ചങ്കിലെ കാക്കി: ഭാഗം 8

ചങ്കിലെ കാക്കി: ഭാഗം 8

നോവൽ: ഇസ സാം

സ്റ്റേഷനിൽ എത്തിയത് മാത്രമേ ഓർമ്മയുള്ളൂ….. ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ ആയിരുന്നു….. രാവിലത്തെ വിശപ്പ് ഒരു ചായയിലും പഴംപൊരിയിലും ഒതുക്കി….. ഉച്ച ആകുമ്പോൾ അമ്മയുടെ വിളി വന്നു…….. “അർജുനാ……ഇന്ന് വൈഗയുടെ വീട്ടിൽ ചെല്ലണം…. അറിയില്ലേ …..? നാട്ടുനടപ്പാണ്…… അവർക്കു കൊടുക്കാനുള്ള വസ്ത്രങ്ങൾ ഒക്കെ ഞാൻ വാങ്ങി വെച്ചിട്ടുണ്ട്…… ” “ആയിക്കോട്ടെ…… വരാം…….” “ഊണ് ഇവിടന്നു കഴിക്കാം……രാവിലെയും ഒന്നും കഴിച്ചിട്ടുണ്ടാവില്ലാ …..” ‘അമ്മ ഫോൺ വെചു….. സ്റ്റേഷനിൽ നിന്നാൽ ഒന്നിന് പുറകെ ഒന്നായി പണി വന്നു കൊണ്ടിരിക്കും…..തൽക്കാലം എല്ലാം രമേശേട്ടനെ ഏൽപ്പിച്ചു ഞാൻ ഇറങ്ങി…… “മോള് സുഖമായിരിക്കുന്നോ സാറേ ……”

രമേഷേട്ടനാണ്…… “ഏതു മോള്…….?” “മ്മടെ വൈഗാ ലക്ഷ്മി….. ” ഞാൻ ഒന്ന് കൂർപ്പിച്ചു നോക്കി……അപ്പൊ പിന്നെ മെല്ലെ ഒന്ന് വിളറി “അല്ലാ……സാറിൻ്റെ വൈഗ…….” ഞാൻ അർത്ഥഗർഭമായ തലയാട്ടി….. വീട്ടിലേക്കു തിരിച്ചു…… ഇന്നലെ കണ്ടതേയുള്ളു…അപ്പോഴേക്കും മോളായി…മ്മടെ വൈഗയായി…… വീട്ടിൽ എത്തിയപ്പോൾ കണ്ടു മിഥുവും രുദ്രയും ആയി വര്ത്തമാനം പറഞ്ഞു മുറ്റത്തെ പടിയിൽ ഇരിക്കുന്ന വൈഗയെ …… മിഥു പൊട്ടി ചിരിക്കുകയ്യായിരുന്നു…എന്നെ കണ്ടപ്പോൾ മെല്ലെ വാപൊത്തി…. രുദ്രയും മെല്ലെ എഴുന്നേറ്റു ……. ഈ രണ്ടെണ്ണത്തിനും എന്നെ ഭയങ്കര പേടിയാണ്….. എന്തിനാ…എനിക്കറിയില്ല…ഞാൻ മാറ്റാനും പോയില്ല….അങ്ങനൊരു ഭയം നല്ലതാ….

എന്നാൽ അവൾക്കു യാതൊന്നും ഇല്ലാ….. വേഗം എന്റടുത്തു വന്നു…. “ഞാൻ കരുതി അർജുനേട്ടൻ വരുമ്പോ വൈകും എന്ന്…… വായോ ….ഊണ് കഴിക്കാം…… നിക്ക് …വിശക്കുന്നു…….” ഇവൾക്ക് വിശക്കുന്നോ….ഇവൾ രാവിലെ ഒന്നും കഴിച്ചില്ലേ…എനിക്ക് വേണ്ടി കാത്തിരുന്നോ … ഞാൻ അവളെ അടിമുടി നോക്കി…… “ന്താ…നോക്കണേ …… ഇവിടത്തെ ‘അമ്മ പറഞ്ഞൂ അർജുനേട്ടൻ ഇപ്പൊ വരും ഒപ്പം ഇരുന്നു ഉണ്ടാൽ മതി എന്ന്…. അല്ലാണ്ട് ഞാൻ കാത്തിരുന്നത് ഒന്നും അല്ലാട്ടോ…. മാത്രമല്ല ഈ പരുപാടി നമുക്ക് രണ്ടാൾക്കും ശെരിയാവില്ലാ…..” “എന്ത് പരുപാടി ….?.” “ഈ കാത്തിരുന്നു ഒരുമിച്ചു കഴിക്കുന്നതേ …… ” അതും മറഞ്ഞു മുന്നിൽ പോയി ….ഞാൻ ഞാൻ മുകളിലേക്ക് കയറി കുളിച്ചു വേഷം മാറി വന്നപ്പോൾ കണ്ടു ഊണ് വിളമ്പി എന്നെ അക്ഷമയോടെ കാത്തിരിക്കുന്നവളെ …….

“ആഹാ….. കുളിച്ചോ ….?. വായോ …..” അവളാണ്….. ഞാൻ അവൾക്കൊപ്പം ഇരുന്നു…..ചുറ്റും നോക്കിയപ്പോൾ ആരും ഇല്ലാ……ഊണ് കഴിക്കുന്നതിനിടയിൽ എന്നെ നോക്കി അവൾ പറഞ്ഞു…. “എല്ലാരും ഉച്ച ഉറക്കം ആണ്… ഞാൻ ഉച്ചയ്ക്ക് ഉറങ്ങാറില്ല….. മിഥുവിനെയും രുദ്രയും ഉറങ്ങാതെ ഞാൻ പിടിച്ചു ഇരുത്തിയതാ …..ഇപ്പൊ അവരും പോയി ഉറങ്ങാൻ….. അർജുനേട്ടനു ഉച്ച ഉറക്കം പതിവുണ്ടോ …..” രാവിലെയും ഒന്നും കഴിക്കാണ്ട് വിശന്നു പണ്ടാരമടങ്ങി ആർത്തിയോടെ കഴിക്കുന്ന എന്റടുത്തു ഇരുന്നു കൊത്തി പറക്കി കൊണ്ട് അവളുടെ കിന്നാരം എനിക്കു ഒട്ടും ഇഷ്ടാവുന്നില്ലാ….. അല്ലെങ്കിലും ഭക്ഷണം കഴിക്കുമ്പോ ഞങ്ങൾ ആരും സംസാരിക്കാറില്ല……അത് കൊണ്ട് തന്നെ ഞാൻ അവൾക്കു മറുപടി കൊടുത്തില്ല…..

അങ്ങനെയെങ്കിലും അവസാനിപ്പിക്കട്ടെ എന്ന് കരുതി. പക്ഷേ അവൾ നിർത്താൻ ഉദ്ദേശമില്ലായിരുന്നു…… “അർജുനേട്ടാ …… ഉച്ചയ്ക്ക് ഉറങ്ങുമോ…….?” ഇവൾ വിടില്ല….. “ഉവ്വ്….. ഇടയ്ക്കു ഇടയ്ക്കു……” “ഞാൻ ഉറങ്ങാറില്ല……കുട്ടിക്കാലത്തും ഇപ്പോഴും നാട്ടിൽ ചെന്നാൽ ഞാൻ ഊണും കഴിച്ചു കറങ്ങാൻ ഇറങ്ങും….നല്ല രസാണ്…. ഉച്ചയ്ക്ക് എല്ലാരും ഉറങ്ങുമ്പോൾ നമുക്ക് എന്തും ചെയ്യാലോ …ആരും അറിയില്ലാ….. പകലിൻറെ കൂട്ടും ഉണ്ട്…….” ഞാൻ ഒന്നും മിണ്ടാതെ വേഗം ഊണ് കഴിച്ചു എഴുന്നേറ്റു……. അപ്പോഴും അവൾ കഴിഞ്ഞിരുന്നില്ല…..കൈ കഴുകി വരുമ്പോഴും കണ്ടു ഒറ്റയ്ക്കിരുന്നു കഴിക്കുന്ന വൈഗയെ …..അവളെ കടന്നു മുന്നോട്ടു പോകുമ്പോൾ കേട്ടു…… “പായസം ഉണ്ട് കേട്ടോ …….”

അത് അവഗണിച്ചു ഞാൻ മുകളിൽ പോയി…… മുകപ്പിന്റെ ഏറ്റവും പിന്നിലായി അറ്റത്തു മരച്ചില്ലകൾ ചാഞ്ഞു കിടക്കുന്ന ഭാഗം…അവിടെ ഇരുന്നു……മുകളിൽ തട്ടിന്മേൽ കുഞ്ഞുട്ടൻ ഉണ്ടാവും…… കുട്ടിക്കാലം തൊട്ടു എന്റെ ഇഷ്ട സ്ഥലമാണ്….. ആരും പെട്ടന്നിങ്ങോട്ടു വരില്ല…… ഞങ്ങളുടെ തന്നെ തൊടിയിലാണ് സർപ്പക്കാവുള്ളതു….. എല്ലാം മാസവും ആയില്യം നാളിൽ അവിടെ പൂജയും മറ്റും ഉണ്ട്…. അത് കൊണ്ട് തന്നെ സർപ്പങ്ങളാരും ആരെയും ഉപദ്രവിക്കാറില്ല….. അച്ഛൻ പറഞ്ഞിരുന്നതാണ്….. കുഞ്ഞിലെ ഞാനും അച്ഛനും ഇവിടെയാണ് ഇരുന്നിരുന്നത്….. അച്ഛൻ പോയപ്പോൾ പിന്നെ ഞാനും ഇങ്ങോട്ടായി……. ഞാൻ ആദ്യം പുകച്ചതും മദ്യപിച്ചതും ഒക്കെ ഇവിടന്നാണ്‌ ……

ഇപ്പോഴും അതൊക്കെ ഇടയ്ക്കു ഇടയ്ക്കു ഉണ്ട് …. അങ്ങനെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഇരിപ്പിടത്തിലാണ് ഇന്നലെ ആ തവള കേറി ഇരുന്നത്…. “ശ്ശോ ……… ഇവിടെ ഇരിക്കുന്നോ…..? ” ദേ നിൽക്കുന്നു…ഇവളെ മനസ്സിൽ വിചാരിച്ചതേയുള്ളൂ …അപ്പോഴേക്കും എത്തി…… മുകപ്പിന്റെ അങ്ങെ അറ്റത്തു ഒരു ഗ്ളാസ്സും പിടിച്ചു നിലത്തും മച്ചിലും ഒക്കെ നോക്കി നില്പുണ്ട് …ആ നിൽപ് കണ്ടപ്പോൾ എനിക്ക് ചിരി വന്നു…..കുഞ്ഞുട്ടനെ നോക്കുന്നതാ…. “ഇങ്ങോട്ടു വന്നേ……ദേ ഇയാളുടെ പായസം……..” “ഇങ്ങട് തായോ ……” “ഇയാള് ഇങ്ങട് വായോ ……. നിക്ക് പേടിയാ …..ഒരു കുഞ്ഞുട്ടനും…..മറ്റും……” “അവൻ ഇവിടെ ഇല്ല…… താൻ നിൽക്കുന്നതിൻ്റെ നേരെ മേലെ യുള്ള മച്ചിലാ …….”

അത്രേ പറാഞ്ഞുള്ളൂ പായസവും കൊണ്ട് അവൾ തിരിഞ്ഞു ഒറ്റ ഓട്ടം …… പിന്നെ അവളെ കണ്ടത് വൈകിട്ട് അവളുടെ വീട്ടിൽ പോകാനായി ഇറങ്ങിയപ്പോളായിരുന്നു….. ഞാനും അവളും മാത്രം കാറിലാണ് പോയത്….വീട്ടുകാർക്കു കൊടുക്കാനുള്ള പുത്തനുടുപ്പു ഒക്കെ ‘അമ്മ നേരത്തെ വാങ്ങിയിരുന്നു…… കാറിലിരുന്നപ്പോൾ ആരംഭിച്ചു ബ്ലാ…..ബ്ലാ…… ഞാൻ പാട്ടു ഉച്ചത്തിൽ വെച്ചപ്പോൾ പിന്നെ അത് അവസാനിച്ചു…… അവളുടെ വീട്ടിൽ എത്തിയപ്പോൾ അച്ഛനും പെങ്ങമ്മാരും ഞങ്ങളെ കാത്തു ഉമ്മറത്ത് ഉണ്ടായിരുന്നു…… എന്തെക്കെയോ എന്നോട് ചോദിച്ചു…ഞാനും അത്യാവശ്യം സംസാരിച്ചു…പിന്നെ എനിക്കധികം സംസാരിക്കേണ്ടി വന്നില്ല….. വൈഗ എനിക്കും കൂടെ വേണ്ടി സ്മസാരിച്ചു…അവസാനം … “അല്ലേ …അർജുനേട്ടാ ……” എന്നും ചേർക്കും……..

ഭക്ഷണം കഴിക്കുമ്പോളായിരുന്നു അവളുടെ ചെറിയമ്മയെ കണ്ടത്….. എന്നെ കണ്ടു ചെറുതായി ചിരിച്ചു എന്ന് വരുത്തി…പക്ഷേ അവളെ നോക്കുന്നതു പോലും ഉണ്ടായിരുന്നില്ല….. അവൾ അവരെ ഇടയ്ക്കു ഇടയ്ക്കു നോക്കുന്നുണ്ടായിരുന്നു….. “ഇന്ന് നിങ്ങൾ ഇവിടെ നിക്കുകയല്ലേ …….?” അവളുടെ അച്ഛനാണ്….. ഞാൻ മറുപടി പറയുന്നതിന്റെ മുന്നേ തന്നെ മറുപടി വന്നു…….എന്നിൽ നിന്നല്ല…..വൈഗയും അല്ല….. “അതെങ്ങനാ ഉദയേട്ടാ…… അര്ജുനന് രാത്രിയൊക്കെ പോവേണ്ടി വരും..സാധാരണ ജോലി അല്ലല്ലോ…… പൊലീസല്ലേ ….ഇവിടന്നു ഒന്ന് ഒന്നരമണിക്കൂർ യാത്രയുണ്ടല്ലോ…….. അവർ നിക്കില്ല്യ…….” ചെറിയമ്മയാട്ടോ ….. ഞാൻ അവളെ നോക്കി…….

ആ മുഖത്തു എന്തോ ഒരു ഭാവം മിന്നി മറഞ്ഞെങ്കിലും പെട്ടന്ന് അവൾ ഒരു ചിരി കൊണ്ടത് മറച്ചു കൊണ്ട് അവൾ പറഞ്ഞു “ശെരിയാട്ടോ ചെറിയമ്മേ ……. എന്നാൽ ഇനി ഞാൻ വരുമ്പോ അവിടെ ഒരു അമ്മാവനുണ്ട് ……പുള്ളിക്ക് അങ്ങനെ പണി ഒന്നും ഇല്ലാ….. പുള്ളിയെയും കൂട്ടി വരാം…അപ്പൊ ചെറിയമ്മയ്ക്കു സ്വസ്ഥമായി നന്നായി സത്കരിക്കാല്ലോ…..എന്തേ ……” അപ്പോഴേക്കും അവരുടെ മുഖഭാവം മാറി…… വെട്ടി തിരിഞ്ഞു എഴുന്നേറ്റു പോയി….. വൈഗയുടെ അച്ഛനും വല്ലാതായി…… അനിയത്തിമാരും അതേ …. എന്നാൽ അവൾക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല….. “അച്ഛാ ഈ അർജുനേട്ടനെ മിഥുകുട്ടി വിളിക്കുന്നത് എന്താ എന്നറിയോ മന്ത്രവാടി …… മോൺസ്റ്റർ എന്നൊക്കെയാ……”

“ആണോ …അതെന്താ അങ്ങനെ…….. ഏട്ടൻ നല്ല സുന്ദരനല്ലേ ……” വൃന്ദയാണ്…… അങ്ങനെ ആ വർത്തമാനം അന്തരീക്ഷത്തിനു ഒരു അയവു വരുത്തി എങ്കിലും എന്തോ എവിടെയോ ഒന്ന് മിന്നി….. ഇറങ്ങാൻ നേരം വൈഗ അവളുടെ മുറിയിലെ കുറച്ചു സാധനങ്ങളുമായി വന്നു…. പാട്ടു കേൾക്കാനുള്ള വലിയ സ്റ്റീരിയോയും മറ്റുമായി…… “ആഹ്ഹ…….. എല്ലാം എടുത്തോ …..ഇനി ഒന്നും ഇവിടെ വെച്ചേക്കണമ് എന്നില്ലാ……ഇനി അതല്ലേ നിന്റെ വീട്..ഇങ്ങോട്ടു അധികം വരേണ്ട കാര്യം ഇല്ലാ…….” വീണ്ടും ചെറിയമ്മയാണ്…… അവരെ എനിക്കങ്ങട് പിടിക്കുന്നില്ല….. ഞാൻ വൈഗയെ നോക്കി……. അപ്പോഴും അവളിൽ മിന്നിമറഞ്ഞ ഭാവം അവൾ ചിരിയാൽ മറച്ചു … “അയ്യോ ചെറിയമ്മേ ……

എനിക്ക് എല്ലാം ഒന്നും കൊണ്ടുപോകാൻ പറ്റില്ല……എൻ്റെ അമ്മയുടെ അസ്ഥിത്തറയും എന്റെ അച്ഛൻ ഉദയഭാനുവിനെയും എങ്ങനെ പാക്ക് ചെയ്യാനാ….. അതുകൊണ്ടു ഞാൻ ഇങ്ങു വരുക തന്നെ ചെയ്യുംട്ടോ …… ” അതും പറഞ്ഞു അവൾ എല്ലാരോടും യാത്ര പറഞ്ഞു കാറിൽ കയറി…ചെറിയമ്മയുടെ മുഖം മങ്ങി … തിരിച്ചുള്ള യാത്രയിൽ അവൾ നിശബ്ധയായിരുന്നു…… “വൈഗാ …….” “മ്മ് ….” അവൾ എന്നെ നോക്കി…… ” അമ്മ എപ്പോഴാ മരിച്ചത്……?..” “ഞാൻ കൈക്കുഞ്ഞായിരുന്നപ്പോൾ……..” വീണ്ടും മൗനം ഞങ്ങളിൽ തളം കെട്ടിയിരുന്നു….. “വൈഗ എന്തിനാണ് എന്നെ വിവാഹം കഴിച്ചത്……..ഒരു വിവാഹജീവിതം ആഗ്രഹിക്കുന്ന മറ്റാരെയെങ്കിലും വിവാഹം കഴിക്കാമായിരുന്നില്ലേ …….?”

അവൾ എന്നെ നോക്കി ഒരു ചെറുചിരിയോടെ പറഞ്ഞു ……”ഞാനൊരു ദാമ്പത്യജീവിതം ആഗ്രഹിക്കാത്തത് കൊണ്ട് ……പിന്നെ എനിക്ക് ഒരു വിവാഹം വേണം..അല്ലാതെ അച്ഛൻ വിടില്ല….. എനിക്കും അവിടെന്നു മാറണമായിരുന്നു ….. അപ്പോൾ ദൈവമായിട്ടു എനിക്ക് അർജുനെട്ടനെ തന്നു …പിന്നൊന്നും നോക്കിയില്ല …..ഇങ്ങട് പോന്നു .. …..” ഇപ്പൊ സംസാരിക്കുന്ന വൈഗയ്ക്കു പക്വതയുള്ളതു പോലെ തോന്നി……ആ കണ്ണുകളിൽ ഒരുപാട് വേദനകൾ ഒളിപ്പിച്ചിരിക്കുന്നതു പോലെ …… “ഞാനൊരു ദാമ്പത്യ ജീവിതം ആഗ്രഹിക്കാത്തത് കൊണ്ട്……” അവളുടെ വാക്കുകൾ എന്നിൽ അലയടിച്ചു കൊണ്ടിരുന്നു…. എന്ത് കൊണ്ട്…….?

ഈ കാണുന്ന വൈഗയുടെ ഉള്ളിൽ ആരുമറിയാത്ത മറ്റൊരാള് ഉണ്ടോ….?ഞാനവളെ നോക്കി…… ആദ്യമായി ഞാൻ കണ്ടു ശാന്തമായി കണ്ണടച്ചിരിക്കുന്നവളെ ….ആ കണ്പീലികളിൽ നനവുണ്ടായിരുന്നു….. ഞാൻ നിശബ്ദനായി മുന്നോട്ടു നോക്കിയിരുന്നു വണ്ടി ഓടിച്ചു ….. “അർജുനേട്ടൻ പേടിക്കണ്ടാട്ടോ …… എപ്പോ പിരിയണമെങ്കിലും പറഞ്ഞാൽ മതി …..ഞാൻ ആരെയും ബുദ്ധിമുട്ടിക്കില്ലാ ……..” എന്നെ നോക്കി അവൾ ചിരിയോടെ പറഞ്ഞു……. എന്നിലും വിരിഞ്ഞു ഒരു ചെറു പുഞ്ചിരി അവൾക്കായി…..ആദ്യമായി…… 🟢🟢 ദിവസങ്ങൾ കടന്നു പോയി…പത്തു ദിവസം കോളേജിൽ നിന്ന് അവധി എടുത്ത ഞാൻ അഞ്ചു ദിവസം തികച്ചില്ല…കോളേജിൽ പോയി തുടങ്ങി…

കാരണം വീട്ടിൽ ഞാൻ മാത്രമായി…’അമ്മ ഒരു കടന്ന കൃത്യ നിഷ്ടക്കാരി ആയതുകൊണ്ട് കല്യാണം കഴിഞ്ഞു മൂന്നാം നാൾ ‘അമ്മ സ്കൂളിൽ പോയി…കൃഷ്ണേച്ചിയും ബാങ്ക് ഉദ്യോഗസ്ഥയാണ് …..കൃഷ്ണേച്ചിയും പോയി…മിതു സ്കൂളിൽ പോയി..രുദ്ര കോളേജിൽ…കാക്കി അറിയാല്ലോ….. ഞാനും അമ്മാവനും മാത്രം….. എന്തോ എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി..ആ വലിയ വീട് എനിക്ക് വല്ലാത്ത ഒരു ഏകാന്തത സമ്മാനിചു….ഗത്യന്തരമില്ലാതെ അയൽക്കാരെ തപ്പിപിടിക്കാൻ ഇറങ്ങി…അപ്പോഴല്ലേ കഥമാറിയത്…… ഈ ടീച്ചർ ‘അമ്മ ആരുമായി സഹകരിക്കില്ല…അത്‌കൊണ്ട് തന്നെ കല്യാണത്തിന് ഈ അയൽക്കാരെ ഒന്നും ഞാൻ കണ്ടിരുന്നില്ല…. എന്നോട് ആദ്യം മിണ്ടാനൊക്കെ അവർക്കു ഭയമായിരുന്നു….

ചുരുക്കി പറഞ്ഞാൽ വൈകിട്ട് സ്കൂളിൽ നിന്ന് വന്ന അമ്മയും ബാങ്കിൽ നിന്ന് വന്ന കൃഷ്ണേച്ചിയും കണ്ടത് ഞങ്ങളുടെ മുറ്റത്തെ മാവിലെ മാമ്പഴവും ചാമ്പയ്ക്കയും മൊത്തം പൊട്ടിച്ചു അയൽവീട്ടിലെ കുട്ടികൾക്ക് വിതരണം ചെയ്യുന്ന എന്നെയാണ്……. അമ്മയുടെ മുഖം ഇരുണ്ടു…. ആ മുഖം കണ്ടപാടെ കുട്ടികൾ പല വഴിക്കു ഓടി……. അതുവരെ പുറത്തേക്കു പോലും കാണാതെ അകത്തെ ഏതോ കോണിൽ പതുങ്ങി ഇരുന്ന അമ്മാവൻ വന്നു അമ്മയോട് എന്റെ കുറ്റം ഓരോന്നായി പറയാൻ തുടങ്ങി…….. ഊണും കഴിച്ചു ഒന്നുറങ്ങാൻ പോലും സമ്മതിച്ചില്ല…ടി.വി വെച്ചു …….. പിന്നെ അയലത്തെ വീടൊക്കെ കയറി ഇറങ്ങി…..കുറച്ചു ചാവാലി പിള്ളേരെയും കൂട്ടി കളിയായി…… ഒടുവിൽ വീട്ടിൽ കൊണ്ട് വന്നു……വെള്ളം കൊടുത്തു…….

ഈ വീടിനെ ഒരു പൂര പറമ്പാക്കും….എത്ര കുട്ട്യോള് വളർന്ന തറവാട് ആണ് …. ഇത് പോലൊരെണ്ണം…. അങ്ങനെ…അങ്ങനെ……ഈശ്വരാ…… പാവം ഞാൻ …… കണ്ണും തള്ളി വായും തുറന്നു ഒറ്റ നിൽപ്പായിരുന്നു…… ഈ കംസനെ ഞാൻ നിസ്സാരനായി കണ്ടല്ലോ……. “വൈഗാ……. അല്പം പക്വത കാണിച്ചു കൂടെ…….ഞാൻ ആഗ്രഹിച്ച ഒരു മരുമകളെ അല്ല നീ…..എന്നിട്ടും ഞാൻ നിന്നെ സഹിക്കുന്നത് നിനക്ക് ഒരു മാറ്റം ഉണ്ടാകും എന്ന് കരുതിയിട്ടാണ്…..ഒരു അമ്മയുടെ ശിക്ഷണം നിനക്ക് ലഭിച്ചിട്ടില്ല……അതിന്റെ എല്ലാ കുറവുകളും നിനക്കുണ്ട്.. ഇന്ന് രാത്രി നീ തന്നെ ഭക്ഷണം ഉണ്ടാക്കിയാൽ മതി…ആരും വരില്ല സഹായിക്കാൻ…….”

അമ്മയുടെ കടുപ്പിച്ച സ്വരം……. ‘അമ്മ മുറിയിലേക്ക് നടന്നു……പിന്നാലെ ഞാനും ചുവടുകൾ വെചു….. എന്നിട്ടു മെല്ലെ തിരിഞ്ഞു വന്നു അരിശത്തിൽ അങ്ങട് ഇങ്ങട് ഉലാത്തുന്ന കംസൻ്റെ മൊബൈൽ അവിടെ ടെ മേശമേൽ ഇരിപ്പുണ്ടായിരുന്നു……അയാൾ കാണാതെ ഞാനതു എടുത്തു ഫിഷ്ടാങ്കിൽ ഇട്ടു…..തിരിഞ്ഞപ്പോൾ കണ്ടു എന്നെ തന്നെ നോക്കി നിൽക്കുന്ന ആ കണ്ണുകളെ ………… തുടരും …. ഇസ സാം… ….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ചങ്കിലെ കാക്കി: ഭാഗം 7

Share this story