ദാമ്പത്യം: ഭാഗം 33

ദാമ്പത്യം: ഭാഗം 33

എഴുത്തുകാരി: തുഷാര ലക്ഷ്മി

വൈകുന്നേരം ചായയുടെ നേരത്ത് അച്ഛൻ വന്നു വിളിച്ചപ്പോഴാണ് അരവിന്ദ് എഴുന്നേറ്റത്…. മുഖം കഴുകി അവൻ അച്ഛന്റെ കൂടെ താഴേയ്ക്ക് വന്നു…അഭിയും ആര്യയും പ്രഭയുടെ കൂടെ ഇരുന്നു ചായ കുടിക്കുന്നുണ്ടായിരുന്നു… അവരുടെ എതിർവശത്തായി അരവിന്ദും ഇരുന്നു…ചായ കുടുക്കുമ്പോഴും ഇടയ്ക്കിടെ അരവിന്ദിന്റെ കണ്ണുകൾ ആര്യയെ തലോടി പോകുന്നുണ്ടായിരുന്നു….. ഇവളുടെ സാന്നിധ്യം…. അത് ചില നേരങ്ങളിൽ തന്റെ നെഞ്ചെരിക്കുന്ന ഓർമ്മകളുടെ കനലിനു മേൽ ഒരു കുളിർമഴ പെയ്യും പോലെയാണ്….അതെന്നിൽ നിറയ്ക്കുന്ന ആശ്വാസം അത്ര വലുതാണ്….

എന്തിനെന്നറിയാതെ… അതുപോലെ ചിലനേരം അവളരികിലെത്തുമ്പോൾ…..കുറ്റബോധം, അതു തന്നെ വല്ലാതെ നീറ്റുന്നു…. അവളുടെ നോട്ടമേൽക്കുമ്പോൾ, ശരങ്ങളായി അതെന്നിൽ തറക്കുന്ന പോലെ…. ഉള്ളം വല്ലാതെ പിടഞ്ഞു പോകുന്നു…. അവന്റെ ഈ ചെയ്തികളിൽ ആര്യയ്ക്ക് പക്ഷേ വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു ….അഭിയും ശ്രദ്ധിച്ചിരിക്കുകയാണ് ചേട്ടനെ…. അരവിന്ദിന്റെ ഈ സ്വഭാവമാറ്റം അവനെയും ആശങ്കയിലാഴ്ത്തി… ചേട്ടനോട് ഇതേപ്പറ്റി സംസാരിക്കണമെന്ന് അവൻ ഉറപ്പിച്ചു… ഞങ്ങൾക്ക് കൂടി ഓരോ ചായ തരാമോ… ശബ്‌ദം കേട്ട ഭാഗത്തേയ്ക്ക് എല്ലാവരുടെയും കണ്ണുകൾ പാഞ്ഞു…..

കൈകളിൽ നിറയെ കവറുകളുമായി ദേവനും ദേവനും, മേനകയും ചിരിയോടെ നിൽക്കുകയാണ്… ആര്യ അച്ഛനെയും അമ്മയെയും കണ്ടപ്പോഴേ എഴുന്നേറ്റു അവർക്കരികിലേയ്ക്ക് ചെന്നു… അച്ഛനും അമ്മയും അവളെ ചേർത്തു പിടിച്ചു…അഭിയും രണ്ടാളെയും കണ്ടു എഴുന്നേറ്റു ചിരിയോടെ നിൽക്കുകയാണ്.. ദേവാ…..രണ്ടാളും അവിടെ താനേ നിൽക്കാതെ ഇവിടെ വന്നിരിക്കെടാ… ശേഖരൻ കൂട്ടുകാരനെ കണ്ട സന്തോഷത്തിലാണ്…. പ്രഭ ചെന്നു മേനകയുടെ കൈ പിടിച്ചു… വീണ്ടും എല്ലാവരും ഡൈനിങ്ങ് ടേബിളിനു ചുറ്റുമിരുന്നു…ജാനുവമ്മ ദേവനും,മേനകയ്ക്കുമുള്ള ചായ കപ്പിലേക്ക് പകർന്നു… നിങ്ങൾ എറണാകുളത്തു നിന്നു വന്നതിന്റെ പിറ്റേന്ന് ഞങ്ങൾ വന്നിരുന്നു അഭി….

മോളെ കണ്ടിട്ട് കുറച്ചായല്ലോ… ദേവൻ മരുമകനോട് വിശേഷങ്ങൾ പറയുകയാണ്.. മ്മ്മ്…ശ്രീ പറഞ്ഞിരുന്നു അച്ഛാ…. ഹോസ്പിറ്റലിൽ നിന്നു വന്നിട്ട് വീട്ടിലേയ്ക്കു വരാനിരുന്നതാ ഞങ്ങൾ… അവർ സംസാരിക്കുമ്പോഴും അത് ശ്രദ്ധിക്കാത്ത ഭാവത്തിൽ മിഴികൾ നിലത്തേയ്ക്കു ഊന്നി ഇരിക്കുകയാണ് അരവിന്ദ്… താനവിടെ ഒരു അധികപ്പറ്റാണ് എന്നവന് തോന്നി….എഴുന്നേറ്റു പോകാനായി മനസ്സ് പറയുമ്പോഴേക്കും അവനായി വന്ന ചോദ്യം…. അതിന്റെ ഉടമയെ തിരിച്ചറിഞ്ഞതും അവൻ തെല്ലൊന്നമ്പരന്നു….. ഇപ്പോൾ എങ്ങനെയുണ്ട് അരവിന്ദ്.. വേദന ഉണ്ടോ… ദേവനാണ്…അരവിന്ദ് ഒരു നിമിഷം അയാളെ നോക്കി…

മകളെ ഉപേക്ഷിക്കരുതെന്നു പറഞ്ഞു തന്റെ മുന്നിൽ തൊഴുകൈയ്യോടെ നിന്ന ഒരച്ഛന്റെ ചിത്രം അവന്റെ ഓർമ്മയിൽ തെളിഞ്ഞു…. എന്നിട്ടും ഇന്നാ ദേഷ്യമോ, വെറുപ്പോ ഒന്നും ആ മുഖത്തില്ല..പകരം അലിവോടെയാണ് തന്നോട് തിരക്കുന്നത്…. അരവിന്ദിന് സ്വയം പുച്ഛം തോന്നി… തന്റെ സ്വാർത്ഥത കാരണം വിഷമിക്കേണ്ടി വന്ന ഒരച്ഛൻ… മകളുടെ ജീവിതം ഇരുട്ടിലാക്കിയവനാണ്…അവരെ കണ്ണുനീര് കുടിപ്പിച്ചവനാണ്..എന്നിട്ടും ആ വൈരാഗ്യം മനസ്സിൽ സൂക്ഷിക്കാതെ തന്നോട് സംസാരിക്കുകയാണ്… ആ അച്ഛന്റെ മുന്നിൽ താൻ തീരെ ചെറുതായ പോലെ…ശ്രമപ്പെട്ടു ഒന്നു ചിരിച്ചു..

ഇപ്പോൾ കുഴപ്പമില്ല..മുറിവ് കരിഞ്ഞു തുടങ്ങി…. എങ്ങനെയൊക്കെയോ അവൻ മറുപടി പറഞ്ഞു…. ദേവൻ തന്നോട് സ്നേഹത്തോടെ സംസാരിച്ച സന്തോഷത്തിൽ അവൻ മേനകയെയും ഒന്നു നോക്കി…പക്ഷേ അവനെ ദേഷ്യത്തോടെ നോക്കിയിരിക്കുന്ന ആ അമ്മയെ കണ്ടതും അവനൊന്നു പകച്ചു….അവൻ നോക്കുന്നത് കണ്ടതും വെറുപ്പോടെ അവർ മുഖം തിരിച്ചു… അരവിന്ദിന് വേദനിച്ചു….പക്ഷേ പരാതി ഇല്ല….താനത് അർഹിക്കുന്നു…. അവൻ വേഗം ചായ കുടിച്ചു എഴുന്നേറ്റു പുറത്തേയ്ക്കു നടന്നു…. 💙🎉

വീടിനു പുറകിൽ ചെറിയ ഒരു വഴിയുണ്ട്….അത് ചെന്നെത്തുന്നത് ഒരു ഗ്രൗണ്ടിലേക്കാണ്…. വീട്ടിൽ ആര്യയുടെ അച്ഛനും അമ്മയും ഉള്ളതുകൊണ്ട് അവൻ ആ ഗ്രൗണ്ടിലേക്ക് നടന്നു…മിക്ക ദിവസങ്ങളിലും അവിടെ വൈകുന്നേരം ക്രിക്കറ്റ്‌ കളി ഉണ്ടാകും..പണ്ട് താനും പോകുമായിരുന്നു കളിക്കാൻ…പക്ഷേ നിമിഷ ജീവിതത്തിലേയ്ക്ക് വന്നതിനു ശേഷം ഉണ്ടായ മാറ്റങ്ങളിൽ ഒന്നാണ് ഗ്രൗണ്ടിലേക്കുള്ള പോക്ക് നിർത്തിയത്….. ഓരോന്നോർത്തു നടന്നു അവൻ ഗ്രൗണ്ടിലെത്തി..പക്ഷേ അന്നവിടെ ആരുമില്ലായിരുന്നു… അടുത്തായി ചെറിയൊരു കട ഉണ്ട്..കളി കഴിഞ്ഞു വരുന്നവർ വെള്ളവും,ചായയുമൊക്കെ അവിടെ നിന്നാണ് കുടിക്കുക…

അരവിന്ദ് കടയിലേക്ക് ചെന്നു…മൂനാലുപേർ ഇരുന്നു ചായ കുടിക്കുന്നുണ്ട്‌….അവനവരെ ശ്രദ്ധിക്കാതെ മോൾക്ക്‌ ഡയറി മിൽക്ക് വാങ്ങി..പിന്നെ കുറച്ച് ഫ്രൂട്ട്സും….അത് ആര്യയ്ക്കാണ്….. സാധനങ്ങൾ എടുത്തു തരുമ്പോഴും, പൈസ വാങ്ങുമ്പോഴുമെല്ലാം കടക്കാരൻ തന്നെ സൂക്ഷിച്ചു നോക്കുന്നത് അരവിന്ദ് ശ്രദ്ധിച്ചിരുന്നു…. അവിടെ ഇരുന്നവരുടെയും കണ്ണുകൾ തന്റെ മേലെയാണെന്നത് അവനെ തെല്ലു അലോസരപ്പെടുത്തി…. തിരികെ നടക്കുമ്പോൾ അവരുടെ സംസാരം കേട്ടു അവനൊന്നു നിന്നു… ഇതാ ശേഖരേട്ടന്റെ മോനല്ലേ… അതേ…. കടക്കാരനാണ് ഉത്തരം പറയുന്നത്…. ഇവന്റെ ഭാര്യ അല്ലേ ആരുടെയോ കൂടെ പോയത്… അതേ..അത് തന്നെ…ഒരു കൊച്ചും ഉണ്ട്…

അതിനെ കളഞ്ഞിട്ടാണ് അവൾ പോയത്… അവനത് വേണം….ഇവന്റെ രണ്ടാം കെട്ടിലെ പെണ്ണാ പോയത്..ആദ്യം കെട്ടിയത് ഒരു പാവം പിടിച്ച കൊച്ചിനെയാ..അവളിൽ നിന്നു സുഖം പോരായെന്നു തോന്നി അതിനെ കളഞ്ഞിട്ടാണ് ചാടി പോയ ആ മൂദേവിയെ കെട്ടിയത്… അവൾക്കിപ്പോൾ ഇവനെ പോരായെന്നു തോന്നി വേറെ ഒരുത്തന്റെ കൂടെ പോയി…. മുൻപ് ശേഖരേട്ടൻ ഇവിടെ വന്നിരുന്നു കരയുമായിരുന്നു… മോനേ ഓർത്തല്ല..മരുമോള് കൊച്ചിനെ ഓർത്തു…അതൊരു പാവം കൊച്ചായിരുന്നു..അതിന്റെ കണ്ണീരു വീഴ്ത്തിയിട്ട് ഇവൻ ഗതി പിടിക്കുമോ…

അവരൊന്നും പറഞ്ഞിട്ട് കേൾക്കാതെയാ ഈ ചെറുക്കൻ ആ കൊച്ചിനെ കളഞ്ഞത്..മറ്റേ പൂതനയെ കെട്ടാൻ.. ഇപ്പോ വന്നതുമില്ല,നിന്നതുമില്ല എന്നാ അവസ്ഥയായി ഇവന്റെത്… ആ പെൺകുട്ടിയെ ആണോ ഇവന്റെ അനിയൻ കല്യാണം കഴിച്ചത്…അന്നത് പറഞ്ഞു കേട്ടപ്പോൾ അമ്പരപ്പായിരുന്നു….ചേട്ടൻ കളഞ്ഞ പെണ്ണിനെ അനിയൻ കല്യാണം കഴിച്ചത്… അതേ…അത് തന്നെ….അവനാണ് ചുണകുട്ടി…അന്നൊക്കെ ഇവിടെ വരുന്ന പലരും അവനെ പുച്ഛിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്… ചേട്ടത്തിയുമായി ബന്ധം ഉണ്ടായതുകൊണ്ടാണ് ചേട്ടൻ ഭാര്യയെ ഉപേക്ഷിച്ചതെന്നും, അതുകൊണ്ടാണ് അവര് കെട്ടിയതെന്നുമൊക്കെയാണ് പലരും പറഞ്ഞത്…

അവർക്കൊക്കെ എന്റെ വായിൽ നിന്നും നല്ലത് കേട്ടിട്ടുമുണ്ട്….അത്ര നല്ല ഒരു കൊച്ചനാ അത്…. ശേഖരേട്ടനും ഭാര്യയും അതുപോലെ തന്നെ….ഇത്രയും നല്ല മനസ്സുള്ള ആൾക്കാരെ ഞാൻ വേറെ കണ്ടിട്ടില്ല… ആരും ചിന്തിക്കില്ല അവരെ പോലെയൊന്നും… ആ പെൺകുട്ടിയുടെ വിഷമങ്ങൾ കണ്ടത് കൊണ്ടാകും അവർ അങ്ങനെ ഒരു തീരുമാനമെടുത്തത്…. ഇപ്പോ പോയവനെയും, ബന്ധുക്കളെയുമൊക്കെ വെറുപ്പിച്ചാണ് ശേഖരേട്ടൻ അവരുടെ കല്യാണം നടത്തിയത്…എന്നിട്ടിപ്പോൾ എന്താ..അവർ അന്തസായി ജീവിക്കുന്നു…. ഇവന് എല്ലാം നഷ്ടമായി… പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കുമെന്നു പറയുന്നത് വെറുതെയല്ല… ആ കൊച്ചിന്റെ കണ്ണുനീരിന്റെ ശാപമാണ്…..

തനിക്കായുള്ള ശാപവാക്കുകൾ പുറകിൽ കേൾക്കുന്നത് ശ്രദ്ധിച്ചു അവൻ അവിടെ നിന്നു നടന്നു നീങ്ങി… ആകെ തകർന്നിരുന്നു മനസ്‌…. വഴിയിൽ ആരെയൊക്കെയോ കണ്ടു.. എല്ലാവരും തന്നെ തുറിച്ചു നോക്കുന്നത് പോലെ …പരിഹാസവും ,ദേഷ്യവും ,പുച്ഛവുമൊക്കെ മാറി മാറി ആ മുഖങ്ങളിൽ വിരിയുന്നത് പോലെ അവന് തോന്നി…അവിടെ നിന്നു ഓടിയകലാൻ മനസ്‌ വല്ലാതെ ആഗ്രഹിച്ചു… പക്ഷേ മനസ്സിന്റെ തളർച്ച കാലുകൾ ഏറ്റെടുത്ത പോലെ…. തല കുനിച്ചു അവൻ പതിയെ മുൻപിലേക്ക് നടന്നു.. 💙🎉

വീടെത്തി ആരെയും ശ്രദ്ധിക്കാതെ അവൻ മുറിയിലേയ്ക്കു നടന്നു..പക്ഷേ ആ നാലു ചുമരുകൾക്കുള്ളിൽ അനുഭവപ്പെടുന്ന ഏകാന്തതയിൽ അവന് ശ്വാസംമുട്ടി… ഒരു ആശ്വാസത്തിനായി അവൻ മുറിക്കു പുറത്തേക്കിറങ്ങി..താഴേയ്ക്ക് ചെന്നു കുളത്തിനരികിലേയ്ക്ക് നടന്നു… കുറച്ചു നേരം ഒറ്റയ്ക്കിരിക്കണം….പക്ഷേ കുളത്തിനരികിലേയ്ക്ക് നടന്നടുക്കുംതോറും ആരുടെയോ സ്വരം ഉയർന്നു കേൾക്കുന്നു…ഒടുവിൽ ഏറ്റവും താഴെയുള്ള പടവിൽ ഇരുന്നു സംസാരിക്കുന്ന ആര്യയേയും,അമ്മയേയും കണ്ടവന്റെ കാലുകൾ നിശ്ചലമായി… എന്നാണ് മോളെ നിങ്ങൾ തിരികെ പോകുന്നത്….

തന്റെ മടിയിൽ തലവെച്ച് കിടക്കുന്ന ആര്യയുടെ മുടിയിഴകളിൽ തലോടിയിരിക്കുകയാണ് മേനക… കൃത്യമായി എനിക്കും അറിയില്ലമ്മേ… ഈ പ്രശ്നങ്ങളൊക്കെ ഒന്നൊതുങ്ങിയിട്ട് തിരിച്ചു പോകാമെന്നാ അഭിയേട്ടൻ പറയുന്നത്… എന്ത് പ്രശ്നങ്ങൾ..അരവിന്ദിന്റേയോ…?? ആ പ്രശ്നങ്ങൾ ഇനി തീരുമോ മോളെ.. അത് തുടങ്ങിയിട്ടല്ലേയുള്ളൂ…. അവന്റെ പ്രവൃത്തികളുടെ ഫലമാണ് അവനിപ്പോൾ അനുഭവിക്കുന്നത്… നിമിഷയ്ക്കു വേണ്ടിയല്ലേ നിന്നെയവൻ കരയിച്ചത്… നിന്റെ ജീവിതം ഇല്ലാതാക്കിയത്…. അന്നൊക്കെ എന്ത് അഹങ്കാരമായിരുന്നു …അവളെ കെട്ടിയതു മുതൽ നമ്മളോടൊക്കെ പുച്ഛമല്ലായിരുന്നോ അവന്….

അയാൾ ഇപ്പോൾ ആകെ മാറി അമ്മേ… ശരിക്കും തകർന്നു അയാൾ….ഇനിയും നമ്മളെന്തിനാ അമ്മേ വീണുകിടക്കുന്ന ഒരാളോട് വാശിയും,ദേഷ്യവും കാണിക്കുന്നത്…?? നീ ഒരു പാവം ആയതുകൊണ്ടാണ് മോളെ ഇങ്ങനെയൊക്കെ പറയുന്നത്… ഇപ്പോൾ അനുഭവിക്കുന്നതൊന്നും ഒരു ശിക്ഷയേയല്ല മോളെ അവന്… ഒരു പെൺകുഞ്ഞല്ലേ അവനും.. നിന്നോടവൻ ചെയ്തത് നാളെ ആ കുഞ്ഞിനോട് ആരെങ്കിലും ചെയ്യുമ്പോഴേ അവനു സ്വന്തം തെറ്റ് പൂർണ്ണമായും മനസ്സിലാകൂ…. അമ്മേ…. ആ പാവം കുഞ്ഞെന്ത് പിഴച്ചു.. അതിനെ ശപിക്കല്ലേ… ആര്യ എഴുന്നേറ്റിരുന്നു അമ്മയെ നോക്കി… ആ പൊടികുഞ്ഞിനെ ഞാൻ ശപിക്കുമോ മോളെ…എന്റെ വിഷമം കൊണ്ട് പറഞ്ഞതാ…..

നീ ഇനി എന്തൊക്കെ പറഞ്ഞാലും ഈ ജന്മം എനിക്കവനോട് ക്ഷമിക്കാൻ കഴിയില്ല… അവൻ കാരണം അത്രമാത്രം നീറിയിട്ടുണ്ട് നമ്മൾ… ഐഷു വിളിച്ചപ്പോൾ പറഞ്ഞത് നിന്നെ വീട്ടിലേക്ക് കൊണ്ടുപോകാനാ…. തിരികെ പോകുന്നതുവരെ അവനുള്ള ഈ വീട്ടിൽ നിർത്തണ്ടെന്ന്… ഇപ്പോഴുള്ള ദേഷ്യം നിന്നോട് തീർക്കുമോയെന്ന് അവൾക്ക് പേടി…. കേട്ടപ്പോൾ എനിക്കും അങ്ങനെ തോന്നി മോളെ… അവനെ വിശ്വസിക്കാൻ പറ്റില്ല… അതവൻ തന്നെ തെളിയിച്ചതാണല്ലോ… മേനകയുടെ സ്വരത്തിൽ അരവിന്ദിനോടുള്ള വെറുപ്പ് നിറഞ്ഞുനിന്നു…. പേടിക്കണ്ട അമ്മ..അയാൾ ഒരുപാടു മാറി…എനിക്കത് മനസിലായി…ഇപ്പോൾ നല്ല കുറ്റബോധമുണ്ടയാൾക്കു…..

ഒരു വീഴ്ച പറ്റിയപ്പോഴല്ലേ അവനാ കുറ്റബോധമുണ്ടായത്…. അവനിതൊന്നും അനുഭവിച്ചാൽ പോരാ…. അത്രമാത്രം ഞാൻ അവനെ ശപിച്ചിട്ടുണ്ട്….എന്റെ കുഞ്ഞിന്റെ താലി പൊട്ടിച്ചെടുത്ത് മറ്റൊരുവൾക്ക് കൊടുത്ത അവനോടു എനിക്കൊരലിവും തോന്നില്ല…..ഒരുകാലത്തും തോന്നില്ല…. ഇനിയും ആ അമ്മയുടെ ശാപവാക്കുകൾ കേട്ട് നിൽക്കാനുള്ള ശക്തിയില്ലാത്ത പോലെ അവൻ തിരികെ നടന്നു….അപ്പോഴുമവന്റെ കാതിൽ അവരുടെ ശാപവാക്കുകൾ മുഴങ്ങി കൊണ്ടിരുന്നു….

ഉള്ളം മുറിഞ്ഞു അതിൽ നിന്നും രക്തം പൊടിയുന്നു… വല്ലാതെ നോവുന്നു…… ഏത് ഗംഗയിൽ മുങ്ങിയാലാണ് ചെയ്ത പാപങ്ങളിൽ നിന്ന് മോക്ഷം ലഭിക്കുക….. എത്ര ദിനരാത്രങ്ങൾ കാത്തിരുന്നാലാണ് ഒരു സമാധാനതീരത്തണയുക… അവന്റെ മിഴികളിൽ നിന്നു ഒഴുകിയിറങ്ങിയ ഒരു തുള്ളി കണ്ണുനീർ ആ മണ്ണിൽ വീണു ചിതറി…. കാത്തിരിക്കാം തുഷാര ലക്ഷ്മി❤ തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദാമ്പത്യം: ഭാഗം 32

Share this story