പ്രിയസഖി: ഭാഗം 16

പ്രിയസഖി: ഭാഗം 16

എഴുത്തുകാരി: ശിവ നന്ദ

ശരീരം തളരുന്നത് പോലെ തോന്നിയെങ്കിലും സർവ്വ ശക്തിയുമെടുത്ത് ഞാൻ ജിത്തേട്ടന്റെ അരികിലേക്ക് ഓടി..അപ്പോഴേക്കും ആളുകൾ ഡോർ പൊളിച്ച് ജിത്തേട്ടനെ പുറത്തിറക്കിയിരുന്നു…ആ മുഖം കൈകുമ്പിളിൽ എടുത്ത് സ്ഥലകാലബോധമില്ലാത്ത ഞാൻ നിലവിളിച്ചു.കൂടി നിന്നവരിൽ ആരൊക്കെയോ ചേർന്നെന്നെ പിടിച്ചുമാറ്റി ജിത്തേട്ടനെ ആംബുലൻസിലേക്ക് കയറ്റി..അപ്പോഴാണ് എനിക്ക് കല്ലുവിന്റെ കാൾ വരുന്നത്..അറ്റൻഡ് ചെയ്‌തെങ്കിലും ഒന്നും സംസാരിക്കാൻ പറ്റിയില്ല…ബോധം മറഞ്ഞ് അടുത്ത് നിന്ന ആരുടെയോ കൈകളിലേക്ക് ഞാൻ വീണു…..

ഏട്ടന്റെ “കുഞ്ഞാറ്റേ” എന്ന വിളി ദൂരെന്ന് കേൾക്കുന്നത് പോലെ തോന്നി..ആയാസപ്പെട്ട് കണ്ണ് തുറന്നപ്പോൾ ആണ് ഹോസ്പിറ്റൽ ആണെന്ന് മനസ്സിലായത്.ഏട്ടനും അമ്മയും കല്ലുവും എന്റെ അടുത്ത് തന്നെയുണ്ട്. “ജിത്തേട്ടൻ” “ഐസിയുവിൽ ആണ്” “എനിക്ക് കാണണം ഏട്ടാ” “ദേ ട്രിപ്പ്‌ ഇട്ടേക്കുന്നത് കണ്ടില്ലേ..അത് കഴിയാതെ എങ്ങനെയാടാ…മാത്രമല്ല അവനെ ഇപ്പോൾ കാണാനും പറ്റില്ല” “എനിക്ക് പുറത്ത് നിന്നൊന്ന് കണ്ടാൽ മതി ഏട്ടാ…പ്ലീസ് ഏട്ടാ” “മ്മ്…ഞാൻ ഡോക്ടറോട് ഒന്ന് ചോദിക്കട്ടെ.മോള് കിടക്ക്…” ഏട്ടൻ പുറത്തേക്ക് പോയി.അമ്മ എന്റെ തലയിൽ തടവി എന്റെ അടുത്ത് തന്നെ ഇരുന്നു.കല്ലു എന്നെ തന്നെ നോക്കി നില്കുന്നു…’ഒന്നും ഇല്ലടി’ എന്നൊന്ന് കണ്ണടച്ച് കാണിച്ച് ഞാൻ ട്രിപ്പിൽ നിന്നും ഓരോ തുള്ളി വീതം ട്യൂബിലേക്ക് വീഴുന്നതും..

അത് വഴി എന്റെ ഞരമ്പിലേക്ക് പ്രവേശിക്കുന്നതും നോക്കി കിടന്നു..കണ്ണടക്കാൻ പറ്റുന്നില്ല…അപ്പോഴെല്ലാം ചോരയിൽ പൊതിഞ്ഞ ജിത്തേട്ടന്റെ മുഖമാണ് മനസ്സിലേക്ക് വരുന്നത്.. മുറിയ്ക്ക് പുറത്തിറങ്ങാൻ ഡോക്ടർ അനുവാദം തന്നപ്പോഴേക്കും വൈകുന്നേരം ആയി.എന്റെ ബോഡി വീക്ക്‌ ആണത്രേ…അതിലും വീക്ക്‌ ആണ് എന്റെ മനസ്സ്…ഏട്ടന്റെ കൈ പിടിച്ച് icuവിന് മുന്നിൽ എത്തുമ്പോൾ കരഞ്ഞ് തളർന്നിരിക്കുന്ന മൃദുവിനെയും അമ്മയെയും കണ്ടു.കുറച്ചപ്പുറത്ത് മാറി അച്ഛന്റെ തോളിൽ ചാരി മിഥുനും ഇരിപ്പുണ്ട്..എന്നെ കണ്ടതും മൃദു ഓടി വന്ന് കെട്ടിപിടിച്ച് കരയാൻ തുടങ്ങി.ഏട്ടൻ അച്ഛനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.അപ്പോഴാണ് ഡോക്ടർ പുറത്തേക്ക് ഇറങ്ങിയത്.

“ഡോക്ടർ, ജിതിന്??” “ഇവിടെ കൊണ്ട് വരുമ്പോൾ ഞങ്ങള്ക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.പക്ഷെ ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്..2 ദിവസം കൂടി ICUവിൽ കിടക്കട്ടെ..എന്നിട്ട് റൂമിലേക്ക് മാറ്റം” “ഞങ്ങൾ ഒന്ന് കയറി കണ്ടോട്ടെ?” “No No…ഇന്ന് കാണാൻ പറ്റില്ല…danger zone കടന്നു എന്നേയുള്ളൂ.ആൾക്ക് ഇതുവരെ ബോധം വന്നിട്ടില്ല.” ഇത്രയും പറഞ്ഞ് ഡോക്ടർ പോയി.. ഒന്ന് പൊട്ടിക്കരയാൻ പോലും പറ്റാത്ത അവസ്ഥയിൽ ആണ് ഞാൻ…എന്ത് പറഞ്ഞ് കരയും…ഏത്‌ ബന്ധത്തിന്റെ പേരിൽ കരയും…എല്ലാം അടക്കി നിർത്തി പ്രതിമ പോലെ ഞാൻ അവിടെ നിന്നു.. “കല്യാണി..നീ കുഞ്ഞാറ്റയെ മുറിയിലേക്ക് കൊണ്ട് പോ.” ദയനീയമായി ഞാൻ ഏട്ടനെ ഒന്ന് നോക്കി…

എനിക്ക് എന്റെ ജിത്തേട്ടന്റെ അടുത്ത് നിന്നാൽ മതിയെന്ന് പറയണമെന്ന് ഉണ്ടായിരുന്നു..പക്ഷെ ഏട്ടനെ അനുസരിച്ച് ഞാൻ കല്ലുവിനോടൊപ്പം മുറിയിലേക്ക് പോയി…എനിക്ക് കുഴപ്പം ഒന്നുമില്ലെന്നും ജിത്തേട്ടന് ബോധം വരുമ്പോൾ അറിയിക്കാമെന്നും പറഞ്ഞ് ഒരുവിധം ആണ് അമ്മയെ വീട്ടിലേക്ക് പറഞ്ഞ് വിട്ടത്..അത് മറ്റൊന്നിനും വേണ്ടിയല്ല…എനിക്കൊന്ന് ഉറക്കെ കരയണമായിരുന്നു… “വേദു…എന്താ മോളേ…സാറിനു കുഴപ്പം ഒന്നുമില്ലല്ലോ” “പറ്റില്ല കല്ലു…ഈ കയ്യിൽ ഇപ്പോഴും ചോരയുടെ മണമാ…എന്റെ ജിത്തേട്ടന്റെ…..ഇന്ന് ജിത്തേട്ടനോട് സംസാരിക്കുമെന്ന വാശിയിൽ ഇറങ്ങിയത…പക്ഷെ ഇപ്പോൾ ആ വാശി എനിക്കില്ല കല്ലു…

എന്നോട് ഒന്നും സംസാരിക്കേണ്ട…എന്നെ ഒന്ന് നോക്കിയാൽ മാത്രം മതി…..” എന്ത് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കണമെന്ന് കല്ലുവിന് അറിയില്ല…അപ്പോഴേക്കും ഏട്ടൻ മുറിയിലേക്ക് കയറി വന്നു. “എനിക്ക് അറിയാമായിരുന്നു നീ ഇവിടെ കിടന്ന് കരയുവാണെന്ന്” “ഏട്ടാ…ഞാൻ.. ” “കല്യാണി സമയം ഒരുപാട് ആയില്ലേ…മോൾടെ വീട്ടിൽ ഞാൻ വിളിച്ചിട്ടുണ്ട്..അച്ഛൻ ഇപ്പോൾ വരും” “അത് വേണ്ടായിരുന്നു ഏട്ടാ..ഇവൾ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാ സമാധാനത്തോടെ വീട്ടിൽ ഇരിക്കുക” “സാരമില്ല..ഞാൻ ഉണ്ടല്ലോ ഇവിടെ..നാളെ ക്ലാസ്സ്‌ ഉള്ളതല്ലേ..മോള് പൊയ്ക്കോ” കല്ലുവിന്റെ അച്ഛൻ വന്ന് അവളെ കൂട്ടികൊണ്ട് പോയി..എന്റെ നെറ്റിയിൽ ഒരുമ്മയും തന്ന് അടങ്ങി ഒതുങ്ങി കിടക്കണമെന്ന് താക്കീതും തന്നിട്ടാണ് അവൾ പോയത്.

അവൾ പോയതിനു ശേഷം ഞാൻ ഏട്ടനെ ഒന്ന് നോക്കി. “എന്താടാ എന്റെ മോൾക്ക് പറ്റിയത്? ” “ജിത്തേട്ടൻ എന്റെ തൊട്ടുമുന്നിൽ ഉണ്ടായിരുന്നു ഏട്ടാ…ഞാൻ അറിഞ്ഞില്ല…ഞാൻ കാണുമ്പോൾ ജിത്തേട്ടൻ ആ കാറിൽ…..” “മോളേ…ഇങ്ങനെ കരയാതെ..അവന് ഒന്നും പറ്റിയില്ലലോ…” “എനികൊന്ന് കാണണം ഏട്ടാ..എന്നെ ഒന്ന് നോക്കിയാൽ മതി..ഒന്നും സംസാരിക്കേണ്ട” “ഏട്ടൻ കാണിക്കാലോ…നാളെയാകട്ട്..” അപ്പോഴാണ് വാതിലിൽ ആരോ മുട്ടിയത്.ഏട്ടൻ വാതിൽ തുറന്നപ്പോൾ SI ആണ്. “എന്തായി അന്വേഷണം? ” “സർ..ഇത് വെറുമൊരു ആക്‌സിഡന്റ് അല്ലെന്ന് ആണ് ദൃക്‌സാക്ഷികൾ പറയ്യുന്നത്” “What????” “അതെ സർ..ടിപ്പർ ലോറി കൊണ്ട് വന്ന് ഇടിക്കുകയായിരുന്നു.”

“ഇത്രയും തിരക്കുള്ള ഒരു റോഡിൽ…അതെങ്ങനെ പോസ്സിബിൾ ആകും..” “ലോറി കണ്ടുപിടിച്ചിട്ടുണ്ട് സർ..ബാക്കി details ഉടനെ അപ്ഡേറ്റ് ചെയ്യാം” “മ്മ്…അവൻ നിസ്സാരകാരൻ ആയിരിക്കില്ല.നല്ല എക്സ്പെർട്ടും മനക്കരുത്തും ഉള്ള ഒരാൾക്ക് മാത്രമേ ഇത്ര റിസ്ക് എടുത്ത് ഒരു ആക്‌സിഡന്റ് ക്രീയേറ്റ് ചെയ്യാൻ പറ്റു…എത്രയും വേഗം അവനെ എന്റെ മുന്നിൽ എത്തിക്കണം” “Sure sir” “മ്മ്…” അയാൾക് പോകാനുള്ള അനുമതിയും നൽകി തിരിഞ്ഞപ്പോൾ ആണ് എല്ലാം കേട്ട് കൊണ്ട് ഞാൻ കിടക്കുന്നത് ഏട്ടൻ കണ്ടത്… “മോളേ…..” “ആർക്കാ ഏട്ടാ എന്റെ ജിത്തേട്ടനോട് ഇത്രയ്ക്കും ശത്രുത…പാവമല്ലേ ജിത്തേട്ടൻ” “ബിസിനസ്‌ വൈരാഗ്യം ആയിരിക്കുമെടാ…അവൻ ഏത്‌ കൊലകൊമ്പൻ ആണെങ്കിലും ഞാൻ പൊക്കിയിരിക്കും…”

പിറ്റേന്ന് icuവിന് മുന്നിൽ ഡോക്ടറുടെ അനുമതിയും കാത്ത് ഞങ്ങൾ നിന്നു.ജിത്തേട്ടന് ബോധം വന്നുവെന്നും 2 പേർക്ക് കയറി കാണാമെന്നും പറഞ്ഞപ്പോൾ ഒന്നും ഓർക്കാതെ ഞാൻ കയറാൻ തുനിഞ്ഞു.പെട്ടെന്നാണ് ഏട്ടൻ എന്റെ കയ്യിൽ പിടിച്ച് പിറകിലേക്ക് നിർത്തിയത്.അപ്പോഴേക്കും മൃദുവും അമ്മയും കയറിയിരുന്നു.നിറഞ്ഞ കണ്ണുകളോടെ ഞാൻ ഏട്ടനെ നോക്കി.. “നിന്നെക്കാൾ അവകാശം അവർക്കല്ലേ…അവൻ കാണാൻ ആഗ്രഹിക്കുന്നതും അവരെ അല്ലേ..നമ്മുക്ക് പിന്നെ കാണമെടാ” ശരിയാണ് ഏട്ടൻ പറഞ്ഞത്…എനിക്ക് എന്ത് അവകാശമാണ് ഉള്ളത്…ഞാൻ ആരാണ്..ജിത്തേട്ടൻ പറഞ്ഞത് പോലെ ‘അളിയന്റെ പെങ്ങൾ’…

ഉള്ളിലെ വിഷമം മറയ്ക്കാൻ ഒന്ന് ചിരിച്ചു..അത് പരാജയപ്പെടുമെന്ന് അറിയാവുന്നത് കൊണ്ട് ഏട്ടൻ എന്നെ ചേർത്ത് പിടിച്ച് നിന്നു…പെട്ടെന്ന് തന്നെ icu വാതിൽ തുറന്ന് മൃദുവും അമ്മയും ഇറങ്ങി.. “വേദു..നീ അകത്തേക്ക് ചെല്ല്” “മൃദു…” “ഏട്ടന് നിന്നെ കാണണമെന്ന് പറഞ്ഞു” വിശ്വസിക്കാൻ പറ്റിയില്ല എനിക്കാ വാക്കുകൾ…ഏട്ടനെ നോക്കിയപ്പോൾ പോയിട്ട് വരാൻ കണ്ണ് കൊണ്ട് പറഞ്ഞു….അകത്തേക്ക് കയറിയപ്പോൾ തലയിലും കാലിലും വലിയ കെട്ടും ആയിട്ട് കണ്ണടച്ച് ജിത്തേട്ടൻ കിടക്കുന്നു..അടുത്ത് ചെന്ന് എങ്ങനെ വിളിച്ചുണർത്തണമെന്ന് അറിയാതെ ഞാൻ പകച്ച്‌ നിന്നു…പതിയെ ആ കെട്ടിലേക് വീണ് കിടന്ന മുടിയിഴകളെ മാറ്റി ഞാനൊരു ഉമ്മ കൊടുത്തു.

എന്റെ നിശ്വാസം അറിഞ്ഞത് കൊണ്ടാകാം ജിത്തേട്ടൻ പതുക്കെ കണ്ണുകൾ തുറന്നു.എന്നെ കണ്ടതും എന്തോ പറയാനായി ആ ചുണ്ടുകൾ ചലിച്ചു.പക്ഷെ ചുണ്ടകൾക്ക് മുകളിൽ എന്റെ ചൂണ്ടുവിരൽ അമർത്തി ഞാൻ തടഞ്ഞു.. “ഇപ്പോൾ ഒന്നും പറയണ്ട..എല്ലാം കേൾക്കാൻ ഞാൻ കാത്തിരിക്കാം.” ഒരു പുഞ്ചിരി ആയിരുന്നു മറുപടി..കുറേ നേരം എന്നെ തന്നെ നോക്കി കിടന്നു.സെഡേഷന്റെ മയക്കത്തിൽ ആ കണ്ണുകൾ അടയുമ്പോഴും കൃഷ്ണമണിയിൽ ഞാൻ നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു..നിറഞ്ഞ സന്തോഷത്തിൽ പുറത്തിറങ്ങിയപ്പോൾ എല്ലാവരും കാര്യമായി എന്തോ സംസാരിക്കുന്നു..പോലീസുകാർ എല്ലാം എത്തിയിട്ടുണ്ട്.ഏട്ടൻ അവർക്കൊക്കെ വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുന്നു.

എന്നെ കണ്ടതും കല്ലു ഓടി വന്ന് എന്റെ കയ്യിൽ പിടിച്ച് മാറ്റി നിർത്തി.. “സാറിന്റെ കാറിൽ ഇടിച്ച ലോറി ഓടിച്ചിരുന്ന ആളെ കണ്ടുപിടിച്ചു” “ആരാ കല്ലു അവൻ..എനിക്കറിയണം എന്തിന് വേണ്ടി എന്റെ ജിത്തേട്ടനെ കൊല്ലാൻ നോക്കിയതെന്ന്” “ആ ലോറി ഓടിച്ചത് അജയ് ആണ്..” അജയ്!!!! അപ്പോൾ ഇതിനെല്ലാം കാരണം ഞാൻ ആയിരുന്നോ…എനിക്ക് വേണ്ടിയല്ലേ ജിത്തേട്ടൻ അവനെ അടിച്ചത്..ആ വൈരാഗ്യത്തിനല്ലേ അവൻ….എന്ത ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല..ഏട്ടനോട് കോളേജിൽ നടന്ന പ്രശ്നങ്ങൾ പറയണം…ബാക്കി ഏട്ടൻ തീരുമാനിക്കട്ടെ.. “ഇത്രയൊക്കെ അവിടെ നടന്നിട്ടും നീ എന്താ എന്നോട് ഒന്നും പറയാതിരുന്നത്..ഈ അജയ് എന്ന് പറയുന്നവന്റെ ബാക്ക്ഗ്രൗണ്ട് നിങ്ങൾക് അറിയാവുന്നത് അല്ലേ..

നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ വേണ്ട മന്നറിയിപ്പുകൾ ജിതിന് ഞാൻ കൊടുത്തേനെ” “പറയാൻ പറ്റിയില്ല ഏട്ടാ…ക്ഷമിക്ക്” “മ്മ്..വ്യക്തിവൈരാഗ്യം എന്നാണ് അവൻ മൊഴി തന്നിരിക്കുന്നത്.എന്തായാലും നല്ലത് പോലൊന്ന് പെരുമാറിയിട്ടേ അവനെ കോടതിൽ ഹാജരാക്കു…” “അത് വേണം ഏട്ടാ..എന്റെ ജിത്തേട്ടൻ എന്ത് മാത്രം വേദന അനുഭവിച്ചു” “ജിതിന് നിന്നെ ഇഷ്ടമാണോ മോളേ” “അറിയില്ല ഏട്ടാ…” “മ്മ്….” രണ്ട് ദിവസം കൂടി കഴിഞ്ഞ് ജിത്തേട്ടനെ റൂമിലേക്ക് മാറ്റി..വീട്ടിൽ പോകാൻ പറഞ്ഞിട്ടും പോകാതെ മിഥുൻ ഏട്ടനെയും കൊണ്ടേ വീട്ടിലേക്ക് പൊകൂ എന്ന വാശിയിൽ ജിത്തേട്ടനെ കെട്ടിപിടിച്ച് കൂടെ കയറി കിടന്നു..അവസാനം ഡോക്ടർ വന്നു വഴക്ക് പറഞ്ഞപ്പോൾ അവന് സമാധാനം ആയി.ഒടുവിൽ അച്ഛനെയും കൊണ്ട് അവൻ വീട്ടിലേക്ക് പോയി..

എനിക്ക് വരാൻ മനസ്സില്ലായിരുന്നെങ്കിലും ഇനിയും ക്ലാസ്സ്‌ മിസ് ചെയ്യണ്ടെന്ന് പറഞ്ഞു ഏട്ടൻ എന്നെയും മൃദുവിനെയും വീട്ടിലേക്ക് പറഞ്ഞ് വിട്ടു…വീട്ടിൽ എത്തിയിട്ടും എന്റെ മനസ് ഹോസ്പിറ്റലിൽ ആയിരുന്നു.എന്നും വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞ് ഹോസ്പിറ്റലിൽ കയറിയിട്ടേ ഞാൻ വീട്ടിൽ പോകു..ഇതിനിടയിൽ അലീന കുറേ നാളായിട്ട് ലീവ് ആണെന്നുള്ള കാര്യം കല്ലു പറയുമ്പോൾ ആണ് ഞാൻ അറിയുന്നത്..അതിനെ കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ശ്രമിച്ചില്ല… അങ്ങനെ ഒരു വൈകുന്നേരം ജിത്തേട്ടനെ കാണാൻ കയറിയപ്പോൾ ആണ് അമ്മയ്ക്ക് അത്യാവശ്യമായിട്ട് വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞത്..മിഥുൻ വരുന്നത് വരെ ഞാൻ നിന്നോളാം എന്ന് പറഞ്ഞത് അമ്മയ്ക്ക് വലിയ ആശ്വാസം ആയി.

ശെരിക്കും ഇങ്ങനൊരു നിമിഷത്തിനു വേണ്ടിയാണ് ഞാൻ കാത്തിരുന്നത്..എന്നും വരുമ്പോൾ ഒന്ന് നോക്കാനും ചിരിക്കാനും മാത്രമേ പറ്റുമായിരുന്നുള്ളു…ഇന്നിപ്പോൾ ഇവിടെ ഞങ്ങൾ രണ്ട് പേരും മാത്രം….മനസ്സിൽ ഉള്ളതെല്ലാം തുറന്ന് സംസാരിക്കണം… ഇമ വെട്ടാതെ ജിത്തേട്ടൻ എന്നെ തന്നെ നോക്കി കിടക്കുന്നത് കണ്ടിട്ടാണ് ഞാൻ തന്നെ സംസാരത്തിന് തുടക്കം ഇട്ടത്. “അജയ് ആണ് എല്ലാത്തിനും പിന്നിൽ” “അറിഞ്ഞു” “എന്തിനായിരുന്നു വെറുതെ അവനോട് വഴക്കിന് പോയത്?” “വെറുതെയാണോ??” “അല്ലേ???” “അല്ല…ഞാൻ വന്നില്ലെങ്കിൽ കാണാമായിരുന്നു അവന്റെ അടിയും കൊണ്ട് അവിടെ കിടക്കുന്നത്” “അതിന് ഇയാൾക്ക് നഷ്ടമൊന്നും ഇല്ലല്ലോ” “ടീ പെണ്ണേ..അന്നും ഇതുപോലെ ഡയലോഗ് അടിച്ചത് കൊണ്ട കുറേ ദിവസത്തേക്ക് ഞാൻ നിന്റെ കൺവെട്ടത് പോലും വരാതിരുന്നത്..

പിന്നെ മുഖാമുഖം കാണുന്നത് അന്ന് ആക്‌സിഡന്റ് പറ്റി കിടക്കുമ്പോഴാ…” “അതിന് ആ സമയത്ത് ജിത്തേട്ടന് ബോധം ഉണ്ടായിരുന്നോ??” “നീ എന്താ വിളിച്ചത്?? ” “അത്…അത് വിട്…പറ ബോധം ഉണ്ടായിരുന്നോ??” “അതെനിക്ക് അറിയില്ല..പക്ഷെ കണ്ണ് അടയുന്നതിന് മുൻപ് എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് നിലവിളിക്കുന്ന നിന്റെ ഈ മുഖം ഞാൻ കണ്ടു.അതാ ബോധം വന്നപ്പോൾ നിന്നെ ഞാൻ തിരക്കിയത്” “ഹ്മ്മ്….ഞാനൊരു കാര്യം ചോദിച്ചോട്ടെ..” അത് ചോദിച്ചില്ല അപ്പോഴേക്കും ഡോറിൽ മുട്ട് കേട്ടു..ചെന്ന് നോക്കിയപ്പോൾ നേഴ്സ് ആണ്.ഇൻജെക്ഷൻ ഉണ്ടത്രേ..അത് എടുക്കുന്നതിനിടയിൽ ആണ് രാത്രിയിൽ കൊടുക്കാൻ ഉള്ള മരുന്ന് ഫാർമസിയിൽ നിന്നും എടുക്കണമെന്ന് പറഞ്ഞത്…

അത് എടുക്കാൻ ആയി ഞാൻ പോയി..ഭയങ്കര ക്യൂ ആയിരുന്നു..നിന്ന് നിന്ന് ഒടുവിൽ മരുന്നും എടുത്ത് തിരികെ റൂമിൽ എത്തിയപ്പോൾ ആണ് വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്..ആരോ വന്നിട്ടുണ്ടെന്ന് മനസ്സിലായി.മിഥുൻ ആയിരിക്കുമെന്ന് കരുതി നോക്കിയപ്പോൾ, വന്ന ആളെ കണ്ട് ഞാൻ ഞെട്ടി….അലീന… അവൾ കരഞ്ഞുകൊണ്ടാണ് ജിത്തേട്ടന്റെ അടുത്ത് ഇരിക്കുന്നത്.ജിത്തേട്ടൻ അവളെ ആശ്വസിപ്പിക്കുന്നുണ്ട്… “ഞാൻ കാരണം ആണ് ഏട്ടന് ഇങ്ങനെ സംഭവിച്ചത്…” “അല്ലെന്ന് നിന്നോട് എത്ര തവണ ഞാൻ പറഞ്ഞു..ഇത് അവനും ഞാനും തമ്മിൽ ഉള്ള പ്രശ്നം ആണ്” “കള്ളം പറയണ്ട ജിത്തേട്ടാ..എനിക്ക് ഉറപ്പാണ് ഇത് എന്റെ പപ്പ കൊടുത്ത ക്വട്ടെഷൻ ആണ്…ജിത്തേട്ടനെ ഇല്ലാതാക്കാൻ..” “അറിയാം…

അജയുടെ വൈരാഗ്യവും നിന്റെ അപ്പന് മകളുടെ കാമുകനോടുള്ള ദേഷ്യവും കൂടി ചേർന്നതാണ് ആ ആക്‌സിഡന്റ് എന്ന്..പക്ഷെ അവൻ ജോസഫ്‌ സാറിന്റെ പേര് പറഞ്ഞിട്ടില്ല.അത് കൊണ്ട് നമ്മൾ ആയിട്ട് ഇത് പോലീസിനെ അറിയിക്കണ്ട..അറിയാലോ വരുൺ ആണ് കേസ് അന്വേഷിക്കുന്നത്..ഇവിടെ നിന്നൊന്ന് എഴുന്നേറ്റോട്ടെ..നിന്റെ അപ്പനുള്ള മറുപടി ഞാൻ തന്നെ കൊടുത്തോളം..” “എന്തിനും ഞാൻ കൂടെ ഉണ്ടാകാം…എന്നെ ഇപ്പോൾ കോളേജിൽ പോലും വിടുന്നില്ല..അപ്പൻ അറിയാതെ ആണ് ഇങ്ങോട്ട് വന്നത്..ഞാൻ പൊയികോട്ടെ…” “മ്മ്…ശരി” അലീന ഇറങ്ങുന്നത് കണ്ടതും ഞാൻ മറഞ്ഞ് നിന്നു…എന്തൊക്കെയാണ് ഞാൻ ഈ കേട്ടത്..അലീന വീണ്ടും ഒരു ചോദ്യചിഹ്നം ആയി മാറിയല്ലോ ദൈവമേ…അപ്പോൾ ജിത്തേട്ടന്റെ മനസ്സിൽ അലീന ആണോ..അതല്ലേ ഈ പറഞ്ഞതിന്റെ ഒക്കെ അർത്ഥം….തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

പ്രിയസഖി: ഭാഗം 15

Share this story