ചങ്കിലെ കാക്കി: ഭാഗം 9

ചങ്കിലെ കാക്കി: ഭാഗം 9

നോവൽ: ഇസ സാം

അമ്മ മുറിയിലേക്ക് നടന്നു……പിന്നാലെ ഞാനും ചുവടുകൾ വെചു….. എന്നിട്ടു മെല്ലെ തിരിഞ്ഞു വന്നു അരിശത്തിൽ അങ്ങട് ഇങ്ങട് ഉലാത്തുന്ന കംസൻ്റെ മൊബൈൽ അവിടെ ടെ മേശമേൽ ഇരിപ്പുണ്ടായിരുന്നു……അയാൾ കാണാതെ ഞാനതു എടുത്തു ഫിഷ്ടാങ്കിൽ ഇട്ടു…..തിരിഞ്ഞപ്പോൾ കണ്ടു എന്നെ തന്നെ നോക്കി നിൽക്കുന്ന ആ കണ്ണുകളെ …… ചിരിക്കണമോ കരയണമോ അതോ ഇവിടന്നു ഇറങ്ങി ഓടണമോ എന്ന് പോലും നിക്ക് നിശ്ചയം ഉണ്ടായിരുന്നില്ല..കാലുകൾ മരവിച്ചുറച്ചു പോയി എന്ന് തോന്നി . പെട്ടന്ന് തന്നെ അമ്മവന്റെ ശബ്ദവും എത്തി… “നീ എത്തിയോ…അർജുനാ … ഇപ്പൊ വന്നത് നന്നായി……

നിനക്ക് ലഭിച്ചിരിക്കണത് ഒരു സഹധർമിണിയെ അല്ല …പകരം ഒരു പക്വതയും വിവേകവുമില്ലാത്ത എന്തിനു നമ്മടെ മൈഥിലിയുടെ അത്ര പോലും പക്വത ഇല്ലാത്ത ഒരു മരംകയറിപ്പെണ്ണിനെയാണ്…… കഷ്ടം…………………..” എന്നെ നോക്കി പുച്ഛം വാരി വിതറി കംസൻ വൈഗപുരാണം രണ്ടാം തവണ ആരംഭിച്ചു.ഈശ്വരാ…ഞാൻ പെട്ടുവോ……അർജുനേട്ടന്റെ വകയും കൂടെ ചീത്ത വിളി ഉണ്ടാവുമോ…… അമ്മ അറിഞ്ഞാൽ വീണ്ടും ആരംഭിക്കും……അച്ഛനറിയും…ചെറിയമ്മ…… ആ മുഖത്തെ പുച്ഛം മനസ്സിൽ വന്നപ്പോൾ തന്നെ ഒരു ഊർജ്ജം വന്നു……ഓ പിന്നെ…..

ഞാൻ കട്ടയ്ക്കു പിടിച്ചു നിൽക്കും…. ഇതൊരു നിസ്സാര കാര്യമല്ലേ …… .. ഞാൻ മെല്ലെ ഒന്നും അറിയാത്ത ഭാവത്തിൽ അടുക്കളയിലോട്ടു മെല്ലെ വലിഞ്ഞു…….. അടുക്കള വാതിൽ മറവിൽ നിന്നപ്പോൾ കണ്ടു ആ വിടവിലൂടെ എന്നെ തന്നെ നോക്കി ഫിഷ്ടാങ്കിൽ നിന്ന് കൈയിട്ടു മൊബൈൽ എടുക്കുന്ന കാക്കിയെ …… അർജുനെറ്റാണ് മൊബൈൽ എടുക്കുന്നത് ഒന്നും കംസന്റെ കണ്ണിൽ കാണുന്നില്ല…..അവിടെ എന്റെ കുറ്റം പറച്ചിൽ തന്നെ ശരണം …… “കൃഷ്ണാ………” അതൊരു നിലവിളി ആയിരുന്നു……. അമ്മവന്റെ ….വിളി കേട്ട് അമ്മയും ക്രിസ്‌നെച്ചിയും രുദ്രയും എത്തി….. “ഇതാരാ…ഈ മഹാപാപം ചെയ്തത്…………..”

അമ്മാവനാണ്….. “ഇതിനാണോ ഈ വിളി…നീ ഓർക്കാണ്ട് വെച്ചപ്പോൾ എങ്ങാണു വീണതാവും……” അമ്മയാണ്.. “ഇല്ല്ലാ…..ഒപ്പേ …നിക്ക് നല്ല നിശ്ചയ്ണ്ട് ….മേശയിലാ വെച്ചത്…….” അമ്മാവൻ ഉറപ്പിച്ചു പറഞ്ഞു…… “ഇതാരോ…മനപ്പൂർവം ചെയ്തതാ ….” വീണ്ടും അമ്മാവൻ…ഈശാരാ … മറവി രോഗം കൊടുക്കണേ …ഇല്ലച്ഛാ ഞാൻ പെടും…എന്നാലും ഞാൻ ഭീതിയോടെ കാക്കിയെ നോക്കി…… മൊബൈൽ തുറന്നും ഓരോന്നായി ഇളക്കി തുടയ്ക്കുന്നു…ഒന്നും മിണ്ടുന്നില്ല…ഇടയ്ക്കു ഇടയ്ക്കു എന്നെ നോക്കുന്നുണ്ട്….. ഈ മൗനം അത്ര പന്തിയല്ലല്ലോ …… അമ്മാവൻ പലരെയും സംശയിച്ചും പല നിഗമനങ്ങൾ നടത്തിയും ആ കണ്ണുകളും എന്നിലായി……

എന്നെ ആകമാനം ഒന്ന് നോക്കി തലയാട്ടി…… “ചായ എടുക്കട്ടെ അമ്മാവാ…….” പാവും ഞാൻ….. അർത്ഥഗര്ഭമായി എന്നെ നോക്കി തലയാട്ടി…… “അർജുനാ…..നീ ചായ കുടിച്ചോ …… ഇല്ലേൽ വൈഗാലക്ഷി കുടിപ്പിക്കും……” കാക്കി എന്നെ നോക്കി…. ഞാൻ നിഷ്‌ക്‌ ഭാവത്തിൽ അടുക്കളയിലേക്കു വലിഞ്ഞു……പിന്നെ ഞാൻ മുകളിലേക്ക് പോയതേയില്ല….. രാത്രി ഭക്ഷണം ഉണ്ടാക്കാൻ എനിക്ക അറിയില്ലായിരുന്നു….. ‘അമ്മ കല്പിച്ചിട്ടു മുറിയിലേക്ക് പോയി…അമ്മാവൻ വാർത്തയിലും….. ഗത്യന്തരമില്ലാതെ ഞാൻ കഞ്ഞിവെച്ചു…പപ്പടം കാച്ചി..അച്ചാറും…. അതും യൂട്യൂബിൽ നോക്കി ……

ആർക്കും കഞ്ഞി അവിടെ ഇഷ്ടല്ലായിരുന്നു… അവിടെ രാത്രി എന്നും ചപ്പാത്തിയാണ്…. എനിക്കതു അറിയാട്ടോ …..പക്ഷേ എനിക്ക് ഉണ്ടാക്കാൻ അറിയില്ലാല്ലോ …… കൃഷ്ണേച്ചി ഇടയ്ക്കു വന്നു ഒന്ന് എത്തി നോക്കി………… “പാത്രം ഒക്കെ ഞാൻ കഴുകിക്കൊളാട്ടോ വൈഗേ …..” ഒടുവിൽ കഞ്ഞികുടിക്കാൻ വന്നവർ എന്നെ ദയനീയതയോടെ നോക്കി…. എന്നാലും ഞാൻ വിടാൻ ഒരുക്കം അല്ലായിരുന്നു…… “ഇന്ന് നമുക്കു ഒന്ന് മാറ്റിപിടിക്കാമെന്നേ …….നല്ല തേങ്ങാപ്പാൽ ഒഴിച്ച കഞ്ഞിയാട്ടോ……” അതും പറഞ്ഞു ഞാൻ കഴിക്കാൻ തുടങ്ങി…… കാക്കി അടക്കം എല്ലാപേരും എന്നെ ഒരു അത്ഭുത ജീവി പോലെ നോക്കി…… “തേങ്ങാപ്പാൽ ഒഴിചോ ?…പറഞ്ഞത് നന്നായി….. ഇല്ലേൽ ആരും അറിയില്ലായിരുന്നു……”

അമ്മയാണ്……. ഞാൻ കാര്യമാക്കിയില്ല……. അല്ലെങ്കിലും ഇങ്ങനത്തെ ശിക്ഷ നടപടികൾക്ക് മുന്നേ ഈ കഞ്ഞിയുടെ രുചി ഓർക്കുന്നത് ആയമ്മയ്ക്കു നല്ലതാ ……. “ഒരു തേങ്ങാച്ചമ്മന്തി എങ്കിലും അരയ്ക്കാമായിരുന്നില്ലേ കുട്ടിയേ ………” അമ്മാവനാണ്….. അയ്യോ…പാവം…… “സാരമില്ലന്നെ ……. രാവിലെ രാജാവിനെ പോലെ ഉച്ചയ്ക്ക് കുബേരനെ പോലെ രാത്രി കുചേലനെ പോലെ കഴിക്കുന്നതാ ഉത്തമം…..അറിയില്ലേ ……..കുചേലന് കഴക്കാൻ പാൽ കഞ്ഞി പോലും ഉണ്ടായിരുന്നില്ല…… അറിയോ അമ്മാവാ…….” ഞാനാട്ടോ …… അപ്പോഴാ തൊട്ടപ്പുറത്തിരുന്നു എന്നെ ദഹിപ്പിക്കുന്നെ കാക്കിയെ കാണുന്നത്….ഞാൻ ഉച്ചയ്ക്കത്തെ ചോറും കറികളും മേശപ്പുറത്തു കൊണ്ട് വെച്ചിരുന്നു…കാക്കി അതാണ് കഴിക്കുന്നത്……..

ഇനി ഒന്നും പറയുന്നത് ആരോഗ്യത്തിനു ഹാനികരമല്ല എന്ന തിരിച്ചറിവോടെ ഞാൻ വേഗം എഴുന്നേറ്റു….. പിന്നാലെ അമ്മയുടെയും മറ്റും മുറുമുറുക്കൽ കേൾക്കാമായിരുന്നു…… ഞാൻ എന്റെ പാത്രം കഴുകി വെച്ചു ….. പിന്നാലെ പാത്രങ്ങൾ വന്നു നിറഞ്ഞു……ഒപ്പം കൃഷ്ണേച്ചിയും രുദ്രയും ഉണ്ടായിരുന്നു…… “നല്ല കഞ്ഞി ആയിരുന്നു ഏട്ടത്തി…….” രുദ്രയാണ്…… ” സത്യം പറഞ്ഞാൽ മതിട്ടോ എൻ്റെ രുദ്രകുട്ടീ ……” ഞാനവളുടെ താടിയിൽ പിടിച്ചു……. “വൈഗ പോയിക്കൊള്ളൂ……ഇനി ഒന്നുല്ലാല്ലോ …..” കൃഷ്ണേച്ചിയാണ്…… അവിടെ ചുറ്റി പറ്റി നിന്നിട്ടും ഒരു രക്ഷയും ഉണ്ടായിരുന്നില്ല……

മുകളിലേക്ക് എല്ലാരും പറഞ്ഞു വിട്ടു……മുറിയിലേക്ക് തലയിട്ടു നോക്കിയപ്പോൾ അവിടെ അർജുനേട്ടൻ ഉണ്ടായിരുന്നില്ല….പിന്നെ താമസിച്ചില്ല അർജുനേട്ടൻ വരുന്നതിനു മുന്നേ ഉറങ്ങണം ….. വേഗം കുളിച്ചു വേഷം മാറി ഇറങ്ങിയപ്പോൾ കണ്ടു വാതിലടച്ചു കുറുകെ കസേരയുമിട്ടു കാലിന്മേൽ കാലും കയറ്റി വെച്ചിരിക്കുന്ന കാക്കിയെ ……..പെട്ടു …….ഞാൻ ഒന്ന് ചിരിച്ചു നോക്കി…ഒരു രക്ഷയുമില്ല…….. ഒരു അയവും ഇല്ലാ ആ മുഖത്തിന്….. “സോറി…… ഞാൻ അറിയാതെ …….” “എന്തോ….കേട്ടില്ല……അറിയാതെയോ….? ആർക്കു …?” ഈശ്വരാ …ഇയാള് എന്റടുത്തു പോലീസ് മുറ എടുക്കുമോ…… നാണം കെടുമോ…..? “മോള് ഇങ്ങു വന്നേ ………” ഞാൻ സംശയിച്ചു അവിടെ തന്നെ നിന്നു……

അർജുനേട്ടൻ എന്റടുത്തേക്കു നടന്നു വന്നു…….. എന്റെ കൈ പിടിച്ചു……കൃഷ്ണ…ഇയാൾ എന്റെ കൈ പിടിച്ചു തിരിയ്ക്കുമോ……അപാര ബലമാണ് അയാളുടെ കൈക്കു…… നിലവിളിക്കാനും പറ്റില്ലല്ലോ……. മെല്ലെ എന്റെ കൈ എടുത്തു..കയ്യിലെ ഒരോ വളകളും നോക്കി…..ഞെട്ടിച്ചു കളഞ്ഞു കാക്കിയുടെ അടുത്ത ഡയലോഗ്… “പൊന്നല്ലേ വളകൾ…………?..” “മ്മ്മ്മ് ….” ഞാൻ തലായാട്ടി….. മെല്ലെ ഒരെണ്ണം ഊരി എടുത്തു……. “അമ്മാവൻ്റെ നീ നശിപ്പിച്ച മൊബൈലും ഇനി പുതിയത് വാങ്ങാനും കൂടെ ഈ വള തന്നെ ധാരാളം….. ഇനി അതും മോള് നശിപ്പിക്കുകയാണെങ്കിൽ അടുത്ത വള ….. അങ്ങനെ ഇവിടന്നു നശിപ്പിക്കപ്പെടുന്ന ഒരോന്നിനും ഓരോ വളകളായി നഷ്ടപ്പെടും…….”

വള പുള്ളി ഭദ്രമായി അലമാരയിൽ വെച്ച് പൂട്ടി .. ഞാൻ ചുണ്ടും കൂർപ്പിച്ചു നിന്നു …എന്നാലും ഒരുപാട് ആശ്വാസമുണ്ടായിരുന്നു…… പോലീസാണെങ്കിലും വഴക്കാളി അല്ലാ…… “വൈഗ കോളേജിൽ പോയി തുടങ്ങിക്കോളൂട്ടോ…….. എനിക്ക് എന്നും രാത്രി കഞ്ഞി കുടിക്കാൻ വയ്യാ .അത് കൊണ്ടാ …” പുറത്തേക്കുള്ള വാതിൽ തുറക്കുമ്പോൾ അർജുനേട്ടൻ പറഞ്ഞു…… “അതിനു ഇയാള് ചോറ് അല്ലേ കഴിച്ചത്……..” തിരിഞ്ഞു എന്നോടായി പറഞ്ഞു ….” ആ കുട്ട്യോൾക്ക് കൃഷ്ണയ്ക്കും രുദ്രയ്ക്കും കഞ്ഞി ഇഷ്ടല്ലാട്ടോ..അവർക്കു എന്നല്ല …ആർക്കും…….ഇഷ്ടല്ല…….” അതും പറഞ്ഞു അർജുനേട്ടൻ പുറത്തേയ്ക്കിറങ്ങി….ഒരൽപം നേരം കുഞ്ഞുട്ടനൊപ്പം ഇരുന്നിട്ടെ ..വരുള്ളൂ…….

അർജുനേട്ടൻ വരുന്നത് വരെ ഞാനും ഉറങ്ങാറില്ല…. കാരണം എനിക്ക് പേടിയാണ്… കുട്ടിക്കാലം കൗമാര യൗവനം ഒക്കെ ഈ ഭയത്തിലായിരുന്നു എന്റെ ഉറക്കം… ഇപ്പൊ കുറച്ചു മാറ്റം ഉണ്ട്…… കോളേജിലും പോയി തുടങ്ങിയതോടെ ജീവിതം പെട്ടന്ന് തന്നെ ഒരു ഒഴുക്കായി മുന്നോട്ടു പോയി… രാവിലെ ഉറക്കം എഴുന്നേൽക്കാൻ എനിക്ക് കഴിഞ്ഞില്ലാ…ഞാൻ അടുക്കളയിൽ കുളിച്ചു എത്തുമ്പോ ഏഴര കഴിയുംട്ടോ …എന്നും അമ്മയുടെ വക ശകാരം ഉണ്ട്…. ഒടുവിൽ ഞാൻ അങ്ങോട്ട് പറഞ്ഞു ….. “എട്ടര കഴിഞ്ഞു എഴുന്നേറ്റു കുളിച്ചു ഒരുങ്ങി പത്തു മണിക്ക് കോളേജിൽ എത്തിയിരുന്ന എനിക്ക് ഇപ്പൊ നല്ല മാറ്റം ഉണ്ട് അമ്മേ……. ഇപ്പോഴാ ഞാൻ ഫസ്റ്റ് അവർ ഒക്കെ കാണുന്നേ…..”

മിഥുകുട്ടിയും ഞാനും രുദ്രയും വൈകിട്ട് അമ്പലസന്ദർശനം ഉണ്ട്……അതിലാണ് ഞങ്ങളുടെ സന്തോഷം….. അമ്പലത്തിൽ ഒക്കെ പോകുന്ന വഴി അത് നേരായ വഴി ആവില്ല….പല കാട്ടിലും മേട്ടിലും ഒക്കെ….പകൽ എനിക്ക് പേടിയില്ലല്ലോ…..പിന്നെ അവളുമാർക്കു ഒരു ധൈര്യ കുറവുണ്ടായിരുന്നു…അത് ഞാൻ വന്നപ്പോൾ തീർന്നു…. വഴിയിലെ മിട്ടായികളും പരിപ്പ് വടയും ചായയും സിപ്‌അപ്പും ഐസും പഞ്ഞി മിട്ടായിയും ഒക്കെ അവരുടെ ജീവിതത്തിലേക്ക്‌ വന്നത് ഞാൻ വന്നതിൽ പിന്നെയാണ്…. കാരണം ടീച്ചറമ്മ ഭയങ്കര ആരോഗ്യ സംരെക്ഷണമാണ് …. പച്ചക്കറിപോലും ഞങ്ങളുടെ തൊടിയിലെ മാത്രമേ കഴിക്കാറുള്ളു…. ബേക്കറി ഒന്നും വാങ്ങാറില്ല…എല്ലാം വീട്ടിൽ ഉണ്ടാക്കാറുള്ളൂ…..

പിന്നെ ചിക്കൻ നാടൻ മാത്രം വല്ലപ്പോഴും വാങ്ങാറുള്ളു…..മീൻ ഇടയ്ക്കു ഇടയ്ക്കു വാങ്ങും… കാക്കിയ്ക്കു ഇതൊന്നും വിഷയമല്ല …. കൃത്യമായി പ്രാതൽ കഴിക്കാൻ മാത്രമേ ഉണ്ടാവുള്ളു….ബാക്കി സമയം ഒക്കെ വന്നാൽ വന്നു….. ഞാൻ മനസ്സിലാക്കിയെടുത്തോളം എന്ത് കൊടുത്താലും കഴിച്ചോളും… ഭക്ഷണത്തോട് വലിയ ഭ്രമം ഒന്നുമില്ല….. എന്നാൽ വിശപ്പിന് ആഹാരം…….പിന്നെ അമ്മയ്ക്ക് മോനെ ലേശം ഊട്ടൽ കൂടുതലാണ്….. മോന് മാത്രം മീൻ വറുത്തതു….. ബാക്കി ആർക്കും ഇല്ലാ…. ചിലപ്പോൾ അമ്മാവന് ഉണ്ടാവും…. എന്നാൽ കാക്കി പലപ്പോഴും ആ മീൻ എടുക്കാതിരിക്കാറുണ്ട്…..ചിലപ്പോൾ അന്ന് പറഞ്ഞത് പോലെ കൃഷ്ണയ്ക്ക് രുദ്രയ്ക്കും ആവാം….

ജനിച്ച കാലം തൊട്ടു എല്ലാം സ്വയം എടുത്തു കഴിച്ചു ശീലിച്ച ഞാൻ ധാരാളം ഉള്ള കറികൾ മാത്രമേ എടുക്കാറുള്ളു…. അതുകൊണ്ടു വറുത്ത മീൻ ഞാൻ എടുക്കാറില്ല….എന്നാലും പെൺകുട്ടികളെ തഴഞ്ഞു ആണ്മക്കൾക്കു വറുത്ത മീൻ കൊടുക്കുന്ന രീതി എനിക്ക് ചോദ്യം ചെയ്യണം എന്നുണ്ടായിരുന്നു… പിന്നെ വെറുതെ ഒരു പ്രശനം ഉണ്ടാക്കണ്ടല്ലോ എന്ന് കരുതി…മാത്രമല്ല ചില അവസരങ്ങളിൽ പ്രവൃത്തിയാണ് ഉത്തമം എന്ന് ..തോന്നി….. ആരോടും അനുവാദം ചോദിക്കാതെ തന്നെ ഞാൻ ആദ്യമായി വറുത്തമീൻ മിഥുവിനും രുദ്രയ്ക്കും കൃഷ്ണയ്ക്കും വിളമ്പി…. “എന്താ വൈഗാ ഇത്……

അപ്പോൾ അർജ്ജുനനോ …….? അമ്മാവനും കഴിച്ചിട്ടില്ലാ ….ആണുങ്ങൾക്കല്ലേ ആദ്യം…….” അമ്മയാണ്…… “എന്നും വറുത്ത മീൻ കഴിച്ചാൽ കൊളെസ്ട്രോളും ബിപി യും ഒക്കെ വരും……നമ്മുടെ കുടുംബത്തിലെ ആണുങ്ങളുടെ ആരോഗ്യം നമ്മളല്ലേ നോക്കാൻ….. അല്ലേ അമ്മാവാ…… ” പുള്ളി എന്നെ ദയനീയതയോടെ നോക്കി യാന്ത്രികമായി തലയാട്ടി….. “കണ്ടോ ….അമ്മാവന് എല്ലാം മനസ്സിലായി…… ഇനി മുതൽ എല്ലാരും ഒരു പോലെ കഴിച്ചാൽ ആർക്കും കൊളെസ്ട്രോളും വരില്ല…. എല്ലാരുടെ കൊതിയും തീരുകയും ചെയ്യും….. ആണായാലും പെണ്ണായാലും മനസ്സിലെ കൊതിയും വിശപ്പും ആഗ്രഹവും ക്ഷീണവും ഒന്നാ അമ്മേ ….” ‘അമ്മ എന്നെ തന്നെ ദേഷ്യത്തോടെ നോക്കി ചോദിച്ചു…..

“കുട്ടി എന്നെ തിരിച്ചു പഠിപ്പിക്കുകയാണോ……അതും എന്റെ പെണ്മക്കളുടെ മുന്നിൽ വെച്ച്……” അമ്മയുടെ മുഖം ദേഷ്യം കൊണ്ട് മുറുകുന്നുണ്ടായിരുന്നു….. “അല്ല …അമ്മേ ….ഞാൻ ശെരിയെന്നു തോന്നിയത് പറഞ്ഞു…..അത്രേയുള്ളു…… ഇത് ഞാൻ മനസ്സിൽ വെച്ച് പെരുമാറുന്നതിനേക്കാളും നല്ലതു……..” “ഒരുപാട് വിശദീകരിക്കണ്ട……. വൈഗാലക്ഷമീ …… എന്റെ ഓപ്പയെയും മക്കളെയും തമ്മിൽ അടുപ്പിച്ചു ഈ വീടിന്റെ ഭരണം ഒറ്റയ്ക്ക് അങ്ങ് എടുക്കാം എന്നാവും ഭാവം…. ഉദയൻ്റെ മോള് ഇത്ര കുടിലത നിറഞ്ഞവൾ ആണ് എന്ന് ഞാൻ അറിഞ്ഞിരുന്നില്ലാ ……” അമ്മാവനാട്ടോ……പകച്ചുപോയി എന്റെ ബാല്യം…… ഭിന്നിപ്പിച്ചു ഭരിക്കാൻ ഞാൻ എന്താ ഈസ്റ് ഇന്ത്യ കമ്പനി ആണോ ……

അടുത്ത് അമ്മയുടെ ഊഴമായിരുന്നു….. “ഒന്ന് ഞാൻ പറഞ്ഞേക്കാം …. നിൻ്റെ കുരുട്ടു ബുദ്ധി ഉപയോഗിച്ച് എന്റെ അർജുനനെ എന്നിൽ നിന്നും അകറ്റാൻ എന്തെങ്കിൽം ഭാവം ഉണ്ടെങ്കിൽ അത് ഇവിടെ കളഞ്ഞോളണം………” അതും പറഞ്ഞു ‘അമ്മ വെട്ടി തിരിഞ്ഞു പോയി…..അമ്മാവനും ഇപ്പൊ പോകുമെന്നു കരുതിയ ഞാൻ വിഡ്ഢി ….. അവിടെ ഇരുന്നു ബാക്കി ചോറും കൂടി ഒരു പോർക്കളം കണക്കു മേശമേൽ തെറിപ്പിച്ചു കഴിച്ചു പോയി… ഭാഗ്യത്തിന് കാക്കി ഉണ്ടായിരുന്നില്ല അന്ന്….. ഇതൊക്കെ കണ്ടു വറുത്ത മീനും നോക്കി ദയനീയതോടെ രണ്ട്‌ണ്ണം ഇരിപ്പുണ്ട്….

എന്നെയും മീനിനെയും മാറി മാറി നോക്കുന്നുണ്ട്….. കൃഷ്ണേച്ചി വറുത്തമീൻ തിരിച്ചു പ്ലേറ്റിലേക്കു വെച്ച് മെല്ലെ എഴുന്നേറ്റു……. എനിക്കതു കണ്ടപ്പോൾ പിരി അഴിയാൻ തുടങ്ങി…… “കൃഷ്ണ അവിടെ ഒന്ന് ഇരുന്നേ ……..” ഞാനാട്ടോ …. എന്റെ കൃഷ്ണാ എന്ന സംബോധനയിൽ തന്നെ ആശാത്തി കണ്ണ് മിഴിച്ചു നോക്കുന്നുണ്ട്…… “ഞാൻ ആരാ…… കൃഷ്ണയുടെ ….” “അത്…… ഏട്ടൻ്റെ ഭാര്യ ….” ഞാൻ പുരികം ചുളിച്ചു നോക്കിയതും…… “എൻ്റെ ഏട്ടത്തി …….” “ആണല്ലോ…. ആ മീൻ മുഴുവനും കഴിച്ചിട്ട് പോയാൽ മതി……. ” എന്നെ നോക്കി തലയാട്ടി മൂന്നും കൂടി കഴിച്ചു……..അല്ല പിന്നെ…..ഇവളുമാർക്കു വേണ്ടിയാ ചീത്ത കേട്ടത്…എന്നിട്ടു കഴിക്കാണ്ട് പോവാനോ…….ഞാനും എന്റെ ഊണ് കഴിച്ചു… അമ്മയുടെ പ്ലേറ്റിലെ ചോറ് ബാക്കിയായിരുന്നു…..

അമ്മയെ ഞാൻ വിളിച്ചു ചോറുണ്ണാൻ…… എന്നോട് മിണ്ടിയില്ല……ഞാൻ ക്ഷമ പറയണം എന്നാണെങ്കിൽ പറയാം എന്ന് പറഞ്ഞു……അപ്പോഴും മൗനം തന്നെ…… ഒടുവിൽ ഞാൻ മുറിയിലേക്ക് വന്നു…രാത്രി അർജുനേട്ടൻ വന്നപ്പോൾ അമ്മാവൻ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു……അർജുനേട്ടൻ അമ്മയെ നിർബന്ധിച്ചു വിളിച്ചു ഭക്ഷണം ഒക്കെ കൊടുത്തു…. മുറിയിൽ വന്നു എന്നോട് അതെ പറ്റി എന്തെങ്കിലും സംസാരിക്കും എന്ന് കരുതി..പക്ഷേ അതുണ്ടായില്ല…… സ്വന്തം എന്ന് തോന്നുന്ന ആളാണെങ്കിൽ അല്ലേ ഒരു വിശദീകരണം ചോദിക്കേണ്ടതുള്ളൂ……

അപരിചിതർ തമ്മിൽ എന്ത് വിശദീകരിക്കാൻ….. അതിന്റെ ആവശ്യം ഇല്ല…… എന്നാണെങ്കിലും പിരിയേണ്ടവർ…എന്നാലും എന്തോ ഉള്ളിൽ ഒരു വേദന….. വെറുതെ തോന്നുന്നതാവും…. …. അർജുനേട്ടൻ കുളിക്കാൻ കയറിയപ്പോൾ ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി മുന്നിലെ മുകപ്പിൽ വന്നിരുന്നു….. പുറകിലെ മുകപ്പിലാണ് കുഞ്ഞുട്ടനുള്ളത്…..വൃക്ഷങ്ങളും….ഞാൻ അങ്ങട് പോകാറില്ല…… വെറുതെ മാനത്തെ നക്ഷത്രങ്ങളെ നോക്കി ഇരുന്നു…… രാത്രി വൈഗയ്ക്കു എന്നും അവരെ ഉണ്ടായിരുന്നുള്ളു…. പിന്നിലൂടെ ഒരു ഇളം കൈ വന്നു എന്നെ ചേർത്ത് പിടിച്ചു……..

തിരിഞ്ഞപ്പോൾ കണ്ടു രുദ്രയാണ്….. “പേടിപ്പിച്ചല്ലോ പെണ്ണേ നീ…….” “അത് എന്താ ….ഏട്ടനാണ് എന്ന് വിചാരിച്ചോ ?” അത് കേട്ടപ്പോൾ ഞാൻ പൊട്ടി ചിരിച്ചു…… കാരണം ഒരിക്കലും അങ്ങനൊരു സംശയം ഒരു കാലത്തും എനിക്കുണ്ടാവില്ല….. “പിന്നെ…നിന്റെ ഏട്ടൻ ഒരു ഋഷിശൃംഗൻ അല്ലേ …..” “ആര് പറഞ്ഞു സുഭദ്രേച്ചിയുമായി മുട്ടൻ പ്രണയം ആയിരുന്നില്ലേ…….. കണ്ണും കണ്ണും നോക്കലും……. ഈശ്വരാ ഒന്ന് കാണേണ്ടതായിരുന്നു……. നമ്മളും പ്രണയിച്ചു പോകും……” എന്റെ ഹൃദയത്തിലേക്ക് ഒരു കുഞ്ഞു മുള്ളു കൊണ്ടത് പോലെ……. സുഭദ്ര……..എന്റെ കണ്മുന്നിലേക്കു അന്ന് കല്യാണത്തിന് ഞാൻ കണ്ട അതിസുന്ദരിയായ പെൺകുട്ടി തെളിഞ്ഞു വന്നു…..അവളുടെ കണ്ണുകളിൽ ഒരു നഷ്ട പ്രണയം ഉണ്ടായിരുന്നോ……?

അറിയില്ല….എന്നാൽ അർജുനേട്ടൻ്റെ കണ്ണുകളിൽ അത് ഉണ്ടായിരുന്നു…നഷ്ട പ്രണയം……. എന്നെ അത്ഭുതത്തോടെ നോക്കിയ പെൺകുട്ടി…… യാത്ര പറയുമ്പോഴും അവൾ ഞങ്ങളെ തിരിഞ്ഞു നോക്കിയിരുന്നു……. “ന്നാലും ഈ ഏട്ടത്തിയെ ആണ് എനിക്കിഷ്ടായത്……ശെരിക്കും ഈ വീടിനു വേണ്ടിയിരുന്നതും ഈ ഏട്ടത്തിയാട്ടോ …… അർജുനേട്ടനും ഇഷ്ടാവും ഏട്ടത്തിയെ …നോക്കിക്കോ ……” അതും പറഞ്ഞു അവൾ എന്റെ കവിളി ഒരുമ്മ നൽകി .. ” ഗുഡ് നൈറ്റ് മോളേ …..” അവൾ കടന്നു പോയി എങ്കിലും ഞാൻ ആ നിൽപ് തുടർന്ന്…എന്തിനോ വേണ്ടി എന്റെ കണ്ണും നിറഞ്ഞിരുന്നു……. ഒപ്പം അർജുനനും അവരുടെ പ്രണയകാലവും നിറഞ്ഞിരുന്നു……

എന്തിനു…അറിയില്ല…… “കിടക്കുന്നില്ലേ ….” അർജുനേട്ടനാണ്….. രുദ്രപോയിട്ടും ഏറെ നേരം പിന്നിട്ടിരിക്കുന്നു എന്ന് ഞാൻ അപ്പോഴാണ് അറിഞ്ഞത്….. ഇത്രയ്ക്കും ആത്മാർത്ഥമായി സ്നേഹിച്ചെങ്കിൽ പിന്നെന്താ അവരൊന്നിക്കാത്തതു……. ആ ചിന്ത എന്റെ മനസിൽ അലയടിച്ചു കൊണ്ടിരുന്നു…… അര്ജെന്ട്ടനോടൊപ്പം മുറിയിൽ കയറി വാതിൽ അടയ്ക്കുമ്പോൾ കേട്ടു അർജുനേട്ടൻ്റെ പരിഹാസം…… “രുദ്രയെ കൈയിൽ എടുത്തു അല്ലേ …..? ” “എനിക്കാരെയും കയ്യിൽ എടുക്കാനുള്ള വിദ്യ അറിയില്ല അർജുനേട്ടാ …എങ്കിൽ ഞാൻ ആദ്യം എന്റെ ചെറിയമ്മേയെയും ഇവിടത്തെ അമ്മയെയും എടുത്തേനേ …….

ഞാൻ ഇങ്ങനെയാണ്……” എന്നെ തന്നെ നോക്കി നിൽക്കുന്ന അർജുനേട്ടൻ്റെ കണ്ണുകളോട് ആദ്യമായി എനിക്ക് കൗതുകം തോന്നി….. 🟢🟢🟢🟢🟢🟢🟢🟢🟢🟢🟢 ഇങ്ങനെ എൺപതു കാലഘട്ടങ്ങളിലെ പോലെ ഇന്നും ജീവിച്ചു പോവുന്ന ആ കുടുംബത്തിലേക്ക് മിഥുകുട്ടിയുടെയും രുദ്രയുടെയും അതിയായ കൊതിയും ആഗ്രഹവും കണ്ടു മനസ്സലിഞ്ഞു ഞാൻ അവർക്കു ഒരു സാധനം വാങ്ങി കൊണ്ട് വന്നു കോളേജിൽ നിന്ന് വന്നപ്പോൾ……..

ആരും അറിയാതെ…….എന്താ സാധനം എന്നല്ലേ ?….മ്മടെ മഥുവിൻ്റെ ഭാഷയിൽ പറഞ്ഞാൽ…… “മ്മള് കുളിക്കുന്ന ഷവർ ഇല്ലേ ….അതുപോലൊരു സാധനം…..ചിക്കൻ ഒക്കെയുണ്ട്……. എനിക്കിഷ്ടമാണ് അമ്മായി…..പ്ളീസ്…ഒന്ന് വാങ്ങി തരുമോ ….” അതാണ് സാധനം …ഷവർമ്മ …..!!!!!!!!!! (കാത്തിരിക്കണംട്ടോ ചങ്കുകളെ ) ഒരുപാട് സ്നേഹം നന്ദി ഓരോ കമ്മന്റ്സിനും ഇസ സാം…. തുടരും …. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ചങ്കിലെ കാക്കി: ഭാഗം 8

Share this story