ദാമ്പത്യം: ഭാഗം 39

ദാമ്പത്യം: ഭാഗം 39

എഴുത്തുകാരി: തുഷാര ലക്ഷ്മി

സർജറി തുടങ്ങിയിട്ട് മൂന്ന് മണിക്കൂറിൽ കൂടുതലായി… ഈ നിമിഷം വരെ കൂടുതൽ ഒന്നുമറിഞ്ഞിട്ടില്ല… പ്രാർത്ഥനയോടെ പിന്നെയും ഏറെനേരം കടന്നു പോയി… ഒടുവിൽ ഐസിയുവിന്റെ വാതിൽ തുറന്നു ജിതിനും, സർജൻ ഹരിശങ്കറും പുറത്തേയ്ക്കു വന്നപ്പോൾ ശേഖരൻ നെഞ്ചിടിപ്പോടെ എഴുന്നേറ്റു….ആര്യ അപ്പോഴും ഇതൊന്നുമറിയാതെ ഇരുന്നിടത്തു തന്നെ ഇരിക്കുകയായിരുന്നു…അവളെ ഒന്നു നോക്കിയ ശേഷം ശേഖരൻ അവരുടെ അടുത്തേയ്ക്കു നടന്നു… പ്രതീക്ഷയോടെ ആ മുഖങ്ങളിലേയ്ക്ക് മാറി മാറി നോക്കുമ്പോഴും അവരുടെ മുഖഭാവം അയാളിൽ ഭയം നിറച്ചു…

ഉള്ളിലെ വേവ് മറച്ചുവെച്ച് എന്താണ് അഭിമന്യൂവിന്റെ കണ്ടിഷൻ എന്ന് തിരക്കുമ്പോഴേക്കും ഹരിശങ്കർ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി…. അഭിമന്യൂവിന്റെ സർജറി കഴിഞ്ഞു…അറിയാമല്ലോ അഭിമന്യൂ ഞങ്ങളുടെ കൊലീഗ് മാത്രമല്ല നല്ലൊരു ഫ്രണ്ട് കൂടിയാണ്… അഭിയുടെ ജീവൻ തിരികെ പിടിക്കേണ്ടത് ഞങ്ങളുടെ കൂടെ ആവശ്യമായിരുന്നു…അതുകൊണ്ടു തന്നെ പ്രാർത്ഥനയോടെയാണ് സർജറി തുടങ്ങിയത്…സർജറി വിജയം തന്നെയായിരുന്നു… ഇവിടെ കൊണ്ടു വരുമ്പോൾ കുറച്ചു സീരിയസ് ആയിരുന്നു അഭിയുടെ കണ്ടിഷൻ…

വയറ്റിൽ തന്നെ രണ്ടു കുത്തു കൊണ്ടിരുന്നു… ഒരെണ്ണം അല്പം ആഴത്തിലുള്ളതായിരുന്നുവെങ്കിലും ഇന്റെർണൽ ഓർഗൻസിനു മുറിവ് പറ്റാതിരുന്നത് ഭാഗ്യമായി…നെറ്റിയിലും, കാലിലും വലതു ഷോൾഡറിലുമായി പിന്നെയും നാല് വെട്ടുകളുണ്ടായിരുന്നു…അതൊന്നും അത്ര ആഴത്തിലുള്ളതായിരുന്നില്ല…പക്ഷേ ശരീരത്തിൽ നിന്നു കുറച്ചധികം ബ്ലഡ്‌ ലോസ് ആയിട്ടുണ്ട്….ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തിട്ടുണ്ട്…. ഇനിയെല്ലാം ദൈവത്തിന്റെ കൈയിലാണ്….

ഇനി അഭി കോൺഷ്യസ് ആയാലേ കൂടുതൽ എന്തെങ്കിലും പറയാൻ കഴിയൂ.. …എന്തായാലും ഇപ്പോഴത്തെ അവസ്ഥയിൽ അയാൾ സേഫ് ആണ്….. അത്രയും പറഞ്ഞു നിറമിഴികളോടെ നിൽക്കുന്ന ശേഖരന്റെ തോളിൽ മെല്ലെയൊന്നു തട്ടിയിട്ട് ഹരിശങ്കർ നടന്നു നീങ്ങി… ജിതിൻ ശേഖരനെ നോക്കി ഒന്നു ചിരിച്ചു… ജിതിൻ ആ ഹോസ്പിറ്റലിലെ തന്നെ അനസ്തെറ്റിസ്റ്റ് ആണ്… ഇനി പേടിക്കേണ്ട കാര്യമില്ല അച്ഛാ..അവൻ തിരികെ വരും… ശേഖരന്റെ കയ്യിൽ മുറുകെ പിടിച്ചു ജിതിൻ അത് പറയുമ്പോഴേക്കും ശേഖരൻ അതുവരെ പിടിച്ചു നിർത്തിയ കണ്ണുനീർ പുറത്തേക്കൊഴികിയിരുന്നു….

അത്രമാത്രം ആത്മസംഘർഷം ആ മണിക്കൂറുകളിൽ അയാൾ അനുഭവിച്ചിരുന്നു… ജിതിന് മനസിലാകുമായിരുന്നു അഭിയുടെ വാക്കുകളിലൂടെ താനറിഞ്ഞ ആ അച്ഛനെ… അയാളുടെ തോളിൽ തട്ടി ആശ്വസിപ്പിക്കുമ്പോഴും അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു…. അപ്പോഴാണ് ശേഖരന് ആര്യയുടെ കാര്യം ഓർമ്മ വന്നത്….വേഗത്തിൽ അയാൾ അവളുടെ അടുത്തേയ്ക്കു നടന്നു… അവളപ്പോഴും ഇതൊന്നുമറിയാതെ പ്രിയപ്പെട്ടവനെ ഓർത്തുള്ള ആധിയിൽ മനസ്‌ കൈവിട്ടതുപോലെ ഇരിക്കുകയാണ്….

അവൻ തിരികെ വരുമെന്ന് സ്വന്തം മനസ്സിനെ ആവർത്തിച്ചു പറഞ്ഞു പഠിപ്പിച്ചു കൊണ്ടു… ശേഖരനവളുടെ ഇടത്തേ തോളിൽ തന്റെ വലത് കൈ ചേർത്തു അമർത്തി പിടിച്ചു…അവളൊന്നു ഞെട്ടി അയാളെ നോക്കി… മോളെ…നീ അറിഞ്ഞോ..നമ്മുടെ അഭി… …അവന്റെ സർജറി കഴിഞ്ഞു….നമുക്കവനെ തിരികെ കിട്ടി മോളെ…..ഇനിയും നീയിങ്ങനെ സങ്കടപ്പെട്ടിരിക്കല്ലേ… നീ പറഞ്ഞ പോലെ നിന്റെ അഭിയേട്ടൻ തിരികെ വന്നു…. അമ്പരപ്പോടെ തന്നെ നോക്കിയ ആ മിഴികളിൽ പതിയെ ആശ്വാസം നിറയുന്നത് ശേഖരൻ കണ്ടു…

അയാളുടെ കൈകളെ തന്റെ രണ്ടു കൈകൾ കൊണ്ടും മുറുകെ പിടിച്ചു അതിലേയ്ക്ക് നെറ്റി ചേർത്തു വെച്ച് അവൾ പൊട്ടിക്കരഞ്ഞു….അതുവരെ പിടിച്ചു നിർത്തിയ സങ്കടം, പേടിയുമെല്ലാം അഭിയുടെ ജീവന് ആപത്തൊന്നുമില്ലെന്നറിഞ്ഞപ്പോൾ, ആ സന്തോഷത്തിനൊപ്പം ചേർന്നു അവളുടെ മിഴികളിൽ നിന്നു ഒഴുകിയിറങ്ങി….. ആ കരച്ചിൽ അയാളിൽ ആശ്വാസമാണ് നിറച്ചത്… അവളുടെ മനസൊന്നു ശാന്തമാകട്ടെ എന്ന് കരുതി അയാളവളെ കരയാൻ അനുവദിച്ചു… അൽപനേരം കഴിഞ്ഞതും അയാൾ തന്റെ കൈകൾ മോചിപ്പിച്ചു…

നിറഞ്ഞ മിഴികളും ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയുമായി തന്നെ നോക്കിയിരിക്കുന്ന അവളെ കണ്ടപ്പോൾ ശേഖരൻ വാത്സല്യത്തോടെ ആ കണ്ണുനീർ തുടച്ചു കൊടുത്തു… മുടിയിഴകളിൽ പതിയെ തലോടി….ആ പെണ്ണിനും അതൊരാശ്വാസമായിരുന്നു….പെട്ടെന്നവൾ മുഖമുയർത്തി അയാളെ നോക്കി… അച്ഛാ..!! എനിക്കു അഭിയേട്ടനെ കാണണം… കാണാം മോളെ…കുറച്ചു നേരം കൂടി കഴിയട്ടെ..അവനൊന്നു ബോധം വീഴട്ടെ….അപ്പോൾ നമുക്കവനെ കേറി കാണാം കേട്ടോ…അതിന് മുൻപ് മോള് എന്തെങ്കിലും കഴിക്കണം…

വെളുപ്പിനെ തൊട്ടു ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഇരിക്കുവല്ലേ…അഭി അറിഞ്ഞാൽ നമ്മളെ എല്ലാവരെയും അവൻ ഓടിക്കും… അവനെ കാണാൻ പോകുന്നേന് മുന്നേ ആഹാരം കഴിച്ചു മിടുക്കിയായിട്ടിരിക്കണം…അതുകൊണ്ട് എഴുന്നേറ്റു വന്നേ..ആദ്യം നമുക്ക് ക്യാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാം…എന്നിട്ട് അമ്മയെ പോയി കാണാം..ജാനകി മാത്രമേയുള്ളു അവിടെ… ആവണി അവിടെ ജാനകിയെ ഒരു വഴിക്കാക്കിയിട്ടുണ്ടാകും….. അയ്യോ…അമ്മ….!!! ആര്യയുടെ ഉള്ളൊന്നു പിടച്ചു…

ശരിയാണ് അമ്മ തളർന്നു വീണത് ഓർമ്മയുണ്ട്..പക്ഷേ അതിനേക്കാൾ തളർച്ച ബാധിച്ച മനസ്സുമായി നിന്നതുകൊണ്ട് അപ്പോൾ അതൊന്നും മനസ്സിലേയ്ക്ക് കയറിയില്ല…. സോറി അച്ഛാ…അമ്മ വീണുപോയപ്പോഴും ഞാൻ അമ്മയെ ശ്രദ്ധിച്ചില്ല…. മനസ്സ് പിടിവിട്ടു നിൽക്കുകയായിരുന്നു… അവളൊരു കുറ്റബോധത്തോടെ പറഞ്ഞു നിർത്തി.. അച്ഛനറിയാല്ലോ മോളെ നിന്നെ…. അതുകൊണ്ടു മോള് അച്ഛനോട് ക്ഷമ പറയേണ്ട കാര്യമൊന്നുമില്ല…കേട്ടോ… അയാളുടെ വാക്കുകൾ ആശ്വാസമേകിയെങ്കിലും അഭിയെക്കുറിച്ചോർത്തപ്പോൾ വീണ്ടും ഒരു ഭീതി അവളിൽ ഉണ്ടായി…

വിശപ്പും,ദാഹവുമൊക്കെ ആ നിമിഷം അകന്നു നിന്നു…അവനെ ഒന്നു കണ്ടാൽ മാത്രമേ തന്റെ മനസ്‌ ശാന്തമാകുകയുള്ളു എന്നവൾക്കു മനസിലായി…. തന്റെ വാക്കുകൾ കേട്ട് അവളൊന്നു ചിരിച്ചെങ്കിലും വീണ്ടുമാ മുഖത്ത് വിഷാദഭാവം നിറഞ്ഞതും ഇനിയുമീ ഇരിപ്പ് ഇരിക്കാനാണ് ഭാവമെങ്കിൽ അഭിയോട് പറഞ്ഞു കൊടുക്കുമെന്നു ഒരു ശാസനാസ്വരത്തിൽ പറഞ്ഞതും ആര്യ വേഗം നല്ല കുട്ടിയായി…. പക്ഷേ ഐസിയുവിന്റെ മുന്നിൽ നിന്നു മാറാൻ അവൾ തയ്യാറായിരുന്നില്ല… അച്ഛാ..അഭിയേട്ടനെ ഒന്നു കാണുന്നതുവരെ എനിക്ക് വെള്ളം പോലും ഇറങ്ങില്ല….അതുകഴിഞ്ഞു അച്ഛൻ പറയുന്ന എന്തും ഞാൻ അനുസരിക്കാം…

അതുവരെ ഞാൻ ഇവിടെ ഇരുന്നോട്ടെ…. ശേഖരൻ പിന്നെ അവളെ നിർബന്ധിച്ചില്ല… പിന്നെയും മണിക്കൂറുകളുടെ കാത്തിരിപ്പ്…. ഇതിനിടയിൽ പ്രീതയും, ശാന്തയും വന്നു….അത് ആര്യയ്ക്കും ഒരാശ്വാസമായി…. അധികം വൈകാതെ നാട്ടിൽ നിന്നു ശ്യാമും,ദേവനും,മേനകയുമെത്തി…വൈകുന്നേരത്തോടെ ഐശ്വര്യയും,സന്ദീപുമെത്തുമെന്നറിയിച്ചു…. പ്രാർത്ഥനയോടെ ആര്യ ഐസിയുവിന്റെ മുന്നിൽ തന്നെയിരുന്നു….ഗർഭിണിയാണ്….ഒന്നും കഴിക്കാതെയും,കുടിക്കാതെയുമുള്ള അവളുടെയാ കാത്തിരിപ്പ് എല്ലാവരിലും വേദന നിറച്ചു….

മേനകയും,ശാന്തയും അല്പം വെള്ളമെങ്കിലും കുടിക്കാൻ നിർബന്ധിച്ചുവെങ്കിലും അവൾ ഒന്നിനും തയ്യാറായിരുന്നില്ല…അപ്പോഴൊക്കെ ശേഖരന് കൊടുത്ത മറുപടി തന്നെ അവൾ അവർക്കും നൽകി… വീണ്ടും തന്റെ കുഞ്ഞു ശിവലിംഗവും മുറുകെ പിടിച്ചിരിപ്പായി… പ്രാർത്ഥനയോടെയുള്ള കാത്തിരിപ്പിന് അവസാനമായി…. വൈകുന്നേരത്തോടെ അഭി കണ്ണ് തുറന്നു…. ഡോക്ടർ ഹരിശങ്കറോട് സംസാരിച്ചുവെന്നും അവൻ അപകടനില പൂർണ്ണമായി തരണം ചെയ്തുവെന്നും ജിതിൻ അറിയിച്ചത് എല്ലാവരിലും ആശ്വാസം നിറച്ചു….

ആര്യ മേനകയുടെ കൈയ്യിൽ മുറുകെ പിടിച്ചു…. ആ നിമിഷം അവനെയോർത്തുള്ള മനസ്സിന്റെ ആധി മിഴിനീരായി ഒഴുകിയിറങ്ങി മനസ്‌ ശാന്തമാകുന്നത് അവളറിഞ്ഞു…. രണ്ടു പേർക്ക് അഭിയെ കാണാനുള്ള അനുവാദം കിട്ടിയപ്പോൾ ശേഖരൻ ആര്യയുടെ അടുത്തേയ്ക്കു നടന്നു… അല്പം ഉന്തിയ വയറിൽ കൈവെച്ചവൾ പതിയെ എഴുന്നേറ്റു…ശേഖരന്റെ കൈ പിടിച്ചു ഐസിയുവിനുള്ളിലേയ്ക്ക് നടന്നു…

…. കാത്തിരിക്കാം തുഷാര ലക്ഷ്മി❤ തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദാമ്പത്യം: ഭാഗം 38

Share this story