ദാമ്പത്യം: ഭാഗം 34

ദാമ്പത്യം: ഭാഗം 34

എഴുത്തുകാരി: തുഷാര ലക്ഷ്മി

കാലമേ..!! ഒന്നു പിന്തിരിഞ്ഞു നടക്കാമോ…ജീവിതയാത്രയിൽ ആദ്യമായി ദിശ തെറ്റിയ ഇടത്തേക്ക് എന്നെ കൊണ്ടു നിർത്തുമോ നീ…. ശരിയിലേക്കെത്താൻ ഒരവസരം കൂടി എനിക്ക് നൽകാമോ…. ചുറ്റിനും മുഴങ്ങി കേൾക്കുന്ന ശാപവാക്കുകൾ…ആര്യയുടെ അമ്മയുടെ, ആ കടക്കാരന്റെ, പിന്നെ…പിന്നെ തന്നെ അറിയാവുന്ന ഓരോരുത്തരുടെയും..കേൾക്കാതെ കേൾക്കുന്നുണ്ട് അവരുടെ വാക്കുകൾ… അവജ്ഞയോടെ നോക്കുന്ന ഓരോ മുഖങ്ങളും കാണാതെ കാണുന്നുണ്ട്.. ഒക്കെയും ഇപ്പോൾ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്…. ഉള്ളം നോവുന്നു… ഇനിയുമീ കനൽമഴ നനയുവാൻ വയ്യ… തന്റെ ചെയ്തികളിൽ പശ്ചാത്തപിച്ചും, വേദനിച്ചും ആ രാത്രി ഉറക്കമില്ലാതെ അവൻ തള്ളിനീക്കി….

രാത്രി അഭി മുറിയിലേയ്ക്കു വരുമ്പോൾ ആര്യ കിടക്കുകയായിരുന്നു.. ഉറങ്ങതെ മുകളിലേയ്ക്കു നോക്കി കാര്യമായെന്തോ ആലോചനയിലാണ്….അഭി വന്നതൊന്നും അറിഞ്ഞ മട്ടില്ല… അഭി ലൈറ്റ് ഓഫാക്കാതെ അവളുടെ അടുത്ത് വന്നു കിടന്നു…കുറച്ചു നേരം കഴിഞ്ഞിട്ടും ആള് ഈ ലോകത്തേയ്ക്ക് തിരികെ വന്നിട്ടില്ല…. അവൾ പേടിച്ചാലോ എന്നോർത്തു അവൻ മെല്ലെ തന്റെ കൈ അവളുടെ വയറിലേയ്ക്ക് ചേർത്തു വെച്ചു….പതിയെ തലോടി… തന്റെ കുഞ്ഞു…അവന്റെ മനസിൽ തന്റെ കുരുന്നിനോടുള്ള വാത്സല്യം നിറഞ്ഞു…മനസിൽ ഒരു കുഞ്ഞു മുഖം വരച്ചെടുക്കാൻ ശ്രമിച്ചു..അവനൊന്നു പുഞ്ചിരിച്ചു…അല്പം താഴേയ്ക്കിറങ്ങി അവളുടെ വയറ്റിൽ ചുംബിച്ചു ഒരു കയ്യാൽ അവളെ ചുറ്റി പിടിച്ചു വയറ്റിൽ തല ചേർത്തുവെച്ചു കിടന്നു…

കുറച്ചു കഴിഞ്ഞു മുഖം അല്പമൊന്നുയർത്തി നോക്കിയപ്പോൾ ആര്യയൊരു പുഞ്ചിരിയോടെ കിടക്കുന്നുണ്ട്.. കഴിഞ്ഞോ നിന്റെ ആലോചനയൊക്കെ.??? ഈ ലോകത്തൊന്നുമായിരുന്നില്ലലോ….?? അത് അഭിയേട്ടാ…എനിക്കൊരു സംശയം…. അവന്റെ മുടിയിഴകളിൽ പതിയെ വിരലോടിച്ചു കൊണ്ടു അവൾ പറഞ്ഞു… എന്താ????? അതുപിന്നെ…. കുഞ്ഞു വന്നാൽ അഭിയേട്ടൻ അതിനെ എങ്ങനെയാകും വളർത്തുക..?? വഴക്കൊക്കെ പറയോ..? അടി കൊടുക്കുമോ?? ഇതിൽ ഇത്ര ചോദിക്കാൻ എന്തിരിക്കുന്നു….തെറ്റ് കണ്ടാൽ ശാസിച്ചും, ശിക്ഷിച്ചുമൊക്കെ തന്നെയാകും വളർത്തുക… എന്നെയും അങ്ങനെ തന്നെയാണ് വളർത്തിയത്… അപ്പൊ ഞാനും അതുപോലെ തന്നെയാകും…

അല്ല എന്താ ഇപ്പൊ ഇങ്ങനെ ഒരു സംശയം… അഭി ചെറുചിരിയോടെ തിരക്കി…. അത് ഏട്ടാ… നിങ്ങൾ ചേട്ടനേയും അനിയനേയും കുറിച്ച് ചിന്തിച്ചപ്പോൾ തോന്നിയതാ… തന്നെ സംശയത്തോടെ നോക്കി കിടക്കുന്നവനെ അവളും ഒന്നു നോക്കി… ഒരേ ചോര ആയിട്ടും രണ്ടാളുടെയും സ്വഭാവം തമ്മിൽ രാവും, പകലും പോലെ വ്യത്യാസം…അതോർത്തപ്പോൾ തോന്നിയതാ….രണ്ടാളെയും വളർത്തിയത് നമ്മുടെ അച്ഛനുമമ്മയുമാണ്..എന്നിട്ടും എന്താ അയാളിങ്ങനെയായി പോയതെന്ന്…?? അഭി മെല്ലെ അവളിൽ നിന്നെഴുന്നേറ്റിരുന്നു…. അച്ഛനുമമ്മയും തെറ്റും ശരിയും പറഞ്ഞു തന്നു തന്നെയാണ് ഞങ്ങളെ രണ്ടുപേരെയും വളർത്തിയത്…. അച്ഛന്റേന്നു നല്ല അടിയും കിട്ടിയിട്ടുണ്ട് ഞങ്ങൾക്കു…

പക്ഷേ ചേട്ടൻ.. അഭി എഴുന്നേറ്റു ജഗ്ഗിൽ നിന്നു കുറച്ച് വെള്ളമെടുത്തു കുടിച്ചു…. ജനാലക്കടുത്തേയ്ക്കു ചെന്നു….അത് തുറന്നു കമ്പിയിൽ പിടിച്ചു കൊണ്ടു പുറത്തെ ഇരുട്ടിലേക്ക് നോക്കി നിന്നു… ആര്യയും എഴുന്നേറ്റു അവന്റെയടുത്ത് വന്നു….പുറകിൽ നിന്നു രണ്ടു കരങ്ങൾ കൊണ്ടും അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു അവന്റെ പുറത്തു മുഖം അമർത്തി നിന്നു.. ചെറുപ്പം മുതലേ അമ്മ ഞങ്ങളോട് പറയുന്ന കുറച്ചു കാര്യങ്ങളുണ്ട്…ഒരിക്കലും എന്റെ മക്കൾ കാരണം ആരുടെയും കണ്ണ് നിറയാനിടവരരുതെന്ന്….. പ്രത്യേകിച്ച് പെൺകുട്ടികളുടെ… പിന്നെ മരിക്കുന്നത് വരെ താലി കെട്ടിയ പെണ്ണിന്റെ കണ്ണുനിറയാതെ നോക്കണമെന്നു… അതിന് നിങ്ങൾ നിങ്ങളുടെ അച്ഛനെ മാതൃകയാക്കണമെന്നു…

ഈ വീട്ടിൽ രണ്ടു പെൺകുട്ടികൾ വന്നു കയറിയാൽ അവർ കഴിഞ്ഞേ ഞങ്ങൾ മക്കൾക്കു പോലും സ്ഥാനമുണ്ടാകൂവെന്ന്… ഇതൊക്കെ കേട്ടും, അനുസരിച്ചുമൊക്കെയാണ് ശ്രീ ഞങ്ങൾ വളർന്നത്… നീ ഈ വീട്ടിൽ മരുമകളായി വരുമ്പോഴും ചേട്ടൻ അമ്മയുടെ വാക്കുകൾ അനുസരിച്ചിരുന്നു…പിന്നെ എപ്പോഴോ അയാൾ… വകതിരിവ് നഷ്ടപ്പെട്ടാൽ എന്താ ചെയ്യുക… അഭിയുടെ സ്വരത്തിൽ വേദന നിറഞ്ഞു.. അതേസമയം അവനെ ചുറ്റി പിടിച്ചിരുന്ന ആര്യയുടെ കൈകൾ ഒന്നയഞ്ഞു… ഞാൻ കാരണമാണോ അഭിയേട്ടാ അയാളുടെ സ്വഭാവം മോശമായത്..?? മുൻപ് ചിലരുടെ നാവിൽ നിന്നു ഞാൻ നേരിട്ട് കേട്ടിട്ടുള്ളതാണ് എന്റെ കഴിവുകേടു കൊണ്ടാണ് അയാൾ മറ്റൊരു സ്ത്രീയെ തേടി പോയതെന്ന്…

ആണോ ഏട്ടാ….?? എന്റെ കുറ്റമാണോ അത്…?? ഞാൻ ഒരു കഴിവുകെട്ട ഭാര്യയാണോ ..? അവൻ അവളുടെ കൈകൾ എടുത്ത് മാറ്റി വേഗം അവൾക്കു അഭിമുഖമായി തിരിഞ്ഞുനിന്നു…അപ്പോഴേക്കും അവൻ കണ്ടിരുന്നു നിറഞ്ഞു തുളുമ്പറായ രണ്ടു മിഴികൾ… അഭി അവളെ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു…. നെഞ്ചിൽ ഊറി കൂടിയ നോവിൽ തളർന്നു അവളും അവനോട് ചേർന്നു നിന്നു… ഞാൻ പറഞ്ഞതെന്താണ്, നീ മനസിലാക്കിയതെന്താണ് ശ്രീ… ചേട്ടൻ ചെയ്ത തെറ്റിന് നീ എങ്ങനെയാണു ശ്രീ കാരണക്കാരിയാകുന്നത്..?

എനിക്കൊരു കുടുംബമുണ്ടെന്നും, ഒരു പെണ്ണ് എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്നുമൊക്കെ മറന്നു മറ്റൊരു പെണ്ണിന്റെ ചൂട് തേടി പോയത് അയാളുടെ മാത്രം തെറ്റാണ്…അയാൾ ചെയ്ത തെണ്ടിത്തരത്തിനു ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നതെങ്ങനെ… പിന്നെ എത്ര നന്നായി ജീവിച്ചാലും കുറ്റം പറയാൻ ആൾക്കാരുണ്ടാകും…അതൊക്കെ മനസ്സിലിട്ടു നീറ്റാതെ അങ്ങ് മറന്നു കളയണം… മറ്റാർക്കു മനസിലായില്ലെങ്കിലും എനിക്കും നമ്മുടെ അച്ഛനുമമ്മക്കും നിന്നെ നന്നായി അറിയാം…നീ തെറ്റുകാരിയായിരുന്നെങ്കിൽ,കഴിവുകെട്ടവളാണെന്നു എനിക്ക് എപ്പോഴെങ്കിലും തോന്നിയിരുന്നെങ്കിൽ നീയിന്നു ഈ വീട്ടിൽ എന്റെ കൂടെ കാണില്ലായിരുന്നു…..

ഇനിയും നിനക്ക് സംശയം ബാക്കിയുണ്ടോ ശ്രീ…?? അവന്റെ വാക്കുകളിൽ….അവന്റെ വിരലുകളുടെ തലോടലിൽ…..ആ നെഞ്ചിൽ നിന്നു പകർന്നു കിട്ടിയ ചൂടിൽ തന്റെ കണ്ണുനീര് മാത്രമല്ല ഉള്ളിലെ നോവ് കൂടി എരിഞ്ഞൊടുങ്ങുന്നത് അവളറിഞ്ഞു… മനസ്സൊന്നു ശാന്താമായതും അവൾ പതിയെ അവനിൽ നിന്നകന്നു മാറി..അഭിയും തെല്ലൊരു സംശയത്തോടെ അവളെ നോക്കി നിന്നു…. അഭിയേട്ടനെന്നോടു എത്ര സ്നേഹമുണ്ട്…?? ചോദ്യം കേട്ടതും ഒരു പുഞ്ചിരിയോടെ അഭി തിരിഞ്ഞു പുറത്തെ ഇരുട്ടിലേക്ക് മിഴികൾ പായിച്ചു… കുറച്ചു നേരം കാത്തു നിന്നിട്ടും പ്രതീക്ഷിച്ച ഉത്തരം അവനിൽ നിന്നു കിട്ടാതിരുന്നത് കൊണ്ടാകണം അല്പനേരമൊന്നാലോചിച്ചു മറ്റൊരു ചോദ്യമെറിഞ്ഞു അവളവനെ കൊതിയോടെ നോക്കി നിന്നു….

ഞാൻ നല്ലൊരു ഭാര്യ ആണോ അഭിയേട്ടാ….??? അഭിയ്ക്കു മനസിലായി അവളുടെ മനസ്സിലെ സംശയങ്ങൾ….അവനൊന്നു പുഞ്ചിരിച്ചു…അവളെ ഒന്നു കളിപ്പിക്കാനായി ഇത്തവണയും മൗനം മാത്രമായിരുന്നു മറുപടി…. ആര്യയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…അവളവനെ ബലമായി പിടിച്ചു തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി… നിനക്കിതെന്താ ശ്രീ.. വെറുതെ മനസ്‌ വിഷമിപ്പിക്കാൻ ഓരോ ചോദ്യങ്ങൾ…നീ ഇപ്പോൾ മറ്റൊന്നുമോർക്കണ്ട…എന്റെ കുഞ്ഞു കുറച്ച് സമാധാനത്തോടെ ഇവിടെ കിടന്നോട്ടെ… അവനവളുടെ വയറിൽ പതിയെ തലോടി കൊണ്ടാണ് പറയുന്നത്..അവളാ കൈ തട്ടി മാറ്റി… അല്പം പുറകിലേക്ക് നീങ്ങി നിന്നു…. ഇതല്ലല്ലോ ഞാൻ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം…

വീണ്ടും പ്രതീക്ഷയോടെ അവളവനെ ഒന്നു നോക്കി… പക്ഷേ ഇപ്പോഴും മൗനത്തെ പൂജിച്ചു നിൽക്കുന്നവനെ കണ്ടപ്പോൾ അവനോടു പിണങ്ങിയ പോലെ മുഖം വീർപ്പിച്ചു താഴേക്ക് നോക്കി നിന്നു… തന്നോട് കെറുവിച്ചു നിൽക്കുന്നവളെ കണ്ടപ്പോൾ ആ നിമിഷം തന്റെ മുന്നിൽ നിൽക്കുന്നതൊരു കൊച്ചു കുട്ടിയാണ് എന്നവന് തോന്നി…. പ്രണയത്തോടെ,അതിലധികം വാത്സല്യം നിറഞ്ഞൊഴുകുന്ന മനമോടെ അവനവളെ തന്നിലേക്ക് അമർത്തി പിടിച്ചു….. എനിക്കുത്തരം കിട്ടിയില്ല… തെല്ലൊരു കുറുമ്പോടെ അവൾ പിന്നെയും പറഞ്ഞു…ഇത്തവണ കപട ദേഷ്യത്തോടെ അഭിയവളെ നോക്കി… അവളുടെ ഓരോ കൊനിഷ്ട്ട് ചോദ്യങ്ങൾ… നിനക്ക് ഉത്തരം വേണമല്ലേ….!! ഇപ്പൊ തരാം… പറഞ്ഞു തീർന്നതും അഭി അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ ചുണ്ടിലേയ്ക്ക് തന്റെ ചുണ്ട് ചേർത്തു…

കുതറി മാറാൻ നോക്കിയവളെ രണ്ടു കൈകൾകൊണ്ടും അവൻ തന്നിലേക്ക് ചേർത്തു പിടിച്ചു.. പതിയെ അവളും അതാസ്വദിച്ചു അവനോടു ഒതുങ്ങി നിന്നു…. ഒട്ടും വേദനിപ്പിക്കാതെ,ശ്വാസമെടുക്കാനുള്ള സമയം അവൾക്കു നൽകി ആ ചുംബനത്തിലൂടെ അവനവളിലേയ്ക്ക് തന്റെ പ്രണയം പകർന്നു നൽകികൊണ്ടിരുന്നു…. ഏറെ നേരത്തിനു ശേഷം ചെറിയൊരു കിതപ്പോടെ ഇരുവരും അകന്നു മാറി….വീണ്ടുമവൻ അവളെ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു…. കിതപ്പൊന്നൊതുങ്ങിയതും… എനിക്കങ്ങനെ ചക്കര വർത്തമാനം പറയാനൊന്നും അറിയില്ല പെണ്ണേ….

എങ്കിലും ഒരു കാര്യം പറയാം… എന്റെ നെഞ്ചിലൊതുങ്ങി നിൽക്കുന്ന ഈ പെണ്ണിനെ,എന്റെ കുഞ്ഞിന്റെ അമ്മയെ ഞാൻ ഒരുപാടു സ്നേഹിക്കുന്നു…ബഹുമാനിക്കുന്നു…ഞാൻ ആഗ്രഹിച്ച പോലെ അവൾ എന്റെയും ഈ വീടിന്റെയും വിളക്കാണ്… എന്റെ പുണ്യം…. അവളെന്നാൽ കൊതിയാണെനിക്ക്….അവളോടൊപ്പമുള്ള ഓരോ നിമിഷവും വല്ലാത്തൊരു സന്തോഷം അനുഭവിക്കുകയാണ് ഞാൻ… അവളെ സ്നേഹിച്ചു മതിയായില്ലെനിക്ക്…. ചിലപ്പോൾ അതിന് ഈ ജന്മം പോരാതെ വരുമായിരിക്കും…. ഞാനിന്ന് എന്നെക്കാൾ കൂടുതൽ സ്നേഹിക്കുന്നത് അവളെയാണ്…. തന്റെ നെഞ്ചിൽ ചൂട് നനവ് തട്ടിയതും അഭിയൊന്നു നിശബ്ദനായി… ആ മിഴിനീർ സന്തോഷം കൊണ്ടാണെന്നു അവനറിയാം..

അവനവളുടെ പുറത്തു തട്ടി കൊടുത്തുകൊണ്ടിരുന്നു.. ഇതുതന്നല്ലേ താനും ആഗ്രഹിച്ചത്…അവളുടെ സന്തോഷം… ചതിയുടെയും, അപമാനത്തിന്റെയും മുള്ളുകൾ കൊണ്ടു പോറലേറ്റ ഹൃദയമാണ്…ഉള്ളിലുള്ള സ്നേഹം കൊടുത്ത് ആ മുറിവുണക്കണമെന്നു മാത്രമേ എപ്പോഴും ആഗ്രഹിച്ചിട്ടുള്ളു…തന്നതിൽ വിജയിച്ചോ…ഉണ്ടാകും…അതവളുടെ മുഖത്തുണ്ട്…അഭിയുടെ ചുണ്ടിൽ മനസ്‌ നിറഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു…അവനവളെ ഒന്നു കൂടി ചേർത്തു പിടിച്ചു മുടിയിൽ അമർത്തി മുത്തി… കുറച്ചേറെ നേരം അങ്ങനെ നിന്നു…പിന്നെ അവളെയും ചേർത്തു പിടിച്ചു കട്ടിലിനരികിലേയ്ക്ക് നടന്നു…അവളെ കട്ടിലിലേക്ക് ചായ്ച്ചു കിടത്തി..അവനും അവളെ ചേർത്തു പിടിച്ചു കിടന്നു… 💙🎉

… കാത്തിരിക്കാം തുഷാര ലക്ഷ്മി❤ തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദാമ്പത്യം: ഭാഗം 33

Share this story