും സാരമില്ല ജിത്തു..ഇപ്പോൾ നമ്മളെ എല്ലാവരെയും അവൾക് അറിയാം..അവരൊക്കെ അവളുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് മാത്രം അവളുടെ മനസ്സിൽ തെളിഞ്ഞ് കിട്ടിയാൽ മതി..അതിന് ഇനി അധികം താമസമുണ്ടാകില്ലെന്ന് എന്റെ മനസ്സ് പറയുന്നു” അപ്പോഴും കുഞ്ഞിന്റെ കൈയിൽ പിടുച്ചുകൊണ്ട് “കാശി” എന്ന് വിളിച്ച് സ്വയം സന്തോഷിക്കുകയായിരുന്നു ശിഖ ചേച്ചി……. (തുടരും)

❤കലിപ്പന്റെ വായാടി❤ : ഭാഗം 46

Share this story