പ്രിയസഖി: ഭാഗം 9

പ്രിയസഖി: ഭാഗം 9

എഴുത്തുകാരി: ശിവ നന്ദ

കിടന്നിട്ട് ഉറക്കം വരുന്നില്ല.കണ്ണടക്കുമ്പോൾ എല്ലാം ജിത്തേട്ടന്റെ മുഖം ആണ് മനസ്സിലേക്ക് വരുന്നത്. എനിക്ക് ഒരാളോട് പ്രണയം തോന്നുമെന്നോ അയാളെയും ഓർത്ത് ഉറങ്ങാതെ കിടക്കുമെന്നോ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.ഈ പ്രണയം ഒരു സംഭവം തന്നെ…എന്റെ ഏട്ടനെ സമ്മതിച്ചിരിക്കുന്നു.പ്രണയിച്ചുകൊണ്ട് അല്ലേ സിവിൽ സർവീസ് എഴുതി IPS നേടിയത്.ബാക്കിയുള്ളവർക്ക് നേരെ ഒന്ന് ബുക്ക്‌ തുറക്കാൻ പോലും പറ്റുന്നില്ല…ഇനി ഈ കാര്യം ജിത്തേട്ടനോട് എങ്ങനെ പറയും??? എന്തായിരിക്കും ആളുടെ പ്രതികരണം??? എനിക്കുള്ളത് പോലെ തന്നെ തിരിച്ചും ഇഷ്ടമുണ്ടെന്നുള്ളത് ഉറപ്പാണ്..അല്ലെങ്കിൽ പിന്നെ എന്നോട് മാത്രം ഒരു പ്രത്യേക സ്വഭാവം കാണിക്കുമോ???

ഇപ്പോഴാണ് ഒരു കാര്യം ഓർക്കുന്നത്…അന്ന് ആർട്സ് ഡേയ്ക്ക് ഏട്ടൻ വരുമോ എന്ന് അറിയാൻ വേണ്ടി ജിത്തേട്ടൻ എന്നെ വിളിച്ചതല്ലേ…എന്റെ നമ്പർ എങ്ങനെ കിട്ടിക്കാണും…ആഹ്..ചിലപ്പോൾ രെജിസ്ട്രേഷൻ ഫോമിൽ നിന്നും എടുത്തതാകും…അന്നത്തെ ആ ഒരു മൂഡിൽ നമ്പർ സേവ് ചെയ്യാനും പറ്റിയില്ല…എന്തായാലും ഉറക്കം വരുമെന്ന് തോന്നുന്നില്ല..അതുകൊണ്ട് നമ്പർ തപ്പി എടുക്കാം.. അങ്ങനെ നീണ്ട തിരച്ചിലിനൊടുവിൽ എന്നെ വിളിച്ച നമ്പർ കിട്ടി.അപ്പോൾ തന്നെ സേവ് ചെയ്തു.വാട്സ്ആപ്പ് ഉണ്ടായിരിക്കുമോ??? നോക്കാം….ആഹാ…വാട്സാപ്പിൽ ഉണ്ടെന്ന് മാത്രമല്ല ആള് ഓൺലൈനും ഉണ്ട്….ഒരു മെസ്സേജ് അയച്ചാലോ??? അല്ലെങ്കിൽ വേണ്ട…

അങ്ങനെ ജിത്തേട്ടന്റെ പ്രൊഫൈൽ ഫോട്ടോയും നോക്കി ഇരിക്കുമ്പോൾ ആണ് ആൾക്ക് എന്നോട് ഇഷ്ടമുണ്ടോ ഇല്ലയോ എന്ന് അറിയാൻ ഒരു ബുദ്ധി തോന്നിയത്.സമയം ഒട്ടും കളയാതെ തന്നെ കല്ലുവിനെ വിളിച്ചു.. “ടീ കോപ്പേ…നിനക്ക് ഉറക്കം ഒന്നുമില്ലേ…” “ഓ ഒരു ഉറക്കപ്രാന്തി വന്നേക്കുന്നു..ടീ പോത്തേ.. ഒന്ന് എഴുനേല്ക്ക്..ഒരു അത്യാവശ്യ കാര്യത്തിനാ..” “എന്നതാടി…പറ” “എടി…ഞാൻ നിനക്ക് ഒരു നമ്പർ സെൻറ് ചെയ്തിട്ടുണ്ട്….നിനക്ക് ആ ആളുടെ പ്രൊഫൈൽ ഫോട്ടോ കാണാൻ പറ്റുന്നുണ്ടോ എന്നൊന്ന് നോക്കി പറ” “നാളെ നോക്കിയാൽ പോരേ” “പറ്റില്ല പറ്റില്ല…ഇപ്പൊ നോക്കണം” “ഓ ഫോൺ വെക്ക്.ഞാൻ നോക്കിയിട്ട് വിളിക്കാം” അവളുടെ കോളും കാത്ത് ഞാൻ ആ ഫോണും കുത്തിപ്പിടിച്ച് ഇരുന്നു.

“ഹലോ കല്ലു..എന്തായി?” “എന്തുവാടി ആദ്യത്തെ ബെൽ എങ്കിലും കേൾക്കാൻ ഉള്ള സാവകാശം തന്നൂടെ” “അതൊക്കെ പിന്നെ പറയാം..ഞാൻ ഏല്പിച്ച കാര്യം എന്തായി?” “എനിക്ക് ഒന്നും കാണിക്കുന്നില്ല..” “അപ്പോൾ കോൺടാക്ട്സിൽ ഉള്ളവർക്ക് മാത്രമേ കാണാൻ പറ്റുള്ളൂ അല്ലേ…” “ആയിരിക്കും…അല്ല ഇത്ര തിടുക്കപ്പെട്ട് നോക്കാൻ അത് ആരുടെ നമ്പർ ആടി??” “ജിത്തേട്ടന്റെ..” “ഹേ….നിനക്ക് ആ നമ്പർ എവിടുന്ന് കിട്ടി?” “എന്നെ ഒരുദിവസം ഇങ്ങോട്ട് വിളിച്ചായിരുന്നടി..ഞാൻ ഇപ്പോഴാ സേവ് ചെയ്യുന്നത്..നോക്കിയപ്പോൾ എനിക്ക് ഫോട്ടോ ഒക്കെ കാണാം…എന്റെ നമ്പർ സേവ് ആണോന്ന് അറിയാന നിന്നെ വിളിച്ചത്” “മ്മ് മ്മ്… മനസ്സിലായി…നമ്പർ സേവ് ചെയ്തു എന്ന് കരുതി സാറിന്റെ മനസ്സിൽ നീ ഉണ്ടെന്ന് ഉറപ്പിക്കാൻ പറ്റുമോ??” “എനിക്ക് ഉറപ്പുണ്ട്….”

“വേദു..പറയുന്നത് ഒന്ന്….” “കല്ലു ഇനി എന്തൊക്കെ പറഞ്ഞാലും ജിത്തേട്ടൻ എന്റെ മനസ്സിൽ പതിഞ്ഞ് പോയി…എല്ലാം പോസിറ്റീവ് ആയിട്ട് ചിന്തിക്കാൻ ആണ് എനിക്ക് ഇഷ്ടം…അത് കൊണ്ട് മോള് പോയി ഉറങ്ങിക്കോ…ഗുഡ് നൈറ്റ്‌” ……………………………….. രാത്രിയിൽ വളരെ വൈകി ആണ് ഉറങ്ങിയത്.ഉറക്കം മതിവരാതെ മൂടിപ്പുതച്ച് കിടക്കുമ്പോൾ ആണ് എട്ടൻ വന്ന് വിളിക്കുന്നത്.ഏട്ടന്റെ ശബ്ദം കേട്ടപ്പോൾ തന്നെ എഴുനേറ്റു..നെറ്റിയിൽ ഒരുമ്മയും തന്ന് ഏട്ടൻ ഓഫീസിലേക്ക് പോയി…വല്ലാത്തൊരു കുറ്റബോധം തോന്നി എനിക്ക്.ഏട്ടനിൽ നിന്നും ഒന്നും മറച്ചുവെക്കേണ്ടി വന്നിട്ടില്ല.പക്ഷെ ഇപ്പോൾ….സോറി ഏട്ടാ…ജിത്തേട്ടന്റെ മറുപടി അറിയാതെ ഏട്ടനോട് ഞാൻ എന്താ പറയേണ്ടത്…

ജിത്തേട്ടൻ നോ പറയില്ലെന്ന് അറിയാം..എങ്കിലും ഒരു ഉറപ്പായിട്ട് മതി.വെറുതെ ബാൽക്കണിയിലേക്ക് ഇറങ്ങിയപ്പോൾ ചായയും കുടിച്ചുകൊണ്ട് ഫോണിൽ കുത്തിയിരിക്കുന്ന മിഥുനെ കണ്ടു.. “ഡോയ്….” “ഹാ…വേദു…ഗുഡ് മോർണിംഗ്” “രാവിലെ തുടങ്ങിയോ ചാറ്റിങ്” “പിന്നല്ലാതെ..നമുക്ക് വേറെ എന്താ പണി??” “വേറെ പണി ഇല്ലാഞ്ഞിട്ടാണോ supply വാരി കൂട്ടുന്നത്?” “പോടീ പോടീ…നിനക്ക് ക്ലാസ്സിൽ പോകണ്ടേ…പോയി പല്ല് തേച്ച് കുളിക്കടി” അപ്പോൾ കാണാം ദേ വരുന്നു ജിത്തേട്ടൻ…ആളെ കണ്ടതും ഞാൻ ഹാപ്പി…ഇതിന് വേണ്ടിയാണല്ലോ ഞാൻ ഇവിടെ നിന്നത്.. “ഡാ…ഇന്നെങ്കിലും സമയത്തിന് ക്ലാസ്സിൽ പോടാ..” “ഏട്ടനെ കണ്ടപ്പൊഴാ ഒരു കാര്യം ഓർത്തത്…

ടീ വേദു വേഗം പോയി റെഡി ആക്..എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്” “എന്നെ കണ്ടപ്പോൾ ഓർത്ത കാര്യം അവളോട് ആണോ ചോദിക്കുന്നത്?” “അവളോട് ചോദിക്കേണ്ടത് അവളോട് തന്നെ ചോദിക്കണം..എന്താ അതിനുള്ള ഉത്തരം ഏട്ടന്റെ കയ്യിൽ ഉണ്ടോ??” “ഡാ ചെക്കാ…എഴുനേറ്റ് പോയി സ്വന്തം കാര്യം എങ്കിലും വൃത്തിക്ക് ചെയ്യാൻ നോക്ക്” “വൃത്തികേട് കാണിക്കുന്നവർ ആണ് വൃത്തിയുടെ കാര്യം പറയുന്നത്…” അത് കേട്ടതും കിട്ടാനുള്ളത് പലിശ അടക്കം കിട്ടിയ സന്തോഷത്തിൽ ജിത്തേട്ടൻ പോയി..പോകുന്നതിനു മുൻപ് എന്നെ ഒന്ന് നോക്കാനും മറന്നില്ല…മ്മക്ക് അതിൽ പരം സന്തോഷം വേറെ വേണ്ടല്ലോ.. “ടീ നിന്ന് സ്വപ്നം കാണാതെ പോയി റെഡി ആക്” “നിന്റെ കൂടെ ഞാൻ ഇല്ല..എന്താണെങ്കിലും വൈകിട്ട് സംസാരിക്കാം” “നീ എന്റെ ബൈക്കിൽ ഒന്നും കയറേണ്ട.ബസ് സ്റ്റോപ്പ്‌ വരെ ഞാനും നിന്റെ കൂടെ നടന്ന് വരാം” “എന്താ ഇത്ര അത്യാവശ്യം?” “പറയാം” ..

“ഈ ബൈക്കും തള്ളി എന്റെ കൂടെ നടക്കാമെന്ന് നിനക്ക് വല്ല നേർച്ചയും ഉണ്ടായിരുന്നോ ചെക്കാ??” “നീയും ഏട്ടനും തമ്മിൽ എന്തെങ്കിലും ഉണ്ടോ?” “എന്ത്???” “പൊട്ടന്കളിക്കണ്ട…അന്ന് ഞാൻ കണ്ടതാണല്ലോ..രണ്ട് പേരും കൂടി…” “എടാ അത് നീ വിചാരിക്കുന്നത് പോലെ ഒന്നും അല്ല” “ഇതേ പോയിന്റ് തന്നെയാണ് ഏട്ടനും പറഞ്ഞത്…എനിക്ക് ഒന്ന് മാത്രം അറിഞ്ഞാൽ മതി..നിനക്ക് ഏട്ടനെ ഇഷ്ടമാണോ??” “നീ എന്തൊക്കെയാ ഈ ചോദിക്കുന്നത്??” “ഇഷ്ടമാണെങ്കിൽ…അത് ഏട്ടൻ അറിഞ്ഞിട്ടില്ലെങ്കിൽ…തത്കാലം പറയാതിരിക്കുന്നതാണ് നല്ലത്” അപ്പോഴേക്കും എനിക്ക് പോകാൻ ഉള്ള ബസ് വന്നു..വൈകിട്ട് കാണാം എന്ന് പറഞ്ഞ് മിഥുൻ പോയി…ഉള്ള സമാധാനം പോയെന്ന് പറഞ്ഞാൽ മതിയല്ലോ..

എന്ത് കൊണ്ടാകും അവൻ അങ്ങനെ പറഞ്ഞത്?? ക്ലാസ്സിൽ എത്തിയിട്ടും എനിക്ക് ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല.മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല…ഭ്രാന്തു പിടിക്കുന്നത് പോലെ.. “വേദു എന്തിനാടി ഇങ്ങനെ സമാധാനം കളയുന്ന കാര്യങ്ങൾ ഒക്കെ ചിന്തിച്ചുകൂട്ടുന്നത്…നീ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ” “എനിക്ക് അറിയില്ലെടി..ജിത്തേട്ടൻ അത്രക്ക് എന്നിൽ നിറഞ്ഞ് നിൽക്കുവാ” “അതിനും മാത്രം എന്ത് അടുപ്പമാ നിങ്ങൾ തമ്മിൽ ഉള്ളത്?” “അറിയില്ല…ഒരു നോട്ടത്തിൽ പോലും എന്നോടുള്ള ഇഷ്ടമാണ് ഞാൻ കാണുന്നത്” “അത് നിന്റെ മനസ്സിന്റെ കുഴപ്പം ആണ്…ആ ഒരു ചിന്തയോടെ നോക്കുമ്പോൾ എല്ലാം അതാണെന്നേ തോന്നു” “ആയിരിക്കാം…എന്തായാലും ഇനിയും വയ്യ..

അത് കൊണ്ട് ഇന്ന് തന്നെ ജിത്തേട്ടനോട് ഞാൻ സംസാരിക്കും” “എന്ത് സംസാരിക്കാൻ പോകുവാ നീ..ഏടി??” “എനിക്ക് അറിയില്ല കല്ലു..പക്ഷെ ജിത്തേട്ടനോട് സംസാരിച്ചാൽ മാത്രമേ എനിക്ക് ഇപ്പോൾ സമാധാനം കിട്ടുളു..” വൈകുന്നേരം വരെ എങ്ങനൊക്കെയോ ക്ലാസ്സിൽ ഇരുന്നു.എല്ലാ കുട്ടികളും പോകുന്നത് വരെ കാത്തിരുന്നു..കല്ലു വീണ്ടും ഉപദേശിക്കാൻ വന്നു..പക്ഷെ അതൊന്നും ഇപ്പോൾ എന്റെ തലയിലോട്ട് കയറില്ല..ടീച്ചേഴ്സും ഒരുവിധം പോയിക്കഴിഞ്ഞു…ഇത് തന്നെയാണ് ജിത്തേട്ടനോട് സംസാരിക്കാൻ പറ്റിയ സമയം…

ജിത്തേട്ടന്റെ മുറിയിലേക്ക് ഉള്ള ഓരോ സ്റ്റെപ്പും ഹിമാലയത്തിലേക്ക് ഉള്ള യാത്ര ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്…ഒരുവിധം മുകളിൽ എത്തി..ശ്വാസം നല്ലതുപോലെ ഒന്ന് വിട്ടു…ഒരുപാട് പ്രതീക്ഷകളോടെയും അതിലേറെ നെഞ്ചിടിപ്പോടെയും ഞാൻ ആ വാതിൽ തുറന്നു….ആ കാഴ്ച കണ്ട് എന്റെ സർവ്വ നാഡികളും തകർന്ന് പോയി….. ജിത്തേട്ടനെ കെട്ടിപിടിച്ച് നിൽക്കുന്ന അലീന..അവളുടെ മുടിയിഴകളെ തഴുകി ജിത്തേട്ടനും……….(തുടരും)

പ്രിയസഖി: ഭാഗം 8

Share this story