ദാമ്പത്യം: ഭാഗം 32

ദാമ്പത്യം: ഭാഗം 32

എഴുത്തുകാരി: തുഷാര ലക്ഷ്മി

തിരികെയുള്ള യാത്രയിൽ ഇരുവരും മൗനത്തെ കൂട്ടുപിടിച്ചിരുന്നു….. അരവിന്ദ് കാറിൽ കയറിയപ്പോഴേ കണ്ണുകളടച്ചു സീറ്റിൽ ചാരി ഇരിക്കുകയാണ്… അവന്റെ മനോവേദന മനസ്സിലായതിനാൽ അഭിയും അവനെ ശല്യം ചെയ്യാൻ പോയില്ല…പക്ഷേ അരവിന്ദിന്റെ സമ്പാദ്യം മുഴുവൻ സ്വന്തമാക്കിയാണ് നിമിഷ കടന്നുകളഞ്ഞത് എന്ന വസ്തുത അഭിയ്ക്കും വലിയൊരു തിരിച്ചടിയായി… താൻ വിചാരിച്ചതിനേക്കാൾ ബുദ്ധിയുള്ളവരാണ് നിമിഷയും വെങ്കിയും… ചേട്ടന്റെ കൂടെ ബാങ്കിൽ പോകുന്ന സമയങ്ങളിൽ എപ്പോഴോ അവൾ ലോക്കറിൽ നിന്നു ആഭരങ്ങൾ മാറ്റിയിട്ടുണ്ട്..അതൊരുപക്ഷേ വീട്ടിൽ തന്നെയാകും അവൾ ഒളിപ്പിച്ചുവെച്ചത്…..

അന്നു ചേട്ടൻ സത്യങ്ങളറിഞ്ഞു അവളെ ഹോസ്പിറ്റലിൽ നിന്നു പറഞ്ഞു വിട്ടതിനു പിന്നാലെ എന്തിനാണവൾ വീട്ടിലേയ്ക്കു വന്നതെന്ന് സംശയം തോന്നിയിരുന്നു…മുറിയിലേയ്ക്കു പോയി കുറച്ച് സമയത്തിനകം അവൾ തിരികെ പോയെന്നു ശ്രീ പറഞ്ഞിരുന്നു… ഇപ്പോൾ മനസിലാകുന്നു ആ സ്വർണം എടുക്കാനാകും അവൾ വീട്ടിലെത്തിയത്…. അവരുടെ ബുദ്ധിയെ താൻ വില കുറച്ചു കണ്ടുവോ…?? അഭി സ്വയം ചോദിച്ചു… ചേട്ടനെ അറിയിക്കാതെ താൻ തന്നെ നിമിഷയുടെ പ്രശ്നം കൈകാര്യം ചെയ്താൽ മതിയായിരുന്നു…എങ്കിൽ ഒരുപക്ഷെ സാമ്പത്തികമായി ചേട്ടൻ തകരില്ലായിരുന്നു…

ഇതുവരെയും രണ്ടാളെയും കുറിച്ച് ഒരു വിവരവുമില്ല എന്നതും അഭിയെ നിരാശനാക്കി…. പക്ഷേ തങ്ങളുടെ കുടുംബത്തെ ഒന്നടങ്കം ചതിച്ച ആ രണ്ടു വ്യക്തികളെ വെറുതെ വിടാൻ അവന് കഴിയുമായിരുന്നില്ല…ബാങ്കിൽ നിൽക്കുമ്പോൾ തന്നെ അരവിന്ദ് കാണാതെ അവൻ പ്രദീപിനെ വിളിച്ചു വിവരങ്ങൾ കൈമാറിയിരുന്നു…. വീട്ടിലേയ്ക്കുള്ള വളവു തിരിഞ്ഞതും അഭി വണ്ടി ഒതുക്കി നിർത്തി… കണ്ണടച്ചിരിക്കുന്ന അരവിന്ദിനെ ഒരു നിമിഷം നോക്കി ഇരുന്നു… തനിക്കു ചേട്ടനോടിപ്പോൾ തോന്നുന്ന വികാരമെന്താണെന്നു അവനു മനസിലാകുന്നുണ്ടായിരുന്നില്ല….

ഇപ്പോൾ അരവിന്ദ് അനുഭവിക്കുന്നതിനൊക്കെ കാരണം അവൻ തന്നെയാണ്‌ എന്ന് അഭിക്കറിയാം… സ്വന്തം പിടിപ്പുകേടു കൊണ്ടു എല്ലാം നഷ്ട്ടമായവൻ…പക്ഷേ ശ്രീയോട് ചെയ്തതോർക്കുമ്പോൾ…..അഭിയ്ക്കു ചേട്ടനോട് ഒരേസമയം ദേഷ്യവും, അലിവും തോന്നി… അഭി തന്റെ കൈ അരവിന്ദിന്റെ തോളിലേക്ക് വെച്ചു.. അവൻ പെട്ടെന്ന് കണ്ണുകൾ തുറന്നു…. ഓർമ്മകളുടെ കടന്നുകയറ്റത്തിൽ അവന്റെ മനസ്സും, ശരീരവും ഒരുപോലെ തളർന്നു പോയിരുന്നു…..മനസ്സിലെ വേദനയും, സംഘർഷവും വിളിച്ചോതും പോലെ അവന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു…

ആകെ ക്ഷീണിച്ചിരിക്കുന്നു ചേട്ടൻ….താടിരോമങ്ങൾ നിറഞ്ഞ മുഖം….കണ്ണിനു ചുറ്റും കറുപ്പ് ബാധിച്ചിരിക്കുന്നു… ആത്മവിശ്വാസം നിറഞ്ഞു നിന്നിരുന്ന ആ കണ്ണുകളിൽ വേദന മാത്രമാണിന്നു..എന്നാലും ചിലത് പറയാതെ വയ്യ… ഇനി ചേട്ടൻ പറയില്ലല്ലോ..അവളെ വെറുതെ വിട്ടേക്കാൻ…അല്ലേ?? ചേട്ടൻ വിഷമിക്കണ്ട…അവൾ കൊണ്ടുപോയതൊക്കെ അവളുടെ കയ്യിൽ നിന്നു നമ്മൾ തിരികെ വാങ്ങും… അവൾ അതിനേക്കാൾ വിലപിടിപ്പുള്ള ചിലത് എന്നിൽ നിന്നു കൊണ്ടു പോയി അഭി…എന്റെ മനസ്സ്… എന്റെ സമാധാനം, എന്റെ സന്തോഷം, എന്റെ അഭിമാനം…..

അങ്ങനെ അങ്ങനെ വിലമതിക്കാനാകാത്ത പലതും….അതിനേക്കാൾ വലുതല്ലല്ലോ അഭി കുറച്ച് പൊന്ന്…. അരവിന്ദ് നിശബ്ദമായി അഭിയോട് സംവദിച്ചു….ഒരു വരണ്ട ചിരി മാത്രം അവനായി നൽകി…. കൃത്യമായ ഒരു മറുപടി അഭിയും പ്രതീക്ഷിക്കുന്നില്ലായിരുന്നു… തൽക്കാലം ഇത് അച്ഛനുമമ്മയും അറിയണ്ട ചേട്ടാ…. ഇപ്പോൾ തന്നെ അവർ ഒരുപാടു വിഷമിക്കുന്നുണ്ട്…… ഇതുകൂടി അറിഞ്ഞാൽ ആ പാവങ്ങൾ തകർന്നുപോകും… അഭി പറയുന്ന കേട്ടതും അരവിന്ദ് ഒന്നു പിടഞ്ഞു… എല്ലാം ഞാൻ കാരണമാണല്ലേ അഭി….അവൻ ക്ഷീണിച്ച സ്വരത്തിൽ തിരക്കി… അതേ….!!!! അഭി വാശിയോടെ ഉത്തരവും നൽകി…

പിന്നെയും എന്തോ പറയാനായി അരവിന്ദിനെ നോക്കിയതും തന്നെ നോക്കിയിരിക്കുന്ന ചേട്ടന്റെ കണ്ണിലെ വേദന തിരിച്ചറിഞ്ഞതും അവൻ അത് മനസിലടക്കി വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു… പോർച്ചിലേയ്ക്ക് വണ്ടി ഒതുക്കി നിർത്തിയിട്ടും ഇറങ്ങാതെ ശില പോലെ ഇരിക്കുകയായിരുന്നു അരവിന്ദ്… അഭി അരവിന്ദിന്റെ തോളിൽ തന്റെ കൈ ചേർത്തൊന്നമർത്തി…. അരവിന്ദ് തിരിഞ്ഞു അഭിയെ നോക്കി… നേരത്തേ പറഞ്ഞത് പോലെ ഇപ്പോൾ ആരും ഒന്നുമറിയണ്ട..സംശയം തോന്നാതെ എല്ലാവരോടും പെരുമാറണം… ചേട്ടൻ ഇങ്ങനെ വിഷമിച്ചിരിക്കാതെ ഇറങ്ങിക്കോ…

ഞാൻ ഓക്കേയാണ് അഭി… ജീവിതം തന്നെ നഷ്ട്ടപ്പെട്ടു…അതിൽ കൂടുതൽ ഇനി എന്ത് നഷ്ട്ടം വരാനാണ്..പക്ഷേ ഞാൻ ജീവിക്കും…ചെയ്ത തെറ്റുകളുടെ ഫലമാണ് ഇതെന്നറിയാം…പക്ഷേ എനിക്ക് ജീവിക്കണം അഭി…ജീവിച്ചേ പറ്റു…എന്റെ ആവണിയ്ക്ക് വേണ്ടി…അതുകൊണ്ടു എല്ലാം ഞാൻ നേരിടും… ഉറപ്പോടെ പറഞ്ഞു കൊണ്ടവൻ പുറത്തേയ്ക്കിറങ്ങി… ഹോസ്പിറ്റലിൽ പോകുന്നു എന്ന് പറഞ്ഞാണ് രണ്ടാളും വീട്ടിൽ നിന്നിറങ്ങിയത്… വണ്ടി വന്നു നിന്നപ്പോഴേ അമ്മയും ജനുവമ്മയും പുറത്തേയ്ക്കു വന്നിരുന്നു… കൂടെ കുഞ്ഞു ആവണിയുമുണ്ട്…. അഭി അമ്മമാരുടെ അടുത്തേയ്ക്കു ചെന്നു അവരുടെ ചോദ്യങ്ങൾക്കൊക്കെ ഉത്തരം പറയുകയാണ്…..

അത് ശ്രദ്ധിക്കാത അരവിന്ദ് ഒരു കയ്യാലെ മോളെയുമെടുത്ത് അകത്തേയ്ക്കു കയറി…ഡൈനിങ്ങ് ഹാളിലേക്കു വന്നു മോളെ നിലത്തു നിർത്തി ഒരു ഗ്ലാസ്‌ വെള്ളമെടുത്തു കുടിച്ചു… ഒരു കസേര നീക്കി അതിലേക്കിരുന്നു….താഴെ ഇരുന്നു കളിക്കുന്ന കുഞ്ഞിനെ നോക്കിയിരുന്നു.. എല്ലാം സൗഭാഗ്യങ്ങളുമുണ്ടെന്നു അഹങ്കരിച്ചിരുന്നു…. തന്നിൽ നിന്നാണ് നിമിഷ എല്ലാ സുഖസൗകര്യങ്ങളും അറിഞ്ഞതെന്ന് കരുതി….. അതുകൊണ്ടു തന്നെ ഓരോന്ന് വാങ്ങി കൊടുക്കാൻ വല്ലാത്തൊരു കൊതിയായിരുന്നു….

അവളുടെ മുഖത്തെ സന്തോഷം കാണാൻ…. സ്വർണാഭരണങ്ങൾ എത്ര കിട്ടിയാലും മതിയാകില്ലായിരുന്നു അവൾക്കു….അതാണ് മുഴുവൻ സമ്പാദ്യവും സ്വർണമാക്കി മാറ്റിയത്…പക്ഷേ അതിന് പുറകിൽ ഇങ്ങനെ ഒരു ചതി ..പ്രതീക്ഷിച്ചില്ല അത്…..കുഞ്ഞിനെ പോലും ഓർത്തില്ലലോ അവൾ….അവളുടെ കൂടെ ചോരയല്ലേ….??? അവൾക്കു അവകാശപ്പെട്ടത് കട്ടെടുക്കുമ്പോൾ അവളുടെ കൈ വിറച്ചു കാണില്ലേ…?? അവൻ സ്വയം ഓരോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു.. എല്ലാം ഒന്നിൽ നിന്നു തുടങ്ങണം ഇനി….തളർന്നിരുന്നാൽ എങ്ങുമെത്തില്ല എന്നവന് അറിയാമായിരുന്നു….

ഓരോന്നോർത്ത് അവനിൽ നിന്നൊരു ദീർഘനിശ്വാസമുയർന്നു… അപ്പോഴാണ് ആര്യ അമ്മയുടെ മുറിയിൽ നിന്നിറങ്ങി വന്നത്….അവളെ കണ്ടതും അരവിന്ദിന്റെ മുഖം വിടർന്നു….കുളികഴിഞ്ഞു വന്നതാണ്..മുടിയിൽ തോർത്ത്‌ ചുറ്റി കെട്ടി വെച്ചിരുന്നു… ഒരു ചുവന്ന ചുരിദാർ ആണ് വേഷം… ഗർഭിണി ആണെങ്കിലും വയർ ഒന്നും ആയിട്ടില്ല….പക്ഷേ പണ്ടത്തെ പോലെയല്ല… സൗന്ദര്യം ഒന്നു കൂടി കൂടിയ പോലെ…അല്പം കൂടി നിറം വെച്ച്…മുഖമൊക്കെ നല്ല തുടുത്തിരിക്കുന്നു….അവനവളെ നോക്കിയിരുന്നു പോയി….

ആര്യയും അവനെ കണ്ടു ആദ്യം ഒന്നു പതറി… അവന്റെ നോട്ടം തന്നിൽ ആണെന്ന് കണ്ടതും അവൾ അസ്വസ്ഥയായി…. തിരികെ മുറിയിലേയ്ക്കു പോകാനായി തിരിയുമ്പോഴേക്കും അഭി അമ്മമാരേയും കൂട്ടി അവൾക്കടുത്തേയ്ക്കു വന്നിരുന്നു… അഭിയെ കണ്ടതും അവളുടെ മുഖത്തെ സന്തോഷം അരവിന്ദ് ശ്രദ്ധിച്ചിരിക്കുകയായിരുന്നു…. അഭി അടുത്ത് വന്നു അവളെ ചേർത്തു പിടിക്കുന്നതും, ഒരു പൂച്ചകുഞ്ഞിനെ പോലെ അവളവന്റെ നെഞ്ചോരം ചാഞ്ഞുകൊണ്ടാ കരവാലയത്തിലേക്ക് ഒതുങ്ങി നിൽക്കുന്നതുമൊക്കെ വല്ലാത്തൊരു നോവോടെ അവൻ കണ്ടിരുന്നു….

ചേട്ടന്റെ കണ്ണുകൾ തങ്ങളിലാണെന്നു അഭിയും ശ്രദ്ധിക്കുണ്ടായിരുന്നു… തങ്ങളെ തുറിച്ചു നോക്കി ഇരിക്കുന്നുണ്ടെങ്കിലും അവന്റെ കണ്ണിലെ വേദന അഭിയ്ക്കു മനസിലായി…. അവൻ പെട്ടെന്ന് അവളുമായി മുറിയിലേയ്ക്കു നടന്നു… അവൾക്കു മുന്നിൽ നിമിഷയുടെ ചതിയുടെ പുതിയ താളു തുറന്നു കാട്ടുമ്പോൾ തെല്ലൊരമ്പരപ്പോടെ എല്ലാം കേട്ടിരിക്കുകയായിരുന്നു അവളും…. ആര്യയപ്പോൾ ഓർത്തത് അരവിന്ദിനെ കുറിച്ചായിരുന്നു…. തന്റെ മുന്നിൽ തന്നെയാണിതൊക്കെ….തുടരെ തുടരെ തോൽവികൾ ഏറ്റുവാങ്ങുകയാണയാൾ… ദേഷ്യവും, വെറുപ്പുമൊക്കെ ഉണ്ടെങ്കിലും അയാൾ നശിച്ചു പോകണമെന്ന് താനിന്നോളം ആഗ്രഹിച്ചിട്ടില്ല… അഭിയുടെ സ്വരമാണവളെ ഓർമ്മകളിൽ നിന്നുണർത്തിയത്…

തൽക്കാലം നീ അമ്മയോട് പോലും പറയരുത് ഇക്കാര്യം… മൂത്ത മോൻ ഒറ്റയ്ക്കു കണ്ടുപിടിച്ച മുതലിന്റെ സമ്മാനങ്ങൾ എല്ലാം കൂടി അവര് ഒരുമിച്ചു താങ്ങില്ല… ചെറിയൊരു പുച്ഛം കലർന്നിരുന്നു അവന്റെ സംസാരത്തിൽ… അവരെ അറിയിക്കാതെ ഇതൊക്കെ പരിഹരിക്കണം…എത്രയും വേഗം രണ്ടിനെയും കണ്ടെത്തണം.. കട്ടോണ്ടു പോയതൊക്കെ ആഘോഷിച്ചു തീർക്കുന്നതിനു മുന്നേ തിരികെ വാങ്ങണം…. പക്ഷേ ഇതുവരെയും രണ്ടും എവിടെയാണെന്ന് ഒരു സൂചന പോലും കിട്ടിയില്ല…. പോലീസ് അന്വേഷിക്കുന്നുണ്ടല്ലോ ഏട്ടാ…. എവിടെപ്പോയി ഒളിച്ചാലും അവര് കണ്ടു പിടിക്കും…

ഏട്ടൻ വിഷമിക്കണ്ട… നിരാശയോടെ പറയുന്നവനെ അവൾ ആശ്വസിപ്പിച്ചു…. അതിനിടയിൽ മറ്റൊരു കാര്യം ഞാൻ കണ്ടുപിടിച്ചു മോളെ….ചേട്ടന് നിന്നോടുള്ള സമീപനത്തിൽ നല്ല മാറ്റമുണ്ട് ശ്രീ..നീ ശ്രദ്ധിച്ചായിരുന്നോ അത്…?? മ്മ്…!!! ആര്യ താല്പര്യമില്ലാതെ ഒന്നു മൂളി.. അവൻ പറഞ്ഞത് ശരിയാണെന്നു അവൾക്കു അറിയാം… കുറച്ചു മുന്നേ കൂടി തന്നെ നോക്കിയിരുന്ന അരവിന്ദിനെ അവൾ ഓർത്തു… ഇന്നലെയും,ഇന്ന് രാവിലെ കഴിക്കാനിരുന്നപ്പോഴൊക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ചേട്ടനെ… നേരത്തേ ഞങ്ങൾ അകത്തേയ്ക്കു വന്നപ്പോഴും കണ്ടു ചേട്ടൻ നിന്നെ നോക്കിയിരിക്കുന്നത്…. ഒരു ചെറു ചിരിയോടെ പറയുന്ന അഭിയെ അവൾ ഒന്നു കൂർപ്പിച്ചു നോക്കി….. എന്നോടുള്ള ദേഷ്യം കൂടി കാണും അയാൾക്ക്‌….??

അതാകും ഇങ്ങനെ തുറിച്ചു നോക്കുന്നത്.. ഏയ്… ദേഷ്യത്തിലൊന്നുമല്ല ഇപ്പോൾ നോക്കുന്നത്.. നഷ്ടബോധം ആണ് മോളെ ആ കണ്ണുകളിൽ…. എനിക്കത് തിരിച്ചറിയാൻ പറ്റുന്നുണ്ട്…കൈവിട്ടു കളയണ്ടായിരുന്നെന്നു ഇപ്പോൾ തോന്നുന്നുണ്ടാകും…. അതാകും കൂടെ കൂടെ നിന്നെ ഒളിച്ചു നോക്കുന്നത്… തന്നെ രൂക്ഷമായി നോക്കുന്നവളെ കണ്ടതും അഭിയുടെ ചുണ്ടിൽ ഒരു കുസൃതിചിരി വിരിഞ്ഞു…. അതിന്….?? നീ ഇങ്ങനെ നോക്കുന്നതതെന്തിനാ…ഞാൻ പറഞ്ഞത് സത്യമാടി…അങ്ങേർക്കു ഇപ്പോ നിന്നെ കാണുമ്പോൾ നഷ്ടബോധം ഉണ്ട്…. ഇതിന്റെ ഒരിളക്കം ഉണ്ട് നിന്നെ കാണുമ്പോൾ…അതാ നിന്നെ നോക്കുന്നതൊക്കെ… അഭി അവളെ തന്നിലേക്ക് ചേർത്തിരുത്തി… പക്ഷേ എനിക്കത് അങ്ങ് അനുവദിച്ചു കൊടുക്കാൻ പറ്റില്ലല്ലോ…

ചേട്ടന്റെ പുതിയ അസുഖത്തിനുള്ള മരുന്ന് എന്റെ കയ്യിലുണ്ട്… എന്റെ പെണ്ണിനെ ഞാൻ അല്ലാതെ ആരും നോക്കണ്ട….അതെന്റെ സ്വാർത്ഥത മാത്രമല്ല… തെറ്റ് ചെയ്യാൻ ഞാൻ ഇനി അയാളെ അനുവദിക്കില്ല ശ്രീ…. അതുകൊണ്ട് കൂടിയാണ്… ഏത് വിഷയത്തിനും അഭിയുടെ കയ്യിൽ പരിഹാരമുണ്ടാകുമെന്നവൾക്കറിയാം…. ആ ഹൃദയതാളം ശ്രവിച്ചു അവനോടു ചേർന്നിരുന്നപ്പോൾ അത് തന്നിൽ വല്ലാത്തൊരു സമാധാനം നിറയ്ക്കുന്നത് അവളറിഞ്ഞു… ഈ സ്നേഹത്തണൽ ഉള്ളടത്തോളം താൻ ഒന്നിനെയും പേടിക്കേണ്ടതില്ല…..അവൾ അവനെ മുറുകെ പുണർന്നു…. 💙🎉ദാമ്പത്യം,🎉💙

മോളെ ചേർത്തു പിടിച്ചു കിടക്കുകയാണ് അരവിന്ദ്…..ഡോറയുടെ ഒരു പാവയും കെട്ടിപിടിച്ചു കിടന്നാണ് ആളുടെ ഉറക്കം….. അവനവളുടെ തുടുത്ത കവിളിൽ ഒരു മുത്തം നൽകി … വാശിക്കാരിയൊന്നുമല്ല ആവണി… ഇടയ്ക്ക് നിമിഷയെ ഓർമ്മ വരുമ്പോൾ ഒരു കരച്ചിലുണ്ട്….. അല്ലാത്തപ്പോഴൊക്കെ അവൾ ഒരു സാധു ആണ്… നിർബന്ധങ്ങളൊന്നുമില്ലാതെ ഒരിടത്തിരുന്നു കളിക്കും, കൊടുക്കുന്ന ഭക്ഷണം വലിയ വാശി കാണിക്കാതെ കഴിക്കും… പാവം എന്റെ മോള്..എന്താകും കുഞ്ഞേ നിന്റെ ഭാവി…എനിക്ക് ഒറ്റയ്ക്ക് കഴിയുമോ നിന്നെ വളർത്താൻ…. അരവിന്ദ് മകളെ കുറച്ചു കൂടി അടുത്തേയ്ക്കു ചേർത്തു കിടത്തി…. അവന്റെ കണ്ണുകൾ പെയ്തു തുടങ്ങിയിരുന്നു… ഓർമ്മകളിൽ നീറി എപ്പോഴോ അവൻ നിദ്രയിലാണ്ടു…… 💙🎉ദാമ്പത്യം🎉💙

തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദാമ്പത്യം: ഭാഗം 30

Share this story