ദാമ്പത്യം: ഭാഗം 31

ദാമ്പത്യം: ഭാഗം 31

എഴുത്തുകാരി: തുഷാര ലക്ഷ്മി

അത്താഴം കഴിക്കാനിരിക്കുകയാണ് അരവിന്ദ്…. വിശപ്പ് താനിപ്പോൾ അറിയാറെ ഇല്ല…. അമ്മയുടെ നിർബന്ധം കാരണം വന്നിരുന്നതാണ്…. പ്രഭ ശേഖരനും, അരവിന്ദിനും ചപ്പാത്തിയും ,കറിയും വിളമ്പി… ശേഖരന്റെ അടുത്തായി വന്നിരുന്നു….ജാനുവമ്മ ആവണിമോൾക്ക്‌ ദോശ ചെറുതായി മുറിച്ചു പഞ്ചസാരയും മുക്കി കഴിപ്പിക്കുന്നുണ്ട്…. അമ്മമാർ ഒന്നിച്ചാണ് കഴിക്കുന്നത്… അപ്പോഴാണ് അഭിയും ആര്യയേയും കൊണ്ടു അവിടേയ്ക്കു വന്നത്… ഒരു കസേര നീക്കി ആര്യയെ ഇരുത്തി തൊട്ടടുത്തായി അവനും ഇരുന്നു…. തങ്ങൾക്കു വിളമ്പി തരാനായി എഴുന്നേറ്റ പ്രഭയെ തടഞ്ഞു അഭി തന്നെ ഒരു പ്ലേറ്റിൽ രണ്ടു ദോശ എടുത്തു..കുറച്ചു ചമ്മന്തി അതിന്റെ പുറത്തായി ഒഴിച്ചു…

ആര്യയുടെ മുഖം കണ്ടാൽ കൊല്ലാൻ കൊണ്ടു വന്ന പോലെയാണ്…. അഭി അതു ശ്രദ്ധിക്കാതെ ദോശ കറിയിൽ മുക്കി അവളുടെ നേർക്കു നീട്ടി… പക്ഷേ അവൾ അവനെ നോക്കി വേണ്ടായെന്നു തല ചലിപ്പിച്ചു…രണ്ടുമൂന്ന് ദിവസമായി അവൾക്കു നല്ല ശർദ്ദിയാണ്..ഒന്നും കഴിക്കാൻ വയ്യ…കഴിച്ചതൊക്കെ ഉടനെ അതിനിരട്ടിയായി പുറത്തേയ്ക്കു പോകും…കൂടെ വല്ലാത്ത ക്ഷീണവും… പക്ഷേ അഭിയുടെ രൂക്ഷമായ നോട്ടം കണ്ടതും അവൾ ദയനീയമായി പ്രഭയെ നോക്കി… പ്രഭയും, ശേഖരനും ,ജാനുവമ്മയും അവരുടെ ആ കുറുമ്പുകൾ നോക്കി ചെറുചിരിയോടെ ഇരിക്കുകയാണ്… എന്നെ നോക്കണ്ട..രണ്ടു ദിവസമായി ഒന്നും കഴിക്കുന്നില്ല അഭി ഇവള്…ഞങ്ങൾ പറഞ്ഞാൽ ഒന്നും കേൾക്കില്ല…

ഇനി നീ തന്നെ അവളെ കൊണ്ടു ആഹാരം കഴിപ്പിക്ക്…. തന്നെ പിണക്കത്തോടെ നോക്കുന്ന അവളെ പ്രഭ സ്നേഹത്തോടെ ശാസിച്ചു കൊണ്ടിരുന്നു… കഴിക്ക് മോളെ….ഛർദിക്കുമെന്നു പറഞ്ഞു കഴിക്കാതിരിക്കല്ലേ… കുറച്ച് എങ്കിലും കഴിക്ക്.. എനിക്ക് വേണ്ട ഏട്ടാ…ഞാൻ ഛർദിക്കും…എന്നവനോട് ശബ്ദം താഴ്ത്തി പറഞ്ഞു… പറ്റില്ല ശ്രീ…മര്യാദയ്ക്ക് വാ തുറന്നെ നീ…. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ…രണ്ടു മൂന്ന് ദിവസം കൊണ്ടു നീ ആകെ കോലംകെട്ടു…. അഭി അവളെ നോക്കി കണ്ണുരുട്ടി..അവനെ ഒന്നു കൂർപ്പിച്ചു നോക്കി അവൾ മെല്ലെ വാ തുറന്നു… അവളുടെ ആ കുറുമ്പ് ആസ്വദിച്ച് അവനൊരു ചിരിയോടെ ദോശ അവളുടെ വായിലേയ്ക്ക് വെച്ചു കൊടുത്തു… ഓരോന്ന് പറഞ്ഞും,

വിരട്ടിയും അവനവളെ കൊണ്ടത് മുഴുവൻ കഴിപ്പിച്ചു…. പക്ഷേ തനിക്കു ഛർദിക്കണമെന്നു തോന്നുന്നില്ല… അവൾക്കും അതു അത്ഭുതമായിരുന്നു… ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ മുതൽ അഭിയേട്ടൻ തനിക്കു ഭക്ഷണം വാരി തരുമായിരുന്നു…ഇവിടെ വന്നു ആ പതിവ് തെറ്റിയിരുന്നു… പതിയെ അവൾ തന്റെ കൈകൾ വയറ്റിൽ ചേർത്തുവച്ചു… അച്ഛൻ തരുന്നതാണോ കുഞ്ഞന് ഇഷ്ട്ടം…. മൗനമായി അവൾ തന്റെ കുഞ്ഞുമായി സംവദിച്ചു… സ്നേഹത്തോടെ അഭിയെ നോക്കിയിരുന്നു… ഈ സമയമെല്ലാം ഒരാൾ അവരെ രണ്ടാളെയും ശ്രദ്ധിച്ചു അടുത്തിരിക്കുന്നുണ്ടായിരുന്നു… അരവിന്ദ് വേദനയോടെ ആര്യയെ നോക്കി… അഭിയ്ക്ക് അവളോടുള്ള സ്നേഹം…അവളോട്‌ കാണിക്കുന്ന കരുതൽ…ഒക്കെ കണ്ടു നീറുന്ന മനസ്സോടെ അവനിരുന്നു….

നോക്കണ്ട എന്നവൻ ചിന്തിക്കുമ്പോഴേക്കും അതിനും മുന്നേ സ്വന്തം കണ്ണുകൾ തന്നെ അവനെ ചതിച്ചു കൊണ്ടു അവരെ തേടി പോകുന്നുണ്ടായിരുന്നു….. അവൾ തന്നെ ഒന്നു നോക്കുന്നു പോലുമില്ല…അവർ അവരുടെ മാത്രമായ ഒരു ലോകത്താണ്… ചെറിയ ക്ഷീണമുണ്ട്…… എന്നതൊഴിച്ചാൽ സന്തോഷവതിയാണവൾ….തന്റെ ഭാര്യയായിരുന്നപ്പോൾ അവളിങ്ങനെ സന്തോഷിച്ചു കണ്ടിട്ടില്ല… അതിനുള്ള അവസരം കൊടുത്തിട്ടില്ല…. മറ്റൊരുവളെ സന്തോഷിപ്പിക്കാൻ ഓടുന്ന തിരക്കിൽ ഈ ജന്മത്തെ മറന്നു പോയി…ഇല്ലാത്ത കുറ്റങ്ങൾ കണ്ടു പിടിച്ചു… വാക്കുകൾ കൊണ്ടു ഉപദ്രവിച്ചു… മൗനമായി എല്ലാം സഹിച്ചു അവൾ… പരിഭവമേതും പറയാതെ കൂടെ നിന്നു…. തള്ളിപ്പറയുന്നതുവരെ…. അവളന്നു കണ്ണീരോടെ ഇറങ്ങി പോകുന്നത് കണ്ടപ്പോൾ സന്തോഷിച്ചു….

ശല്യം പോയി എന്ന് കരുതി സമാധാനിച്ചു…എന്നിട്ട് എന്ത് നേടി… ആർക്കുവേണ്ടിയാണോ ഈ ദുഷ്ടത്തരങ്ങളൊക്കെ ചെയ്തത് അവളിപ്പോൾ എവിടെയെന്ന് പോലും അറിയില്ല…. ഒരു ഒപ്പിൽ സ്വതന്ത്രനായി എന്ന് സന്തോഷിച്ചു കോടതിയിൽ നിന്നിറങ്ങി കണ്ണീരോടെ നിൽക്കുന്നവളുടെ മുന്നിൽ മറ്റൊരുവളെ ചേർത്തു പിടിച്ചു…..അഹങ്കാരത്തോടെ… ഇന്ന് എല്ലാം നഷ്ട്ടപെട്ടു നിൽക്കുന്ന തനിക്ക് മുന്നിൽ എല്ലാ സന്തോഷത്തോടെയും,സുഖത്തോടെയും അവൾ ജീവിക്കുന്നത് കാട്ടിത്തന്നു കാലം അതിന്റെ ഏറ്റവും മഹത്തരമായ നീതി നടപ്പാക്കുന്നു…. തോൽവി…വലിയ തോൽവി… അനുഭവിച്ചേ മതിയാകൂ….വേദനയോടെ അവൻ മനസ്സിലാക്കുകയായിരുന്നു….

വേഗം കഴിച്ചെഴുന്നേറ്റു….പുറത്ത് ഗാർഡനിൽ ചെന്നിരുന്നു…..അമ്പിളിപൊട്ടു തിളങ്ങി നില്പുണ്ടായിരുന്നു….ഒപ്പം തണുത്ത കാറ്റു എന്തോ രഹസ്യമോതികൊണ്ടു ചുറ്റി കറങ്ങുന്നു…. അവിടെ കുറച്ചു നേരം ഇരുന്നപ്പോൾ മനസ്സിൽ ചെറിയൊരു ആശ്വാസം നിറയുന്നത് അവനറിഞ്ഞു… കുറച്ചു കഴിഞ്ഞതും പ്രഭയും ശേഖരനും അവന്റെ അടുത്ത് വന്നിരുന്നു…പ്രഭ കഴിക്കാനുള്ള ഗുളികകളും,ഒരു ഗ്ലാസ്‌ വെള്ളവും അവന്റെ മുന്നിലേയ്ക്കുവെച്ചു….അവനതെടുത്ത് കഴിച്ചു…. മോള് ഉറങ്ങിയോ അമ്മേ…?? നല്ല കരച്ചിലായിരുന്നു…ഒടുവിൽ ആര്യ അവളെ എടുത്തു കൊണ്ടു പോയി…. ബഹളമൊന്നുമില്ലാതെ അവളുടെ അടുത്ത് കിടക്കുന്നത് കണ്ടിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്….. പക്ഷേ ആര്യയ്ക്ക് പേടിയാ നിന്നെ…..

കുഞ്ഞിനെ അവൾ എടുക്കുന്നത് നിനക്കിഷ്ട്ടപെട്ടില്ലെങ്കിലോ എന്ന്… അതു കേട്ടതും അരവിന്ദ് അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു… എനിക്കിപ്പോ അങ്ങനെ ഇഷ്ടങ്ങളും,ഇഷ്ടക്കേടുകളുമൊന്നും ഇല്ലമ്മേ…. അവളോട്‌ പറഞ്ഞേക്ക്… അപ്പോഴേക്കും അഭിയും അവിടേയ്ക്കു വന്നു… കുഞ്ഞുറങ്ങിയോ മോനേ… പ്രഭ അവനോട് തിരക്കി… രണ്ടാളും ഉറങ്ങി അമ്മേ… അഭി അവരുടെ കൂടെ വന്നിരുന്നു കൊണ്ടു പറഞ്ഞു.. ഏറെ നാളുകൾക്കു ശേഷമാണ് തങ്ങൾ നാലാളും ഇങ്ങനെ ഒരുമിച്ചിരിക്കുന്നത്…ആ അച്ഛനുമമ്മയും സന്തോഷത്തോടെ അതു നോക്കി കണ്ടു…മൂത്ത മകന്റെ സന്തോഷം കൂടി തിരികെ നൽകണേയെന്ന് അവർ ആ നിമിഷം പ്രാർത്ഥിച്ചു പോയി… അവളെ പറ്റി എന്തെങ്കിലും വിവരം കിട്ടിയോ അഭി…. ഇല്ലച്ഛാ…ഇതുവരെ ഒന്നുമില്ല.. ഇത്ര വേഗം എവിടെ പോയി മറഞ്ഞു എന്നറിയില്ല….

പക്ഷേ എവിടെ പോയി ഒളിച്ചാലും കണ്ടുപിടിക്കും.. അഭി തെല്ലു വാശിയോടെ പറഞ്ഞു… എന്തിനാ അഭി…അവൾ എവിടേക്കാണെന്നുവെച്ചാൽ പൊയ്ക്കോട്ടേ…ഇനി എന്തിനാ അവളെ കണ്ടുപിടിക്കുന്നത്…?? അരവിന്ദിന്റെ ആ ചോദ്യം കേട്ടപ്പോൾ അഭിയ്ക്കു ദേഷ്യം വന്നു.. പിന്നെ എന്താ ചേട്ടന്റെ പ്ലാൻ..?? നിയമപരമായി അവളിപ്പോഴും ചേട്ടന്റെ ഭാര്യ ആണ്….ഡിവോഴ്സ് വാങ്ങണ്ടേ അവളിൽ നിന്നും…. ചേട്ടന്റെ ഭാര്യ എന്ന ലേബലിൽ നിന്നു കൊണ്ടു ഇനിയും ഓരോ വൃത്തികേട് കാണിക്കാൻ അവളെ അനുവദിക്കണോ… ?? ചേട്ടൻ ഇനി എങ്കിലും കാര്യങ്ങൾ ഉൾകൊള്ളാൻ ശ്രമിക്കണം… അരവിന്ദ് ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു…ശരിയാണ് അഭി പറയുന്നത്….ഒന്നിനും തനിക്കു മറുപടി ഇല്ല…

ഇപ്പോഴും ചിന്തിക്കുന്നതൊക്കെ തെറ്റാണ്.. മോനേ…!! നീ അവൾക്കു കുറച്ച് സ്വർണം ഒക്കെ വാങ്ങി കൊടുത്തിരുന്നില്ലേ..അതൊക്കെ എവിടെയാ സൂക്ഷിച്ചിരിക്കുന്നത്..?? പ്രഭ ഒരു മടിയോടെ അവനോടു തിരക്കി… അതൊക്കെ ലോക്കറിലാണമ്മേ….അവിടെ ഭദ്രമായുണ്ട്…. അമ്മയോടങ്ങനെ പറഞ്ഞുവെങ്കിലും അവന്റെ മനസ്സിലും അതൊരു കരടായി വീണിരുന്നു… ഒരു പെൺകുട്ടിയാണ് വളർന്നു വരുന്നതെന്ന് പറഞ്ഞും, സ്വർണമാണ് ഏറ്റവും നല്ല നിക്ഷേപമെന്നു പറഞ്ഞു നിമിഷ സ്വർണം വാങ്ങി കൂട്ടിയിരുന്നു….ഇടയ്ക്ക് ഡയമണ്ട് ആഭരണങ്ങളും വാങ്ങി കൊടുത്തിട്ടുണ്ട്… തന്റെ ഇത്ര നാളത്തെ ശമ്പളമെല്ലാം സ്വർണമാക്കി മാറ്റിയിരുന്നു….

അതുകൂടാതെ അച്ഛാച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്ന വസ്തു വിറ്റ കാശ് അച്ഛൻ തങ്ങൾ രണ്ടു മക്കൾക്കുമായി വീതിച്ചു തന്നിരുന്നു….നിമിഷ അത് കിട്ടിയ അന്നു തന്നെ സ്വർണ്ണം വാങ്ങി….എല്ലാം കൂടി ഏകദേശം നൂറ്റി ഇരുപത് പവനോളം വരും..ഡയമണ്ട് ആഭരങ്ങൾ വേറെയും.. രണ്ടാളുടെയും പേരിലാണ് ലോക്കർ എടുത്തിരിക്കുന്നത്…. നിമിഷ ഇടയ്ക്കിടെ തന്റെ കൂടെ ബാങ്കിലേക്ക് വരാറുണ്ട്…. ലോക്കറിൽ ഇരിക്കുന്നത് മാറ്റി എടുക്കാൻ… അവൾ സ്വർണ്ണം എടുക്കുന്നതും,തിരികെ വെയ്ക്കുന്നതുമൊന്നും താൻ ശ്രദ്ധിക്കാറില്ല….. അതിപ്പോഴും ലോക്കറിൽ ഉണ്ടോ….??ഉണ്ടാകും…താനവളുടെ കള്ളത്തരം ഇത്ര വേഗം മനസിലാക്കുമെന്നു അവൾ കരുതിയിട്ടുണ്ടാവില്ല…

അതുകൊണ്ടു സ്വർണ്ണം കൈക്കലാക്കാനുള്ള അവസരം അവൾക്കു കിട്ടി കാണില്ല….അത് സുരക്ഷിതമായി ലോക്കറിൽ ഉണ്ടാകും…. അവൻ ആശ്വസിക്കാൻ ശ്രമിച്ചു… ഏറെ നേരം സംസാരിച്ചിരുന്നിട്ടാണ് നാലാളും ഉറങ്ങാനായി പോയത്… പക്ഷേ മുറിയിലേക്കെത്തിയതും അതുവരെ ഉണ്ടായിരുന്ന സന്തോഷം തന്നെ വിട്ടു പോകുന്നത് അവനറിഞ്ഞു…വല്ലാതെ ഒറ്റപ്പെടൽ തോന്നി അവന്…. ഇത്ര ദിവസം ഈ മുറിയിൽ നിമിഷയും തന്റെ കൂടെ ഉണ്ടായിരുന്നു…. അവളെ ഓർമ്മ വന്നതും ഹൃദയം പിടഞ്ഞു… നിന്നെ സ്നേഹിച്ച പോലെ ഞാൻ മറ്റാരെയും സ്നേഹിച്ചിട്ടില്ല നിമിഷ..എന്നിട്ടും നീ എന്തിന് എന്നെ ചതിച്ചു…. ഇപ്പോഴും പൂർണമായി നിന്നെ വെറുക്കാൻ എനിക്ക് സാധിക്കുന്നില്ലല്ലോ…

ഓരോന്നോർത്തു കിടന്നു അവൻ… അന്നു നിമിഷയുടെ ഫോണിൽ വെങ്കി അയച്ച മെസ്സേജ് കാണുന്നതു വരെ എന്ത് സന്തോഷവാനായിരുന്നു താൻ.. തന്റെ ഭാര്യയുടെ ഉടലഴക് മറ്റൊരുത്തൻ വാക്കുകളാൽ വർണിച്ചിച്ചിരിക്കുന്നു…. അത് കണ്ട നിമിഷം..ഇപ്പോഴും അതോർക്കാൻ വയ്യ…അതിന് ശേഷം ഹൃദയത്തെ നോവിച്ചുകൊണ്ടു തനിക്കു മുന്നിൽ വെളിവായ സത്യങ്ങൾ….. അവ വീണ്ടും അവന്റെ നീറുന്ന നെഞ്ചിനെ കൂടുതൽ നോവിച്ചുകൊണ്ടിരുന്നു…അതിന്റെ പ്രതിഫലനം പോലെ കണ്ണുനീർ ചെന്നിയിലൂടെ ഒഴുകിയിറങ്ങി…. നോവോർമ്മകളിൽ കൂടി സഞ്ചരിച്ചു എപ്പോഴോ അവൻ നിദ്രയിലാണ്ടു…

രാവിലെ ഉറക്കമുണർന്നു താഴെയെത്തിയ അരവിന്ദ് കാണുന്നത് പ്രഭയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിന് കുറുക്കു കൊടുക്കുന്ന ആര്യയെയാണ്….ഒരു നേർത്ത ചിരിയോടെ അവൻ ആ കാഴ്ച്ച നോക്കി നിന്നു…മനസ്സിൽ വല്ലാത്തൊരു കുളിരു നിറയുന്നത് പോലെ… ജനുവമ്മ തട്ടി വിളിച്ചപ്പോഴാണ് അവൻ സ്വബോധത്തിലേയ്ക്ക് വന്നത്…ജാള്യതയോടെയവൻ അവർ നീട്ടിയ ചായ വാങ്ങി പുറത്തേയ്ക്കു നടന്നു… ആര്യയുടെ കൂടെ മോളെ കാണുമ്പോൾ എന്തിനാണ് തന്റെ മനസ്‌ ഇത്ര സന്തോഷിക്കുന്നത്….അവനത് മനസിലായില്ല… വലിച്ചെറിഞ്ഞത് വിലമതിക്കാനാകാത്ത ഒരു മാണിക്യമായിരുന്നെന്ന് അവനിന്നു തിരിച്ചറിഞ്ഞിരിക്കുന്നു…

തന്റേതെന്ന് പറയാൻ ഇന്ന് തനിക്കു അവകാശമില്ലാത്ത, ഒരിക്കൽ തന്റെ സ്വന്തമായിരുന്നവളുടെ സാന്നിധ്യം അവനിൽ ഒരേസമയം സന്തോഷവും, വേദനയും ,കുറ്റബോധയുമൊക്കെ നിറച്ചു തുടങ്ങിരുന്നു… തന്റെ മനസ്സിൽ പൊട്ടിമുളയ്ക്കുന്ന പുതിയ വികാരഭാവങ്ങളടക്കി അവൻ പെരുമാറാൻ ശ്രമിച്ചു…. അതുകൊണ്ടു തന്നെ തന്റെ മനസ്സിനെ ആശങ്കയിലാഴ്ത്തിയ ആ സമസ്യയ്ക്ക് ഉത്തരം കണ്ടെത്തണമെന്നുറപ്പിച്ചു രാവിലെ തന്നെ അഭിയുടെ കൂടെ അവൻ ബാങ്കിലെത്തി…

അഭിയുടെ കൂടെ ലോക്കർ റൂമിലേയ്ക്ക് കയറുമ്പോൾ അവന്റെ ഹൃദയം വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു… ലോക്കറിനുള്ളിൽ നിന്നെടുത്ത ആ ഒഴിഞ്ഞ ആഭരണപെട്ടി അവനെ അടുത്ത തോൽവിലേയ്ക്ക് വലിച്ചെറിഞ്ഞു… നിലത്ത് തല കുനിച്ചിരിക്കുന്ന അരവിന്ദിനെ കണ്ടപ്പോൾ അഭിയ്ക്കു വേദന തോന്നി…. പൂർണ പരാജിതനായി ഇരിക്കുന്നവനോട് എന്ത് പറയണമെന്നറിയാതെ അവൻ നിന്നു…….

തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദാമ്പത്യം: ഭാഗം 30

Share this story