ദാമ്പത്യം: ഭാഗം 40

ദാമ്പത്യം: ഭാഗം 40

എഴുത്തുകാരി: തുഷാര ലക്ഷ്മി

പ്രാർത്ഥനയോടെയുള്ള കാത്തിരിപ്പിന് അവസാനമായി…. വൈകുന്നേരത്തോടെ അഭി കണ്ണ് തുറന്നു…. ഡോക്ടർ ഹരിശങ്കറോട് സംസാരിച്ചുവെന്നും അവൻ അപകടനില പൂർണ്ണമായി തരണം ചെയ്തുവെന്നും ജിതിൻ അറിയിച്ചത് എല്ലാവരിലും ആശ്വാസം നിറച്ചു…. ആര്യ മേനകയുടെ കൈയ്യിൽ മുറുകെ പിടിച്ചു…. ആ നിമിഷം അവനെയോർത്തുള്ള മനസ്സിന്റെ ആധി മിഴിനീരായി ഒഴുകിയിറങ്ങി മനസ്‌ ശാന്തമാകുന്നത് അവളറിഞ്ഞു…. രണ്ടു പേർക്ക് അഭിയെ കാണാനുള്ള അനുവാദം കിട്ടിയപ്പോൾ ശേഖരൻ ആര്യയുടെ അടുത്തേയ്ക്കു നടന്നു… അല്പം ഉന്തിയ വയറിൽ കൈവെച്ചവൾ പതിയെ എഴുന്നേറ്റു…

ശേഖരന്റെ കൈ പിടിച്ചു ഐസിയുവിനുള്ളിലേയ്ക്ക് നടന്നു… ഉള്ളിലേയ്ക്ക് കയറിയതും വല്ലാത്തൊരു ആർത്തിയോടെ അവളുടെ മിഴികൾ അഭിയെ തേടി…. ഒടുവിൽ അവ ചെന്ന് ചേർന്നു നിന്നത് ശരീരത്തിൽ പല ഭാഗങ്ങളിലായി വെച്ചുകെട്ടുമായി കിടക്കുന്ന അഭിയിലാണ്….അവന്റെ ക്ഷീണിച്ചുള്ള കിടപ്പ് കണ്ടതും കാലുകൾ ആരോ പിടിച്ചുകെട്ടിയ പോലെ…. അനങ്ങാനാകാതെ അവിടെ തന്നെ തറഞ്ഞു നിന്നു പോയി…. അതുവരെ സംഭരിച്ചു വെച്ചിരുന്ന ധൈര്യമെല്ലാം ചോർന്നു പോകുന്ന പോലെ തോന്നി അവൾക്ക്… ഓടി അവന്റെ ചാരത്തണയാൻ കൊതിച്ചു ആ നിമിഷം….

അപ്പോഴവൾ ശ്രീ ആയിരുന്നു… അവന്റെ നെഞ്ചിലെ തണലിൽ…. അവൾക്കായി മാത്രമൊരുക്കിയ രാഗതാളത്തിൽ ലയിച്ചുചേരാൻ വെമ്പുന്ന മനമോടെ ജീവിക്കുന്ന അഭിയുടെ സ്വന്തം ശ്രീ… പെയ്യാൻ തയ്യാറായി നിൽക്കുന്ന മിഴികളെ അഭിയുടെ പ്രതികരണമോർത്തതും അവൾ ശ്രമപ്പെട്ടു അടക്കി.. ഷാളിൽ മുഖം ഒന്നമർത്തി തുടച്ചു…. ശേഖരൻ അഭിയുടെ അരികിലേയ്ക്ക് വന്നു…അവന്റെ ആ കിടപ്പ് അയാളിൽ വല്ലാത്ത വേദന നിറച്ചു… അവശനാണ്…. ആ വേദനകൾക്കിടയിലും നേർത്തൊരു പുഞ്ചിരി അഭിയുടെ മുഖത്തുണ്ടായിരുന്നു… അതുകണ്ടതും അയാളുടെ മനസിൽ ആശ്വാസത്തിന്റെ നേരിയ കുളിരു പടർന്നു… എങ്ങനുണ്ട് അഭി ഇപ്പൊ…?? വേദന തോന്നുന്നുണ്ടോ..???

ആധിയോടെ ചോദിക്കുന്നതിനൊപ്പം ശേഖരൻ അവന്റെ മുടിയിൽ മെല്ലെ തലോടി….. കു…ഴപ്പമില്ല…… ക്ഷീണിച്ച സ്വരത്തിൽ മറുപടി നൽകുമ്പോഴും അവന്റെ മിഴികൾ അച്ഛന്റെ പുറകിലായി നിൽക്കുന്ന ആര്യയിലായിരുന്നു… അതിൽ അവളരികിലേയ്ക്ക് വരാത്തതിലുള്ള പരിഭവം ആയിരുന്നു നിറഞ്ഞു നിന്നത്… അവന്റെ അരികിലേക്ക് ചെല്ലാൻ മനസ്‌ പറയുമ്പോഴും ശരീരം പിണങ്ങിയതുപോലെ…. നിന്ന നിൽപ്പിൽ നിന്നു ഒന്നനങ്ങാൻ പോലുമവൾക്കായില്ല… വീണ്ടും അവളുടെ വയറിലേക്ക് മിഴികൾ ചെന്നതും അവൻ തന്റെ തല മെല്ലെയൊന്നനക്കി അവളെ അടുത്തേയ്ക്കു ക്ഷണിച്ചു… ഓടി അവന്റെ അരികെ ചെല്ലണമെന്നുണ്ട്..പക്ഷേ ആ കിടപ്പ് കണ്ട മനസ്സിന്റെ തളർച്ച കാലുകളെയും ബാധിച്ച പോലെ…

എങ്ങനെയോ കാലുകൾ വലിച്ചു വെച്ച് അവന്റെ അരികിലെത്തി… ആ ചെറുദൂരം പോലും താണ്ടാൻ ആകാത്ത വിധം അവൾ തളർന്നിരുന്നു.. ഇണയെ കാണാതെ ഏതോ തീരത്തു ഏകയായി പോയ ഒരു ശലഭത്തെ പോലെ… നീയില്ലായ്മ സങ്കൽപ്പിക്കാൻ പോലുമാകില്ല.. നിന്നിലേയ്ക്കുള്ളതല്ലാതെ മറ്റു വഴികളും എനിക്കറിയില്ല… തിരികെ പോകാനുള്ള വഴി… അത് ഞാൻ മറന്നു പോയിരിക്കുന്നു… അവളുടെ മനം അവനോടു പരിഭവം പറഞ്ഞു കൊണ്ടിരുന്നു… അവളരികിലെത്തിയതും അവനാ പെണ്ണിന്റെ മുഖത്തെ സങ്കടഭാവം നോക്കി കാണുകയായിരുന്നു… മനസ്സിലാക്കുകയായിരുന്നു… മണിക്കൂറുകളായി അവളനുഭവിച്ച മനോവ്യഥ അവളുടെ നീർ ഒളിപ്പിച്ച മിഴികളും,ചെറുതായി വിറയ്ക്കുന്ന ഉടലും അവന് കാട്ടി കൊടുത്തു…..

കരയുന്നില്ല എന്നേയുള്ളു പെണ്ണ്… പക്ഷേ പൊട്ടി വന്ന കരച്ചിലിന്റെ ചീളുകളെ പിടിച്ചു നിർത്തി ചിരിയുടെ ആവരണമണിയാനുള്ള അവളുടെ ശ്രമം കണ്ടു അവനവളോട് വല്ലാത്ത അലിവ് തോന്നി…. എഴുന്നേറ്റു ചേർത്തു നിർത്തണമെന്നുണ്ട്….മണിക്കൂറുകളായി അവളനുഭവിക്കുന്ന ആശങ്കകൾക്ക്,സങ്കടങ്ങൾക്കു എനിക്കൊന്നും സംഭവിച്ചിട്ടില്ലെടി എന്ന് പറഞ്ഞു ആശ്വസിപ്പിക്കണമെന്നുണ്ട്.. വിരഹം നൽകിയ വേദനകൾക്ക് ചുംബനങ്ങൾ കൊണ്ടു മരുന്നാകണമെന്നുണ്ട്… പക്ഷേ ഇപ്പോഴെനിക്കൊന്നിനും പറ്റുന്നില്ല പെണ്ണേ….നിന്റെ വിഷമം കണ്ടു നിൽക്കാനല്ലാതെ… വേദനയോടെ അവളെ നോക്കി കിടന്നവൻ…. അല്പം ശ്രമപ്പെട്ടു അവൻ തന്റെ വലതു കരം അവളുടെ വയറിനു പുറത്തേയ്ക്കു വെച്ചു…

തന്റെ കണ്മണിയോടുള്ള വാത്സല്യം നിറഞ്ഞൊഴുകുന്ന മനസോടെ… ആ നിമിഷം ശരീരത്തിന്റെ വേദന അവൻ മറന്നു…. വെങ്കിയുടെ കത്തി തന്റെ ശരീരത്തിൽ തുളച്ചിറകുന്ന നിമിഷത്തിൽ ഭയപ്പെട്ടത് ഇതായിരുന്നു…തന്റെ പൊന്നോമനയുടെ മുഖം ഒന്നു കാണാതെ മടങ്ങേണ്ടി വരുമോയെന്നു…ബോധം മറയുന്ന അവസാന നിമിഷവും പ്രാർത്ഥിച്ചിരുന്നു തന്റെ ശ്രീയെ ഇനിയും വേദനിപ്പിക്കരുതേയെന്നു… അപ്പോഴേക്കും നേഴ്സ് വന്നു പുറത്തേയ്ക്കു പോകാൻ പറഞ്ഞു… വരാൻ മടിച്ചു നിന്ന ആര്യയെ ശേഖരൻ വന്നു ചേർത്ത് പിടിച്ചു… അഭിയോട് യാത്ര പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു… എനിക്കൊന്നുമില്ല… അതോർത്തു നീ മനസ്സ് വിഷമിപ്പിക്കരുത്….സമയത്ത് ഭക്ഷണം കഴിക്കണം…..

ആ ക്ഷീണിച്ച അവസ്ഥയിലും ഒരു താക്കീതോടെ ആര്യയോട് പറഞ്ഞു… ശേഷം ശേഖരനെ നോക്കി ആര്യയെ ശ്രദ്ധിക്കണമെന്ന് പറഞ്ഞേൽപ്പിച്ചു…. പുറത്തേയ്ക്ക് നടക്കുന്നതിനിടയിൽ അവൾ പലതവണ അഭിയെ തിരിഞ്ഞു നോക്കി… ഐസിയുവിൽ നിന്ന് തിരിച്ചിറങ്ങിയതും പുറത്തു നിൽക്കുന്നവർ ആകാംക്ഷയോടെ അവരെ നോക്കി…. അഭിയുടെ അവസ്ഥ ശേഖരൻ അവരെ അറിയിക്കുമ്പോൾ മേനക ആര്യയെ ഒരു കസേരയിലേക്ക് പിടിച്ചിരുത്തി….അവൾ ഒന്നും ശ്രദ്ധിക്കാതെ രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി ഇരുന്നു…. അവനപകടം പറ്റിയെന്ന് അറിഞ്ഞതുമുതൽ അനുഭവിക്കുന്ന വ്യഥ, അല്പം മുൻപ് കണ്ട വേദന സഹിച്ചു കൊണ്ടുള്ള അവന്റെ കിടപ്പ് ഒക്കെ മിഴിനീരായി അവളിൽ നിന്നു ഒഴുകിയിറങ്ങി…

നെഞ്ചിലടക്കി പിടിച്ച വേദന കരഞ്ഞു തീർക്കട്ടെ എന്ന് വിചാരിച്ചു ആരുമവളെ തടഞ്ഞില്ല…. കരച്ചിലിനൊപ്പം മനസ്സിൽ ദൈവങ്ങളോട് നന്ദി പറയുകയായിരുന്നവൾ….അവനെ തനിക്ക് തിരികെ നൽകിയതിൽ…… അവന്റെ ശരീരത്തിലെ മുറിവുകളെ ഓർത്തപ്പോൾ… ആ വേദന സ്വന്തം ശരീരത്തിൽ അറിഞ്ഞത് പോലെ അവളൊന്നു പിടഞ്ഞു…എങ്കിലും തന്റെയും കുഞ്ഞിന്റെയും ഭാഗ്യമാകാം അവന്റെ ജീവന് ആപത്തൊന്നും വരാതിരുന്നത്… അങ്ങനെ ചിന്തിച്ചു അവളതിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു… അല്പനേരം അവളെ കരയാൻ അനുവദിച്ചശേഷം മേനക നിർബന്ധിച്ചവളെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി….പ്രഭ അപ്പോഴും മയക്കത്തിലായിരുന്നു…

ജാനുവമ്മ അവരുടെ അടുത്തായി ഇരിക്കുന്നുണ്ട്….ആവണി മോൾ ബൈസ്റ്റാൻഡർ ബെഡ്ഡിൽ കിടന്നുറങ്ങുന്നു…. അമ്മയുടെ നിർബന്ധം കാരണം അവൾ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു…. പ്രീത കൊണ്ടു വന്ന കഞ്ഞി മേനക അവളെ നിർബന്ധിച്ചു കുടിപ്പിച്ചു…. ആര്യ ആകെ തളർന്നിരുന്നു…മേനക അവളെ ആവണിയുടെ അരികിലേക്ക് ചായ്ച്ചു കിടത്തി…. മെല്ലെ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു… ആശങ്കകൾ ഏറെക്കുറെ വിട്ടൊഴിഞ്ഞു സമാധാനത്തോടെ അവൾ ആവണിയോട് ചേർന്നു കിടന്നു…. പേടിച്ചു പോയി അമ്മേ ഞാൻ…. അഭിയേട്ടനെ എനിക്ക് നഷ്ടപ്പെടുമോ എന്നോർത്തു…. ഇപ്പോഴും ആ വേദന അനുഭവിക്കുന്നതുപോലെ അവളുടെ ഉടലൊന്ന് വിറച്ചു…

ആ അമ്മയ്ക്ക് മനസ്സിലായി മകൾ അനിഭവിച്ച വേദന…. അവർ ഓർക്കുകയായിരുന്നു… അഭിയ്ക്കു ആക്‌സിഡന്റ് പറ്റിയെന്ന് ശേഖരേട്ടൻ വിളിച്ചു പറഞ്ഞത്…ആ നിമിഷം കേട്ടത് സത്യമാകല്ലേ എന്ന് പ്രാർത്ഥിച്ചു പോയി…. അത്ര കടപ്പാടുണ്ട് തന്റെ കുടുംബത്തിന് അഭിയോട്… വേദനയിൽ കൂടെ നിന്നവനാണ്… തങ്ങളുടെ മകൾക്കു സ്വർഗ്ഗതുല്യമായ ഒരു ജീവിതം നല്കിയവനാണ്…മരുമകനല്ല മകൻ തന്നെയായിരുന്നു അഭി..തനിക്കും ദേവേട്ടനും … ജീവൻ കയ്യിൽ പിടിച്ചാണ് ഇവിടെ വരെ എത്തിയത്…അഭിയെ ഓർത്തു നീറുമ്പോഴും ആര്യ ഇതെങ്ങനെ തരണം ചെയ്യുമെന്ന് ഓർത്തപ്പോൾ വല്ലാതെ ഭയന്നിരുന്നു…ഇവിടെ എത്തിയപ്പോൾ കണ്ടു ആകെ തകർന്നു ശില പോലെയിരിക്കുന്ന തന്റെ പൊന്നു മോളെ…

ആരെയും അവൾ കാണുന്നില്ല…ആരുടെയും സ്വരം കേൾക്കുന്നുമില്ല…. നിലത്തേക്ക് നോക്കി ഇരിക്കുന്നു.. മുൻപ് അരവിന്ദ് അവളെ ഉപേക്ഷിച്ച സമയത്തും അവൾ ഇങ്ങനെ ആയിരുന്നു….ഉണ്ണാതെ,ഉറങ്ങാതെ , ചുറ്റുമുള്ളതൊന്നും അറിയാതെ നീറി നീറി കഴിഞ്ഞു… അന്നത്തെ ആ അവസ്ഥയിലേയ്ക്ക് അവൾ മാറിയോ എന്നൊരു നിമിഷം സംശയിച്ചു പോയി…. അവളെ പരീക്ഷിച്ചു മതിയായില്ലെയെന്നോർത്ത് ദൈവങ്ങളോടുപോലും ദേഷ്യം തോന്നിപോയ നിമിഷങ്ങൾ…. അഭിയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ മോളെയും നഷ്ടപ്പെടും….പിന്നെ അങ്ങോട്ട് രണ്ടാൾക്കും വേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു…

ഒടുവിൽ അവനെ തിരികെ തന്നു…അതിന് ശേഷമാണു മോളൊന്നു സ്വബോധത്തിലേയ്ക്ക് വന്നത് പോലും… ഇനിയും തന്റെ മകളെ പരീക്ഷിക്കല്ലേ എന്ന് പ്രാർത്ഥിച്ചു ആ അമ്മ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു….. അഭിയെ ഓർത്തു വിഷമിക്കാതെ നന്നായി ഒന്നുറങ്ങാൻ പറഞ്ഞ അമ്മയെ നോക്കി കിടന്നു എപ്പോഴോ അവളുടെ കണ്ണടഞ്ഞു പോയിരുന്നു…. 💙🎉ദാമ്പത്യം🎉💙 പ്രഭ കണ്ണ് തുറന്ന ഉടനെ അഭിയെ കാണണം എന്ന് പറഞ്ഞു കരച്ചിലായി… ശേഖരൻ പ്രഭയെയും, ജാനുവമ്മയെയും കൂട്ടി അഭിയെ കാണാൻ ഐസിയുവിനകത്തു കയറി..പക്ഷേ അവനപ്പോൾ സെഡേഷന്റെ മയക്കത്തിലായിരുന്നു… പക്ഷേ അവന്റെ ആ കിടപ്പ് പ്രഭയ്ക്കും, ജാനുവമ്മയ്ക്കും സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…

രണ്ടാളും കരച്ചിൽ തുടങ്ങി.. ഒടുവിൽ നേഴ്സ് വന്നു വഴക്ക് പറഞ്ഞതും അഭിയെ വിട്ടു വരില്ലായെന്നു പറഞ്ഞു കരഞ്ഞ രണ്ടാളെയും ശേഖരൻ എങ്ങനെയോ പുറത്തിറക്കി.. വൈകുന്നേരത്തോടെ ശ്യമും,പ്രീതയും,ശാന്തയും തിരികെ പോയി… ഇതിനിടയിൽ പോലീസ് എത്തി അഭിയുടെ മൊഴിയെടുത്തിരുന്നു…. പ്രദീപും കുടുംബവും അയാളുടെ സഹോദരിയെ കാണാനായി ബാംഗ്ലൂർ പോയിരുന്നതുകൊണ്ടു നാളെയേ എത്താൻ കഴിയൂ… സന്ധ്യയോടെയാണ് ആര്യ ഉണർന്നത്…. എഴുന്നേറ്റ ഉടൻ അഭിയെ കാണണമെന്ന് പറഞ്ഞു നിർബന്ധം പിടിച്ച അവളെ ഇന്നിനി വിസിറ്റേഴ്സിനെ അനുവദിക്കില്ലായെന്ന് പറഞ്ഞു മേനകയും,ദേവനും എങ്ങനെയോ സമാധാനിപ്പിച്ചു…

അഭി ജോലി ചെയ്യുന്ന ഹോസ്പിറ്റൽ ആയതുകൊണ്ട് തന്നെ യാതൊരു വിധ അസൗകര്യങ്ങളും അവിടെ ഇല്ലായിരുന്നുവെങ്കിലും… രാത്രി ദേവനും ശേഖരനും ഹോസ്പിറ്റലിൽ നിൽക്കാമെന്ന് പറഞ്ഞു ബാക്കിയുള്ളവരെ വീട്ടിൽ പോകാൻ നിർബന്ധിച്ചെങ്കിലും ആര്യ പോകാൻ കൂട്ടാക്കിയില്ല…. ഒടുവിൽ പ്രഭയെയും, ജാനുവമ്മയെയും, ആവണി മോളെയും ദേവൻ വീട്ടിൽ കൊണ്ടാക്കി…. അഭിയെ ഒന്നു കാണാൻ,അവന്റെ അടുത്തിരിക്കാൻ കൊതിച്ച മനസ്സിനെ പാടുപെട്ടടക്കി…. ആപത്തൊന്നും കൂടാതെ അവൻ തന്റെ തൊട്ടടുത്തുണ്ടെന്ന സമാധാനത്തിൽ രാത്രിയിലെപ്പോഴോ ആര്യ കണ്ണുകളടച്ചു…. 💙🎉ദാമ്പത്യം🎉💙… കാത്തിരിക്കാം തുഷാര ലക്ഷ്മി❤ തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദാമ്പത്യം: ഭാഗം 39

Share this story