അഞ്ജലി: ഭാഗം 4

അഞ്ജലി: ഭാഗം 4

എഴുത്തുകാരി: പാർവ്വതി പിള്ള

അമ്മയുടെ 16 കഴിഞ്ഞാണ് അഞ്ജലി ജോലിക്ക് പോയിത്തുടങ്ങിയത്… ചെന്നപ്പോൾ തന്നെ ചേച്ചി പറഞ്ഞത് മാനേജരെ കണ്ടിട്ട് ജോലിക്ക് ഇരുന്നാൽ മതി എന്നാണ്… അഞ്ജലി അമ്പരപ്പോടെ നിന്നു. എന്താണ് കാര്യം എന്ന് അറിയാതെ. ഡോറിൽ നോക്ക് ചെയ്ത് അനുവാദം വാങ്ങി അകത്തേക്ക് കയറി. അഞ്ജലി.. മുഖവുരയില്ലാതെ കാര്യം പറയാം. ഒരു കവർ കയ്യിലേക്ക് എടുത്തുകൊണ്ട് മാനേജർ പറഞ്ഞു.. ഇത് വാങ്ങൂ. അഞ്ജലിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടുകൊണ്ടുള്ള ലെറ്റർ ആണ്. മനോഹർ സാർ വിഷമത്തോടെ എന്റെ മുഖത്തേക്ക് നോക്കി.. മുകളിൽ നിന്നുള്ള ഓർഡർ ആണ് കുട്ടി.. എനിക്ക് ചെയ്യാവുന്നതിന്റെ പരമാവധി നോക്കി പക്ഷേ.. സാർ എന്തിന്…

അറിയില്ല ആരോ കാര്യമായി പ്രഷർ ചെയ്തിട്ടുണ്ട്… അവളുടെ കണ്ണുകൾ നിറഞ്ഞു. ഹൃദയം കീറി മുറിയുന്ന വേദന തോന്നി.. അവൾ കാലുകൾ വലിച്ചു വെച്ച് വെളിയിലേക്ക് നടന്നു.. എന്റെ മുഖഭാവം കണ്ടാവണം ചേച്ചി എഴുന്നേറ്റു വന്നു. എന്താ അഞ്ജലി എന്തുപറ്റി. തൊണ്ടക്കുഴിയിൽ വന്നിരിക്കുന്ന സങ്കടം കാരണം വാക്കുകൾ പുറത്തേക്ക് വന്നില്ല. കൈയ്യിലിരുന്ന കവർ ചേച്ചിയുടെ കയ്യിലേക്ക് നീട്ടി. കവർ തുറന്ന് അതിൽ നിന്നും പേപ്പർ എടുത്ത് നോക്കിയ ചേച്ചി എന്നെ മിഴിച്ചു നോക്കി.. അഞ്ജലി ഇതെന്താ പെട്ടെന്ന്.. അറിയില്ല എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു. മുഖം അമർത്തി തുടച്ചു കൊണ്ട് ബാഗെടുത്ത് തോളിലിട്ടു. ചേച്ചിയോട് യാത്ര പറഞ്ഞു. വേറെ ആരോടും ഒന്നും പറയാൻ തോന്നിയില്ല. അഞ്ജലി വിഷമിക്കരുത്. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം.

ഒന്നു പോയാൽ വേറൊന്ന്. അത്രയും ചിന്തിച്ചാൽ മതി. ധൈര്യമായി ഇരിക്കണം.. ചേച്ചി ആശ്വസിപ്പിച്ചു… ചേച്ചിയെ നോക്കി ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് വെളിയിലേക്കിറങ്ങി.. ബസ് സ്റ്റോപ്പിലേക്ക് നടന്നു.. ബസ് കാത്തു കുറെ നേരം നിന്നു.. സമയം നോക്കിയപ്പോഴാണ് ഓർത്തത് ഇനി അര മണിക്കൂർ കഴിയണം ബസ് വരാൻ.. വെയിറ്റിംഗ് ഷെഡിലേക്ക് കയറി ഇരുന്നു. ദാഹിച്ചു തൊണ്ട വരളുന്നു. ബാഗ്തുറന്നു ബോട്ടിൽ എടുത്തു വെള്ളം വായിലേക്ക് കമിഴ്ത്തി. ഇപ്പോൾ തൊണ്ടയിൽ ഒരു ആശ്വാസം. സാരിയുടെ തുമ്പു കൊണ്ട് മുഖത്തു പൊടിഞ്ഞ വിയർപ്പു തുള്ളികൾ തുടച്ചുമാറ്റി..

ഈശ്വരാ ഇനി പുതിയൊരു ജോലി കണ്ടുപിടിക്കണമല്ലോ. ജോലി ഉണ്ടായിട്ട് തന്നെ ഓരോ ദിവസവും തള്ളി നീക്കുന്നപാട് തനിക്കേ അറിയൂ.. മിഴികൾ നിറഞ്ഞു തൂവി. അപ്പോഴാണ് തൊട്ടടുത്തിരുന്ന് ആരോ ശ്രദ്ധിക്കുന്നത് പോലെ തോന്നിയത്.. പെട്ടെന്ന് മുഖം തിരിച്ചു കണ്ണുനീർ തുടച്ചു. എന്താ മോളെ എന്തുപറ്റി. അവൾ തിരിഞ്ഞു അവരുടെ മുഖത്തേക്ക് നോക്കി. ഒന്നുമില്ല.. പറയാൻ പറ്റുന്നത് ആണെങ്കിൽ പറയാം. ഏതു പ്രശ്നത്തിനാണ് പരിഹാരം ഇല്ലാത്തത്.. എന്തെങ്കിലും കാരണമില്ലാതെ ഇവിടെ ഇരുന്ന് കരയില്ലല്ലോ . വീട്ടിൽ എന്തെങ്കിലും പ്രശ്നം ആണോ.. വീട്ടിൽ മാത്രമല്ല എന്റെ ജീവിതം ഒന്നാകെ പ്രശ്നമാണെന്ന് പറയാൻ തോന്നി… വീട്ടിൽ പ്രശ്നമൊന്നുമില്ല. ഉണ്ടായിരുന്ന ജോലി പോയി അതാണ് ഇപ്പോഴത്തെ പ്രശ്നം… അത്രേയുള്ളൂ കാര്യം… മാന്യമായിട്ടുള്ള എന്ത് ജോലിയും ചെയ്യുമോ.

അവൾ അമ്പരപ്പോടെ അവരുടെ മുഖത്തേക്ക് നോക്കി. പിന്നെ അവരെ ഒന്നാകെ നോക്കി.. അവരെ കണ്ടിട്ട് അത്രക്കൊന്നും തോന്നുന്നില്ല.. പിന്നെന്താ അങ്ങനൊക്കെ ചോദിച്ചത്… എന്തു ജോലിയാ.. എവിടെയാ.. ദൂരെ ഒന്നുമല്ല.. ഇവിടെ തന്നെയാണ്… മോൾ കേട്ടിട്ടില്ലേ അനന്ത ടെക്സ്റ്റൈൽസ്.. അവിടെ ഒരു ഒഴിവുണ്ട്… സെയിൽസ് ഗേൾ ആണോ.. അല്ല അവിടുത്തെ കാഞ്ചിപുരം സാരിയെ കുറിച്ച് വളരെ പ്രശസ്തമാണല്ലോ… അവിടെ മോഡൽ ആയി നിൽക്കാൻ ഒരു കുട്ടിയെ വേണം.. അതിന് അവിടെ നോക്കുന്നത് വിദ്യാഭ്യാസം ഉള്ളതും സൗന്ദര്യം ഉള്ളതുമായ കുട്ടികളെയാണ്… അല്ല അമ്മയ്ക്ക് ഇതൊക്കെ എങ്ങനെ അറിയാം.. ഞാൻ അതിന്റെ ഉടമയുടെ വീട്ടിലാ ജോലിക്ക് നില്ക്കുന്നത്…

ഇത് അവിടെ പറയുന്നത് കേട്ടതാ. അവർക്ക് ഈ തുണിക്കട മാത്രമല്ല വേറെയും ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട്.. ഇപ്പോൾ തന്നെ ഒന്നു പോയി തിരക്ക്.. ഇതുവരെ ആരും വന്നിട്ടില്ല.. അഞ്ജലി പെട്ടെന്ന് എഴുന്നേറ്റു. ഞാൻ പോയി നോക്കാം.. അവൾ രണ്ടുകൈയും എടുത്തവരെ തൊഴുതു.. ഒരുപാട് നന്ദിയുണ്ട്.. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു ഞാൻ.. മറക്കില്ല ഈ ഉപകാരം. പിടിച്ചുനിൽക്കാൻ ഒരു ജോലി കൂടിയേതീരൂ. അത് എന്ത് ജോലി ആയാലും വേണ്ടില്ല…. അവൾ വേഗം റോഡിലേക്കിറങ്ങി.. വെയിൽ അധികരിച്ചിരിക്കുന്നു.. ബാഗിൽ നിന്നും കുട എടുത്തു നിവർത്തി. വണ്ടിക്കൂലി കഷ്ടിയാണ്.. നടക്കാം.. ഇല്ലെങ്കിൽ തിരികെ വീട്ടിലേക്ക് നടക്കേണ്ടി വരും..

പത്തു പതിനഞ്ച് മിനിറ്റ് എടുത്തു ടെക്സ്റ്റൈൽസിനു മുൻപിൽ എത്താൻ.. കുട മടക്കി ബാഗിൽ വെച്ചു. നഗരത്തിന്റെ ഹൃദയഭാഗത്ത് തലയെടുപ്പോടെ നിൽക്കുന്ന അനന്ത ടെക്സ്റ്റൈൽസ്. അതിനടുത്ത കോമ്പൗണ്ടിൽ തന്നെ അനന്ദാ ജ്വല്ലറിയും.. ആദ്യമായാണ് ഇവിടേയ്ക്ക് വരുന്നത്. പണക്കാരുടെ കുത്തകയാണ് ഇവിടൊക്കെ. തന്നെപ്പോലെയുള്ള പാവങ്ങൾ ഇവിടെ വന്നു കയറുന്നത് എങ്ങനെയാണ്. ഓരോന്നോർത്ത് കൊണ്ട് അവൾ ടെക്സ്ടൈൽസിന് ഉള്ളിലേക്ക് കയറി. ഏസിയുടെ തണുപ്പ് ശരീരമാകെ പടർന്നപ്പോൾ വല്ലാതെ കുളിരുന്ന പോലെ തോന്നി… അവൾ അവിടമാകെ വീക്ഷിച്ചു. ആരോടാണ് ഒന്ന് ചോദിക്കുക.. അവൾ മുന്പോട്ട് നടന്നു… താൻ വിചാരിക്കുന്നതിലും അപ്പുറത്തേക്ക് തന്റെ ജീവിതം ഇവിടെ മാറിമറിയാൻ പോകുകയാണെന്ന് അറിയാതെ…..

തന്നെ മാത്രം വീക്ഷിച്ചു കൊണ്ട് രണ്ട് കണ്ണുകൾ അവിടെ ഉണ്ടെന്ന് അറിയാതെ… ആരോടാണ് ഒന്ന് ചോദിക്കുക. കടയിൽ നല്ല തിരക്കുണ്ട്. അപ്പോഴാണ് ഒരു സെയിൽസ് ഗേൾ വന്ന് എന്താ വേണ്ടതെന്ന് തിരക്കിയത്.. ആ പെൺകുട്ടിയോട് വിവരം പറഞ്ഞപ്പോൾ മുകളിലാണ് കാഞ്ചീപുരം സെക്ഷൻ എന്ന് പറഞ്ഞു.. അവിടുത്തെ ഫ്ലോർ മാനേജരെയാണ് കാണേണ്ടതെന്നും പറഞ്ഞു. അഞ്ചാമത്തെ നിലയിലാണ് ലിഫ്റ്റിൽ കയറി പോയാൽ മതി.. അഞ്ജലി മുകളിലേക്ക് കയറി. അഞ്ചാമത്തെ ഫ്ലോറിൽ ചെന്നപ്പോൾ അവിടെ മൂന്നാല് വിവാഹ പാർട്ടികൾ ഉണ്ട്.. നല്ല തിരക്കാണ്. എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് ഒരു സെക്യൂരിറ്റി അവളുടെ അടുത്തേക്ക് വന്നത്..

വിവരം പറഞ്ഞപ്പോൾ ഫ്ലോർ മാനേജർ മൂർത്തി സാറിനെ ആണ് കാണേണ്ടത് എന്ന് പറഞ്ഞു. വിവാഹ പാർട്ടികളുടെ അടുത്ത് ഓടിനടക്കുന്ന സാറിനെ കണ്ടപ്പോൾ ഇന്ന് ഒന്നും തിരികെ പോകാൻ പറ്റില്ലെന്ന് തോന്നി. പക്ഷേ സെക്യൂരിറ്റി വിവരം പറഞ്ഞ ഉടൻ സാർ അടുത്തേക്ക് വന്നു.. വിവരങ്ങളൊക്കെ ചോദിച്ചു. ഇന്ന് ഇവിടെ നല്ല തിരക്കാണ്.. ഇരുന്നു സംസാരിക്കാൻ സമയമില്ല.. മാസം ഇരുപത്തി അയ്യായിരം രൂപ സാലറി തരും.. അത് കേട്ടപ്പോൾ തന്നെ സകല വിഷമവും പമ്പകടന്നു.. രാവിലെ 9 മുതൽ രാത്രി എട്ട് മണിവരെ നിൽക്കേണ്ടി വരും. അതിന് യാതൊരു വിട്ടുവീഴ്ചയുമില്ല.. ഓരോ ദിവസവും ഓരോ മോഡൽ സാരി ഉടുപ്പിച്ചു നിർത്തും. വരുന്ന കസ്റ്റമറിന് അവർ ചോദിക്കുന്ന ചോദ്യത്തിന് ഒരു മുഷിവും ഇല്ലാതെ മോഡലിനെക്കുറിച്ച് വിവരിച്ച് കൊടുക്കണം..

ഉച്ചയ്ക്ക് അരമണിക്കൂർ സമയം ആഹാരം കഴിക്കാൻ ഉണ്ട്.. ഇതൊക്കെ അംഗീകരിക്കാം എന്ന് ഉണ്ടെങ്കിൽ നാളെ ബയോഡാറ്റയും ആയി രാവിലെ 8 30ന് ഇവിടെ എത്തണം. അനന്തൻ സാർ കൃത്യം 8 മണിക്ക് തന്നെ ഇവിടെ എത്തും. ഞാൻ വന്നോളാം സാർ.. അഞ്ജലി ആവേശത്തോടെ പറഞ്ഞു. മൂർത്തി സാറിനോട് യാത്രപറഞ്ഞ് അവൾ താഴേക്കിറങ്ങി.. മനസ്സിന് ഒരുപാട് സന്തോഷം തോന്നി. മനസ്സിൽ ഒരുപാട് കണക്കുകൂട്ടലുകൾ നടത്തി. അഞ്ജലി വീട്ടിലെത്തുമ്പോഴേക്കും ഉച്ച യായിരുന്നു.. അവളെ പതിവില്ലാത്ത സമയത്ത് അവിടെ കണ്ടപ്പോൾ ആതി ഓടി ഇറങ്ങി വന്നു. എന്താ ചേച്ചി ഈ ഈ നേരത്ത്. എന്തെങ്കിലും വയ്യായ്ക ഉണ്ടോ. ഒന്നും ഇല്ല മോളെ അവൾ അകത്തേക്ക് കയറി.

അപ്പോഴാണ് അപ്പുറത്തുനിന്നും വാസു ചേട്ടനും ചേച്ചിയും കൂടി വരുന്നത് കണ്ടത് ആതി മോൾ തനിച്ചല്ലേ ഉള്ളൂ എന്ന് കരുതി വന്നതാണ്. അല്ല അഞ്ജലി എന്താ ഇന്ന് നേരത്തെ വന്നത്. അവൾ ഇന്ന് നടന്ന സംഭവങ്ങൾ മുഴുവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.. എന്നാലും കുറച്ചു കൂടി നല്ല ശമ്പളത്തിൽ ഒരു ജോലി കിട്ടിയില്ലേ അതുതന്നെ കാര്യം. അല്ല മോൾ വല്ലതും കഴിച്ചായിരുന്നോ. ഇല്ല ചേച്ചി ഇനി വേണം കഴിക്കാൻ.. എന്നാൽ ഞങ്ങൾ അപ്പുറത്തേക്ക് ചെല്ലട്ടെ.. ശരി ചേച്ചി.. അഞ്ജലി അച്ഛൻ കിടക്കുന്ന മുറിയിലേക്ക് കയറി. ഉറക്കത്തിലാണ്. അവൾ വെളിയിലേക്കിറങ്ങി. നല്ല വിശപ്പ്.. ബാഗിൽ നിന്നും ടിഫിൻ എടുത്തു.. മോളെ നീ വല്ലതും കഴിച്ചായിരുന്നോ.. കഴിച്ചു ചേച്ചി.. അവൾ വേഗം ചോറ് എടുത്തു കഴിച്ചിട്ട് വായും മുഖവും കഴുകി വെളിയിലേക്കിറങ്ങി..

തൊഴുത്തിലേക്ക് ചെന്നു. പശുവിന് വൈക്കോൽ ഇട്ടുകൊടുത്തിട്ടുണ്ട്.. അവൾ പശുവിനെ അഴിച്ചു വെളിയിൽ കെട്ടി. തൊഴുത്ത് വൃത്തിയാക്കി.. അമ്മ ഉള്ളപ്പോൾ എല്ലാം വൃത്തിയാക്കി ഇടുമായിരുന്നു. ഇപ്പോൾ ഒക്കെ കണക്കാണ്.. വാസു ചേട്ടനോട് പറഞ്ഞിട്ടുണ്ട് ആളിനെ നോക്കാൻ.. അവൾ അകത്തേക്ക് ചെന്നു.. വല്ലാത്ത ക്ഷീണം. കുറച്ചുനേരം കിടക്കാം. മുറിയിലേക്ക് കയറി കിടന്നു. കണ്ണടച്ചപ്പോൾ അമ്മയുടെ മുഖം തെളിഞ്ഞുവന്നു.. നെഞ്ചിനകം വല്ലാതെ നീറുന്നു. ഇനി കൂടെ ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ ഒരു വല്ലാത്ത നീറ്റൽ.. അവൾ ദീർഘനിശ്വാസത്തോടെ കണ്ണുകൾ ഇറുക്കി അടച്ചു.. രാവിലെ വീട്ടിലെ ഒരു വിധപ്പെട്ട ജോലിയൊക്കെ തീർത്തു. ആതി സഹായിക്കാൻ കൂടി.. അച്ഛനെ തുടച്ചു.ഷീറ്റ് മാറ്റി. കഞ്ഞി കൊടുക്കാൻ ആതിയെ ഏൽപ്പിച്ചു.

വേഗം റെഡിയായി അച്ഛന്റെ അടുത്തേക്ക് ചെന്ന് യാത്ര പറഞ്ഞിറങ്ങി. കവലയിലേക്ക് ഓടുകയായിരുന്നു. ദൂരെ നിന്നെ നോക്കി ബസ്സ് കയറാൻ ആൾക്കാർ ഉണ്ടോ എന്ന്. ഭാഗ്യം പോയിട്ടില്ല. ആൾക്കാരൊക്കെയുണ്ട്. ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് വെയിറ്റിംഗ് ഷെഡിലേക്ക് കയറി ചുറ്റും ഒന്ന് കണ്ണോടിച്ചു ഇരിക്കാം എന്ന് കരുതി… അപ്പോഴേക്കും ബസിന്റെ ഹോൺ കേട്ടു. മുൻപോട്ട് ഇറങ്ങി നിന്നു.നല്ല തിരക്കുണ്ട്. സ്കൂൾ കുട്ടികളാണ് കൂടുതലും ഒരു വിധത്തിൽ കയറിപ്പറ്റി.. പിടിച്ചു നിൽക്കേണ്ട ആവശ്യമൊന്നുമില്ല. അത്രയ്ക്ക് തിരക്കാണ്.. ടൗണിൽ ചെന്നപ്പോൾ പെട്ടെന്ന് ഇറങ്ങി. സമയം നോക്കിയപ്പോൾ 8. 25.. ഓടുകയായിരുന്നു.. വേഗം കടയിലേക്ക് കയറി. മുകളിൽ ചെന്നപ്പോൾ മൂർത്തി സാർ കാത്തുനിൽപുണ്ട്… ആ..മോളെ കാത്തുനിൽക്കുകയായിരുന്നു. വേഗം വാ.. സാറിന്റെ പിറകെ എംഡി യുടെ ക്യാബിനിലേക്ക് കയറി………( തുടരും)

അഞ്ജലി: ഭാഗം 3

Share this story