❤️കലിപ്പന്റെ വായാടി❤️ : ഭാഗം 48

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 48

എഴുത്തുകാരി: ശിവ നന്ദ

ചേച്ചിയുടെ ഈ മാറ്റം ഞങ്ങളിൽ ഉണ്ടാക്കിയ സന്തോഷം ചെറുതൊന്നുമല്ല.എല്ലാത്തിലുമുപരി നന്ദുവേട്ടന്റെ ജീവിതം..അത് ശിഖ ചേച്ചിയുടെ ഓർമകളിൽ കുരുങ്ങിക്കിടക്കുകയാണ്. “എടാ സച്ചി എവിടെ?” പോകാനായി നന്ദുവേട്ടൻ ഇറങ്ങിയപ്പോൾ ആണ് ശിവേട്ടൻ ചോദിച്ചത്. “നിഹിലയ്ക്ക് എക്സാം അടുത്തെന്നോ അവൾ അതിന്റെ ടെൻഷനിൽ ആണെന്നോ ഒക്കെ പറഞ്ഞ് അവളുടെ അടുത്തേക്ക് പോയിട്ടുണ്ട്.” “അവൾക്ക് ടെന്ഷൻ ഉള്ളതിന് സച്ചിയേട്ടൻ പോയി എന്ത് ചെയ്യാനാ??” “അത് മനസ്സിലാകണമെങ്കിൽ പഠിക്കുന്ന കാലത്ത് പ്രണയിച്ച് നടക്കണമായിരുന്നു” “എന്നാ ശിവേട്ടൻ എന്റെ സ്കൂളിൽ വന്നങ്ങ് പ്രൊപ്പോസ് ചെയ്യാഞ്ഞത് എന്താ??” “ഓ രണ്ടുംകൂടി തുടങ്ങി..

അതേ എന്റെ കാശി നിങ്ങളെ കണ്ടാ വളരേണ്ടത്..അവന്റെ അച്ഛനും അമ്മയും ആണെന്ന മെച്ച്യൂരിറ്റി എങ്കിലും കാണിക്കണം” കൈകൂപ്പിയുള്ള നന്ദുവേട്ടന്റെ പറച്ചിൽ കേട്ടപ്പോൾ ശിവേട്ടൻ എന്നെ കള്ളച്ചിരിയോടെയൊന്ന് നോക്കി. “പിന്നെ ഗൗരി…നീ ഈ എക്സാം എഴുതുന്നുണ്ടോ?” “ഇല്ലാ നന്ദുവേട്ടാ.. ഒന്നും പ്രിപെയർ ചെയ്തിട്ടില്ല. എല്ലാ പേപ്പേഴ്സും അവസാനം ഒരുമിച്ച് എഴുതാമെന്ന് വിചാരിക്കുവാ” “അത് ചുമ്മാ വിചാരിച്ചാൽ മാത്രം പോരാ..ഇവിടിരുന്ന് പ്രിപെയർ ചെയ്തോണം.നിന്റെ നോട്സ് ഒക്കെ സച്ചി ഇവിടെ എത്തിക്കും.ജിത്തു..നീ വേണം ഈ പെണ്ണിനെ പിടിച്ചിരുത്തി പഠിപ്പിക്കാൻ” “ആ കാര്യം ഞാൻ ഏറ്റു മോനേ” എന്നെ മൊത്തത്തിൽ ഒന്ന് നോക്കി മീശ പിരിച്ച് ശിവേട്ടൻ അത് പറഞ്ഞതും നന്ദുവേട്ടന്റെ കൈ ഏട്ടന്റെ ചെവിയിൽ പിടുത്തമിട്ടിരുന്നു.

“എന്റെ കൊച്ചിന്റെ പഠിത്തം കളയുന്ന തരത്തിലുള്ള റൊമാൻസും ആയിട്ട് ആ റൂമിലേക്ക് നീ കയറിയേക്കരുത്” “ഇതെന്തൊരു കഷ്ടമാ നന്ദു..ഞാൻ എന്റെ വികാരങ്ങൾ ഒക്കെ എങ്ങനെ ഒതുക്കി നിർത്തും” ശിവേട്ടന്റെ സംസാരം കേട്ട് എന്റെ തൊലി ഉരിഞ്ഞുപോയി. ഒരു നാണവും ഇല്ലാത്ത ഒരു മനുഷ്യൻ. “അതൊക്കെ അവൾ പഠിച്ച് കഴിഞ്ഞ് ഫ്രീ ആയിട്ട് മതി. രാത്രി മുഴുവനും നിങ്ങൾക് മുന്നിൽ ഉണ്ടല്ലോ” എന്നെ നോക്കി ഒരു പതുങ്ങിയ ചിരിയും ചിരിച്ച് നന്ദുവേട്ടൻ പോയതും ശിവേട്ടന്റെ വയറ്റിൽ ഒരു കുത്തും കൊടുത്ത് ഞാൻ അകത്തേക്ക് നടന്നു. “ഹാ നിക്ക് പെണ്ണേ” “വിട് ശിവേട്ട..ഒരു നാണവും ഇല്ലാതെ ഓരോന്നങ്ങ് വിളിച്ച് കൂവും” “വേറെ ആരോടും അല്ലല്ലോ.. എന്റെ നന്ദുട്ടനോട് അല്ലേ” “കൂടുതൽ ചിണുങ്ങല്ലേ ചെക്കാ” “ചെക്കാന്നോ?? ഡീ കാന്താരി…”

ശിവേട്ടൻ എന്നെ പിടിക്കാൻ വന്നപ്പോഴേക്കും ഞാൻ ഓടി റൂമിൽ കയറിയിരുന്നു. അവിടെ അപ്പോഴും കുഞ്ഞിന്റെ കൈയിൽ പിടിച്ച് കൊണ്ടിരിക്കുവാണ് ശിഖ ചേച്ചി. ഒരുവിധമാണ് അവന്റെ അടുത്തുനിന്നും ചേച്ചിയെ അമ്മ കൊണ്ട് പോയത്. രാത്രി ആയപ്പോൾ തന്നെ ഒരുകെട്ട് നോട്സ് സച്ചിയേട്ടൻ കൊണ്ടുതന്നു.ഇപ്പോഴാണത്രെ നിഹിലയുടെ ടെന്ഷൻ മാറ്റി അവളെ ഹോസ്റ്റലിൽ കൊണ്ടാക്കിയതെന്ന്.ഇക്കണക്കിനു പോയാൽ അവൾ ഉടനെ തന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താകും.നോട്സ് തന്ന കൂട്ടത്തിൽ കുറേ ഉപദേശങ്ങളും ഏട്ടന്റെ വക ഉണ്ടായിരുന്നു.സപ്പ്ളി അടിച്ച പേപ്പേഴ്സ് ഇതുവരെ ക്ലിയർ ചെയ്യാത്ത ആളാണ്‌ ഈ പറയുന്നതെന്ന് ഓർത്തപ്പോൾ അറിയാതെ ഞാൻ ചിരിച്ചുപോയി.

കുഞ്ഞിനെ സച്ചിയേട്ടനെ ഏല്പിച്ച് ഞാൻ റൂമിൽ വന്ന് നോട്സ് എല്ലാം ഒന്ന് അറേഞ്ച് ചെയ്‌തുവെച്ചു.ഇന്നുതൊട്ട് പഠിച്ച് തുടങ്ങണം. കുറച്ച് കഴിഞ്ഞപ്പോഴേക്കും ശിവേട്ടൻ വന്നു.ഒരു കാൾ വന്നപ്പോൾ ഓഫീസിലേക്ക് പോയതാ ആള്. “ആഹാ നീ പഠിത്തം തുടങ്ങിയോ?” “പിന്നല്ലാതെ..എന്റെ ഏട്ടന്മാർ എന്നെകൊണ്ട് റാങ്ക് വാങ്ങിപ്പിക്കാനുള്ള പുറപ്പാടിൽ അല്ലേ” “റാങ്ക് ഒന്നും വാങ്ങണമെന്നില്ല..നീ നല്ല രീതിയിൽ ഒന്ന് പാസ്സ് ആയാൽ മതി” “മ്മ്മ് മ്മ്മ്….അല്ല സച്ചിയേട്ടൻ എവിടെ?” “അവൻ പോയി” “അപ്പോൾ കുഞ്ഞോ??” “അവൻ ശിഖയുടെ കൈയിൽ ഉണ്ട്” “ശിഖ ചേച്ചിയുടെ കൈയിലോ???” “അതേ എന്താടി” “ചേച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്തിട്ട് ഏട്ടൻ ഇങ്ങ് പോരുന്നോ??” “എന്താ ഗൗരി നിനക്ക് പറ്റിയ?” “ഞാൻ അങ്ങോട്ട് ചെല്ലട്ടെ” “ഗൗരി നിക്ക്..” ശിവേട്ടന്റെ വാക്കുകൾ കേട്ട് നില്കാൻ എനിക്ക് തോന്നിയില്ല.

എത്രയും വേഗം കുഞ്ഞിന്റെ അടുത്ത് എത്തണം.എന്തോ വല്ലാത്തൊരു പേടി പോലെ.ചേച്ചിയുടെ തോളിൽ അവൻ കിടക്കുന്നത് കണ്ടപ്പോൾ ചേച്ചി ശ്രദ്ധിച്ച് പിടിച്ചില്ലെങ്കിൽ അവൻ വീണുപോവില്ലേ എന്ന ചിന്തയിൽ എന്റെ ഉള്ളൊന്ന് പിടഞ്ഞു. “എന്താ മോളെ??” നന്ദുവേട്ടന്റെ അമ്മയെ അടുത്ത് കണ്ടതും എനിക്ക് ചെറിയൊരു ആശ്വാസം തോന്നി.അമ്മയുടെ ഒരു ശ്രദ്ധ കുഞ്ഞിന്റെ മേൽ ഉണ്ടാകുമെന്ന് അറിയാം.ഞാൻ പറയാതെ തന്നെ എന്റെ അവസ്ഥ മനസിലാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു ചേച്ചിയുടെ കൈയിൽ നിന്നും കുഞ്ഞിനെ അമ്മ വാങ്ങി.സങ്കടത്തോടെ അമ്മയെ നോക്കുന്ന ചേച്ചിയോട് പാല് കൊടുത്തിട്ട് കൊണ്ടുവരാമെന്ന് പറഞ്ഞ് ഞാൻ കാശിയെ എടുത്ത് റൂമിലേക്ക് നടന്നു.

കൈ രണ്ടും നെഞ്ചിൽ പിണച്ചുവെച്ച് വാതിലിൽ ചാരി നിൽക്കുന്ന ശിവേട്ടനെ ശ്രദ്ധിക്കാതെ ഞാൻ കുഞ്ഞിനെ കട്ടിലിലേക്ക് കിടത്തി. “എന്താടോ തനിക്കും പേടിയായി തുടങ്ങിയോ അവളെ?” ശാന്തമെങ്കിലും ആ ശബ്ദത്തിലെ ഇടർച്ച ഞാൻ തിരിച്ചറിഞ്ഞു. “ചേച്ചിയോട് ഉള്ള പേടി അല്ല.ഒരമ്മ മനസിന്റെ കരുതൽ ആണ് ഇപ്പോൾ എന്നെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്.കുഞ്ഞല്ലേ ഏട്ടാ..നല്ലതുപോലെ പിടിച്ചില്ലെങ്കിൽ അവൻ കൈയിൽ നിന്ന് വഴുതിപ്പോകും..അതൊന്നും ചേച്ചിക്ക് അറിയില്ല” “അമ്മ കൂടെ ഉണ്ടായിരുന്നത് കൊണ്ടാ ഞാൻ ധൈര്യപൂർവം കാശിയെ അവളെ ഏല്പിച്ചത്.” “അതവിടെ ചെന്നപ്പോഴാ എനിക്ക് മനസിലായത്” “അതിന് ഞാൻ ഒന്ന് പറയാനുള്ള സാവകാശം പോലും നീ തന്നില്ലല്ലോടി..

അതിന് മുൻപേ ഓടി കളഞ്ഞില്ലേ” “അത് പിന്നെ പെട്ടെന്ന് കുഞ്ഞിനെ കാണാഞ്ഞപ്പോൾ…ഞാൻ…” “മ്മ്മ് മ്മ്..വന്നുവന്ന് എന്നെ സ്നേഹിക്കാൻ ഇവിടാരുമില്ലാതായി” ചുണ്ട് പിളർത്തികൊണ്ട് കുഞ്ഞിപ്പിള്ളേരെ പോലെ ശിവേട്ടൻ പരാതി പറഞ്ഞപ്പോൾ ആ നെറ്റിയിലേക്ക് ഞാൻ ചുണ്ട് ചേർത്തു.ഇടിപ്പിലൂടെ കൈചേർത്ത് പിടിച്ചപ്പോൾ ആണ് ശിവേട്ടന്റെ കള്ളത്തരം എനിക്ക് മനസിലായത്. “ശിവേട്ട..എന്താ ഇത്..” “എന്ത്???” എന്റെ കണ്ണുകളിലേക്ക് നോക്കി ഏട്ടൻ ചോദിച്ചപ്പോൾ മറുപടി പറയാൻ പോലും ഞാൻ മറന്നു.ആ സമയം മതിയായിരുന്നു ഏട്ടന് അധരങ്ങൾ തമ്മിൽ ചേർക്കാൻ. ശിവേട്ടന്റെ നെഞ്ചിലെ ചൂടുപറ്റി കിടക്കുമ്പോൾ ഏട്ടൻ എന്തോ ആലോചനയിൽ ആയിരുന്നു.

“ഈ മനസ്സ് ഇവിടെങ്ങും അല്ലല്ലോ” ചരിഞ്ഞ് കിടന്നു എന്റെ നെറുകയിൽ മുത്തികൊണ്ട് ഒന്നുകൂടി എന്നെയാ നെഞ്ചിലേക്ക് ചേർത്ത് കിടത്തി. “പറ ശിവേട്ട…എന്താ ഈ ആലോചിക്കുന്ന? ” “ഞാൻ പഴയതൊക്കെ ഒന്ന് ഓർത്തതാ പെണ്ണേ..ഞങ്ങളുടെ കുട്ടിക്കാലവും പഠനവും സൗഹൃദവും ഒക്കെ..” “എന്തേ ഇപ്പോൾ അതൊക്കെ ഓർക്കാൻ??” “അല്ല..എല്ലാവരേക്കാൾ മുന്നേ പ്രണയിക്കാൻ തുടങ്ങിയത നന്ദു.പഠിത്തം മാത്രം മനസ്സിൽ കൊണ്ടുനടന്ന അവനാണ് ആദ്യം വിവാഹജീവിതത്തെ കുറിച്ച് സ്വപ്നം കണ്ടത്..ഇന്നിപ്പോൾ എനിക്ക് കുഞ്ഞ് വരെ ജനിച്ചു..സച്ചിയും പ്രണയിച്ച് നടക്കുന്നു..അപ്പോഴും എന്റെ നന്ദു..” “ഇങ്ങനെ സങ്കടപെടാനും മാത്രം ഒന്നുമില്ല ശിവേട്ട..

ചേച്ചിക്ക് നമ്മൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ ആണ് പുരോഗതി.ഏട്ടൻ നോക്കിക്കോ കാശി ഇവിടെ ഓടിച്ചാടി നടക്കുമ്പോൾ അവന് കൂട്ടായിട്ട് നന്ദുവേട്ടന്റെ കുഞ്ഞും ഉണ്ടാകും” എന്റെ വാക്കുകൾ ശിവേട്ടന്റെ സങ്കടം എല്ലാം മാറ്റി.അത് എനിക്ക് തന്നെ പണിയായെന്ന് മനസിലായത് ഏട്ടന്റെ കൈകൾ വീണ്ടും കുസൃതി കാട്ടാൻ തുടങ്ങിയപ്പോൾ ആണ്.കൂർപ്പിച്ച് ഒന്ന് നോക്കിയപ്പോഴേക്കും ആ നിശ്വാസം എന്റെ കഴുത്തിടുക്കിൽ പതിഞ്ഞിരുന്നു..കൂട്ടത്തിൽ ആ ചുണ്ടിന്റെ നനവും…. ***

നാലാം മാസത്തിൽ തന്നെ കുഞ്ഞിന്റെ ചോറൂണ് നടത്തണമെന്ന് മുത്തശ്ശി പറഞ്ഞപ്പോൾ തന്നെ അത് നടത്തിയേ ഇനി വിശ്രമം ഉള്ളെന്ന് പറഞ്ഞ് ഇറങ്ങിയതാ ശിവേട്ടൻ.കൂട്ടിനു വാനരപ്പട പോലെ ഏട്ടന്മാർ മൂന്നും ഉണ്ട്.അമ്പലത്തിൽ പോയി അതിനുള്ള കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോഴും എല്ലാവരെയും അറിയിക്കുമ്പോഴും വല്ലാത്ത ഉത്സാഹം ആയിരുന്നു അവർക്ക്.കുഞ്ഞിന്റെ ഓരോ ചടങ്ങുകളും അത്രത്തോളം ഗംഭീരമാക്കാൻ ശ്രമിക്കുന്ന ഏട്ടന്മാരെ കാണുമ്പോൾ പലപ്പോഴും കണ്ണുനിറയാറുണ്ട്.. ചോറൂണ് ദിവസം എല്ലാവരും വീട്ടിൽ എത്തിയിരുന്നു.സൗഭാഗ്യയ്ക്ക് മോർണിംഗ് ഷിഫ്റ്റ്‌ ആയിരുന്നു.അവൾ വഴക്കിട്ട് അത് ഇവെനിംഗ് ആകിയിട്ടാണ് വന്നത്.

എല്ലാവരെയും കൂടി കണ്ടപ്പോൾ ശിഖ ചേച്ചിയുടെ മുഖത്ത് സന്തോഷം ആയിരുന്നു.എന്നാൽ കുഞ്ഞിനെ ചേച്ചിയുടെ കൈയിൽ കൊടുക്കാത്തതിന് കുഞ്ഞ് സങ്കടം ഇടയ്കിടയ്ക് ആ മുഖത്ത് നിഴലിക്കും.കുഞ്ഞ് ഗിരിയേട്ടന്റെ കൈയിൽ ആയതു കൊണ്ട് ചേച്ചിക്ക് പോയി പിടിച്ചുവാങ്ങാനുള്ള ധൈര്യവും ഇല്ല… ക്ഷേത്രനടയിൽ ശിവേട്ടന്റെ മടിയിൽ ഇരുന്നു ചുറ്റുമുള്ളവരെ നോക്കി മോണകാട്ടി ചിരിക്കുന്ന കാശിയുടെ നാവിലേക്ക് രണ്ടുവറ്റ് ചോറ് തൊട്ടുവെച്ചപ്പോൾ നൊട്ടിനുണഞ്ഞുകൊണ്ട് അവൻ ശിവേട്ടനെ തലതിരിച്ചൊന്ന് നോക്കി. ഏട്ടൻ കണ്ണുചിമ്മി കാണിച്ചതും ചിരിയോടെ അവൻ ഏട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു… *******

രാവിലെ മുതൽ കാശി നല്ല നിർബന്ധത്തിൽ ആയിരുന്നു.ചെറിയ ചൂടും പനിയും ഉള്ളതുകൊണ്ടാകും.കുഞ്ഞിന്റെ കരച്ചിൽ കണ്ട് ഓഫീസിലേക്ക് പോകാൻ ശിവേട്ടന് മനസ്സില്ലായിരുന്നു..പക്ഷെ ഒഴിവാക്കാൻ പറ്റാത്തൊരു മീറ്റിംഗ് ഉള്ളത് കൊണ്ട് ഏട്ടനെ നിർബന്ധിച്ച് പറഞ്ഞ് വിട്ടു.ഉച്ച ആയപ്പോഴേക്കും കുഞ്ഞിന്റെ പനി കുറഞ്ഞു.അപ്പോഴാണ് സൗഭാഗ്യയും നന്ദുവേട്ടനും കൂടി വന്നത്. “കുഞ്ഞിന് ഇപ്പോൾ എങ്ങനെയുണ്ട് മോളെ??” “പനി കുറവുണ്ട് ഏട്ടാ…അത് അന്വേഷിക്കാനാണോ രണ്ട് പേരും ഡ്യൂട്ടി കളഞ്ഞിട്ട് വന്നത്” “എന്റെ ഡ്യൂട്ടി കഴിഞ്ഞ് ഞാൻ ഇറങ്ങിയപ്പോ അനന്തേട്ടനെ കണ്ടു.

ഇവിടെ അടുത്ത് വരെ ഏട്ടന് വരണമെന്ന് പറഞ്ഞപ്പോൾ ഞാനും കൂടി ഇങ്ങ് പോന്നു..” കുഞ്ഞിനെ എടുത്ത് സൗഭാഗ്യ പറയുന്നതിനിടയ്ക്ക് നന്ദുവേട്ടന് ഒരു കാൾ വന്നു..ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഏട്ടൻ പുറത്തേക്ക് ഇറങ്ങി.അപ്പോഴേക്കും ശിഖ ചേച്ചിയും ഞങ്ങൾക്കരികിൽ എത്തിയിരുന്നു.ചേച്ചിയുടെ നോട്ടം സൗഭാഗ്യയുടെ കൈയിൽ ഇരിക്കുന്ന കാശിയിൽ ആയിരുന്നു.പെട്ടെന്നാണ് ചേച്ചി അവളുടെ കൈയിൽ നിന്നും കുഞ്ഞിനെ പിടിച്ചുവാങ്ങിയത്.പ്രതീക്ഷിക്കാതെയുള്ള നീക്കത്തിൽ കുഞ്ഞ് ചെറുതായൊന്ന് വഴുതി.പക്ഷെ വീഴാതെ ശിഖ ചേച്ചി അവനെ ചേർത്ത് പിടിച്ചു.എങ്കിലും അത് മതിയായിരുന്നു അവന്റെ കരച്ചിൽ തുടങ്ങാൻ.

“ചേച്ചി മോനേ ഇങ്ങ് താ” “ഇല്ല..കാശിയെ തരൂല” “ചേച്ചി അവൻ കരയുന്നത് കണ്ടില്ലേ..താ ചേച്ചി” “ഇനി കരയൂല…എന്റെ മോനേ ഞാൻ നോക്കും” ചേച്ചിയുടെ കൈയിൽ നിന്നും കുഞ്ഞിനെ ഞാൻ വാങ്ങാൻ ശ്രമിച്ചെങ്കിലും ചേച്ചി അവനെ ചേർത്ത് പിടിച്ചുകൊണ്ടു എന്റെ കൈ തട്ടിമാറ്റി കൊണ്ടിരുന്നു.കുഞ്ഞിന്റെ കരച്ചിൽ കൂടിവന്നപ്പോൾ രണ്ടും കല്പിച്ച് ഞാൻ അവനെ പിടിച്ചുവാങ്ങാൻ നോക്കി.എന്നാൽ അടുത്തനിമിഷം ശക്തമായി ചേച്ചി എന്നെ പിടിച്ചുതള്ളി.സ്റ്റെയറിന്റെ കൈവരിയിൽ നെറ്റിയിടിച്ച് ഞാൻ വീണു.സൗഭാഗ്യ എന്നെ പിടിച്ച് എഴുനേല്പിക്കുമ്പോഴേക്കും “ഗൗരീ…”ന്ന് വിളിച്ച് കൊണ്ട് മറ്റൊരാൾ എന്റെ അടുത്തേക് ഓടി എത്തിയിരുന്നു….ഗിരിയേട്ടൻ!!! “എട്ടാ….” എന്നെ ചേർത്ത് പിടിച്ച് നെറ്റിയിൽ പൊടിഞ്ഞ ചോരയിലേക്ക് നോക്കുമ്പോൾ ആ കണ്ണിലും ചോരനിറമാണ് ഞാൻ കണ്ടത്.

പൊടുന്നനെ ആ നോട്ടം ശിഖ ചേച്ചിയിലേക്ക് തിരിഞ്ഞു.പേടിച്ച് കുഞ്ഞിനെ മാറോടടക്കി നിൽക്കുന്ന ചേച്ചിയെ കണ്ടതും പകപ്പോടെ ഞാൻ ഗിരിയേട്ടന്റെ കൈയിൽ പിടിച്ചു. “ഏട്ടാ..വേണ്ട ഏട്ടാ..ചേച്ചി അറിഞ്ഞോണ്ട് അല്ല..” “മിണ്ടരുത് നീ…” എനിക്ക് നേരെ വിരൽ ചൂണ്ടി പറയുമ്പോൾ അടിമുടി ദേഷ്യത്തിൽ വിറയ്കുവായിരുന്നു ഗിരിയേട്ടൻ. “അന്ന് ഈ സ്റ്റെപ്പിൽ നിന്ന് നീ വീണെന്ന് അറിഞ്ഞപ്പോൾ തകർന്നത് എന്റെ ചങ്കാ..അതിന് കാരണക്കാരി ഇവളാണെന്ന് അറിഞ്ഞിട്ടും ഞാൻ ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തിൽ നിന്നത് ഇനി ഇങ്ങനൊന്നും ഉണ്ടാവില്ലെന്ന് ശിവ എന്റെ കാലുപിടിച്ച് പറഞ്ഞത് കൊണ്ട് മാത്രമാ..ഒരേട്ടൻ എന്ന നിലയിൽ അവന്റെ വേദന മനസിലായത് കൊണ്ടാ..

അന്ന് തൊട്ട് പേടിയായിരുന്നു നിന്നെ ഇവിടെ നിർത്താൻ.കുഞ്ഞിനേയും നിന്നെയും ഇവിടെ ആകിയിട്ട് പോകുമ്പോഴും അവനോട് ഞാൻ പറഞ്ഞതാ നോക്കികോളണമെന്ന്..എന്നിട്ടും ” ഗിരിയേട്ടന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചുകളഞ്ഞു.അപ്പോൾ അന്നത്തെ ആ സംഭവം ശിവേട്ടൻ ഗിരിയേട്ടനെ അറിയിച്ചിരുന്നു.ആ സമയങ്ങളിൽ ഉണ്ടായിരുന്ന ഏട്ടന്റെ മുഖത്തെ തെളിച്ചക്കുറവിന്റെ കാരണവും ശിഖ ചേച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുക്കുമ്പോൾ ഉള്ള പേടിയുടെയും കാരണം ഇപ്പോഴാണ് എനിക്ക് മനസിലായത്.അപ്പോഴേക്കും ഏട്ടൻ ശിഖ ചേച്ചിയുടെ അടുത്തെത്തിയിരുന്നു.

ബലമായി കുഞ്ഞിനെ പിടിച്ച് വാങ്ങിയപ്പോഴേക്കും ചേച്ചി ഏട്ടന്റെ കൈയിൽ കയറി പിടിച്ചു.മുഖമടിച്ചൊരു അടിയായിരുന്നു ഗിരിയേട്ടൻ. “ഇന്നത്തോടെ..ഇന്നത്തോടെ ഇതിനൊരു തീരുമാനം എടുക്കണം” “ഗിരിയേട്ടാ…” രൂക്ഷമായ നോട്ടമായിരുന്നു മറുപടി.കുഞ്ഞിനെ എന്റെ കൈകളിലേക്ക് തന്നിട്ട് ചേച്ചിയുടെ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് ഏട്ടൻ മുകളിലേക്ക് കയറി.ചേച്ചി കരഞ്ഞുകൊണ്ട് ഏട്ടന്റെ കൈവിടുവിക്കാൻ ശ്രമിക്കുന്നുണ്ട്.സൗഭാഗ്യയും ഏട്ടനെ തടയാൻ ശ്രമിച്ചെങ്കിലും ഏട്ടന്റെ കണ്ണിലെ ആ ചോരനിറം..അത് അവളെയും ഒന്ന് പേടിപ്പിച്ചു. “ഗിരി…” നന്ദുവേട്ടന്റെ ശബ്ദം കേട്ട് ഒന്ന് തിരിഞ്ഞുനോക്കിയെങ്കിലും ഏട്ടൻ ശിഖ ചേച്ചിയെ വലിച്ചിഴഞ്ഞ് മുകളിൽ എത്തിയിരുന്നു.

“ഗിരി…എന്താ നീയീ കാണിക്കുന്നത്??” “എന്താണെന്ന് അവളുടെ മുഖത്തേക്ക് നോക്കിയിട്ട് നീ ചോദിക്കടാ ” ഏട്ടന്റെ കൈ പിടിച്ച് നിർത്താൻ നോക്കിയ നന്ദുവേട്ടന്റെ കൈ കുടഞ്ഞുമാറ്റി കൊണ്ട് ഗിരിയേട്ടൻ എന്നെ നോക്കി അലറി.ഒന്നും വ്യക്തമായി മനസിലായില്ലെങ്കിലും എന്റെ നെറ്റിയിലെ ചോരപ്പാട് നന്ദുവേട്ടന് കാര്യങ്ങളുടെ ഗൗരവം മനസിലാക്കികൊടുത്തു. “ഗിരി നീ അവളെ വിട്..നമുക്ക് സംസാരിച്ച് എല്ലാം സോൾവ് ചെയ്യാം” എന്നാൽ അത് കേട്ടതായി പോലും ഭാവിക്കാതെ ഗിരിയേട്ടൻ ശിഖ ചേച്ചിയെ ശിവേട്ടന്റെ പഴയ മുറിയിലേക്കാണ് കൊണ്ടുപോയത്. “നിന്നോട് അവളെ വിടാനാ പറഞ്ഞത്” നന്ദുവേട്ടന്റെ ശബ്ദത്തിലെ മാറ്റം എന്നെ ശെരിക്കും പേടിപ്പിച്ചു.

നന്ദുവേട്ടനെ ഒന്ന് നോക്കി ഗിരിയേട്ടൻ ചേച്ചിയെ ആ മുറിയിലേക്ക് തള്ളി ഇട്ട് പുറത്ത് നിന്നും ലോക്ക് ചെയ്തു..താക്കോലും ഊരിയെടുത്തു. “ഗിരി മര്യാദക്ക് നിന്നോട് ഞാൻ പറയുവാ.. ആ താക്കോൽ ഇങ്ങ് താ” “നിനക്കൊക്കെ അവൾ ആയിരിക്കും വലുത്.പക്ഷെ എന്റെ ലോകം എന്റെ പെങ്ങൾ ആണ്.നിന്റെയൊക്കെ വാക്ക് വിശ്വസിച്ച ഇവളെ ഞാൻ ഇവിടെ നിർത്തിയത്. എന്നിട്ട് എന്റെ കണ്മുന്നിൽ അവളെയും കുഞ്ഞിനേയും വേദനിപ്പിക്കുന്നത് സഹിക്കില്ല ഞാൻ” “ഗിരി പ്ലീസ്..ഞാൻ നിന്റെ കാല് പിടിക്കാം.ശിഖ..അവൾ അകത്തു ഒറ്റക്ക്..അവള് പേടിക്കുമടാ…പ്ലീസ്” “എന്നെ ഏട്ടൻ സ്നേഹിക്കുന്നുണ്ടെങ്കിൽ ദയവു ചെയ്തു ആ വാതിൽ ഒന്ന് തുറക്ക് ഏട്ടാ” എന്നെയൊന്ന് നോക്കി നിറഞ്ഞ കണ്ണ് തുടച്ചുകൊണ്ട് ഏട്ടൻ ആ താക്കോൽ നിലത്തേക്ക് ഇട്ടു.

ഒട്ടും ആലോചിക്കാതെ നന്ദുവേട്ടൻ പെട്ടെന്ന് തന്നെ വാതിൽ തുറന്നു.ഞങ്ങൾ അകത്തേക്ക് കയറുമ്പോൾ ആ മുറിയുടെ നടുക്ക് നിൽകുവാണ് ശിഖ ചേച്ചി..പക്ഷെ ആ കണ്ണുകൾ നാലുപാടും ചലിക്കുന്നുണ്ടായിരുന്നു.അതിലെ ഓരോ ചിത്രങ്ങളും കണ്ണിൽ പതിയുമ്പോഴുള്ള ചേച്ചിയുടെ ഭാവം ഞങ്ങൾക്ക് മനസിലായില്ല.ഞങ്ങളെ ശ്രദ്ധിക്കാതെ ചേച്ചി ആ ചിത്രങ്ങളുടെ അടുത്തേക്ക് നടന്നു.ചേച്ചിയ്ക്ക് കൊടുക്കാനായി നന്ദുവേട്ടൻ വരച്ച ആ കണ്ണുകളുടെ ചിത്രത്തിൽ ചേച്ചി നോക്കിനിന്നു.. ‘എന്നിലെ എന്നെ തിരിച്ചറിഞ്ഞ ഈ കണ്ണുകളോടാണെന്റെ പ്രണയം’ ആ വരികളിലൂടെ വിരലോടിച്ചതും ഒരു പിടച്ചിലോടെ ചേച്ചി പിന്നോക്കം മറിഞ്ഞു.

രണ്ട് കൈ കൊണ്ടും തലയിൽ മുറുകെ പിടിച്ച് ചേച്ചി നിലത്തേക്ക് വീഴാൻ തുടങ്ങിയപ്പോഴേക്കും നന്ദുവേട്ടൻ ചേർത്ത് പിടിച്ചിരുന്നു..ഏട്ടന്റെ മുഖത്തേക്ക് നോക്കിയതും ആ കണ്ണുകളിൽ ഒരു തിളക്കം ഞങ്ങൾ കണ്ടു. “അ..അ..അ..ന.ന്ദു…” അവ്യക്തമായി ആ പേര് ഉച്ചരിച്ചികൊണ്ട് നന്ദുവേട്ടന്റെ കൈകളിലേക്ക് ചേച്ചി വീണിരുന്നു.. (തുടരും) [അടുത്ത ഭാഗത്തോട് കൂടി കഥ അവസാനിക്കും😊😊.അവസാനഭാഗങ്ങൾ ആയതു കൊണ്ട് എഴുതി തീർക്കാൻ കുറച്ച് കഷ്ടപെടുന്നുണ്ട്.എത്ര എഴുതിയിട്ടും ശെരിയായില്ലെന്നൊരു തോന്നൽ]….. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

❤കലിപ്പന്റെ വായാടി❤ : ഭാഗം 47

Share this story